Monday, July 31, 2006

അമ്മച്ചി ദ ഗ്രേറ്റ്‌

വര്‍ഷം 1992-93, സ്ഥലം കാപട്യങ്ങളുടെ നഗരമായ കൊച്ചി. ഞങ്ങള്‍ ടീനേജ്‌ ചുള്ളന്മാര്‍ കഴുത്തിറങ്ങികിടക്കുന്ന മുടിവളര്‍ത്തി, വായില്‍ ഇരുപത്തിനാല്‌ മണിക്കൂറും പാന്‍പരാഗും ചവച്ച്‌, ബാഗിക്കളസവും ഇട്ട്‌ നടക്കുന്ന മധുരമനോഹരടൈമ്‌!

ഒരു ദിവസം മൂരി എന്ന നാമധേയത്തില്‍ മാത്രം കോളേജില്‍ അറിയപ്പെടുന്ന ദീപക്‌ കാലത്തേ ക്ലാസില്‍ വന്നത്‌ ഒരു അല്‍ഭുതവാര്‍ത്തയുമായാണ്‌. അവന്റെ അമ്മച്ചിക്ക്‌ എന്തോ അത്ഭുത ശക്തി ലഭിച്ചിരിക്കുന്നുവത്രേ. കാരണം അവന്റെ അപ്പച്ചന്‌ മധുരാ കോട്സ്‌ ഫാക്ടറിയില്‍ ബുഡ്ഡകള്‍ക്കായി നടത്തിയ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയത്രേ. ഇതു വന്ന്‌ ഞങ്ങളോട്‌ പറഞ്ഞു എന്ന ഒരേ ഒരു തെറ്റ്‌ ചെയ്തതിന്‌ അന്ന്‌ അവന്റെ തല തിന്നാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ക്ലാസിലെ സാധാമെംബേഴ്സിന്‌ ഒരു സൈസ്‌ പട്ടികള്‍ക്ക്‌ കൊടുക്കുന്ന ബിസ്ക്കറ്റും, ഹൈക്കമാന്റ്‌ എന്നറിയപ്പെടുന്ന 'ടെറിബ്ബില്‍ ടെന്‍' മെംബേഴ്സിന്‌ ക്യാന്റീനില്‍ നിന്ന്‌ പൊറോട്ട വിത്ത്‌ ചട്നിയും (പൊറോട്ടക്ക്‌ ചട്ട്നി മാത്രമേ അവിടെ ലഭിക്കുള്ളൂ) ഒരു രൂപയുടെ സ്പെഷല്‍ ചായയും ആയിരുന്നു ചിലവ്‌. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഞാനും മൂരിയുമെല്ലാം ഹൈക്കമാന്റ്‌ അംഗങ്ങള്‍ ആയിരുന്നു. ഇവന്‍ വീട്ടില്‍ ചെന്ന്‌ ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മച്ചി ചോദിക്കുന്നു "ഇന്ന്‌ എത്ര ചിലവായെടാ" എന്ന്‌. 'കാലത്ത്‌ ഒരു ചായ, ഉച്ചക്ക്‌ ഒരു ഉപ്പുസോഡ, വൈകുന്നേരം ചായ പരിപ്പുവട മൊത്തം മൂന്ന്‌ രൂപാ അമ്പത്‌ പൈസ' എന്ന്‌ അവന്‍ മറുപടി പറഞ്ഞു. ഒരു ഹൈസ്ക്കൂള്‍ അധ്യാപികയായ അമ്മച്ചി അവന്റെ ചെവിക്ക്‌ പിടിച്ച്‌ തിരിച്ച്‌ പട്ടി ബിസ്ക്കറ്റിനും, പൊറോട്ടാ-ചുറ്റുവട്ടങ്ങള്‍ക്കും കൂടി മൂന്നര അല്ലേടാ എന്ന്‌ ചോദിച്ചു. ഇതെങ്ങനെ അമ്മച്ചി അറിഞ്ഞു എന്ന്‌ അവന്‍ ചോദിച്ചു. 'നീ അനങ്ങിയാല്‍ ഇനി ഞാനറിയും. ജസ്റ്റ്‌ റിമമ്പര്‍ ദാറ്റ്‌' എന്ന്‌ അമ്മച്ചിയും. ഇതായിരുന്നു അവന്റെ അത്ഭുതത്തിന്‌ നിദാനം.

ഞങ്ങളുടെ ക്ലാസില്‍ അനില്‍ക്കുമാര്‍ എന്ന ഒരു ഗെഡി ഉണ്ടായിരുന്നു. പെര്‍ഫക്റ്റ്‌ ജന്റില്‍മാന്‍ എന്ന്‌ പറയാവുന്ന ഒരുത്തന്‍. മഹാപാവം. പുസ്തകപ്പുഴു. ലവന്‍ ഒരു ദിവസം മുണ്ടുടുത്ത്‌ വന്നു. ഒരു ബാലചാപല്യക്കാരന്‍ ഉണ്ടായിരുന്നു ഞങ്ങളുടെ ക്ലാസില്‍. മൃദംഗന്‍ എന്ന ബിനോയ്‌. അവന്‍ വന്ന്‌ വെറുതേ നമ്മുടെ മുത്ത്‌ ഒന്ന്‌ പതുക്കെ തല്ലും. അനങ്ങാതിരിയെടാ എന്ന്‌ പറഞ്ഞാല്‍ ഒന്നുകൂടി ശക്തിയില്‍ തല്ലും. ഒന്നനങ്ങാതിരിക്കിഷ്ട്ടാ.... ഇവന്‍ ശക്തി അല്‍പം കൂടി കൂട്ടി ഒന്നുകൂടി പൂശും. സകല കണ്ട്രോളും വിട്ട്‌ നിര്‍ത്തടാ പട്ടീ എന്ന്‌ പറഞ്ഞാലോ ഉള്ള ശക്തി മുഴുവനും എടുത്ത്‌ അവന്‍ തല്ലും. പിന്നെ അവനെ പിടിച്ച്‌ കുനിച്ച്‌ നിര്‍ത്തി നടും പുറത്ത്‌ മുട്ട്‌ കൈ കൊണ്ട്‌ രണ്ടെണ്ണം ഇട്ടുകൊടുത്താല്‍ അതും കൊണ്ട്‌ പുറം ഉഴിഞ്ഞ്‌ സമാധാനത്തോടെ പൊയ്ക്കോളും. ഇതിനു പകരം അവന്‍ ആദ്യം നമ്മുടെ മുത്ത്‌ തട്ടുമ്പോള്‍ നമ്മള്‍ മിണ്ടാതെ നിന്നാല്‍ അവന്‍ അങ്ങ്‌ പൊയ്ക്കോളും. ആ ടൈപ്പ്‌ ഒരു ഞെരമ്പ്‌ ചെക്കന്‍. എന്നലും ആള്‍ പാവമാണ്‌.

ഈ അനില്‍ക്കുമാര്‍ മുണ്ട്‌ മടക്കി കുത്തി ചുള്ളന്‍ റോളില്‍ ക്ലാസില്‍ നില്‍ക്കുമ്പോള്‍ ഇവന്‍ വന്ന്‌ മടക്കി കുത്ത്‌ അഴിച്ചിടടാ എന്ന്‌ പറഞ്ഞു. പോടാ കീടമേ എന്ന്‌ അനിലും. ഉടനെ ചെക്കന്‍ അവന്റെ കേന്ദ്രക്കുത്തും സംസ്ഥാനക്കുത്തും ഒരു വലിക്ക്‌ തകര്‍ത്തു.

മുണ്ട്‌ താഴെ.

അനിലിന്റെ ഷര്‍ട്ട്‌ മുട്ടിറങ്ങി കിടക്കുന്ന റ്റൈപ്പ്‌ ആയതിനാല്‍ പെണ്‍കുട്ടികള്‍ പ്രതീക്ഷിച്ച ഒരു ത്രില്‍ അവര്‍ക്ക്‌ കിട്ടിയില്ല. അനില്‍ ഒരു 5 മിനിട്ട്‌ മൃദംഗനെ നോക്കി നിന്നു. എന്നിട്ട്‌ പതുക്കെ മുണ്ടെടുത്ത്‌ ഉടുത്തു. (ഇതെല്ലാം ഒരു സിനിമ ആയിരുന്നെങ്കില്‍ ആ അഞ്ച്‌ നിമിഷങ്ങള്‍ മ്യൂസിക്കോടുകൂടി ഗംഭീരമാക്കാമായിരുന്നു.)

എന്തും സംഭവിക്കാവുന്ന ആ നിമിഷങ്ങള്‍ക്കൊടുവില്‍ അവന്‍ മൃദംഗനോട്‌ പറഞ്ഞു. ഈ ക്ലാസിലെ ഏറ്റവും ചെറ്റ പരമനാണെന്നാണ്‌ ഞാന്‍ വിചാരിച്ചത്‌. ഇപ്പോ മനസിലായി നീയാണെന്ന്‌. ഇതു കേട്ട പരമന്‍ അഹ്ലാദപുളകിതനായി.

ഉഷാറായി ഒരു അടി കാണാമെന്നും, കുറച്ച്‌ നേരം കണ്ടതിനുശേഷം മൃദംഗന്‌ നലെണ്ണം കൊണ്ടു എന്ന്‌ ഉറപ്പുവരുത്തിയതിന്‌ ശേഷം പിടിച്ച്‌ മാറ്റാമെന്നും മന:പായസം ഉണ്ട ഞങ്ങള്‍ നിരാശരായി എന്ന്‌ പറയേണ്ടതില്ലല്ലോ. പക്ഷേ അനില്‍കുമാര്‍ "ചെറ്റ" എന്ന്‌ വിളിച്ചാല്‍ അവന്‍ മെഗാ ചെറ്റ ആയിരിക്കും എന്ന്‌ ഉറപ്പാണ്‌. അത്‌ എല്ലാവര്‍ക്കും സന്തോഷമുളവാക്കി. ക്ലാസിലെ യുധിഷ്ഠിരനാണല്ലോ അനില്‍. ഇതിലും ഭേദം അനില്‍ നാല്‌ പൂശ്‌ പൂശുകയായിരുന്നു എന്ന്‌ മൃദംഗന്‌ തോന്നി.

അന്ന്‌ സമരമായിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഗെഡി ഞങ്ങളുടെ അടുത്ത്‌ വന്നു. ഞാന്‍, പീജീ, മൂരി ഇവരോടായി അവന്‍ പറഞ്ഞു:

'എനിക്ക്‌ മദ്യപിക്കണം. ഞാന്‍ ചെറ്റയാണ്‌'

അതുവരെ സ്മാളടികേസില്‍ വിര്‍ജിനിറ്റി കാത്തുസൂക്ഷിക്കുന്ന അവനില്‍ നിന്ന്‌ അത്‌ കേട്ടപ്പോള്‍ ഞങ്ങള്‍ക്ക്‌ സന്തോഷമായി.

ആട്ടെ കാശ്‌ എത്രയുണ്ട്‌?

അവന്‍ അഞ്ചുപോക്കറ്റും പേഴ്സിലെ അഞ്ചുകള്ളിയും അരിച്ചുപെറുക്കി പതിനേഴു രൂപാ അമ്പത്‌ പൈസാ ഒപ്പിച്ചു. ഒരുത്തനെ നന്നാക്കിയെടുക്കേണ്ടതെയിലേക്കാണല്ലോ എന്ന സമാധാനത്തോടെ ഞങ്ങളും പിരിവിട്ടു മൊത്തം നല്‍പ്പത്തഞ്ചു രൂപ ആയി. ഒരുകുപ്പി ആനമയക്കിയ്ക്ക്‌ 7 രൂപ. കടല 2.50, ബീഫ്‌ 4, ഇങ്ങിനെയായിരുന്നു അന്നത്തെ ചാര്‍ജ്‌. നാലാള്‍ക്ക്‌ നാല്‍പ്പത്തഞ്ച്‌ എന്താവാന്‍?

അതിനാല്‍ ആലുവ തുരുത്തിലെ നൂറ്റൊന്നുകറി ഷാപ്പില്‍ പോകാന്‍ തീരുമാനിച്ചു. കാരണം അവിടെ നല്ല ഗ്രാമാന്തരീക്ഷം. ആനമയക്കി കിട്ടും. ഒരു കുപ്പി അടിച്ചാല്‍ ഡേലോങ്ങ്‌ ഫലം കിട്ടും. തിരിച്ച്‌ വരുമ്പോള്‍ കുറേ വളഞ്ഞു പുളഞ്ഞ്‌ തിരിഞ്ഞ്‌ വരുന്ന ബസില്‍ കയറിയാല്‍ കുലുങ്ങി കുലുങ്ങി കിക്ക്‌ ഒന്ന്‌ കൂടി കൂടും. പൈസ കുറവായാല്‍ ഞങ്ങള്‍ അവലംഭിക്കുന്ന മാര്‍ഗ്ഗമാണിത്‌. ആനമയക്കി കള്ളിന്റെ കുപ്പിയുടെ അടിവശത്ത്‌ ചോറുപോലെ എന്തോ അടിഞ്ഞു കിടപ്പുണ്ടാകും. അതു കുലുക്കി കുടിച്ചാല്‍ ഏതു പ്രൊഫഷണല്‍ കുടിയനും ഇരുന്നു പോകും.

മൃദംഗന്‍ ചെറ്റസര്‍ട്ടിഫിക്കറ്റ്‌ കിട്ടിയതിന്റേയും മുണ്ടഴിക്കാന്‍ തോന്നിയ അഭിശിപ്ത്തനിമിഷത്തിന്റേയും ഫീലിങ്ങില്‍ ഒന്നരക്കുപ്പി കുലുക്കി കഴിച്ചു. അങ്ങനെ ഒരു മഹാപ്രാക്കിനേക്കൂടി ചീത്തയാക്കിയ സന്തോഷത്താല്‍ ഞങ്ങള്‍ തിരിച്ചു പോന്നു. അടുത്ത ദിവസം മൂരി വന്നത്‌ വീണ്ടും ഞടുക്കുന്ന വാര്‍ത്തയുമായാണ്‌.

കള്ളുകുടി കഴിഞ്ഞ്‌ കോളേജില്‍ റെസ്റ്റ്‌ ചെയ്ത്‌ ഉച്ചക്ക്‌ കൊണ്ടുവന്ന ചോറു കഴിച്ച്‌ 4 മണിക്കാണ്‌ ഞങ്ങള്‍ സമരദിവസവും വീട്ടിലെത്താറുള്ളത്‌. അന്നും അവനോട്‌ അമ്മച്ചി ചോദിച്ചുവത്രേ? നീയെന്തിനിന്ന്‌ ആലുവയില്‍ പോയെന്ന്‌? അനിലും ബിനോയിയും തമ്മില്‍ എനി പ്രോബ്ബ്ലംസ്‌? ഇവന്‌ ആധിയായി. ഇനി അയ്യര്‍ ദ ഗ്രേറ്റ്‌ പോലെ അമ്മച്ചി ദ ഗ്രേറ്റ്‌ എങ്ങാനും ആയോ?

മറ്റൊരു ദിവസം സൂര്യമാനസം സിനിമകണ്ട്‌ കരഞ്ഞ വികാരജീവിയായ മൂരി വീട്ടില്‍ ചെന്നപ്പോള്‍ നീ എന്തിന്‌ സിനിമ കണ്ടു കരയുന്നു കുഞ്ഞേ, ടെസ്റ്റ്‌ പേപ്പറിലെ മാര്‍ക്കുകള്‍ കൃത്യമായി പറയുക, നിന്നെയിന്ന്‌ യൂണിഫോം ഇടാത്തതിന്‌ ലാബില്‍ നിന്ന്‌ പുറത്താക്കിയോ? എക്സിറ്റ്രാ! കറക്റ്റായി കാര്യങ്ങള്‍ ചോദിക്കുന്നു.

ഇവന്‍ ഏകദേശം ഭ്രാന്തിന്റെ വക്കത്തായി. നല്ല കുട്ടിയായി. ഒരു ദിവസം രാവിലെ വന്ന അവന്‍ ചാലക്കുടീ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ എന്റെ കഴുത്തിന്‌ കയറി ഒരു പിടി പിടിച്ചു. എന്തു ചെയ്തിട്ടും പിടി വിടുന്നില്ല. അവന്റെ മുത്ത്‌ ചിരിയാണെങ്കിലും പിടിക്ക്‌ ഒട്ടും മയമില്ലായിരുന്നു.

"എത്ര ദിവസമായെടാ ഇത്‌ തുടങ്ങിയിട്ട്‌?' അവന്‍ "അഞ്ചു മാസം" ഞാന്‍. 'ഇനി തുടരുമോ' അവന്‍ 'ഇല്ല' ഞാന്‍. കാര്യം ഇത്രയായിരുന്നു. തലേദിവസം ഇവന്റെ ചോറുമ്പാത്രം (ടിഫിന്‍ കാരിയര്‍) തുറന്നത്‌ പെങ്ങളായിരുന്നു. ഞാന്‍ കൃത്യമായി അതില്‍ എഴുതി ഇട്ടിരുന്ന മെസ്സേജ്‌ അവള്‍ എടുത്ത്‌ ചേട്ടാ ഇതുന്തുറ്റാ എന്ന്‌ ചോദിച്ച്‌ ഇവന്‌ കൊടുത്തു.

ഇവന്‍ എന്നെ കഴുത്തിന്‌ പിടിച്ചതുപോലെ അമ്മച്ചി അവളേയും കഴുത്തിന്‌ പിടിച്ചെത്രേ. ഞാന്‍ നല്‍കുന്ന മെസ്സേജുകള്‍ക്ക്‌ പാരിതോഷികമായി എനിക്ക്‌ സ്പെഷല്‍ ഓംലറ്റ്‌ തുടങ്ങിയ ഐറ്റംസ്‌ ഇവന്റെ ചോറിന്റെ കൂടെ കൈക്കൂലിയായി അമ്മച്ചി നല്‍കാറുണ്ടായിരുന്നു. എല്ലാം അന്നത്തത്തോടെ തീര്‍ന്നു. മിക്ക ഗെഡികളും അന്നുമുതല്‍ പാത്രത്തില്‍ ഊണ്‌ കൊണ്ടുവരുന്ന പരിപാടി നിര്‍ത്തി. ഒരു കാര്യം കൂടി: കൂടുതല്‍ പ്രശ്നമായേക്കാവുന്ന കാര്യങ്ങള്‍ ഞാന്‍ അറിയിക്കാറില്ലായിരുന്നു.
(എക്സാമ്പിള്‍: കള്ളുകുടി, ക്ലാസ്‌ കട്ട്‌ എക്സിട്രാ)......

എല്ലാം ഓര്‍മ്മകള്‍........

Wednesday, July 26, 2006

ചിതറിയ വറ്റുകള്‍.

പെരുവഴിയില്‍ ചിതറിക്കിടക്കുന്ന ചോറ്‌ എന്തെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നില്ല? തന്നോടുതന്നെയുള്ള ആ ചോദ്യത്തില്‍ ഉത്തരാധുനികത ആവോളമുണ്ടെന്ന സംതൃപ്തിയോടെ ശിവന്‍ ചോദ്യം ആവര്‍ത്തിച്ചു.

സ്കൂള്‍കുട്ടിയായിരിക്കുമ്പോള്‍ ആ ചിതറിയ കാഴ്ചയില്‍ നിറഞ്ഞു നില്‍ക്കാറുള്ളത്‌ ഏതെങ്കിലും കുട്ടിയുടെ വിതുമ്പുന്ന മുഖമായിരുന്നു എന്നും അയാള്‍ ഓര്‍ത്തു. നെഞ്ചിനുള്ളില്‍ ഒരു പഴുതാര ശ്വാസം കിട്ടാതെ പിടയുന്നതുപോലെ ഒരു അസ്വസ്ഥത ഈ കാഴ്ച ശിവന്‌ സമ്മാനിക്കാറുള്ളതായിരുന്നു. (പഴുതാരയെ ഒരു കോഴി കൊത്തിമറിച്ചിട്ട്‌, ജീവനോടെ വിഴുങ്ങുന്ന രംഗം പത്തുവയസ്സുമുതലേ അയാളെ വേട്ടയാടുന്നതാണ്‌.)

