Friday, February 23, 2007

ഞങ്ങള്‍ നടത്തിയ സമരം!

ഒരു പഴയ പോസ്റ്റാണ്. അടുത്ത പോസ്റ്റ് ഇതിന്റെ തുടര്‍ച്ചയായതിനാല്‍........ വായിക്കാത്തവര്‍ ചുമ്മാ വായിക്കുക.

ഏകദേശം 17 കൊല്ലം മുമ്പ്‌ കൃത്യമായി പറഞ്ഞാല്‍ 1991ല്‍ ഞങ്ങള്‍ നടത്തിയ ഒരു സമരം എനിക്കോര്‍മ്മ വന്നതിപ്പോഴാണ്‌. ഞാന്‍ തൃശ്ശൂര്‍ എം.ടി.ഐ ല്‍ പഠിക്കുന്ന കാലമായിരുന്നു അത്‌. ഇന്ന്‌ മെഡിക്കല്‍ കോളേജുകളുടെ തറക്കല്ലുകള്‍ തടഞ്ഞിട്ട്‌ നടക്കാന്‍ വയ്യാത്ത കാലമാണല്ലോ. പക്ഷേ ഏകദേശം പത്ത്‌ കൊല്ലം മുമ്പ്‌ പോളിടെക്നിക്കില്‍ നിന്ന്‌ ഇലക്ട്രോണിക്സ്‌ ഡിപ്ലോമ വേണമെണ്ടെങ്കില്‍ ഞങ്ങള്‍ തൃശ്ശൂര്‍ക്കാര്‍ക്ക്‌ പാലക്കാടോ, തിരൂരോ പോയി പഠിക്കണമായിരുന്നു. എട്ടാം ക്ലാസ്‌ മുതല്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ പഠിക്കു ഞങ്ങള്‍ക്കെല്ലാവര്‍ക്കും തന്നെ അങ്ങകലെ പോയി പഠിക്കാന്‍ താല്‍പര്യവുമായിരുന്നു. അങ്ങനെ ഹോസ്റ്റലില്ലാത്ത പാലക്കാട്‌ ഒരു വീട്‌ അഞ്ചുപേര്‍ കൂടി വാടകയ്ക്കെടുത്ത്‌ ഒരു അടിപൊളി ജീവിതം സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോഴാണ്‌ എനിക്ക്‌ കാര്‍ഡ്‌ വന്നത്‌. തൃശ്ശൂര്‍ എം.ടി.ഐ ല്‍ അഡ്മിഷന്‍ തരപ്പെട്ടിരിക്കുന്നു. അവിടെ ആ വര്‍ഷം മുതല്‍ ഇലക്ട്രോണിക്സ്‌ ബാച്ച്‌ ആരംഭിക്കുന്നു പോലും.

പൊട്ടിത്തകര്‍ കിനാവുകള്‍ പെറുക്കിക്കൂട്ടിയാണ്‌ ഞാന്‍ എം.ടി.ഐല്‍ കാലെടുത്ത്‌ വച്ചത്‌. അവിടെ ചെന്നപ്പോള്‍ എല്ലാവരും തുല്ല്യദു:ഖിതര്‍. എല്ലാവര്‍ക്കും വീട്ടില്‍ നിന്ന്‌ പഠിക്കാന്‍ വരാം!ഞങ്ങള്‍ 20 പേരേ ഉണ്ടായിരുന്നുള്ളൂ. തല്‍ക്കാലം ഞങ്ങള്‍ക്കായി ദൈവം സഹായിച്ച്‌ ക്ലാസ്‌റൂമോ, ടീച്ചേഴ്സോ ഇല്ല. ആദ്യവര്‍ഷം അഭയാര്‍ത്ഥികളെപ്പോലെ ഇലക്ട്രിക്കല്‍ ക്ലാസില്‍ ഇരിക്കേണ്ടി വന്നു. ഇലക്ട്രിക്കല്‍ സാറന്മാര്‍ക്കാകട്ടെ ഞങ്ങളോട്‌ ഒരുതരം അമ്മായ്യമ്മപ്പോരും!ആദ്യവര്‍ഷം പകുതിയായപ്പോഴേക്കും ഒരു മൂന്നുനില കെട്ടിടം പണിപൂര്‍ത്തിയായി. അത്‌ ഇലക്ട്രോണിക്സ്‌ ഡിപ്പാര്‍ന്റിമെന്റിനുള്ളതായിരുന്നു. ഒരിക്കല്‍ അന്തസ്സായി അതിനുള്ളിലേക്ക്‌ ക്ലാസ്‌ മാറുതും സ്വപ്നം കണ്ട്‌ ഞങ്ങളിരുന്നു. കൂട്ടത്തില്‍പ്പറയട്ടെ, അത്തെ ഒരു ഹിറ്റ്‌ ഗാനം ശ്രീകുമാരന്‍ തമ്പിയുടെ കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍...കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു മൂല്യം...എതായിരുന്നു.ഇലക്ട്രോണിക്സിന്‌ ലാബ്‌ എക്യുപ്മെന്റ്സും കാര്യങ്ങളും പുതിയകെട്ടിടവും ലഭിക്കേണ്ടതിലേക്കായി ഞങ്ങള്‍ ഉറക്കെ ചിന്തിക്കാന്‍ തുടങ്ങി. പക്ഷേ 17 ആമ്പിള്ളേരും 3പെമ്പിള്ളേരും ഉള്ള ഞങ്ങളുടെ ക്ലാസ്‌ വിചാരിച്ചാല്‍ എന്തു നടത്താന്‍. രാഷ്ട്രീയപരമായ ഒരു സമരത്തിന്‌ അ്‌ ഞങ്ങള്‍ക്ക്‌ താല്‍പര്യവുമില്ലായിരുന്നു. കാരണം എല്ലാവരും തെ‍ പല പാര്‍ട്ടികളിലെ പ്രമുഖപ്രവര്‍ത്തകര്‍.

അങ്ങനെയിരിക്കെ 1993ലെ ചാന്‍സ്‌ ഇന്റര്‍വ്യൂ വു. കേരളത്തില്‍ അന്ന്‌ എല്ലാ പോളിടെക്നിക്കുകള്‍ക്കും കൂടി ഒരു അപ്ലിക്കേഷന്‍ അയച്ചാല്‍ മതിയായിരുന്നു. തിരുവനന്തപുരത്തേക്ക്‌. അതില്‍ നമ്മുക്ക്‌ വേണ്ട കോഴ്സുകളും, സ്ഥാപനങ്ങളും മുന്‍ഗണനാക്രമത്തില്‍ ചേര്‍ക്കണം. ആദ്യ അഡ്മിഷന്‍ കഴിഞ്ഞാല്‍ ഒരു മാസത്തിനകം ഒഴിവുവരുന്ന സീറ്റുകളിലേക്ക്‌ ചാന്‍സ്‌ ഇന്റര്‍വ്യൂ നടത്തും. അത്‌ എല്ലാ വര്‍ഷവും എം.ടി.ഐല്‍ ആണ്‌ നടത്തുക.കേരളത്തില്‍ എല്ലാഭാഗത്തുനിന്നും വരുന്ന ആളുകളെക്കൊണ്ട്‌ അന്ന് ഞങ്ങളുടെ കോളേജ്‌ കോമ്പൌണ്ട്‌ നിറഞ്ഞുകവിയും. എന്തര്‌, സുഖം തന്നെയെല്ല്‌ തൊട്ട്‌ ഓന്‌ ഇലക്ട്രോണിക്സ്‌ കിട്ടീന്‌ വരെ എല്ലാ തരം മലയാളവും കൊണ്ട്‌ അവിടം മുഖരിതമാവും. മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന ഓന്നാണ്‌ ഈ ചാന്‍സ്‌ ഇന്റര്‍വ്യൂ എന്ന സാധനം. കോളേജ്‌ ഓഡിറ്റോറിയത്തില്‍ നിരനിരയായി രേഖകളും മുമ്പില്‍ വച്ച്‌ ഒരു പത്തോ പതിനഞ്ചോ അദ്ധ്യാപകര്‍ നിരന്നിരിക്കും. മൈക്കില്‍ കൂടി ഇത്ര മാര്‍ക്കിന്‌ മുകളിലുള്ളവര്‍ അകത്തുകയറാന്‍ ഞങ്ങളുടെ പ്യൂണ്‍ പത്രോസേട്ടന്‍ ആക്രോശം നടത്തും. അപ്പോള്‍ ഒരു പത്തോ പതിനഞ്ചോ പിള്ളേര്‍ രക്ഷകര്‍ത്താക്കള്‍ സഹിതം അകത്തുകടക്കും. പിന്നെ നിരനിരയായിരിക്കുന്ന അദ്ധ്യാപകര്‍ അവരെ ചോദ്യം ചെയ്യും. തിരുവനന്തപുരത്തുനിന്ന്‌ വരുന്നവന്‌ ഇലക്ട്രോണിക്സ്‌ വേണം. ഉടനെ രേഖകള്‍ നോക്കി ഇലക്ട്രോണിക്സിന്‌ ഇനി കാസര്‍ഗോഡ്‌ പോളിടെക്നിക്കില്‍ രണ്ട്‌ ഒഴിവുണ്ട്‌, അവിടെ മതിയോ എന്ന്‌ നിരനിര അദ്ധ്യാപകരിലൊരാള്‍ ചോദിക്കും. ദയനീയമായ മുഖത്തോടെ തിരുവനന്തപുരക്കാരന്‍ വേണ്ട എന്ന്‌ പറഞ്ഞ്‌ തിരിച്ചുപോകും. ഇതാണ്‌ ഇന്റര്‍വ്യൂവിന്റെ വിശ്വരൂപം.ഓഡിറ്റോറിയത്തിന്റെ പുറത്ത്‌ പിള്ളേരും പരിവാരങ്ങളും കട്ടകുത്തി നില്‍ക്കും. എന്‍.സി.സി വളണ്ടിയേഴ്സ്‌ എത്ര പറഞ്ഞാലും ഓഡിറ്റോറിയത്തിലേക്ക്‌ എത്തിനോക്കി നില്‍ക്കുന്നതാണ്‌ അവര്‍ക്കിഷ്ടം.

