Sunday, April 30, 2006

കിണറ്റില്‍ വീണ കഥ -2

കുത്തനെ വിശ്രമിക്കുന്ന കമ്പികള്‍ കുത്തിക്കയറുന്നതും, പാറയില്‍ തല തല്ലി തകരുന്നതും പ്രതീക്ഷിച്ച്‌ പിടി വിട്ട ഞാന്‍ വളരെ സ്മ്മൂത്തായ ഒരു വെര്‍ട്ടിക്കല്‍ ലാന്റിങ്ങിനാണ്‌ സാക്ഷ്യം വഹിച്ചത്‌. കാരണം എന്റെ കാല്‍പാദവും വെള്ളവും തമ്മില്‍ ഒരു പത്തുമീറ്റര്‍ അകലമേയുണ്ടയിരുന്നുള്ളൂ. എന്റെ ബോഡി വെയ്റ്റ്‌ മൂലം ഏകദേശം ഒരു നൂറ്റാണ്ട്‌ പ്രായമ്മുള്ള ആ ഇഞ്ച വള്ളിയുടെ വേരുകള്‍ പതുക്കെ പതുക്കെ ഇളകിയിളകി ഞാനറിയതെത്തന്നെ ഞാന്‍ ഒരു മിനിട്ടില്‍ ഒരു മീറ്റര്‍ എന്ന കണക്കെ താഴുന്നുണ്ടായിരുന്നത്രേ! എന്തായാലും വെള്ളത്തില്‍ വീണ എന്റെ കാല്‍പാദങ്ങള്‍ അരയടിയോളം ചേറില്‍ താഴ്ന്നു പോയി. അനങ്ങതെ ഞാന്‍ ആദ്യം രംഗനിരീക്ഷണം നടത്താന്‍ തീരുമാനിച്ചു. റെസ്ക്യൂ ഓപ്പറേഷന്‌ വെളിച്ചമേകി സഹായിച്ചിരുന്ന പെട്രോള്‍ മാക്സ്‌ എന്റെ ഒപ്പം വെള്ളത്തില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ താഴ്ത്തി അന്ധകാരമകറ്റാന്‍ കാട്ടാളന്‍ ജോസ്‌ നിര്‍ദ്ദേശിച്ചു.

എതാണ്ട്‌ ഒരു 5 കിലോ വലുപ്പം വരുന്ന ഒരു മാക്കച്ചി തവളയിതാരടേയ്‌ പുതിയ ഗസ്റ്റ്‌ എന്ന്‌ മട്ടിലെന്നെ തുറിച്ചു നോക്കി അങ്ങോട്ടും ഇങ്ങോട്ടും പരാക്രമത്താല്‍ ചാടുന്നു. അവസാനം ആ കൂപമണ്ഡൂകം ഒരു ചാട്ടത്തിന്‌ എന്റെ ഇടതു തോളില്‍ ഇരിപ്പുറപ്പിച്ചു. ഇടതുകണ്ണിന്റെ കൃഷ്ണമണി മാത്രം മെല്ലെ ഇടത്തോട്ടേക്കു തിരിച്ച്‌ അതിനെ നോക്കിയ എനിക്ക്‌ കാണാന്‍ സാധിച്ചത്‌, ഹൊറര്‍ സിനിമയിലെ പോലെ, സൂം ചെയ്ത ആ മാക്കാച്ചിതവളയുടെ രണ്ടു മത്തക്കണ്ണുകളും,മൂക്കും വായുമാണ്‌. മൂക്കിനുള്ളില്‍ പോയ പുല്ലിന്റെ കഷ്ണം നല്‍കുന്ന അസ്വസ്ഥത മറികടക്കാന്‍ മൂക്കിനുള്ളില്‍ എരുമ, പോത്ത്‌, മൂരി, പശു തുടങ്ങിയ ജന്തുവര്‍ഗ്ഗങ്ങള്‍ നാവു കേറ്റുന്നതു പോലെ ഒരോസെക്കന്റു ഇടവിട്ടു ഈ പിശാചുമോറന്‍ തവള നാവു മാറി മാറി മൂക്കിനുള്ളില്‍ കയറ്റുന്നു. ഇടക്കൊരുവട്ടം അത്‌ നാവ്‌ അതിഭയങ്കരമായ ലെങ്ങ്ത്തില്‍ നീട്ടി എന്റെ കണ്ണില്‍ കുത്താന്‍ വന്നു. ഞാന്‍ ഒന്നും മിണ്ടാതെ പതുക്കെ വെള്ളത്തില്‍ താഴ്ന്ന്‌ എന്റെ തോള്‌ വെള്ളത്തിനടിയിലാക്കി. എഴുന്നിള്ളിപ്പു കഴിഞ്ഞ ആന കുനിഞ്ഞുകൊടുക്കുമ്പോള്‍ മുകളിലുള്ളവര്‍ ഇറങ്ങി പോകുന്ന പോലെ അത്‌ സ്ലോമോഷനില്‍ ഒരു ലെങ്ങ്ത്തി ഡൈവിങ്ങില്‍ കൂടി എങ്ങോ പോയ്മറഞ്ഞു.

പതുക്കെ പൊന്താന്‍ ശ്രമിച്ച ഞാന്‍ കണ്ടത്‌ എന്റെ മൂക്കിനോട്‌ ചേര്‍ന്ന്‌ ഒരു ആമ അതിന്റെ മൂക്ക്‌ മുട്ടിച്ച്‌ രണ്ട്‌ കൈ കൊണ്ടും- വിക്കറ്റ്‌ കിട്ടുമ്പോള്‍ ഷോയബ്‌ അക്തര്‍ കാണിക്കുന്ന പോലെ- ബാലന്‍സ്‌ ചെയ്യാന്‍ ശ്രമിക്കുന്നു. ആസ്വദിക്കാന്‍ പറ്റുന്ന ഒരു കാഴ്ച്ചകളും കിണറ്റിലില്ലെന്നു എനിക്ക്‌ മനസിലായി. മുകളില്‍ നിന്ന്‌ ആശ്വാസ വാക്കുകള്‍ക്കു മാത്രം ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. കാട്ടാളന്റെ ടീം 10 മിനിട്ടിനുള്ളില്‍ ഒരു പ്ലാസ്റ്റിക്ക്‌ കയര്‍ നിറയെ ചെറിയ ചെറിയ കെട്ടുകളിട്ട്‌ (ഫോര്‍ ഫ്രിക്ഷന്‍) തഴേക്കിട്ടു തന്നു. ഈ സമയം പുറത്ത്‌ എന്നെ നാടകം കാണാന്‍ നിര്‍ബന്ധിച്ചു കൊണ്ടു പോയ രാജീവ്‌ ഉറക്കെ അമറുന്നതും കരയുന്നതും കേട്ടു. അവന്റെ സമനില തെറ്റിയത്രേ! അവനാണ്‌ എന്നെ തിരികെ ഒറ്റക്ക്‌ പറഞ്ഞുവിട്ടതെന്നും പറഞ്ഞ്‌ അവന്‍ കരയുകയാണ്‌. ആ കരച്ചിലില്‍ എന്തായലും അത്മാര്‍ത്ഥതയുടെ സ്പര്‍ശം ഉണ്ടായിരുന്നു. അവനും ചാടും എന്ന്‌ പറഞ്ഞതിനാണ്‌ അവനെ ആള്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്‌.

എന്തായാലും ഇട്ടുതന്ന കയറില്‍ ഞാന്‍ പൊത്തിപിടിച്ച്‌ കയറാന്‍ഒരു ശ്രമം നടത്തി. കൈപത്തികള്‍ രണ്ടും പൊളിഞ്ഞ്‌ നാശമായതുകാരണം എനിക്ക്‌ കയറില്‍ തൊടാന്‍ പോലും സാധിക്കുമായിരു ന്നില്ല. എന്നാലും ഞാന്‍ മുറുകെ പിടിച്ച്‌ ദൌത്യത്തിലെ മോഹന്‍ലാലിനേപ്പോലെ കുറ്റിചെടി, പൊത്തുകള്‍ എന്നിവയില്‍ കാലിനു ഗ്രിപ്‌ കണ്ടെത്തി വലിഞ്ഞു ഒരു പത്തടി കയറി. അവശേഷിച്ച എനര്‍ജിയുംചോര്‍ന്നുപോയതിനാല്‍ ഷൂ എന്ന ശബ്ദത്തോടെ വീണ്ടും തഴേക്കു പതിച്ചു. വീഴുന്ന ശബ്ദം കേട്ട്‌ എല്ലാവരും വീണ്ടും സ്നേഹാന്വേഷണങ്ങള്‍ ആരംഭിച്ചു. എന്തു പറ്റിയെടാ? പേടിക്കെണ്ടാട്ട്രാ, ഞങ്ങള്‍ ഇവിടെയുണ്ട്ട്ട്ടാ, തല തിരിയുന്നുണ്ടോ മോനെ എക്സിട്രാ. ഇതില്‍ ഞങ്ങള്‍ ഇവിടെയുണ്ടെടാ എന്നു പറയുന്നവന്‍ ഇതിനിടെ ഒരായിരം തവണ അതു പറഞ്ഞിട്ടുണ്ടാകും. ജീവനോടെ കയറി ചെന്നാള്‍ അവനെ ഒന്നു അന്തസ്സായി തെറി പറയണം എന്ന്‌ ഞാന്‍ ഉറപ്പിച്ചു. ഞാന്‍ തല ചുറ്റിവീണ്‌ വെള്ളത്തില്‍ താണുപോയോ എന്നായിരുന്നു റെസ്ക്യൂ ടീമിന്റെ സന്ദേഹം. അങ്ങിനെ വന്നാല്‍ അറിയാനായി പെട്രോള്‍മാക്സിനുപുറമെ ഒരു പതിനഞ്ചു ടോര്‍ച്ചുകളും എന്റെ നേരെ ഫോക്കസ്‌ ചെയ്തിട്ടുണ്ടായിരുന്നു. (ഒരു കാര്യം പറയാന്‍ മറന്നു....... എന്റെ നെഞ്ചറ്റം വരെയേ അപ്പോള്‍ വെള്ളമുണ്ടായിരുന്നുള്ളൂ. കാരണം, അന്ന്‌ സന്ധ്യക്ക്‌ അവര്‍ മോട്ടോറടിച്ച്‌ പറമ്പ്‌ നനച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. പഴയ കാലത്തേ കിണറായതുകൊണ്ട്‌ വാവട്ടം വളരെ കൂടുതലായിരുന്നു. വെള്ളത്തിന്റെ അളവ്‌ വളരെ പതുക്കെ കൂടി കൂടി വരുന്നുണ്ടായിരുന്നു.)

