Friday, July 14, 2006

ഞാന്‍ ശബരിമലമുട്ടന്‍ -അവസാനഭാഗം

ഒരു വലിയ ആട്ടിന്‍ കൂടാണ്‌ ഇയാളുടേത്‌. അതില്‍ എപ്പോഴും നാലോ അഞ്ചോ മുട്ടന്മാര്‍ ഉണ്ടാകും. എല്ലാവരും ഊഴം കാത്ത്‌ കിടക്കുന്നവര്‍. ചില രാത്രികളില്‍ ഞാന്‍ അവിടം സന്ദര്‍ശിക്കും. കൂടിന്റെ വാതില്‍ അയാള്‍ ഒരിക്കലും അടക്കാറില്ല. കാരണം അതിന്റെ കൊളുത്ത്‌ കാലപ്പഴക്കം കൊണ്ട്‌ ദ്രവിച്ച്‌ പോയിരുന്നു. അതിനാല്‍ എനിക്ക്‌ ആ പാവങ്ങളെ കൂട്ടിനുള്ളില്‍ കയറി കാണാന്‍ സാധിച്ചിരുന്നു.ഓരോ ആടിനേയും പ്രത്യേകം കയറില്‍ ബന്ധിച്ചിരിക്കും. ആ പാവങ്ങളെ സമാധിനിപ്പിക്കാനാണ്‌ ഞാന്‍ ഇടക്കവിടെ ചെല്ലുക. ആരാച്ചാരുടെ വാള്‍ തലയില്‍ തൂങ്ങി കിടക്കുന്ന അവരെ എന്തു പറഞ്ഞ്‌ സമാധാനിപ്പിക്കാന്‍. എങ്കിലും ഞാന്‍ മോക്ഷപ്രാപ്തി, കര്‍മ്മഫലം, പുനര്‍ജന്മം തുടങ്ങിയ ആത്മീയന്മാരുടെ ലൊട്ട്‌ ലൊടുക്ക്‌ വാക്കുകള്‍ ഉപയോഗിച്ച്‌ "സംഭവിക്കുന്നതെല്ലാം നല്ലതിന്‌" എന്ന രീതിയില്‍ വരുന്ന ഒരു രീതിയില്‍ വരുന്ന ഒരു തത്വചിന്താപരമായ ഉപദേശം നല്‍കും. അവര്‍ക്ക്‌ ഇഷ്ടമായിരുന്നു. ഒരു ആചാര്യന്‍ ഇമേജില്‍ അവര്‍ എന്നെ കണ്ടു.

ശനിയാഴ്ചകളായിരുന്നു എനിക്കേറ്റവും സങ്കടകരം! നാളത്തെ ഹതഭാഗ്യനെ, ഭഗവാന്‍ അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ എന്ന് അവന്റെ മുഖത്ത്‌ നോക്കാതെ പറഞ്ഞ്‌ ഞാന്‍ പെട്ടന്ന് തിരിച്ച്‌ നടക്കും. എന്നിട്ട്‌ എന്തെങ്കിലും കടത്തിണ്ണയില്‍ പോയി കിടന്ന് കുറേ നേരം നിശ്ശബ്ദമായി കരയും. അല്ലാതെ ഈ ദുര്‍ബലനായ നാല്‍ക്കാലിക്ക്‌ എന്തു ചെയ്യാന്‍ സാധിക്കും. പുലര്‍ച്ചെ നാലുമണിക്ക്‌ ആ പാവത്തിന്റെ അവസാനത്തെ വിലാപം മുഴങ്ങികേള്‍ക്കും -ഗ്രാമത്തില്‍ എവിടെ പോയാലും.