അവിവാഹിതനായ ഗള്‍ഫുകാരനാണ്‌ ശിവന്‍. ഇരുപത്താറുകാരന്‍. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക്‌ അവധിക്കാലത്ത്‌ നാട്ടിലുണ്ടാകുന്ന -പഴയ സുഹൃത്തുക്കളുടെ അഭാവം നിമിത്തമുള്ള- വിരസത അനുഭവിച്ച്‌ തീര്‍ക്കുകയായിരുന്നു അയാള്‍. ശ്വസിക്കുന്ന വായുവിലെ, തലച്ചോറ്‌ ശീതീകരിക്കുന്ന ചാനല്‍ സിഗ്നലുകളില്‍ നിന്ന്‌ രണ്ടുമാസത്തേക്ക്‌ രക്ഷപ്പെടുക എന്ന സ്വകാര്യമായ ആഗ്രഹം വെറുതെയാണെന്നും, അതേ വായു തന്നെയാണ്‌ തന്റെ തറവാടിന്റെ അകത്തളത്തിലെത്തി മുത്തച്‌'ന്റെ പോലും തലച്ചോറ്‌ മരവിപ്പിക്കുന്നതെന്നും ശിവന്‌ രണ്ടേ രണ്ടു ദിവസങ്ങള്‍ക്കൊണ്ട്‌ മനസിലായിരുന്നു.

മണല്‍കാറ്റേറ്റ്‌ ചിതറി, നിറംമാറിപ്പോയ കുറേ ഓര്‍മ്മകളെ -തോട്‌, പാടം, ആകാശം, അങ്ങകലെ കനകമല, അതിന്റെ മുകളില്‍ കാണുന്ന റഡാര്‍ തുടങ്ങി പലതും- ഗ്രാമത്തിലെ മണലില്ലാത്ത ഇളം കാറ്റില്‍ കഴുകിയെടുത്ത്‌ പഴയ നിറം ചാര്‍ത്തി അടുത്ത രണ്ടുവര്‍ഷത്തേക്ക്‌ സൂക്ഷിച്ചുവയ്ക്കാന്‍ ഇറങ്ങിയതായിരുന്നു അയാള്‍.

പത്തുമണി കഴിഞ്ഞാല്‍ -ഒഴുവുദിവസമല്ലെങ്കില്‍- ഗ്രാമമാകെ ഭയാനകമായ നിശ്ശബ്ദതയില്‍ വീണുപോകുമെന്ന്‌ ശിവന്‍ കണ്ടുപിടിച്ചു; അതിന്‌ പശ്ചാത്തലസംഗീതമായി ഇടയ്ക്കിടയ്ക്ക്‌ അകലെയേതോ ആടിന്റെ കരച്ചില്‍ നിലകൊള്ളുമെന്നും. നിശ്ശബ്ദതയുടെ ആ താളത്തെ നുകര്‍ന്ന്‌ നടക്കുമ്പോഴാണ്‌, ശിവന്‍ ചിതറികിടക്കുന്ന ചോറ്‌ കണ്ടത്‌. എകദേശം ഒരു കിലോമീറ്ററോളം നീളമുള്ള പാടത്തിന്‌ കുറുകേ പോകുന്ന ടാറിട്ട പഞ്ചായത്ത്‌ റോഡായിരുന്നു അത്‌.

ചിതറി കിടക്കുന്ന ചോറ്‌ എന്തിനെയല്ലാം ഓര്‍മിപ്പിക്കുന്നു? ചോദ്യം തിരിച്ചിട്ട്‌ സാധാരണമാക്കി അയാള്‍.

എം.എക്ക്‌ പഠിക്കുമ്പോഴായിരുന്നു ഈ ചോദ്യം അയാളില്‍ ആദ്യമായി ഉയര്‍ന്നത്്‌. അതിന്‌ കണ്ടെത്തിയ ഉത്തരങ്ങളില്‍ അയാള്‍ക്ക്‌ സ്വയം അഭിമാനം തോന്നിയത്‌ ഇതായിരുന്നു.

'അതൊരു ബൈബിള്‍ വാചകത്തെ ഓര്‍മ്മിപ്പിക്കുന്നു. -പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല. കളപ്പുരകളില്‍......'

പണ്ടൊരിക്കല്‍ (ഒഴിവാക്കാന്‍ വയ്യാത്ത ഒരു ശല്യമായി അയാള്‍ കണാക്കാക്കിയിരുന്ന) അച്ചുമ്മാനോടൊത്ത്‌ നടക്കുമ്പോള്‍ ഇതേപോലെ ചിതറികിടക്കുന്ന ചോറും, അത്‌ കൊത്തിത്തിന്നുന്ന രണ്ടുകാക്കകളും ഉള്‍പ്പെടുന്ന കാഴ്ച കണ്ടു. അച്ചുമ്മാന്റെ കേട്ടുപഴകിച്ച വര്‍ത്തമാനങ്ങളില്‍ നിന്ന്‌ രക്ഷനേടാനായി ഈ ചോദ്യം അന്ന്‌ പുറത്തെടുത്തു.

അവരടുത്തെത്തിയപ്പോഴേക്കും കാക്കകള്‍ പറന്നുപോയിരുന്നു. അച്ചുമ്മാന്‍ സൈക്കിള്‍ ചക്രങ്ങള്‍ കയറി ചതഞ്ഞ ചോറിലേക്ക്‌ കുറച്ചുനേരം നോക്കിനിന്നു.

പ്രൈമറി ക്ലാസിലെ പാഠപുസ്തകത്തില്‍ പഠിച്ച ചിരഞ്ജീവി എന്ന കാക്കയെയാണ്‌ ശിവന്‌ അച്ചുമ്മാനെ കാണുമ്പോഴൊക്കെ ഓര്‍മ്മ വരാറുള്ളത്‌. കോടതിവ്യവഹാരം ജീവിതവ്രതമാക്കിയെടുത്തയാള്‍. മുത്തച്‌'ന്റെ ബാല്യകാലസുഹൃത്ത്‌. കൈവശാവകാശനിയമങ്ങളുടെ അതോറിറ്റി എന്ന്‌ വക്കീലന്മാര്‍ നല്‍കിയൊരു വിശേഷണവുമുണ്ട്‌. താന്‍ ഫയല്‍ ചെയ്തിട്ടുള്ള ഒരു കേസെങ്കിലും നിലവിലില്ലാതാകുന്ന ദിവസമായിരിക്കും തന്റെ മരണമെന്ന്‌ പ്ര്യാപിച്ചിട്ടുണ്ട്‌ അദ്ദേഹം.

'ചിതറിയ ചോറ്‌, എന്ന്‌ പറയാമോ?', അച്ചുമ്മാന്‍ പറഞ്ഞു. 'ചിതറിയ വറ്റുകള്‍ എന്നല്ലേ ശരി? ഇവ ഓര്‍മപ്പിക്കുന്നത്‌, ലക്ഷ്യം നേടാനാവാത്ത അവതാരങ്ങളെയാണ്‌. ഇവയുടെ ജനനത്തിന്‌ രണ്ട്‌ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. വിത്തായി മാറി ഇനിയും കൂടുതല്‍ വറ്റുകളെ സൃഷ്ടിക്കുക. രണ്ടാമത്തേത്‌ ആരുടെയെങ്കിലും വിശപ്പകറ്റുക. അവതാര ലക്ഷ്യത്തിലെക്കുള്ള യാത്രയില്‍ ഇവ എത്രയോ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചവയാണ്‌. വിതയ്ക്കുന്നവന്റെ ചവിട്ട്‌, കളപറിക്കുന്ന സ്ര്തികള്‍, വെട്ടുകിളി, ചാഴി, വരള്‍ച്ച, പ്രളയം, കൊയ്ത്തുകാരുടെ അശ്രദ്ധ, നെല്ലുകുത്തുയന്ത്രത്തിന്റെ ചവക്കുന്ന പല്ലുകള്‍ക്കിടയിലെ കള്ളയറകള്‍, അരികഴുകുന്ന അമ്മയുടെ അലസത, വാര്‍ക്കുന്ന തട്ടിന്റെ ഞെളക്കം തുടങ്ങി ആയിരം സാദ്ധ്യതകള്‍. അവയെല്ലാം അതിജീവിച്ച്‌ ഇവിടെ വരെയെത്തി, ഈ റോട്ടില്‍ അനാഥശവത്തെപ്പോലെ കിടക്കുന്ന ഇവയുടെ ഇനിയുള്ള ഏക സാധ്യത കാക്കകള്‍ക്കോ കോഴികള്‍ക്കോ ഭക്ഷണമായിത്തീര്‍ന്ന്‌ ലക്ഷ്യപ്രാപ്തി നേടുക എന്നതാണ്‌. ഇതില്‍ക്കൂടി കയറുന്ന ഓരോ ചക്രങ്ങളും ഈ അവസാന നിമിഷത്തില്‍ എന്തായിത്തീരാന്‍ സൃഷ്ടിക്കപ്പെട്ടുവോ, അതായിത്തീരാന്‍ അനുവദിക്കാതെ അവയെ ചതച്ചരച്ചുകളയുന്നു.'

ഇതു കേട്ടതോടെ തന്റെ ബൈബില്‍ സിദ്ധാന്തം ശിവന്‍ മറന്നുപോയിരുന്നു. ഓരോ വസ്തുവിനും കണിശമായും നിശ്ചയിക്കപ്പെട്ടിരിക്കാനിടയുള്ള കര്‍മ്മം എന്തായിരിക്കുമെമെന്ന്‌ അയാളുടെ ചിന്തകള്‍ ചിതറി. അന്ന്‌ അങ്ങിനെ ചിന്തിക്കുമ്പോള്‍ ശിവന്‌ സ്വന്തം അവതാര ലക്ഷ്യം ഒന്നും ചെയ്യാതിരിക്കലാണെന്നും തോന്നിപ്പോയിരുന്നു. കൂട്ടത്തില്‍ അച്ചുമ്മാന്‍ പലപ്പോഴും വിവരിക്കാറുള്ള അദ്ദേഹത്തിന്റെ അവസാന ലക്ഷ്യത്തെ പറ്റിയും അവനോര്‍ക്കുകയുണ്ടായി. (അതിനെ അച്ചുമ്മാന്‍ അവസാനത്തെ ലക്ഷ്യം എന്നു തന്നെയാണ്‌ വിശേഷിപ്പിക്കാറുള്ളത്‌, ആഗ്രഹം എന്നായിരുന്നില്ല.)

കഴിഞ്ഞ മുപ്പതോ മറ്റോ കൊല്ലമായി അച്ചുമ്മാന്‍ നടത്തിവരുന്ന ഒരു കേസുണ്ട്‌. ഏകദേശം അഞ്ചേക്കറോളം വരുന്ന പറമ്പ്‌. സ്വന്തം മരുമക്കളാണ്‌ എതിര്‍കക്ഷികള്‍. കോടതി വളപ്പെന്ന പേരില്‍ മാത്രം ഇപ്പോള്‍ നാട്ടിലറിയപ്പെടുന്ന, വര്‍ഷങ്ങളായി നോക്കാനാളില്ലാതെ കാടുപിടിച്ച്‌ കള്ളവാറ്റുകാരുടെ കേന്ദ്രമായിരിക്കുന്ന ആ പറമ്പിന്റെ അന്തിമവിധി കാത്തിരിക്കുകയായിരുന്നു അന്ന്‌ അച്ചുമ്മാന്‍. കേസ്‌ ഹൈക്കോടതിയിലേക്ക്‌ മാറ്റിയതുകൊണ്ടോ മറ്റോ, ചെലവ്‌ വളരെ കൂടുതലായിപ്പോവുകയും, ഭാഗം കഴിച്ച്‌ പിരിഞ്ഞ്‌ അച്‌'നുമായി യാതൊരു സഹകരണവുമില്ലാതെ കഴിയുന്ന സ്വന്തം മക്കളെ കണ്ട്‌ സഹായം അഭ്യര്‍ത്ഥിക്കുകയുമുണ്ടായി അദ്ദേഹം. അപമാനിക്കപ്പെട്ട്‌ മുത്തച്‌'ന്റെ മുമ്പില്‍ വന്ന്‌ കണ്ണുനിറച്ച അച്ചുമ്മാന്‍ ശിവന്റെ ഓര്‍മ്മയിലുണ്ടായിരുന്നു. നാട്ടുകാരെല്ലാവരും മക്കളുടെ പക്ഷം ചേര്‍ന്നാണ്‌ സംസാരിച്ചിരുന്നത്‌.

അന്ന്‌ അച്ചുമ്മാന്‍ സ്വന്തമായി ഉണ്ടായിരുന്ന കോഴിയുടെ കുഞ്ഞുങ്ങളെ പിടിച്ച്‌ ഒരു കാല്‍ വെട്ടിക്കളഞ്ഞ്‌ മഞ്ഞള്‍ വച്ച്‌ കെട്ടി ഒറ്റക്കാലന്മാരാക്കി. പൊതുജനം അച്ചുമ്മാന്‌ ചിന്നനിളകിയതായി പ്ര്യാപനം നടത്തുകയും ചെയ്തു. ഞൊണ്ടിഞ്ഞൊണ്ടി നടക്കുന്ന ആ കോഴികള്‍ക്കിടയില്‍ നിന്നായിരുന്നു അച്ചുമ്മാന്‍ ഇരിക്കുന്ന പുരയിടമൊഴികെ ബാക്കിയുള്ളതു കൂടി വിറ്റത്‌.

'അതുപോലെ, ശിവാ' അച്ചുമ്മാന്‍ തുടര്‍ന്നു. 'ഈ കാക്കകളെ ശ്രദ്ധിച്ചുവോ? ഇവ ബലികാക്കകളാണ്‌. ഇവറ്റകള്‍ ബലിച്ചോറ്‌ തിന്നാന്‍ മാത്രമേ വരൂ. അതുകൊണ്ട്‌, പ്രകൃതി ഇത്‌ ബലിച്ചോറായി കണക്കാക്കുന്നു എന്നും ഞാന്‍ പറയും.'

സ്വയം 'അര്‍ദ്ധയുക്തിവാദി'യായി വിശേഷിപ്പിക്കുന്ന ശിവന്‌ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിയാത്ത കാര്യമായിരുന്നു ഇത്തരം കാക്കകള്‍ ബലിച്ചോറില്‍ സ്ഥാപിച്ചിരുന്ന കുത്തക. ശ്രാദ്ധം കഴിഞ്ഞാല്‍ തൊടിയിലോ തോട്ടത്തിലോ എത്രതിരഞ്ഞാലും കണ്ടുകിട്ടാത്ത ഇനം.

'നോക്കിക്കോ, ശിവാ', കാണുമ്പോഴൊക്കെ ഇങ്ങനെ പറഞ്ഞാണ്‌ അച്ചുമ്മാന്‍ പിരിയുക 'ആ പറമ്പ്‌ ഞാന്‍ ഏതെങ്കിലും വൃദ്ധസദനങ്ങള്‍ക്ക്‌ കൊടുക്കും. അവരവിടെ കെട്ടിടം പണിത്‌ വ്യവഹാരപ്രേമികളായ വയസ്സന്മാരെ സംരക്ഷിക്കുമെങ്കില്‍. ഞാനായിരിക്കും അവിടത്തെ ആദ്യത്തെ അന്തേവാസി. അതാണെന്റെ അന്തിമ ലക്ഷ്യം. മൂന്ന്‌ നേരവും ഓരോ ബീഡിക്ക്‌ തീര്‍ക്കാവുന്ന വിശപ്പേ എനിക്കിപ്പോഴുള്ളൂ. പക്ഷേ, എന്റെ വളപ്പില്‍ പണിയുന്ന സദനത്തില്‍ ഒരു ദിവസമെങ്കിലും എനിക്കുറങ്ങിയേ തീരൂ. അല്ലെങ്കില്‍ എന്റെ ആത്മാവിന്‌ സമാധാനമുണ്ടാവാന്‍ വഴിയില്ല.'

വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ആ ചിതറിയ കാഴ്ച നോക്കി നിന്നുകൊണ്ട്‌ ശിവന്‍ തീരുമാനിച്ചു. ചിതറിയ ചോറ്‌ അച്ചുമാനെ ഓര്‍മ്മിപ്പിക്കുന്നു.കോടതി വളപ്പിന്റെ കേസ്‌ അന്തിമമായി അച്ചുമ്മാന്‍ ജയിച്ചതായി നാലഞ്ച്‌ മാസം മുമ്പേ അവനറിഞ്ഞിരുന്നു. വിശപ്പിനെ ബീഡി കൊണ്ട്‌ നേരിട്ടിരുന്ന അച്ചുമ്മാനിപ്പോള്‍ മൂന്ന്‌ മക്കളുടെ വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം വന്നിരുന്നത്‌. രാത്രി കൂട്ടുകിടക്കാന്‍ നാല്‌ പേരക്കുട്ടികളും.

ചിതറിയ ചിന്തകള്‍ അടുക്കിവയ്ക്കാനായി ശിവന്‍ കലുങ്കിലിരുന്നു. അവിദഗ്ദമായി ഒരുക്കിയ പൂക്കളം പോലെ വറ്റുകള്‍ അയാള്‍ക്കുമുന്നില്‍ കിടന്നു.

കണ്ണില്‍ പിടച്ചിലോടെയാണ്‌ അടുത്തുള്ള ത്തൈതെങ്ങിലിരുന്ന്‌ അയാളെ ചെരിഞ്ഞു നോക്കുന്ന ബലികാക്കയെ കണ്ടത്‌. തന്റെ ഇരിപ്പാണ്‌ അതിനെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന്‌ മനസിലാക്കിയ അയാള്‍ സ്ഥലം വിടാന്‍ തീരുമാനിച്ചു. അയാള്‍ എഴുന്നേല്‍ക്കുന്നത്‌ കണ്ട ആ കാക്ക ഒന്ന്‌ പറക്കുവാന്‍ തുനിഞ്ഞു, പിന്നെ വേണ്ടെന്നുവച്ചു.

അകലെ വളവു തിരിഞ്ഞ്‌ പാടത്തേക്കിറങ്ങുന്ന കാര്‍ ശിവന്‍ കണ്ടു. പച്ച നെല്‍പ്പാടങ്ങള്‍ക്കിടയില്‍ കറുത്ത പാമ്പിനെപ്പോലെ പുളഞ്ഞു കിടക്കുന്ന ആ റോഡ്‌ വിഴുങ്ങുന്ന തവളയെപ്പോലെ പയ്യെ കുലുങ്ങിക്കുലുങ്ങി വരുന്ന ആ വെളുത്ത അംബാസിഡര്‍ മനോഹരമായ കാഴ്ചയായിരുന്നു. ഏകദേശം നൂറു വാര അടുത്തെത്തിയപ്പോഴാണ്‌ അതിന്റെ ചക്രങ്ങള്‍ ഈ വറ്റുകളുടെ അവതാരലക്ഷ്യം തകര്‍ക്കുമോ എന്ന്‌ ശിവന്‍ ഭയപ്പെട്ടത്‌. അപ്പോഴേയ്ക്കും അത്‌ അടുത്തെത്തുകയും, വറ്റുകളെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ നിശ്ചലമാവുകയും ചെയ്തു.

കാറില്‍ നിന്ന്‌ തല പുറത്തേക്കിട്ടത്‌ അച്ചുമ്മാനായിരുന്നു. 'എന്താ, ഗള്‍ഫുമുതലാളി? പാടം നോക്കി നില്‍പ്പാ?' അച്ചുമാന്‍ പുറത്തിറങ്ങി. കാറില്‍ മൂന്ന്‌ ആണ്‍മക്കളും ഉണ്ടായിരുന്നു. പ്രകടമായ നീരസം പുറത്ത്‌ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ അവര്‍ പാടുപെട്ടു. മൂത്തയാള്‍ കുശലം ചോദിക്കുകയുമുണ്ടായി. 'ശിവാ', നിറഞ്ഞ ചിരിയോടെ, അച്ചുമ്മാന്‍ പറഞ്ഞു, 'നീ ഈ പാടത്തേക്കൂടെ നടക്കുക. ചിലപ്പോള്‍ കുറുകേ റോഡുകളും പാലങ്ങളും ഉണ്ടാകും. അവയെ അവഗണിക്കുക. അവ മനുഷ്യര്‍ സൌകര്യത്തിനായി പാടങ്ങളെ മുറിച്ചവയാണ്‌. അങ്ങിനെ നീ നടന്നാല്‍ ഈ പാടം അടുത്ത പാടത്തിലെത്തിച്ചേരും. അങ്ങിനെയങ്ങിനെ അറബിക്കടലിലും നീ എത്തും. വറ്റി നശിച്ച പുഴകളാണെടാ എല്ലാ പാടങ്ങളും.. '

വലിയ തമാശ പറഞ്ഞ പൊട്ടിച്ചിരിയോടെ' വറ്റിയാലും പുഴകളെക്കൊണ്ട്‌ ഗുണമുണ്ടാകുമെടാ.... ' ഇതിനകം മക്കള്‍ മൂന്നുപേരും പുറത്തിറങ്ങി. അക്ഷമ പ്രകടിപ്പിക്കണമെന്നുണ്ടെങ്കിലും അച്‌'നെ ബഹുമാനിക്കുന്നതുപോലെ അവര്‍ നിന്നു. എന്തെങ്കിലും ചോദിക്കേണ്ടേ എന്ന്‌ കരുതിമാത്രം ശിവന്‍ ചോദിച്ചു. 'എവിടെ പോകുന്നു?'
'ഓ, ടൌണ്‍ വരെ' ഉദാസീനമായ മറുപടി നല്‍കിയത്‌ രണ്ടാമത്തെ മകനായിരുന്നു. 'കൃത്യമായി പറഞ്ഞാല്‍ റജിസ്ട്രാപ്പീസില്‍ക്ക്‌....' അച്ചുമ്മാനാണ്‌ ഇതു പറഞ്ഞത്‌. മുഴുവനാക്കാന്‍ സമ്മതിക്കാതെ മൂത്തമകന്‍ 'അച്‌'ാ‍, മണി പതിനൊന്നായി' എന്ന സ്നേഹശാസനയോടെ ഡോര്‍ തുറന്നു പിടിച്ചു.

