Monday, June 25, 2007

ചെഗുവേരയുടെ 1964 നിഗൂഢമായ തിരോധാനവും ഫിഡല്‍ കാസ്ട്രോക്കയച്ച അവസാനകത്തും:


1964 ഡിസംബര്‍ 14 ന്‌ ഹവാനയില്‍ നിന്ന് യൂയോര്‍ക്കിലേക്‌ തിരിച്ച ചെ അനേകം രാജ്യങ്ങള്‍ സഞ്ചരിച്ചതിനു ശേഷം മാര്‍ച്ച്‌ 15ന്‌ ക്യൂബയില്‍ തിരിച്ചെത്തി.അതിനുശേഷം ചെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല. ക്യൂബക്കാരും വിടേശപത്രപ്രവര്‍ത്തകരും
നിരീക്ഷകരും അത്‌ ശ്രദ്ധിച്ചിരുന്നു. കാലം കുറച്ചു കഴിഞ്ഞതോടെ ചെയുടെ ഈ 'അസാനിദ്ധ്യം'അഥവാ 'തിരോധാനം' കൂടുതല്‍ കൂടുതല്‍ ശ്രദ്ധയെ ആകര്‍ഷിക്കുകയും നിരവധി കിംവദന്തികള്‍ ക്കും അഭിപ്രായപ്രകടനങ്ങള്‍ ക്കും ജന്മം നല്‍കുകയും ചെയ്തു. യു.എസ്‌.എ പത്രങ്ങള്‍ വിചാരിക്കാനാകാത്ത ഊഹാപോഹങ്ങള്‍ പടച്ചുവിട്ടു. ചെ 'അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു' ചെ 'ക്യൂബയില്‍ നിന്ന് ഒളിച്ചോടിയിരിക്കുന്നു', ചെ 'കൊല്ലപ്പെട്ടിരിക്കുന്നു', ചെ 'ആസന്നമരണനായി കിടപ്പിലാണ്‌' എന്നൊക്കെ എന്തെല്ലാമാണ്‌ അവര്‍ എഴുതി കൂട്ടിയതിനെന്ന് ഒരു കണക്കുമില്ല. എന്നാല്‍ ചെ യെ ക്യൂബയിലൊരിടത്തും കാണ്മാനില്ലെന്നതും ഒരു സത്യമായിരുന്നു.

മെയ്‌ ആദ്യം ബ്യൂനേഴ്സ്‌ എയേഴ്സിലെ ആശുപത്രിയില്‍ നിന്ന് അമ്മ സീലിയ ഹവാനയിലേക്ക്‌ ഫോണ്‍ ചെയ്ത്‌ മകനുമായി സംസാരിക്കണമെന്നാവശ്യപ്പെട്ടു. ചെയ്ക്ക്‌ സുഖമാണെന്നും,പക്ഷേ ആള്‍ സമീപപ്രദേശങ്ങളിലെങ്ങുമില്ലെന്നും സൌകര്യം കിട്ടുമ്പോള്‍ അദ്ദേഹം തന്നെ അമ്മയുമായി ബന്ധപ്പെട്ടുകൊള്ളുമെന്നുമായിരുന്നു അവര്‍ക്ക്‌ കിട്ടിയ മറുപടി. മെയ്‌ 10ന്‌ മകനുമായി സംസാരിക്കാന്‍ കഴിയാതെ തന്നെ സീലിയ ആശുപത്രിയില്‍ കിടന്നു അന്ത്യശ്വാസം വലിച്ചു. അദ്ദേഹം ക്യൂബന്‍ ദ്വീപിലെങ്ങുമില്ലെന്നായിരുന്നു ഇതിനര്‍ത്ഥം.

പിന്നെ അദ്ദേഹം എവിടെപ്പോയി?

ബൂര്‍ഷ്വാപത്രങ്ങളില്‍ ഇതെപ്പറ്റി എന്തെല്ലാം വിചിത്ര കഥകളാണെഴുതിവിട്ടതെന്ന് വിവരിക്കാന്‍ പ്രയാസമാണ്‌. അദ്ദേഹം വിയറ്റ്നാമിലും, ഗോട്ടിമാലയിലും വെനിസ്യൂലയിലും കൊളംബിയയിലും പെറുവിലും ബൊളീവിയയിലും ബ്രസീലിലും ഇക്വഡോറിലുമെല്ലാം ഉള്ളതായി അവര്‍ എഴുതി വിട്ടു.
1965 എപ്രില്‍ 24ന്‌ ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ ദേശാഭിമാനികളായ സൈനികര്‍ ഒരു കലാപമാരഭിച്ചപ്പോള്‍ ചെ അവിടെയുണ്ടെന്നായി പത്രക്കാര്‍. ഭരണഘടനാവാദികളുടെ പോരാട്ടത്തില്‍ സജീവമായി പങ്കെടുക്കവേ അദ്ദേഹം അവിടെ വച്ച്‌ കൊല്ലപ്പെട്ടെന്നു പോലും അവര്‍ എഴുതി.

ഒരു കോടി ഡോളറിന്‌ 'ക്യൂബന്‍ രഹസ്യങ്ങള്‍' ആര്‍ക്കോ വിറ്റ്‌ ചെ കടന്നുകളഞ്ഞെന്ന് ജൂലൈ 9ലെ ന്യൂസ്‌ വീക്ക്‌ വാരികയും അതല്ല അദ്ദേഹം 'വിശ്രമവും എഴുത്തും പ്രവര്‍ത്തനവുമായി'ഓറിയന്റ്‌ പ്രവിശ്യയിലെവിടെയോ കഴിയുകയാണെന്ന് 'മാര്‍ച്ച്‌' എന്ന ഉറുഗ്വന്‍ വാരികയും അതുമല്ല അദ്ദേഹം ചൈനയില്‍ പോയിരിക്കുകയാണെന്ന് ലണ്ടന്‍ ഈവനിംഗ്‌ പോസ്റ്റും അഭിപ്രായപ്പെട്ടു.

1965 ഒക്ടോബര്‍ 3ന്‌ ക്യൂബന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്രക്കമ്മറ്റിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഫിഡല്‍ കാസ്ട്രോ വന്നത്‌ ചെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കത്തുമായാണ്‌.. കൃത്യം ആറുമാസവും രണ്ടു ദിവസവും മുമ്പാണ്‌ ഈ കത്ത്‌ എഴുതിയത്‌ എന്ന് കാസ്ട്രോ വെളിപ്പെടുത്തി.
ഫിഡലും ചെയും

-----------------------------------------------------------

ഹവാന (കൃഷിവര്‍ഷം)

ഫിഡല്‍,

മാരിയാ അന്തോണിയയുടെ വീട്ടില്‍ വച്ചു നാം തമ്മില്‍ ആദ്യമായി കണ്ട ആ സന്ദര്‍ഭവും യാത്രയ്ക്കുള്ള താങ്കളുടെ നിര്‍ദ്ദേശവും തെരക്കിട്ട തയാറെടുപ്പുകളും എല്ലാം ഞാനിപ്പോള്‍ ഓര്‍ത്തുപോവുകയാണ്‌.

മരിച്ചാല്‍ ആരെ വിവരമറിയിക്കണമെന്ന് ഒരിക്കല്‍ നമ്മളോടെല്ലാം അന്വേഷിച്ചപ്പോള്‍ അങ്ങനെയുമൊരു സാധ്യത ഉണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മെയെല്ലാം വിസ്മയപ്പെടുത്തുകയുണ്ടായല്ലോ? അതുശരിയാണെന്ന് പിന്നീട്‌ നമ്മള്‍ക്ക്‌ മനസിലായി. ഒരു വിപ്ലവത്തില്‍ (അതും യഥാര്‍ത്ഥവിപ്ലവത്തില്‍) വിജയമല്ലെങ്കില്‍ മരണം തീര്‍ച്ചയാണ്‌.
ലക്ഷ്യത്തിലേക്കുള്ള ജൈത്രയാത്രയ്ക്കിടയില്‍ അന്തിമമായി നമ്മെ വിട്ടുപിരിഞ്ഞവരുടെ സംഖ്യ അനവധിയാണല്ലോ?

ഇന്ന കാര്യങ്ങള്‍ക്ക്‌ അത്രതന്നെ നാടകീയതയില്ല. കാരണം, നമ്മളെല്ലാം കുറേക്കൂടി പക്വത വന്നവരാണ്‌. എങ്കിലും സ്ഥിതി അതു തന്നെയാണ്‌. ക്യൂബന്‍ വിപ്ലവുമായി എന്നെ ബന്ധിച്ചിരുന്ന ആ കടമ ഞാന്‍ ഭാഗികമായി നിറവേറ്റിക്കഴിഞ്ഞെന്നാണ്‌ എന്റെ വിശ്വാസം.
അതിനാല്‍ താങ്കളോടും എന്റെ സഖാക്കളോടും എന്റേതുകൂടിയായിട്ടുള്ള താങ്കളുടെ ജനതയോടും ഞാന്‍ വിടചോദിക്കുകയാണ്‌.

പാര്‍ട്ടി നേതൃത്വത്തിലുള്ള എന്റെ സ്ഥാനവും എന്റെ മന്ത്രിസ്ഥാനവും മേജര്‍ പദവിയും ഞാന്‍ ഔദ്യോഗികമായി രാജിവയ്ക്കുകയാണ്‌. എന്റെ ക്യൂബന്‍ പൌരത്വവും ഞാന്‍ ഉപേക്ഷിക്കുന്നു. ഔദ്യോഗികമായി എനിക്ക്‌ ക്യൂബയുമായി ഇനി യാതൊരു ബന്ധവുമില്ല. തികച്ചും വ്യത്യസ്തമായ മറ്റു ചില ബന്ധങ്ങളാണ്‌ ശേഷിച്ചിട്ടുള്ളത്‌. എന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ പോലെ അങ്ങനെ രാജിവച്ചൊഴിയാവുന്ന ബന്ധങ്ങളല്ലല്ലോ അതൊന്നും.