ഞങ്ങളിലാര്‍ക്കാണെറിയില്ല. ഒരു ഉഗ്രന്‍ ഐഡിയ തോന്നി. ചാന്‍സ്‌ ഇന്റര്‍വ്യൂ ഘൊരാവോ ചെയ്യുക. ആദ്യദിവസം ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ബോര്‍ഡ്‌ ഡയറക്ടര്‍ ഇന്റര്‍വ്യൂ ഹാളില്‍ ഉണ്ടായിരിക്കും. അദ്ദേഹം അവിടെ വരുത്‌ എന്തിനാണെറിയില്ല. പക്ഷേ എല്ലാക്കൊല്ലവും ഡയറക്ടര്‍ അദ്യദിനം ഉച്ചവരെ ഹാജരായിരിക്കും. അതില്‍ നിന്ന്‌ മനസിലാക്കണം ചാന്‍സ്‌ ഇന്റര്‍വ്യൂവിന്റെ പ്രാധാന്യം. അപ്പോള്‍ ഇന്റര്‍വ്യൂ അലങ്കോലപ്പെടുത്തുക! ഡയറക്ടറുടെ മൂക്കിനു താഴെ. പിന്നെ അദ്ദേഹം എങ്ങനെ മറക്കാനാണ്‌, തൃശ്ശൂരില്‌ ഒരു ഗവണ്മെന്റ്‌ പോളിടെക്നിക്‌ ഉണ്ടെന്നും, അതില്‍ ഇലക്ട്രോണിക്സ്‌ എ ഒരു ബാച്ചില്‍ 20 പിള്ളേര്‌ ഉണ്ടെന്നും, അവര്‍ക്ക്‌ ലാബോ, സൌകര്യങ്ങളോ ഇല്ലെന്നും? ഐഡിയ പുറത്തെടുത്തവന്‍ ആരാണെ്‌ എനിക്കിപ്പോഴോര്‍മ്മയില്ല.ഞങ്ങളുടെ ക്ലാസില്‍ സൂപ്പര്‍ സെവന്‍ എന്ന ഗ്യാങ്ങ്‌ ഉണ്ടായിരുന്നു. ഏറ്റവും അലമ്പ്‌ ഏഴുപേര്‍ എന്നേ ഇതിനര്‍ത്ഥമുള്ളൂ. ഈ ഏഴുപേരും പഠിക്കാന്‍ പുസ്തകം എടുക്കുത്‌ ഉറക്കം പെട്ടന്ന് വരാനായി രാത്രി കിടക്കുമ്പോള്‍ മാത്രമായിരുന്നു എതാണ്‌ ഇവര്‍ക്ക്‌ പൊതുവായി പറയാന്‍ കഴിയു ഒരു കാര്യം.സ്വാഭാവികമായും അതിലെ ഒരു സജീവാംഗമായിരുന്നു ഞാന്‍. അങ്ങനെ സൂപ്പര്‍സെവനാണ്‌ ഈ സമരപരിപാടിക്ക്‌ രൂപം നല്‍കിയത്‌. പിന്നെ ക്ലാസിലെ പഠിക്കാന്‍ വേണ്ടി വരുന്ന നല്ലകുട്ടികളുമായി ചര്‍ച്ച നടത്തി. അങ്ങനെ ഇരുപത്‌ പേരും കൂടി സമരപരിപാടിക്ക്‌ അന്തിമരൂപം നല്‍കി. കാത്തിരുന്ന ആ സുദിനം വന്നെത്തി. സൂപ്പര്‍ സെവനിലെ എല്ലാവരും നല്ല ത്രില്ലില്‍ എത്തിയപ്പോള്‍ പഠിപ്പിസ്റ്റ്‌ പിള്ളേരും സെമി പഠിപ്പിസ്റ്റുകളും, പഠിക്കില്ലെങ്കിലും പേടിത്തൊണ്ടന്മാരുമായിരുന്നവരുമായ ചിലരുടെ മുഖം മ്ലാനമായിരിക്കുതാണ്‌ കണ്ടത്‌. കാരണം എങ്ങിനെയോ വാര്‍ത്ത ലീക്കാവുകയും പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കന്മാര്‍ വന്ന്‌ അവര്‍ ഏറ്റെടുക്കാം സമരം എന്ന്‌ പറയുകയും ചെയ്തത്‌. രാഷ്ട്രീയത്തിനതീതമായ അവഗണിക്കപ്പെട്ടവരുടെ കൂട്ടായ്മ ആയിട്ടാണ്‌ ഈ സമരം എന്നും സഹായം ആവശ്യമില്ല എന്നും അവരെ അറിയിച്ചതിനെ തുടര്‍ന്ന്‌ നേതാക്കന്മാര്‍ ഈ സമരപരിപാടിയുടെ അപകടം ഞങ്ങളെ പറഞ്ഞുമനസിലാക്കി. ചാന്‍സ്‌ ഇന്റര്‍വ്യൂ പിള്ള കളിയല്ല! ഡയറക്ടറെ ഘൊരാവോ ചെയ്താല്‍ അടുത്ത നിമിഷം പോലീസെത്തും. മിനിമം ശിക്ഷ ഡീബാര്‍ ആയിരിക്കും. പഠിപ്പിസ്റ്റുകളുടെ മുട്ട്‌ കൂട്ടിയിടിച്ചെന്ന് പറയേണ്ടതില്ലല്ലോ? സെമി പഠിപ്പിസ്റ്റുകളും സൂപ്പര്‍ സെവനോട്‌ ചോദിച്ചു: വേണോടേ ഈ സമരം???പഠിപ്പിസ്റ്റുകള്‍ ഒരോരുത്തരായി സംഭവസ്ഥലത്തുനിന്ന്‌ മുങ്ങാന്‍ തുടങ്ങി.

ചുരുക്കിപ്പറഞ്ഞാല്‍ ശോഭനമായ ഒരു ഭാവി മുി‍ല്‍കാണുവരെല്ലാം അനന്തരനടപടികളെ ഭയന്നു. സൂപ്പര്‍ സെവനിലെ ഏഴുപേര്‍ തനിച്ചായി. കൂട്ടത്തില്‍ പറയാതിരിക്കാന്‍ പറ്റത്ത കാര്യം മൂന്ന്‌ പെണ്‍കുട്ടികള്‍ അപ്പോഴും റെഡിയായിരുന്നു എന്നതാണ്‌ സമരത്തിന്‌. എന്നാല്‍ സൂപ്പര്‍ സെവന്‍ അവരെ തിരിച്ചയച്ചു.ക്രൂരമായി ഒറ്റിക്കൊടുക്കപ്പെട്ട ഏഴു സഹോദരന്മാരെപ്പോലെ ഞങ്ങള്‍ ഇതികര്‍ത്തവ്യാമൂഢരായി നിന്നു. എന്തു വന്നാലും പിന്‍മാറരുതെന്ന്‌ തീരുമാനമെടുത്തു. അപ്പുറത്തും ഇപ്പുറത്തും നിന്ന്‌ പുരോഗമന പ്രസ്ഥാനക്കാര്‍ അല്‍പസമയത്തിനകം ഡീബാര്‍ ചെയ്യപ്പെടാന്‍ പോകു ഞങ്ങളെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. .ണമ്മള്‍ ഏഴുപേരേ ഉള്ളൂ. എന്തു വിലകൊടുത്തും തൊണ്ട പൊട്ടിപ്പോയാലും ഒച്ചക്ക്‌ ഒരു കുറവും വരുത്തരുത്‌ എന്ന്‌ പരസ്പരം പറഞ്ഞു. മുദ്രാവാക്യം വിളി ഞങ്ങളുടെ കൂട്ടത്തിലെ കാടന്‍ (ഓമനപ്പേരാണ്‌) ഏറ്റെടുത്തു. കൂട്ടത്തില്‍ അവന്റെ ഒച്ചയായിരുന്നു കിടിലന്‍.

ചാന്‍സ്‌ ഇന്റര്‍വ്യൂ തുടങ്ങാന്‍ പോവുകയായിരുന്നു. ഓഡിറ്റോറിയത്തിന്റെ വാതില്‍ക്കല്‍ തിങ്ങിനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ ഞങ്ങളുടെ സംഘം നീങ്ങി. ആകെതിരക്കിനിടയില്‍ ഞങ്ങള്‍ ഏഴുപേരും പരസ്പരം കൈകള്‍ കോര്‍ത്തു. കാടന്‍ നിലത്തേക്ക്‌ കുനിയുത്‌ ഞാന്‍ കണ്ടു. അവിടെ നിന്ന്‌ പൊങ്ങിയത്‌ ഒരു സംഹാരരുദ്രനായ കാടനായിരുന്നു. അവന്റെ സിംഹഗര്‍ജ്ജനം കാമ്പസില്‍ മുഴങ്ങി. 'വിദ്യാര്‍ത്ഥൈക്യം സിന്ദാബാദ്‌'. ശക്തന്‍തമ്പുരാന്റെ കാലത്ത്‌ സ്ഥാപിച്ചതാണെ്‌ പറയപ്പെടു ചുമരില്‍തൂക്കിയിട്ട ഒരു അഗ്നിശമന സിലിണ്ടറിനുള്ളില്‍ നിന്ന്‌ ഒരു വവ്വാല്‍ പേടിച്ച്‌ ചിറകടിച്ച്‌ പുറത്തേക്ക്‌ പോയി.ആറു കണ്ഠങ്ങള്‍ ഏറ്റു വിളിച്ചു: വിദ്യാര്‍ത്ഥൈക്യം സിന്ദാബാദ്‌ ലോകം നിശബ്ദം. തിക്കിത്തിരക്കി നിന്ന പിള്ളേര്‌ പേടിച്ച്‌ അകു മാറി. ഞങ്ങള്‍ ഏഴുപേര്‍ വട്ടത്തില്‍ നിന്നു. കാടന്‍ താഴേക്ക്‌ കുനിഞ്ഞ്‌ രണ്ടുതവണ കൂടി വിദ്യാര്‍ത്ഥികളുടെ ഐക്യത്തെ വാഴ്ത്തി.

