Sunday, July 23, 2006

കൊരട്ടി പെരുന്നാള്‍

ഇതു മുമ്പു വായിച്ചവരുണ്ടെങ്കില്‍ മാപ്പ്‌. നിങ്ങള്‍ക്കും ഉണ്ടാകും അമ്പ്‌ ഓര്‍മ്മകള്‍ എന്നെനിക്കറിയാം. അത്‌ അയവിറക്കാന്‍ നിങ്ങളെ ഈ പോസ്റ്റ്‌ സഹായിച്ചാല്‍ ഞാന്‍ നാല്‌ ബിയര്‍ നില്‍പ്പന്‍ അടിച്ചവനെപ്പോലെ കൃതാര്‍ത്ഥനായി.

എന്റെ കോളേജ്‌ ജീവിതത്തില്‍ നടന്നിട്ടുള്ള ഒട്ടനവധി രസകരമായ സംഭവങ്ങളില്‍ ഒന്നാണിത്‌. കോളേജിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു, ഷാജി ചെറിയാന്‍ അമ്പൂക്കന്‍. അപ്പന്റെ പേരായ ചെറിയാന്‍ എന്ന പേരിലാണ്‌ ഇവന്‍ ഞങ്ങളുടെയിടയില്‍ പ്രസിദ്ധന്‍. ഞങ്ങളുടെ ക്ലാസിന്റെ ആസ്ഥാന ഉത്സവമായി ഞങ്ങള്‍ കണക്കാക്കിയിരുന്നത്‌ കൊരട്ടിപ്പെരുന്നാളായിരുന്നു. ഇവനായിരുന്നു ആതിഥേയന്‍.

തൃശ്ശൂരിന്റെ വിദ്യഭ്യാസ രംഗത്തെ തിലകക്കുറി എന്ന്‌ (ഞങ്ങള്‍) അവകാശപെടുന്നതും, കേരളത്തിലെ ആദ്യത്തെ പോളിടെക്നിക്കുമായ മഹാരാജാസ്‌ ടെക്നോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലെ കുട്ടികളായിരുന്ന ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ദേശീയോത്സവമായി ആഘോഷിക്കേണ്ടി വരാറുള്ളത്‌ നാല്‍പതോളം കിലോമീറ്റര്‍ അകലെ കിടക്കുന്ന കൊരട്ടി പെരുന്നാളായിരുന്നു.

തൃശ്ശൂര്‍ പൂരം ഞങ്ങളുടെ പരീക്ഷയുടെ തലേ ദിവസമായിരിക്കും, അതിനാല്‍ പൂരം ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായത്‌ പഠിത്തം കഴിഞ്ഞിട്ടായിരുന്നു. കൊരട്ടിക്കാര്‍ക്ക്‌ പെരുന്നാള്‍ ദിവസം എത്ര പേര്‍ അധികം വരുന്നുവോ അത്രയും സന്തോഷമാണ്‌. കൊരട്ടി പെരുന്നാളിന്റെ എല്ലാ വര്‍ഷവും കമ്മിറ്റി മെംബര്‍ ആയ ഒരു പൌരപ്രമുനായിരുന്നു ഷാജിയുടെ അപ്പന്‍. അടുത്ത ക്ലാസിലാണെങ്കിലും ഞങ്ങളുടെ ക്ലാസുകാരനാണെന്ന്‌ മറ്റുള്ളവര്‍ക്ക്‌ തോന്നിപ്പിക്കുമാറ്‌ അടുപ്പമുണ്ടായിരുന്ന ജോഷിയും (മത്തങ്ങത്തലയന്‍ എന്ന പ്രശസ്ത ബ്ലോഗ്ഗര്‍) പെരുന്നാളിന്റെ ആതിഥേയനായിരുന്നു.
ജാതിഭേദ്യമേന്യ എല്ലവരും അഘോഷിക്കുന്ന രണ്ട്‌ പെരുന്നാള്‍ ഉണ്ട്‌ കൊരട്ടിപള്ളിയില്‍. ഒന്നാമത്തേത്‌ എട്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന കൊരട്ടിമുത്തിയുടെ തിരുന്നാള്‍. ബലൂണ്‍, പീപ്പി, ഐസ്‌ ഫ്രൂട്ട്‌, കരിമ്പിന്‍ ജ്യൂസ്‌, മുളകു വട, വൈ രാജാ വൈ, കുപ്പിവള സ്ലൈഡ്‌ ടീംസ്‌ തൊട്ട്‌, മാജിക്ക്‌, മരണക്കിണര്‍, മിനി മൃഗശാല തുടങ്ങി, എന്തിന്‌ അമ്മി, ആട്ടുകല്ല്‌ വരെയുള്ള വാണിഭക്കാര്‍ അവിടെ തമ്പടിക്കും. മുട്ടിലിഴയുക, പൂവന്‍ പഴം വഴിപാട്‌ തുടങ്ങിയവ ആണ്‌ അവിടത്തെ മു്യ‍ ആരാധനാകാര്യങ്ങള്‍.

പിന്നെ ഉള്ളത്‌ അമ്പ്‌ പെരുന്നാളാണ്‌. മെയിന്‍ തിരുന്നാളിന്റെ അത്ര ത്രില്ലില്ലെങ്കിലും ഇതും കൊരട്ടിക്കാര്‍ അത്യഹ്ലാദപൂര്‍വ്വം ആഘോഷിക്കുന്നു.