എന്റെ കഴിഞ്ഞകാലത്തേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ ഇത്ര കാലവും സാമാന്യം സത്യസന്ധമായും കൂറോടു കൂടിയും പണിയെടുക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും വിപ്ലവത്തിന്റെ വിജയം അരക്കിട്ടുറപ്പിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ്‌ എനിക്ക്‌ തോന്നുന്നത്‌.
കാര്യമായ ഒരു തെറ്റേ എനിക്കു പറ്റിയിട്ടുള്ളൂ. സീറാ മെസ്രയിലെ ആ ആദ്യനിമിഷം മുതല്‍ക്കു തന്നെ താങ്കളില്‍ ഞാന്‍ ഇന്നത്തേതിലും വിശ്വാസമര്‍പ്പിച്ചില്ലല്ലോയെന്നും ഒരു നേതാവും വിപ്ലവകാരിയുമെന്ന നിലയ്ക്കുള്ള താങ്കളുടെ കഴിവുകള്‍ ശരിയായി വിലയിരുത്താന്‍ അന്നെനിക്ക്‌ കഴിയാതെ പോയല്ലോ എന്നുമുള്ള അപരാധബോധമാണ്‌ എന്നെ അലട്ടുന്നത്‌.
അത്ഭുതാവഹമായ കാലങ്ങളിലൂടെയാണ്‌ ഞാന്‍ കടന്നുപോന്നിട്ടുള്ളത്‌. താങ്കളോടൊപ്പം നില്‍ക്കുമ്പോള്‍ കരീബിയന്‍ പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്ന ഏറ്റവും വൈഷമ്യമേറിയ ആ ദിവസങ്ങളില്‍ നമ്മുടെ ജനതയുടെ ഭാഗമായിരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനപുളകിതനായിരുന്നു.
ഒരു രാഷ്ട്രീയ നേതാവെന്ന നിലയ്ക്കുള്ള താങ്കളുടെ പ്രതിഭ ഇത്ര വെട്ടിത്തിളങ്ങിയിട്ടുള്ള സന്ദര്‍ഭങ്ങള്‍ കുറവാണ്‌. അന്ന് ഒട്ടും അറച്ചുനില്‍ക്കാതെ താങ്കളെ പിന്താങ്ങാന്‍ കഴിഞ്ഞതിലും എനിക്കഭിമാനമുണ്ട്‌. അന്ന് നമ്മുടെ വിചാരവികാരങ്ങള്‍ ഒന്നായിരുന്നുവെന്നതിലും എനിക്കഭിമാനമുണ്ട്‌.
ഇപ്പോള്‍ എന്റെ എളിയ സേവനം ലോകത്തിന്റെ മറ്റുചില ഭാഗങ്ങളില്‍ ആവശ്യമായിരിക്കുന്നു.
താങ്കള്‍ക്ക്‌ നിഷേധിക്കപ്പെട്ടിട്ടുള്ള ആ സംഗതി ചെയ്യാന്‍ എനിക്കു കഴിയും. എന്തുകൊണ്ടെന്നാല്‍ താങ്കള്‍ക്ക്‌ ക്യൂബയോട്‌ ചില ഉത്ത്രരവാദിത്വങ്ങളുണ്ട്‌. അതിനാല്‍ നമുക്ക്‌ തമ്മില്‍ പിരിയേണ്ടിയിരിക്കുന്നു.

സന്തോഷത്തോടും സന്താപത്തോടും കൂടിയാണ്‌ ഞാന്‍ നിങ്ങളെയെല്ലാം വിട്ടുപിരിയുന്നതെന്ന് അറിയാമായിരിക്കുമല്ലോ? എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ജനതയേയും നിര്‍മ്മാതാവിനേയും പറ്റിയുള്ള ഏറ്റവും വലിയ ശുഭപ്രതീക്ഷകളുമായാണ്‌ ഞാന്‍ പിരിയുന്നത്‌.... എന്നെ സ്വന്തം പുത്രനായി അംഗീകരിച്ച ഒരു ജനതയെ വിട്ടാണ്‌ ഞാന്‍ പോകുന്നത്‌. ഇതില്‍ എനിക്കു സങ്കടമുണ്ട്‌. താങ്കള്‍ എന്നില്‍ വളര്‍ത്തിയ ആ ആത്മവിശ്വാസവുമായാണ്‌, എന്റെ നാട്ടുകാരുടെ വിപ്ലവബോധവുമായാണ്‌, ഞാന്‍ പുതിയ അടര്‍ക്കളത്തിലേക്ക്‌ കുതിക്കുന്നത്‌.
ഏറ്റവും പരിപാവനമായ ഒരു കടമ നിര്‍വ്വഹിക്കുകയാണെന്ന ആത്മബോധത്തോടെയാണ്‌ ഞാന്‍ പോകുന്നത്‌. എവിടെവിടെ സാമ്രാജ്യത്വമുണ്ടോ അവിടവിടെ അതിനെതിരായി പോരാറ്റുകയെന്ന ഏറ്റവും പരിപാവനമായ കടമ നിര്‍വ്വഹിക്കുകയാണെന്ന ആത്മബോധത്തോടെയാണ്‌ ഞാന്‍ മുന്നോട്ടു നീങ്ങുന്നത്‌. ഇത്‌ എന്റെ ദൃഢനിശ്ചയത്തെ ഒന്നു കൂടി ബലപ്പെടുത്തുകയും ഈ വേര്‍പാടിലുള്ള എന്റെ വേദനയെ വളരെയേറെ ചുരുക്കുകയും ചെയ്യുന്നുണ്ട്‌.

ൊളീവയിലേക്ക് പോകുന്നതിനായി മുഖച്ഛായ പാടേ മാറ്റിയ ചെ.
മറ്റുള്ളവര്‍ക്കൊരു മാതൃകയായിരീക്കുകയെന്നൊഴിച്ചാല്‍ ക്യൂബയ്ക്ക്‌ എന്നോട്‌ മറ്റൊരു കടപ്പാടുമില്ലെന്ന സംഗതി ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. ഇനി ഇവിടുന്നെല്ലാം വളരെ അകലെയിരിക്കുന്ന അവസരത്തിലാണ്‌ എന്റെ അന്ത്യമെങ്കില്‍ കൂടിയും
അപ്പോഴും എന്റെ വിചാരം മുഴുവന്‍ ഈ ജനതയെപ്പറ്റിയും വിശേഷിച്ചും താങ്കളെപ്പറ്റിയും ആയിരിക്കും. താങ്കള്‍ എന്നെ പഠിപ്പിക്കുകയും മാതൃക കാട്ടുകയും ചെയ്ത സര്‍വ്വ സംഗതികള്‍ക്കും ഞാന്‍ അത്യന്തം കൃതജ്ഞനാണ്‌. അവസാനംവരെയും അതനുസരിച്ച ജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്‌. നമ്മുടെ വിപ്ലവത്തിന്റെ വിടേശനയത്തോട്‌ എനിക്ക്‌
എക്കാലവും പൂര്‍ണ്ണയോജിപ്പുണ്ടായിരുന്നു. ഇന്നും അതങ്ങനെയാണ്‌ താനും. എവിടെ ചെന്നാലും ഒരു ക്യൂബന്‍ വിപ്ലവകാരിയെന്ന നിലയ്ക്കുള്ള എന്റെ ഉത്തരവാദിത്വം ഒരിക്കലും വിസ്മരിക്കാതെ ഞാന്‍ എന്റെ പ്രവര്‍ത്തനം തുടരുന്നതായിരിക്കും. എന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ ക്കും യാതൊരുവിധ സ്വത്തും നല്‍കാതെയാണ്‌ ഞാന്‍ പോകുന്നത്‌. ഇതില്‍ എനിക്ക്‌ യാതൊരു കുണ്ഠിതവുമില്ല മറിച്ച്‌ സന്തോഷമേയുള്ളൂ. അവര്‍ക്കു വേണ്ടി ഞാന്‍ യാതൊന്നും ആവശ്യപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ജീവിക്കാനുള്ള വകയും വിദ്യാഭ്യാസത്തിനുള്ള സൌകര്യവും അവര്‍ക്ക്‌ സ്റ്റേറ്റില്‍ നിന്ന് നല്‍കിക്കൊള്ളുമെന്ന് എനിക്കറിയാം.

നമ്മുടെ ജനതയോടും താങ്കളോടും എനിക്ക്‌ ഇനിയും പലതും പറയാനുണ്ട്‌. പക്ഷേ, അധികപറ്റാകുമെന്നതുകൊണ്ട്‌ ഞാന്‍ അതിനിപ്പോള്‍ തുനിയുന്നില്ല. എന്റെ മനസ്സിലുള്ള സംഗതികള്‍ മുഴുവന്‍ അതു പടി കടലാസില്‍ പകര്‍ത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. അതിനാല്‍ ആ പാഴ്വേലയ്ക്ക്‌ ഞാന്‍ മുതിരുന്നില്ല.

'ഹസ്റ്റാ ലാ വിക്ടോറിയാ സീമ്പ്ര്! പാട്രിയാ ഓ മുയേര്‍ത്തേ!' (എന്നുമെന്നും
വിജയത്തിലേക്ക്‌, മാതൃഭൂമി അല്ലെങ്കില്‍ മരണം!)

ഹാര്‍ദ്ദമായ വിപ്ലവാഭിവാദ്യങ്ങള്‍!