എല്ലാവരും കാറില്‍ കയറി. ശിവന്‍ തന്നെ ഡോര്‍ ഭദ്രമായി ചേര്‍ത്തടച്ച്‌ കലുങ്കിലേക്ക്‌ ചേര്‍ന്നു നിന്നു. കാര്‍ മുന്നോട്ടെടുത്തു.കാത്തിരുന്ന ആ കാക്കയ്ക്കായി ഒന്നും അവശേഷിക്കാത്ത രീതിയില്‍ വറ്റുകള്‍ മുഴുവനും ചതച്ചരച്ചുകൊണ്ട്‌ അച്ചുമ്മാനേയും വഹിച്ച്‌ അത്‌ യാത്ര തുടര്‍ന്നു.

Sunday, July 23, 2006

കൊരട്ടി പെരുന്നാള്‍

ഇതു മുമ്പു വായിച്ചവരുണ്ടെങ്കില്‍ മാപ്പ്‌. നിങ്ങള്‍ക്കും ഉണ്ടാകും അമ്പ്‌ ഓര്‍മ്മകള്‍ എന്നെനിക്കറിയാം. അത്‌ അയവിറക്കാന്‍ നിങ്ങളെ ഈ പോസ്റ്റ്‌ സഹായിച്ചാല്‍ ഞാന്‍ നാല്‌ ബിയര്‍ നില്‍പ്പന്‍ അടിച്ചവനെപ്പോലെ കൃതാര്‍ത്ഥനായി.

എന്റെ കോളേജ്‌ ജീവിതത്തില്‍ നടന്നിട്ടുള്ള ഒട്ടനവധി രസകരമായ സംഭവങ്ങളില്‍ ഒന്നാണിത്‌. കോളേജിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു, ഷാജി ചെറിയാന്‍ അമ്പൂക്കന്‍. അപ്പന്റെ പേരായ ചെറിയാന്‍ എന്ന പേരിലാണ്‌ ഇവന്‍ ഞങ്ങളുടെയിടയില്‍ പ്രസിദ്ധന്‍. ഞങ്ങളുടെ ക്ലാസിന്റെ ആസ്ഥാന ഉത്സവമായി ഞങ്ങള്‍ കണക്കാക്കിയിരുന്നത്‌ കൊരട്ടിപ്പെരുന്നാളായിരുന്നു. ഇവനായിരുന്നു ആതിഥേയന്‍.

തൃശ്ശൂരിന്റെ വിദ്യഭ്യാസ രംഗത്തെ തിലകക്കുറി എന്ന്‌ (ഞങ്ങള്‍) അവകാശപെടുന്നതും, കേരളത്തിലെ ആദ്യത്തെ പോളിടെക്നിക്കുമായ മഹാരാജാസ്‌ ടെക്നോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലെ കുട്ടികളായിരുന്ന ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ദേശീയോത്സവമായി ആഘോഷിക്കേണ്ടി വരാറുള്ളത്‌ നാല്‍പതോളം കിലോമീറ്റര്‍ അകലെ കിടക്കുന്ന കൊരട്ടി പെരുന്നാളായിരുന്നു.

തൃശ്ശൂര്‍ പൂരം ഞങ്ങളുടെ പരീക്ഷയുടെ തലേ ദിവസമായിരിക്കും, അതിനാല്‍ പൂരം ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായത്‌ പഠിത്തം കഴിഞ്ഞിട്ടായിരുന്നു. കൊരട്ടിക്കാര്‍ക്ക്‌ പെരുന്നാള്‍ ദിവസം എത്ര പേര്‍ അധികം വരുന്നുവോ അത്രയും സന്തോഷമാണ്‌. കൊരട്ടി പെരുന്നാളിന്റെ എല്ലാ വര്‍ഷവും കമ്മിറ്റി മെംബര്‍ ആയ ഒരു പൌരപ്രമുനായിരുന്നു ഷാജിയുടെ അപ്പന്‍. അടുത്ത ക്ലാസിലാണെങ്കിലും ഞങ്ങളുടെ ക്ലാസുകാരനാണെന്ന്‌ മറ്റുള്ളവര്‍ക്ക്‌ തോന്നിപ്പിക്കുമാറ്‌ അടുപ്പമുണ്ടായിരുന്ന ജോഷിയും (മത്തങ്ങത്തലയന്‍ എന്ന പ്രശസ്ത ബ്ലോഗ്ഗര്‍) പെരുന്നാളിന്റെ ആതിഥേയനായിരുന്നു.
ജാതിഭേദ്യമേന്യ എല്ലവരും അഘോഷിക്കുന്ന രണ്ട്‌ പെരുന്നാള്‍ ഉണ്ട്‌ കൊരട്ടിപള്ളിയില്‍. ഒന്നാമത്തേത്‌ എട്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന കൊരട്ടിമുത്തിയുടെ തിരുന്നാള്‍. ബലൂണ്‍, പീപ്പി, ഐസ്‌ ഫ്രൂട്ട്‌, കരിമ്പിന്‍ ജ്യൂസ്‌, മുളകു വട, വൈ രാജാ വൈ, കുപ്പിവള സ്ലൈഡ്‌ ടീംസ്‌ തൊട്ട്‌, മാജിക്ക്‌, മരണക്കിണര്‍, മിനി മൃഗശാല തുടങ്ങി, എന്തിന്‌ അമ്മി, ആട്ടുകല്ല്‌ വരെയുള്ള വാണിഭക്കാര്‍ അവിടെ തമ്പടിക്കും. മുട്ടിലിഴയുക, പൂവന്‍ പഴം വഴിപാട്‌ തുടങ്ങിയവ ആണ്‌ അവിടത്തെ മു്യ‍ ആരാധനാകാര്യങ്ങള്‍.

പിന്നെ ഉള്ളത്‌ അമ്പ്‌ പെരുന്നാളാണ്‌. മെയിന്‍ തിരുന്നാളിന്റെ അത്ര ത്രില്ലില്ലെങ്കിലും ഇതും കൊരട്ടിക്കാര്‍ അത്യഹ്ലാദപൂര്‍വ്വം ആഘോഷിക്കുന്നു.

ആദ്യമായി അമ്പ്‌ പെരുന്നാളിന്‌ പോയി ആപ്പിലായ എന്റെ കഥയാണിത്‌.
കൂട്ടുകാര്‍ എല്ലവരും ശനിയാഴ്ച്ച വൈകുന്നേരമേ എത്താറുള്ളൂ. ഞാന്‍ കൊരട്ടിക്കടുത്ത ദേശക്കാരനായതിനാല്‍ എന്നില്‍ ഒരു ആതിഥേയന്‍ റോള്‍ ഇവര്‍ രണ്ടും കൂടി അടിചേല്‍പ്പിച്ചതു പ്രമാണിച്ചാണ്‌ ഞാന്‍ രാവിലെ തന്നെ ചെന്നു കയറിയത്‌. ചെന്ന ഉടനെ ജോഷിയുടെ അപ്പന്‍ ഒരു ഗ്ലാസ്‌ കല്‍പ്പക മധു നല്‍കി. അന്നു വരെ കാത്തുപോന്ന വെള്ളമടി ചാരിത്ര്യം ആ ഒരു ഗ്ലാസ്സ്‌ കള്ളോടെ എനിക്ക്‌ നഷ്ട്ടപ്പെട്ടു.

ഉടനെ അമ്പിന്‌ പോകാനുള്ള പുറപ്പാടായി. (തെക്കന്മാര്‍ക്ക്‌ പരിചയമില്ലാത്ത ഒന്നാണീ അമ്പ്‌ പോക്ക്‌. ഒരു താലത്തില്‍ ഒരു സ്വര്‍ണ്ണത്തിന്റെ അമ്പ്‌ (അഥവാ ആരോ) ഉണ്ടായിരിക്കും. ഇത്‌ ഒരോ വീട്ടിലേക്കും കയറും. കൂടെ ബാന്റ്‌ സെറ്റ്‌, ഒരു പത്ത്‌ കളര്‍ കുടകള്‍ എക്സിറ്റ്രാ. ഒരു വീട്ടില്‍ കയറിയാല്‍ അവിടെ ഒരു ഹിറ്റ്‌ പാട്ട്‌ ബാന്റില്‍ വായിക്കും. അതു കഴിഞ്ഞാല്‍ ആ വീട്ടുകാരന്റെ സാമ്പത്തികസ്ഥിതി അനുവദിക്കുന്നതു പോലെ പടക്കം. പിന്നെ ഏതെങ്കിലും ഒരു യുവാവ്‌ കൈയിലുള്ള ചെറിയ പ്രാര്‍ത്ഥനാ പുസ്തകവുമായി അകത്തു കയറി "വിശുദ്ധനായ സ്തെബസ്ത്യാനോസേ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കേണമേ.. തുടങ്ങി അഞ്ചു മിനിട്ട്‌ പ്രാര്‍ത്ഥിക്കും. വീട്ടുകാര്‍ അതേറ്റ്‌ ചൊല്ലും. എന്നിട്ട്‌ ഈ അമ്പിന്റെ പാത്രം ആ വീട്ടിലെ തരുണീമണികളിലാരെങ്കിലും അടുത്ത വീട്ടില്‍ എത്തിക്കണം. തരുണികള്‍ ഇല്ലാത്ത വീട്ടിലെ ഏറ്റവും ചിന്ന പയ്യന്‍ ഈ റോളില്‍ വരും. ഈ അമ്പ്‌ വച്ച പാത്രത്തില്‍ നമ്മുക്ക്‌ സംഭാവനകള്‍ ഇടാം, എല്ലാ ജാതിക്കാരും ഈ പാത്രത്തില്‍ വന്ന്‌ രൂപ, പൈസ, കോഴിമുട്ട തുടങ്ങിയവ ഇടുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.അമ്പിനുപോക്കില്‍ യുവാക്കള്‍ക്ക്‌ ഏറ്റവും ഇന്ററസ്റ്റുള്ള കാര്യം പ്രാര്‍ത്ഥന എത്തിക്കുക എന്നതാണ്‌. പെണ്‍കുട്ടികളെ തൊട്ടുമുന്‍പില്‍ കാണാം, അവര്‍ കണ്ണടച്ച്‌ ഏറ്റു ചൊല്ലുക ആയതുകൊണ്ട്‌ ഇവര്‍ക്ക്‌ കണ്ണുതുറന്ന്‌ അവരുടെ ചോരകുടിക്കാം, എന്തിനേറെപ്പറയണം, റെജിയുടെ വീട്ടില്‍ ഞാന്‍, സ്റ്റെല്ലയുടെ വീട്ടില്‍ ഞാന്‍ എന്നിങ്ങനെ മുന്‍ കൂര്‍ ബുക്കിങ്‌ വരെ കഴിഞ്ഞിട്ടാണ്‌ ഇവര്‍ ഇറങ്ങുന്നതു തന്നെ.

അന്നത്തെ അമ്പിന്‌ എന്റെ കഷ്ടകാലത്തിന്‌ എനിക്കും ഇറങ്ങേണ്ടി വന്നു. മരനീര്‌ സമ്മാനിച്ച ആ സിറുമ്മല്‍ കൊണ്ട്‌ ജോഷി ഒരു കുട തന്നപ്പോള്‍ ഞാന്‍ അതു കയറി പിടിച്ചു. (കുട എന്നുപറഞ്ഞാല്‍ പട്ടുകുട. നമ്മുടെ ഉത്സവങ്ങള്‍ക്കൊക്കെ ആനപ്പുറത്തിരിക്കുന്ന സാധനം തന്നെ. ഇവിടെ കാലിനു നീളം കുറവായിരിക്കും എന്നും മാത്രം. പലവര്‍ണ്ണത്തിലുള്ള ഈ കുടകളാണ്‌ അമ്പ്‌ ടീമിന്‌ മൊത്തത്തില്‍ ഒരു ഗുമ്മ്‌ നല്‍കുന്നത്‌)

കുട പിടുത്തം, ബാന്റ്‌ സെറ്റ്‌ എന്നിവ കനാല്‍ സൈഡിലുള്ള കോളനിയിലെ ചുള്ളന്മാര്‍ ആണ്‌ കോണ്ട്രാക്റ്റ്‌ എടുക്കുക. എന്നേയും കണ്ടാല്‍ ഏകദേശം ഗ്യാരന്റി കളറായിരുന്നതു കൊണ്ട്‌ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, അവര്‍ക്ക്‌ യൂണിഫോം ഉണ്ടായിരുന്നു. ബാന്റ്‌ സെറ്റ്‌ കാര്‍ക്ക്‌ വെള്ളഷര്‍ട്ടും കടും ചുവപ്പ്‌ പാന്റ്സും. മിക്കവരും പാന്റ്സ്‌ താഴെ ഒരു രണ്ടുമടക്ക്‌ മടക്കി തെറുത്ത്‌ കേറ്റിവയ്ക്കും. അതാണവരുടെ ഫാഷന്‍. എല്ലാവരും ഷര്‍ട്ട്‌ ഇന്‍സെര്‍ട്ട്‌ ചെയ്തിട്ടുണ്ടാകും.

കുട പിടിക്കാന്‍ മിക്കവാറും ബാന്റ്‌ സെറ്റ്‌ ടീമിലെ അപ്രന്റീസ്‌ പിള്ളേരായിരിക്കും. അവര്‍ക്ക്‌ പാന്റ്സിടാന്‍ അനുവാദമില്ല. വെള്ളഷര്‍ട്ടും മുണ്ടുമായിരിക്കും. രണ്ടോ മൂന്നോ വര്‍ഷം കുട പിടിച്ചതിനു ശേഷമേ അവര്‍ക്ക്‌ ബാന്റ്‌ സെറ്റ്‌ ടീമിലേക്ക്‌ പ്രമോഷന്‍ നല്‍കുകയുള്ളൂ. (ഇതൊക്കെ അപ്രന്റീസുകള്‍ അന്നേരം എന്നോട്‌ പറഞ്ഞതാണ്‌.)

എണ്ണയില്‍ ക്കുളിച്ച മുടി പതിപ്പിച്ച്‌ ചീകി, വെയിലത്ത്‌ വിയര്‍പ്പിന്റെ കൂടെ എണ്ണയും കവിളിലേക്ക്‌ ഒഴുക്കിയാണവര്‍ നടക്കുക. എനിക്കത്‌ കണ്ടതും എന്റെ മുഖത്താകെ എണ്ണ ഉണ്ടെന്ന സംശയം ഉടലെടുത്തു. യഥാര്‍ത്ഥത്തില്‍ അത്‌ ഓയിലോഫോബിയ എന്ന ഒരു മനസിക അസുത്തിന്റെ ആരംഭം മാത്രമാണെന്ന്‌ പിന്നീട്‌ ഏതോ വാരികയിലെ മന:ശാസ്ര്തഞ്ജന്‍ എഴുതിയത്‌ ഞാന്‍ വയിച്ചു. അന്നത്തെ ഫാഷനായിരുന്ന ബഫെല്ലോയുടെ വെള്ള ഷര്‍ട്ടും കോടിക്കളര്‍ മുണ്ടും ഉടുത്തിരുന്ന എന്നെയും എല്ലാവരും കുടപിടിപിള്ളേരാണെന്ന്‌ കണക്കുകൂട്ടി.

അങ്ങിനേ ഒരു 25 വീട്‌ കയറിയിറങ്ങി. മരനീരിന്റെ ആമ്പിയറും കുറഞ്ഞതോടെ കുട എനിക്കൊരു ഭാരമായി. ജോഷിയോ ഷാജിയോ ഞാന്‍ എന്ന ഒരു വ്യക്തി അതിഥി ആയി വന്നിട്ടുണ്ടെന്ന കാര്യം മന:പൂര്‍വ്വം വിസ്മരിച്ച്‌ "പ്രാര്‍ത്ഥന എത്തിക്കുവാന്‍" ഏറ്റവും മുന്നേ നടക്കുകയാണ്‌. ഏറ്റവും മുന്നില്‍ നടക്കുന്ന അവരുമായി എനിക്ക്‌ കമ്മ്യൂണിക്കേറ്റ്‌ ചെയ്യണമെങ്കില്‍, കുട എവിടെയെങ്കിലും വച്ച്‌ ആള്‍ക്കൂട്ടത്തിനിടയില്‍ കൂടി ഓടി മുന്നില്‍ കേറണം. അതിന്‌ കുട ആര്‍ പിടിക്കാന്‍? എപ്പോഴോ എന്റേയും ജോഷിയുടേയും കണ്ണുകള്‍ കൂട്ടിമുട്ടി. ആ ഒരു മൈക്രോ സെക്കന്റ്‌ മതിയായിരുന്നു, എനിക്കറിയാവുന്ന എല്ലാ തെറികളും കണ്ണില്‍ക്കൂടി ട്രാന്‍സ്മിറ്റ്‌ ചെയ്യുവാന്‍. പക്ഷേ അത്‌ റീസെവ്‌ ചെയ്യാതെ അവന്‍ കണ്ണുകള്‍ പിന്‍വലിച്ചുക്കളഞ്ഞു.

അങ്ങിനെ ഒരു വീട്ടില്‍ ചെന്നുകയറിയ ഞാന്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കണ്ടു. എന്റെ വീടിന്‌ ഒരു പത്തുപതിനഞ്ച്‌ വീട്‌ അടുത്തുള്ള (കൊരട്ടിയിലേക്ക്‌ കെട്ടിച്ച) എലുങ്ങ കോപ്പന്‍ ചേട്ടന്റെ മോള്‍ ബീന ചേച്ചി ആ വീട്ടില്‍ നില്‍ക്കുന്നു. വീട്‌ ഞാന്‍ ആപാദചൂഢം വീക്ഷിച്ചു. അതൊരു കൃസ്ത്യന്‍ വീടല്ല. കൊരട്ടീ മുത്തി ഒരു സെക്യുലര്‍ ഇമേജ്‌ ഉള്ള ദൈവമാണ്‌. അവിടങ്ങളില്‍ സാധാരണയായി നോണ്‍-ക്രിസ്ത്യന്‍സും അമ്പ്‌ വീട്ടില്‍ കയറ്റി പ്രാര്‍ത്ഥിക്കാറുണ്ട്‌. കോലായില്‍ വച്ചിരിക്കുന്ന ഒരു നൂറു ഫോട്ടോകളില്‍ ഒന്നില്‍ ബീനേച്ചിയും ഭര്‍ത്താവായ സുന്ദരേശന്‍ ചേട്ടനും ചെറുതായി സ്മെയില്‍ ചെയ്തിരിക്കുന്നു. കുട പിടിക്കാന്‍ പോയ വിവരം വീട്ടിലെത്തിയാല്‍ മെടയുന്ന മെടച്ചിലിന്‌ സമാനതകളുണ്ടാവില്ല.