ആദ്യമായി അമ്പ്‌ പെരുന്നാളിന്‌ പോയി ആപ്പിലായ എന്റെ കഥയാണിത്‌.
കൂട്ടുകാര്‍ എല്ലവരും ശനിയാഴ്ച്ച വൈകുന്നേരമേ എത്താറുള്ളൂ. ഞാന്‍ കൊരട്ടിക്കടുത്ത ദേശക്കാരനായതിനാല്‍ എന്നില്‍ ഒരു ആതിഥേയന്‍ റോള്‍ ഇവര്‍ രണ്ടും കൂടി അടിചേല്‍പ്പിച്ചതു പ്രമാണിച്ചാണ്‌ ഞാന്‍ രാവിലെ തന്നെ ചെന്നു കയറിയത്‌. ചെന്ന ഉടനെ ജോഷിയുടെ അപ്പന്‍ ഒരു ഗ്ലാസ്‌ കല്‍പ്പക മധു നല്‍കി. അന്നു വരെ കാത്തുപോന്ന വെള്ളമടി ചാരിത്ര്യം ആ ഒരു ഗ്ലാസ്സ്‌ കള്ളോടെ എനിക്ക്‌ നഷ്ട്ടപ്പെട്ടു.

ഉടനെ അമ്പിന്‌ പോകാനുള്ള പുറപ്പാടായി. (തെക്കന്മാര്‍ക്ക്‌ പരിചയമില്ലാത്ത ഒന്നാണീ അമ്പ്‌ പോക്ക്‌. ഒരു താലത്തില്‍ ഒരു സ്വര്‍ണ്ണത്തിന്റെ അമ്പ്‌ (അഥവാ ആരോ) ഉണ്ടായിരിക്കും. ഇത്‌ ഒരോ വീട്ടിലേക്കും കയറും. കൂടെ ബാന്റ്‌ സെറ്റ്‌, ഒരു പത്ത്‌ കളര്‍ കുടകള്‍ എക്സിറ്റ്രാ. ഒരു വീട്ടില്‍ കയറിയാല്‍ അവിടെ ഒരു ഹിറ്റ്‌ പാട്ട്‌ ബാന്റില്‍ വായിക്കും. അതു കഴിഞ്ഞാല്‍ ആ വീട്ടുകാരന്റെ സാമ്പത്തികസ്ഥിതി അനുവദിക്കുന്നതു പോലെ പടക്കം. പിന്നെ ഏതെങ്കിലും ഒരു യുവാവ്‌ കൈയിലുള്ള ചെറിയ പ്രാര്‍ത്ഥനാ പുസ്തകവുമായി അകത്തു കയറി "വിശുദ്ധനായ സ്തെബസ്ത്യാനോസേ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കേണമേ.. തുടങ്ങി അഞ്ചു മിനിട്ട്‌ പ്രാര്‍ത്ഥിക്കും. വീട്ടുകാര്‍ അതേറ്റ്‌ ചൊല്ലും. എന്നിട്ട്‌ ഈ അമ്പിന്റെ പാത്രം ആ വീട്ടിലെ തരുണീമണികളിലാരെങ്കിലും അടുത്ത വീട്ടില്‍ എത്തിക്കണം. തരുണികള്‍ ഇല്ലാത്ത വീട്ടിലെ ഏറ്റവും ചിന്ന പയ്യന്‍ ഈ റോളില്‍ വരും. ഈ അമ്പ്‌ വച്ച പാത്രത്തില്‍ നമ്മുക്ക്‌ സംഭാവനകള്‍ ഇടാം, എല്ലാ ജാതിക്കാരും ഈ പാത്രത്തില്‍ വന്ന്‌ രൂപ, പൈസ, കോഴിമുട്ട തുടങ്ങിയവ ഇടുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.അമ്പിനുപോക്കില്‍ യുവാക്കള്‍ക്ക്‌ ഏറ്റവും ഇന്ററസ്റ്റുള്ള കാര്യം പ്രാര്‍ത്ഥന എത്തിക്കുക എന്നതാണ്‌. പെണ്‍കുട്ടികളെ തൊട്ടുമുന്‍പില്‍ കാണാം, അവര്‍ കണ്ണടച്ച്‌ ഏറ്റു ചൊല്ലുക ആയതുകൊണ്ട്‌ ഇവര്‍ക്ക്‌ കണ്ണുതുറന്ന്‌ അവരുടെ ചോരകുടിക്കാം, എന്തിനേറെപ്പറയണം, റെജിയുടെ വീട്ടില്‍ ഞാന്‍, സ്റ്റെല്ലയുടെ വീട്ടില്‍ ഞാന്‍ എന്നിങ്ങനെ മുന്‍ കൂര്‍ ബുക്കിങ്‌ വരെ കഴിഞ്ഞിട്ടാണ്‌ ഇവര്‍ ഇറങ്ങുന്നതു തന്നെ.