ഇന്ന്‌ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്‌. (അത്‌ ഞാനറിഞ്ഞത്‌ അല്‍പം കഴിഞ്ഞിട്ടായിരുന്നു). നാളെ സംക്രാന്തിയാണ്‌. മീശക്കൊമ്പന്‌ വലിയ കച്ചവടം ഉണ്ടാകും. ആട്ടിറച്ചി വയ്ക്കാത്ത വീടുകള്‍ ഉണ്ടാകില്ല. പതിവ്‌ പോലെ നാളെ കത്തിക്കിരയാകേണ്ടുന്ന എന്റെ സുഹൃത്തുക്കളെ കാണാന്‍ ഞാന്‍ കൂട്ടിലെത്തി. മൂന്നുപേര്‍ ഗ്രാമത്തിന്റെ ഭക്ഷണമാകാന്‍ പോകുന്നു. അതില്‍ ഒരുവന്‍, ഒരു സുന്ദരന്‍, ആകെ തകര്‍ന്ന മട്ടിലാണ്‌. അവന്‌ ഇപ്പോള്‍ മരിക്കാന്‍ മനസ്സില്ല. അത്‌ ആര്‍ക്കുമില്ല എന്നെനിക്കറിയാം. പക്ഷേ അവന്റെ സി പ്രസവിക്കാന്‍ കിടക്കുന്നു. ദൂരെ അവന്റെ യജമാനന്റെ വീട്ടില്‍. ആ മക്കളുടെ മും ഒരു വട്ടമെങ്കിലും അവന്‌ കണ്ടേ തീരൂ. അവന്‍ എന്റെ കാലില്‍ വീണു. "നിന്റെ ഭഗവാനെ ഒന്ന്‌ വിളിക്കൂ, എന്നെ രക്ഷിക്കൂ, എന്റെ മക്കളെ ഒന്ന്‌ കാണാന്‍ അനുവദിക്കൂ..." ഞാന്‍ വിളിച്ചാല്‍ അയ്യപ്പന്‍ വരുമോ? എവിടെ വരാന്‍? എത്രയോ ലക്ഷം പേര്‍ ഇതേ സമയം വിളിക്കുന്നുണ്ടാകു? പിന്നെയാണോ ഈ വെറും നാല്‍ക്കാലിയുടെ വിളി ഭഗവാന്‍ കേള്‍ക്കുന്നത്‌? എന്റെ നിസ്സംഗഭാവം അവനെ പ്രകോപിപ്പിച്ചു.
"രണ്ട്‌ നേരം കുളിച്ച്‌ കുറീം തൊട്ട്‌ സദാ അയ്യപ്പനാമവും ഉരുവിട്ട്‌ നടക്കുന്ന നീ വിളിച്ചാല്‍ നിന്റെ ദൈവം വരില്ലേ.? എങ്കില്‍ എടുത്ത്‌ കളയടാ നിന്റെ ചപ്പടാച്ചി ശബരിമല മുട്ടന്‍ പട്ടം. ദുഷ്ടാ, സ്വാര്‍ത്ഥാ, വര്‍ഗ്ഗവഞ്ചകാ... ഇരുകാലികള്‍ക്ക്‌ പാദസേവ ചെയ്യുന്ന നട്ടെല്ലില്ലാത്തവനേ....ണീ ഞങ്ങള്‍ക്കൊക്കെ അപമാനമാണെടാ. എറങ്ങിപ്പോടാ...ഒരു അച്‌'ന്റെ ദു:മുണ്ടോ നിനക്കറിയുന്നൂ?

"നെഞ്ചിലെവിടെയോ ഒരു കൊളുത്തിപിടുത്തം. പിന്നെ ഞാന്‍ ചെയ്‌തതെല്ലാം ഒരു ഉന്മാദാവസ്ഥയിലായിരുന്നു. ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍ ഞാന്‍ ഇതൊന്നും ചെയ്യുമായിരുന്നില്ല.നേരെ ശബരിമലയുടെ ദിശയിലേക്ക്‌ തിരിഞ്ഞുനിന്നു.

"അല്ലയോ ഭഗവാനേ, എന്റെ യജമാനാ, ഇത്ര കാലം ഞാന്‍ നിന്നെ മാത്രം പൂജിച്ചു, അരാധിച്ചു. തിന്നാന്‍ മറന്നാലും ഞാന്‍ നിന്നെ തൊഴാന്‍ മറന്നിട്ടില്ല. സ്വാമി ശരണം എന്ന്‌ ഞാന്‍ കോടാനുകോടി തവണ ഉരുവിട്ടു. ഇതുവരെ കണ്ടിട്ടില്ലാത്ത സന്നിധാനം സ്വപ്നം കണ്ട്‌ ഞാന്‍ ഉറങ്ങി, നിന്റെ മനോഹരരൂപം സ്വപ്നം കണ്ട്‌ ഉണര്‍ന്നു. ആശ്രിതവത്സലാ, ഹരിഹരപുത്രാ, ആ ഞാന്‍ ഇതാ ഹൃദയം പൊട്ടി വിളിക്കുന്നു. വരൂ, എന്റെ വര്‍ഗ്ഗത്തെ രക്ഷിക്കൂ. കോടാനുകോടി വര്‍ഷങ്ങളായി ഇരുകാലികള്‍കും, നാല്‍ക്കാലികള്‍ക്കും ഭക്ഷണമാകാന്‍ വിധിക്കപ്പെട്ട എന്റെ വര്‍ഗ്ഗത്തെ രക്ഷിക്കൂ"

നിശ്ശബ്ദത! പ്രകൃതിക്കുപോലും ജിജ്ഞാസ!

എന്റെ സുഹൃത്തുക്കളുടെ ചുണ്ടില്‍ നിസ്സഹായതയോടൊപ്പം ഒരു പുച്‌'ം!