-ചെ

Monday, June 18, 2007

പിന്മൊഴിയും മറുമൊഴിയും ആള്‍ട്ട് മൊഴിയും...

നിന്റെ മുറ്റത്തെ കണിക്കൊന്നയിലെ

ഭംഗിയുള്ള പൂക്കള്‍


എന്റെ മുറ്റത്തു വീഴുന്നു;

ഇടയില്‍ വേലിയുള്ളതുകൊണ്ട്-കടപ്പാട് ഒരു ജപ്പാന്‍ ഹൈക്കൂ

Thursday, June 14, 2007

പിന്മൊഴി ചര്‍ച്ചകള്‍ - ഒരു അവലോകനം.

രണ്ട്‌ കൂട്ടുകാര്‍ സന്ദര്‍ഭവശാല്‍ കണ്ടുമുട്ടി.

ഒരുവന്‍ ഫുള്‍ സ്യൂട്ടില്‍ ലുങ്കിയും കയ്യില്‍ സഞ്ചിയുമൊക്കെയയി മാര്‍ക്കറ്റ്‌ റോഡ്‌ ലക്ഷ്യമാക്കി നീങ്ങുന്നു.

രണ്ടാമന്‍ എതിരെ വന്നു:

എടാ നീ ചന്തയ്ക്കാണ്‌ പോകുന്നതെന്ന് തോന്നുന്നു? കയ്യില്‍ സഞ്ചിയെല്ലാമുണ്ടല്ലോ?

ഒരുവന്‍:
ഏയ്‌, അല്ലടാ, ഞാന്‍ ചന്തയ്ക്ക്‌ പോകുവാ...

രണ്ടാമന്‍:
അതുശരി, ഞാന്‍ വിചാരിച്ചു നീ ചന്തയ്ക്ക്‌ പോകുവാണെന്ന്....

-ശുഭം

Saturday, June 09, 2007

ഒരു മര്‍ദ്ദന കഥ (അനുഭവക്കുറിപ്പ്)

സൂര്യന്‍ ഉദിച്ചു. പ്രത്യേകിച്ച്‌ പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത ദിവസമാണെന്ന് പുള്ളിക്ക്‌ തോന്നിയതിനാല്‍ സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ ചെയ്തു. കേരളത്തിലെ പുല്‍ക്കൊടികളിലെ പുലരീത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു.ആല്‍പ്സ്‌ പര്‍വ്വത നിരകളിലെ മഞ്ഞുമലകള്‍ക്കിടയിലൂടെ കിലോമീറ്ററുകളോളം സ്വര്‍ണ്ണവെളിച്ചം പ്രസരിപ്പിച്ചു. ഹിമാലയത്തിനു മുകളില്‍ക്കൂടി തന്റെ
സ്വര്‍ണ്ണക്കയ്യുകള്‍ അതിര്‍ത്തി ലംഘിച്ച്‌ ചൈനയിലേക്കും എത്തിച്ചു. എല്ലാം പതിവു പോലെ തന്നെ എന്ന് ഉറപ്പായപ്പോള്‍ സഹസ്രാബ്ദങ്ങളായി എന്നും ഒരേ ഡ്യൂട്ടി ചെയ്യുന്നവന്‌ സ്വാഭാവികമായി ഉണ്ടാകാനിടയുള്ള ബോറഡിയോടെ ബോറഡിയുടെ ദൈവങ്ങളെ നിര്‍വചിച്ച ലാപുടയെ പറ്റിയോര്‍ത്ത്‌ സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ നടു നിവര്‍ത്തി,ഒരു കാല്‍ മറ്റേ കാല്‍മുട്ടില്‍ കയറ്റി വച്ച്‌ ഈസിചെയറില്‍ കിടക്കുന്ന പോലെ കിടന്നു.

മേല്‍ വിവരിച്ച കാര്യങ്ങളൊന്നും ഞാന്‍ പറയാന്‍ പോകുന്ന കഥയുമായി വലിയ ബന്ധമില്ല. എങ്കിലും, കിടക്കട്ടെ. അനുഭവക്കുറിപ്പാകുമ്പോള്‍ ഒരു ഇത്‌ വേണമല്ലോ എന്നോര്‍ത്ത്‌ എഴുതിയെന്ന് മാത്രം.

യൂയേയീയില്‍ വ്യാഴം വെള്ളി അവധി മാറ്റി വെള്ളി ശനി ആയതിനു ശേഷം, എര്‍പ്പായേട്ടന്റെ വീട്ടിലെ വ്യാഴസായാഹ്നങ്ങള്‍ ശുഷ്കമായിരുന്നു. വ്യാഴം ഹാഫ്‌ ഡേ എന്ന രീതി മിക്കവരുടേയും മാറിയതിനാല്‍. അതുകൊണ്ട്‌ ദശാബ്ദങ്ങളായി
തുടര്‍ന്നു പോന്ന ആ സഭകൂടല്‍ വെള്ളി രാവിലേക്ക്‌ മാറ്റിയിരുന്നു.അന്നത്തെ സംഭാഷണ വിഷയം അടി കിട്ടിയ കഥകളായിരുന്നു. അപ്പോഴാ്‌ണ്‌ ഞാന്‍ ആത്മാര്‍ത്ഥമായി ആലോചിച്ചത്‌. എനിക്ക്‌ എപ്പോഴെങ്കിലും മര്‍ദ്ദനം ഏറ്റിട്ടുണ്ടോ എന്ന്.

അസംഖ്യം തവണ എന്നു തന്നെയായിരുന്നു എന്റെ മനസാക്ഷി എനിക്ക്‌ നല്‍കിയ ഉത്തരം. പക്ഷേ ഞാന്‍ എര്‍പ്പായേട്ടന്റെ വക ബഡ്‌ വൈസറിന്റേയും, ചേടത്തിയുടെ വക ഉപ്പുമാവ്‌ കടല പപ്പടത്തിന്റേയും കൂടി സ്വാധീനത്തില്‍ ചിന്തിച്ചപ്പോള്‍ മിക്ക അടികളും എനിക്ക്‌ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലായി. ശരിയാണ്‌, എനിക്ക്‌ കിട്ടിയ അടിയുടെ ഗ്രാഫ്‌ എടുത്താല്‍ 99.5 ശതമാനവും സ്വപിതാവിന്റെ കയ്യില്‍ നിന്നും ബാക്കി വന്നത്‌ ഇപ്പോള്‍ ബ്ലോഗ്ഗ്‌ പുലിയായി അവതരിച്ചിരിക്കുന്ന ഇടിവാളിന്റെ കയ്യില്‍ നിന്നുമാണ്‌!

യെസ്‌, അവന്‍ എന്നെ അതിക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്‌. അതും പൊതുജനമധ്യത്തില്‍. അതും ക്ലാസിലെ മൂന്ന് പാവം പെണ്‍കിടാങ്ങളുടെ മുന്നില്‍. ആട്ടിന്‍ കുട്ടികളെ പോലെ നിഷ്കളങ്കരായ ആ പെണ്‍കുട്ടികള്‍ ആ ക്രൂര സംഭവം കാണാനിടയായതിന്റെ പേരില്‍ ഷോക്ക്‌ മാറ്റാന്‍ കൌണ്‍സിലിംഗിനു വരെ പോകേണ്ടി വന്നു വെന്ന് ചരിത്രം രേഖപ്പെടുത്തിയിരുന്നു.

കാലഘട്ടം 1992-93. സ്ഥലം ത്രിശ്ശൂര്‍ മഹാരാജാസ്‌. തറവാടി പോളിടെക്നിക്ക്‌.
അന്നത്തെ സൂര്യന്റെ ജീവിതം അല്‍പം കൂടി രസമുള്ളതായിരുന്നതു കൊണ്ടോ എന്തോ അദ്ദേഹം ഉല്ലാസവനായിരുന്നു. ഉല്ലാസവന്‍ എന്ന് പറഞ്ഞാല്‍ വര്‍മ്മക്കുഞ്ഞുങ്ങളെ ഇറക്കിവിട്ട്‌ അവരുടെ വിളയാടല്‍ കണ്ടു രസിക്കുന്ന മെയിന്‍ വര്‍മ്മയെ പോലെ ഉല്ലാസവാന്‍.

എന്നാല്‍ എന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. പതിവുപോലെ എന്റെ ക്ലാസില്‍ ടീച്ചേഴ്സ്‌ ഇല്ലായിരുന്നു. ആകെയുള്ള 20 പേരില്‍ ചിലര്‍ പുറത്തു പോയി. ചിലര്‍ ക്യാന്റീനില്‍. ഒന്നും ചെയ്യാനില്ലാതെ ക്ലാസില്‍ നിന്ന് വൈ.ഡബ്ബ്ല്യൂ.സി.എ യിലേക്കുള്ള ജനാലയില്‍ കൂടി നോക്കി നിന്ന് തുണിയലക്കാന്‍ വരുന്ന ചേച്ചിമാരെ നോക്കി 'അക്കരയിക്കരെ' പാടണമോ അതോ ലേഡീസ്‌ വെയിറ്റിംഗ്‌ റൂമിന്റെ അവിടെ പോയി കുറങ്ങലുകള്‍ നിരീക്ഷിക്കണമോ എന്ന കണ്‍ഫ്യൂഷനില്‍ ഞാനിരിക്കുമ്പോള്‍ ക്ലാസിലെ യുധിഷ്ഠിരന്‍ (ഒരിക്കലും കള്ളം പറയാത്തവന്‍)എന്റെ അടുത്തുവന്ന് അവന്റെ മൃദുവായ സ്വരത്തില്‍ അച്ചടിഭാഷയില്‍ അറിയിച്ചു:

സങ്കു, തിരികെ വീട്ടില്‍ പോകുന്നതാണ്‌ നല്ലത്‌ എന്ന് എനിക്ക്‌ തോന്നുന്നു.
അതെന്തടേയ്‌?
നിനക്കെതിരെ അതിശക്തമായ ഗൂഢാലോചനനടക്കുന്നതായി എനിക്ക്‌ തോന്നുന്നു.
പോഡയ്ക്ക എന്ന് പറഞ്ഞെങ്കിലും എന്റെ നെഞ്ചിടിയുടെ ശബ്ദം അവന്‍ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു.
പോഡയ്ക്ക, എന്ന പ്രയോഗം തെറ്റാണ്‌ സങ്കൂ. നീ ഒന്നു പോകുന്നുണ്ടോ എന്ന് വാചകത്തേയാണ്‌ നീ 'പോഡയ്ക്ക' എന്ന് പറഞ്ഞ്‌ വൃത്തിഹീനമാക്കുന്നത്‌. സ്നേഹമുള്ളതു കൊണ്ടാണ്‌ നിന്നോട്‌ ഞാന്‍ എനിക്കറിയാന്‍ സാധിച്ച വിവരങ്ങള്‍ പറയുന്നത്‌. ഇന്നലെ ലാബോറട്ടറിയില്‍ നടന്ന സംഭവങ്ങള്‍ നിനക്കെതിരെ സൂപ്പര്‍ സെവനില്‍ ഒരു നീക്കത്തിന്‌ കാരണഭൂവിതമായിരിക്കുന്നു.