അന്ന്‌ ഞാന്‍ പത്താം ക്ലാസ്‌ കഴിഞ്ഞ്‌ ഒരുവര്‍ഷം പോലും ആയിട്ടില്ല. യക്ഷിയമ്മ എന്ന വിളികേട്ട ഒരു ടീച്ചറേക്കാള്‍ ഭയങ്കരമായി ബുഡ്ഡ നമ്മളെ മെടയുന്ന കാലം. ഞങ്ങളുടെ അമ്പലത്തിലെ പറയെടുപ്പിന്‌ ആനയുടെ പുറകെ ഉച്ച വരെ നടന്നു എന്ന ഒറ്റ കാരണത്താല്‍ പറമ്പു മുഴുവന്‍ ഓടിച്ചിട്ട്‌ എന്നെ മെടഞ്ഞത്‌ വെറും ഒരു മാസം മുന്‍പായിരുന്നു. ഞാന്‍ തിരിഞ്ഞ്‌ നെറ്റിയിലുണ്ടായിരുന്ന ചന്ദനക്കുറി തൂത്തുകളഞ്ഞു. മുടി വലിച്ച്‌ ചപ്രചിപ്രയാക്കി. ചുണ്ട്‌ ഒരു സൈഡിലേക്ക്‌ അല്‍പം കോട്ടി പിടിച്ചു. ബീന ചേച്ചി സൂക്ഷിച്ച്‌ നോക്കുന്നതൊക്കെ കണ്ടു. പക്ഷേ മനസിലായില്ല. ജോഷിക്കും ഷാജിക്കും ഞങ്ങള്‍ തമ്മിലുള്ള പരിചയം അറിയാം. ഇനി അവരെങ്ങാന്‍ പണ്ടാറമടങ്ങാന്‍ ച്ച്വാച്ചീ, ച്ച്വാച്ചിയുടെ അയല്‍ക്കാരന്‍ എന്നു പറഞ്ഞ്‌ കലമുടക്കുമോ എന്നായിരുന്നു പേടി. ഒന്നുമുണ്ടായില്ല. തിരിച്ചു നടന്നപ്പോള്‍ ജഗതി റോളില്‍ സ്വല്‍പം മുടന്തോടെ നടന്ന്‌ ഞാന്‍ രക്ഷപ്പെട്ടു.

രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞാന്‍ സംഭവം ചേച്ചിയോട്‌ പറഞ്ഞു. അത്‌ അന്നേ മനസിലായി, നീ മിടുക്കനായിക്കോട്ടേ എന്ന്‌ കരുതി ഞാന്‍ വിട്ടതാ മോനേ എന്ന്‌ ടി കക്ഷി.

മറ്റൊരു വീട്ടില്‍ ചെന്നപ്പോള്‍ അടിച്ചു നീര്‍ത്തിയാല്‍ പത്തു കിലോമീറ്റര്‍ നീളം വരുന്ന ഒരു പതിനഞ്ച്‌ മടക്ക്‌ മടക്കി ആന ചെവിപോലെ വലിയ വായ തുറന്നു വച്ച ഒരു സാധനം ഉണ്ടല്ലോ ബാന്റ്‌ സെറ്റില്‍, (ബ്യൂഗിള്‍) അതു ഊതുന്നവന്‍ ഒരു കുപ്പി മണ്ണെണ്ണ ചോദിച്ചു. വീട്ടുകാരന്‍ അതെടുത്ത്‌ കൊടുക്കുകയും ലവന്‍ അത്‌ കുളു കുളുന്നനെ വായിലൊഴിക്കുകയും ചെയ്തു. ഇവനൊക്കെ മണ്ണെണ്ണയണോടെ കുടിക്കുന്നതെന്ന്‌ ഞാന്‍ മനസില്‍ വിചാരിച്ചപ്പോള്‍ അവന്‍ ആ മണ്ണെണ്ണ മുഴുവന്‍ ഈ ഗമണ്ടന്‍ സാധനത്തില്‍ കൂടി ഒരു തുപ്പ്‌. അതിന്റെ സ്വരം ശരിയാക്കിയതാണത്രേ. എത്ര കിട്ടും ച്ചേട്ടാ മെയിലേജ്‌ എന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍ ഇനി ഒരു പതിനഞ്ച്‌ പാട്ടുകഴിഞ്ഞാല്‍ ഒന്നു കൂടി പൂശേണ്ടി വരും എന്ന്‌ അവന്‍ മറുപടി പറഞ്ഞു.

ആ വീട്ടില്‍ ആയിരുന്നു അമ്പ്‌ ടീമിന്‌ ബ്രേക്ക്‌ ഫാസ്റ്റ്‌. എന്റെ അതിഥേയരായ ജോഷിയും ഷാജിയും പ്രാര്‍ത്ഥന എന്ന പുളിക്കൊന്‍പിന്മേല്‍ പിടിച്ച്‌ വീടിനകത്താണ്‌. ശാപ്പാടിനുമുണ്ടായിരുന്നു ഡിസ്ക്രിമിനേഷന്‍. അമ്പുകമ്മറ്റിക്കാര്‍ക്ക്‌ വീടിനകത്ത്‌, ബാന്റ്‌ സെറ്റിന്‌ പൂമുത്ത്‌, ഏറ്റവും തറകളായ കുടപിടുത്തക്കാര്‍ക്ക്‌ വീടിനുപിന്നില്‍ ചാണകം മെഴുകിയ വര്‍ക്ക്‌ ഏരിയയില്‍. ഒരു അപ്രന്റിസ്‌ പയ്യന്റെ സഹായത്തോടെ കുട മടക്കി ഒരു തെങ്ങില്‍ ചാരി വച്ച്‌ ഞാന്‍, എനിക്കറിയാവുന്ന - അന്നു പ്രചാരത്തിലുള്ള- എല്ലാ ചീത്തവാക്കുകളും മനസിലോര്‍ത്ത്‌ എന്റെ കാര്യം മറന്ന്‌ അകത്തിരുന്ന്‌ ഗ്രേസിയും അമ്മച്ചിയും വിളമ്പികൊടുത്ത അപ്പവും മുട്ടക്കറിയും അടിച്ചു കയറ്റുന്ന എന്റെ പ്രിയ സ്നേഹിതരെ കാണാന്‍ പൂമുത്തു കൂടി അകത്തേക്ക്‌ നുഴഞ്ഞു കയറി. വീട്ടുടമസ്ഥന്‍ വാ മോനേ എന്ന്‌ സ്നേഹപൂര്‍വ്വം വിളിച്ച്‌ അകത്ത്‌ കൂടി തന്നെ എന്നെ വീടിന്റെ പിന്‍ വശത്തെത്തിച്ചു. കുടപിടിക്കാര്‍ അവിടെ ഇരുന്ന്‌ അപ്പവും മുട്ടക്കറിയും വിഴുങ്ങുന്നു. സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ കണ്ടു, എല്ലാവര്‍ക്കും ഓരോ ഗവര്‍മേണ്ട്‌ വക പാക്കറ്റ്‌ ചാരായം കൊടുത്തിട്ടുണ്ട്‌. ബാന്റ്‌ സെറ്റ്കാരും വണ്‍ ബൈ വണ്‍ ആയി വന്ന്‌ പ്ലാസ്റ്റിക്ക്‌ ഉറയുടെ മൂല കടിച്ച്‌ പൊട്ടിച്ച്‌ അസാമാന്യ കരവിരുതോടെ, ഗ്ഗ്ലം എന്ന ശബ്ദത്തോടെ നില്‍പന്‍ പൂശി ശാപ്പാടടിക്കാന്‍ പൂമുത്തേക്ക്‌ പോകുന്നു.

ഒരു ഇലയില്‍ രണ്ടപ്പവും കറിയും എടുത്ത്‌ വര്‍ക്ക്‌ ഏരിയയുടെ മൂലയില്‍ വിശ്രമിക്കുകയായിരുന്ന ഒരു പൂച്ചയെ ഒറ്റ തൊഴിക്ക്‌ തെറുപ്പിച്ച്‌ കുടുംബനാഥന്‍ എന്നെ അവിടെയിരിക്കാന്‍ ക്ഷണിച്ചു. ഭക്ഷണം കഴിക്കാതെ പുറകു വശത്തെ മുറ്റത്തേക്കിറങ്ങിയ എന്നെ വളരെയധികം ആതിഥ്യമര്യാദ കൂടിയ വീട്ടുകാരന്‍ ഞങ്ങള്‍ക്കങ്ങനെ അയിത്തമൊന്നുമില്ല കുഞ്ഞേ അതൊക്കെ പണ്ടായിരുന്നു എന്നുപറഞ്ഞ്‌ പിടിച്ച്‌ വലിച്ച്‌ കൊണ്ടുപോയി, കുടപീടുത്തക്കാര്‍ക്കക്കായി സ്പ്യെഷലായി വച്ചിരുന്ന ഗവണ്മെന്റ്‌ വക പ്ലാസ്റ്റിക്ക്‌ ഉറയിലെ ചാരായം കഴിക്കാന്‍ നിര്‍ബന്ധിച്ചു. അതിഭയങ്കരമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ച എന്നെ അവിടെയെത്തിയ ഷാജിയുടെ അപ്പന്‍ ആണ്‌ രക്ഷിച്ചത്‌. തന്നെയുമല്ല ഷാജിയെ വിളിച്ച്‌ അസാമാന്യമായ രീതിയില്‍ ചീത്ത പറഞ്ഞ്‌ ഞങ്ങള്‍ മൂന്നുപേരോടും അമ്പില്‍ നിന്ന്‌ വിട്ട്‌ വീട്ടില്‍ പോകാന്‍ ഡിക്രീയില്‍ ഒപ്പിട്ടു......

ഗുണപാഠം: അമ്പിന്‌ പോയാല്‍ കുട പിടിക്കരുത്‌. അത്‌ കൈമാറാന്‍ ആളെ കിട്ടിയെന്ന്‌ വരില്ല.
അറിയാതെ മൂളാന്‍ തോന്നുന്നു......

ഒരു വട്ടം കൂടിയെന്‍.. .. ..

Friday, July 21, 2006

അടയുന്ന വാതില്‍തുറക്കുന്ന വാതില്‍

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു മെയ്ദിനത്തില്‍ ചെറിയ റിപ്പയറിംഗ്‌ പണിക്ക്‌ വന്ന ഷണ്മുഖന്‍ ചേട്ടന്റെ വാക്കുകള്‍ ടേപ്പില്‍ പകര്‍ത്തിയത്‌. ആ ലക്കം മൂന്നാമിടം ഇന്റര്‍നെറ്റ്‌ മാഗസിന്റെ എഡിറ്റോറിയല്‍ ആയിരുന്നു അത്‌. അവസാനഭാഗത്ത്‌ കളര്‍ ചെയ്തഭാഗം ശ്രദ്ധിക്കുക. വീക്ഷണങ്ങള്‍ ജീവിതത്തിന്റെ മൂശയില്‍ നിന്നാണ്‌ ഉരുത്തിരിയുന്നതെന്ന് മനസിലാകും.

മെയ്‌ ഒന്ന്‌, 2002
അബുദാബി

എനിക്ക്‌ പരിചയമുള്ളത്‌ മരപ്പണിയാണ്‌. മുഖപ്രസംഗമായതുകൊണ്ട്‌ ചെയ്തുകളയാമെന്ന്‌ കരുതി. മലയാളികള്‍ക്ക്‌ ഏറെ വശമുള്ള ഒരു കാര്യമാണിത്‌. പക്ഷേ പ്രസംഗിച്ചുനടക്കുന്നവര്‍ക്കില്ലാത്ത ഒന്നെനിക്കുണ്ട്‌. കൈത്തഴമ്പ്‌. എന്റെ മൂന്ന്‌ വിരലുകളുടെ അറ്റം ഒന്നിച്ച്‌ ഉളി ഛേദിച്ചുകളഞ്ഞത്‌ പണിപഠിക്കുന്ന കാലത്താണ്‌. ഏതൊരാളും സ്വന്തം കഥ ഇഷ്ടത്തോടെയും രസത്തോടെയും പറയും. കഥ എന്നൊക്കെ പറയുന്നത്‌ നിങ്ങളുടെ ഭാഷയാണ്‌. ജീവിതത്തെ കഥയെന്ന്‌ വിളിക്കുന്നതെന്തിനാണെന്ന്‌ അറിഞ്ഞുകൂടാ. പണിത്തിരക്കിനിടയില്‍ അത്തരം കാര്യങ്ങളൊന്നും ആലോചിക്കാന്‍ സമയം കിട്ടിയിട്ടില്ല. മുത്തച്ഛന്‍ കൊത്തുപണിക്കാരനും പാവ പണിക്കാരനും പ്രസിദ്ധനുമായിരുന്നു. ഏതാണ്ടെല്ലാ ആശാരിമാരും ഇത്തരം വലിപ്പം പറയും. ഞാനും കുറച്ച്‌ അലങ്കാരപ്പണികള്‍ ചെയ്തിരുന്നു. 15,000 രൂപ വരെ പണിക്കൂലി വരുന്ന കതകൊക്കെ കൊത്തിയിട്ടുണ്ട്‌. പിന്നെ ഇടക്ക്‌ പടം വരക്കുമായിരുന്നു. അങ്ങനെ കലയുമായി ഒരടുപ്പമുണ്ടെന്ന്‌ പറയാം. പക്ഷേ തൊഴിലാളിക്ക്‌ അയാളുടെ ജീവിതത്തെക്കുറിച്ച്‌ പറയാന്‍ കലയുടെ ഒന്നും കെയറോഫ്‌ അവശ്യമില്ല.

പതിനെട്ട്‌ വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്നു. പന്ത്രണ്ട്‌ വര്‍ഷം ഒമാനിലെ സലാലയിലായിരുന്നു. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍. അവിടെ കാലവസ്ഥാ വ്യത്യാസമില്ല. കേരളത്തിന്‌ പുറത്താണെന്ന്‌ അങ്ങനെ അറിയുകയില്ല. അബുദാബിയില്‍ വന്നിട്ട്‌ ആറു വര്‍ഷമായി. കൈരളി ഫര്‍ണിച്ചറിലാണ്‌ ജോലി. ആളുകള്‍ ഉപയോഗിച്ചത്‌, സെക്കന്റ്‌ ഹാന്റ്‌ ഫര്‍ണിച്ചറുകള്‍ ഞങ്ങള്‍ വിലക്കുവാങ്ങും. കേടുപാടുകള്‍ മാറ്റി, ചിന്തേരിട്ട്‌, വാര്‍ണിഷ്‌ തേച്ച്‌ പുത്തനാക്കി വില്‍ക്കാന്‍ വയ്ക്കുന്നു. കട്ടിലും അലമാരയും ടി. വി സ്റ്റാന്റും മുതല്‍ ഷൂ റാക്കു വരെ ഇങ്ങനെ പുതുക്കി എടുക്കുന്നു. കേടുപാടുകള്‍ മാറ്റലാണ്‌ പ്രധാന ജോലി. മരത്തിന്‌ ജീവിതത്തിന്റെ അത്രയും കടുപ്പമില്ല. കൈരളി എന്നത്‌ കച്ചവടത്തിന്‌ പറ്റിയ പേരാണ്‌. ആവശ്യക്കാര്‍ കൂടുതലാണ്‌. ഞങ്ങളുടെ മുതലാളിക്കിപ്പോള്‍ ത്രിശ്ശൂരില്‍ സ്വര്‍ണ്ണക്കടയൊക്കെ ഉണ്ട്‌.രാവിലെ 9 മണി മുതല്‍ ഒരു മണി വരെയും വൈകീട്ട്‌ 4 മുതല്‍ 10 വരെയുമാണ്‌ ജോലി സമയം. എവിടെയെങ്കിലും ഫര്‍ണിച്ചര്‍ ഫിറ്റ്‌ ചെയ്യാന്‍ പോയാല്‍ പതിനൊന്നോ പന്ത്രണ്ടോ ആകും. അങ്ങനെ ജോലി പന്ത്രണ്ട്‌ മണിക്കൂറിലേക്ക്‌ നീളും. ഫര്‍ണിച്ചര്‍ വാങ്ങിയവര്‍ ഫിറ്റ്‌ ചെയ്തുകഴിയുമ്പോള്‍ എന്തെങ്കിലും തന്നാല്‍ വാങ്ങും. ഇല്ലെങ്കില്‍ ഇല്ല. അധികജോലിക്കങ്ങനെ പ്രത്യേക കണക്കൊന്നുമില്ല.

ശമ്പളം 1350 ദിര്‍ഹമാണ്‌. വച്ചുണ്ടാക്കികഴിക്കാനൊന്നും നേരം കിട്ടില്ല. ഹോട്ടല്‍ ചാപ്പാടാണ്‌. വട്ടച്ചെലവ്‌ ഉള്‍പ്പെടെ 350 ദിര്‍ഹമാകും ഓരോ മാസവും. മുറി വാടക 250 ദിര്‍ഹം. വീട്ടിലേക്ക്‌ എല്ലാമാസവും 5000 രൂപ വീതമയക്കും. ഭാര്യയും രണ്ട്‌ ആണ്‍മക്കളുമാണ്‌. ഒരാള്‍ കമ്പ്യൂട്ടര്‍ കോഴ്സിനും രണ്ടാമന്‍ പത്തിലും പഠിക്കുന്നു. ശരാശരി 300 ദിര്‍ഹം മിച്ചം കിട്ടും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകണം. ടിക്കറ്റ്‌ കമ്പനി തരില്ല. വിമാനക്കൂലിയും ലൊട്ട്‌ ലൊടുക്ക്‌ സാധനങ്ങളും ചേര്‍ത്ത്‌ 4000 ദിര്‍ഹമാവും കുറഞ്ഞത്‌. ഇങ്ങനെ മിച്ചം വയ്ക്കുന്നത്‌ തികയാതെ കൂട്ടുകാരില്‍ നിന്ന്‌ കടം വാങ്ങും. എന്തെങ്കിലും അസുഖം വന്നാല്‍, നാട്ടില്‍ പ്രത്യേക വിശേഷങ്ങള്‍ ഉണ്ടായാല്‍ മിച്ചം വയ്ക്കുന്ന കാശ്‌ അങ്ങനെതന്നെ പോയിക്കിട്ടും. ഭൂരിപക്ഷം ഗള്‍ഫുകാരുടേയും സാമ്പത്തികം ഇങ്ങനെ തന്നെ. 300 ദിര്‍ഹം ശമ്പളവും 150 ഓവര്‍ടൈം കാശുമായി 450 ദിര്‍ഹത്തിന്‌ പണിയെടുക്കുന്ന സുഹൃത്തുക്കളുണ്ട്‌. അവരെ ഓര്‍ക്കുമ്പോള്‍ എന്റെ കാര്യം മെച്ചമാണ്‌.

ആദ്യകാലത്ത്‌ നാട്ടില്‍ പണിക്ക്‌ പോയിരുന്നത്‌ കുഞ്ചുമേശിരി എന്നൊരാളുടെ ഒപ്പമാണ്‌. ഒരോ വീടുകളില്‍ പണിക്ക്‌ ചെല്ലുമ്പോള്‍, ഒത്തിരിനാളായി ഇയാള്‍ കുഞ്ചുമേശിരിയുടെ കൂടെ ഉണ്ടല്ലോ എന്താ മരുമോനാക്കുന്നോ എന്നൊക്കെ ആളുകള്‍ ചോദിക്കും. അതുകേട്ടാണ്‌ എനിക്കും ഒരാശ തോന്നിയത്‌. വീട്ടുകാര്‍ എതിര്‍ത്തു. കല്യാണം കഴിഞ്ഞപ്പോള്‍ കുടുംബത്ത്‌ കേറരുതെന്ന്‌ പറഞ്ഞു. അങ്ങനെ വാടകവീട്ടിലായി...... ഇപ്പോള്‍ സ്വന്തമായി കുറച്ച്‌ വസ്തു വാങ്ങിയതില്‍ ചെറിയൊരു വീടുണ്ട്‌, അതിലാണ്‌ താമസം. അതൊന്നു മാറ്റി പണിയണം. സലാലയില്‍ അഞ്ചുകൊല്ലം നാട്ടില്‍ പോകാതെ ഒരേ നില്‍പു നിന്നിട്ടാണ്‌ അന്നത്രയുമൊക്കെ കഴിഞ്ഞത്‌.ആറു സഹോദരിമാരുണ്ട്‌. ഗള്‍ഫില്‍ വരുമ്പോള്‍ ഒരാളുടെ വിവാഹമേ നടന്നിരുന്നുള്ളൂ. പിന്നീട്‌ നാലു പേരുടെ കല്യാണക്കാര്യത്തില്‍ നന്നായി സഹായിച്ചു. അനിയന്‍ ഒരാളുണ്ട്‌. ഗള്‍ഫില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നിട്‌ ആഫ്രിക്കയില്‍ പോയി. രക്ഷപിടിക്കാതെ മടങ്ങി. എനിക്ക്‌ അമ്പത്തൊന്ന്‌ വയസ്സുണ്ട്‌, കണ്ടാല്‍ തോന്നില്ലെങ്കിലും.