ഡയറക്ടര്‍ ഞെട്ടിയോ എന്തോ? എന്തായാലും പ്രിന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ സീറ്റില്‍ നിന്ന്‌ എണീറ്റ്‌ ഞങ്ങളുടെ അടുത്തേക്ക്‌ ഓടിവന്നു. ഞങ്ങള്‍ അതൊു‍ം ശ്രദ്ധിക്കാന്‍ പോയില്ല. നെറ്റിയില്‍ കൈകള്‍ ചുരുട്ടി വച്ച്‌ പിന്നീട്‌ അത്‌ മുകളിലേക്കെറിഞ്ഞ്‌ കണ്ണടച്ചുകൊണ്ട്‌ ഞങ്ങള്‍ കാടനെ അനുകരിച്ച്‌ അലറല്‍ തുടര്‍ന്നു.കലയുമായി പുലബന്ധം പോലുമില്ലാത്ത കാടന്‍ ഒരോ മുദ്രാവാക്യം വിളി നടത്തുമ്പോഴും എനിക്കുള്ളില്‍ തീയായിരുന്നു. കാരണം കാടന്‍ അപ്പോള്‍ നിര്‍മ്മിച്ച മുദ്രാവാക്യങ്ങളാണ്‌ പൂശുന്നത്‌. അവന്‍ കുനിഞ്ഞ്‌ അടുത്ത വരി വിളിക്കുമ്പോള്‍ താളം തെറ്റിയാല്‍ എല്ലാം കഴിയും എന്ന്‌ ഞാന്‍ കരുതി. എന്തോ അന്ന്‌ സരസ്വതീ ദേവീ കാടന്റെ നാവില്‍ ത്രിക്കളിയാടുകയായിരുന്നു.
സിനിമാ തീയറ്ററിന്‍ ക്യൂവിന്‍ കണക്കേ
തൊഴിലില്ലാത്ത ചെറുപ്പക്കാര്‍
നാടുമുഴുവന്‍ തെണ്ടുമ്പോള്‍
ലാബില്ലാതെ പഠിച്ചുജയിച്ചാല്‍
തൊഴിലെവിടെ, തൊഴിലെവിടെ
തൊഴിലെവിടെ ഡയറക്ടര്‍ സാറേ?

ഇതൊരു മൂന്നു പ്രാവശ്യം ഞങ്ങള്‍ ആവര്‍ത്തിച്ചു. അതും കോളേജ്‌ ചുമരുകള്‍ കിടുകിടുക്കുന്ന ശബ്ദത്തില്‍.പ്രിന്‍സിപ്പാള്‍ ഗോവിന്ദന്‍കുട്ടി സാര്‍ എന്തൊക്കെയോ ഞങ്ങളോട്‌ പറയാന്‍ ശ്രമിക്കുന്നതും, ഡയറക്ടര്‍ അരുത്‌ തടുക്കരുത്‌ എന്ന്‌ പറയുതും ഞാന്‍ കണ്ടു.

കാടന്‍ അടുത്തതായി ഒരു പൊതു മുദ്രാവാക്യം സ്വല്‍പം ഭേദഗതികളോടെ എടുത്തിട്ടു:

അവകാശസമരങ്ങള്‍ ആഞ്ഞടിക്കുമ്പോള്‍
അമ്പലനടയിലെ ബിംബം പോലെ
കുത്തിയിരിക്കും അധികാരികളെ,
കാലം നിങ്ങടെ കവിളില്‍ത്തട്ടി
ദ്രോഹീ എന്ന്‌ വിളിക്കുമ്പോള്‍
ആവേശം തിരതല്ലുമ്പോള്
‍ആമോദത്താല്‍ ഞങ്ങള്‍ വിളിക്കും
വിദ്യാര്‍ത്ഥ്യൈക്യം സിന്ദാബാദ്‌....

ഡയറക്ടര്‍ രണ്ടു കൈകളും ഉയര്‍ത്തി വളരെ സൌമ്യമായി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. (സി.എന്‍ രാജന്‍സാര്‍ ആയിരുന്നു ഡയറക്ടര്‍ എാ‍ണ്‌ എന്റെ ഓര്‍മ്മ.) ഇത്രയും സൌമമായ ഒരു അദ്ധ്യാപക ശബ്ദം ഞാന്‍ ആദ്യമായിട്ടായിരുന്നു കേള്‍ക്കുത്‌. എന്താ കുഞ്ഞുങ്ങളേ നിങ്ങള്‍ക്ക്‌ വേണ്ടത്‌? പ്രിന്‍സിപല്‍ അതിനിടയില്‍ ഞങ്ങളോട്‌ കയര്‍ക്കാന്‍ വന്നു. ഡയറക്ടര്‍ അദ്ദേഹത്തോട്‌ മിണ്ടാതിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

സ്വാഭാവികമായും തല്‍ക്കാലം നേതാവായി സ്ഥാനമേറ്റെടുത്തുകൊണ്ട്‌ കാടന്‍ പറഞ്ഞു:'സാര്‍ ഞങ്ങള്‍ പാലക്കാടും തിരൂരും ഒക്കെ എഴുതിക്കൊടുത്തവരായിരുന്നു. അപ്പോഴാണ്‌ ഇവിടെ ഇലക്ട്രോണിക്സ്‌ തുടങ്ങിയതും ഞങ്ങളുടെ ആവശ്യപ്രകാരം അല്ലാതെ ഞങ്ങളെ ഇങ്ങോട്ട്‌ ആക്കിയതും. കൊല്ലം രണ്ട്‌ കഴിയാന്‍ പോകുന്നു സാര്‍! ലാബില്ല, ആവശ്യത്തിന്‌ ടീച്ചേഴ്സില്ല. പുതിയ ബില്‍ഡിങ്ങ്‌ പണിതിട്ട്‌ ഞങ്ങളെ അങ്ങോട്ട്‌ ഇരുത്തിയിട്ടില്ല. ഇവിടെയുള്ള വനിതാ പോളിടെക്നിക്കില്‍ ലാബ്‌ ചെയ്യാന്‍ ഞങ്ങള്‍ നാണംകെട്ട്‌ അഭയാര്‍ത്ഥികളെപ്പോലെ നടക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി സാര്‍.....

കാടന്‍ നിരുദ്ധകണ്ഠനായി. അവന്റെ തൊണ്ട ഇടറി. അതൊരു നമ്പറായിരുന്നുവെന്ന്‌ അറിയാമായിരുു‍വെങ്കിലും ഞങ്ങളും മുഖത്ത്‌ പരമാവധി ദുഖഭാവം വരുത്തി. കാടനാകട്ടെ നമ്പറാണെ കാര്യം മറന്ന്‌ കണ്ണില്‍ നിന്ന്‌ വന്ന വെള്ളത്തെ തോളുകൊണ്ട്‌ തുടച്ചു.

പിന്നെ ഞങ്ങള്‍ കാണു കാഴ്ച ഇതായിരുന്നു.കാടന്റെ തോളത്ത്‌ കൈയിട്ട്‌ ഡയറക്ടര്‍ സാര്‍ ഞങ്ങളെ അഭിസംബോധന ചെയ്യുു‍:പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങളുടെ സങ്കടം ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ നിങ്ങളുടെ കോഴ്സ്‌ വേള്‍ഡ്‌ ബാങ്കിന്റെ സ്കീമില്‍ പെടുന്നതാണ്‌. അതുകൊണ്ടുതന്നെയൊണ്‌ അഞ്ചുകൊല്ലം കൊണ്ട്‌ കഴിയേണ്ട ഒരു കെട്ടിടം ഒരു കൊല്ലം കൊണ്ട്‌ പൂര്‍ത്തിയായതും. നിങ്ങളുടെ ലാബ്‌ എക്യുപ്മെന്റ്സ്‌ എല്ലാം തന്നെ പാസായിട്ടുണ്ട്‌. ഇനിയും ചില കടലാസുപണികളില്‍ പെട്ട്‌ കിടക്കുകയാണ്‌. ഇവിടെ വച്ച്‌ ഞാന്‍ നിങ്ങള്‍ക്ക്‌ ഉറപ്പുതരുന്നു. ഒരുമാസം കഴിയുമ്പോള്‍ നിങ്ങളുടെ ക്ലാസ്‌ പുതിയ കെട്ടിടത്തിലായിരിക്കും. ഇവിടെയുള്ള എല്ലാ ബ്രാഞ്ചുകളേക്കാള്‍ പുതിയ സൌകര്യങ്ങളുള്ള ലാബോടെ. എന്റെ വാക്കുകള്‍ വിശ്വാസത്തിലെടുക്കണം, നിങ്ങളുടെ ക്ലാസിലെ എല്ലാ കുട്ടികളും ഒപ്പിട്ട്‌ ഒരു നിവേദനം എനിക്ക്‌ തരികയും വേണം.അടുത്ത്‌ നിമിഷം കാടന്‍ നിലത്തേക്ക്‌ കുനിയുതാണ്‌ കണ്ടത്‌. അവിടെ നിന്ന്‌ പൊന്തിയത്‌ പുതിയ മുദ്രാവാക്യത്തോടെയായിരുന്നു.

'അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
ഡയറക്ടര്‍ സാറിഭിവാദ്യങ്ങള്‍
അഭിവാദ്യോജ്ജ്വലകുസുമങ്ങള്‍!'