അന്നത്തെ അമ്പിന്‌ എന്റെ കഷ്ടകാലത്തിന്‌ എനിക്കും ഇറങ്ങേണ്ടി വന്നു. മരനീര്‌ സമ്മാനിച്ച ആ സിറുമ്മല്‍ കൊണ്ട്‌ ജോഷി ഒരു കുട തന്നപ്പോള്‍ ഞാന്‍ അതു കയറി പിടിച്ചു. (കുട എന്നുപറഞ്ഞാല്‍ പട്ടുകുട. നമ്മുടെ ഉത്സവങ്ങള്‍ക്കൊക്കെ ആനപ്പുറത്തിരിക്കുന്ന സാധനം തന്നെ. ഇവിടെ കാലിനു നീളം കുറവായിരിക്കും എന്നും മാത്രം. പലവര്‍ണ്ണത്തിലുള്ള ഈ കുടകളാണ്‌ അമ്പ്‌ ടീമിന്‌ മൊത്തത്തില്‍ ഒരു ഗുമ്മ്‌ നല്‍കുന്നത്‌)

കുട പിടുത്തം, ബാന്റ്‌ സെറ്റ്‌ എന്നിവ കനാല്‍ സൈഡിലുള്ള കോളനിയിലെ ചുള്ളന്മാര്‍ ആണ്‌ കോണ്ട്രാക്റ്റ്‌ എടുക്കുക. എന്നേയും കണ്ടാല്‍ ഏകദേശം ഗ്യാരന്റി കളറായിരുന്നതു കൊണ്ട്‌ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, അവര്‍ക്ക്‌ യൂണിഫോം ഉണ്ടായിരുന്നു. ബാന്റ്‌ സെറ്റ്‌ കാര്‍ക്ക്‌ വെള്ളഷര്‍ട്ടും കടും ചുവപ്പ്‌ പാന്റ്സും. മിക്കവരും പാന്റ്സ്‌ താഴെ ഒരു രണ്ടുമടക്ക്‌ മടക്കി തെറുത്ത്‌ കേറ്റിവയ്ക്കും. അതാണവരുടെ ഫാഷന്‍. എല്ലാവരും ഷര്‍ട്ട്‌ ഇന്‍സെര്‍ട്ട്‌ ചെയ്തിട്ടുണ്ടാകും.

കുട പിടിക്കാന്‍ മിക്കവാറും ബാന്റ്‌ സെറ്റ്‌ ടീമിലെ അപ്രന്റീസ്‌ പിള്ളേരായിരിക്കും. അവര്‍ക്ക്‌ പാന്റ്സിടാന്‍ അനുവാദമില്ല. വെള്ളഷര്‍ട്ടും മുണ്ടുമായിരിക്കും. രണ്ടോ മൂന്നോ വര്‍ഷം കുട പിടിച്ചതിനു ശേഷമേ അവര്‍ക്ക്‌ ബാന്റ്‌ സെറ്റ്‌ ടീമിലേക്ക്‌ പ്രമോഷന്‍ നല്‍കുകയുള്ളൂ. (ഇതൊക്കെ അപ്രന്റീസുകള്‍ അന്നേരം എന്നോട്‌ പറഞ്ഞതാണ്‌.)

എണ്ണയില്‍ ക്കുളിച്ച മുടി പതിപ്പിച്ച്‌ ചീകി, വെയിലത്ത്‌ വിയര്‍പ്പിന്റെ കൂടെ എണ്ണയും കവിളിലേക്ക്‌ ഒഴുക്കിയാണവര്‍ നടക്കുക. എനിക്കത്‌ കണ്ടതും എന്റെ മുഖത്താകെ എണ്ണ ഉണ്ടെന്ന സംശയം ഉടലെടുത്തു. യഥാര്‍ത്ഥത്തില്‍ അത്‌ ഓയിലോഫോബിയ എന്ന ഒരു മനസിക അസുത്തിന്റെ ആരംഭം മാത്രമാണെന്ന്‌ പിന്നീട്‌ ഏതോ വാരികയിലെ മന:ശാസ്ര്തഞ്ജന്‍ എഴുതിയത്‌ ഞാന്‍ വയിച്ചു. അന്നത്തെ ഫാഷനായിരുന്ന ബഫെല്ലോയുടെ വെള്ള ഷര്‍ട്ടും കോടിക്കളര്‍ മുണ്ടും ഉടുത്തിരുന്ന എന്നെയും എല്ലാവരും കുടപിടിപിള്ളേരാണെന്ന്‌ കണക്കുകൂട്ടി.

അങ്ങിനേ ഒരു 25 വീട്‌ കയറിയിറങ്ങി. മരനീരിന്റെ ആമ്പിയറും കുറഞ്ഞതോടെ കുട എനിക്കൊരു ഭാരമായി. ജോഷിയോ ഷാജിയോ ഞാന്‍ എന്ന ഒരു വ്യക്തി അതിഥി ആയി വന്നിട്ടുണ്ടെന്ന കാര്യം മന:പൂര്‍വ്വം വിസ്മരിച്ച്‌ "പ്രാര്‍ത്ഥന എത്തിക്കുവാന്‍" ഏറ്റവും മുന്നേ നടക്കുകയാണ്‌. ഏറ്റവും മുന്നില്‍ നടക്കുന്ന അവരുമായി എനിക്ക്‌ കമ്മ്യൂണിക്കേറ്റ്‌ ചെയ്യണമെങ്കില്‍, കുട എവിടെയെങ്കിലും വച്ച്‌ ആള്‍ക്കൂട്ടത്തിനിടയില്‍ കൂടി ഓടി മുന്നില്‍ കേറണം. അതിന്‌ കുട ആര്‍ പിടിക്കാന്‍? എപ്പോഴോ എന്റേയും ജോഷിയുടേയും കണ്ണുകള്‍ കൂട്ടിമുട്ടി. ആ ഒരു മൈക്രോ സെക്കന്റ്‌ മതിയായിരുന്നു, എനിക്കറിയാവുന്ന എല്ലാ തെറികളും കണ്ണില്‍ക്കൂടി ട്രാന്‍സ്മിറ്റ്‌ ചെയ്യുവാന്‍. പക്ഷേ അത്‌ റീസെവ്‌ ചെയ്യാതെ അവന്‍ കണ്ണുകള്‍ പിന്‍വലിച്ചുക്കളഞ്ഞു.