എന്തായിരിക്കുന്നു?

കാരണഭൂവിതമായിരിക്കുന്നു.

അത്‌ നിന്റെ അപ്പന്‍ ഉണ്ടാക്കിയ വാക്കാണോ? കാരണഭൂവിതന്‍? മലയാളത്തില്‍ പറയടാ ആര്‍.ഒ.എം.എമേ...

ഞാന്‍ പറയാനുള്ളത്‌ പറഞ്ഞു. അതിനു നീ എന്റെ പിതാവിനെ വിളിച്ചു. കൂടാതെ തമിഴിലെ ഒരു വാക്ക്‌ മലയാളികള്‍ വ്യഭിചരിച്ച്‌ ചീത്തയാക്കിയതിന്റെ ഇംഗ്ലീഷും നീ എനിക്കെതിരെ ഇപ്പോള്‍ പ്രയോഗിച്ചു. ഇനി എനിക്ക്‌ ഒന്നും പറയാനില്ല. നീ സൂക്ഷിച്ചാല്‍ നീ ദു:ഖിക്കേണ്ട.

മോന്‍ വണ്ടി വിട്‌ റാ വണ്ടി വിട്‌.... പാവം യുധിഷ്ഠിരനെ ഞാന്‍ അപമാനിച്ചു വിട്ടു.

മനസാക്ഷി ശബ്ദിച്ചു: അപ്പോള്‍ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്‌. നീ സ്ഥലം വിടുന്നതാണ്‌ ബുദ്ധി എന്ന്. എന്റെ പട്ടി സ്ഥലം വിടും എന്ന് ഞാന്‍ ഇടിക്കുന്ന നെഞ്ചിന്റെ ശബ്ദം പരമാവധി അടക്കി വച്ച്‌ മനസാക്ഷിയോട്‌ പറഞ്ഞു.
എനിക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നു. അതും സൂപ്പര്‍ സെവനിലെ ചില മെംബേര്‍സില്‍ നിന്ന്്‌! സൂപ്പര്‍ സെവന്റെ ബുദ്ധിജീവി സെല്ലിന്റെ അദ്ധ്യക്ഷനായ എനിക്കെതിരെ സൂപ്പര്‍ സെവനില്‍ നിന്ന് വധഭീഷണി! അങ്ങനെ ഉണ്ടാകണെമെങ്കില്‍ ഞാന്‍ എന്തെങ്കിലും തെണ്ടിത്തരം ചെയ്തിരിക്കണമല്ലോ? അല്ലെങ്കില്‍ പാളയത്തില്‍ പട വരില്ലല്ലോ?

മേല്‍ പ്പറഞ്ഞ സംഭവത്തിന്റെ തലേ ദിവസം പ്രിന്‍സിപ്പാള്‍ അതിശക്തമായ ഒരു നിയമം പുറപ്പെടുവിച്ചു. യൂണിഫോം ഇടാതെ ഒരുത്ത(ത്തി)നെയും ക്ലാസില്‍ കയറ്റരുത്‌. ഇറക്കി വിട്ടേക്കണം എന്ന്. കല്‍പ്പന അതിശക്തമായ ബ്രില്‍ മഷിയിലാണ്‌ എഴുതിയത്‌. അതിനടിയില്‍ പ്രിന്‍സിപ്പാള്‍ ഇട്ട ഒപ്പിന്റെ ശക്തിയില്‍ കടലാസ്‌ കീറിയത്‌ കാണാമായിരുന്നു. അദ്ദേഹത്തിന്റെ 78 മോഡല്‍
ഒലിപ്പുള്ള ചൈനാ നിര്‍മ്മിത ഹീറോ പേനയുടെ നിബ്ബ്‌ ഒപ്പിനെ തുടര്‍ന്ന് ഒടിഞ്ഞുപോയി എന്ന് പ്യൂണ്‍ പത്രോസേട്ടന്‍ പിന്നീട്‌ ഒരു ലഖുപത്രസമ്മേളാനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

അന്ന് ഉച്ചയ്ക്ക്‌ ലാബില്‍ കയറണമെങ്കില്‍ യൂണിഫോം വേണമല്ലോ? എല്ലാവരും അവരവരുടെ യൂണിഫോം സൂക്ഷിച്ചു വച്ചിരുന്ന പൊത്തുകള്‍ പരതി ഫുള്‍ സ്ലീവ്‌ ഓര്‍ഡിനറി ഷര്‍ട്ടിന്റെ മീതെ ചുക്കിചുളിഞ്ഞ യൂണിഫോം ഇട്ട്‌ പ്രിന്‍സിപ്പാളിന്റെ കല്‍പ്പനയെ കളിയാക്കികൊണ്ട്‌ എല്ലാവരും ലാബില്‍ കേറി. ലാബിന്റെ ഇന്‍ ചാര്‍ജ്ജ്‌ സാറിന്‌ ആകെ സന്തോഷമായി.

അപ്പോ താടീള്ളപ്പനെ പേടീണ്ട്‌ ല്ലറാ... ജീവിതത്തില്‍ ആദ്യമായി യൂണിഫോമിട്ട്‌ ക്ലാസില്‍ കേറുന്ന ചില പുംഗവന്മാരെ നോക്കി സാര്‍ പ്രസ്താവന ഇറക്കി.

അങ്ങനെ ഞങ്ങള്‍ 20 പേര്‍ ലാബില്‍ സോള്‍ഡറിംഗ്‌ അയേണും ഒക്കെ എടുത്ത്‌ മുന്നില്‍ വച്ച്‌ ഗ്രൂപ്പായി തിരിഞ്ഞ്‌ സിനിമാക്കഥ തുടങ്ങിയ പതിവു പരിപാടിയിലേക്ക്‌ തിര്‍ഞ്ഞു.

അപ്പോള്‍ എന്നെ (ആ വര്‍ഷം ക്ലാസ്‌ റെപ്പ്‌ എന്ന ഒരു വൃത്തികെട്ട സ്ഥാനം ഞാന്‍ വഹിച്ചിരുന്നു) സാര്‍ വിളിപ്പിച്ചു. എഡയ്ക്ക, പ്രിന്‍സിപ്പാള്‍ ലാബില്‌ കേറി ചെക്ക്‌ ചെയ്യ്ണ്‌ണ്ട്‌. എല്ലാത്തിനോടും ആ റെക്കോഡ്‌ ഒക്കെ എടുത്ത്‌ മുന്നില്‍ വച്ച്‌ സിനിമാക്കഥ പറായാന്‍ പറ. പിന്നെ, യഥാര്‍ത്ഥ നീല പാന്റ്സ്‌ അല്ലാത്ത ഗെഡികളുടേ പേരെഴുതി കൊണ്ടുവാ.

അതായത്‌, ഇളം നീല ഷര്‍ട്ടും കടും നീല പാന്റ്സും ആണ്‌ യൂണിഫോം. ഷര്‍ട്ട്‌ നീലയായാല്‍ എല്ലാമായി എന്നാണ്‌ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കരുതുന്നത്‌. പ്രിസിപ്പാള്‍ പക്ഷേ അങ്ങനെയല്ല കരുതുന്നത്‌.
ഞാന്‍ പോയി ഡെസ്കിനടിയില്‍ ഒളിപ്പിച്ചു വച്ചവന്മാരുടെ കാലുകള്‍ വലിച്ച്‌ പുറത്തെടുത്തു. ഒരോ കാലുകളായി പൊക്കി നോക്കി. കാലുകള്‍ പിശകാണെന്ന് എനിക്ക്‌ മനസിലായി.

ശ്ലീലാശ്ലീലങ്ങളെ കുറിച്ച്‌ ഉത്തമബോധ്യമുള്ള ഞാന്‍ പെമ്പിള്ളേരുടേ കാലുകള്‍ ഇളക്കിയെടുത്ത്‌ സൂക്ഷ്മപരിശോധനയ്ക്ക്‌ വിധേയമാക്കിയില്ല.