ഞങ്ങള്‍ക്കെല്ലാം ഉയരം വച്ചപോലെ! ഗജവീരന്റെ തലയെടുപ്പോടെ മുദ്രാവാക്യവുമായി ഞങ്ങള്‍ വരാന്തചുറ്റി. എവിടെയോ പതുങ്ങിയിരു പഠിപ്പിസ്റ്റുകള്‍ ഇച്ഛാഭംഗത്തോടെ നോക്കിനിന്നു. സൂപ്പര്‍ സെവനിലെ മിക്കവരും ഇന്ന്‌ ഗള്‍ഫിലുണ്ട്‌. മൂന്നു കൊല്ലത്തിലൊരിക്കല്‍ ഒരു ഗെറ്റ്ടുഗെദര്‍ എന്ന തീരുമാനം മുടക്കാതെ! കാടന്‍ കുവൈറ്റിലാണ്‌. സൂപ്പര്‍ സെവന്‍ ഇന്നും ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. എം.ടി.ഐല്‍ ഇലക്ട്രോണിക്സ്‌ പാസ്സായ ധാരാളം കുട്ടികള്‍ ഇവിടെ ഉണ്ടായിരിക്കും. അവരുടെ ശ്രദ്ധയിലേക്കാണീ കുറിപ്പ്‌. നിങ്ങള്‍ പഠിച്ച ഓസിലോസ്കോപ്പിന്റെയും വര്‍ക്ക്ബെഞ്ചിന്റെയുമൊക്കെ പിറവിയ്ക്കു പിന്നില്‍ ഡീബാര്‍ എന്ന വാള്‍ മുകളില്‍ തൂക്കിയിട്ട്‌ കീഴെ തൊണ്ടപൊട്ടി അലറി വിളിച്ച ഏഴ്‌ ശബ്ദങ്ങളുടെ പ്രതിദ്ധ്വനികളുണ്ട്‌!!!

Tuesday, February 06, 2007

സീമയും ഞാനും!

എര്‍പ്പായേട്ടന് ചെറുപ്പത്തില്‍ ഒരു കുയില്‍ ബോഡിയാണെന്ന് അവകാശപ്പെട്ടതായിരുന്നു അന്നത്തെ ആ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ടി പ്രസ്താവന കേട്ടതും ചേടത്തി ഉറക്കെ ഒന്ന് പൊട്ടിച്ചിരിച്ചുപോയി.

ആരായാലും ചിരിക്കും.

എങ്ങനെ ചിരിക്കാതിരിക്കും? എര്‍പ്പായേട്ടന്റെ രൂപം അത്തരത്തിലുള്ളതായിരുന്നു. എര്‍പ്പായേട്ടന്‍ എങ്ങനെയിരുന്നു ചെറുപ്പത്തിലെന്ന് ഏറ്റവുമധികം അറിയുന്നത് ചേടത്തിക്കാണല്ലോ. ആ ചേടത്തില്‍ അങ്ങനെ ഒരു പൊട്ടിച്ചിരി നടത്തിയത് എന്തെല്ലാം പുകിലിന് കാരണമായി! പാഞ്ചാലി പണ്ട് ചിരിച്ച് ഒറ്റ ചിരി (അന്ധ് കാ പുത്ര് ഭീ അന്ത് ഹേ -ചോപ്രഭാരതം) എന്തെല്ലാം പ്രശ്നങ്ങളുണ്ടാക്കി? കാലില്‍ മുള്ളു കൊണ്ടെന്ന വ്യാജേന തിരിഞ്ഞു നിന്ന് ശകുന്തള ഹാസിച്ച മന്ദഹാസം കാര്യങ്ങള്‍ എവിടെ വരെ കൊണ്ടെത്തിച്ചു?

പക്ഷേ ചേടത്തി ചിരിച്ചു എന്നുള്ളതു ശരി. ആട്ടിന്‍ തലകൊണ്ടുള്ള വിശേഷപ്പെട്ട കറിയും -എന്തൊരു എരിവായിരുന്നു- ദോശയും ആയിരുന്നു അന്നത്തെ നീക്ക് ഐറ്റംസ്. എര്‍പ്പായേട്ടന്‍ പിന്നീട് ഒന്നും മിണ്ടുന്നില്ല എന്നുള്ളത് അല്പം കഴിഞ്ഞാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്.

യേസ്, അദ്ദേഹം മൌനവ്രതമാരംഭിച്ചിരിക്കുന്നു!

ചേടത്തി ഒരു വട്ടം -ഞാന്‍ ചുമ്മ പറഞ്ഞതല്ലേ എന്ന മട്ടില്‍ ഒരു ഒഴുക്കന്‍ ക്ഷമാപണം നടത്തി. പക്ഷേങ്കീ, പത്മപ്രിയ മാ- എന്ന് പറയുമ്പോഴേക്കും ക്ഷമിച്ച ഭാ.ലക്ഷ്മ്യേച്ചേ പോലെ ഉള്ള ആളല്ലലോ എര്‍പ്പായേട്ടന്‍.

ചേടത്തിക്ക് ദേഷ്യം വന്നു. ഇങ്ങേര് ഇബടെ ഇങ്ങനെ ഇരിക്കട്ട്രാ പിള്ളേരേ.... ഒരുത്തനും എണീറ്റ് പോകരുത്. ചേടത്തി ഞങ്ങളോട് വാചകമടിക്കാന്‍ കൂടി. വിഷയം സ്വാഭാവികമായും കുയില്‍ ബോഡി, ജിമ്മ്, ആത്മാഭിമാനം, ദുരഭിമാനം ഈ വിഷയത്തിലേക്ക് പോയി. അവിടെ ഞാന്‍ പറഞ്ഞ എന്റെ ഒരു അനുഭവം താഴെ.
*********************************************************************
നാട്ടില്‍ എനിക്കൊരു ഉറ്റസുഹൃത്തായ ശത്രുവുണ്ടായിരുന്നു. സീമ. സീമയ്ക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ (+ ഓര്‍ - ഒന്നുരണ്ട്‌) അവളുടെ രാവുകള്‍ റിലീസ്‌ ചെയ്തു. സീമയുടെ ചേട്ടനും ചേച്ചിക്കും ട്യൂഷന്‍ എടുത്തിരുന്ന ആടുത്ത വീട്ടിലെ 10-അംക്ലാസുകാരന്‍ ട്യൂഷന്‍ മാസ്റ്റര്‍ അതീവഗോപ്യമായി ക്ലാസ്‌ കട്ട്‌ ചെയ്ത്‌ അവളുടെ രാവുകള്‍ കണ്ടു. നമ്മുടെ ഈ പറഞ്ഞ സീമയും ചെറുപ്പത്തില്‍ തുപ്പലം (ഉമിനീര്‍ എന്ന് നാടന്‍ഭാഷയില്‍ ഈ ദ്രാവകം അറിയപ്പെടും) ഒലിപ്പിച്ച്‌ താഴേക്ക്‌ അല്‍പം വീണുകിടക്കുന്ന ചുണ്ടുകളുടെ സ്വന്തമായുള്ള ആളായിരുന്നു (എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ഏതായാലും അങ്ങനെയല്ല) ഒരു ദിവസം ട്യൂഷന്‍ മാഷ്‌ ചെക്കന്‍ ആണ്‌ ഈ ക്ടാവിന്റെ ചുണ്ടുകള്‍ സീമയുടെ ചുണ്ടുകള്‍ പോലെയാണെന്ന് കോസിക്വെന്‍സിനെ കുറിച്ച്‌ ആലോചിക്കാതെ ഒരു ജെനറല്‍ സ്റ്റേറ്റ്‌മന്റ്‌ പുറപ്പെടുവിച്ചത്‌.(കട്‌ വിശാലേട്ടന്‍ -കുടുംബം കലക്കി)

കോണ്‍സിക്വന്‍സസ്‌ അതിഭീകരമായിരുന്നു.

കോണ്‍സിക്വന്‍സ്സസ്‌ 1. എന്റെ സോള്‍മേറ്റ്‌ കം ശത്രു ഈ സംഭവത്തിനുശേഷം സീമ എന്ന പേരില്‍ പ്രസിദ്ധി പ്രാപിച്ചു. സംഗതി പേറ്റന്റ്‌ ട്യൂഷന്‍ മാസ്റ്റര്‍ക്കാണെങ്കിലും സീമയുടെ ചേട്ടനും ചേച്ചിയും ഇതിന്റെ ഡിസ്റ്റ്രിബ്യൂഷന്‍ ഏറ്റെടുത്തു.

കോന്‍സിക്വന്‍സ്സസ്‌ 2. ഈ ജെനറല്‍ സ്റ്റേറ്റ്‌ മെന്റ്‌ പുറപ്പെടുവിച്ചത്‌ സീമയുടെ വീടിന്റെ കിഴക്കേപ്പുറത്തായിരുന്നെങ്കിലും അടുക്കളയിലെ പാത്യേമ്പുറത്തിന്റെ മുന്നിലുള്ള ചെറിയ ജനാലയില്‍ക്കൂടി പ്രകാശരശ്മികള്‍ക്ക്‌ കടക്കാനേ ബുദ്ധിമുട്ടുണ്ടായിരുന്നുള്ളൂ -അത്താഴത്തിന്‌ കാവുത്ത്‌ കിഴങ്ങ്‌ കൊണ്ട്‌ പുഴുക്ക്‌ വയ്ക്കുകയായിരുന്ന സീമയുടെ അമ്മ ടി സ്റ്റേറ്റ്‌മന്റ്‌ ഞെട്ടലോടെ ശ്രവിക്കുകയും -സീമയുടെ ചുണ്ടിനെപ്പറ്റിയുള്ള പ്രസ്താവന നടത്തിയ ഇവന്‍ അവളുടെ രാവുകള്‍ കണ്ടിരിക്കും എന്നങ്ങ്‌ ഉറപ്പിച്ചതിനാല്‍- വൈകുന്നേരം അതിരഹസ്യമായി ട്യൂഷന്‍ മാഷുടെ അമ്മയെ സന്ധിച്ച്‌ ചൂടന്‍ വാര്‍ത്ത അറിയിക്കുകയും ചെയ്തു.

