Friday, July 21, 2006

അടയുന്ന വാതില്‍തുറക്കുന്ന വാതില്‍

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു മെയ്ദിനത്തില്‍ ചെറിയ റിപ്പയറിംഗ്‌ പണിക്ക്‌ വന്ന ഷണ്മുഖന്‍ ചേട്ടന്റെ വാക്കുകള്‍ ടേപ്പില്‍ പകര്‍ത്തിയത്‌. ആ ലക്കം മൂന്നാമിടം ഇന്റര്‍നെറ്റ്‌ മാഗസിന്റെ എഡിറ്റോറിയല്‍ ആയിരുന്നു അത്‌. അവസാനഭാഗത്ത്‌ കളര്‍ ചെയ്തഭാഗം ശ്രദ്ധിക്കുക. വീക്ഷണങ്ങള്‍ ജീവിതത്തിന്റെ മൂശയില്‍ നിന്നാണ്‌ ഉരുത്തിരിയുന്നതെന്ന് മനസിലാകും.

മെയ്‌ ഒന്ന്‌, 2002
അബുദാബി

എനിക്ക്‌ പരിചയമുള്ളത്‌ മരപ്പണിയാണ്‌. മുഖപ്രസംഗമായതുകൊണ്ട്‌ ചെയ്തുകളയാമെന്ന്‌ കരുതി. മലയാളികള്‍ക്ക്‌ ഏറെ വശമുള്ള ഒരു കാര്യമാണിത്‌. പക്ഷേ പ്രസംഗിച്ചുനടക്കുന്നവര്‍ക്കില്ലാത്ത ഒന്നെനിക്കുണ്ട്‌. കൈത്തഴമ്പ്‌. എന്റെ മൂന്ന്‌ വിരലുകളുടെ അറ്റം ഒന്നിച്ച്‌ ഉളി ഛേദിച്ചുകളഞ്ഞത്‌ പണിപഠിക്കുന്ന കാലത്താണ്‌. ഏതൊരാളും സ്വന്തം കഥ ഇഷ്ടത്തോടെയും രസത്തോടെയും പറയും. കഥ എന്നൊക്കെ പറയുന്നത്‌ നിങ്ങളുടെ ഭാഷയാണ്‌. ജീവിതത്തെ കഥയെന്ന്‌ വിളിക്കുന്നതെന്തിനാണെന്ന്‌ അറിഞ്ഞുകൂടാ. പണിത്തിരക്കിനിടയില്‍ അത്തരം കാര്യങ്ങളൊന്നും ആലോചിക്കാന്‍ സമയം കിട്ടിയിട്ടില്ല. മുത്തച്ഛന്‍ കൊത്തുപണിക്കാരനും പാവ പണിക്കാരനും പ്രസിദ്ധനുമായിരുന്നു. ഏതാണ്ടെല്ലാ ആശാരിമാരും ഇത്തരം വലിപ്പം പറയും. ഞാനും കുറച്ച്‌ അലങ്കാരപ്പണികള്‍ ചെയ്തിരുന്നു. 15,000 രൂപ വരെ പണിക്കൂലി വരുന്ന കതകൊക്കെ കൊത്തിയിട്ടുണ്ട്‌. പിന്നെ ഇടക്ക്‌ പടം വരക്കുമായിരുന്നു. അങ്ങനെ കലയുമായി ഒരടുപ്പമുണ്ടെന്ന്‌ പറയാം. പക്ഷേ തൊഴിലാളിക്ക്‌ അയാളുടെ ജീവിതത്തെക്കുറിച്ച്‌ പറയാന്‍ കലയുടെ ഒന്നും കെയറോഫ്‌ അവശ്യമില്ല.