അടിയന്തിരഘട്ടം വന്നാല്‍ ഇറങ്ങാനായി ഒരു മൂന്നംഗ മുങ്ങല്‍ വിദഗ്ദ്ധ സംഘം കരയില്‍ വാം അപ്പ്‌ തുടങ്ങിയിരുന്നു (ഇതെല്ലാം ഞാന്‍ ഈ അനുഭവക്കുറിപ്പെഴുതാനായി അസംഖ്യം ആളുകളെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അറിയാന്‍ സാധിച്ച വിവരങ്ങളാണ്‌.) അകത്തു നിന്ന്‌ എന്തായി തീരുമാനമെന്ന എന്റെ വേപഥു പൂണ്ട ചോദ്യത്തിന്‌ ഏണി എടുക്കാന്‍ ആളു പോയിട്ടുണ്ടെന്നും, യു ആര്‍ ഗോയിങ്ങ്‌ ടു ടേസ്റ്റ്‌ ദ സ്പിരിറ്റ്‌ ആഫ്‌ ഫ്രീഡം വിത്തിന്‍ മൊമെന്റ്സ്‌ എന്നും കാട്ടാളന്‍ മറുപടി പറഞ്ഞു. മുകളില്‍ ചേരിതിരിഞ്ഞ്‌, കിണറ്റിനകത്ത്‌ വങ്കിനുള്ളില്‍ ഏകദേശം ഒരു മുപ്പത്‌ വര്‍ഷം മുന്‍പ്‌ ഒരു കരിമൂര്‍ഖനെ കണ്ടിട്ടുണ്ടെന്നും ഇല്ലെന്നും, സങ്കുചിതന്റെ തലക്ക്‌ എന്തെങ്കിലും പരിക്കുകാണുമെന്നും ഇല്ലെന്നും വാദപ്രതിവാദങ്ങള്‍ ശക്തമായികൊണ്ടിരുന്നു.

ഇതിനിടയില്‍ പതിവുപോലെ കൃത്യസമയത്ത്‌ തന്നെ കരണ്ട്‌ തിരികെ വന്നു. നാടകഹോളില്‍ വച്ചിരുന്ന കാജാബീഡി, സിസ്സേര്‍സ്‌, വെറ്റില, അടയ്ക്ക എന്നിവ വച്ചിരുന്ന പാത്രം സൌകര്യാര്‍ത്ഥം കിണറ്റുകരയിലേക്ക്‌ മാറ്റപ്പെട്ടു. അപ്പോഴേക്കും ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഏണി (ബാംബൂ) എത്തിച്ചേര്‍ന്നു. അത്‌ പതുക്കെ പതുക്കെ കിണറ്റില്‍ കുത്തിനിറുത്തി. എങ്കിലും ഒരു രണ്ടടി കുറവുണ്ടായിരുന്നു. ജീവിതത്തില്‍ ഇന്നേവരെ ഒരു മരത്തില്‍ പത്തടി കയറിയാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ സ്റ്റക്ക്‌ ആയി പോകാറുള്ള ഞാന്‍ ജീവിക്കാനുള്ള കൊതി കാരണം കാര്‍ന്നോന്മാര്‍ക്ക്‌ 100 എണ്ണ നേര്‍ന്ന്‌ കയര്‍ കൈകളില്‍ ചുറ്റി, ഏണിയില്‍ പിടിച്ച്‌ ഒരു നാലു സ്റ്റെപ്പ്‌ വലിഞ്ഞുകയറി. താഴേക്കു നോക്കിയാല്‍ തല ചുറ്റി വീഴുമെന്നു നൂറ്റിപ്പത്ത്‌ ശതമാനവും ഉറപ്പുണ്ടായിരുന്ന ഞാന്‍ അരുതാത്തത്‌ ചെയ്യുവാന്‍ രക്തത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്ന വികാരം നിമിത്തം വെറുതെ താഴെ വെള്ളത്തിലേക്ക്‌ നോക്കി. ഇഞ്ച വള്ളികള്‍ക്കിടയിലൂടെ നോക്കിയ ഞാന്‍ ആ നടുക്കുന്ന കാഴ്ച്ച കണ്ടു! ഒരാഴ്ച്ച മുന്‍പ്‌ ഞാന്‍ സ്വന്തം കാശ്‌ കൊടുത്ത്‌ (അറുപത്‌ രൂപ) വാങ്ങിയ എന്റെ പ്രിയപ്പെട്ട ബാറ്റയുടെ ചെരുപ്പ്‌ വെള്ളത്തില്‍ പൊന്തി കിടക്കുന്നു. മറ്റൊന്നും ആലോചിച്ചില്ല താഴേക്ക്‌ കേറിയതിലും സ്പീഡില്‍ ഇറങ്ങി. മുകളില്‍ നിന്ന്‌ ഉദ്വേഗജനകമായ അന്വേഷണം വന്നു. അവന്‌ കേറാന്‍ പറ്റുന്നില്ല എന്നു കരുതി കിണറ്റില്‍ ചാടാന്‍ നിന്നിരുന്ന സന്നദ്ധഭടന്മാരെ ഇറക്കാന്‍ പരിപാടിയിട്ടു. ഞാന്‍ ഇറങ്ങിയത്‌ ചെരുപ്പെടുക്കാനാണെന്നും നത്തിങ്ങ്‌ ടൂ വറി എന്നും ഞാന്‍ വിളിച്ചുപറഞ്ഞു.

നാട്ടുകാരുടെ അടുത്ത ഡയലോഗോടു കൂടി പോട്ട എത്ര മാത്രം സോഷ്യലിസ്റ്റ്‌ ചിന്താഗതി വച്ചുപുലര്‍ത്തുന്നുവെന്നെനിക്ക്‌ മനസിലായി. പോട്ടയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്നവരില്‍ പ്രമുഖനായ കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റിലെ എഞ്ചിനീയറായ മേനോന്‍ ചേട്ടന്‍ മുതല്‍ യൂണിയന്‍കാരന്‍ ഇക്രു മാപ്ല ചേട്ടന്‍ വരെ ജാതി,മത,വര്‍ഗ്ഗ,രാഷ്ട്രീയ,പ്രവിശ്യാ വ്യത്യാസമില്ലാതെ മലയാളത്തിലെ ഏറ്റവും ഡോസ്‌ കൂടിയ തെറി ഉപയോഗിച്ചാണ്‌ എന്നെ ചീത്തവിളിച്ചത്‌. ചാവാണ്ട്‌ വേഗം കേറി വരാന്‍ നോക്കഡാ തെണ്ടി.. %* *......... അപ്പോഴാണ്‌ അവന്റെയൊരു ചെരുപ്പ്‌. ഇതായിരുന്നു എല്ലാവരുടെയും പക്ഷം. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. മുകളിലുള്ളവര്‍ കാണാതെ ഞാന്‍ വെള്ളത്തിനടിയിലേക്ക്‌ താഴ്ത്തി ചെരുപ്പ്‌ കയറിന്റെ അറ്റത്ത്‌ കെട്ടിയിട്ടു. മോന്‍ ഉദ്യോഗസ്ഥനായി, വലിയ മാഷാണ്‌ എന്ന്‌ മനപൂര്‍വം ഗൂഢാലോചനപരമായ നിഗമനങ്ങളില്‍ എത്തിചേര്‍ന്ന്‌ എനിക്കുള്ള ഡെയലി അലവന്‍സ്‌ മുതല്‍ കടയില്‍ പോയതിന്റെ ബാക്കി ആണ്ടുന്നതുവരെ വീട്ടുകാര്‍ നിര്‍ത്തലാക്കിയ വിവരം അവിടെയുള്ള മേനോന്‍ മുതല്‍ ഇക്രുവേട്ടന്‍ വരെ ഒരു സോഷ്യലിസ്റ്റുകാര്‍ക്കും അറിയുകയില്ലല്ലോ? വീണ്ടും കയറില്‍ ചുറ്റി ഏണിയില്‍ അള്ളി പിടിച്ച്‌ നാട്ടുകാര്‍ ചെരിപ്പ്‌ കേസില്‍ നല്‍കിയ തെറി നല്‍കിയ എനര്‍ജിയില്‍ പിന്നെ ഞാന്‍ ഒരു പിടിക്ക്‌ ഏന്തിവലിഞ്ഞ്‌ മേലോട്ടെത്തി. ഏണിയുടെ അറ്റമെത്തിയപ്പോഴേക്കും രണ്ടുപേര്‍ കമിഴ്ന്നു കിടന്ന്‌ എന്നെ വലിച്ച്‌ മേലെയെത്തിച്ചു.