സ്വയം ഒരു ആത്മവിശ്വാസക്കുറവനുഭവപ്പെട്ടപ്പോള്‍ ഞാന്‍ ഒരു ബെഞ്ചിലിരുന്നു എന്റെ കാലു ഊരിയെടുത്ത്‌ പൊക്കി ഡെസ്കില്‍ വച്ച്‌ സൂക്ഷമിരീക്ഷണം നടത്തി. എന്റെ കാലുകളും നീലയല്ല. എങ്കിലും 60% നീല എന്ന് പറയാന്‍ കഴിയുമെന്ന് മാത്രം. മിക്കവന്മാരും കറുപ്പ്‌, ബ്രൌണ്‍, ചാരം മുതലായ കളറുകള്‍ വച്ച്‌ നിയമത്തെ പറ്റിക്കുകയാണ്‌.

തൊണ്ടിസാധനങ്ങളായ ആ 'അനധികൃത' കാലുകള്‍ വാരി ഞാന്‍ ലാബിലെ സ്റ്റാഫ്‌ റൂമിലേക്ക്‌ പോകുന്നത്‌ നോക്കി പ്രതികള്‍ അന്ധാളിച്ചു.
മേശപ്പുറത്തിരിക്കുന്ന 11 ജോഡി കാലുകള്‍ സാറും അറ്റന്‍ഡര്‍ ഗീതയും കൂടി ലെന്‍സും മറ്റും വച്ച്‌ അതിസൂക്ഷമായി നിരീക്ഷിച്ച്‌ അതിലെ 'നീല'യുടെ ഏറ്റകുറച്ചിലിനെ കുറിച്ച്‌ ഒരു പ്രബന്ധം തയാറാക്കി. എല്ലാ കാലിലും ചുമന്ന മഷി കൊണ്ട്‌ ഇന്റു (X) രേഖപ്പെടുത്തി ഒപ്പിട്ടു.

പ്രിസിപ്പാളിന്റെ അത്ര വരില്ലെങ്കിലും നമ്മുടെ സാറും കല്‍പ്പന പുറപ്പെടുവിച്ചു: ഈ കാലന്മാരെല്ലാം ക്ലാസിനു പുറത്ത്‌. അവര്‍ക്ക്‌ പുറത്തു പോയി ചായകുടിക്കാം, സിനിമയ്ക്ക്‌ പോകാം എന്തു വേണമെങ്കിലും ചെയ്യാം. പക്ഷേ ലാബില്‍ ഇരുന്നാല്‍ ഈ കാലുകളില്‍ സള്‍ ഫ്യൂരിക്കാസിഡ്‌ ഒഴിച്ച്‌ കരിച്ചു കളയും.

മാഷുടെ ഈ ഒറ്റ പ്രസ്താവന എന്നെ കരിങ്കാലിയാക്കി. എന്തിനും ഒരു കാരണക്കാരന്‍ വേണമല്ലോ? ഞാന്‍ കാരണം 10-11 ആളുകളുടെ അറ്റന്‍ഡന്‍സ്‌ പോയി. (കേട്ടാല്‍ തോന്നും എന്തോ വലിയ കാര്യമാണ്‌ ഈ അറ്റന്‍ഡന്‍സ്‌ എന്ന്)

ക്ലാസില്‍ നിന്ന് പുറത്താക്കുന്നതില്‍ മനം നൊന്ത ഇടിവാള്‍ തേങ്ങി: വളരെ റെയറായി ക്ലാസില്‍ കയറുന്ന എവനും സങ്കടവരും. അവന്റെ വെള്ളയില്‍ നീല വരമ്പുകളുള്ള ജീന്‍സ്‌ ധരിച്ച കാലുകളില്‍ ഒന്ന് പൊക്കിയെടുത്ത്‌ സാറിന്റെ മൂക്കിനു നേരെ ഉയര്‍ത്തി. സാര്‍ ഇത്‌ ബ്ലൂ അല്ലേ സാര്‍... പ്ലീസ്‌ സാര്‍ എന്ന് പറഞ്ഞു.

ഇത്‌ വെള്ളയില്‍ നീല വരമ്പുകളാണ്‌. പോഡാ പോഡാ എന്ന് സാര്‍ പറഞ്ഞു.

അല്ല സാര്‍ ഇത്‌ നീലയില്‍ വെള്ള വരമ്പുകളാണ്‌ എന്ന് ഞാന്‍ പറയുന്നു. ഇടിവാള്‍ തേങ്ങലിനിടയില്‍ പറഞ്ഞു.

പോഡാ പോഡാ.... പോയി ക്യാന്റീനിലിരിക്കടാ..... സാര്‍ വീണ്ടും പറഞ്ഞു
എന്തായാലും എന്റെ കാര്യം പുറത്തായി എന്നാല്‍ നിന്നെ വെറുതെ വിടില്ലടാ ഒറ്റുകാരാ എന്ന് ഇടിവാള്‍ എന്നെ നോക്കി
മനസില്‍ പറഞ്ഞു. പുറത്തേക്ക്‌ ഇങ്ങനെയും പറഞ്ഞു: സാര്‍, ഇവന്റെ പാന്റ്സും നീലയല്ല. ഇവനു മാത്രം എന്താ പ്രത്യേകത....
ഇടിവാളിന്റെ ഇടപെടല്‍ സാറിനിഷ്ടമായില്ല. അദ്ദേഹം പറഞ്ഞു:
അത്‌ റെപ്പിന്‌ 40% ടോളറന്‍സുണ്ട്‌. കടക്കടാ വെളിയില്‍ ഇടിവാളെ.....

ഈ സമയത്ത്‌ ഞാന്‍ ഒരു പുച്ഛചിരി ചിരിച്ചു എന്ന് ഇടിവാളും സൂപ്പര്‍സെവനിലെ മറ്റു ക്ലാസിനു പുറത്തുപോകുന്നവന്മാരും ഏകകണ്‌ഠമായി പറയുന്നു. ചിരിച്ചോ എന്ന് എനിക്ക്‌ ഉറപ്പില്ല. ചിരിച്ചിരിക്കാം.....

പുറത്തു പോയവന്മാര്‍ നേരെ ക്യാന്റീനില്‍ പോയി. ക്യാന്റീനിലെ മാസക്കുളിക്കാരന്‍ ദൊരൈസ്വാമി എന്ന മലയാളി പയ്യനോട്‌ ഇടിവാള്‍ 11 ചായയ്ക്കും 6 പരിപ്പുവടയ്ക്കും ഓര്‍ഡര്‍ കൊടുത്തു. ദൊരൈസ്വാമി കമ്പ്യൂട്ടര്‍ കട്ടിംഗിലൂടെ 5 പരിപ്പുവട 10 ആക്കി ഒരെണ്ണം നിര്‍മ്മിച്ച പോലെ മുഴുവനായും 11 ചായയും കൊണ്ടുകൊടുത്തു. പാത്രം ലാന്‍ഡ്‌ ചെയ്യുന്നതിനു മുമ്പേ ഭീമന്‍ അതില്‍ നിന്ന് മുഴുവനായുള്ള പരിപ്പുവട എടുത്ത്‌ അതിന്റെ തെറി വരുന്നതിനു മുമ്പേ സങ്കുചിതനെ പൂശണം എന്ന് പറയുകയും അതിനെ തുടര്‍ന്ന് വന്‍ ഗൂഢാലോചന എനിക്കെതിരെ അവിടെ നടക്കുകയും ചെയ്തു എന്ന് ക്യാന്റീന്‍ രേഖകള്‍ 92 രേഖപ്പെടുത്തുന്നു. അന്നേ ദിവസം മദ്യപിക്കാന്‍ ആരുടേയും കയ്യില്‍ കാശില്ലയിരുന്നു.
തന്നെയുമല്ല ഉച്ചതിരിഞ്ഞായതു കൊണ്ട്‌ പ്രതികാര നടപടികള്‍ നാളെക്ക്‌ മാറ്റിവയ്ക്കുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ ട്രാസ്പോര്‍ട്ട്‌ ബസ്സില്‍ വച്ച്‌ എന്നെ ചാലക്കുടി ഏരിയയില്‍ നിന്ന് വരുന്ന സൂപ്പര്‍ സെവന്‍ മെംബേര്‍സ്‌ ആയ
ചെറിയാനും കാടനും മൈന്‍ഡ്‌ ചെയ്യാതെ ഇരട്ടത്താടി ഉണ്ടാക്കി ഗൌരവത്തില്‍ ഇരിക്കുന്ന കണ്ടപ്പോഴേ ഞാന്‍ അപകടം മണത്തു.
രാവിലെ ആദ്യത്തെ അവറില്‍ തന്നെ സൂപ്പര്‍ സെവന്‍ മെംബേഴ്സും ഇന്നലെ പുറത്താക്കപ്പെട്ട അമേച്വര്‍ മദ്യപാനികളും സെണ്ട്രല്‍
ബാറിലേക്ക്‌ മാര്‍ച്ച്‌ ചെയ്തിട്ടുണ്ടെന്നും, ആ മാര്‍ച്ച്‌ പാസ്റ്റ്‌ തുടങ്ങുമ്പോള്‍ കീശകാലിയായിരുന്നതിനാല്‍ ഫാസ്റ്റ്‌ ഇയര്‍ ക്ലാസുകളിലൂടെ മാര്‍ച്ച്‌ ക്യാപ്റ്റന്‍ കാടന്‍ തിരിച്ചു വിട്ടെന്നും പെട്ടിയില്‍ മൊത്തം 35 രൂപ വീണെന്നും ബൂര്‍ഷ്വാസി പഠിപ്പിസ്റ്റ്‌ ചാരന്മാര്‍ മുഖേന ഞാന്‍ അറിഞ്ഞു:

പിരിവെടുത്ത 35 രൂപ കൊണ്ട്‌ 32 രൂപയ്ക്ക്‌ കിട്ടുന്ന സ്റ്റാന്‍ഡേര്‍ഡ്‌ എന്ന വിസ്കി ഫുള്‍ബോട്ടില്‍ വാങ്ങി അടി തുടങ്ങിയെന്നും എനിക്ക്‌ അടികിട്ടുന്നത്‌ കാണാന്‍ കാത്തിരിക്കുന്ന പഠിപ്പിസ്റ്റ്‌ തെണ്ടികള്‍ ഉള്ളില്‍ ഉറഞ്ഞു പൊന്തുന്ന ആഹ്ലാദം അടക്കി വച്ച
ടെന്‍ഷന്‍ അഭിനയിച്ച്‌ അപ്പഴപ്പോള്‍ എന്നെ അറിയിച്ചുകൊണ്ടിരുന്നു.