എന്റെ എല്ലാ നിയന്ത്രണവും വിട്ടു.

"ഹേ, ഭഗവാന്‍, ഇത്ര കാലം നീയേ ശരണം എന്ന്‌ ഞാന്‍ പാടി. ആ എന്റെ വിളി നീ കേള്‍ക്കുന്നില്ല. അല്ല, കേള്‍ക്കാത്ത മട്ടിലിരിക്കുന്നു. ഇത്‌ സഹിക്കാന്‍ കഴിയില്ല. ഞാനിതാ പ്ര്യാപിക്കുന്നു:"

എന്റെ പ്ര്യാപനം കേള്‍ക്കാന്‍ പ്രകൃതി കാതു കൂര്‍പ്പിച്ചു.

"ഹേ പമ്പാവാസാ, നിനക്ക്‌ വേണ്ടി ജീവിതത്തിലെ നല്ലകാലം ബ്രഹ്മചാരിയായി നശിപ്പിച്ച ഞാനിതാ പറയട്ടേ, ഹേ പതിനെട്ടാംപടിക്കുടയ നാഥാ, യുക്തി വാദികള്‍ പറയുന്നത്‌ ശരിയാണ്‌: നീ വെറും കല്ലാകുന്നു, കണ്ണും മൂക്കും വരച്ച്‌ വച്ച ഹൃദയമില്ലാത്ത വെറും കല്ല്‌, ഇതാ എനിക്ക്‌ കല്‍പിച്ച്‌ നല്‍കിയ പദവി, ശബരിമല മുട്ടന്‍, ഞാന്‍ വലിച്ചെറിയുന്നു. ഇന്ന്‌ മുതല്‍ ഞാനും ഒരു യുക്തിവാദി.'

ശബരിമലയുടെ ദിശയിലേക്ക്‌ നോക്കി, മൂന്ന്‌ വിരല്‍ നെറ്റിയോട്‌ ചേര്‍ത്ത്‌ അവസാനവാക്കും ഞാന്‍ പറഞ്ഞു 'ലാല്‍സലാം'.

ഒരൊറ്റ നിമിഷം. ഒരു ഇടിവാള്‍ ഈര്‍ച്ച വാളിന്റെ പുളയല്‍ പോലെ ആകാശത്ത്‌ നിന്ന്‌ താഴേക്കിറങ്ങി. ഞങ്ങള്‍ നിന്നിരുന്ന കൂടിന്റെ ഒരു വശത്തായി അതുവന്ന്‌ പതിച്ചു. ഒരു ഗര്‍ജ്ജനം! അതേ സാക്ഷാല്‍ പുലിയുടെ! ആകെ പൊടിപടലം. ഒരു കാറ്റ്‌ ആ പൊടിപടലത്തെ ഒതുക്കി മാറ്റി. അതാ പുലിപ്പുറത്ത്‌ പുഞ്ചിരിയോടെ സാക്ഷാല്‍......

"ഭക്തവത്സലാ, കാരുണ്യവാരിധേ, പമ്പാവാസാ...." അറിയാവുന്ന അയ്യപ്പന്റെ പര്യായപദങ്ങള്‍ ഒക്കെ ഞാന്‍ വിളിച്ചു. "പ്രണാമം, പ്രണാമം, പ്രണാമം..." പകച്ച്‌ നില്‍ക്കുന്ന എന്റെ കൂട്ടുകാര്‍ സ്വയം നുള്ളി നോക്കി, സ്വപ്നമല്ല ഇതെല്ലാം എന്ന്‌ വെറുതേ ഒന്നുറപ്പു വരുത്തി.

"ഹേ, അജപൌരാ, യുക്തിവാദത്തിലേക്ക്‌ തിരിഞ്ഞ്‌ എനിക്ക്‌ ലാല്‍സലാം അടിച്ച നീ ഇപ്പോള്‍ പ്രണമിക്കുന്നതെന്ത്‌?"

"ക്ഷമിക്കണം, ക്ഷമിക്കണം... ബുദ്ധിമോശത്താല്‍ ഞാന്‍ സ്ഥലകാലബോധം മറന്ന്‌ എന്തോക്കെയോ പറഞ്ഞു പോയി. ജീവിതം മുഴുവന്‍ അങ്ങയുടെ നാമവും ചൊല്ലി, ഒരു നിത്യബ്രഹ്മചാരിയായി, അങ്ങയെ മാത്രം...."

"'ാ‍യ്‌, നിര്‍ത്തൂ, ഇനി ഇവിടെ എന്റെ മുത്ത്‌ നോക്കൂ.."ഞാന്‍ അഴികള്‍ക്കിടയില്‍ക്കൂടി അദ്ദേഹത്തിന്റെ മുത്ത്‌ നോക്കി.