(അവസാനിക്കുന്നില്ലാ.....)

Thanks to Viswettan for sending this in unicode and to visalan who was the real inspiration behind this story years ago.

Sunday, April 23, 2006

കിണറ്റില്‍ വീണ കഥ

ഇതൊരു സംഭവകഥയാണ്‌. ഇതില്‍ കൊടുത്തിട്ടുള്ളവരെല്ലാ തന്നെ ഒറിജിനല്‍ പോട്ടക്കാരാണ്‌. പേരുകള്‍ പോലും മാറ്റിയിട്ടില്ല.)

ലോകത്തിലെ ഏതൊരു ഡിപ്ലോമക്കാരനെയും പോലെ റിസള്‍ട്ടു വരുന്നതിനു മുന്‍പേ മൂന്നു വര്‍ഷം കൊണ്ട്‌ പാടുപെട്ടാര്‍ജ്ജിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുകൊടുത്തില്ലെങ്കില്‍ ജീവിതം പാഴായിപ്പോയി എന്ന ഒരു തോന്നല്‍ എനിക്കും ഉണ്ടായിരുന്നു. ആയതിനാല്‍ 1993 ജൂലായ്‌ മുതല്‍ക്കൊണ്ട്‌ ഞാന്‍ ചാലക്കുടി റീജിയണല്‍ ഇന്‍സ്റ്റിറ്റിയുട്ട്‌ ആഫ്‌ ടെക്നോളജി എന്ന ഒരു പ്രൈവറ്റ്‌ സ്ഥാപനത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയുണ്ടായി. പിള്ളേരുടേയും സഹ അധ്യാപക(പികമാ)രുടേയും അധ്യാപകേതര ജീവനക്കാരുടെയും, ഇതിനോട്‌ ചേര്‍ന്നുണ്ടായിരുന്ന ബ്യൂട്ടി പാര്‍ലറിലെ ബ്യൂട്ടീഷന്റേയും അവരുടെ ശിഷ്യകളുടെയും സാറെ, മാഷേ എന്ന വിളി വെറുമൊരു പത്തൊന്‍പതുകാരനായിരുന്ന എന്നെ വളരെയേറെ സുഖിപ്പിച്ചിരുന്നതിനാലാവണം 550 ഉലുവ എന്ന കാപ്പിക്കാശ്‌ ശമ്പളത്തിന്‌ ഞാന്‍ അവിടെ തുടര്‍ന്നത്‌.

രാവിലെ, പാഥേയം സൈക്കിളിന്റെ കാരിയറില്‍ വച്ചു കെട്ടി, നിര്‍മല കോളേജിലെ അസംഖ്യം ക്ടാങ്ങള്‍ കവിഞ്ഞൊഴുകുന്ന കൊച്ചുവഴിയിലൂടെ സൈക്കിള്‍ ചവിട്ടി, ഇന്‍സ്റ്റിറ്റിയൂട്ടില്‍ കയറി കവിഞ്ഞൊഴുകുന്ന വിജ്ഞാനം കുട്ടികളിലേക്ക്‌ കട്ട്‌ ആന്റ്‌ പേസ്റ്റു ചെയ്ത്‌, സഹഅധ്യാപക(പികമാ)രോടൊപ്പം സര്‍വ്വവിഭവാദികളോടെ ഊണുകഴിച്ച്‌, മൂന്നു മണിക്ക്‌ തിരികെ വന്ന്‌, അഞ്ചു മണിക്ക്‌ മുടി പേറ്റ്‌ പതിപ്പിച്ചു പിന്നോട്ടു ചീകി, കഴുത്തില്ലാത്ത ടീ ഷര്‍ട്ടുമിട്ട്‌, മീശ ചെറുതായി മേലോട്ട്‌ കയറ്റി
(ദേവാസുരം ഹാങ്ങ്‌ ഓവര്‍), രുദ്രാക്ഷമാല പുറത്ത്‌ കാണാന്‍ \nപാകത്തിന്‌ ഇട്ട്‌, സ്വല്‍പം എയറുപിടിച്ച്‌, കക്ഷത്തില്‍ കുരുവന്ന പോലെ രണ്ടു കൈയും \nപിടിച്ച്‌ (അന്ന്‌ ഒരു മാസം ഞാന്‍ ചാലക്കുടി ജിമ്മന്‍ ജോസേട്ടന്റെ അടുത്ത്പോയിരുന്നു. 6 മാസം കഴുത്തു തിരിക്കലും, കൈക്കുഴ 100 പ്രവശ്യം തിരിക്കലുമല്ലാതെ കട്ടയില്‍ തൊടാന്‍ സമ്മതിക്കുന്ന സൈസ്‌ ഇന്‍സ്റ്റന്റ്‌ ബോഡി ബില്‍ഡറല്ല ജോസേട്ടനെന്നു മനസിലായതും ഞാന്‍ സംഗതി വിട്ടു.) നടന്നും, പോട്ട ജങ്ങ്ഷനില്‍ വായനോട്ടം, വായനശാല നോട്ടം എന്നിവ നടത്തി 7.30നോടു കൂടി തിരികെ വന്നിരുന്ന ഒരു ടെന്‍ഷനും ഇല്ലാത്ത ഒരു ടീനേജ്‌ ദിനചര്യക്കുടമയായിരുന്നു ഞാന്‍. -യാതൊരു ഭംഗവും ഇല്ലാതെ അതു തുടര്‍ന്ന്‌ പോരുമ്പോള്‍ 1994 ഫെബ്രുവരി ഒന്നിന്‌, പതിവുപോലെ ഏഴുമണിക്ക്‌ രാജീവ്‌, ഷൈജു (തെയ്യന്‍),സൂരജ്‌ എന്നീ സ്നേഹിതരോടൊപ്പം വീട്ടിലേക്കു തിരിച്ച ഞാന്‍ പോട്ട വലിയേട്ടന്മാരുടെ ചൈതന്യ ആര്‍ട്ട്സ്‌ ആന്റ്‌ സ്പോര്‍ട്ട്സ്‌ ക്ലബിന്റെ പ്രൊഫഷണല്‍ നാടകത്തിന്റെ റീഹേഴ്സല്‍ കാണാന്‍ കയറി. ഒരു ഗള്‍ഫുകാരന്റെ പണിതീരാത്ത മൂന്നുനിലകെട്ടിടത്തിലാണ്‌ സംഭവം. ഏഴര വരെ ഞങ്ങള്‍ അന്തസ്സായി റിഹേഴ്സല്‍ കണ്ടു. ഞങ്ങളുടെ ചില പോട്ടചേട്ടന്മാരും മൂന്നു പ്രൊഫഷണല്‍ നടിമാരും ഉണ്ടായിരുന്ന ആ നാടകത്തിലെ പോട്ട കലാകാരന്മാരുടെ, അഴകിയ രാവണനിലെ ഇന്നസെന്റിന്റെ അഭിനയത്തോടു കിടപിടിക്കുന്ന രംഗങ്ങള്‍ക്ക്‌ സാക്ഷിയാകേണ്ടി വന്നതിന്റെ ത്രില്ല്‌ കാരണം എന്റെ കൂടെയുണ്ടായിരുന്നവര്‍ ഏഴരയുടെ പവര്‍കട്ട്‌ ആയപ്പോള്‍ സ്ക്കൂട്ടാവാന്‍ വിസ്സമ്മതിക്കുകയാണുണ്ടായത്‌. എട്ടു മണി എന്ന നിയന്ത്രണരേഖക്ക്‌ മുളഞ്ഞില്ലെങ്കില്‍, അത്താഴത്തിന്‌ സ്പെഷല്‍ ഐറ്റം ആയി അമ്മയുടെ ചീത്തപറയിലും ഡിസേര്‍ട്ട്‌ ആയി "നേരത്തേ കുടംബത്ത്‌ കയറേണ്ടതിന്റെ ഗുണവശങ്ങളും ദോഷങ്ങളും" എന്ന മുത്തശ്ശന്റെ സ്റ്റഡി ക്ലാസ്സും ഭയന്ന്‌ ഞാന്‍ വീട്ടിലേക്ക്‌ തെറിക്കാന്‍ തീരുമാനിച്ചു. നാടകക്കാര്‍ പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ തുടര്‍ന്നൂ. ഞാന്‍ താഴെ ഇറങ്ങി കാര്‍പോര്‍ച്ചിലെത്തി. അവിടെ രണ്ടു ചേട്ടന്മാര്‍ ഇരുന്ന്‌ ബോയില്‍ഡ്‌ ടാപ്പിയോക്കിയ ഉണ്ടാക്കനുള്ള മെറ്റീരിയത്സ്‌ ക്ലീന്‍ ചെയ്യുന്നു. "ഒന്നു ടോര്‍ച്ചടിക്കാമോ ഏട്ടന്മാരേ" എന്ന എന്റെ അഭ്യര്‍ത്ഥയുടെ വെളിച്ചത്തില്‍ ഞാന്‍ പറമ്പില്‍ക്കൂടി ചാടിച്ചാടി റോഡില്‍ പാര്‍ക്കുചെയ്തിരുന്ന എന്റെ ബി.എസ്‌.ഏ ഡീലക്സ്‌ ലക്ഷ്യമാക്കി നീങ്ങി. ഞാന്‍ പ്രതിക്ഷിച്ചതു സംഭവിച്ചു! ഞാന്‍ മൊത്തം താണ്ടേണ്ട ദൂരത്തിന്റെ 25 പേര്‍സന്റ്‌ പിന്നിട്ടപ്പൊഴേക്കും അവര്‍ ടോര്‍ച്ചു കെടുത്തി, ശ്രദ്ധ വീണ്ടും കപ്പ മുറിക്കുന്നതിലേക്കു തിരിച്ചു! പെട്ടന്നു വെളിച്ചം നിലച്ചത്‌ ഇരുട്ടിന്റെ കനം വളരെയധികം കൂട്ടി. കുറ്റാക്കൂരിരുട്ട്‌......പവര് കട്ട്‌ സമയം......എങ്ങും അന്ധകാരം....ഠൊട്ടടുത്ത മാഗിയുടെ വീട്ടില്‍ നിന്നും പ്രാര്‍ത്ഥനയുടെ നേരിയ അലയടികള്‍ മാത്രം. ഞാന്‍ പോകുന്ന വഴിയില്‍ ഒരു പൊട്ടക്കിണറുണ്ടെന്ന കാര്യം ഓര്‍മ്മ വച്ച കാലം മുതല്‍ എനിക്കറിയാം...എന്തോ അപ്പോള്‍ ഞാന്‍ അക്കാര്യം വിട്ടുപോയി! സൂക്ഷിച്ച്‌ ഞാന്‍ ഇരുട്ടത്തുകൂടി നടന്നു. ഒരു കാലു നിലത്തുറപ്പിച്ച്‌ അടുത്ത കാല്‌ അരയ്ക്കൊപ്പം ഉയര്‍ത്തി പതുക്കെ ലാന്റുചെയ്യിച്ച്‌ (വലിയ കല്ലുകള്‍ ബൈപ്പാസ്‌ ചെയ്യാനുള്ള വിദ്യ) ഞാന്‍ മെല്ലെമെല്ലെ പ്രോസെഡ്‌ ചെയ്തു.