അങ്ങിനെ ഒരു വീട്ടില്‍ ചെന്നുകയറിയ ഞാന്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കണ്ടു. എന്റെ വീടിന്‌ ഒരു പത്തുപതിനഞ്ച്‌ വീട്‌ അടുത്തുള്ള (കൊരട്ടിയിലേക്ക്‌ കെട്ടിച്ച) എലുങ്ങ കോപ്പന്‍ ചേട്ടന്റെ മോള്‍ ബീന ചേച്ചി ആ വീട്ടില്‍ നില്‍ക്കുന്നു. വീട്‌ ഞാന്‍ ആപാദചൂഢം വീക്ഷിച്ചു. അതൊരു കൃസ്ത്യന്‍ വീടല്ല. കൊരട്ടീ മുത്തി ഒരു സെക്യുലര്‍ ഇമേജ്‌ ഉള്ള ദൈവമാണ്‌. അവിടങ്ങളില്‍ സാധാരണയായി നോണ്‍-ക്രിസ്ത്യന്‍സും അമ്പ്‌ വീട്ടില്‍ കയറ്റി പ്രാര്‍ത്ഥിക്കാറുണ്ട്‌. കോലായില്‍ വച്ചിരിക്കുന്ന ഒരു നൂറു ഫോട്ടോകളില്‍ ഒന്നില്‍ ബീനേച്ചിയും ഭര്‍ത്താവായ സുന്ദരേശന്‍ ചേട്ടനും ചെറുതായി സ്മെയില്‍ ചെയ്തിരിക്കുന്നു. കുട പിടിക്കാന്‍ പോയ വിവരം വീട്ടിലെത്തിയാല്‍ മെടയുന്ന മെടച്ചിലിന്‌ സമാനതകളുണ്ടാവില്ല.

അന്ന്‌ ഞാന്‍ പത്താം ക്ലാസ്‌ കഴിഞ്ഞ്‌ ഒരുവര്‍ഷം പോലും ആയിട്ടില്ല. യക്ഷിയമ്മ എന്ന വിളികേട്ട ഒരു ടീച്ചറേക്കാള്‍ ഭയങ്കരമായി ബുഡ്ഡ നമ്മളെ മെടയുന്ന കാലം. ഞങ്ങളുടെ അമ്പലത്തിലെ പറയെടുപ്പിന്‌ ആനയുടെ പുറകെ ഉച്ച വരെ നടന്നു എന്ന ഒറ്റ കാരണത്താല്‍ പറമ്പു മുഴുവന്‍ ഓടിച്ചിട്ട്‌ എന്നെ മെടഞ്ഞത്‌ വെറും ഒരു മാസം മുന്‍പായിരുന്നു. ഞാന്‍ തിരിഞ്ഞ്‌ നെറ്റിയിലുണ്ടായിരുന്ന ചന്ദനക്കുറി തൂത്തുകളഞ്ഞു. മുടി വലിച്ച്‌ ചപ്രചിപ്രയാക്കി. ചുണ്ട്‌ ഒരു സൈഡിലേക്ക്‌ അല്‍പം കോട്ടി പിടിച്ചു. ബീന ചേച്ചി സൂക്ഷിച്ച്‌ നോക്കുന്നതൊക്കെ കണ്ടു. പക്ഷേ മനസിലായില്ല. ജോഷിക്കും ഷാജിക്കും ഞങ്ങള്‍ തമ്മിലുള്ള പരിചയം അറിയാം. ഇനി അവരെങ്ങാന്‍ പണ്ടാറമടങ്ങാന്‍ ച്ച്വാച്ചീ, ച്ച്വാച്ചിയുടെ അയല്‍ക്കാരന്‍ എന്നു പറഞ്ഞ്‌ കലമുടക്കുമോ എന്നായിരുന്നു പേടി. ഒന്നുമുണ്ടായില്ല. തിരിച്ചു നടന്നപ്പോള്‍ ജഗതി റോളില്‍ സ്വല്‍പം മുടന്തോടെ നടന്ന്‌ ഞാന്‍ രക്ഷപ്പെട്ടു.

രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞാന്‍ സംഭവം ചേച്ചിയോട്‌ പറഞ്ഞു. അത്‌ അന്നേ മനസിലായി, നീ മിടുക്കനായിക്കോട്ടേ എന്ന്‌ കരുതി ഞാന്‍ വിട്ടതാ മോനേ എന്ന്‌ ടി കക്ഷി.