ടി.വാര്‍ത്ത കേട്ട മാഷുടെ അമ്മ, അടുക്കളയില്‍ മുട്ടിപ്പലകയിലിരുന്ന് അത്താഴക്കഞ്ഞിയിലെ വറ്റ്‌ മുഴുവന്‍ കഴിഞ്ഞതിനാല്‍ സ്വല്‍പം അച്ചാര്‍ കലക്കി കഞ്ഞിവെള്ളം കിണ്ണത്തോടെ മോന്തുകയായിരുന്ന അവനെ പുറകില്‍ കൂടി വന്ന് ഒരുഗ്രന്‍ ചവിട്ട്‌ കൊടുക്കുകയും നെഞ്ചത്തടിച്ചുകൊണ്ട്‌ ഇവന്‍ നശിച്ചേ, അവളുടെ രാവുകള്‍ കണ്ടേ എന്ന് വിളിച്ച്‌ കൂവുകയും നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ഈ നിലവിളി കേട്ട്‌ ഓടി വന്ന ഇവന്റെ പിതാവ്‌ അസൂയ മുഴുത്ത്‌ അവനെ തല്ലി നാശമാക്കി എന്നും ചരിത്ര രേഖകള്‍ പറയുന്നു.

മംഗലശ്ശേരി നീലകണ്‌ഠനേയും മുണ്ടയ്ക്കല്‍ ശേഖരനേയും പോലെ ഞനും സീമയും വളര്‍ന്നു. (സീമ ആണായിരുന്നു കേട്ടോ) എന്നും ഏതിനും ഞങ്ങളെ കമ്പയര്‍ ചെയ്യുക എല്ലാവരുടേയും പതിവായി മാറി. ഭയങ്കര സുഹൃത്തുക്കളാണെങ്കിലും - കെയിലോടി, ഞൊണ്ടി പ്രാന്തി, കിളിമാസ്‌, കോട്ട, കുട്ടീം കോലും, അമ്പസ്ഥാനി, ഒളിച്ചുക്ക്‌, ചായക്കട, പലചരക്കുകട എന്നീ കളികള്‍ കളിക്കുമ്പോള്‍ തൊട്ട്‌, ഒളിഞ്ഞ്‌ നിന്നുള്ള ബീഡി വലി, സിനിമാ പോക്ക്‌, മദ്യപാനം വരെ എത്തുമ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ എന്തിനും ഏതിനും ഉള്ളാലേ മത്സരിക്കുമായിരുന്നു.

അങ്ങനയിരിക്കേ ലോകത്തുള്ള എല്ലാ 17 വയസ്സുകാര്‍ ക്കും ഉണ്ടാകുന്ന ഒരു തരം അസുഖം ഞങ്ങള്‍ക്ക്‌ പിടിപെട്ടു. മേല്‌ മുഴുവന്‍ കട്ടകള്‍ ഉണ്ടാക്കണം എന്ന്. ചുറ്റുവട്ടത്തുള്ള ജിം നേഷ്യം ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ചാലക്കുടി നാഷണല്‍ ജിം നേഷ്യത്തില്‍ പോയി അന്വേഷിച്ചു. അവിടെയിരിക്കുന്ന ജിമ്മേട്ടനോട്‌ കാര്യം വീര്യം ചുറ്റുപാട്‌ അന്വേഷിച്ചപ്പോള്‍ അങ്ങേര്‍ എന്നെ പോഡേ പ്പോഡേ എന്ന അര്‍ത്ഥത്തില്‍ നോക്കി. എന്നിട്ട്‌ എയര്‍ പിടിച്ച്‌ 250 രൂപാ മാസം എന്ന് പറഞ്ഞു. 250 രൂഭയോ എന്ന എന്റെ ആത്മാര്‍ത്ഥമായ ഞെട്ടല്‍ കേട്ട്‌ അദ്ദേഹം എയര്‍ കളഞ്ഞ്‌ നോര്‍മ്മല്‍ മനുഷ്യനായ്‌ സംസാരിച്ചു:

മറ്റുള്ള ജിമ്മ് പോലെയല്ല ബ്രദര്‍ ഇന്ത ജിമ്മ്. അവിടെ നിങ്ങള്‍ ഗ്രൌണ്ട്‌ അടിക്കണമെങ്കില്‍ നിങ്ങള്‍ തന്നെ മിനക്കിടണം. പക്ഷേ ഇവിടെ നോക്കൂ എന്ന് പറഞ്ഞ്‌ ഒരു ന്യൂ റിക്രൂട്ട്‌ ചെക്കനെ വിളിച്ചു. ലങ്കോട്ടി ധാരിയായി -കാട്ടിലെ കിട്ടന്‍ സ്റ്റെയില്‍ മുടി വച്ച ഒരു എല്ലങ്കോരി ചെക്കന്‍. അവനെ ജിമ്മേട്ടന്‍ ഒറ്റ ക്കൈകൊണ്ട്‌ എടുത്ത്‌ ഒരു മെഷീന്റെ അകത്തേക്കിട്ടു. എന്തോക്കെയോ ക്ലിപ്പ്‌, ക്ലാപ്പ്‌ എന്നൊക്കെ ഒച്ച കേട്ടു. ചെക്കന്‍ ആ മെഷീനില്‍ കമിഴ്ന്നുകിടക്കുന്നതാണ്‌ പിന്നെ കണ്ടത്‌. ജിമ്മേട്ടന്‍ അതിന്റെ കൌണ്ടര്‍ 100 എന്ന് സെറ്റ്‌ ചെയ്തു. സ്വിച്ച്‌ ഓണ്‍ ചെയ്തതും ചെക്കന്‍ ഗ്രൌണ്ട്‌ എടുത്ത്‌ തുടങ്ങി. 25 എണ്ണം കഴിഞ്ഞതും മണ്ടന്‍ ശ്രീജിത്ത്‌ സൂര്യാടീവി കണ്ട്‌ കാട്ടിക്കൂട്ടിയപ്പോള്‍ കരഞ്ഞ പോലെ ഒരു നെലോളി കേട്ടു. പക്ഷേ ആരും മൈന്‍ഡ്‌ ചെയ്യുന്നില്ല. മെഷീന്‍ അവനെയെടുത്തിട്ട്‌ ഗ്രൌണ്ടടിപ്പിച്ചുകൊണ്ടേയിരുന്നു.

ഇപ്പോ മനസിലായോ ബ്രദര്‍ നിങ്ങള്‍ ക്കുവേണ്ടി യന്ത്രം പണിയെടുക്കുമ്പോള്‍ പൈസ ചിലവാക്കന്‍ നിങ്ങള്‍ ബാധ്യസ്ഥരാകുന്നു. ഗിവ്‌ ഏന്റ്‌ ടേക്ക്‌ മെത്തേഡ്‌. പുള്ളി ഒരു അമര്‍ത്യസെന്നായി. (അതോ ത്രിബ്ബിള്‍ ശ്രീയോ?)

ജിം എന്ന സംഗതിയേ ജീവിതത്തില്‍ നിന്ന് വെട്ടാന്‍ ഞാന്‍ തീരുമാനിച്ചു.

എന്നാല്‍ അന്ന് വൈകുന്നേരം സീമ അവന്റെ പേട്ട സൈക്കിളില്‍ വന്ന് പടിക്കല്‍ നിന്ന് ഠൊക്ക്‌ ഠൊക്ക്‌ എന്ന് നാവുകൊണ്ട്‌ ഒച്ചയുണ്ടാക്കി. ഇന്നത്തെപ്പോലെ മിസ്സടി ഒന്നുമല്ല അന്നത്തെ സിഗ്നല്‍, മേല്‍പ്പറഞ്ഞ ഒച്ചയായിരുന്നു. സൈക്കിളിന്റെ ബെല്ലടിച്ച്‌ വിളിക്കുന്നതൊക്കെ അന്ന് പോരായ്മയായിരുന്നു.

എന്നെക്കൊണ്ട്‌ സൈക്കിള്‍ ചവുട്ടിച്ച്‌ അവന്‍ പിന്നിലിരുന്ന് ഡയറക്ഷന്‍ തന്നു. ഞാന്‍ അങ്ങിനെ പനമ്പിള്ളി കോളേജ്‌, അലവി സെന്റര്‍, എലിഞ്ഞിപ്ര സിറ്റി വഴി ചൌക്ക എന്ന ഗ്രാമത്തിന്റെ സബര്‍ബന്‍ ഏരിയയിലെത്തിച്ചേര്‍ ന്നപ്പോള്‍, ഒരു വീടിന്റെ മുമ്പിലെത്തിയതും ഞങ്ങളുടെ യാത്ര അവസാനിച്ചു:

ഡേയ്‌ -അവന്‍
പറയഡേയ്‌ - ഞാന്‍ കിതച്ചുകൊണ്ട്‌
ഈ വീട്‌ ആരുടേതാണെന്നറിയുമോഡേയ്‌...
ഞാന്‍ വീട്‌ ആപാദചൂഢം ഒരു ഷെര്‍ലക്‌ ഹോംസ്‌ മോഡല്‍ പഠനത്തിന്‌ വിധേയമാക്കി. ഒരു ഇടത്തരം ഭവനം. വീടിന്റെ ഒരു വശത്തായി ഒരു ഓലപ്പുര.

ഞാന്‍ പറഞ്ഞു: ഔചിത്യപൂര്‍ണ്ണമായ ഒരു നിഗമനത്തിലെത്തിച്ചേരുമ്പോള്‍ എനിക്ക്‌ പറയാന സാധിക്കുന്നതെന്തെന്നാല്‍....