പത്തിരുപതടി സക്സസ്സായി. അടുത്ത കാല്‍ ഞാന്‍ ലാന്റ്‌ ചെയ്യിച്ചപ്പോള്‍ ലാന്‍റ്റിങ്ങിനെന്തോ അസ്വഭാവികത തോന്നി.കാല്‌ താഴെ മുട്ടുന്നില്ല. എപ്പോഴും എന്നോട്‌ വാദപ്രതിവാദം നടത്താറുള്ള എന്റെ മനഃസാക്ഷി എന്നോട്‌ പറഞ്ഞു. "എടാ പൊട്ടാ..ണീ നില്‍ക്കുന്നത്‌ ഒരു മണ്‍കൂന(അഥവാ പയറും വാരം)യിന്മേല്‍ ആയിരിക്കും. ഒന്നുകൂടി താഴ്ത്തി ചവിട്ട്‌ ഗെഡീ." ഞാന്‍ താഴ്ത്തി- കാല്‌ പയറുംവാരത്തിന്റെ പരിധി ലംഘിച്ച്‌ തഴോട്ട്‌ നീങ്ങി. ഓ ഗോഡ്‌... ഈസ്‌ ഇറ്റ്‌ ഏ വാഴക്കുഴി? ഓ!!! നോ!!.... തെങ്ങിന്‍ കുഴി??????? ഒഹ്‌ മൈ ഗാഡ്‌!!! ഇറ്റ്‌ ഹാസ്‌ ബ്രോക്കണ്‍ ദ തെങ്ങിന്‍ കുഴി ലിമിറ്റ്‌.... കല്ലുവെട്ടും മട???? ഈ പറഞ്ഞ സംഗതികള്‍ എല്ലാം വെറുമൊരു മൈക്രോ സെക്കന്റില്‍ എന്റെ മനസ്സില്‍ക്കൂടി കടന്നുപോയതാണ്‌. കല്ലുവെട്ടുമടയല്ല ഇത്‌ ആ പഴയ പൊട്ടക്കിണറാണ്‌ എന്നു റിയലൈസ്‌ ചെയ്തപ്പൊഴേക്കും ഇറ്റ്‌ വാസ്‌ ടൂ ലേറ്റ്‌...എന്റെ ഇടത്തെ കൈ "റ" മറിച്ചിട്ടപോലെ കിടന്നിരുന്ന ഒരു ഇഞ്ച ചെടിയിയുടെ വള്ളിയില്‍ കുടുങ്ങി. കക്ഷത്തില്‍ കുരുവുള്ളപൊലെ അഭിനയിച്ചിരുന്ന എനിക്ക്‌ ഇനി ഒരു ആറു മാസക്കാലത്തേക്ക്‌ അഭിനയിക്കേണ്ടിവരില്ല എന്നു ഉറപ്പക്കുന്നവിധത്തില്‍ ഇടതുകൈ ഫുള്ളും, കൈനോടു ചേര്‍ന്ന പള്ള, നെഞ്ചിന്റെ സൈഡ്‌ എന്നിവയില്‍ കീറിമുറിച്ചുകൊണ്ടാണ്‌ ചൂണ്ടകൊളുത്ത്‌ പോലെ നിറഞ്ഞ മുള്ളുകള്ളുള്ള ആ ഇഞ്ചവള്ളി എന്റെ കൈയില്‍ തടഞ്ഞുനിന്നത്‌. ചുരുങ്ങിയത്‌ 100 വര്‍ഷം പഴക്കമുള്ള ആ ഇഞ്ച വള്ളിയില്‍ ഞാന്‍ രണ്ടുകൈയ്യും കൂട്ടി മുറുകേ പിടിച്ചു. വീണ ആഘാതത്തില്‍ ആ വള്ളി എന്നെയും കൊണ്ട്‌ കിണറിന്റെ ചുറ്റളവ്‌ പരിശോധിക്കാന്‍ കിണര്‍ഭിത്തികള്‍ക്കിടയില്‍ തട്ടിക്കളിച്ചു. വിപദിധൈര്യം ഒന്നുകൊണ്ടു മാത്രം മുള്ളുകയറി പൊളിഞ്ഞ്‌ നാശമായെങ്കിലും ഞാന്‍ പിടിച്ചപിടി വിടാന്‍ തയ്യാറല്ലായിരുന്നു. വീഴ്ച്ചയുടെ സമയത്ത്‌ ഞാന്‍ എന്തെങ്കിലും ആക്രോശമോ, ആര്‍ത്തനാദമോ അട്ടഹാസമോ പുറപ്പെടുവിച്ചിരുന്നോ എന്നെനിക്കറിയില്ല(അങ്ങിനെ ഉണ്ടായി എന്ന്‌ ചില സാമദ്രോഹികള്‍ പറഞ്ഞുനടന്നിരുന്നു.) അന്ന്‌ ഞങ്ങള്‍ കൂട്ടുകാര്‍ പരസ്പരം വിളിക്കാന്‍ ഉപയോഗിച്ചിരുന്ന "ഠൊക്ക്‌... ഠൊക്ക്‌" എന്ന നാവുകൊണ്ട്‌ ഉണ്ടാക്കുന്ന ഒരു തരം ശബ്ദം പുറപ്പെടുവിച്ച്‌ ഞാന്‍ നാടകക്കാരുടെ ശ്രദ്ധ ക്ഷണിച്ചു. ആദ്യം റ്റാപ്പിയോക്കിയ മേക്കേഴ്സ്‌ ഓടി വരുകയും അവരു വലിയ വായില്‍ നിലവിളിച്ച്‌ ഗ്രാമത്തിനാകെ അലര്‍ട്ട്‌ സിഗ്നല്‍ നല്‍കുകയും ചെയ്തു. ",