മറ്റൊരു വീട്ടില്‍ ചെന്നപ്പോള്‍ അടിച്ചു നീര്‍ത്തിയാല്‍ പത്തു കിലോമീറ്റര്‍ നീളം വരുന്ന ഒരു പതിനഞ്ച്‌ മടക്ക്‌ മടക്കി ആന ചെവിപോലെ വലിയ വായ തുറന്നു വച്ച ഒരു സാധനം ഉണ്ടല്ലോ ബാന്റ്‌ സെറ്റില്‍, (ബ്യൂഗിള്‍) അതു ഊതുന്നവന്‍ ഒരു കുപ്പി മണ്ണെണ്ണ ചോദിച്ചു. വീട്ടുകാരന്‍ അതെടുത്ത്‌ കൊടുക്കുകയും ലവന്‍ അത്‌ കുളു കുളുന്നനെ വായിലൊഴിക്കുകയും ചെയ്തു. ഇവനൊക്കെ മണ്ണെണ്ണയണോടെ കുടിക്കുന്നതെന്ന്‌ ഞാന്‍ മനസില്‍ വിചാരിച്ചപ്പോള്‍ അവന്‍ ആ മണ്ണെണ്ണ മുഴുവന്‍ ഈ ഗമണ്ടന്‍ സാധനത്തില്‍ കൂടി ഒരു തുപ്പ്‌. അതിന്റെ സ്വരം ശരിയാക്കിയതാണത്രേ. എത്ര കിട്ടും ച്ചേട്ടാ മെയിലേജ്‌ എന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍ ഇനി ഒരു പതിനഞ്ച്‌ പാട്ടുകഴിഞ്ഞാല്‍ ഒന്നു കൂടി പൂശേണ്ടി വരും എന്ന്‌ അവന്‍ മറുപടി പറഞ്ഞു.

ആ വീട്ടില്‍ ആയിരുന്നു അമ്പ്‌ ടീമിന്‌ ബ്രേക്ക്‌ ഫാസ്റ്റ്‌. എന്റെ അതിഥേയരായ ജോഷിയും ഷാജിയും പ്രാര്‍ത്ഥന എന്ന പുളിക്കൊന്‍പിന്മേല്‍ പിടിച്ച്‌ വീടിനകത്താണ്‌. ശാപ്പാടിനുമുണ്ടായിരുന്നു ഡിസ്ക്രിമിനേഷന്‍. അമ്പുകമ്മറ്റിക്കാര്‍ക്ക്‌ വീടിനകത്ത്‌, ബാന്റ്‌ സെറ്റിന്‌ പൂമുത്ത്‌, ഏറ്റവും തറകളായ കുടപിടുത്തക്കാര്‍ക്ക്‌ വീടിനുപിന്നില്‍ ചാണകം മെഴുകിയ വര്‍ക്ക്‌ ഏരിയയില്‍. ഒരു അപ്രന്റിസ്‌ പയ്യന്റെ സഹായത്തോടെ കുട മടക്കി ഒരു തെങ്ങില്‍ ചാരി വച്ച്‌ ഞാന്‍, എനിക്കറിയാവുന്ന - അന്നു പ്രചാരത്തിലുള്ള- എല്ലാ ചീത്തവാക്കുകളും മനസിലോര്‍ത്ത്‌ എന്റെ കാര്യം മറന്ന്‌ അകത്തിരുന്ന്‌ ഗ്രേസിയും അമ്മച്ചിയും വിളമ്പികൊടുത്ത അപ്പവും മുട്ടക്കറിയും അടിച്ചു കയറ്റുന്ന എന്റെ പ്രിയ സ്നേഹിതരെ കാണാന്‍ പൂമുത്തു കൂടി അകത്തേക്ക്‌ നുഴഞ്ഞു കയറി. വീട്ടുടമസ്ഥന്‍ വാ മോനേ എന്ന്‌ സ്നേഹപൂര്‍വ്വം വിളിച്ച്‌ അകത്ത്‌ കൂടി തന്നെ എന്നെ വീടിന്റെ പിന്‍ വശത്തെത്തിച്ചു. കുടപിടിക്കാര്‍ അവിടെ ഇരുന്ന്‌ അപ്പവും മുട്ടക്കറിയും വിഴുങ്ങുന്നു. സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ കണ്ടു, എല്ലാവര്‍ക്കും ഓരോ ഗവര്‍മേണ്ട്‌ വക പാക്കറ്റ്‌ ചാരായം കൊടുത്തിട്ടുണ്ട്‌. ബാന്റ്‌ സെറ്റ്കാരും വണ്‍ ബൈ വണ്‍ ആയി വന്ന്‌ പ്ലാസ്റ്റിക്ക്‌ ഉറയുടെ മൂല കടിച്ച്‌ പൊട്ടിച്ച്‌ അസാമാന്യ കരവിരുതോടെ, ഗ്ഗ്ലം എന്ന ശബ്ദത്തോടെ നില്‍പന്‍ പൂശി ശാപ്പാടടിക്കാന്‍ പൂമുത്തേക്ക്‌ പോകുന്നു.