പ്രാരാബ്ധങ്ങളുടെ ഇത്തരം കഥകള്‍ പഴയ തലമുറയിലെ എല്ലാ ഗള്‍ഫുകാരും പറയുന്നതാണ്‌. സത്യമായത്‌ പറയാതിരിക്കാന്‍ പറ്റുമോ? കുട്ടികള്‍ ഇപ്പോള്‍ ഒന്നും രണ്ടുമൊക്കെ ആയതുകൊണ്ട്‌ പുതിയ ഗള്‍ഫുകാര്‍ക്കും ഇനി വരുന്നവര്‍ക്കും ഈ കഥകള്‍ ആവര്‍ത്തിക്കേണ്ടിവരില്ല. ഇനി വരുന്നവര്‍ എന്ന്‌ കേട്ട്‌ ചിരിക്കണ്ട. ഗള്‍ഫ്‌ പ്രതിസന്ധി പ്രതിസന്ധി എന്ന്‌ പത്രങ്ങള്‍ ദിവസവും ഉമ്മാക്കി കാണിക്കുന്നുണ്ട്‌. കള്ളക്കടത്തായി പണ്ട്‌ ഗള്‍ഫില്‍ വന്ന്‌ നിറയെ കാശുണ്ടാക്കിയ കിളവന്മാര്‍ ആ വാതിലടഞ്ഞു ഈ വാതിലടഞ്ഞു എന്ന്‌ ഉപന്യാസങ്ങളെഴുതുന്നുണ്ട്‌. ഞങ്ങള്‍ വാതിലുകള്‍ പണിയുന്നത്‌ അടക്കാന്‍ വേണ്ടി മാത്രമല്ല. തുറക്കാനും കൂടിയാണ്‌. സ്വന്തമായി ഒരു തൊഴിലറിയുന്നവന്‍ ഇതൊന്നും കൂസുകയില്ല. എന്റെ മക്കള്‍ക്ക്‌ ഭൂമിയിലൊരിടത്തും വേല കിട്ടുകയില്ലെന്ന്‌ പറഞ്ഞ്‌ നടക്കാന്‍ തക്ക കിറുക്കൊന്നും എനിക്കില്ല. ഒരു ആശാരിയുടെ അത്ര പോലും കണക്കുകൂട്ടാനുള്ള കഴിവോ പ്രവര്‍ത്തിക്കുന്ന മനസോ ഇല്ലാത്തവരാണ്‌ ഗള്‍ഫുകാരുടെ ജാതകം എഴുതുന്നത്‌. പ്രതീക്ഷ കൊടുത്തില്ലെങ്കിലും ആളുകള്‍ക്ക്‌ നിരാശ കൊടുക്കരുത്‌. അതാണ്‌ എന്റെ മെയ്ദിന സന്ദേശം. വിശ്വകര്‍മ്മാവ്‌ എന്നുപറഞ്ഞാല്‍ അറിയാമല്ലോ, ലോകത്തെ സൃഷ്ടിച്ചവനെന്നാണ്‌.....എനിക്ക്‌ കൈരളി ഫര്‍ണിച്ചറിലേക്ക്‌ പോകാന്‍ നേരമായി, ടേപ്പ്‌ കറങ്ങുന്നുണ്ടല്ലോ അല്ലേ, ഇനി പിന്നെക്കാണാം.നമസ്കാരം.

എസ്‌. ഷണ്‍മുഖന്‍
കാര്‍പ്പെന്റര്
‍കൈരളി ഫര്‍ണിച്ചര്‍
അബുദാബി

Wednesday, July 19, 2006

പരോള്‍ (ചെറുകഥ)

'എന്റെ കാര്‍ന്നോമാരെ, എനിക്ക്‌ പോണ്ടാ. ഞാന്‍ ഇവ്ടെ തന്നെ നിന്നോളാം. എന്റെ വിസ ശരിയാവല്ലേ. എന്നാ ഞാന്‍ കൊച്ചപ്പന്റെ കടേന്ന്‌ നൂറ്‌ എണ്ണ വാങ്ങി വിളക്കു വക്കാം.'
കണ്ണന്‍ കണ്ണടച്ച്‌ കൈകൂപ്പി വീണ്ടും സ്വകാര്യം പറയുകയാണ്‌. അവന്റെ പഴയ കാര്‍ന്നോമ്മാരാണ്‌ കാവില്‍ ഇരിക്കുന്നത്‌. അഞ്ചുപേരുണ്ട്‌. നടുവില്‍ ഇരിക്കുന്നതാണത്രേ ഏറ്റവും വലിയ മുത്തമ്മാന്‍. അവിടെ മാത്രം ഒരു കല്ലിന്മേല്‍ ഒരു കുടപോലെ വേറെ ഒരു ചതുരക്കല്ലു വച്ചിട്ടുണ്ട്‌. ആ മുത്തമ്മാന്‌ മാത്രമേ എന്നും വിളക്ക്‌ വക്കൂ. ഈ അറ്റത്തിരിക്കുന്നത്‌ അവന്റെ അച്‌'ന്റെ അമ്മാവന്‍. ഇരുപതാമത്തെ വയസില്‍ മരിച്ചതാത്രേ. അച്‌'മ്മയും ആ അമ്മാമനെ കണ്ടിട്ടില്ല. ഇതൊക്കേ അച്‌'മ്മ പറഞ്ഞുകൊടുത്തതാണവന്‌. വിളിച്ചാ വിളിപ്പുറത്താ മുത്തമ്മാന്‍. പണ്ട്‌ അച്‌'മ്മയുടെ സ്വര്‍ണ്ണമാല കാണാതെ പോയി. അപ്പോ നേര്‍ന്നു നൂറെണ്ണ അതാ കിടക്കുന്നു മാല കുളത്തിന്റെ പടവില്‍. മുറ്റമടിക്കാന്‍ വരുന്ന വിലാസിനി പറഞ്ഞതാ.'ന്റെ മുത്തമ്മാ, കാര്‍ന്നോന്മാരെ... എന്നെ ഇവ്ടന്ന്‌ കൊണ്ടോവാന്‍ സമ്മതിക്കല്ലേ..എണ്ണ മറക്കാതെ കൊണ്ട്‌ര്‍്വ‍ാം..'നേര്‍ന്നാ പിന്നെ മറക്കാന്‍ പാടില്ലാ. അവന്റെ കാര്‍ന്നോന്മാര്‍ മുന്‍ കോപികളാണുപോലും.

രാവിലെയാണ്‌ അവന്റെ അച്‌'നും അമ്മയും വിളിച്ചത്‌. വെക്കേഷന്‍ കഴിഞ്ഞാല്‍ അവനെയും അങ്ങോട്ട്‌ കൊണ്ടുപോവുന്നൂന്ന്‌. അബുദാബിയിലേക്ക്‌. കേട്ടപ്പോള്‍ തുടങ്ങിയതാണ്‌ കണ്ണന്‌ പരവേശം. മുത്തച്‌'ന്‍ വരട്ടെ. എനിക്ക്‌ വിസയും വേണ്ട ഒരു തേങ്ങയും വേണ്ട. കിഴക്കേലെ ബ്ലാക്കി പട്ടി അതാ പോകുന്നു. അവന്‍ കുനിഞ്ഞ്‌ ഒരു കല്ലെടുത്തു. അതിന്‌ ഭയങ്കര ബുദ്ധിയാണ്‌. കുനിയുന്നതു കാണുമ്പോളേ അത്‌ സ്ഥലം കാലിയാക്കും. അവന്‍ കല്ല്‌ വെറുതേ ഒരു തെങ്ങുമ്മേ വീക്കി. ശ്ശെ അതും കൊണ്ടില്ല. താഴത്തെ ഒട്ടു മാവിന്മേല്‍ കുരുവിക്കൂട്ടില്‍ മൂന്നാല്‌ മുട്ടയുണ്ട്‌. അത്‌ വിരിഞ്ഞോന്ന്‌ നോക്കണം. അവന്‍ അങ്ങോട്ട്‌ നടന്നു. നമ്മള്‍ അതില്‍ തൊടാതെ നോക്കണം. തൊട്ടാല്‍ പിന്നെ കുരുവി ആ കൂട്ടില്‍ വരില്ല.. പിന്നെ പാമ്പുംകാവിലെ മഞ്ചാടിക്കുരു ശേരിച്ച്‌ വക്കുന്ന പാത്രത്തില്‍ കുറെ പെറുക്കി ഇടണം. ഇപ്പോള്‍ നാലായിരത്തി ഒരുനൂറ്റിഅമ്പതെണ്ണമുണ്ട്‌. കുറേ ആകുമ്പോള്‍ അവന്‍ ഉണ്ടാക്കിയ പൂന്തോട്ടത്തില്‍ വിരിക്കും. അപ്പോ നല്ല ഭംഗി ഉണ്ടാകും അകലെ നിന്ന്‌ കാണാന്‍. അമ്മുവിന്റെ വീട്ടില്‍ അങ്ങിനെ ചെയ്തിട്ടുണ്ട്‌.

അവന്‌ സ്വന്തമായി ഒരു വാഴയുണ്ട്‌. കുഴി കുത്തിതന്നത്‌ മാണിക്യനാണ്‌. പക്ഷേ വാഴ നട്ടത്‌ അവനാണ്‌. നേന്ത്രവാഴയാ. എന്നും രാവിലെ അതിന്‌ പുതിയ ഇല വന്നോ എന്ന്‌ അവന്‌ നോക്കേണ്ടതുണ്ട്‌. അവനണാല്ലോ അതിന്റെ ഉടമസ്ഥന്‍. കൂമ്പടയാതിരുന്നാല്‍ മതിയായിരുന്നു. കൂമ്പടഞ്ഞാല്‍ പിന്നെ അതു വെട്ടിക്കളയുകയല്ലാതെ വേറെ ഒരു വഴിയുമില്ലന്നാണ്‌ മാണിക്യന്‍ പറഞ്ഞത്‌. അവന്റെ അച്‌'ന്‌ പഠിക്കുന്ന കാലത്ത്‌ കുറേ വാഴകൃഷി ഉണ്ടായിരുന്നത്രേ. അന്നും മാണിക്യനായിരുന്നു സഹായത്തിനെന്നാണ്‌ മാണിക്യന്റെ പത്രാസ്‌.

അവനെന്തൊക്കെ സ്വപ്നങ്ങളായിരുന്നെന്നോ? അടുത്ത കൊല്ലം അവന്‍ ഏഴ്‌ സിയിലേക്കാണ്‌. ഏഴു കഴിഞ്ഞാല്‍ പിന്നെ ചാലക്കുടിയില്‍ പോകണം. അപ്പോ ബസില്‍ പോകാം. കാര്യം അവന്‍ അബുദാബിയിലും ബസിലാണ്‌ സ്ക്കൂളില്‍ പോയിരുന്നത്‌. ഇതതു പോലെയല്ലത്രേ. ചിലപ്പോള്‍ ഇരിക്കാന്‍ പോയിട്ട്‌ നിക്കാന്‍ കൂടി സ്ഥലം ഉണ്ടാവില്ലത്രേ വടക്കേലെ സിന്ധു ആന്റി പറഞ്ഞതാ. ആന്റീന്നല്ല ചേച്ചീന്നാത്രേ വിളിക്കേണ്ടത്‌. മുത്തച്‌'ന്റെ ഓര്‍ഡറാ. അടുത്ത കൊല്ലം അവനെ സ്ക്കൂള്‍ ലീഡറാക്കുമെന്ന്‌ സുശീല ടീച്ചര്‍ അമ്പലത്തില്‍ വച്ച്‌ അച്‌'മ്മയോട്‌ പറയുന്നത്‌ അവനും കേട്ടതാണ്‌. എന്നിട്ട്‌ വേണം അസംബ്ലിക്ക്‌ സ്റ്റേജില്‍ കേറി നിന്ന്‌ എല്ലാര്‍ക്കും "ഇന്‍ഡ്യ ഈസ്‌ മൈ കണ്‍ട്രി" ചൊല്ലിക്കൊടുക്കാന്‍. അപ്പോഴാണ്‌ ഒരു വിസ വന്നിരിക്കുന്നത്‌. 'ഞാന്‍ പോവില്ല്യ.. നോക്കിക്കോ.' പറഞ്ഞത്‌ ഇത്തിരി ഒറക്കെ ആയിപ്പോയി.

"എങ്ക്ട്‌ പൂവില്ല്യാന്നാ കണ്ണേട്ടാ" ഓ, അമ്മു. അമ്മൂന്റച്‌'നും അവന്റെ അച്‌'നും കൂടി ചെറുപ്പത്തില്‍ ഒപ്പിക്കാത്ത വേലത്തരങ്ങളില്ലെന്നാ അമ്മൂന്റെ അച്‌'മ്മ പറയാറ്‌. ഇവള്‍ക്ക്‌ എന്തിന്റെ കൊഴപ്പാ. എപ്പ നോക്ക്യാലും പിന്നാലെ വരും. പിശാശ്‌. വേണ്ടാ, പിശാശ്‌ എന്ന്‌ വിളിക്കണ്ടാ. ഇവള്‌ കാരണമാണവന്‍ സ്ക്കൂളിലെ ഹീറോ ആയത്‌. അവള്‍ടെ ക്ലാസിലെ ഗിരീഷ്‌ അവള്‍ടെ സ്ലേറ്റ്‌ പൊട്ടിച്ചു. കണ്ണേട്ടാന്നും വിളിച്ച്‌ കരഞ്ഞോണ്ട്‌ ഓടി വന്നത്‌ അവന്റെ അടുത്തക്കാ. അല്ലാതെ അവളുടെ ചേട്ടന്‍ പേടിത്തൊണ്ടന്‍ ഉണ്ണിയുടെ അടുത്തേക്കല്ലാ. അന്നാ അവന്റെ ക്ലാസിലെ പിള്ളേര്‍ക്ക്‌ അവന്‌ കണ്ണന്‍ന്നും ഒരു പേരുണ്ടെന്ന്്‌ മനസിലായത്‌. അവന്റെ ശരിക്ക്‌ പേര്‍ സഞ്ജയ്‌ മേനോന്‍ എന്നാണല്ലോ. അച്‌'മ്മ ഇട്ട പേരാ കണ്ണന്ന്ന്‌. അമ്മ അവനെ സഞ്ജൂന്നേ വിളിക്കൂ. ഗിരീഷിനെ അവന്‍ ഇടിച്ച്‌ മൂക്ക്‌ ചപ്പാത്തിയാക്കിയത്‌ അമ്മൂനോടുള്ള ഇഷ്ടം കൊണ്ട്വന്നുമല്ലകേട്ടോ. അവളാണാ കുരുവിക്കൂട്‌ അവന്‍ കാണിച്ചു കൊടുത്തത്‌. അതോണ്ടാ.ഹെഡ്മാഷ്‌ പിടിച്ച്‌ മൂന്നെണ്ണം തുടയില്‍ തന്നു. അതു പോട്ടേന്നു വക്കാം. മുത്തച്‌'നെ ഒന്നു കാണുന്നുണ്ടത്രേ മാഷ്‌. മുത്തച്‌'ന്റെ കാര്യം വല്ല്യ രസമാ. എല്ലാവരും മുത്തച്‌'നെ അറിയും.

'എങ്ക്ട്‌ പൂവില്ല്യാന്നാ കണ്ണേട്ടാ പറഞ്ഞേ?' അമ്മു വീണ്ടും ചോദിച്ചു. അവന്‌ ദേഷ്യം വന്നു. "നിന്റെ നായര്‍ടോടക്ക്‌". അവള്‍ടെ അച്‌'മ്മ ദേഷ്യം വന്നാല്‍ അവളോടങ്ങന്യാ പറയാ. പാവം അമ്മുവിന്‌ സങ്കടം വന്നു. അടുത്ത കൊല്ലം അഞ്ചിലേക്കാണെന്ന്‌ പറഞ്ഞ്‌ അതിന്റെ പത്രാസിലാണവളീയിടെയായി.

'പൂയ്‌.. പൂയ്‌' ഉണ്ണിയാണ്‌. അവളുടെ ചേട്ടന്‍. അവനും ഏഴിലേക്കാണ്‌. പക്ഷേ അവന്‍ കണ്ണന്റെ അപ്പുറത്തെ ക്ലാസിലാണ്‌. ഉണ്ണി പിന്നേയും അമ്മുവിനെ കളിയാക്കി. മൂക്കിന്മേല്‍ വിരല്‍ വച്ച്‌ അയ്യേ! എന്നാക്കി അവന്‍ പിന്നെയും കൂവി. 'പൂയ്‌ പൂയ്‌...' പാടുപെട്ട്‌ സങ്കടമെല്ലാം ഒതുക്കി വെറുതേ തെങ്ങിന്റെ മോളിലും ആകാശത്തും നോക്കി കണ്ണുനിറഞ്ഞത്‌ അവനെ കാണിക്കാതിരിക്കുകയായിരുന്നു അവള്‍. അവളുടെ നായര്‍ക്ക്‌ പറഞ്ഞില്ലേ കണ്ണന്‍. കൂടെ ഉണ്ണിയുടെ കൂവലും. അവള്‍ ഒറ്റ കരച്ചില്‍. ഇന്ന്‌ മുത്തച്‌'ന്റെ കൈയ്യീന്ന്‌ ഒരു പിച്ച്‌ ഉറപ്പായി. മുത്തച്‌'ന്‍ പടിക്കലെത്തുമ്പോഴേക്കും അമ്മു പരാതി പറയും. മുത്തച്‌'ന്‍ പിച്ചിയാല്‍ അവിടെ എസ്‌ എന്ന അക്ഷരം വരും.അവന്‌ ശരിക്ക്‌ ഓര്‍മ്മയുണ്ട്‌. ഒരു കൊല്ലം മുന്‍പാണത്‌. ഒരു ദിവസം അച്‌'ന്‍ വന്നു കയറിയത്‌ ആകെ സങ്കടത്തിലായിരുന്നു. അച്‌'ന്റെ ജോലി പോയത്രേ. അന്ന്‌ അച്‌'നും അമ്മയും താടിക്ക്‌ കൈയ്യും കൊടുത്ത്‌ ഒറ്റ ഇരിപ്പായിരുന്നു. എപ്പോ നോക്ക്യാലും, മതിയായി.. നിര്‍ത്തിപോകും നിര്‍ത്തിപോകും എന്ന്‌ പറയാറുള്ള അച്‌'ന്‌ ജോലി പോയപ്പോ എന്തൊരു സങ്കടം! രാത്രി കണ്ണന്‌ വിശന്നിട്ടും അമ്മ ഒന്നും തരുന്ന ലക്ഷണം അവന്‍ കണ്ടില്ല.. അപ്പുറത്തെ റൂമിലെ റസിയ ആന്റിയാണന്നവന്‌ അന്ന്‌ കുപ്പൂസും മൊട്ടക്കറിയും കൊടുത്തത്‌. അച്‌'നോട്‌ ഇന്നൊന്നും മിണ്ടണ്ടാന്നും പറഞ്ഞു ആന്റി. അങ്കിള്‍ വന്ന്‌ അച്ചനോട്‌ ഓരോന്ന്‌ പറഞ്ഞ്‌ സമധാനിപ്പിക്കുന്നുണ്ടായിരുന്നു. അങ്കിളിനും ആന്റിക്കും കുട്ടികള്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ അവന്‌ എന്നും ഫ്ലാറ്റില്‍ കളിക്കാന്‍ കൂട്ടായേനേ. രസമുണ്ടായത്‌ അന്നല്ല. പിറ്റേന്ന്‌ രാവിലെ അവന്‍ സ്കൂളില്‍ പോകാന്‍ ബാഗ്‌ തുറന്നപ്പോഴാണ്‌. അമ്മ അതെടുത്ത്‌ ഒറ്റ വീക്ക്‌ ചുമരിന്മേലേക്ക്‌. ഇനി നീ ഒരു സ്ഥലത്തും പോണ്ടാന്നും പറഞ്ഞു. അവന്‌ ദേഷ്യം വന്നു. അന്നൊക്കെ അവന്‌ ദേഷ്യം വന്നാല്‍ കരയാറാണ്‌ പതിവ്‌. പെരപണി കഴിയാത്തതിലായിരുന്നു അമ്മക്ക്‌ സങ്കടം. ജോസങ്കിളും ബീനാന്റിയും പിന്നെ അച്‌'ന്റെ ഓഫീസിലെ രണ്ട്‌ അങ്കിള്‍മാരും എയര്‍പോര്‍ട്ടില്‍ വന്നിരുന്നു അവര്‍ പോരുമ്പോള്‍. അവന്‌ ശരിക്കും സങ്കടമുണ്ടായിരുന്നു അബുദാബിയില്‍ നിന്ന്‌ പോരാന്‍. അവന്‍ മുന്‍പ്‌ നാട്ടില്‍ അധികം വന്നിട്ടില്ല. അച്‌'നും അമ്മയ്ക്കും കൂടി ലീവ്‌ കിട്ടാറില്ല. അവനെ ഒറ്റക്ക്‌ മുത്തച്‌'ന്റെയും അച്‌'മ്മയുടേയും അടുത്ത്‌ നിര്‍ത്താന്‍ അമ്മക്ക്‌ ഇഷ്ടമല്ല. അച്‌'ന്‌ അത്‌ വലിയ ഇഷ്ടമായിരുന്നു. അവനും നാട്ടില്‍ നില്‍ക്കുന്നത്‌ ഇഷ്ടമായിരുന്നില്ല. ഭയങ്കര ഇരുട്ടാ അവന്റെ വീട്ടില്‍. അബുദാബിയില്‍ രാത്രീലും മുറിയില്‍ റോട്ടുവെളിച്ചം ഉണ്ടാവും. പിന്നെ നാട്ടിലെ പിള്ളേര്‍ക്ക്‌ വലിയ പത്രാസാണ്‌. അവര്‍ക്ക്‌ മരം കയറാന്‍ അറിയാം, നീന്താനറിയാം, മീനെ പിടിക്കാനറിയാം. ഇപ്പോഴാണെങ്കിലേ, അതെല്ലാം കണ്ണനും അറിയാം. അവരെക്കാള്‍ നന്നായി. അവന്റെ അമ്മ കുറേ പറഞ്ഞതാ അമ്മയുടെ വീട്ടില്‍ നിന്ന്‌ പഠിച്ചാല്‍ മതീന്ന്‌. ഭാഗ്യത്തിന്‌ അച്‌'ന്‍ സമ്മതിച്ചില്ല. അമ്മയുടെ വീട്ടില്‍ ഒരു രസവുമില്ല..