പവര്‍കട്ടു നേരത്തുള്ള നാമജപം, കുളി, തുടങ്ങിയ പതിവു ജോലികള്‍ എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആ ഏരിയയിലുള്ള എല്ലാ കുടുംബനാഥന്മാരും ഉത്തരവു പുറപ്പെടുവിച്ച്‌ സംഭവസ്ഥലത്തേക്കു പാഞ്ഞു വന്നു. പൊതുവെ ബുദ്ധിമാന്മാരായ പോട്ടക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ കിണറ്റിങ്കരയില്‍ യോഗം ചേര്‍ന്ന്‌ തന്ത്രങ്ങള്‍ മെനഞ്ഞു. ഇഞ്ചവള്ളിയില്‍ തന്നെ തൂങ്ങി കിടക്കാനും "എല്ലാ അറേഞ്ചുമെന്റ്സും ചെയ്തുകഴിഞ്ഞു. ഇനി ഒന്നും പേടിക്കാനില്ല" (വിശാലേട്ടന്‌ കടപ്പാട്‌) എന്നും റെസ്ക്യൂ ടീമിന്റെ ടെമ്പററി ക്യാപ്റ്റന്‍ ആയി നിയമിതനായ കാട്ടാളന്‍ (വീടുപേരാണ്‌....കേരളത്തിലെ മോസ്റ്റ്‌ ഇന്നോവേറ്റീവ്‌ വെടിക്കെട്ടുകാരന്‍ കാട്ടാളന്‍ ജോസേട്ടന്റെ വകയിലൊരനിയന്‍) അന്തോണിമാഷുടെ പുത്രന്‍ ജോസ്‌ എന്നെ വിളിച്ചറിയിച്ചു. എന്നാല്‍ ദേഹമാസകലം ഇഞ്ച മുള്ളു കയറി, രണ്ടു കൈവെള്ളയും ഇഞ്ചയില്‍ മുറുകെ പിടിച്ച്‌ വാടിത്തളര്‍ന്ന എനിക്ക്‌ മനസ്സിലായി, ഇനി വെറും സെക്കന്റുകളേ അവശേഷിക്കുന്നുള്ളൂവെന്നും എന്റെ കൈ ഞാന്‍ തന്നെ വിട്ടുകളയുമെന്നും, അത്യാഗാധതയിലേക്ക്‌ ഞാന്‍ വീഴാന്‍ പോകുന്നുവെന്നും. കിണറിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന മോട്ടോര്‍ ഷെഡ്‌ പണിതിരുന്നപ്പോള്‍ വീണ മൂന്ന്‌ കമ്പി കഷണങ്ങള്‍ 90,45,80 ഡിഗ്രിയില്‍ കുത്തനെ നില്‍ക്കുന്ന കാര്യം കൂടി ഓര്‍ത്തതോടെ ഞാന്‍ മനസികമായി മരിക്കാന്‍ തയ്യാറായി. (ബഹുമാന്യ വായാനക്കാര്‍ ഇനിയുള്ള നാലഞ്ചു വരികളില്‍ ദയവു ചെയ്ത്‌ തമാശ കാണരുതെന്നപേക്ഷ) കൈ വീണ്ടും പൊളിഞ്ഞു ചോര ഒഴുകി വന്ന്‌ എന്റെ തോളില്‍ ഷര്‍ട്ടിനെ വീണ്ടും വീണ്ടും കുതര്‍ത്തുകൊണ്ടേയിരുന്നു. ഈ കിണര്‍ ഇരിക്കുന്ന പറമ്പിന്റെ മൂലയില്‍ പണ്ടുണ്ടായിരുന്ന തൊരപ്പന്‍ മാപ്ലയുടെ കടയില്‍ നിന്ന്‌ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലൂബിയ്ക്ക ഉപ്പിലിട്ടത്‌ വാങ്ങി തിന്ന്‌ കണ്‍സ്യൂമര്‍ കള്‍ച്ചറിന്റെ അഡിക്റ്റ്‌ ആയതുമുതല്‍ വെറും ഒരു മണിക്കൂര്‍ മുമ്പ്‌ ചാലക്കുടിയിലേക്ക്‌ പോയിരുന്ന ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ പോട്ടയിലെത്തിയപ്പോള്‍ ഒരു കാര്യം പറയാന്നുണ്ട്‌ നാളെ ഞാന്‍ ഇവിടെ ഇറങ്ങാം എന്ന്‌ പറഞ്ഞ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഷാജി ചെറിയാനെ കണ്ടതുവരെ ഞാന്‍ സഡ്ഡനായി റീകാപ്‌ ചെയ്തു. കൈകള്‍ വേദനയുടെ സെമിയില്‍ നിന്ന്‌ ഫൈനലിലേക്കും ട്രൈബ്രേക്കറിലേക്കും പ്രവേശിച്ചു.--- -സലാം പ്രപഞ്ചമേ! എന്ന പ്രസിദ്ധ ബഷീറിയന്‍ വാക്യം മനസിലുരുവിട്ടുകൊണ്ട്‌ എന്റെ കൈ ഞാന്‍ വിട്ടു.

തുടരും...

Wednesday, April 12, 2006

വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്‌!

വിദ്യാര്‍ത്ഥികളെ പോലീസ്‌ തല്ലിച്ചതയ്ക്കുത്‌ സിനിമയിലെപോലെയായിരുല്ലോ ചാനലുകളില്‍ക്കൂടി നമ്മള്‍ കണ്ടുകൊണ്ടിരുന്നത്‌. ഏകദേശം 15 വര്‍ഷം മുമ്പ്‌, കൃത്യമായി പറഞ്ഞാല്‍ 1991ല്‍ ഞങ്ങള്‍ നടത്തിയ ഒരു സമരം എനിക്കോര്‍മ്മ വന്നത്‌ ഇതെല്ലാം കണ്ടപ്പോഴാണ്‌. ഞാന്‍ തൃശ്ശൂര്‍ എം.ടി.ഐ ല്‍ പഠിക്കു കാലമായിരുന്നു അത്‌. ഇന്ന്‌ മെഡിക്കല്‍ കോളേജുകളുടെ തറക്കല്ലുകള്‍ തടഞ്ഞിട്ട്‌ നടക്കാന്‍ വയ്യാത്ത കാലമാണല്ലോ. പക്ഷേ ഏകദേശം പത്ത്‌ കൊല്ലം മുമ്പ്‌ പോളിടെക്നിക്കില്‍ നിന്ന്‌ ഇലക്ട്രോണിക്സ്‌ ഡിപ്ലോമ വേണമെണ്ടെങ്കില്‍ ഞങ്ങള്‍ തൃശ്ശൂര്‍ക്കാര്‍ക്ക്‌ പാലക്കാടോ, തിരൂരോ പോയി പഠിക്കണമായിരുന്നു. എട്ടാം ക്ലാസ്‌ മുതല്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ പഠിക്കു ഞങ്ങള്‍ക്കെല്ലാവര്‍ക്കും തന്നെ അങ്ങകലെ പോയി പഠിക്കാന്‍ താല്‍പര്യവുമായിരുന്നു. അങ്ങനെ ഹോസ്റ്റലില്ലാത്ത പാലക്കാട്‌ ഒരു വീട്‌ അഞ്ചുപേര്‍ കൂടി വാടകയ്ക്കെടുത്ത്‌ ഒരു അടിപൊളി ജീവിതം സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോഴാണ്‌ എനിക്ക്‌ കാര്‍ഡ്‌ വന്നത്‌. തൃശ്ശൂര്‍ എം.ടി.ഐ ല്‍ അഡ്മിഷന്‍ തരപ്പെട്ടിരിക്കുന്നു. അവിടെ ആ വര്‍ഷം മുതല്‍ ഇലക്ട്രോണിക്സ്‌ ബാച്ച്‌ ആരംഭിക്കുന്നു പോലും.