പതിനെട്ട്‌ വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്നു. പന്ത്രണ്ട്‌ വര്‍ഷം ഒമാനിലെ സലാലയിലായിരുന്നു. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍. അവിടെ കാലവസ്ഥാ വ്യത്യാസമില്ല. കേരളത്തിന്‌ പുറത്താണെന്ന്‌ അങ്ങനെ അറിയുകയില്ല. അബുദാബിയില്‍ വന്നിട്ട്‌ ആറു വര്‍ഷമായി. കൈരളി ഫര്‍ണിച്ചറിലാണ്‌ ജോലി. ആളുകള്‍ ഉപയോഗിച്ചത്‌, സെക്കന്റ്‌ ഹാന്റ്‌ ഫര്‍ണിച്ചറുകള്‍ ഞങ്ങള്‍ വിലക്കുവാങ്ങും. കേടുപാടുകള്‍ മാറ്റി, ചിന്തേരിട്ട്‌, വാര്‍ണിഷ്‌ തേച്ച്‌ പുത്തനാക്കി വില്‍ക്കാന്‍ വയ്ക്കുന്നു. കട്ടിലും അലമാരയും ടി. വി സ്റ്റാന്റും മുതല്‍ ഷൂ റാക്കു വരെ ഇങ്ങനെ പുതുക്കി എടുക്കുന്നു. കേടുപാടുകള്‍ മാറ്റലാണ്‌ പ്രധാന ജോലി. മരത്തിന്‌ ജീവിതത്തിന്റെ അത്രയും കടുപ്പമില്ല. കൈരളി എന്നത്‌ കച്ചവടത്തിന്‌ പറ്റിയ പേരാണ്‌. ആവശ്യക്കാര്‍ കൂടുതലാണ്‌. ഞങ്ങളുടെ മുതലാളിക്കിപ്പോള്‍ ത്രിശ്ശൂരില്‍ സ്വര്‍ണ്ണക്കടയൊക്കെ ഉണ്ട്‌.രാവിലെ 9 മണി മുതല്‍ ഒരു മണി വരെയും വൈകീട്ട്‌ 4 മുതല്‍ 10 വരെയുമാണ്‌ ജോലി സമയം. എവിടെയെങ്കിലും ഫര്‍ണിച്ചര്‍ ഫിറ്റ്‌ ചെയ്യാന്‍ പോയാല്‍ പതിനൊന്നോ പന്ത്രണ്ടോ ആകും. അങ്ങനെ ജോലി പന്ത്രണ്ട്‌ മണിക്കൂറിലേക്ക്‌ നീളും. ഫര്‍ണിച്ചര്‍ വാങ്ങിയവര്‍ ഫിറ്റ്‌ ചെയ്തുകഴിയുമ്പോള്‍ എന്തെങ്കിലും തന്നാല്‍ വാങ്ങും. ഇല്ലെങ്കില്‍ ഇല്ല. അധികജോലിക്കങ്ങനെ പ്രത്യേക കണക്കൊന്നുമില്ല.

ശമ്പളം 1350 ദിര്‍ഹമാണ്‌. വച്ചുണ്ടാക്കികഴിക്കാനൊന്നും നേരം കിട്ടില്ല. ഹോട്ടല്‍ ചാപ്പാടാണ്‌. വട്ടച്ചെലവ്‌ ഉള്‍പ്പെടെ 350 ദിര്‍ഹമാകും ഓരോ മാസവും. മുറി വാടക 250 ദിര്‍ഹം. വീട്ടിലേക്ക്‌ എല്ലാമാസവും 5000 രൂപ വീതമയക്കും. ഭാര്യയും രണ്ട്‌ ആണ്‍മക്കളുമാണ്‌. ഒരാള്‍ കമ്പ്യൂട്ടര്‍ കോഴ്സിനും രണ്ടാമന്‍ പത്തിലും പഠിക്കുന്നു. ശരാശരി 300 ദിര്‍ഹം മിച്ചം കിട്ടും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകണം. ടിക്കറ്റ്‌ കമ്പനി തരില്ല. വിമാനക്കൂലിയും ലൊട്ട്‌ ലൊടുക്ക്‌ സാധനങ്ങളും ചേര്‍ത്ത്‌ 4000 ദിര്‍ഹമാവും കുറഞ്ഞത്‌. ഇങ്ങനെ മിച്ചം വയ്ക്കുന്നത്‌ തികയാതെ കൂട്ടുകാരില്‍ നിന്ന്‌ കടം വാങ്ങും. എന്തെങ്കിലും അസുഖം വന്നാല്‍, നാട്ടില്‍ പ്രത്യേക വിശേഷങ്ങള്‍ ഉണ്ടായാല്‍ മിച്ചം വയ്ക്കുന്ന കാശ്‌ അങ്ങനെതന്നെ പോയിക്കിട്ടും. ഭൂരിപക്ഷം ഗള്‍ഫുകാരുടേയും സാമ്പത്തികം ഇങ്ങനെ തന്നെ. 300 ദിര്‍ഹം ശമ്പളവും 150 ഓവര്‍ടൈം കാശുമായി 450 ദിര്‍ഹത്തിന്‌ പണിയെടുക്കുന്ന സുഹൃത്തുക്കളുണ്ട്‌. അവരെ ഓര്‍ക്കുമ്പോള്‍ എന്റെ കാര്യം മെച്ചമാണ്‌.