ഡായ്‌....വായ്‌ മൂഡഡാ.....ഇതാണ്‌ സാക്ഷാല്‍ ജിമ്മന്‍ ജനാര്‍ദ്ദനേട്ടന്റെ വീട്‌.

ഞാന്‍ ഞെട്ടിപ്പോയി. മിസ്റ്റര്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്‌ ആയിരുന്ന, കുറേയേറെ ദേശീയ-സംസ്ഥാന 'മിസ്റ്റര്‍' ബഹുമതികള്‍ കൈമുതലായുള്ള, ഒട്ടേറെ ഐ.പി.എസ്സുകാര്‍ ക്കും സ്പോര്‍ട്സ്‌ പേര്‍സണാലിറ്റികള്‍ ക്കും സ്വന്തം ജിമ്മില്‍ ക്രാഷ്‌ കോഴ്സ്‌ നടത്തിക്കൊടുത്തിട്ടുള്ള -ഒരു നോക്കു കണ്ടിരുന്നെങ്കില്‍ ജീവിതം ധന്യമായി എന്ന് ഞങ്ങള്‍ ടീനേജ്‌ ഗെഡികള്‍ കൊതിച്ചിട്ടുള്ള സാക്ഷാല്‍ ജിമ്മന്‍ ജനാര്‍ദ്ദനേട്ടന്റെ വീടിനു മുന്നിലാണോ ഞാന്‍ നില്‍ക്കുന്നത്‌?

സ്വപ്നമല്ലെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ സൈക്കിളിന്റെ ബെല്ല് ചുമ്മാ രണ്ടടി അടിച്ചു. എന്നിട്ടും മതിയാകാതെ ഞാന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്ന് തട്ടിവിട്ടു. അത്‌ രണ്ട്‌ അടി മുന്നോട്ട്‌ ഉരുണ്ട്‌ പോയി ഒന്ന് വലത്തോട്ട്‌ നോക്കി, പിന്നെ ഇടത്തോട്ട്‌ നോക്കി -വലത്തുഭാഗത്ത്‌ പുല്ലും ഇടതു ഭാഗത്ത്‌ ടാര്‍ റോഡും ആണെന്ന് മനസിലാക്കി കമ്പാരേറ്റീവ്ലി സോഫ്റ്റ്‌ ആയ പുല്ലിലേക്ക്‌ മറിഞ്ഞുവീണു.

ബെല്ലടി കേട്ട്‌ വീടിന്റെ ഡോറ്‌ തനിയെ തുറന്നു. തനിയെ അല്ല, ഒരു ബലിഷ്ടമായ കൈ പുറത്തേക്ക്‌ വന്നു.

അയ്യപ്പനടതുറക്കുമ്പോള്‍ വിളിക്കുന്ന ശരണം വിളി പോലെ ഞാനും സീമയും ഉറക്കെ 'അഖിലലോക മസിലുകള്‍ ക്കുടയ നാഥോ..........(ടിക്ക്‌ ടിക്ക്‌ ടിക്ക്‌ ടിക്ക്‌ ടിക്ക്‌ ടിക്ക്‌) ശരണമയ്യപ്പ സാം...(സാം എന്നുള്ളത്‌ പ്രൊഫഷണല്‍ സ്വാമികള്‍ സ്വാമിശരണം എന്ന് പതുക്കെ പറയുന്നതാണ്‌.) മനസില്‍ ചൊല്ലി. ആ കയ്യിന്റെ പിന്നാലെ ഒരു ഉടല്‍ പുറത്തുവന്നു.

ഷര്‍ട്ടും ലുങ്കിയും ധരിച്ച സാക്ഷാല്‍ ജനാര്‍ദ്ദനേട്ടന്‍. ഹോ എന്താ ആ കൈത്തണ്ട...ഇത്ര ചെറുപ്പമാണോ സാക്ഷാല്‍ ജനാര്‍ദ്ദനേട്ടന്‍ എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടപ്പോഴേക്കും അദ്ദേഹം ഗെയിറ്റിനടുത്തെത്തി.

ഊം...(എന്തൊരു പൌരുഷശബ്ദം)

ഞാനും സീമയും രാജാവിന്റെ മുന്നില്‍ നില്‍ക്കുന്നതുപോലെ കൈ രണ്ടും വായില്‍ വച്ച്‌ കുനിഞ്ഞ്‌ നില്‍ക്കണോ എന്നാലോചിച്ചു. പിന്നെ ആ പരിപാടി വേണ്ടന്നുവച്ച്‌ ബഹുമാനം പ്രകടിപ്പിക്കാന്‍ തലചൊറിഞ്ഞ്‌ നിന്നു.

ഊം എന്താ. -വീണ്ടും ആ പൌരുഷസുകുമാരം.
സീമ പറഞ്ഞൊപ്പിച്ചു. -ജിമ്മ് പഠിക്കാന്‍ വന്നതാ....

അ അ അ കളിക്കാന്‍ വന്നതാ..... (എന്താണീ കളി?) ജനാര്‍ദ്ദനേട്ടന്‍ പറമ്പിന്റെ ഒരുവശത്തേക്ക്‌ തിരിഞ്ഞ്‌ അച്ഛന്‍.....അച്ഛന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍) എന്ന് വിളിച്ചു.

പൊട്ടാ, ഇത്‌ മകനാണഡക്ക്യ എന്ന് ഞങ്ങള്‍ രണ്ടുപേരും പരസ്പരം നോക്കി.

പെട്ടന്നാണത്‌ സംഭവിച്ചത്‌. നരസിംഹത്തില്‍ വെള്ളത്തില്‍ നിന്ന് മോഹന്‍ലാല്‍ പൊന്തുന്നപോലെ, പറമ്പിന്റെ സൈഡില്‍ വാഴക്കൂട്ടത്തില്‍ നിന്ന് ഒരു എരുമ പ്രത്യക്ഷപ്പെട്ടു. വിശാലന്റെ സില്‍ക്ക്‌ ലാസ്യവതിയായിരുന്നെങ്കില്‍ ഇത്‌ ഗംഭീര ബോഡിയുള്ള ഇനം കറാച്ചി എരുമ. ജനാര്‍ദ്ദനേട്ടന്‍ അവനേയും സോറി അവളേയും ജിമ്മടിപ്പിക്കുന്നുണ്ടെന്ന് തോന്നിപ്പോകുമാറ്‌ ഒരുഗ്രന്‍ സാധനം.

പിന്നീടാണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌ ആ വീട്ടില്‍ എല്ലാത്തിനും മസിലുണ്ട്‌. പട്ടിക്കും പൂച്ചക്കും തൊട്ട്‌ എന്തിന്‌ തെങ്ങിന്‌ വരെ്‌!

ജനാര്‍ദ്ദനേട്ടന്‍ ഞങ്ങളുടെ പിതാക്കന്മാരുടെ പേര്‌ ചോദിച്ചു. സീമയുടെ പിതാവും ജനാര്‍ദ്ദനേട്ടനും നാലാം ക്ലാസില്‍ രണ്ടു കൊല്ലവും, അഞ്ചാംക്ലാസില്‍ ഒരു കൊല്ലവും ഒരുമിച്ചു പഠിച്ചിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ അറിയിച്ചു. -നാലാം ക്ലാസില്‍ ഒരു കൊല്ലം പഠിച്ചിട്ടും സംശയങ്ങള്‍ തീര്‍ന്നിരുന്നില്ലാത്തവനാണ്‌ ഇവന്റെ പിതാവെന്ന്, എനിക്കും അവനും പുതിയൊരറിവായിരുന്നു. ഒരു കര്‍ഷകനായ എന്റെ പിതാവും, എന്നെ കോളേജില്‍ പഠിപ്പിച്ചിരുന്ന അവന്റെ പിതാവും തമ്മിലുള്ള വിദ്യാഭാസപരമായ അന്തരം ഇടയ്ക്കിടയ്ക്ക്‌ സൂചിപ്പിച്ച്‌ എന്നെ ഒന്ന് താഴ്ത്താറുള്ള അവന്‌ ജിമ്മേട്ടന്റെ പ്രസ്താവന വലിയ മന:ക്ലേശമുണ്ടാക്കി. എനിക്ക്‌ വളരെ മന:സുഖവും.

എന്തു പറഞ്ഞാലും നിലയ്ക്കാത്ത ചിരി ആയിരുന്നു ജിമ്മേട്ടന്റെ ഒരു വീക്ക്നെസ്സ്‌. അടുത്ത വീക്ക്നെസ്സ്‌ ചിരിയുടെ അവസാനം നമ്മുടെ തോളിലോ, തലയിലോ ഒരു അടിയും പാസ്സാക്കും. പുള്ളി സന്തോഷത്തില്‍ ചെയ്യുന്നതാണെങ്കിലും പിതാവ്‌ ക്ലാസ്മേറ്റാണെന്നറിഞ്ഞതും ഇടത്തേ തോളില്‍ സീമയ്ക്കൊരു മേഡ്‌ കിട്ടി. 340 കിലോ ഉള്ള മേഡായിരുന്നു അതെന്ന് സീമയുടെ ചുണ്ട്‌ ആ സമയത്ത്‌ ഇസെഡ്‌ ഷേപ്പിലായതില്‍ നിന്ന് എനിക്ക്‌ മനസിലായി. എനിക്ക്‌ വീണ്ടും സന്തോഷമായി.

പക്ഷേ അതധികം നീണ്ടു നിന്നില്ല.

എന്റെ പിതാശ്രീയുടെ പേര്‌ പറഞ്ഞതും അതിനേക്കാള്‍ പരിചയം പുള്ളിക്ക്‌. ചിരി തുടങ്ങിയതും ഞാന്‍ എയര്‍ പിടിച്ച്‌ നിന്നു. എനിക്ക്‌ വലത്തേ തോളിലാണ്‌ കിട്ടിയത്‌. വാമനന്‍ ഈ സൈസ്‌ കലക്ക്‌ കലക്കിയിട്ടായിരിക്കും മാവേലി പാതാളത്തിലെത്തിയതെന്ന് എനിക്ക്‌ തോന്നി.