ടെന്‍ഷന്‍ മാറ്റാന്‍ ഞാന്‍ ക്ലാസിലെ ക്രിക്കറ്റ്‌ കളിക്കാരുടെ കൂടെകൂടി. ഒടിഞ്ഞ ഏതോ ബഞ്ചിന്റെ 3 സെന്റീമീറ്റര്‍ വീതിയുള്ള ഒരു പട്ടികകഷ്ണം ബാറ്റ്‌. ഒരു ഡ്രോയിംഗ്‌ സ്റ്റൂള്‍ സ്റ്റ്മ്പ്‌. ക്ലാസിന്റെ ബാക്ക്‌ സൈഡില്‍ ഒഴിഞ്ഞ സ്ഥലം പിച്ച്‌. ബൌളറുടെ സൈഡിലുള്ള ചുമരില്‍ കൊണ്ടാല്‍ ഫോര്‍. ഉയര്‍ന്നു കൊണ്ടാല്‍ സിക്സ്‌. പന്ത്‌ കടലാസു കൊണ്ട്‌ ചുരുട്ടി നിര്‍മ്മിച്ച ഒന്നാംതരം പന്ത്‌.

ഞാന്‍ ബാറ്റ്‌ ചെയ്യുകയായിരുന്നു. അതിനിടയില്‍ എനിക്കിപ്പോള്‍ അടി കിട്ടും എന്ന റൂമര്‍ റൂമര്‍ പദവി വിട്ട്‌ യാഥാര്‍ത്ഥ്യം എന്ന പദവിയില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടയിലെപ്പോഴോ എന്നെ തൊട്ടാല്‍ തൊട്ടവന്‍ പിന്നെ ഈ കോളേജില്‍ പഠിക്കുകയില്ല എന്നോ മറ്റോ ഞാന്‍ പറഞ്ഞിരുന്നു. മൊബെയില്‍, പേജര്‍, ഈ മെയില്‍ ഒന്നുമില്ലാത്ത ആ കാലഘട്ടത്തിലും ബൂര്‍ഷ്വാസികള്‍ വാര്‍ത്ത ബാറിലേക്ക്‌ വിത്തിന്‍ മൈക്രോസെക്കന്റ്സ്‌ എത്തിച്ചിരുന്നു.
എന്തുവന്നാലും ഒരു മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നാല്‍ സൂപ്പര്‍ സെവനിലെ മറ്റു മെംബേര്‍സ്‌ അതിനു സമ്മതിക്കുകയില്ല എന്ന കാര്യം 100% ഉറപ്പാണ്‌. എന്നാലും ഒരു സീനുണ്ടായി ഞാന്‍ ഇതു വരെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചുപോന്ന ധൈരവാന്‍, എന്തിനും പോന്നവന്‍, ഉരുക്കിന്റെ ചങ്കുള്ളവന്‍ തുടങ്ങിയ ഇമേജ്‌ തകരുമോ എന്ന് ഞാന്‍ ഭയന്നു. ഇനി എല്ലാവരും കൂടി എന്നെ ഇടിച്ചാല്‍ 'അയ്യോ രക്ഷിക്കണേ എന്നെങ്ങാന്‍ ഞാന്‍ കരഞ്ഞാല്‍ എല്ലാ ഗ്ലാമറും പോയില്ലെ?

ഇതിനിടയില്‍ ക്ലാസിലെ ജനലിനടിയിലുള്ള റോഡില്‍ക്കൂടി എന്നെ മര്‍ദ്ദിക്കാനുള്ള സംഘം വരുന്നുണ്ടെന്ന് ജനാലയ്ക്കല്‍ ഫീല്‍ഡു ചെയ്യുന്ന ഒരുത്തന്‍ അറിയിച്ചു. ഗാന്ധി സിനിമയില്‍ ദണ്ഡിയാത്ര നടത്തുന്നവരെ പോലെ അവര്‍ വലിയ സ്പീഡില്‍ വരുന്നു. ഒന്നാം നിലയിലുള്ള ഞങ്ങളുടെ ക്ലാസില്‍ നിന്നുള്ള ആ കാഴ്ച ഗൂഗിള്‍ എൃര്‍ത്തില്‍ നിന്ന് കാണുന്നതു പോലെയായിരുന്നു. റോഡില്‍ കിടക്കുന്ന ഒരു വലിയ കുന്തി ഉണക്കചാണകം കാടന്‍ കാലു കൊണ്ട്‌ അടിച്ചു തെറിപ്പിച്ചു. കാടന്റെ രൌദ്രമായ മുഖഭാവം കണ്ടാല്‍ ആ ഉണക്ക ചാണകം കഷ്ണങ്ങളായ പോലെ എന്റെ മോന്ത അവര്‍ തെറിപ്പിക്കും എന്ന് എനിക്ക്‌ മനസിലായി. ഓപ്പോസിറ്റ്‌ സൈക്കിള്‍ ഓടിച്ചു കൊണ്ട്‌ ഒരു വല്യപ്പന്‍ വരുന്നുണ്ടായിരുന്നു. ഏകദേശം 90 വയസ്സു മതിക്കുന്ന ആ വല്യപ്പന്റെ
സൈക്കിള്‍ ഭീമന്‍ എടുത്ത്‌ ചുമ്മാ അങ്ങ്‌ മറിച്ചിട്ടു. ഈ നിലയ്ക്ക്‌ എന്നെ കയ്യില്‍ കിട്ടിയിയാല്‍ കൊല്ലാനാണവരുടെ വരവെന്ന് എനിക്ക്‌ മനസിലായി.

പഠിപ്പിസ്റ്റ്‌ ബുദ്ധിജീവികള്‍ക്കാകെ ത്രില്ലായി. പെമ്പിള്ളേര്‍, സങ്കൂ, ഒന്ന് വേഗം പോ. പ്രശ്നം ഉണ്ടാക്കണ്ട. അവന്മാര്‍ നിന്നെ തല്ലും. ഞങ്ങള്‍ക്കും അറിവു കിട്ടിയിട്ടുണ്ട്‌. പ്ലീസ്‌ പോ എന്ന് പറഞ്ഞു.
ഞാന്‍ ബാറ്റും കൊണ്ട്‌ ക്രീസിലെത്തി. ബോള്‍ ചെയ്യടാ. ധീരന്മാര്‍ക്ക്‌ ഒരിക്കലേ മരണമുള്ളൂ.... എന്നോക്കെ ഒന്ന് അലറി. ആ അലറല്‍ കേട്ട്‌ ക്ലാസാകെ ഞെട്ടിത്തരിച്ചു. എന്റെ അകത്തു നിന്ന് ഉയരുന്ന ദീനവിലാപം മറച്ചു വെച്ചുകൊണ്ട്‌ ഞാന്‍ നടത്തിയ ആ അഭിനയമുണ്ടല്ലോ അതു മതി എനിക്ക്‌ ഭരത്‌ അവാര്‍ഡ്‌ കിട്ടാന്‍.

അങ്ങനെ ഞാന്‍ ബാറ്റു ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഇടിവാള്‍ ക്ലാസില്‍ കേറി വന്നു. ബൌളര്‍ ബൌള്‍ ചെയ്യാന്‍ മറന്നു നിന്നു. മറ്റുള്ളവന്മാരെ ഒന്നും കാണുന്നില്ല. ഓരോരുത്തരായി ഊഴം വച്ച്‌ അടിക്കാനാണ്‌ പരിപാടി എന്ന് തോന്നുന്നു.

ഞാന്‍ അവശേഷിച്ച ധൈര്യം സംഭരിച്ച്‌ പറഞ്ഞു: ബോള്‌ ചെയ്യടാ.....

ആ സമയം ഇടിവാള്‍ എന്റെ അടുത്തെത്തി. എന്റെ കയ്യില്‍ കിരീടത്തിലെ സേതുമാധവന്റെ കയ്യില്‍ കിട്ടിയ കോലുപോലെ അടിക്കാന്‍ പാകത്തിനു നിര്‍മ്മിച്ച ബാറ്റിരിക്കുന്നു. എങ്ങിനെയായിരിക്കും ഇടിവാള്‍ എന്നെ അറ്റാക്ക്‌ ചെയ്യാന്‍ പോകുന്നത്‌. എന്തായാലും ബാറ്റു കൊണ്ട്‌ ഒന്ന് കൊടുക്കണം എന്ന് ഞാന്‍ ഉറപ്പിച്ചു. ആദ്യത്തെ അടി അവനടിക്കട്ടെ.

ഇടിവാള്‍ വന്ന് എന്റെ മുന്നില്‍ നിന്നു. പെണ്‍കുട്ടികള്‍ ഇപ്പോ കരയും എന്ന മട്ടില്‍ വായ തുറന്നു നിന്നു. ബൂര്‍ഷ്വകള്‍ ത്രില്ലില്‍ നിന്നു. എന്നെ തല്ലാന്‍ വന്ന സംഘങ്ങളില്‍ ആരെയും കാണുന്നില്ല.