"ഇനി പറയൂ, നീ ബ്രഹ്മചാരി ആണോ?, ഇവിടെ എന്റെ മുത്തേക്ക്‌ നോക്കി പറ"

െ‍'! മോശം, മോശം. കൂട്ടില്‍ മൊത്തം ഏഴു പേരുണ്ട്‌. എല്ലാവരും കേട്ടു.

"പറയൂ ഭക്താ..ണീ ബ്രഹ്മചാരി ആണോ?"

"സാഹചര്യത്തിന്റെ സമര്‍ദ്ദം...."

"നാണമില്ലേ, ഭക്താ, ശബരിമല മുട്ടന്‍ എന്ന പേരില്‍ നടന്ന്‌ എന്റെ പേര്‌ ചീത്തയാക്കാന്‍.."

"സ്വാമിന്‍, ഞാനൊന്ന്‌ ചോദിച്ചോട്ടേ? ഞാന്‍ ജനിച്ച ഉടനെ എന്റെ യജമാനന്‍ തമിഴന്‍ ഇവന്‍ ശബരിമലമുട്ടന്‍ എന്ന്‌ പ്ര്യാപിച്ചു. അയാള്‍ ഏതോ കാര്യസാധ്യത്തിന്‌ എന്റെ ജീവിതം ബലി നല്‍കി. ഞാന്‍ ആജീവനാന്തം ബ്രഹ്മചാരി ആയി കഴിയണം. എന്റെ അഭിപ്രായം ആരെങ്കിലും ചോദിച്ചോ? ഇതില്‍ എന്തെങ്കിലും ന്യായമുണ്ടോ? നീതിയുണ്ടോ? അയാളണോ എന്റെ തലയിലെഴുത്ത്‌ നിര്‍ണ്ണയിക്കുന്നത്‌? അതൊക്കെ പോട്ടെ, അങ്ങ്‌ പറഞ്ഞിട്ടുണ്ടോ കാര്യസാധ്യത്തിന്‌ അങ്ങേക്ക്‌ മുട്ടന്മാരെ നല്‍കിയാല്‍ മതിയെന്ന്‌? എന്റെ അറിവില്‍പ്പെട്ടിടത്തോളം ഇല്ല. പിന്നെ ആരാണീ വ്യവസ്ഥിതി കൊണ്ടു വന്ന്‌ ഞങ്ങളുടെ ജീവിതം നരകയാതനാപൂര്‍ണ്ണമാക്കിയത്‌? സ്വാര്‍ത്ഥമതികളായ ഒരു കൂട്ടം മനുഷ്യര്‍. അങ്ങിതെല്ലാം കണ്ടുകൊണ്ടല്ലേ ഇരിക്കുന്നത്‌?'

"അല്ലയോ അജകുമാരാ,, നീ പറഞ്ഞത്‌ ഞാന്‍ ഒട്ടും തന്നെ ണ്ഡിക്കുന്നില്ല. നീ ശബരിമല മുട്ടനാണ്‌ എന്ന കാര്യം ഞാന്‍ ശ്രദ്ധിക്കുന്നേ ഇല്ല. കാരണം അങ്ങിനെ ഒരു വിഭാഗം എന്റെ ആവശ്യപ്രകാരം ഉണ്ടായതല്ല. നിന്നെ ഞാന്‍ നോട്ടപ്പുള്ളി ആക്കാനുള്ള കാരണം ഇതാണ്‌ ..ണീ സര്‍വ്വസമയവും എന്നെ പ്രാര്‍ത്ഥിക്കുന്നത്‌ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു, പണ്ടേ. ആ നീ പെരും നുണ പറയുന്നു, ബ്രഹ്മചാരി ആണെന്ന്‌. അതും ദിവസം പല പ്രാവശ്യം ആവര്‍ത്തിക്കുന്നു. പിന്നെ ഒന്നു മനസ്സിലാക്കുക. നിന്റെ പഴയ യജമാനന്‍ എന്നെ പ്രാര്‍ത്ഥിച്ച്‌ എന്തെങ്കിലും കാര്യം നേടിയിട്ടുണ്ടാകാം, ഓര്‍ക്കുക, അത്‌ എനിക്കൊരു മുട്ടനെ കിട്ടും എന്ന്‌ കരുതി ഞാന്‍ ചെയ്ത്‌ കൊടുത്തതാകില്ല. അയാള്‍ ഒരു പക്ഷേ യഥാര്‍ത്ഥ ഭക്താനായിരുന്നിരിക്കും. പത്ത്‌ പൈസ കിട്ടും എന്നതിനാല്‍ ഞാന്‍ ഒരു അനുഗ്രഹവും നല്‍കിയിട്ടില്ല. അതു പോലെ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശിത്തന്നവനായാലും, ഭണ്ഡാരം നോട്ടുകെട്ടുകള്‍ കൊണ്ട്‌ നിറച്ചവനായാലും അവന്റെ ഭക്തി കപടമാണെങ്കില്‍ ഞാന്‍ ഒരനുഗ്രഹവും നല്‍കാറുമില്ല. വിശ്വസിക്കുക... .. ഈ ശബരിമല മുട്ടന്‍ ഏര്‍പ്പാട്‌ എന്റെ സൃഷ്ടി അല്ല. പക്ഷേ ഞാന്‍ നിസ്സഹായനായിരിക്കുന്നു. ഞാന്‍ വിചാരിച്ചാലും നിര്‍ത്താന്‍ കഴിയാത്ത പലതും ഉയര്‍ന്ന്‌ വരുന്നു. മനുഷ്യര്‍ എന്നേക്കാള്‍ ഉയരത്തിലിരുന്ന്‌ തീരുമാനാങ്ങളെടുക്കുന്നു. മേല്‍ശാന്തിയും അമ്പലവാസികളും എന്നേക്കാള്‍ ബഹുമാനിക്കുന്നതും ഭയക്കുന്നതും ദേവസ്വം മേലാളനെയാണോ എന്ന്‌ പോലും ഞാന്‍ സംശയിക്കുന്നു."