പിന്നീട്‌ ജീവിതത്തിലിന്നേ വരെ കയ്യകലം കീപ്പ്‌ ചെയ്തുകൊണ്ടല്ലാതെ ഞങ്ങള്‍ ജിമ്മേട്ടന്റെ മുമ്പില്‍ നിന്നിട്ടില്ല.

അവിടത്തെ ഫീസ്‌ ഞങ്ങളെ ഹഡാകര്‍ഷിച്ചു.-ഒന്നും വേണ്ട, വന്ന് കളിച്ചു പൊക്കോ. ഞാന്‍ ഇവിടെ ഉള്ള സമയമാണെങ്കില്‍ പറഞ്ഞുതരാം. നിര്‍ബന്ധമാണെങ്കില്‍ മാസം ഒരു പത്തു രൂപ തന്നേക്ക്‌....-

തുടരും. എന്തായാലും തുടരും. നിങ്ങള്‍ അനുഭവിച്ചോ.

Friday, February 02, 2007

അയ്യോരക്ഷിക്കണേ!!! (ഒരു ആനക്കഥ)


ഏര്‍പ്പയേട്ടന്റെ വില്ലയുടെ ഗേറ്റ്‌ അടച്ചിട്ടിരിക്കുന്നു! അസംഭാവ്യം! വ്യാഴാഴ്ച വൈകുന്നേരം ആ ഗേറ്റ്‌ അടച്ചിട്ടിരിക്കുക എന്ന് വച്ചാല്‍ അതിനു പകരം വയ്ക്കാവുന്ന ഉപമകള്‍: (ബ്ലോഗില്‍ ഉപമകള്‍ ഒരു തരംഗമായതിനാല്‍) ദില്‍ബാസുരന്റെ കമന്റില്ലാത്ത ബ്ലോഗ്ഗ്‌, വിശാലനു കമന്റാത്ത ബ്ലോഗ്ഗര്‍ എന്നിവയൊക്കെയാണ്‌.

ഞാന്‍ മൊബെയില്‍ എടുത്ത്‌ മിസ്സ്കോള്‍ അടിച്ചു. ഞാന്‍ എത്തിച്ചേരുമെന്ന് ചേടത്തിയെ വിളിച്ചറിയിച്ചതാണ്‌. ഇന്നത്തെ സ്പെഷല്‍ കല്ലുമ്മക്കായ ഫ്രൈയും കപ്പ കാന്താരിമുളകിട്ട്‌ പുഴുങ്ങിയതുമാണെന്ന് പറഞ്ഞ്‌ ചേട്ടത്തി എന്നെ കൊതിപ്പിച്ചതുമാണ്‌. പെമ്പ്രന്നോര്‌ വന്നപ്പോ മ്മ്ലെക്കെ മറന്നല്ലട്ര ചെക്കാ എന്ന് ചേട്ടത്തി കമന്റും പാസ്സാക്കിയതാണ്‌. എന്നിട്ടിപ്പോ വില്ല അടച്ചിട്ടിരിക്കുന്നു! എര്‍പ്പായേട്ടന്‍ തിരിച്ചു വിളിച്ചു. ഏര്‍പ്പായേട്ടാ സങ്കുചിതനാണ്‌. വീട്ടിലില്ലേ, ഗേറ്റ്‌ തുറ. ഞാന്‍ പറഞ്ഞു. മറുപടി: ഷ്യൂ ആതാ? നമ്പര്‍ തെറ്റിയോ എന്ന് ഞാന്‍ സംശയിച്ചു. ഹൂ ഈസ്‌ ദിസ്‌ എന്ന് ഞാന്‍ ചോദിച്ചു. മയ്‌ നെയിം ഈസ്‌ റാഫേല്‍ എന്ന് മറുപടി വന്നു. കൂടെ ഗേറ്റും തുറന്നു. കേറ്റിപ്പിടിച്ച മുഖവുമായി എര്‍പ്പായേട്ടന്‍.

കോറം തികഞ്ഞ സായാഹ്നം തന്നെ. എല്ലാവരുമുണ്ടായിരുന്നു. പണ്ട്‌ ബ്യാച്ചികളായിരുന്നപ്പോള്‍ എല്ലാ വ്യാഴവും ഒത്തുകൂടിയിരുന്ന അതേ സെറ്റപ്പ്‌. എല്ലാം ഭര്‍ത്താക്കന്മാരും തന്തകളും ആയപ്പോള്‍ പല പല ഗേറ്റുകളില്‍ നിന്ന് പാസ്‌ വേണ്ടിവരുന്നതിനാല്‍ മാസത്തിലൊരിക്കലായി എര്‍പ്പായേട്ടന്റെ വീട്ടിലെ സഭകൂടല്‍.

പതിവു പോലെ വോഡ്ക തന്നെ മുഖ്യപാനീയം. നേര്‍ത്ത നാരങ്ങാക്കഷ്ണങ്ങള്‍ അരിഞ്ഞത്‌ ഒരു പ്ലേറ്റില്‍. ഈര്‍പ്പത്തിന്റെ കുമിളകള്‍ നിറഞ്ഞ ബുഡ്‌ വൈസര്‍ ക്യാനുകള്‍ ഇരിക്കുന്നതില്‍ ഒന്നെടുത്ത്‌ പൊട്ടിച്ച്‌ ഞാനും ഇരുന്നു. എര്‍പ്പായേട്ടന്‍ എന്നെ മൈന്റ്‌ ചെയ്യുന്നില്ല. ചേട്ടത്തി വന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ചു. രണ്ടു മൂന്നുമാസമായി എനിക്കവിടെ പോകാന്‍ സാധിക്കാത്തതിലെ നീരസം മറച്ചു വയ്ക്കാന്‍ ശുദ്ധാത്മാവായ ഏര്‍പ്പായേട്ടനാകുമായിരുന്നില്ല.

എര്‍പ്പായേട്ടന്റെ വീട്ടിലേ ഈ സഭയില്‍ പൊന്തിവരാത്ത വിഷയങ്ങളില്ല. കേള്‍വിക്കാരനായി ഇരിക്കലായിരുന്നു എന്റെ പരിപാടി. എന്നാല്‍ അന്നത്തെ വിഷയം "ആന" ആയിരുന്നു. ആനപ്രേമം ഒരു ഫാഷനായി വരുന്നു ഇക്കാലത്ത്‌ അത്‌ ഞങ്ങളുടെ ഈ സഭയില്‍ പൊന്തി വന്നത്‌ സ്വാഭാവികം. പൂക്കോടന്‍ ശിവന്‍ (ഇപ്പോള്‍ തിരുവമ്പാടി ശിവസുന്ദര്‍ -കേരളത്തിലെ 'വരത്തനല്ലാത്ത' നമ്പര്‍ വണ്‍ ആന.) ഞങ്ങള്‍ പോട്ടക്കാരുടെ സ്വന്തം ശിവന്‍ കുട്ടി ആയിരുന്നതിനാലും, അവന്റെ വളരെയധികം കഥകള്‍ എനിക്ക്‌ നേരിട്ടനുഭവം ഉള്ളതിനാലും അന്ന് എനിക്ക്‌ വളരെയധികം വാചാലനാകേണ്ടി വന്നു.

കല്ലുമ്മക്കായയും കപ്പയും കാലിയാകുന്നതിനനുസരിച്ച്‌ ചേടത്തി ഫില്‍ ചെയ്തു കൊണ്ടിരുന്നു.പറഞ്ഞത്‌ അതേപടി പകര്‍ത്തിയാല്‍ അതില്‍ ധാരാളം അനാവശ്യ ചോദ്യങ്ങളും സംശയങ്ങളും ഉത്തരങ്ങളും വരുന്നതു കൊണ്ട്‌ ഞാനതൊരു പോസ്റ്റാക്കി. താഴെക്കാണുന്ന വിധം.

==================

വാള്‌ -വിളിപ്പേരാണ്‌-.(നമ്മുടെ ഇടിവാള്‍ അല്ല. പണ്ടൊരു സ്ഥിരം വാളുവെപ്പുകാരനായതുകൊണ്ട്‌ വാള്‌ എന്ന് പേര്‌ വീണതാണ്‌.) അര്‍മ്മാദിച്ച്‌ വീട്ടിലെത്തുമ്പോള്‍ പതിവായി വൈകും. ബികോം കഴിഞ്ഞവര്‍ നാട്ടുനടപ്പു പ്രകാരം സി.എ ക്ക്‌ പോകുന്നു എന്ന് പറഞ്ഞ്‌ നടക്കുന്ന ഒരു മൂന്നാല്‌ കൊല്ലം ഉണ്ടല്ലോ. ആ കാലഘട്ടത്തിലായിരുന്നു വാളപ്പോള്‍. നേരത്തിന്‌ മുളയാത്തതിന്‌ വാളിന്‌ എന്നും പിതാവിന്റെ കയ്യില്‍ നിന്ന് ഉപദേശകഥകള്‍ ഫ്രീയായും പെടകള്‍ അല്‍പനേരത്തെ പ്രയത്നത്തിന്‌ ശേഷവും (ഓടിച്ചിട്ട്‌ പിടിക്കല്‍) ലഭ്യമായിരുന്നിരുന്ന മനോഹര ടൈമ്‌!