ഒരു ഇലയില്‍ രണ്ടപ്പവും കറിയും എടുത്ത്‌ വര്‍ക്ക്‌ ഏരിയയുടെ മൂലയില്‍ വിശ്രമിക്കുകയായിരുന്ന ഒരു പൂച്ചയെ ഒറ്റ തൊഴിക്ക്‌ തെറുപ്പിച്ച്‌ കുടുംബനാഥന്‍ എന്നെ അവിടെയിരിക്കാന്‍ ക്ഷണിച്ചു. ഭക്ഷണം കഴിക്കാതെ പുറകു വശത്തെ മുറ്റത്തേക്കിറങ്ങിയ എന്നെ വളരെയധികം ആതിഥ്യമര്യാദ കൂടിയ വീട്ടുകാരന്‍ ഞങ്ങള്‍ക്കങ്ങനെ അയിത്തമൊന്നുമില്ല കുഞ്ഞേ അതൊക്കെ പണ്ടായിരുന്നു എന്നുപറഞ്ഞ്‌ പിടിച്ച്‌ വലിച്ച്‌ കൊണ്ടുപോയി, കുടപീടുത്തക്കാര്‍ക്കക്കായി സ്പ്യെഷലായി വച്ചിരുന്ന ഗവണ്മെന്റ്‌ വക പ്ലാസ്റ്റിക്ക്‌ ഉറയിലെ ചാരായം കഴിക്കാന്‍ നിര്‍ബന്ധിച്ചു. അതിഭയങ്കരമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ച എന്നെ അവിടെയെത്തിയ ഷാജിയുടെ അപ്പന്‍ ആണ്‌ രക്ഷിച്ചത്‌. തന്നെയുമല്ല ഷാജിയെ വിളിച്ച്‌ അസാമാന്യമായ രീതിയില്‍ ചീത്ത പറഞ്ഞ്‌ ഞങ്ങള്‍ മൂന്നുപേരോടും അമ്പില്‍ നിന്ന്‌ വിട്ട്‌ വീട്ടില്‍ പോകാന്‍ ഡിക്രീയില്‍ ഒപ്പിട്ടു......

ഗുണപാഠം: അമ്പിന്‌ പോയാല്‍ കുട പിടിക്കരുത്‌. അത്‌ കൈമാറാന്‍ ആളെ കിട്ടിയെന്ന്‌ വരില്ല.
അറിയാതെ മൂളാന്‍ തോന്നുന്നു......

ഒരു വട്ടം കൂടിയെന്‍.. .. ..

17 comments:

സങ്കുചിത മനസ്കന്‍ said...

കൊരട്ടി പെരുന്നാള്‍
ഇതു മുമ്പു വായിച്ചവരുണ്ടെങ്കില്‍ മാപ്പ്‌. നിങ്ങള്‍ക്കും ഉണ്ടാകും അമ്പ്‌ ഓര്‍മ്മകള്‍ എന്നെനിക്കറിയാം. അത്‌ അയവിറക്കാന്‍ നിങ്ങളെ ഈ പോസ്റ്റ്‌ സഹായിച്ചാല്‍ ഞാന്‍ നാല്‌ ബിയര്‍ നില്‍പ്പന്‍ അടിച്ചവനെപ്പോലെ കൃതാര്‍ത്ഥനായി.

എന്റെ കോളേജ്‌ ജീവിതത്തില്‍ നടന്നിട്ടുള്ള ഒട്ടനവധി രസകരമായ സംഭവങ്ങളില്‍ ഒന്നാണിത്‌.

Marthyan said...

നാല്‌ ബീയര്‍ നില്‍പനടിച്ചപോലെ നിന്നോളു..
എന്നാലും പാക്കറ്റ്‌ ചാരായം വേണ്ടെന്ന് പറയരുതായിരുന്നു. :)
അവനല്ലെ സ്വയമ്പന്‍.... :)
വായിച്ചിഷ്ടപ്പെട്ടു സുഹൃത്തെ

evuraan said...

അമ്പ് എന്നാലിതാണെന്ന് ഒരു പിടിയുമില്ലായിരുന്നൂ..

സങ്കുചിതാ, എന്താണാ സ്വര്‍ണ്ണ അമ്പിന്റെ ഗുട്ടന്‍സ്?

സൂര്യോദയം said...
This comment has been removed by a blog administrator.
സൂര്യോദയം said...

"അമ്പുപെരുന്നാളിന്‌ കുട പിടിച്ച മാതിരി.." എന്നൊരു പഴം ചൊല്ല് കുറേ കാലമായി ചാലക്കുടിയില്‍ നിലവിലുണ്ട്‌.

കണ്ണൂസ്‌ said...

ഒരിക്കല്‍ ഒരു ഏകാദശി വിളക്കിന്‌ ആനപ്പുറത്തിരുന്ന് തിടമ്പു പിടിക്കാന്‍ മൂത്ത പട്ടന്മാരെ ഒന്നും കിട്ടാതെ വന്നപ്പോള്‍ കമ്മറ്റിക്കാര്‍ ഞങ്ങടെ ഗ്യാംഗിലുള്ള അര ബ്രാഹ്‌മണന്‍ സന്തോഷിനെ പിടിച്ച്‌ ആനപ്പുറത്തു കയറി. 10 മിനിറ്റ്‌ കഴിഞ്ഞാല്‍ സ്ഥിരം തിടമ്പു പിടിക്കുന്ന തിരുമേനി വന്നു കൊള്ളുമെന്നും അപ്പോള്‍ സന്തോഷിന്‌ ഇറങ്ങാം എന്നുമായിരുന്നു കരാര്‍. 10 മിനിറ്റ്‌ അല്ല, മണിക്കൂര്‍ ഒന്നു കഴിഞ്ഞ്ട്ടും തിരുമേനിയെ കാണാഞ്ഞിട്ടും താഴെ പഞ്ചവാദ്യത്തിന്റെ കൂടെയുള്ള ഞങ്ങടെ അര്‍മാദം കണ്ട്‌ സഹിക്കാഞ്ഞിട്ടും എരിപൊരി കൊണ്ടിരിക്കുകയായിരുന്നു സന്തോഷ്‌. അതിന്റിടക്ക്‌, ആനയുടെ അടുത്തു കൂടി വേറൊരു ബ്രാഹ്‌മണന്‍ നടന്നു പോവുന്നത്‌ കണ്ടപ്പോള്‍ പുള്ളി മുകളിലിരുന്ന് വിളിച്ചു കൂവി.