അച്‌'ന്‍ മൂന്ന്‌ മാസം ആയപ്പോഴേക്കും തിരിച്ച്‌ പോയി. പോയിട്ട്‌ വേണമത്രേ ജോലി അന്വേഷിക്കാന്‍. പെര പണി മുഴുവനായിരുന്നെങ്കില്‍ അച്‌'ന്‍ ഇനി പോവില്ല്യായിരുന്നു. അച്‌'ന്‍ അത്‌ ഇടക്കിടക്ക്‌ പറയും. ആ വളപ്പില്‍ തന്നെയാണ്‌ വീട്‌ പണിതിരിക്കുന്നത്‌. വാര്‍ക്കപുറത്ത്‌ കയറി മുറ്റത്ത്‌ കൂട്ടിയിട്ടിരിക്കുന്ന മണലിലേക്ക്‌ ചാടിക്കളിക്കലാണിപ്പോള്‍ അവന്റെയും ഉണ്ണിയുടേയും പരിപാടി. അച്‌'ന്‍ പോയത്‌ അവന്‌ പ്രശ്നമായി. അമ്മയുടെ നിയമങ്ങളായി പിന്നെ. കാലത്ത്‌ തൊട്ട്‌ നടന്ന കാര്യങ്ങള്‍ എല്ലാം വീട്ടില്‍ വന്നാല്‍ അമ്മക്കറിയാം. എന്നിട്ട്‌ നീയെന്തിനാ അവനെ ഞോണ്ടാന്‍ പോയേ, നിനക്ക്‌ നിന്റെ കാര്യം നോക്ക്യാ പോരേ, എന്തിനാ പന്തു കളിക്കാന്‍ പോയേ, അതല്ലേ മുട്ട്‌ പോട്ട്യേ...... അച്‌'നുണ്ടെങ്കില്‍ 'എഡീ, നിര്‍ത്ത്‌.ണിര്‍ത്ത്‌ ഞാന്‍ ഇതിലും കുരുത്തക്കൊള്ളിത്തരം കാണിച്ചിട്ടാടീ വലുതായത്‌. ന്നെട്ടും നീ എന്നെ കെട്ടിയില്ലേ...' എന്നു പറഞ്ഞേനേ. അച്‌'ന്‍ ഇടപെട്ടാ പിന്നെ അമ്മ നിര്‍ത്തും. പിന്നൊരു സ്ഥിരം വര്‍ത്താനമുണ്ട്‌. 'എന്റെ ഗതികേട്‌... പുക ഊതി ഊതി എന്റെ ജന്മം തീരും.' ഓ. അമ്മയുടെ വീട്ടില്‍ ഗ്യാസ്‌ സ്റ്റൌ ഉണ്ട്‌. അതിന്റെ ഡംബ്‌. പിന്നെയാണ്‌ പിടികിട്ടിയത്‌. അമ്മുവാണ്‌ എല്ലാം വന്നു പറയുന്നത്‌. അച്‌'ന്‍ അവള്‍ക്കൊരു പേരിട്ടു - ചാരവനിത.

അവനെ ഓട്ടോറിക്ഷയിലാണ്‌ സ്ക്കൂളിലേക്ക്‌ വിട്ടിരുന്നത്‌. അമ്മുവും, ഉണ്ണിയും എല്ലാ കുട്ടികളും നടന്നാ പോണത്‌. അവന്‍ മാത്രം കുറേ ഒന്നാം ക്ലാസുകാരുടെ കൂടെ ഓട്ടോറിക്ഷയിലും. അവനത്‌ കുറച്ചിലാണ്‌. അമ്മയോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല. വെറുതെ നല്ല നുള്ള്‌ കിട്ടും അത്ര തന്നെ. അവന്റെ ഭാഗ്യത്തിന്‌ അച്‌'ന്‌ വേറെ നല്ല ജോലി കിട്ടി. അമ്മയെ കൊണ്ടുപോയി. പോവുമ്പോള്‍ എന്തായിരുന്നു അമ്മയുടെ വര്‍ത്താനങ്ങള്‍. അത്‌ ചെയ്യരുത്‌, ഇതു ചെയ്യരുത്‌. ഇല്ല ചെയ്യില്ല! അച്‌'മ്മ പറയണതെല്ലാം കേള്‍ക്കണം. കേട്ടോളാം! അച്‌'മ്മ പറേമ്പോലെ എല്ലാം യെസ്‌ മൂളി. . പാവം കാറില്‍ കേറാന്‍ നേരത്ത്‌ അവനെ ഉമ്മ വച്ചപ്പോ അമ്മ കരഞ്ഞുകേട്ടോ. അവന്‍ കരഞ്ഞില്ല. എന്നിട്ടും അവളുണ്ടല്ലോ, ആ നുണച്ചിപ്പാറു അമ്മു, അവള്‌ പറഞ്ഞോണ്ട്‌ നടന്നു അവന്‍ കരഞ്ഞൂന്ന്‌.

അമ്മ പോയപ്പോളല്ലേ രസം. അച്‌'മ്മ അവനെ ചീത്തപറയില്ല. പഠിക്കാന്‍ പറയില്ല. അമ്മയെ പോലെ മുത്തച്‌'ന്‍ വരുമ്പോള്‍ ഏഷണിയും പറയില്ല. ഇടക്കിടക്ക്‌ അവന്‍ ഓട്ടോറിക്ഷയില്‍ കേറാതെ നടന്നു പോകും. മുത്തച്‌'ന്‍ അറിഞ്ഞാല്‍ കൊഴപ്പമാ. എന്തൊരു രസാന്നറിയാമോ നടന്നു പോകാന്‍. ഉണ്ണിയാണവന്‌ വെള്ളത്തില്‍ കാലുകൊണ്ട്‌ പടക്കം പൊട്ടിക്കാന്‍ പഠിപ്പിച്ചത്‌. പക്ഷേ ട്യൂഷനെടുക്കുന്ന സിന്ധുവാന്റിയുടെ അടുത്ത്‌ ഒരു രക്ഷയുമില്ല. വൈകുന്നേരമായാല്‍ ഇരുത്തി പഠിപ്പിക്കും. അമ്മയുടെ പ്രത്യേകം ഓര്‍ഡറുണ്ടെന്ന്‌ പിന്നെയല്ലേ മനസിലായത്‌. ഓണപരീക്ഷ കഴിഞ്ഞപോളല്ലേ രസം. കണ്ണന്‍്‌ ക്ലാസില്‍ ഫസ്റ്റ്‌ കിട്ടി. അബുദാബിയിലെ ടീച്ചര്‍മാര്‍ ശരിയല്ല. അവരവന്‌ ബി ഗ്രേഡേ കൊടുക്കൂ. അമ്മക്കും അച്‌'നും എന്തൊരു സന്തോഷമായെന്നോ? അതൊന്നുമല്ല അവന്‌ ഏറ്റവും ഇഷ്ടമായത്‌. അടക്ക വലിക്കാന്‍ പുരുഷോത്തമന്‍ വരുന്നതാണ്‌. ആരും ചെന്ന്‌ വിളിക്കൊന്നും വേണ്ടാ. സമയാവുമ്പോള്‍ ആളെത്തിക്കോളും. ഒരു അടക്കാമരത്തില്‍ കയറി ആടി വേറേമ്മെ ചാടിപിടിക്കും. കണ്ണന്റെ കാലിന്റെ അടിയില്‍ അതു കാണുമ്പോള്‍ ഒരു തരിപ്പാണ്‌. അന്ന്‌ മുത്തച്‌'ന്‍ ഇല്ലാതിരുന്നാല്‍ ഭാഗ്യം. എന്നാല്‍ പുരുഷു അവനേയും കൊണ്ടേ അടക്ക വിക്കാന്‍ പോവൂ. അടക്ക കൊടുക്കുന്ന സ്ഥലത്തെ മീശക്കൊമ്പന്‍ ഇതാരാ പുരുഷോന്ന്‌ ചോദിച്ചപ്പോ പുരുഷു പറഞ്ഞത്‌ കേള്‍ക്കണോ - ഇത്‌ നമ്മക്കടെ കണ്ണന്‍ മൊതലാള്യാന്ന്‌!. അവനത്‌ വലിയ പത്രാസായി. പുരുഷു ആരോടും പറയരുതെന്ന്‌ പറഞ്ഞാ അന്ന്‌ അവന്‌ കൊള്ളി ഉപ്പേരി വാങ്ങി കൊടുത്തത്‌. തട്ടുകടേന്ന്‌. അവന്‍ ആരോടും അത്‌ പറഞ്ഞിട്ടില്ല. മുത്തച്‌'ന്‍ അറിഞ്ഞാല്‍ ചിലപ്പോള്‍ ഒരു പെട കിട്ടാന്‍ വഴിയുണ്ട്‌. ഇതു വല്ലതും അബുദാബിയിലുണ്ടോ? ഒന്നുംല്ല്യാന്നേ. അതാ അവന്‌ അവിടെ പോകാന്‍ ഇഷ്ടമില്ലാത്തത്‌.

ഒരു രസവുമില്ല അവിടെ. റസിയാന്റീടെ മുറിയിലേക്ക്‌ പോവാന്‍ കൂടി അമ്മ സമ്മതിക്കില്ല. അവര്‍ക്ക്‌ ശല്ല്യമാവുന്ന്‌! ശല്ല്യേ. എന്നോട്‌ വര്‍ത്താനം പറഞ്ഞിരിക്കാനാ ആന്റിക്കിഷ്ടം. എന്നാ ബാല്‍ക്കണിയില്‍ ചെന്ന്‌ തഴേക്ക്‌ നോക്കിയാലോ? വീഴും എന്ന്‌ പറഞ്ഞ്‌ അതും സമ്മതിക്കില്ല. അവന്റെ മുറിയുടെ ചുമരിലെ പാടുകള്‍ അവന്‌ കാണപ്പാഠമായി. കട്ടിലില്‍ കേറി കിടന്ന്‌ മുകളിലേക്ക്‌ നോക്കിയാന്‍ ആ പാടുകള്‍ക്കെല്ലാം ഓരോ 'ാ‍യ വരും. ഒന്ന്‌ ശരിക്കും ഒരു ചെമ്മരിയാട്‌. പിന്നെ രണ്ടു മനുഷ്യര്‍. അവര്‍ക്ക്‌ കാലില്ല. പിന്നെയും കുറെ രൂപമില്ലാത്ത സാധനങ്ങള്‍.... ... അവനൊരു ചെറിയ കട്ടിലുണ്ട്‌. അമ്മക്കും അച്‌'നും വേറെ വലുതും. പിന്നെ ഒട്ടും സ്ഥലമില്ല അവന്റെ മുറിയില്‍.അവിടെ അവന്‌ സ്ക്കൂള്‍ വിടുന്നത്‌ നാലുമണിക്കൊന്നുമല്ലാട്ടോ. രണ്ടു മണിക്കാ. അവന്റെ കൈയ്യിലും ഉണ്ടാകും ഫ്ലാറ്റിന്റെ തക്കോല്‍. റസിയാന്റി അവന്‌ ചോറ്‌ എടുത്തു കൊടുക്കും. ചിലപ്പോള്‍ പാവം ഉറങ്ങിയിട്ടുണ്ടാകും. ഈ റസിയാന്റിയുടെ ഹോബി എന്താന്നറിയണോ? ഒറക്കാത്രേ. അങ്കിള്‍ പറഞ്ഞതാട്ടോ. അമ്മ ഭയങ്കര മടിച്ചിയാ. ഒരു കറി വച്ചാല്‍ മൂന്നു ദിവസം ചൂടാക്കണം. അവന്‌ ചൂടാക്കി കഴിക്കുന്നതേ ഇഷ്ടമല്ല. അമ്മ ചൂടാക്കി വിളമ്പി തന്നാല്‍ കൊള്ളാം. അതിന്‌ അമ്മ വരാന്‍ അഞ്ചു മണി ആകും. ഇവിടെ അവനു വന്നിരിക്കേ വേണ്ടൂ. അച്‌'മ്മ വിളമ്പിത്തരും. പാത്രമൊന്നും അവനു കഴുകണ്ടാ. അച്‌'മ്മ എന്തൊക്കെ കറികളാ ഉണ്ടാക്കാന്നറിയോ? പുളി തിരുമ്മീത്‌, ഉള്ളി ചമ്മന്തി, അരച്ച്കലക്കി, വഴുതങ്ങ അടുപ്പിലിട്ട്‌ ചുട്ട ചമ്മന്തി....... ഇന്നാള്‌ വാഴകൊടപ്പന്‍ അവനാ തോട്ടികൊണ്ട്‌ പൊട്ടിച്ചു കൊടുത്തത്‌. എന്തൊരു രസമാണെന്നോ അന്നത്തെ തോരന്‌. ഈ അമ്മ അവിടെ എന്നും ഉണ്ടാക്കും ചിക്കന്‍. തിന്നു തിന്നു അവനും അച്‌'നും മടുത്തു. ജോലിക്ക്‌ പോക്കും കറി വെപ്പും... ഒക്കെ കൂടി വലിയ ബുദ്ധിമുട്ടാന്നാ അമ്മ പറയാറ്‌. എന്നാ നീ ജോലിക്ക്‌ പോണ്ടാന്ന്‌ അച്‌'ന്‍ പറഞ്ഞാലോ.. അപ്പോ പിന്നെ പഞ്ചാരവര്‍ത്താനമായി അവനോടും അച്‌'നോടും. അച്‌'ന്‌ ദേഷ്യം വന്നാല്‍ ഒന്ന്‌ പറഞ്ഞാ പറഞ്ഞതാ. അതോണ്ടാ അമ്മക്ക്‌ പേടി. ജോലികൂടിയില്ലെങ്കില്‍ ബോറടിച്ച്‌ ചാവുമെന്നാണ്‌ അമ്മയുടെ പറച്ചില്‍. അതു കേട്ടാല്‍ റസിയാന്റിയുടെ മും പോകും. അച്‌'മ്മ വാഴയുടെ ഉണ്ണിപിണ്ടി പൊളിച്ചു കൊടുത്താല്‍ അതോണ്ട്‌ തോരന്‍ ഉണ്ടാക്കി തരാംന്ന്‌ പറഞ്ഞിട്ടുണ്ട്‌.

വേറെ രസം കേള്‍ക്കണോ? ഈ അച്‌'മ്മ എല്ലാ പച്ചക്കറിയുടെ തോലും എടുത്ത്‌ ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കി തരും. അതു വെയിലത്ത്‌ ഉണക്കാന്‍ വക്കുമ്പോള്‍ എടുത്തു തിന്നാനാണ്‌ രസം."മുത്തച്‌'ാ‍, ഞാന്‍ എങ്ങോട്ടും പോണില്ല. ഞാമ്പ്ടെ പഠിച്ചോളാം. മുത്തച്‌'ാ‍..."

"നിന്റെ അച്‌'ന്‍ പറയണേട്ത്തല്ലടാ നീ പഠിക്കേണ്ടത്‌? നല്ല മക്കള്‍ അച്‌'ന്‍ പറയുന്നത്‌ അനുസരിക്കണം.........മനസിലാവ്ണ്ണ്ടോ നെനക്ക്‌? "

"അപ്പോ അച്‌'ന്‍ മുത്തച്‌'ന്റെ മോനല്ലേ. മുത്തച്‌'ന്‍ പറഞ്ഞാ അച്‌'ന്‍ കേള്‍ക്കില്ലേ?" അവന്റെ മറുന്യായത്തില്‍ മുത്തച്‌'ന്‌ ഉത്തരം മുട്ടി. അച്‌'മ്മ അവന്റെ പക്ഷം ചേര്‍ന്നു.

"നിങ്ങളവന്‍ വിളിക്കുമ്പോ ഒന്ന്‌ പറ മനുഷ്യനേ. ന്റെ മോനെ ഞാന്‍ നോക്കിക്കൊള്ളാം"
'തെല്ല്‌ മിണ്ടാതിരി തള്ളേ. അവര്‍ക്ക്‌ ഇവനെ ഇവിടെ ആക്കിയാല്‍ എന്തു മനസമാധാനാണ്ടാവാ? എല്ലാര്‍ക്കും സ്വന്തം മക്കളെ കണ്‍വെട്ടത്ത്‌ കണ്ടോണ്ടിരിക്കണംന്നാ ണ്ടാവാ, നെനക്കതിന്റെ വെഷമം അറീല്ലാ. നിനക്ക്‌ ലോകവിവരം ഉണ്ടോ? കഴുത.'

ലോകത്തിലെ ഏറ്റവും വലിയ തമാശ ഇപ്പോ പറഞ്ഞതാണെന്നമട്ടില്‍ മുത്തച്‌'ന്റെ ഹഹഹ എന്ന ചിരിയും. അവന്‌ ചിരി വന്നില്ല. അവനെ മുത്തച്‌'ന്‍ സമാധാനിപ്പിച്ചു.

"ഞാന്‍ പറഞ്ഞു നോക്കാം കണ്ണാ". മുത്തച്‌'ന്‍ ഒരു കാര്യം ഏറ്റാല്‍ ഏറ്റതാന്നാ അള്‍ക്കാര്‌ പറയണേ. അവന്‌ സമാധാനമായി.

'ലക്ഷണം അത്ര ശരിയല്ല കണ്ണങ്കുട്ട്യേ...' മാണിക്യന്‍. അവന്റെ വാഴയുടെ പുതിയതായി വന്ന കൂമ്പ്‌ പരിശോധിക്കുകയാണ്‌. മാണിക്യന്‍ അവനെ കണ്ണങ്കുട്ട്യേന്നാ വിളിക്കാ. അവനും കണ്ടു. പുതിയ കൂമ്പിന്‌ പവറ്‌ പോരാ. നമുക്ക്‌ നോക്കാം. കൂമ്പടഞ്ഞാല്‍ പിന്നെ വെട്ടിക്കളയേ കാര്യള്ളൂ. മാണിക്യന്റെ കൂടെ പടവലങ്ങക്ക്‌ കല്ല്‌ കെട്ടി തൂക്കാന്‍ അവനും പോയി. താഴത്തെ തേമാലിയിലേക്ക്‌.അമ്മ വിളിച്ചപ്പോള്‍ അവനെ കുറേ വഴക്ക്‌ പറഞ്ഞു. അമ്മക്കറിയേണ്ടത്‌ അവന്‍ മുത്തച്ചനോട്‌ പറഞ്ഞോ അവിടെ തന്നെ നിക്കണമെന്ന്‌.