"സ്വാമിന്‍, എല്ലാം ഭസ്മീകരിക്കൂ......."

"ഇല്ല ഭക്താ, അതെല്ലാം എന്റെ സൃഷ്ടിയില്‍ പങ്കെടുത്തവരുടേയും, ബ്രഹ്മാവിന്റെയും നിയന്ത്രണത്തിലാണ്‌. ഞാനാകട്ടെ പണ്ട്‌ പറഞ്ഞു പോയ ചില വാക്കുകളില്‍ സ്വയം ബന്ധിതനും. ഇതൊന്നും നിന്നോട്‌ പറയേണ്ട കാര്യങ്ങളല്ല. ഞാന്‍ പറഞ്ഞു വന്നത്‌ എന്റെ ഭക്തനായ നീ ഒരു ബ്രഹ്മചാരി ആയിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ നീ നുണ പറഞ്ഞു, പലവട്ടം അതാവര്‍ത്തിച്ചു. നിനക്കും അമ്മിണി വാരസ്യാരുടെ ആടിനും മാത്രമേ അതറിയൂ എന്ന്‌ നീ കരുതിയോ?"

"സ്വാമീ, അതില്‍ ഞാന്‍ കൂട്ടുപ്രതി മാത്രം, ഇളം നിലാവ്‌, വാരസ്യാരുടെ മുറ്റത്തെ മുല്ലപ്പൂവിന്റെ മാദകഗന്ധം, ആ അഭിസാരികയുടെ, അഭിനവ മേനകയുടെ കണ്ണുകൊണ്ടുള്ള ചലനം......എല്ലാം അതില്‍ കുറ്റക്കാരാണ്‌."

"അതില്‍ കുഴപ്പം ഒന്നും ഞാന്‍ പറഞ്ഞില്ല. ഇണചേരുക എന്നത്‌ പ്രകൃതി നിയമം. വാരസ്യാരുടെ ആട്‌, നിന്നെ വെറും ഒരു സന്താനോല്‍പാദകയന്ത്രമായേ കരുതിയിരുന്നുള്ളൂ. പണ്ട്‌ നിന്നെ സ്നേഹിച്ചിരുന്ന കറമ്പിയെ നിനക്കോര്‍മ്മയുണ്ടോ?"

"തീര്‍ച്ചയായും സ്വാമിന്‍""നിനക്ക്‌ വേണ്ടി മരിക്കാന്‍ പോലും തയ്യാറായിരുന്ന അവളുടെ കളങ്കമില്ലാത്ത സ്നേഹം നീ ബ്രഹ്മചര്യത്തിന്റെ പേര്‍ പറഞ്ഞ്‌ ഉപേക്ഷിച്ചു. ഇവിടെ ഇവിടെ ആത്മാര്‍ത്ഥതയില്ലാത്ത ഏതോ ഒരുവള്‍ക്ക്‌ മുന്നില്‍ നീ കൊട്ടിഘോഷിച്ച ആ ബ്രഹ്മചര്യം കളഞ്ഞു കുളിച്ചു."

"സ്വാമിന്‍ എന്നോട്‌ ക്ഷമിക്കണം."