" മോഹനേട്ടോ.. ആ പട്ടരടടുത്ത്‌ നിങ്ങള്‍ ഇത്‌ കൊടുത്തില്ലെങ്കില്‍ ഞാന്‍ ആനപ്പുറത്ത്‌ അപ്പിയിടും!!!"

തിടമ്പു പിടിച്ച സ്വാമി ആനപ്പുറത്ത്‌ അപ്പിയിട്ട്‌ ഏകാദശി അലങ്കോലം ആവുന്ന കാര്യം കമ്മറ്റി ആലോചിച്ചതു കൊണ്ടാവും രണ്ട്‌ മിനിറ്റില്‍ സന്തോഷ്‌ പഞ്ചവാദ്യത്തിനടുത്തെത്തി.

bodhappayi said...

സങ്കു, കൊരട്ടിപ്പെരുന്നാളിനെപ്പറ്റി എഴുതിയിട്ടു കൊരട്ടി മാതയെ വിട്ടു കളഞ്ഞത്തു ശരിയായില്ല. ചാലക്കുടി-കൊരട്ടി പിള്ളേര്‍ യൂണീയന്റെ വഹ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു. ഇനി അടുത്ത പോസ്റ്റ്‌ അതു പോരട്ടെ.... :)

ഗന്ധര്‍വ്വന്‍ said...

തപ്പുതാളവും ബാന്റും. തലയില്‍ കശുമാങ്ങ നുരയുന്നു.
പെട്രോമേക്സു വെളിച്ചത്തില്‍ ഘോഷയാത്രയായി പള്ളിയിലേക്ക്‌.

ബാന്റില്‍ എന്നാടി രാക്കമ്മ പല്ലാക്കു... കഴിഞ്ഞു. ഇതാ തപ്പു മുരുകുന്നു.

അവടെ കൊട്ടട, ഇവിടെ കോട്ടട,
അപ്പന്റെ മുന്നില്‌ നിര്‍ത്തി കൊട്ടട.

ഗന്ധര്‍വന്‍ പമ്പിരിയാണ്‌.

കാലുകള്‍ ഒരു സുഹ്രുത്തുമായി പിണച്ച്‌ വട്ടപ്പാലം ചുറ്റുകയാണ്‌.

ikkaas|ഇക്കാസ് said...

നന്നായണ്ട്ട്ടാ.. എല്ലാ ത്ര്ശ്ശൂക്കാരും ഇങ്ങനെയാ?

ദില്‍ബാസുരന്‍ said...

ആറാട്ടിന് പോകുമ്പൊ പന്തം പിടിക്കുക എന്നാണ് ഞങ്ങളുടെ അവിടെ പറയുക.

കുട പോലെയല്ല പന്തം.അപാര കനം മാത്രമല്ല മര്യാദക്ക് പിടിച്ചില്ലെങ്കില്‍ ചൂടുള്ള എണ്ണ ഒലിച്ച് കൈ കെ എഫ് സി കോഴി പോലെയാവും.എങ്ങാനും നിലത്ത് വെക്കാന്‍ നോക്കിയാല്‍ കളറുകളുടെ ഇടയില്‍ നമുക്കുള്ള ഇമേജ് ഗോപീചന്ദനാദി ഗുളിക!

കുറുമാന്‍ said...

ചേലൂര്‍ പള്ളിയിലെ അമ്പുപെരുന്നാളും, രാത്രി ബാന്റിന്റെ കൂടെയുള്ള ഡാന്‍സും, ഓര്‍മ്മ വന്നു. ഇരിങ്ങാലക്കുട സെന്റ്മേരീസ് പള്ളിയില്‍ പിണ്ടി പെരുന്നാളോഘോഷം കേമമാണ്. ബാന്റ് സെറ്റ് കൂടാതെ ചെട്ടികൊട്ടും, ഈയിടേയായി ശിങ്കാരിമേളവും പതിവില്ലേ?

ഒരിക്കല്‍ അച്ഛനോട് ചോദിക്കാതെ, അമ്മയോട് ഗ്യാ‍പ്പില്‍ സമ്മതം വാങ്ങിച്ച്, പിണ്ടിപിരുന്നാള്‍ കണ്ട് തെണ്ടി തിരിഞ്ഞു വെളുപ്പാന്‍ കാലത്ത് കരിമ്പും വാങ്ങി വന്ന എന്നെ എന്റെ പിതാവ് പച്ച കരിമ്പിനാല്‍ അടിച്ചതിന്റെ തഴമ്പ് ദാ കഴിഞ്ഞകൊല്ലമാ പുറത്ത് നിന്നും, തുടയില്‍ നിന്നും മാഞ്ഞത്.

നന്നായി സങ്കൂ

കലേഷ്‌ കുമാര്‍ said...

ഇത് പണ്ട് വായിച്ചിട്ടുള്ളതായിരുന്നെങ്കിലും ഒന്നൂടെ വായിച്ചപ്പോള്‍ രസമുണ്ട്! ഇത് ഒരു എഡിറ്റഡ് വെര്‍ഷനല്ലേ?