"ഞാന്‍ ഇവ്ടെ നിന്നോളാംമ്മേ. ഞാന്‍ നല്ലോണം പഠിക്കണ്ണ്ട്‌. നിക്ക്‌ ഫസ്റ്റ്‌ കിട്ടീല്ല്യേമ്മേ."
"അവ്ടെ നിന്നട്ട്‌ വേണം വൃത്തികെട്ട ശീലങ്ങളൊക്കെ പഠിക്കാന്‍. മര്യാദക്ക്‌ ഞാന്‍ പറയണ കേട്ടാ മതി"

"അപ്പോ അച്‌'നും ഇവ്ടല്ല്യേ പഠിച്ചത്‌? അച്‌'ന്റെ ശീലങ്ങളും വൃത്തി കെട്ടതാണാവോ" ചോദിച്ചില്ല. ചോദിച്ചാല്‍ അതു മതി.

അവന്‌ കണ്ണില്‍ വെള്ളം വന്നു. ഏയ്‌ ഇനി കണ്ണന്‍ കരയില്ല. അടുത്ത മാസം ഏഴിലേക്കാവും. അവന്റെ സ്ക്കൂളില്‍ ഏഴാം ക്ലാസുകാരാണ്‌ ഏറ്റവും വലിയവര്‍. ആറാം ക്ലാസിലെ എല്ലാവര്‍ക്കും അവനെ പേടിയാണ്‌. ഏഴിലെ വലിയവന്മാര്‍ ആരും തോല്‍ക്കാതിരുന്നാല്‍ പിന്നെ അവനായിരിക്കും അടുത്ത കൊല്ലത്തെ ചട്ട. പക്ഷേ ആ ശശി എന്തായാലും ജയിക്കില്ലത്രേ. എന്നാ പോയി. അച്‌'മ്മ വന്ന്‌ അവന്റെ തലമുടിയില്‍ വിരലോടിച്ചു. അവന്‌ മനസിലായി അവനെ സമാധാനിപ്പിക്കാനാണെന്ന്‌. എന്നിട്ട്‌ അമ്മുവിന്റെ അച്‌'മ്മയോട്്‌ 'അതിനിവിടെ നിന്നാ മതി. പാവം. അവടെ കളിക്കാനൊന്നും കൂട്ടില്ലാത്രേ.' പിന്നെ അവന്‌ പിടിച്ച്‌ നിക്കാനായില്ല.

അമ്മു നില്‍ക്കുന്നതൊക്കെ മറന്ന്‌ അവന്‍ ഉറക്കെ കരഞ്ഞു. അച്‌'മ്മയെ കെട്ടിപ്പിടിച്ച്‌. 'എനിക്ക്‌ പോണ്ടച്‌'മ്മേ... എനിക്ക്‌ പോണ്ടാ....' അച്‌'മ്മ ഉറക്കെ നാമം ചെല്ലി. പാവം അമ്മു അവള്‍ക്കും സങ്കടം വന്നു...

വിലാസ്ന്യേ.... ഇനി ഇങ്ങനെ നൊണ പറയരുത്‌. വിലാസിനിയാണവന്‌ കാര്‍ന്നോമാര്‍ക്ക്‌ എണ്ണ നേരാന്‍ പറഞ്ഞത്‌. കാര്‍ന്നോമ്മാര്‍ക്ക്‌ എണ്ണ വേണ്ട. അവന്റെ വിസയും കൊണ്ട്‌ ജോസങ്കിള്‍ വന്നു. രണ്ടാഴ്ച്ച കഴിഞ്ഞാല്‍ അവനും ജോസങ്കിളിന്റെ കൂടെ പോകുന്നു.

'എന്റെ കണ്ണാ കാര്‍ന്നോമ്മാര്‌ മോന്‌ നല്ലതു വരുന്നതേ ചെയ്യൂ. പേര്‍ഷ്യേല്‌ നല്ല ഷ്ക്കോളില്‌ നല്ല പിള്ളേരുടെ കൂടേര്‍ന്ന്‌ പഠിച്ചൂടേ?' അവിടെ സ്ക്കൂളെല്ലാം വാര്‍ക്കയാണെന്നറിഞ്ഞപ്പോ തുടങ്ങിയതാ വിലാസ്നിക്ക്‌. ഇവിടെയെല്ലാം ഓടിട്ട പൊട്ട സ്ക്കൂളാത്രേ. ഈ വിലാസിനിക്ക്‌ ഒരു ബുദ്ധിയുമില്ല. അവടെ നല്ല സ്ക്കൂളാത്രേ! നല്ല പിള്ളേരാത്രേ! അവിടെ സ്ക്കൂളില്‍ കഞ്ഞി കിട്ടില്ല എന്നത്‌ മാത്രമായിരുന്നു വിലാസിനി കണ്ട ഒരേയൊരു കുറ്റം. അവര്‍ പഠിക്കുന്ന കാലത്തൊന്നും സ്ക്കൂളില്‍ കഞ്ഞി ഉണ്ടായിരുന്നില്ലത്രേ. ഉണ്ടായിരുന്നെങ്കില്‍ പത്താം ക്ലാസ്‌ വരെ പഠിച്ചേനെയെന്നാണ്‌ അവര്‍ പറയുന്നത്‌.

ജോസങ്കിളിനോടും അവന്‍ പറഞ്ഞുനോക്കി. അമ്മക്കവിടെ ഒരു സമാധാനവുമില്ലാത്രേ. എന്നും അവന്റെ കാര്യം പറഞ്ഞ്‌ കരച്ചിലാണെന്ന്‌. ജോസങ്കിള്‍ നുണ പറയുന്നതാണ്‌. അവനറിയാം. അച്‌'നോടും പറഞ്ഞു വിളിച്ചപ്പോള്‍. രണ്ട്‌ ദിവസം അവ്ടെ നിക്കുമ്പോ സങ്കടമൊക്കെ മാറുംന്നാ അച്‌'ന്‍ പറഞ്ഞത്‌. ഒരു കാര്യവുമുണ്ടായില്ല. അവന്റെ എല്ലാ ഉത്സാഹവും നശിച്ചു.

വിരിഞ്ഞ കുരുവിക്കുഞ്ഞുങ്ങളെല്ലാം പറന്നു പോയിരുന്നു. അവന്റെ വാഴക്ക്‌ വന്ന കൂമ്പുകളെല്ലാം വിളറി വെളുത്തുപോയിരുന്നു. അതു കൂമ്പടഞ്ഞത്രെ. ഇനി അതു കാര്യമില്ല. വെട്ടിക്കളയണമെന്നാണ്‌ മാണിക്യന്റെ വിദഗ്ദ്ധോപദേശം. പോകുന്നതിന്റെ തലേ ദിവസമാണ്‌ അവനും മുത്തച്‌'നും കൂടി പോയി സ്ക്കൂളില്‍ നിന്ന്‌ പേപ്പറുകള്‍ ശരിയാക്കി വാങ്ങിയത്‌. അന്ന്‌ സന്ധ്യക്ക്‌ അവന്‍ വെട്ടുകത്തിയെടുത്ത്‌ അവന്റെ വാഴയുടെ അടുത്തേക്ക്‌ നടന്നു. പിന്നെ വാഴ തലങ്ങും വിലങ്ങും വെട്ടി. അവസാനം അച്‌'മ്മ വന്ന്‌ അവനെ വട്ടം പിടിച്ച്‌ നിര്‍ത്തുന്നത്‌ വരെ....

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.സന്ധ്യയായാല്‍ പാമ്പുംകാവിലേക്ക്‌ നോക്കാന്‍ പോലും പേടിയായിരുന്ന അവന്‍ കൂസലില്ലാതെ മഞ്ചാടിക്കുരു ശേരിച്ച്‌ വക്കുന്ന പാത്രം അവിടെ നിന്നെടുത്തു. പടിക്കല്‍ക്കൂടിയല്ലാതെ വേലിമുറിച്ച്‌ കടന്ന്‌ അമ്മുവിന്റെ വീട്ടിലേക്ക്‌ നടന്നു. അവന്‍ കാണാതെ അവന്റെ പാത്രത്തില്‍ നിന്ന്‌ മഞ്ചാടിക്കുരു കട്ടെടുക്കുന്ന പെണ്ണാണവള്‍. ഒരു ദിവസം അവന്‍ കണ്ടുപിടിച്ച്‌ രണ്ടിടി കൊടുത്തതാണ്‌.

'വാ കണ്ണാ.. നാളെ വെളുപ്പിന്‌ അഞ്ചു മണിക്കേ ഇറങ്ങണം അല്ലേ' അമ്മുവിന്റെ അച്‌'മ്മ.

അവന്‍ അത്‌ ശ്രദ്ധിക്കാനേ പോയില്ല. അവന്റെ അച്‌'മ്മ അവനെ ഉറക്കെ പേരു ചൊല്ലി വിളിക്കുന്നത്‌ കേട്ടു. അവന്‍ ഉറക്കെ വിളിച്ചു.

"അമ്മൂ.."

അവള്‍ ഓടി പുറത്ത്‌ വന്നു. ഉണ്ണിയും.കണ്ണന്‍ അവളുടെ ചെടിത്തോട്ടത്തിലേക്ക്‌ മഞ്ചാടിക്കുരു മുഴുവന്‍ ചെരിഞ്ഞു. പാത്രം താഴെയിട്ട്‌ ഒരക്ഷരം അരോടും പറയാതെ തിരിച്ച്‌ വീട്ടിലേക്ക്‌ നടന്നു.

നാളെയാണവന്‌ പോകേണ്ടത്‌. അമ്മുവും, ഉണ്ണിയും അവരുടെ അച്‌'നുമമ്മയും, അച്‌'മ്മയും വന്നിട്ടുണ്ട്‌. അവരൊക്കെ കൂടി അവന്റെ ബാഗില്‍ എല്ലാം നിറച്ചു. നാളെ അവര്‍ എണീക്കുന്നതിന്‌ മുന്‍പേ അവന്‍ പോകും. ജോസങ്കിള്‍ രാവിലെ അഞ്ചുമണിക്ക്‌ കാറുമായെത്തും. അപ്പോഴേക്കും അവന്‌ റെഡിയായിരിക്കണം.

അവന്‍ അന്ന്‌ നേരത്തെ കിടന്നു.

*********************************

Friday, July 14, 2006

ഞാന്‍ ശബരിമലമുട്ടന്‍ -അവസാനഭാഗം

ഒരു വലിയ ആട്ടിന്‍ കൂടാണ്‌ ഇയാളുടേത്‌. അതില്‍ എപ്പോഴും നാലോ അഞ്ചോ മുട്ടന്മാര്‍ ഉണ്ടാകും. എല്ലാവരും ഊഴം കാത്ത്‌ കിടക്കുന്നവര്‍. ചില രാത്രികളില്‍ ഞാന്‍ അവിടം സന്ദര്‍ശിക്കും. കൂടിന്റെ വാതില്‍ അയാള്‍ ഒരിക്കലും അടക്കാറില്ല. കാരണം അതിന്റെ കൊളുത്ത്‌ കാലപ്പഴക്കം കൊണ്ട്‌ ദ്രവിച്ച്‌ പോയിരുന്നു. അതിനാല്‍ എനിക്ക്‌ ആ പാവങ്ങളെ കൂട്ടിനുള്ളില്‍ കയറി കാണാന്‍ സാധിച്ചിരുന്നു.ഓരോ ആടിനേയും പ്രത്യേകം കയറില്‍ ബന്ധിച്ചിരിക്കും. ആ പാവങ്ങളെ സമാധിനിപ്പിക്കാനാണ്‌ ഞാന്‍ ഇടക്കവിടെ ചെല്ലുക. ആരാച്ചാരുടെ വാള്‍ തലയില്‍ തൂങ്ങി കിടക്കുന്ന അവരെ എന്തു പറഞ്ഞ്‌ സമാധാനിപ്പിക്കാന്‍. എങ്കിലും ഞാന്‍ മോക്ഷപ്രാപ്തി, കര്‍മ്മഫലം, പുനര്‍ജന്മം തുടങ്ങിയ ആത്മീയന്മാരുടെ ലൊട്ട്‌ ലൊടുക്ക്‌ വാക്കുകള്‍ ഉപയോഗിച്ച്‌ "സംഭവിക്കുന്നതെല്ലാം നല്ലതിന്‌" എന്ന രീതിയില്‍ വരുന്ന ഒരു രീതിയില്‍ വരുന്ന ഒരു തത്വചിന്താപരമായ ഉപദേശം നല്‍കും. അവര്‍ക്ക്‌ ഇഷ്ടമായിരുന്നു. ഒരു ആചാര്യന്‍ ഇമേജില്‍ അവര്‍ എന്നെ കണ്ടു.

ശനിയാഴ്ചകളായിരുന്നു എനിക്കേറ്റവും സങ്കടകരം! നാളത്തെ ഹതഭാഗ്യനെ, ഭഗവാന്‍ അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ എന്ന് അവന്റെ മുഖത്ത്‌ നോക്കാതെ പറഞ്ഞ്‌ ഞാന്‍ പെട്ടന്ന് തിരിച്ച്‌ നടക്കും. എന്നിട്ട്‌ എന്തെങ്കിലും കടത്തിണ്ണയില്‍ പോയി കിടന്ന് കുറേ നേരം നിശ്ശബ്ദമായി കരയും. അല്ലാതെ ഈ ദുര്‍ബലനായ നാല്‍ക്കാലിക്ക്‌ എന്തു ചെയ്യാന്‍ സാധിക്കും. പുലര്‍ച്ചെ നാലുമണിക്ക്‌ ആ പാവത്തിന്റെ അവസാനത്തെ വിലാപം മുഴങ്ങികേള്‍ക്കും -ഗ്രാമത്തില്‍ എവിടെ പോയാലും.

ഇന്ന്‌ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്‌. (അത്‌ ഞാനറിഞ്ഞത്‌ അല്‍പം കഴിഞ്ഞിട്ടായിരുന്നു). നാളെ സംക്രാന്തിയാണ്‌. മീശക്കൊമ്പന്‌ വലിയ കച്ചവടം ഉണ്ടാകും. ആട്ടിറച്ചി വയ്ക്കാത്ത വീടുകള്‍ ഉണ്ടാകില്ല. പതിവ്‌ പോലെ നാളെ കത്തിക്കിരയാകേണ്ടുന്ന എന്റെ സുഹൃത്തുക്കളെ കാണാന്‍ ഞാന്‍ കൂട്ടിലെത്തി. മൂന്നുപേര്‍ ഗ്രാമത്തിന്റെ ഭക്ഷണമാകാന്‍ പോകുന്നു. അതില്‍ ഒരുവന്‍, ഒരു സുന്ദരന്‍, ആകെ തകര്‍ന്ന മട്ടിലാണ്‌. അവന്‌ ഇപ്പോള്‍ മരിക്കാന്‍ മനസ്സില്ല. അത്‌ ആര്‍ക്കുമില്ല എന്നെനിക്കറിയാം. പക്ഷേ അവന്റെ സി പ്രസവിക്കാന്‍ കിടക്കുന്നു. ദൂരെ അവന്റെ യജമാനന്റെ വീട്ടില്‍. ആ മക്കളുടെ മും ഒരു വട്ടമെങ്കിലും അവന്‌ കണ്ടേ തീരൂ. അവന്‍ എന്റെ കാലില്‍ വീണു. "നിന്റെ ഭഗവാനെ ഒന്ന്‌ വിളിക്കൂ, എന്നെ രക്ഷിക്കൂ, എന്റെ മക്കളെ ഒന്ന്‌ കാണാന്‍ അനുവദിക്കൂ..." ഞാന്‍ വിളിച്ചാല്‍ അയ്യപ്പന്‍ വരുമോ? എവിടെ വരാന്‍? എത്രയോ ലക്ഷം പേര്‍ ഇതേ സമയം വിളിക്കുന്നുണ്ടാകു? പിന്നെയാണോ ഈ വെറും നാല്‍ക്കാലിയുടെ വിളി ഭഗവാന്‍ കേള്‍ക്കുന്നത്‌? എന്റെ നിസ്സംഗഭാവം അവനെ പ്രകോപിപ്പിച്ചു.
"രണ്ട്‌ നേരം കുളിച്ച്‌ കുറീം തൊട്ട്‌ സദാ അയ്യപ്പനാമവും ഉരുവിട്ട്‌ നടക്കുന്ന നീ വിളിച്ചാല്‍ നിന്റെ ദൈവം വരില്ലേ.? എങ്കില്‍ എടുത്ത്‌ കളയടാ നിന്റെ ചപ്പടാച്ചി ശബരിമല മുട്ടന്‍ പട്ടം. ദുഷ്ടാ, സ്വാര്‍ത്ഥാ, വര്‍ഗ്ഗവഞ്ചകാ... ഇരുകാലികള്‍ക്ക്‌ പാദസേവ ചെയ്യുന്ന നട്ടെല്ലില്ലാത്തവനേ....ണീ ഞങ്ങള്‍ക്കൊക്കെ അപമാനമാണെടാ. എറങ്ങിപ്പോടാ...ഒരു അച്‌'ന്റെ ദു:മുണ്ടോ നിനക്കറിയുന്നൂ?

"നെഞ്ചിലെവിടെയോ ഒരു കൊളുത്തിപിടുത്തം. പിന്നെ ഞാന്‍ ചെയ്‌തതെല്ലാം ഒരു ഉന്മാദാവസ്ഥയിലായിരുന്നു. ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍ ഞാന്‍ ഇതൊന്നും ചെയ്യുമായിരുന്നില്ല.നേരെ ശബരിമലയുടെ ദിശയിലേക്ക്‌ തിരിഞ്ഞുനിന്നു.

"അല്ലയോ ഭഗവാനേ, എന്റെ യജമാനാ, ഇത്ര കാലം ഞാന്‍ നിന്നെ മാത്രം പൂജിച്ചു, അരാധിച്ചു. തിന്നാന്‍ മറന്നാലും ഞാന്‍ നിന്നെ തൊഴാന്‍ മറന്നിട്ടില്ല. സ്വാമി ശരണം എന്ന്‌ ഞാന്‍ കോടാനുകോടി തവണ ഉരുവിട്ടു. ഇതുവരെ കണ്ടിട്ടില്ലാത്ത സന്നിധാനം സ്വപ്നം കണ്ട്‌ ഞാന്‍ ഉറങ്ങി, നിന്റെ മനോഹരരൂപം സ്വപ്നം കണ്ട്‌ ഉണര്‍ന്നു. ആശ്രിതവത്സലാ, ഹരിഹരപുത്രാ, ആ ഞാന്‍ ഇതാ ഹൃദയം പൊട്ടി വിളിക്കുന്നു. വരൂ, എന്റെ വര്‍ഗ്ഗത്തെ രക്ഷിക്കൂ. കോടാനുകോടി വര്‍ഷങ്ങളായി ഇരുകാലികള്‍കും, നാല്‍ക്കാലികള്‍ക്കും ഭക്ഷണമാകാന്‍ വിധിക്കപ്പെട്ട എന്റെ വര്‍ഗ്ഗത്തെ രക്ഷിക്കൂ"

നിശ്ശബ്ദത! പ്രകൃതിക്കുപോലും ജിജ്ഞാസ!

എന്റെ സുഹൃത്തുക്കളുടെ ചുണ്ടില്‍ നിസ്സഹായതയോടൊപ്പം ഒരു പുച്‌'ം!

എന്റെ എല്ലാ നിയന്ത്രണവും വിട്ടു.

"ഹേ, ഭഗവാന്‍, ഇത്ര കാലം നീയേ ശരണം എന്ന്‌ ഞാന്‍ പാടി. ആ എന്റെ വിളി നീ കേള്‍ക്കുന്നില്ല. അല്ല, കേള്‍ക്കാത്ത മട്ടിലിരിക്കുന്നു. ഇത്‌ സഹിക്കാന്‍ കഴിയില്ല. ഞാനിതാ പ്ര്യാപിക്കുന്നു:"

എന്റെ പ്ര്യാപനം കേള്‍ക്കാന്‍ പ്രകൃതി കാതു കൂര്‍പ്പിച്ചു.

"ഹേ പമ്പാവാസാ, നിനക്ക്‌ വേണ്ടി ജീവിതത്തിലെ നല്ലകാലം ബ്രഹ്മചാരിയായി നശിപ്പിച്ച ഞാനിതാ പറയട്ടേ, ഹേ പതിനെട്ടാംപടിക്കുടയ നാഥാ, യുക്തി വാദികള്‍ പറയുന്നത്‌ ശരിയാണ്‌: നീ വെറും കല്ലാകുന്നു, കണ്ണും മൂക്കും വരച്ച്‌ വച്ച ഹൃദയമില്ലാത്ത വെറും കല്ല്‌, ഇതാ എനിക്ക്‌ കല്‍പിച്ച്‌ നല്‍കിയ പദവി, ശബരിമല മുട്ടന്‍, ഞാന്‍ വലിച്ചെറിയുന്നു. ഇന്ന്‌ മുതല്‍ ഞാനും ഒരു യുക്തിവാദി.'