"എന്തിന്‌? നീ തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷേ ഇക്കാര്യം കൂടി നീ അറിയണം. കറമ്പി ഇപ്പോഴും കാത്തിരിക്കുന്നു. അന്നത്തെ നിന്റെ പലായനത്തിന്‌ ശേഷം അവളെ സമീപിച്ച മുട്ടന്റെ പള്ള കുത്തിക്കീറി അവള്‍ നാടു വിട്ടതാണ്‌. ശബരിമലയിലേക്കാണവളുടെ വരവ്‌. നിന്നെ കാണാന്‍ വേണ്ടി മാത്രം. ഒന്നു കൂടി അറിയുക അവള്‍ ഇപ്പോഴും കന്യകയാണ്‌"

"സ്വാമീ......" എന്റെ ഈ വിളിക്ക്‌ നാലാടിന്റെ പവറായിരുന്നു.

"വിഡ്ഢിയായ ഞാന്‍ ആ പരിശുദ്ധസ്നേഹം അവഗണിച്ചു. ഞാന്‍ അവളെ അപമാനിച്ചു തിരിച്ചയച്ചു. ഞാന്‍ വിവരഹീനന്‍! അവളെവിടെയുണ്ട്‌ പ്രഭോ? എനിക്കവളെ കാണണം. എനിക്കവളോട്‌ മാപ്പ്‌ പറയണം."

"ഇവിടെ അടുത്ത ഗ്രാമത്തില്‍ തന്നെ, പക്ഷേ പ്രിയ ഭക്താ, നിനക്കിനി അവളെ കാണാന്‍ കഴിയില്ല."

"എന്തുകൊണ്ട്‌ പ്രഭോ? എനിക്കവളെ കണ്ട്‌ മാപ്പ്‌ പറഞ്ഞേ മതിയാകൂ. ഞാന്‍ മൂലം നിത്യകന്യകയായി കഴിയുന്ന അവള്‍ക്ക്‌ ഞാനൊരു പുതിയ ജീവിതം നല്‍കും. ഞാന്‍ ഉണ്ടില്ലെങ്കിലും അവളെ ഊട്ടും. പ്രഭോ, ഭക്തവത്സലാ, എന്തു കൊണ്ട്‌ എനിക്കവളെ കാണാന്‍ കഴിയില്ല?.."

"കാരണം നിസ്സാരം. നീ മരിക്കാന്‍ ഇനി വെറും നാഴികകളേ ബാക്കിയുള്ളൂ."

"എന്റെ സ്വാമീ....."

ഇതിനു തുല്ല്യമായ ശബ്ദത്തില്‍ എന്റെ ഓര്‍മ്മയില്‍ ഞാന്‍ നിലവിളിച്ചിട്ടില്ല. എന്റെ സുഹൃത്തുക്കളും ഞെട്ടി വിറച്ചു.

"അലറേണ്ട വത്സാ...... നിന്റെ ഹതഭാഗ്യരായ ഈ സുഹൃത്തുക്കളോടൊപ്പം നാളെ നീയും ഈ ഗ്രാമത്തിലെ പല ഭക്ഷണമേശകളും അലങ്കരിക്കാന്‍ പോകുന്നു. ആരുമറിയാതെ... നിന്നെ കാണാതായാല്‍ ആരന്വേഷിക്കുന്നു? ഈ ഞാനല്ലാതെ? നീ ശബരിമലയിലേക്കുള്ള പ്രയാണം തുടര്‍ന്നു എന്നേ പാവം ഗ്രാമീണര്‍ കരുതൂ."

"പ്രഭോ......"

ഞാന്‍ വാതില്‍ക്കലേക്ക്‌ കുതിച്ചു. രക്ഷപ്പെടണം. ഹെന്ത്‌?!വാതില്‍ അടഞ്ഞു കിടക്കുന്നു. ഇതുവരെ പതിവില്ലാത്ത കാര്യം! ഞാന്‍ വരുമ്പോള്‍ അത്‌ തുറന്നായിരുന്നു കിടന്നത്‌. അല്ലെങ്കില്‍ ഞാന്‍ എങ്ങിനെ ഇതിനുള്ളില്‍ കയറും? ഭാസ്കരന്‍ വന്ന്‌ അടച്ചതാണോ? അല്ലാതെ ആരിതു ചെയ്യാന്‍?

"അയാള്‍ എപ്പോഴേ വന്ന്‌ നിന്നെ ഇതില്‍ കുടുക്കി എന്നറിയാമോ? കുറേ നാളായി അയാള്‍ നിന്നെ നോട്ടമിട്ടിട്ട്‌."

"എന്റെ സ്വാമീ..."

"എനിക്കയാള്‍ നിന്നെ വിറ്റുകിട്ടുന്ന തുകയില്‍ നിന്ന്‌ ഒരു ചെറിയ ഭാഗം നീക്കിവക്കുമായിരിക്കും. എന്റെ ധര്‍മ്മസങ്കടം ഞാന്‍ ആരോട്‌ പറയും?"