സങ്കുചിത മനസ്കന്‍ said...

മര്‍ത്ത്യാ...
അന്നത്തെ ദിവസം എന്റെ കള്ളുകുടി കന്യാചര്‍മ്മം പൊട്ടിയതേ ഒള്ളായിരുന്നു. പാക്കറ്റ്‌ ചാരായത്തിന്റെ വെല അപ്പഴറിയണ്ടേ?

ഏവൂരാനേ: എന്റെ ബ്ലോഗിനെ ആദ്യകമന്റിട്ട ബ്ലോഗുകളുടെ ചിത്രഗുപ്താ...

അമ്പ്‌ പെരുന്നാള്‍ എന്നാല്‍ വിശുദ്ധനായ സ്തെബസ്ത്യാനോസിന്‌ അമ്പേറ്റതിന്റെയോ മറ്റോ സ്മരണയാണ്‌. (ശരിക്കറിയില്ല). അപ്പോ ആ അമ്പിനെ പൂജിച്ച്‌ ഒരു താലത്തിലാക്കി എല്ലാ വീട്ടിലും കൊണ്ടെത്തിക്കും. അത്‌ മിക്കവാറും സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ചെറിയ അമ്പായിരിക്കും.

സൂര്യോദയം ചേട്ടാാ , ചാലക്കുടിയില്‍ എവിടെയാ?

കണ്ണൂസേ,
കമന്റ്‌ കണ്ടപ്പോഴാണ്‌ ആനയെപ്പുറത്ത്‌ കയറുന്ന കാര്യം ഓര്‍ത്തത്‌. അതുപോലെ കയറി ആപ്പിലായ കഥകള്‍ ഉത്സവപ്പറമ്പുകളില്‍ ഇഷ്ടം പോലെ ഉണ്ടല്ലേ....?

കുട്ടപ്പായി) കൊരട്ടിമാത എന്നുദ്ദേശ്ശിച്ചത്‌ കൊരട്ടിമാതാ ടെക്നിക്കല്‍ ഇന്‍സ്റ്റിട്യൂട്ട്‌ ആണോ?

ഗന്ധര്‍വ്വന്‍ ജീ,
ഞാന്‍ ധന്യനായി........

ഇക്കുവേട്ടാ, വില്ലുവേട്ടാ,,,
ആ അങ്ങിനെയാ....

ദില്‍ബു: കെ.എഫ്‌.സി !!!! ഞങ്ങളുടെ അവിടെ ഒരു പന്തമേ ഉണ്ടാകാറുള്ളൂ അത്‌ പിടിക്കുന്നത്‌ ഷാരഡി ആയിരിക്കും.

കുറുജീ.....

നമ്മുടെ ഒക്കെ ബുഡ്ഡകളുടെ തലമുറ മര്‍ദ്ദനത്തില്‍ വിശ്വസിച്ചിരുന്ന ടീമുകളായിരുന്നല്ലേ?

റൌണ്ടപ്പ്‌ ബായ്‌>
നന്ദി

അരവിന്ദ് :: aravind said...

സൂപ്പറ് പോസ്റ്റായീണ്ട് സങ്കൂ..:-))
ശരിക്കും രസിച്ചു..
(ഓര്‍മ വന്നു, വായകോട്ടി, മുഖം ചുളിച്ചു പിടിച്ചിരുന്ന എത്രയെത്ര അവസരങ്ങള്‍!!!! :-))

kvenunair said...

ഒരിക്കല്‍,
ഉത്സവം നടക്കുകയാണു്.പള്ളിവേട്ടയാണു്.ഗജവീരന്മാര്‍.
താലപ്പൊലി.തീവട്ടികള്‍ . തീവട്ടി പിടിച്ചുനിന്ന ഒരാള്‍ നമ്മുടെ ജോസെഫ് സാറിനോടു പറയുന്നു.ഞാന്‍ ഒന്നു മുള്ളിയിട്ടു വരട്ടെ.സമ്മതം.സാറോതുന്നു.
പാവം ജോസെഫ് സാര്‍....നേരം വെളുക്കുന്നതുവരെ തീവട്ടി പിടിക്കേണ്ടിവന്ന ദയനീയ കഥ ഇന്നും ഓര്‍ക്കുന്നു.

ബിന്ദു said...

'ഇതു മുമ്പു വായിച്ചവരുണ്ടെങ്കില്‍ മാപ്പ്‌.'

മാപ്പ്‌ തരാം എന്നാണോ? ;)തന്നോളൂ.. എന്നാലും എഴുതിയതുഗ്രന്‍ എന്ന്‌ അന്നു പറയാന്‍ പറ്റിയില്ലല്ലൊ.

അപ്പൊള്‍ ദമനകന്‍ ... said...

ഇത്പോലെ ഒന്ന് രണ്ട് തവണ, ചെണ്ട വിളക്ക് എന്നിവ പിടിച്ച് കെണിയിലായിട്ടുണ്ട് അത് ഓര്‍ത്തു.
അതെല്ലാം ചോദിച്ച് വാങ്ങി, അഭിമാനത്തോടെ ആണു ആദ്യത്തെ 10 - 30 മിനുട്ട് പിടിക്കുന്നത്, പിന്നെയാണ് കെണി മനസ്സിലാകുന്നത് :)

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.