പൊട്ടിത്തകര്‍ കിനാവുകള്‍ പെറുക്കിക്കൂട്ടിയാണ്‌ ഞാന്‍ എം.ടി.ഐല്‍ കാലെടുത്ത്‌ വച്ചത്‌. അവിടെ ചെന്നപ്പോള്‍ എല്ലാവരും തുല്ല്യദു:ഖിതര്‍. എല്ലാവര്‍ക്കും വീട്ടില്‍ നിന്ന്‌ പഠിക്കാന്‍ വരാം!ഞങ്ങള്‍ 20 പേരേ ഉണ്ടായിരുന്നുള്ളൂ. തല്‍ക്കാലം ഞങ്ങള്‍ക്കായി ദൈവം സഹായിച്ച്‌ ക്ലാസ്‌റൂമോ, ടീച്ചേഴ്സോ ഇല്ല. ആദ്യവര്‍ഷം അഭയാര്‍ത്ഥികളെപ്പോലെ ഇലക്ട്രിക്കല്‍ ക്ലാസില്‍ ഇരിക്കേണ്ടി വന്നു. ഇലക്ട്രിക്കല്‍ സാറന്മാര്‍ക്കാകട്ടെ ഞങ്ങളോട്‌ ഒരുതരം അമ്മായ്യമ്മപ്പോരും!ആദ്യവര്‍ഷം പകുതിയായപ്പോഴേക്കും ഒരു മൂന്നുനില കെട്ടിടം പണിപൂര്‍ത്തിയായി. അത്‌ ഇലക്ട്രോണിക്സ്‌ ഡിപ്പാര്‍ന്റിമെന്റിനുള്ളതായിരുന്നു. ഒരിക്കല്‍ അന്തസ്സായി അതിനുള്ളിലേക്ക്‌ ക്ലാസ്‌ മാറുതും സ്വപ്നം കണ്ട്‌ ഞങ്ങളിരുന്നു. കൂട്ടത്തില്‍പ്പറയട്ടെ, അത്തെ ഒരു ഹിറ്റ്‌ ഗാനം ശ്രീകുമാരന്‍ തമ്പിയുടെ കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍...കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു മൂല്യം...എതായിരുന്നു.ഇലക്ട്രോണിക്സിന്‌ ലാബ്‌ എക്യുപ്മെന്റ്സും കാര്യങ്ങളും പുതിയകെട്ടിടവും ലഭിക്കേണ്ടതിലേക്കായി ഞങ്ങള്‍ ഉറക്കെ ചിന്തിക്കാന്‍ തുടങ്ങി. പക്ഷേ 17 ആമ്പിള്ളേരും 3പെമ്പിള്ളേരും ഉള്ള ഞങ്ങളുടെ ക്ലാസ്‌ വിചാരിച്ചാല്‍ എന്തു നടത്താന്‍. രാഷ്ട്രീയപരമായ ഒരു സമരത്തിന്‌ അ്‌ ഞങ്ങള്‍ക്ക്‌ താല്‍പര്യവുമില്ലായിരുന്നു. കാരണം എല്ലാവരും തെ‍ പല പാര്‍ട്ടികളിലെ പ്രമുഖപ്രവര്‍ത്തകര്‍.

അങ്ങനെയിരിക്കെ 1993ലെ ചാന്‍സ്‌ ഇന്റര്‍വ്യൂ വു. കേരളത്തില്‍ അന്ന്‌ എല്ലാ പോളിടെക്നിക്കുകള്‍ക്കും കൂടി ഒരു അപ്ലിക്കേഷന്‍ അയച്ചാല്‍ മതിയായിരുന്നു. തിരുവനന്തപുരത്തേക്ക്‌. അതില്‍ നമ്മുക്ക്‌ വേണ്ട കോഴ്സുകളും, സ്ഥാപനങ്ങളും മുന്‍ഗണനാക്രമത്തില്‍ ചേര്‍ക്കണം. ആദ്യ അഡ്മിഷന്‍ കഴിഞ്ഞാല്‍ ഒരു മാസത്തിനകം ഒഴിവുവരുന്ന സീറ്റുകളിലേക്ക്‌ ചാന്‍സ്‌ ഇന്റര്‍വ്യൂ നടത്തും. അത്‌ എല്ലാ വര്‍ഷവും എം.ടി.ഐല്‍ ആണ്‌ നടത്തുക.കേരളത്തില്‍ എല്ലാഭാഗത്തുനിന്നും വരുന്ന ആളുകളെക്കൊണ്ട്‌ അന്ന് ഞങ്ങളുടെ കോളേജ്‌ കോമ്പൌണ്ട്‌ നിറഞ്ഞുകവിയും. എന്തര്‌, സുഖം തന്നെയെല്ല്‌ തൊട്ട്‌ ഓന്‌ ഇലക്ട്രോണിക്സ്‌ കിട്ടീന്‌ വരെ എല്ലാ തരം മലയാളവും കൊണ്ട്‌ അവിടം മുഖരിതമാവും. മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന ഓന്നാണ്‌ ഈ ചാന്‍സ്‌ ഇന്റര്‍വ്യൂ എന്ന സാധനം. കോളേജ്‌ ഓഡിറ്റോറിയത്തില്‍ നിരനിരയായി രേഖകളും മുമ്പില്‍ വച്ച്‌ ഒരു പത്തോ പതിനഞ്ചോ അദ്ധ്യാപകര്‍ നിരന്നിരിക്കും. മൈക്കില്‍ കൂടി ഇത്ര മാര്‍ക്കിന്‌ മുകളിലുള്ളവര്‍ അകത്തുകയറാന്‍ ഞങ്ങളുടെ പ്യൂണ്‍ പത്രോസേട്ടന്‍ ആക്രോശം നടത്തും. അപ്പോള്‍ ഒരു പത്തോ പതിനഞ്ചോ പിള്ളേര്‍ രക്ഷകര്‍ത്താക്കള്‍ സഹിതം അകത്തുകടക്കും. പിന്നെ നിരനിരയായിരിക്കുന്ന അദ്ധ്യാപകര്‍ അവരെ ചോദ്യം ചെയ്യും. തിരുവനന്തപുരത്തുനിന്ന്‌ വരുന്നവന്‌ ഇലക്ട്രോണിക്സ്‌ വേണം. ഉടനെ രേഖകള്‍ നോക്കി ഇലക്ട്രോണിക്സിന്‌ ഇനി കാസര്‍ഗോഡ്‌ പോളിടെക്നിക്കില്‍ രണ്ട്‌ ഒഴിവുണ്ട്‌, അവിടെ മതിയോ എന്ന്‌ നിരനിര അദ്ധ്യാപകരിലൊരാള്‍ ചോദിക്കും. ദയനീയമായ മുഖത്തോടെ തിരുവനന്തപുരക്കാരന്‍ വേണ്ട എന്ന്‌ പറഞ്ഞ്‌ തിരിച്ചുപോകും. ഇതാണ്‌ ഇന്റര്‍വ്യൂവിന്റെ വിശ്വരൂപം.ഓഡിറ്റോറിയത്തിന്റെ പുറത്ത്‌ പിള്ളേരും പരിവാരങ്ങളും കട്ടകുത്തി നില്‍ക്കും. എന്‍.സി.സി വളണ്ടിയേഴ്സ്‌ എത്ര പറഞ്ഞാലും ഓഡിറ്റോറിയത്തിലേക്ക്‌ എത്തിനോക്കി നില്‍ക്കുന്നതാണ്‌ അവര്‍ക്കിഷ്ടം.

ഞങ്ങളിലാര്‍ക്കാണെറിയില്ല. ഒരു ഉഗ്രന്‍ ഐഡിയ തോന്നി. ചാന്‍സ്‌ ഇന്റര്‍വ്യൂ ഘൊരാവോ ചെയ്യുക. ആദ്യദിവസം ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ബോര്‍ഡ്‌ ഡയറക്ടര്‍ ഇന്റര്‍വ്യൂ ഹാളില്‍ ഉണ്ടായിരിക്കും. അദ്ദേഹം അവിടെ വരുത്‌ എന്തിനാണെറിയില്ല. പക്ഷേ എല്ലാക്കൊല്ലവും ഡയറക്ടര്‍ അദ്യദിനം ഉച്ചവരെ ഹാജരായിരിക്കും. അതില്‍ നിന്ന്‌ മനസിലാക്കണം ചാന്‍സ്‌ ഇന്റര്‍വ്യൂവിന്റെ പ്രാധാന്യം. അപ്പോള്‍ ഇന്റര്‍വ്യൂ അലങ്കോലപ്പെടുത്തുക! ഡയറക്ടറുടെ മൂക്കിനു താഴെ. പിന്നെ അദ്ദേഹം എങ്ങനെ മറക്കാനാണ്‌, തൃശ്ശൂരില്‌ ഒരു ഗവണ്മെന്റ്‌ പോളിടെക്നിക്‌ ഉണ്ടെന്നും, അതില്‍ ഇലക്ട്രോണിക്സ്‌ എ ഒരു ബാച്ചില്‍ 20 പിള്ളേര്‌ ഉണ്ടെന്നും, അവര്‍ക്ക്‌ ലാബോ, സൌകര്യങ്ങളോ ഇല്ലെന്നും? ഐഡിയ പുറത്തെടുത്തവന്‍ ആരാണെ്‌ എനിക്കിപ്പോഴോര്‍മ്മയില്ല.ഞങ്ങളുടെ ക്ലാസില്‍ സൂപ്പര്‍ സെവന്‍ എന്ന ഗ്യാങ്ങ്‌ ഉണ്ടായിരുന്നു. ഏറ്റവും അലമ്പ്‌ ഏഴുപേര്‍ എന്നേ ഇതിനര്‍ത്ഥമുള്ളൂ. ഈ ഏഴുപേരും പഠിക്കാന്‍ പുസ്തകം എടുക്കുത്‌ ഉറക്കം പെട്ടന്ന് വരാനായി രാത്രി കിടക്കുമ്പോള്‍ മാത്രമായിരുന്നു എതാണ്‌ ഇവര്‍ക്ക്‌ പൊതുവായി പറയാന്‍ കഴിയു ഒരു കാര്യം.സ്വാഭാവികമായും അതിലെ ഒരു സജീവാംഗമായിരുന്നു ഞാന്‍. അങ്ങനെ സൂപ്പര്‍സെവനാണ്‌ ഈ സമരപരിപാടിക്ക്‌ രൂപം നല്‍കിയത്‌. പിന്നെ ക്ലാസിലെ പഠിക്കാന്‍ വേണ്ടി വരുന്ന നല്ലകുട്ടികളുമായി ചര്‍ച്ച നടത്തി. അങ്ങനെ ഇരുപത്‌ പേരും കൂടി സമരപരിപാടിക്ക്‌ അന്തിമരൂപം നല്‍കി. കാത്തിരുന്ന ആ സുദിനം വന്നെത്തി. സൂപ്പര്‍ സെവനിലെ എല്ലാവരും നല്ല ത്രില്ലില്‍ എത്തിയപ്പോള്‍ പഠിപ്പിസ്റ്റ്‌ പിള്ളേരും സെമി പഠിപ്പിസ്റ്റുകളും, പഠിക്കില്ലെങ്കിലും പേടിത്തൊണ്ടന്മാരുമായിരുന്നവരുമായ ചിലരുടെ മുഖം മ്ലാനമായിരിക്കുതാണ്‌ കണ്ടത്‌. കാരണം എങ്ങിനെയോ വാര്‍ത്ത ലീക്കാവുകയും പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കന്മാര്‍ വന്ന്‌ അവര്‍ ഏറ്റെടുക്കാം സമരം എന്ന്‌ പറയുകയും ചെയ്തത്‌. രാഷ്ട്രീയത്തിനതീതമായ അവഗണിക്കപ്പെട്ടവരുടെ കൂട്ടായ്മ ആയിട്ടാണ്‌ ഈ സമരം എന്നും സഹായം ആവശ്യമില്ല എന്നും അവരെ അറിയിച്ചതിനെ തുടര്‍ന്ന്‌ നേതാക്കന്മാര്‍ ഈ സമരപരിപാടിയുടെ അപകടം ഞങ്ങളെ പറഞ്ഞുമനസിലാക്കി. ചാന്‍സ്‌ ഇന്റര്‍വ്യൂ പിള്ള കളിയല്ല! ഡയറക്ടറെ ഘൊരാവോ ചെയ്താല്‍ അടുത്ത നിമിഷം പോലീസെത്തും. മിനിമം ശിക്ഷ ഡീബാര്‍ ആയിരിക്കും. പഠിപ്പിസ്റ്റുകളുടെ മുട്ട്‌ കൂട്ടിയിടിച്ചെന്ന് പറയേണ്ടതില്ലല്ലോ? സെമി പഠിപ്പിസ്റ്റുകളും സൂപ്പര്‍ സെവനോട്‌ ചോദിച്ചു: വേണോടേ ഈ സമരം???പഠിപ്പിസ്റ്റുകള്‍ ഒരോരുത്തരായി സംഭവസ്ഥലത്തുനിന്ന്‌ മുങ്ങാന്‍ തുടങ്ങി.