"പ്രഭോ,എന്നെ രക്ഷിക്കണേ, എനിക്ക്‌ ജീവിക്കണം...... വിശുദ്ധപട്ടം കളഞ്ഞ്‌ ഒരു സാധാരണക്കാരനായി...എന്റെ കറമ്പിയുടെ കൂടെ......എന്നെ ഉപേക്ഷിക്കല്ലേ........പ്രഭോ......"

"മകനേ, അതൊന്നും എന്റെ പരിധിയില്‍ പെടുന്ന കാര്യങ്ങളല്ല. എന്റെ സൃഷ്ടാക്കള്‍ വിചാരിക്കണം ഇനി എന്തെങ്കിലും നടക്കാന്‍. അവരാകട്ടെ എന്നെപോലെ ക്ഷിപ്രസാദികളല്ല. നിനക്ക്‌ മോക്ഷത്തിന്‌ സമയമായി എന്ന്‌ മാത്രം കരുതുക. ഞാന്‍ പോകുന്നു. നിന്റെ ആത്മാവിന്‌ മോക്ഷം ലഭിക്കട്ടെ. എന്റെ സര്‍വ്വമംഗളങ്ങളും!"

മൂകത! ഭയാനകമായ മൂകത. ആര്‍ക്കും ഒന്നും പറയാനില്ല. സര്‍വ്വശക്തിയുമെടുത്ത്‌ ഞാന്‍ വാതില്‍ ചവുട്ടി നോക്കി. തല കൊണ്ട്‌ ഇടിച്ച്‌ നോക്കി. രക്ഷയില്ല.

ഞാന്‍ മനസ്സിലാക്കുന്നു. മരണം ഭയാനകമാണ്‌.

പാവം എന്റെ സുഹൃത്തുക്കള്‍, അവര്‍ക്കെന്നെ സമാധാനിപ്പിക്കണമെന്നുണ്ട്‌.

ഹോ! ഈ നിശ്ശബ്ദത ഒന്നവസാനിച്ചിരുന്നെങ്കില്‍....

മീശക്കൊമ്പന്‍ ഏഴുന്നേറ്റിട്ടുണ്ട്‌. വീട്ടില്‍ വിളക്കു തെളിഞ്ഞു. അകലെ എവിടെയോ ഒരു പൂവന്‍ കൂവി. തുടര്‍ന്ന്‌ അങ്ങിങ്ങായി ഒരു പത്ത്‌ പതിഞ്ച്‌ കോഴികള്‍ അതേറ്റു പാടി.

എന്റെ അവസാനത്തിന്റെ ആരംഭം കുറിച്ച്‌ കൊണ്ട്‌ അവറ്റകള്‍ നിര്‍ത്താതെ കൂവി.

-ശുഭം-

"തന്റെ കാലന്‍ കോഴി നിര്‍ത്താതെ അലയ്ക്കുന്നെടോ"പട്ടര്‌ കുലുക്കി വിളിച്ചപ്പോളാണ്‌ ഞാന്‍ ഈ ലോകത്തേക്ക്‌ തിരിച്ചെത്തിയത്‌. എന്റെ, കോഴിയെ പോലെ കൂവുന്ന ടൈംപീസിന്‌ പട്ടര്‌ നല്‍കിയ പേരാണ്‌ കാലന്‍ കോഴി.
സമയം ആറു മണി ആയി. ചാടി എഴുന്നേറ്റു.

ഒരു ശരാശരി ഗള്‍ഫ്കാരന്റെ പ്രോഗ്രാംചെയ്ത്‌ വച്ച ജീവിതത്തിലേക്ക്‌ ഞാന്‍ വീണ്ടും......

12 comments:

K.V Manikantan said...

ലോകചെറുകഥാ ചരിത്രത്തില്‍ ആദ്യമായി ഒരു ആടിന്റെ ആത്മകഥ മലയാളം ബ്ലോഗില്‍.
(കടപ്പാട്‌: ശ്രീനിവാസന്‍)
ശബരിമല മുട്ടന്‍ -അവസാനഭാഗം
വായിക്കുക. ഉല്ലസിക്കുക

അരവിന്ദ് :: aravind said...

ആക്ച്വലി ഞാന്‍ മൂന്ന് ഭാഗവും ഒന്നു കൂടി വായിച്ചു!! :-)
കാരണം, ഇപ്പോളല്ലേ മനസ്സിലായത് ഈ കഥ അല്പം കളി, അല്പം കാര്യം ഇവയെല്ലാമുള്ള ഒരു ഒന്നൊന്നര പോസ്റ്റാണെന്ന്! വെറും തമാശപോസ്റ്റാകും എന്ന് കരുതി ആ മൂഡില്‍ വായിച്ചാല്‍ ഫുള്‍ എഫക്ട് കിട്ടില്ല.