ഇടിവാളിന്റെ കൈ എന്റെ മുഖത്തിനു നേരെ ഉയര്‍ന്നു. എന്റെ മോന്തക്കിട്ടാണ്‌ ആദ്യത്തെ കീറ്‌ കീറാന്‍ പോകുന്നെതെന്ന് മനസിലായ ഞാന്‍ ഞെട്ടി മുഖം പിന്നോട്ട്‌ നീക്കി. എന്റെ മുട്ടുകാല്‍ കൂട്ടി ഇടിച്ചു തുടങ്ങിയിരുന്നെന്ന് ചിലവന്മാര്‍ പിന്നീട്‌ പറഞ്ഞുനടന്നു.

എന്നാല്‍ ഇടിവാളിന്റെ കൈ നേരെ എന്റെ തോളിലാണ്‌ പതിച്ചത്‌, അതും സൌമ്യമായി. അവന്‍ അരുള്‍ ചെയ്തു:

എനിക്ക്‌ നിന്നോട്‌ അല്‍പം സംസാരിക്കാനുണ്ട്‌...

യെസ്‌, അലോവ്ഡ്‌. സംസാരിച്ചോ

ഇല്ല, പേഴ്സണലാണ്‌. ഒന്നു പുറത്തു വരാമോ?

എന്തു കൊണ്ട്‌ വരില്ല.

അവന്‍ എന്റെ തോളത്ത്‌ കൈ ഇട്ടു. ഞാനും അവനും ചിരപരിചിത സുഹൃത്തുക്കളായി ക്ലാസില്‍ നിന്ന് പുറത്തുകടന്നു.

ക്ലാസിന്റെ ഭൂമി ശാസ്ത്രം. മെയിന്‍ ബ്ലോക്കില്‍ നിന്നകന്ന് മറ്റൊരു ബ്ലോക്കില്‍ ആകെ ഞങ്ങളുടെ ക്ലാസേ അന്നുണ്ടായിരുന്നുള്ളൂ. അതിന്റെ കോണിപ്പടി 12 പടി ഇറങ്ങിയാല്‍ ഒരു യു ടേണ്‍ ഉണ്ട്‌. വീണ്ടും 12 പടി. ആ യൂ ടേണ്‍ എത്തിയപ്പോള്‍ ഇടിവാള്‍ നിന്നു. ഞാന്‍ നോക്കിയപ്പോള്‍ സ്ത്രീ രത്നങ്ങള്‍ അടക്കം ക്ലാസിലെ കുട്ടികള്‍ എല്ലാം അപ്‌ ഡയറക്ഷനിലുള്ള 12 പടികളില്‍ നില്‍ക്കുന്നു. എല്ലാരുടേയും മുഖത്ത്‌ ആകാംക്ഷ.

എന്നെ തല്ലാന്‍ വന്ന സംഘത്തിലെ എല്ലാവരും ഡൌണ്‍ ഡയറക്ഷനില്‍ 12 പടികളില്‍ നില്‍ക്കുന്നു. ഞാന്‍ സ്വാഭാവികമായു ഒരു മൂലയിലേക്ക്‌ ഒതുങ്ങി.
വിചാരണ ആരഭിച്ചു.

നീ ഇന്നലെ ഞങ്ങളെ ഒറ്റിക്കൊടുത്തു അല്ലേഡാ? -ഇടിവാല്‍ ചോദ്യമാരംഭിച്ചു
ഉവ്വ്‌, ഞാന്‍ നിങ്ങളെ ഒറ്റി.
എന്റെ പാന്റ്സ്‌ നീലയാണെന്നു പറഞ്ഞപ്പോള്‍ നീ ചിരിച്ചു അല്ലേഡാ?
ഉവ്വ്‌ ഞാന്‍ ചിരിച്ചു.
നീ ചിരിച്ചത്‌ ശരിയായെന്ന് നിനക്ക്‌ തോന്നുന്നുണ്ടോ?
ഇല്ല. ഞാന്‍ ചിരിച്ചത്‌ തീരെ ശരിയായില്ല.
നിന്നെ അതിന്‌ ശിക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്‌.
നല്ലത്‌, ശിക്ഷ ഞാന്‍ അര്‍ഹിക്കുന്നു.
എന്റെ ഈ കുറ്റസമ്മതത്തില്‍ മൊത്തം ഓഡിയന്‍സ്‌ ഒന്ന് ഞെട്ടി. ഒരു പോരാട്ടത്തിന്‌ നില്‍ക്കുന്നത്‌ നല്ലതല്ല എന്ന് എനിക്ക്‌ എന്റെ ഉറ്റസുഹൃത്തുക്കളുടെ മുഖഭാവത്തില്‍ നിന്ന് മനസിലായിരുന്നു. ഇടഞ്ഞാല്‍ അവരും എന്നെ തല്ലും എന്ന് എനിക്ക്‌ മനസിലായി.
എനിക്ക്‌ നിന്നെ ഇടിക്കണം -ഇടിവാള്‍
ഓക്കേ, നിനക്കിടിക്കണമെങ്കില്‍ ഇടിക്കാം.
എവിടെ ഇടിക്കണം? ലോക ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ അങ്ങനെ ഒരു ചോദ്യം ഇടിയന്‍ ഇരയോടെ ചോദിച്ചിട്ടുണ്ടാകുക.
നീ ഇവിടെ ഇടിക്കടാ.. ഞാന്‍ എന്റെ വയറില്‍ ഏകദേശം പൊക്കിള്‍ക്കൊടി ഭാഗം ചൂണ്ടി കാട്ടികൊടുത്തു.
എന്റെ ഉത്തരം കേട്ട്‌ അപ്‌ ഡയറക്ഷനില്‍ നിന്ന് ഒരു സീല്‍ക്കാരവും, പെണ്‍പിള്ളേര്‍ എന്തോ ഭീകരരംഗം കണ്ട പോലെ
മുഖം ചുളിക്കലും ഞാന്‍ കേട്ടു/കണ്ടു.

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്‌ നടന്നത്‌. ഇവന്‍ കേറി ഇടിച്ചു കളയും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഞാന്‍
പെട്ടന്ന് കുറ്റസമ്മതം നടത്തിയതും, ശിക്ഷാര്‍ഹനാണെന്ന് സ്വയം പറഞ്ഞതും അവന്റെ പ്രതിരോധത്തെ തകര്‍ത്തു. അതിനാല്‍ അവന്‍ ഒരടി പിന്നോട്ട്‌ മാറി അവന്റെ ഉരുക്കുമുഷ്ടി പിന്നിലേക്കെടുത്ത്‌ ക്ഡും, ക്ഡും, ക്ഡും എന്ന മൂന്ന് അതിശക്തമായ 100 കിലോ ഇടികള്‍ ഞാന്‍ ചൂണ്ടിക്കാട്ടിയ ഭാഗത്ത്‌ അര സെക്കന്റിനുള്ളില്‍ പതിപ്പിച്ചു. കെട്ടിടത്തിന്റെ അസ്ഥിവാരം പോലും ആ ഇടികളുടെ ശബ്ദത്തില്‍ കിടുങ്ങി.
പെണ്‍കുട്ടികള്‍ അയ്യോ എന്ന് കരഞ്ഞുകൊണ്ട്‌ ക്ലാസിലേക്ക്‌ തിരിഞ്ഞോടി. വയറും പൊത്തി നിലത്തിരിക്കേണ്ട ഞാന്‍ അതിനു മുമ്പ്‌ അവനോട്‌ ചോദിച്ചു: കഴിഞ്ഞോ?
ഉവ്വ്‌ കഴിഞ്ഞു. അവന്‍ കിതച്ചു കൊണ്ട്‌ പറഞ്ഞു.
ഇനി നിനക്ക്‌ വേറേ എവിടെയെങ്കിലും ഇടിക്കണോ?
വേണ്ട...
ഇനി എനിക്ക്‌ ക്ലാസിലോട്ട്‌ പോകാമല്ലോ അല്ലേ?
ഉവ്വ്‌ ഇനി നീ സ്വതന്ത്രനാണ്‌....

ഞാന്‍ അപ്‌ ഡയറക്ഷന്‍ കോണിപ്പടികള്‍ കയറി. സൂപ്പര്‍ സെവന്‍ മെംബേര്‍സ്‌ വായും തുറന്ന് നില്‍ക്കുന്ന കണ്ടു. ബൂര്‍ഷാ, നിഷ്പക്ഷ,പഠിപ്പിസ്റ്റുകളെ വകഞ്ഞു മാറ്റി ഞാന്‍ ക്ലാസിലേക്ക്‌ വലിഞ്ഞു നടന്നു. വയറുപൊത്തി നിലവിളിക്കണമെന്ന് തോന്നിയെങ്കിലും ചമ്മല്‍ കാരണം അതിനു നിന്നില്ല.

സ്റ്റെയര്‍കേസിന്റെ മുകളിലെ ഡോറില്‍ ഞാന്‍ എത്തിയപ്പോള്‍ താഴെ എന്നെ മര്‍ദ്ദിച്ച അതേ സ്ഥാനത്ത്‌ ഒരു ലഹള കേട്ടു.

ഇടിവാള്‍ ഒരു മൂലയ്ക്ക്‌ നില്‍ക്കുന്നു. മുട്ടിത്തടി ഗിര്‍ധരഗോപകുമാരന്‍ എന്നറിയപ്പെടുന്ന ഒരു അയ്യോപാവം ചെക്കന്‍ മുണ്ട്‌
വകഞ്ഞു മാറ്റി (അന്നവന്‍ മുണ്ടുടുത്താണ്‌ വന്നിരുന്നത്‌) അവന്റെ ഈര്‍ക്കിളി കാലു കൊണ്ടിട്‌ ഇടിവാളിന്റെ നെഞ്ചില്‍ ചവിട്ടുന്നു. എല്ലാവരും അവനെ പിടിച്ചു മാറ്റുന്നു.