ചുരുക്കിപ്പറഞ്ഞാല്‍ ശോഭനമായ ഒരു ഭാവി മുി‍ല്‍കാണുവരെല്ലാം അനന്തരനടപടികളെ ഭയന്നു. സൂപ്പര്‍ സെവനിലെ ഏഴുപേര്‍ തനിച്ചായി. കൂട്ടത്തില്‍ പറയാതിരിക്കാന്‍ പറ്റത്ത കാര്യം മൂന്ന്‌ പെണ്‍കുട്ടികള്‍ അപ്പോഴും റെഡിയായിരുന്നു എന്നതാണ്‌ സമരത്തിന്‌. എന്നാല്‍ സൂപ്പര്‍ സെവന്‍ അവരെ തിരിച്ചയച്ചു.ക്രൂരമായി ഒറ്റിക്കൊടുക്കപ്പെട്ട ഏഴു സഹോദരന്മാരെപ്പോലെ ഞങ്ങള്‍ ഇതികര്‍ത്തവ്യാമൂഢരായി നിന്നു. എന്തു വന്നാലും പിന്‍മാറരുതെന്ന്‌ തീരുമാനമെടുത്തു. അപ്പുറത്തും ഇപ്പുറത്തും നിന്ന്‌ പുരോഗമന പ്രസ്ഥാനക്കാര്‍ അല്‍പസമയത്തിനകം ഡീബാര്‍ ചെയ്യപ്പെടാന്‍ പോകു ഞങ്ങളെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. .ണമ്മള്‍ ഏഴുപേരേ ഉള്ളൂ. എന്തു വിലകൊടുത്തും തൊണ്ട പൊട്ടിപ്പോയാലും ഒച്ചക്ക്‌ ഒരു കുറവും വരുത്തരുത്‌ എന്ന്‌ പരസ്പരം പറഞ്ഞു. മുദ്രാവാക്യം വിളി ഞങ്ങളുടെ കൂട്ടത്തിലെ കാടന്‍ (ഓമനപ്പേരാണ്‌) ഏറ്റെടുത്തു. കൂട്ടത്തില്‍ അവന്റെ ഒച്ചയായിരുന്നു കിടിലന്‍.

ചാന്‍സ്‌ ഇന്റര്‍വ്യൂ തുടങ്ങാന്‍ പോവുകയായിരുന്നു. ഓഡിറ്റോറിയത്തിന്റെ വാതില്‍ക്കല്‍ തിങ്ങിനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ ഞങ്ങളുടെ സംഘം നീങ്ങി. ആകെതിരക്കിനിടയില്‍ ഞങ്ങള്‍ ഏഴുപേരും പരസ്പരം കൈകള്‍ കോര്‍ത്തു. കാടന്‍ നിലത്തേക്ക്‌ കുനിയുത്‌ ഞാന്‍ കണ്ടു. അവിടെ നിന്ന്‌ പൊങ്ങിയത്‌ ഒരു സംഹാരരുദ്രനായ കാടനായിരുന്നു. അവന്റെ സിംഹഗര്‍ജ്ജനം കാമ്പസില്‍ മുഴങ്ങി. 'വിദ്യാര്‍ത്ഥൈക്യം സിന്ദാബാദ്‌'. ശക്തന്‍തമ്പുരാന്റെ കാലത്ത്‌ സ്ഥാപിച്ചതാണെ്‌ പറയപ്പെടു ചുമരില്‍തൂക്കിയിട്ട ഒരു അഗ്നിശമന സിലിണ്ടറിനുള്ളില്‍ നിന്ന്‌ ഒരു വവ്വാല്‍ പേടിച്ച്‌ ചിറകടിച്ച്‌ പുറത്തേക്ക്‌ പോയി.ആറു കണ്ഠങ്ങള്‍ ഏറ്റു വിളിച്ചു: വിദ്യാര്‍ത്ഥൈക്യം സിന്ദാബാദ്‌ ലോകം നിശബ്ദം. തിക്കിത്തിരക്കി നിന്ന പിള്ളേര്‌ പേടിച്ച്‌ അകു മാറി. ഞങ്ങള്‍ ഏഴുപേര്‍ വട്ടത്തില്‍ നിന്നു. കാടന്‍ താഴേക്ക്‌ കുനിഞ്ഞ്‌ രണ്ടുതവണ കൂടി വിദ്യാര്‍ത്ഥികളുടെ ഐക്യത്തെ വാഴ്ത്തി.