കലക്കി, ചങ്കൂ...താങ്കള്‍ക്ക് തമാശ പറയുന്നതിനേക്കാള്‍ ഉപരി നല്ല കഥയെഴുത്ത് മൊത്തമായി വഴങ്ങും എന്ന് ഈ പോസ്റ്റ് തോന്നലുണ്ടാക്കുന്നു.
പ്രമേയത്തിലെ വ്യത്യസ്തത ഈ പോസ്റ്റിന്റെ മാറ്റ് കൂട്ടുന്നു. :-)
നമോവാകം. :-)

ആനക്കൂടന്‍ said...

കലക്കിയിട്ടുണ്ട്. മുട്ടനാടുകളുടെ ഒരസ്ഥയെ... ശബരിമല മുട്ടാ ശരണമയ്യപ്പാ...

sahayaathrikan said...

നല്ല സാഹിത്യവാസനയുള്ള ആട്.എന്തായാലും സംഗതി ജോര്‍. നന്നായിരിക്കുന്നു.

ബിന്ദു said...

വളരെ നന്നായിട്ടുണ്ട്‌. ശ്വാസം വിടാതെയിരുന്നു വായിച്ചു.
:)

Kaippally said...

അതി ഗംഭീരം, ഏകദേശം നാലാടിന്റെ പവറുള്ള ഗംഭീരം..

ഇടിവാള്‍ said...

നേരത്തെ വായിച്ചിട്ടുള്ളതിനാല്‍, ഇതില്‍ അല്‍പസ്വല്‍പം മിനുക്കു പണികള്‍ ചേര്‍ത്തിട്ടുള്ളതായി തോന്നി ?

നന്നായി വരൂ, മകനേ ! സ്വാമി ശരണം !

അയ്യോ, ഇതോര്‍ത്തപ്പഴാ, എനിക്കുമൊരു പോസ്റ്റിനുള്ള കോപ്പ്‌ കിട്ടി !

രാജീവ് സാക്ഷി | Rajeev Sakshi said...

തീര്‍ച്ചയായും പുനര്‍വായന അര്‍ഹിക്കുന്നു.
മാറ്റപ്പെടേണ്ട വ്യവസ്ഥിതികള്‍ക്കെതിരെയുള്ള ആത്മരോക്ഷത്തിന്‍റെ പ്രതിഫലനത്തെ ഒരു മുട്ടനാടിന്‍റെ ജല്പനങ്ങളായി കരുതി അവഗണിക്കാതെയുള്ള ഒരു പുനര്‍വായന.

കുറുമാന്‍ said...

സങ്കൂ, കലക്കിയിരിക്കുന്നു.

അവസാന ലക്കത്തില്‍ അക്ഷരതെറ്റുകളേറെ, വായിക്കാന്‍ മിനകെട്ടില്ലാ എന്നു തോന്നുന്നു.

K.V Manikantan said...

ലോകചെറുകഥാ ചരിത്രത്തില്‍ ആദ്യമായി ഒരു ആടിന്റെ ആത്മകഥ മലയാളം ബ്ലോഗില്‍.
(കടപ്പാട്‌: ശ്രീനിവാസന്‍)
ശബരിമല മുട്ടന്‍ -അവസാനഭാഗം
വായിക്കുക. ഉല്ലസിക്കുക

Visala Manaskan said...

ഇത് ‘ദേശാഭിമാനി വാരികയില്‍‘ വന്നപ്പോള്‍ വായിച്ച് കോരിത്തരിച്ചതോര്‍ക്കുന്നു.

മൂന്നരേടെ മോട്ടോറ് വിട്ട് വെള്ളം തലയില്‍ ചാടിക്കുമ്പോലെ അന്നു ഞാന്‍ പറഞ്ഞ അഭിനന്ദനങ്ങള്‍ വീണ്ടും. സങ്കുചിതാ, പുത്തന്‍ കഥകള്‍ ഇറക്കൂ..!

ഞാനെഴുതുന്നത് വെറും ‘പോസ്റ്റും‘ സങ്കുചിതനെഴുതുന്നത് ‘കഥ’യുമാകുന്നത് ഇദ്ദേഹം ഒരു കഥാകൃത്ത് ആയതുകൊണ്ട് തന്നെ.

വിധിയുടെ ഓരോ ക്രൂര വിളയാട്ടങ്ങള്‍!

അശോക് said...

കഥ ഇഷ്ടപ്പെട്ടു.

Thanks..

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.