ശബരിമലയുടെ ദിശയിലേക്ക്‌ നോക്കി, മൂന്ന്‌ വിരല്‍ നെറ്റിയോട്‌ ചേര്‍ത്ത്‌ അവസാനവാക്കും ഞാന്‍ പറഞ്ഞു 'ലാല്‍സലാം'.

ഒരൊറ്റ നിമിഷം. ഒരു ഇടിവാള്‍ ഈര്‍ച്ച വാളിന്റെ പുളയല്‍ പോലെ ആകാശത്ത്‌ നിന്ന്‌ താഴേക്കിറങ്ങി. ഞങ്ങള്‍ നിന്നിരുന്ന കൂടിന്റെ ഒരു വശത്തായി അതുവന്ന്‌ പതിച്ചു. ഒരു ഗര്‍ജ്ജനം! അതേ സാക്ഷാല്‍ പുലിയുടെ! ആകെ പൊടിപടലം. ഒരു കാറ്റ്‌ ആ പൊടിപടലത്തെ ഒതുക്കി മാറ്റി. അതാ പുലിപ്പുറത്ത്‌ പുഞ്ചിരിയോടെ സാക്ഷാല്‍......

"ഭക്തവത്സലാ, കാരുണ്യവാരിധേ, പമ്പാവാസാ...." അറിയാവുന്ന അയ്യപ്പന്റെ പര്യായപദങ്ങള്‍ ഒക്കെ ഞാന്‍ വിളിച്ചു. "പ്രണാമം, പ്രണാമം, പ്രണാമം..." പകച്ച്‌ നില്‍ക്കുന്ന എന്റെ കൂട്ടുകാര്‍ സ്വയം നുള്ളി നോക്കി, സ്വപ്നമല്ല ഇതെല്ലാം എന്ന്‌ വെറുതേ ഒന്നുറപ്പു വരുത്തി.

"ഹേ, അജപൌരാ, യുക്തിവാദത്തിലേക്ക്‌ തിരിഞ്ഞ്‌ എനിക്ക്‌ ലാല്‍സലാം അടിച്ച നീ ഇപ്പോള്‍ പ്രണമിക്കുന്നതെന്ത്‌?"

"ക്ഷമിക്കണം, ക്ഷമിക്കണം... ബുദ്ധിമോശത്താല്‍ ഞാന്‍ സ്ഥലകാലബോധം മറന്ന്‌ എന്തോക്കെയോ പറഞ്ഞു പോയി. ജീവിതം മുഴുവന്‍ അങ്ങയുടെ നാമവും ചൊല്ലി, ഒരു നിത്യബ്രഹ്മചാരിയായി, അങ്ങയെ മാത്രം...."

"'ാ‍യ്‌, നിര്‍ത്തൂ, ഇനി ഇവിടെ എന്റെ മുത്ത്‌ നോക്കൂ.."ഞാന്‍ അഴികള്‍ക്കിടയില്‍ക്കൂടി അദ്ദേഹത്തിന്റെ മുത്ത്‌ നോക്കി.

"ഇനി പറയൂ, നീ ബ്രഹ്മചാരി ആണോ?, ഇവിടെ എന്റെ മുത്തേക്ക്‌ നോക്കി പറ"

െ‍'! മോശം, മോശം. കൂട്ടില്‍ മൊത്തം ഏഴു പേരുണ്ട്‌. എല്ലാവരും കേട്ടു.

"പറയൂ ഭക്താ..ണീ ബ്രഹ്മചാരി ആണോ?"

"സാഹചര്യത്തിന്റെ സമര്‍ദ്ദം...."

"നാണമില്ലേ, ഭക്താ, ശബരിമല മുട്ടന്‍ എന്ന പേരില്‍ നടന്ന്‌ എന്റെ പേര്‌ ചീത്തയാക്കാന്‍.."

"സ്വാമിന്‍, ഞാനൊന്ന്‌ ചോദിച്ചോട്ടേ? ഞാന്‍ ജനിച്ച ഉടനെ എന്റെ യജമാനന്‍ തമിഴന്‍ ഇവന്‍ ശബരിമലമുട്ടന്‍ എന്ന്‌ പ്ര്യാപിച്ചു. അയാള്‍ ഏതോ കാര്യസാധ്യത്തിന്‌ എന്റെ ജീവിതം ബലി നല്‍കി. ഞാന്‍ ആജീവനാന്തം ബ്രഹ്മചാരി ആയി കഴിയണം. എന്റെ അഭിപ്രായം ആരെങ്കിലും ചോദിച്ചോ? ഇതില്‍ എന്തെങ്കിലും ന്യായമുണ്ടോ? നീതിയുണ്ടോ? അയാളണോ എന്റെ തലയിലെഴുത്ത്‌ നിര്‍ണ്ണയിക്കുന്നത്‌? അതൊക്കെ പോട്ടെ, അങ്ങ്‌ പറഞ്ഞിട്ടുണ്ടോ കാര്യസാധ്യത്തിന്‌ അങ്ങേക്ക്‌ മുട്ടന്മാരെ നല്‍കിയാല്‍ മതിയെന്ന്‌? എന്റെ അറിവില്‍പ്പെട്ടിടത്തോളം ഇല്ല. പിന്നെ ആരാണീ വ്യവസ്ഥിതി കൊണ്ടു വന്ന്‌ ഞങ്ങളുടെ ജീവിതം നരകയാതനാപൂര്‍ണ്ണമാക്കിയത്‌? സ്വാര്‍ത്ഥമതികളായ ഒരു കൂട്ടം മനുഷ്യര്‍. അങ്ങിതെല്ലാം കണ്ടുകൊണ്ടല്ലേ ഇരിക്കുന്നത്‌?'

"അല്ലയോ അജകുമാരാ,, നീ പറഞ്ഞത്‌ ഞാന്‍ ഒട്ടും തന്നെ ണ്ഡിക്കുന്നില്ല. നീ ശബരിമല മുട്ടനാണ്‌ എന്ന കാര്യം ഞാന്‍ ശ്രദ്ധിക്കുന്നേ ഇല്ല. കാരണം അങ്ങിനെ ഒരു വിഭാഗം എന്റെ ആവശ്യപ്രകാരം ഉണ്ടായതല്ല. നിന്നെ ഞാന്‍ നോട്ടപ്പുള്ളി ആക്കാനുള്ള കാരണം ഇതാണ്‌ ..ണീ സര്‍വ്വസമയവും എന്നെ പ്രാര്‍ത്ഥിക്കുന്നത്‌ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു, പണ്ടേ. ആ നീ പെരും നുണ പറയുന്നു, ബ്രഹ്മചാരി ആണെന്ന്‌. അതും ദിവസം പല പ്രാവശ്യം ആവര്‍ത്തിക്കുന്നു. പിന്നെ ഒന്നു മനസ്സിലാക്കുക. നിന്റെ പഴയ യജമാനന്‍ എന്നെ പ്രാര്‍ത്ഥിച്ച്‌ എന്തെങ്കിലും കാര്യം നേടിയിട്ടുണ്ടാകാം, ഓര്‍ക്കുക, അത്‌ എനിക്കൊരു മുട്ടനെ കിട്ടും എന്ന്‌ കരുതി ഞാന്‍ ചെയ്ത്‌ കൊടുത്തതാകില്ല. അയാള്‍ ഒരു പക്ഷേ യഥാര്‍ത്ഥ ഭക്താനായിരുന്നിരിക്കും. പത്ത്‌ പൈസ കിട്ടും എന്നതിനാല്‍ ഞാന്‍ ഒരു അനുഗ്രഹവും നല്‍കിയിട്ടില്ല. അതു പോലെ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശിത്തന്നവനായാലും, ഭണ്ഡാരം നോട്ടുകെട്ടുകള്‍ കൊണ്ട്‌ നിറച്ചവനായാലും അവന്റെ ഭക്തി കപടമാണെങ്കില്‍ ഞാന്‍ ഒരനുഗ്രഹവും നല്‍കാറുമില്ല. വിശ്വസിക്കുക... .. ഈ ശബരിമല മുട്ടന്‍ ഏര്‍പ്പാട്‌ എന്റെ സൃഷ്ടി അല്ല. പക്ഷേ ഞാന്‍ നിസ്സഹായനായിരിക്കുന്നു. ഞാന്‍ വിചാരിച്ചാലും നിര്‍ത്താന്‍ കഴിയാത്ത പലതും ഉയര്‍ന്ന്‌ വരുന്നു. മനുഷ്യര്‍ എന്നേക്കാള്‍ ഉയരത്തിലിരുന്ന്‌ തീരുമാനാങ്ങളെടുക്കുന്നു. മേല്‍ശാന്തിയും അമ്പലവാസികളും എന്നേക്കാള്‍ ബഹുമാനിക്കുന്നതും ഭയക്കുന്നതും ദേവസ്വം മേലാളനെയാണോ എന്ന്‌ പോലും ഞാന്‍ സംശയിക്കുന്നു."

"സ്വാമിന്‍, എല്ലാം ഭസ്മീകരിക്കൂ......."

"ഇല്ല ഭക്താ, അതെല്ലാം എന്റെ സൃഷ്ടിയില്‍ പങ്കെടുത്തവരുടേയും, ബ്രഹ്മാവിന്റെയും നിയന്ത്രണത്തിലാണ്‌. ഞാനാകട്ടെ പണ്ട്‌ പറഞ്ഞു പോയ ചില വാക്കുകളില്‍ സ്വയം ബന്ധിതനും. ഇതൊന്നും നിന്നോട്‌ പറയേണ്ട കാര്യങ്ങളല്ല. ഞാന്‍ പറഞ്ഞു വന്നത്‌ എന്റെ ഭക്തനായ നീ ഒരു ബ്രഹ്മചാരി ആയിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ നീ നുണ പറഞ്ഞു, പലവട്ടം അതാവര്‍ത്തിച്ചു. നിനക്കും അമ്മിണി വാരസ്യാരുടെ ആടിനും മാത്രമേ അതറിയൂ എന്ന്‌ നീ കരുതിയോ?"

"സ്വാമീ, അതില്‍ ഞാന്‍ കൂട്ടുപ്രതി മാത്രം, ഇളം നിലാവ്‌, വാരസ്യാരുടെ മുറ്റത്തെ മുല്ലപ്പൂവിന്റെ മാദകഗന്ധം, ആ അഭിസാരികയുടെ, അഭിനവ മേനകയുടെ കണ്ണുകൊണ്ടുള്ള ചലനം......എല്ലാം അതില്‍ കുറ്റക്കാരാണ്‌."

"അതില്‍ കുഴപ്പം ഒന്നും ഞാന്‍ പറഞ്ഞില്ല. ഇണചേരുക എന്നത്‌ പ്രകൃതി നിയമം. വാരസ്യാരുടെ ആട്‌, നിന്നെ വെറും ഒരു സന്താനോല്‍പാദകയന്ത്രമായേ കരുതിയിരുന്നുള്ളൂ. പണ്ട്‌ നിന്നെ സ്നേഹിച്ചിരുന്ന കറമ്പിയെ നിനക്കോര്‍മ്മയുണ്ടോ?"

"തീര്‍ച്ചയായും സ്വാമിന്‍""നിനക്ക്‌ വേണ്ടി മരിക്കാന്‍ പോലും തയ്യാറായിരുന്ന അവളുടെ കളങ്കമില്ലാത്ത സ്നേഹം നീ ബ്രഹ്മചര്യത്തിന്റെ പേര്‍ പറഞ്ഞ്‌ ഉപേക്ഷിച്ചു. ഇവിടെ ഇവിടെ ആത്മാര്‍ത്ഥതയില്ലാത്ത ഏതോ ഒരുവള്‍ക്ക്‌ മുന്നില്‍ നീ കൊട്ടിഘോഷിച്ച ആ ബ്രഹ്മചര്യം കളഞ്ഞു കുളിച്ചു."

"സ്വാമിന്‍ എന്നോട്‌ ക്ഷമിക്കണം."

"എന്തിന്‌? നീ തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷേ ഇക്കാര്യം കൂടി നീ അറിയണം. കറമ്പി ഇപ്പോഴും കാത്തിരിക്കുന്നു. അന്നത്തെ നിന്റെ പലായനത്തിന്‌ ശേഷം അവളെ സമീപിച്ച മുട്ടന്റെ പള്ള കുത്തിക്കീറി അവള്‍ നാടു വിട്ടതാണ്‌. ശബരിമലയിലേക്കാണവളുടെ വരവ്‌. നിന്നെ കാണാന്‍ വേണ്ടി മാത്രം. ഒന്നു കൂടി അറിയുക അവള്‍ ഇപ്പോഴും കന്യകയാണ്‌"

"സ്വാമീ......" എന്റെ ഈ വിളിക്ക്‌ നാലാടിന്റെ പവറായിരുന്നു.

"വിഡ്ഢിയായ ഞാന്‍ ആ പരിശുദ്ധസ്നേഹം അവഗണിച്ചു. ഞാന്‍ അവളെ അപമാനിച്ചു തിരിച്ചയച്ചു. ഞാന്‍ വിവരഹീനന്‍! അവളെവിടെയുണ്ട്‌ പ്രഭോ? എനിക്കവളെ കാണണം. എനിക്കവളോട്‌ മാപ്പ്‌ പറയണം."

"ഇവിടെ അടുത്ത ഗ്രാമത്തില്‍ തന്നെ, പക്ഷേ പ്രിയ ഭക്താ, നിനക്കിനി അവളെ കാണാന്‍ കഴിയില്ല."

"എന്തുകൊണ്ട്‌ പ്രഭോ? എനിക്കവളെ കണ്ട്‌ മാപ്പ്‌ പറഞ്ഞേ മതിയാകൂ. ഞാന്‍ മൂലം നിത്യകന്യകയായി കഴിയുന്ന അവള്‍ക്ക്‌ ഞാനൊരു പുതിയ ജീവിതം നല്‍കും. ഞാന്‍ ഉണ്ടില്ലെങ്കിലും അവളെ ഊട്ടും. പ്രഭോ, ഭക്തവത്സലാ, എന്തു കൊണ്ട്‌ എനിക്കവളെ കാണാന്‍ കഴിയില്ല?.."

"കാരണം നിസ്സാരം. നീ മരിക്കാന്‍ ഇനി വെറും നാഴികകളേ ബാക്കിയുള്ളൂ."

"എന്റെ സ്വാമീ....."

ഇതിനു തുല്ല്യമായ ശബ്ദത്തില്‍ എന്റെ ഓര്‍മ്മയില്‍ ഞാന്‍ നിലവിളിച്ചിട്ടില്ല. എന്റെ സുഹൃത്തുക്കളും ഞെട്ടി വിറച്ചു.

"അലറേണ്ട വത്സാ...... നിന്റെ ഹതഭാഗ്യരായ ഈ സുഹൃത്തുക്കളോടൊപ്പം നാളെ നീയും ഈ ഗ്രാമത്തിലെ പല ഭക്ഷണമേശകളും അലങ്കരിക്കാന്‍ പോകുന്നു. ആരുമറിയാതെ... നിന്നെ കാണാതായാല്‍ ആരന്വേഷിക്കുന്നു? ഈ ഞാനല്ലാതെ? നീ ശബരിമലയിലേക്കുള്ള പ്രയാണം തുടര്‍ന്നു എന്നേ പാവം ഗ്രാമീണര്‍ കരുതൂ."

"പ്രഭോ......"

ഞാന്‍ വാതില്‍ക്കലേക്ക്‌ കുതിച്ചു. രക്ഷപ്പെടണം. ഹെന്ത്‌?!വാതില്‍ അടഞ്ഞു കിടക്കുന്നു. ഇതുവരെ പതിവില്ലാത്ത കാര്യം! ഞാന്‍ വരുമ്പോള്‍ അത്‌ തുറന്നായിരുന്നു കിടന്നത്‌. അല്ലെങ്കില്‍ ഞാന്‍ എങ്ങിനെ ഇതിനുള്ളില്‍ കയറും? ഭാസ്കരന്‍ വന്ന്‌ അടച്ചതാണോ? അല്ലാതെ ആരിതു ചെയ്യാന്‍?

"അയാള്‍ എപ്പോഴേ വന്ന്‌ നിന്നെ ഇതില്‍ കുടുക്കി എന്നറിയാമോ? കുറേ നാളായി അയാള്‍ നിന്നെ നോട്ടമിട്ടിട്ട്‌."

"എന്റെ സ്വാമീ..."

"എനിക്കയാള്‍ നിന്നെ വിറ്റുകിട്ടുന്ന തുകയില്‍ നിന്ന്‌ ഒരു ചെറിയ ഭാഗം നീക്കിവക്കുമായിരിക്കും. എന്റെ ധര്‍മ്മസങ്കടം ഞാന്‍ ആരോട്‌ പറയും?"

"പ്രഭോ,എന്നെ രക്ഷിക്കണേ, എനിക്ക്‌ ജീവിക്കണം...... വിശുദ്ധപട്ടം കളഞ്ഞ്‌ ഒരു സാധാരണക്കാരനായി...എന്റെ കറമ്പിയുടെ കൂടെ......എന്നെ ഉപേക്ഷിക്കല്ലേ........പ്രഭോ......"

"മകനേ, അതൊന്നും എന്റെ പരിധിയില്‍ പെടുന്ന കാര്യങ്ങളല്ല. എന്റെ സൃഷ്ടാക്കള്‍ വിചാരിക്കണം ഇനി എന്തെങ്കിലും നടക്കാന്‍. അവരാകട്ടെ എന്നെപോലെ ക്ഷിപ്രസാദികളല്ല. നിനക്ക്‌ മോക്ഷത്തിന്‌ സമയമായി എന്ന്‌ മാത്രം കരുതുക. ഞാന്‍ പോകുന്നു. നിന്റെ ആത്മാവിന്‌ മോക്ഷം ലഭിക്കട്ടെ. എന്റെ സര്‍വ്വമംഗളങ്ങളും!"

മൂകത! ഭയാനകമായ മൂകത. ആര്‍ക്കും ഒന്നും പറയാനില്ല. സര്‍വ്വശക്തിയുമെടുത്ത്‌ ഞാന്‍ വാതില്‍ ചവുട്ടി നോക്കി. തല കൊണ്ട്‌ ഇടിച്ച്‌ നോക്കി. രക്ഷയില്ല.

ഞാന്‍ മനസ്സിലാക്കുന്നു. മരണം ഭയാനകമാണ്‌.

പാവം എന്റെ സുഹൃത്തുക്കള്‍, അവര്‍ക്കെന്നെ സമാധാനിപ്പിക്കണമെന്നുണ്ട്‌.

ഹോ! ഈ നിശ്ശബ്ദത ഒന്നവസാനിച്ചിരുന്നെങ്കില്‍....

മീശക്കൊമ്പന്‍ ഏഴുന്നേറ്റിട്ടുണ്ട്‌. വീട്ടില്‍ വിളക്കു തെളിഞ്ഞു. അകലെ എവിടെയോ ഒരു പൂവന്‍ കൂവി. തുടര്‍ന്ന്‌ അങ്ങിങ്ങായി ഒരു പത്ത്‌ പതിഞ്ച്‌ കോഴികള്‍ അതേറ്റു പാടി.

എന്റെ അവസാനത്തിന്റെ ആരംഭം കുറിച്ച്‌ കൊണ്ട്‌ അവറ്റകള്‍ നിര്‍ത്താതെ കൂവി.

-ശുഭം-

"തന്റെ കാലന്‍ കോഴി നിര്‍ത്താതെ അലയ്ക്കുന്നെടോ"പട്ടര്‌ കുലുക്കി വിളിച്ചപ്പോളാണ്‌ ഞാന്‍ ഈ ലോകത്തേക്ക്‌ തിരിച്ചെത്തിയത്‌. എന്റെ, കോഴിയെ പോലെ കൂവുന്ന ടൈംപീസിന്‌ പട്ടര്‌ നല്‍കിയ പേരാണ്‌ കാലന്‍ കോഴി.
സമയം ആറു മണി ആയി. ചാടി എഴുന്നേറ്റു.

ഒരു ശരാശരി ഗള്‍ഫ്കാരന്റെ പ്രോഗ്രാംചെയ്ത്‌ വച്ച ജീവിതത്തിലേക്ക്‌ ഞാന്‍ വീണ്ടും......

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.