ഞാന്‍ ക്ലാസില്‍ കേറിയപ്പോള്‍ ഒരു പെണ്‍ കുട്ടി മോഹല്‍സ്യപ്പെട്ടു കിടക്കുന്നു. അവളെ മറ്റൊരുവള്‍ ടവ്വല്‍ കൊണ്ട്‌ വീശുന്നുണ്ട്‌. മൂന്നാമത്തെ ക്ടാവ്‌ കിടുകിടെ വിറച്ച്‌ നില്‍ക്കുന്നു. അവരൊക്കെ ജീവിതത്തില്‍ ആദ്യമായാണ്‌ കിന്റലിടി കാണുന്നത്‌.

അരനിമിഷത്തിനു ശേഷം സഖാവ്‌ ക്ലാസിലേക്കോടിവന്നു. എന്നോടോ ഇടിവാളിനോടോ പ്രത്യേകിച്ച്‌ യാതൊരു പ്രതിപത്തിയും ഇല്ലാത്തവന്‍. അവന്‍ വന്ന് എന്നെ പൊക്കി. എഡാ @#$^%$#മോനേ.... വാടാ അവനിട്ട്‌ രണ്ടെണ്ണം കൊടുക്കടാ...ഠെണ്ടീ, തല്ലും കൊണ്ട്‌ വന്നു കിടക്കുന്നു... വാടാ..... വാടാ.....

ഞാന്‍ കയ്യുയര്‍ത്തി ഗാന്ധിയോ, യേശുവോ മറ്റോ ആയി..... വേണ്ട്രാ.....വേണ്ടാ......

കാലത്തു തിന്ന ദോശയെല്ലാം ഇവന്റെ ഇടിയില്‍ വീണ്ടും മാവായിപ്പോയിരുന്നു.


======
കഥാശേഷം നടന്നത്:

ക്ലാസില്‍ നിന്ന് സഖാവ് പോയതും,പുറത്തു നിന്ന് വലിയൊരു കരച്ചില്‍ കേട്ടു.

അയ്യോ സങ്കുചിതാ, അയ്യോ.... ഹാഹൂഹീഹെറുഹൈഹോഹൌഹം ഹാ.....സങ്കൂ.....

ഇടിവാള്‍ എന്നെ വന്നു കെട്ടിപ്പിടിച്ചു. നിനക്ക് വിശക്കുന്നുണ്ടോടാ....
അവന്‍ എന്റെ വയര്‍ ഉഴിഞ്ഞു ചോദിച്ചു.
ഉണ്ടെടാ....
വാടാ ക്യാന്റീനീല്‍ പോകാം. അവന്‍ എന്നെ ക്ഷണിച്ചു.

ഇടിവാളിന്റെ വക സ്പെഷല്‍ ചായ (1 രൂപ) വിത്ത്‌ പൊറോട്ട പെയിന്റടിച്ചത്‌ (ബീഫ്‌ചാറില്‍ ഇടിവാളിന്റെ പ്രത്യേക ശുപാര്‍ശയില്‍ അതില്‍ മൂന്ന് കഷ്ണം ഇടാന്‍ ഫ്രാന്‍സീസേട്ടന്‍ തയാറായി.) അറ്റിച്ച്‌ കാന്റീനില്‍ ഇരിക്കുമ്പോള്‍ സഖാവ്‌ അങ്ങോട്ട്‌ കേറിവന്നു. നാണമില്ലാത്ത തെണ്ടി നീയൊന്നും ഒരിക്കലും നേരെയാവില്ലടാ എന്ന് പറഞ്ഞ്‌ അവന്‍ ഒരു വലിയ കഷ്ണം പൊറോട്ടയും ആകെയുണ്ടായിരുന്ന മൂന്ന് ബീഫ്‌ കഷ്ണങ്ങളും വാരിയെടുത്ത്‌ ഓടിപ്പോയി.

Wednesday, June 06, 2007

എനിക്കും കിട്ടി മുക്കാലീഫ!

ഇന്ന് കുറച്ചു മുമ്പ് കുറുമാന്‍ വിളിച്ചിരുന്നു. ഞാന്‍ വളരെ സന്തോഷത്തോടെ സംസാരിച്ച് പുസ്തക പ്രസാധനത്തിന്റെ കാര്യവുമൊക്കെ പറഞ്ഞ്, HIT 96.7 ലെ പ്രോഗ്രാമ്മും കേട്ട് മസ്കറ്റിലെ കാറ്റിന്റെ പ്രത്യാഘാതമെന്നോണം ഇരുണ്ടു മൂടിയ അന്തരീക്ഷവും നിരീക്ഷിച്ച് അന്യായ ട്രാഫിക്കിലൂടെ പിക്കപ്പ് വാന്‍ ഓടിക്കുകയായിരുന്നു. അകത്ത് 7 ചുള്ളന്മാര്‍ ഉണ്ടായിരുന്നു.

വണ്ടിയുടെ സ്പീഡ് 5 KM/Hour ആയിരുന്നു. അപ്പോള്‍ ഞാന്‍ അതിമനോഹരമായ ഒരു കാഴ്ച കണ്ടു. വിശാലമായ കച്ച ഏരിയായില്‍ ധാരാളം ബസ്സ്, പിക്കപ്പ് വാന്‍ ഇവയെ പിടിച്ചിട്ടിരിക്കുന്നു. ഹ ഹ ഹ പാവങ്ങള്‍ മുക്കാ‍ലീഫ കിട്ടി എന്ന് ഞാന്‍ മനസില്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ കന്തൂറാ ധാരിയായ ഒരു കൊച്ചു ചുള്ളന്‍ എന്റെ വണ്ടിയുടെ നേരെ വന്നു.

അറബിയില്‍ അവന്‍ ‘താത്തറാ ഗ്ലാസ്’ എന്ന് പറഞ്ഞു.
താത്തിയില്ലെങ്കില്‍ നീ എന്തുചെയ്യുമെടാ എന്ന് മനസില്‍ പറഞ്ഞ് ഞാന്‍ ചില്ല് വലിച്ചു താത്തി.
ഇട്ക്കഡാ മുല്‍ക്കീ...
എടുത്തില്ലെങ്കില്‍ നീ എന്തു ചെയ്യുമെടാ ഞെരമ്പാ എന്ന് മനസില്‍ പറഞ്ഞ് ഞാന്‍ മുല്‍ക്കി (registration card - മലയാളത്തില്‍ ബുക്ക് എന്ന് പറയും.) എടുത്തു അവനു കൈമാറി.
ഒതുക്കഡാ വണ്ടി
ഒതുക്കിയില്ലെങ്കില്‍ നീ എന്തു ചെയ്യുമെടാ എന്ന് ചോദിച്ച് ഞാന്‍ വണ്ടി വിശാലമായ കച്ചയില്‍ 45 ഡിഗ്രി ആങ്കിളില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹതഭാഗ്യരില്‍ ഒരുവനായി.
6.15 pm മുതല്‍ 9.15 pm വരെ ഞാ‍ന്‍ അനേകരോടൊപ്പം അവിടെ നിന്നു.
പിടിച്ച വണ്ടികളുടെ എണ്ണം 100 തികഞ്ഞപ്പോള്‍ ആ ഏകാംഗ പട്ടാളം അവന്റെ വണ്ടിയില്‍ കയറി ഇരുന്നു.

അതി സൂക്ഷ്മതയോടെ ചുള്ളന്‍ ഒരു സിഗററ്റ് എടുത്തു. വണ്ണം കുറഞ്ഞ് നീളം കൂടുതലുള്ള ഒരിനം സിഗററ്റ്. ആസ്വദിച്ച് വലിച്ചതിനുശേഷം ചുള്ളന്‍ ഓരോരുത്തരേയായി വിളിച്ചു.

അങ്ങനെ എനിക്കും കിട്ടി ഒരു മുക്കാലീഫ്.

നാളെ മൂറൂര്‍ (traffic police) ഓഫീസില്‍ ചെന്ന് ഈ മുക്കാലീഫില്‍ പൊതിഞ്ഞ് യൂയേയീ സെന്ട്രല്‍ ബാങ്ക് കമ്മട്ടത്തില്‍ അടിച്ച നോട്ടുകള്‍ അടക്കി വച്ചാല്‍ അത് 5000 മതിക്കുമെങ്കില്‍ എന്റെ ലൈസന്‍സ് തിരികെ തരും...

മുക്കാലീഫ് കിട്ടാന്‍ കാരണം: ഷാര്‍ജ്ജ സിറ്റിയില്‍ ലേബേര്‍സ് കേറരുത്. അവരുടെ താമസം നഗരാതിര്‍ത്തിക്കപ്പുറത്തുള്ള സനയ്യ (industrial area) യിലേക്ക് മാറ്റണം. അതിനായി പണിക്കാര്‍ കയറുന്ന വണ്ടികള്‍ക്ക് കനത്ത് മുക്കാലീഫ് കൊടുക്കുന്നു. ചെറിയ പിക്കപ്പ് വാന്‍ 5000, ബസ് 10,000. ഇനി ഒന്നു കൂടി പിടിച്ചാല്‍ ഇരട്ടിയാകും മുക്കാലീഫ്.

ഗുണപാഠം: പഴുത്ത പ്ലാവില വീഴുന്ന കണ്ട് പച്ച പ്ലാവില ചിരിക്കരുത്.
ഇന്ന് (വെള്ളിയഴ്ച) പത്രത്തില്‍ വന്ന വാര്‍ത്ത: (പത്രക്കാരെ കൊണ്ട് തോറ്റു. നമ്മുടെ പിന്നാലെ നിന്ന് മാറില്ല. ഫേമസാ‍യാലുള്ള കുഴപ്പങ്ങളേ ;))

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.