കൂട്ടത്തിലെ ഇളയവനായ സുബ്രന്‌ പോലീസില്‍ ജോലികിട്ടി ക്യാമ്പില്‍ പോയി രണ്ട്‌ വര്‍ഷം ഹോമിക്കുന്നതിന്റെ പാര്‍ട്ടിയായിരുന്നു അന്ന്. വാള്‌ അസാരം ബിയര്‍ ചെലുത്തി പതിനൊന്നരപന്ത്രണ്ടര ആയപ്പോള്‍ വീട്ടിലെത്തി. അകലെനിന്നേ മനസിലായി മാതാപിതാക്കള്‍ കിടന്നു എന്ന്. ഇനി കാളിംഗ്‌ ബെല്‍ അടിക്കാതെനിവൃത്തി ഇല്ലായിരുന്നു. ബെല്ലടിച്ച്‌ പെട്ടന്ന് തിരിച്ചോടി മുറ്റത്തിനതിര്‍ത്തിയിലുള്ള തെങ്ങിന്‍ കടയ്ക്കല്‍ മൂത്രമൊഴിക്കാന്‍ എന്ന വ്യജേന ഇരുന്നു. വാതില്‍ തുറന്ന സ്വപിതാവിന്‌ മണമടിക്കാതിരിക്കാന്‍ വേണ്ടിയുള്ള സ്ഥിരം നമ്പര്‍ ആയിരിന്നു അത്‌. 10 സെക്കന്റിലധികം വെയ്റ്റ്‌ ചെയ്യാനുള്ള ക്ഷമയില്ലാത്ത അദ്ദേഹം ബിരിയാണിക്കുട്ടി സ്റ്റെയിലില്‍ ആണ്‌ വാതില്‍ തുറക്കുക.

തെങ്ങിന്‍ കടക്കലിരുന്നു മൂത്രമൊഴിക്കുകയായിരുന്ന തന്റെ പുറത്ത്‌ തേങ്ങ വന്ന് വീണത്‌ ഞെട്ടലോടെയാണ്‌ അവന്‍ അറിഞ്ഞത്‌. പിതാശ്രീ കാല്‍ വിരലുകള്‍ കൊണ്ട്‌ മുന്നില്‍ കിടന്ന് രണ്ട്‌ ചെരുപ്പുകള്‍ കോര്‍ത്തെടുത്ത്‌ വിദഗ്ദമായി അവന്റെ പുറത്തേക്കെറിഞ്ഞതാണെന്ന് മനസിലായത്‌ പിറ്റേന്ന് പിണറായി അച്ചുതാനന്ദസ്റ്റൈലില്‍ മുഖം തിരിഞ്ഞ് കിടക്കുന്ന രണ്ട് ചെരിപ്പുകള്‍ കണ്ടപ്പോളാണ്.

അറ്റാച്ച്ഡ്‌ ബാത്ത്‌ റൂം ഉള്ള സ്വന്തം റൂമില്‍ രാവിലെ എണീറ്റ്‌ മൂത്രമൊഴിക്കുക എന്നത്‌ ഒരു ത്രില്ലുള്ള ഏര്‍പ്പാട്‌ അല്ലല്ലോ? വാളിനാണെങ്കില്‍ സ്വന്തം പേരും ഇനീഷ്യലും രാവിലെ മുറ്റത്തിന്റെ അതിരില്‍ മൂത്രം കൊണ്ട്‌ എഴുതി-ബിയറ്‌ അടിച്ചതിനടുത്ത ദിവസമാണെങ്കില്‍ പിതാവിന്റെ പേര്‌ കൂടി എഴുതി- അങ്ങനെ ആസ്വദിച്ച്‌ ആസ്വദിച്ച്‌ മൂത്രമൊഴിക്കാതെ ദിവസം തുടങ്ങിയാല്‍ -മൂത്രമൊഴിപ്പിലെ സ്വാതന്ത്ര്യവും അരാഷ്ട്രീയതയും- തുടങ്ങിയ പേരുകളിലുള്ള ലേഖനങ്ങള്‍ എഴുതിപ്പോകുന്ന മാനസികാവസ്ഥ ഉള്ള കാലമായിരുന്നു അത്.

സുബ്രന്‍ വാങ്ങികൊടുത്ത ബിയര്‍ പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ പോലെ ആയിരുന്നു. വാള്‌ പതിവ്‌ പോലെ മുറ്റത്തിന്റെ അരികില്‍ പോയി ഡാം തുറന്നു വിടാന്‍ തയ്യാറായി ഷട്ടറിന്റെ ലോക്കുകള്‍ ഊരി.

എന്തിനാടാ അവിടെ നിക്കുന്നത്. ഇങ്ങകത്ത് വന്ന് അടുക്കളയില്‍ കേറി മൂത്രമൊഴിക്കടാ എന്ന് സ്വന്തം പിതാവ് (ദോശ തിന്നുന്നതിനിടയില്‍) അപേക്ഷിക്കുന്നത് അവന്‍ കേട്ടു. ഒരു ദിവസമെങ്കിലും റെപീറ്റേഷന്‍ ഒഴിവാക്ക് ഗെഡീ! വാള്‍ ഒരു ആംഗ്രി യംഗ് മാന്‍ ആയി. സ്വാതന്ത്ര്യബോധമില്ലാ‍ത്ത അരാഷ്ട്രീയ പൂവര്‍ ഓള്‍ഡ് ഫെല്ലോ!

ഏതോ ഒരു ദിക്കിലേക്ക്‌ തീര്‍ത്ഥയാത്ര പോവുകയായിരുന്ന നൂറുകണക്കിന്‌ വരുന്ന ഉറുമ്പുകളെ സുനാമിയില്‍ മുക്കികൊണ്ട്‌ വാള്‌ സ്വന്തം പേരെഴുതാന്‍ തുടങ്ങി. കുട്ടികളും സ്ത്രീകളുമടങ്ങുന്ന ആ യാത്രാസംഘത്തിലെ ഗണ്യമായ അംഗങ്ങള്‍ ദാരുണമായി കൊല്ലപ്പെടുന്നതൊന്നും വാള്‌ അറിയുന്നുണ്ടായിരുന്നില്ല. വികടലോകം പത്രത്തിലെങ്കിലും പ്രകൃതിയുടെ ഈ ക്രൂരത വാണിംഗ്‌ രൂപത്തിലെങ്കിലും വന്നിരുന്നെങ്കിലെന്ന് ആ പാവം ഉറുമ്പുകള്‍‍ ആശിച്ചു.

ഇതൊന്നും അറിയാതെ ഇനീഷ്യല്‍ പൂര്‍ത്തിയാക്കിയ വാള്‌ അച്ഛന്റെ പേര്‌ എഴുതാന്‍ തുടങ്ങി.
പെട്ടന്നാണ്‌...

അച്ഛന്റെ പേര്‌ ഉന്നം തെറ്റാതെ എഴുതാന്‍ കഴിവുള്ള തനിക്കിതെന്തുപറ്റി?

ബ്രഷില്‍ നിന്ന് പുറപ്പെടുന്ന മഷി ക്യാന്‍ വാസില്‍ എത്തുന്നില്ല!!!!
അതിനുമുമ്പേ അത്‌ അപ്രത്യക്ഷമാകുന്നു.

ഇവക്കിടയില്‍ ഒരു കറുത്ത ജീവി!!! ഇത്ര വണ്ണമുള്ള പാമ്പോ? അവന്‍ തല ഉയര്‍ത്തുനോക്കി.

അതിനു ശേഷം അലറിയ അലറല്‍!
രണ്ടു കയ്യും നിസ്സഹായതയാല്‍ നിവര്‍ത്തിപ്പിടിച്ച്‌!!!!
അയ്യോ രക്ഷിക്കണേ!!!! (കിഴക്കോട്ട്‌ തലതിരിച്ച്‌)
അയ്യോ രക്ഷിക്കണേ!!!!! (പടി..)
അയ്യോ രക്ഷിക്കണേ!!!!! (വട...)
അയ്യോ രക്ഷിക്കണേ !!!! (നാലെണ്ണം ഉണ്ടായിരുന്നില്ല. ഇത് ഞാന്‍ ഒരു എഫക്റ്റിനു വേണ്ടി ചേര്‍ത്തതാണ്.)

മുന്നില്‍ അതാ നില്‍ക്കുന്നു സാക്ഷാല്‍ പൂക്കോടന്‍ ശിവന്‍. മ്മടെ ശിവങ്കുട്ടി! പോട്ട പൂക്കോടന്റെ തടി മില്ലില്ലെ ആന!!! സാക്ഷാല്‍ ശിവന്‍ കുട്ടി പോലും ആ അലറല്‍ കേട്ട്‌ ഭയന്നു!!! തിരിഞ്ഞു.

അപ്പോഴാണ്‌ വാള്‌ കണ്ടത്‌. ഗ്യാാാാാാാാാ (കട്‌: വിശാലേട്ടന്‍) എന്ന ശബ്ദത്തോടെ പോട്ട ഗ്രാമം മുഴുവന്‍ ആനയില്‍ നിന്ന് 50 മീറ്റര്‍ ഗ്യാപ്പ്‌ മെയിന്റയിന്‍ ചെയ്യുന്നു.

വസ്ത്രാക്ഷേപം, ഭീരുത്വപ്രകടനം (അതും ഇത്ര ഉറക്കെ), സാക്ഷാല്‍ ആനയെ ഇത്ര മുന്നില്‍ കണ്ടതിന്റെ കിടു കിടുപ്പ്‌ എല്ലാം കൂടി വാളിനെ.......

"അയ്യോ രക്ഷിക്കണേ..." പോട്ടയിലെ പിള്ളേരുടെ ഒരു "മോനേ ദിനേശാ.., സവാരി ഗിരിഗിരി..., ലവന്‍ പുലിയാണ്‌....." ഇവയുടെ കൂട്ടത്തില്‍ ഇപ്പോഴും ഓടുന്നു.
-------------------------------------
എര്‍പ്പായേട്ടന്റെ എന്നോടുള്ള പിണക്കം മാറി. അതിനാല്‍ ഞാന്‍ ബ്ലോഗ്, യൂണികോഡ്, ആസ്കി ഒക്കെ പ്രയോഗിച്ചു. എര്‍പ്പായേട്ടനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.