ഡയറക്ടര്‍ ഞെട്ടിയോ എന്തോ? എന്തായാലും പ്രിന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ സീറ്റില്‍ നിന്ന്‌ എണീറ്റ്‌ ഞങ്ങളുടെ അടുത്തേക്ക്‌ ഓടിവന്നു. ഞങ്ങള്‍ അതൊു‍ം ശ്രദ്ധിക്കാന്‍ പോയില്ല. നെറ്റിയില്‍ കൈകള്‍ ചുരുട്ടി വച്ച്‌ പിന്നീട്‌ അത്‌ മുകളിലേക്കെറിഞ്ഞ്‌ കണ്ണടച്ചുകൊണ്ട്‌ ഞങ്ങള്‍ കാടനെ അനുകരിച്ച്‌ അലറല്‍ തുടര്‍ന്നു.കലയുമായി പുലബന്ധം പോലുമില്ലാത്ത കാടന്‍ ഒരോ മുദ്രാവാക്യം വിളി നടത്തുമ്പോഴും എനിക്കുള്ളില്‍ തീയായിരുന്നു. കാരണം കാടന്‍ അപ്പോള്‍ നിര്‍മ്മിച്ച മുദ്രാവാക്യങ്ങളാണ്‌ പൂശുന്നത്‌. അവന്‍ കുനിഞ്ഞ്‌ അടുത്ത വരി വിളിക്കുമ്പോള്‍ താളം തെറ്റിയാല്‍ എല്ലാം കഴിയും എന്ന്‌ ഞാന്‍ കരുതി. എന്തോ അന്ന്‌ സരസ്വതീ ദേവീ കാടന്റെ നാവില്‍ ത്രിക്കളിയാടുകയായിരുന്നു.സിനിമാ തീയറ്ററിന്‍ ക്യൂവിന്‍ കണക്കേതൊഴിലില്ലാത്ത ചെറുപ്പക്കാര്‍ നാടുമുഴുവന്‍ തെണ്ടുമ്പോള്‍ലാബില്ലാതെ പഠിച്ചുജയിച്ചാല്‍തൊഴിലെവിടെ, തൊഴിലെവിടെതൊഴിലെവിടെ ഡയറക്ടര്‍ സാറേ?ഇതൊരു മൂന്നു പ്രാവശ്യം ഞങ്ങള്‍ ആവര്‍ത്തിച്ചു. അതും കോളേജ്‌ ചുമരുകള്‍ കിടുകിടുക്കുന്ന ശബ്ദത്തില്‍.പ്രിന്‍സിപ്പാള്‍ ഗോവിന്ദന്‍കുട്ടി സാര്‍ എന്തൊക്കെയോ ഞങ്ങളോട്‌ പറയാന്‍ ശ്രമിക്കുന്നതും, ഡയറക്ടര്‍ അരുത്‌ തടുക്കരുത്‌ എന്ന്‌ പറയുതും ഞാന്‍ കണ്ടു. കാടന്‍ അടുത്തതായി ഒരു പൊതു മുദ്രാവാക്യം സ്വല്‍പം ഭേദഗതികളോടെ എടുത്തിട്ടു:
അവകാശസമരങ്ങള്‍ ആഞ്ഞടിക്കുമ്പോള്‍
അമ്പലനടയിലെ ബിംബം പോലെ
കുത്തിയിരിക്കും അധികാരികളെ,
കാലം നിങ്ങടെ കവിളില്‍ത്തട്ടി
ദ്രോഹീ എന്ന്‌ വിളിക്കുമ്പോള്‍
ആവേശം തിരതല്ലുമ്പോള്‍
ആമോദത്താല്‍ ഞങ്ങള്‍ വിളിക്കും
വിദ്യാര്‍ത്ഥ്യൈക്യം സിന്ദാബാദ്‌....
ഡയറക്ടര്‍ രണ്ടു കൈകളും ഉയര്‍ത്തി വളരെ സൌമ്യമായി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. (സി.എന്‍ രാജന്‍സാര്‍ ആയിരുന്നു ഡയറക്ടര്‍ എാ‍ണ്‌ എന്റെ ഓര്‍മ്മ.)ഇത്രയും സൌമമായ ഒരു അദ്ധ്യാപക ശബ്ദം ഞാന്‍ ആദ്യമായിട്ടായിരുന്നു കേള്‍ക്കുത്‌. എന്താ കുഞ്ഞുങ്ങളേ നിങ്ങള്‍ക്ക്‌ വേണ്ടത്‌?പ്രിന്‍സിപല്‍ അതിനിടയില്‍ ഞങ്ങളോട്‌ കയര്‍ക്കാന്‍ വന്നു. ഡയറക്ടര്‍ അദ്ദേഹത്തോട്‌ മിണ്ടാതിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു.സ്വാഭാവികമായും തല്‍ക്കാലം നേതാവായി സ്ഥാനമേറ്റെടുത്തുകൊണ്ട്‌ കാടന്‍ പറഞ്ഞു:
'സാര്‍ ഞങ്ങള്‍ പാലക്കാടും തിരൂരും ഒക്കെ എഴുതിക്കൊടുത്തവരായിരുന്നു. അപ്പോഴാണ്‌ ഇവിടെ ഇലക്ട്രോണിക്സ്‌ തുടങ്ങിയതും ഞങ്ങളുടെ ആവശ്യപ്രകാരം അല്ലാതെ ഞങ്ങളെ ഇങ്ങോട്ട്‌ ആക്കിയതും. കൊല്ലം രണ്ട്‌ കഴിയാന്‍ പോകുന്നു സാര്‍! ലാബില്ല, ആവശ്യത്തിന്‌ ടീച്ചേഴ്സില്ല. പുതിയ ബില്‍ഡിങ്ങ്‌ പണിതിട്ട്‌ ഞങ്ങളെ അങ്ങോട്ട്‌ ഇരുത്തിയിട്ടില്ല. ഇവിടെയുള്ള വനിതാ പോളിടെക്നിക്കില്‍ ലാബ്‌ ചെയ്യാന്‍ ഞങ്ങള്‍ നാണംകെട്ട്‌ അഭയാര്‍ത്ഥികളെപ്പോലെ നടക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി സാര്‍..... കാടന്‍ നിരുദ്ധകണ്ഠനായി. അവന്റെ തൊണ്ട ഇടറി. അതൊരു നമ്പറായിരുന്നുവെന്ന്‌ അറിയാമായിരുു‍വെങ്കിലും ഞങ്ങളും മുഖത്ത്‌ പരമാവധി ദുഖഭാവം വരുത്തി. കാടനാകട്ടെ നമ്പറാണെ കാര്യം മറന്ന്‌ കണ്ണില്‍ നിന്ന്‌ വന്ന വെള്ളത്തെ തോളുകൊണ്ട്‌ തുടച്ചു.

പിന്നെ ഞങ്ങള്‍ കാണു കാഴ്ച ഇതായിരുന്നു.കാടന്റെ തോളത്ത്‌ കൈയിട്ട്‌ ഡയറക്ടര്‍ സാര്‍ ഞങ്ങളെ അഭിസംബോധന ചെയ്യുു‍:പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങളുടെ സങ്കടം ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ നിങ്ങളുടെ കോഴ്സ്‌ വേള്‍ഡ്‌ ബാങ്കിന്റെ സ്കീമില്‍ പെടുന്നതാണ്‌. അതുകൊണ്ടുതന്നെയൊണ്‌ അഞ്ചുകൊല്ലം കൊണ്ട്‌ കഴിയേണ്ട ഒരു കെട്ടിടം ഒരു കൊല്ലം കൊണ്ട്‌ പൂര്‍ത്തിയായതും. നിങ്ങളുടെ ലാബ്‌ എക്യുപ്മെന്റ്സ്‌ എല്ലാം തന്നെ പാസായിട്ടുണ്ട്‌. ഇനിയും ചില കടലാസുപണികളില്‍ പെട്ട്‌ കിടക്കുകയാണ്‌. ഇവിടെ വച്ച്‌ ഞാന്‍ നിങ്ങള്‍ക്ക്‌ ഉറപ്പുതരുന്നു. ഒരുമാസം കഴിയുമ്പോള്‍ നിങ്ങളുടെ ക്ലാസ്‌ പുതിയ കെട്ടിടത്തിലായിരിക്കും. ഇവിടെയുള്ള എല്ലാ ബ്രാഞ്ചുകളേക്കാള്‍ പുതിയ സൌകര്യങ്ങളുള്ള ലാബോടെ. എന്റെ വാക്കുകള്‍ വിശ്വാസത്തിലെടുക്കണം, നിങ്ങളുടെ ക്ലാസിലെ എല്ലാ കുട്ടികളും ഒപ്പിട്ട്‌ ഒരു നിവേദനം എനിക്ക്‌ തരികയും വേണം.അടുത്ത്‌ നിമിഷം കാടന്‍ നിലത്തേക്ക്‌ കുനിയുതാണ്‌ കണ്ടത്‌. അവിടെ നിന്ന്‌ പൊന്തിയത്‌ പുതിയ മുദ്രാവാക്യത്തോടെയായിരുന്നു.
'അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
ഡയറക്ടര്‍ സാറിഭിവാദ്യങ്ങള്‍
അഭിവാദ്യോജ്ജ്വലകുസുമങ്ങള്‍!'
ഞങ്ങള്‍ക്കെല്ലാം ഉയരം വച്ചപോലെ! ഗജവീരന്റെ തലയെടുപ്പോടെ മുദ്രാവാക്യവുമായി ഞങ്ങള്‍ വരാന്തചുറ്റി. എവിടെയോ പതുങ്ങിയിരു പഠിപ്പിസ്റ്റുകള്‍ ഇച്ഛാഭംഗത്തോടെ നോക്കിനിന്നു. സൂപ്പര്‍ സെവനിലെ മിക്കവരും ഇന്ന്‌ ഗള്‍ഫിലുണ്ട്‌. മൂന്നു കൊല്ലത്തിലൊരിക്കല്‍ ഒരു ഗെറ്റ്ടുഗെദര്‍ എന്ന തീരുമാനം മുടക്കാതെ! കാടന്‍ കുവൈറ്റിലാണ്‌. സൂപ്പര്‍ സെവന്‍ ഇന്നും ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. എം.ടി.ഐല്‍ ഇലക്ട്രോണിക്സ്‌ പാസ്സായ ധാരാളം കുട്ടികള്‍ ഇവിടെ ഉണ്ടായിരിക്കും. അവരുടെ ശ്രദ്ധയിലേക്കാണീ കുറിപ്പ്‌. നിങ്ങള്‍ പഠിച്ച ഓസിലോസ്കോപ്പിന്റെയും വര്‍ക്ക്ബെഞ്ചിന്റെയുമൊക്കെ പിറവിയ്ക്കു പിന്നില്‍ ഡീബാര്‍ എന്ന വാള്‍ മുകളില്‍ തൂക്കിയിട്ട്‌ കീഴെ തൊണ്ടപൊട്ടി അലറി വിളിച്ച ഏഴ്‌ ശബ്ദങ്ങളുടെ പ്രതിദ്ധ്വനികളുണ്ട്‌!!!

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.