ആദ്യകാലത്ത്‌ നാട്ടില്‍ പണിക്ക്‌ പോയിരുന്നത്‌ കുഞ്ചുമേശിരി എന്നൊരാളുടെ ഒപ്പമാണ്‌. ഒരോ വീടുകളില്‍ പണിക്ക്‌ ചെല്ലുമ്പോള്‍, ഒത്തിരിനാളായി ഇയാള്‍ കുഞ്ചുമേശിരിയുടെ കൂടെ ഉണ്ടല്ലോ എന്താ മരുമോനാക്കുന്നോ എന്നൊക്കെ ആളുകള്‍ ചോദിക്കും. അതുകേട്ടാണ്‌ എനിക്കും ഒരാശ തോന്നിയത്‌. വീട്ടുകാര്‍ എതിര്‍ത്തു. കല്യാണം കഴിഞ്ഞപ്പോള്‍ കുടുംബത്ത്‌ കേറരുതെന്ന്‌ പറഞ്ഞു. അങ്ങനെ വാടകവീട്ടിലായി...... ഇപ്പോള്‍ സ്വന്തമായി കുറച്ച്‌ വസ്തു വാങ്ങിയതില്‍ ചെറിയൊരു വീടുണ്ട്‌, അതിലാണ്‌ താമസം. അതൊന്നു മാറ്റി പണിയണം. സലാലയില്‍ അഞ്ചുകൊല്ലം നാട്ടില്‍ പോകാതെ ഒരേ നില്‍പു നിന്നിട്ടാണ്‌ അന്നത്രയുമൊക്കെ കഴിഞ്ഞത്‌.ആറു സഹോദരിമാരുണ്ട്‌. ഗള്‍ഫില്‍ വരുമ്പോള്‍ ഒരാളുടെ വിവാഹമേ നടന്നിരുന്നുള്ളൂ. പിന്നീട്‌ നാലു പേരുടെ കല്യാണക്കാര്യത്തില്‍ നന്നായി സഹായിച്ചു. അനിയന്‍ ഒരാളുണ്ട്‌. ഗള്‍ഫില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നിട്‌ ആഫ്രിക്കയില്‍ പോയി. രക്ഷപിടിക്കാതെ മടങ്ങി. എനിക്ക്‌ അമ്പത്തൊന്ന്‌ വയസ്സുണ്ട്‌, കണ്ടാല്‍ തോന്നില്ലെങ്കിലും.

പ്രാരാബ്ധങ്ങളുടെ ഇത്തരം കഥകള്‍ പഴയ തലമുറയിലെ എല്ലാ ഗള്‍ഫുകാരും പറയുന്നതാണ്‌. സത്യമായത്‌ പറയാതിരിക്കാന്‍ പറ്റുമോ? കുട്ടികള്‍ ഇപ്പോള്‍ ഒന്നും രണ്ടുമൊക്കെ ആയതുകൊണ്ട്‌ പുതിയ ഗള്‍ഫുകാര്‍ക്കും ഇനി വരുന്നവര്‍ക്കും ഈ കഥകള്‍ ആവര്‍ത്തിക്കേണ്ടിവരില്ല. ഇനി വരുന്നവര്‍ എന്ന്‌ കേട്ട്‌ ചിരിക്കണ്ട. ഗള്‍ഫ്‌ പ്രതിസന്ധി പ്രതിസന്ധി എന്ന്‌ പത്രങ്ങള്‍ ദിവസവും ഉമ്മാക്കി കാണിക്കുന്നുണ്ട്‌. കള്ളക്കടത്തായി പണ്ട്‌ ഗള്‍ഫില്‍ വന്ന്‌ നിറയെ കാശുണ്ടാക്കിയ കിളവന്മാര്‍ ആ വാതിലടഞ്ഞു ഈ വാതിലടഞ്ഞു എന്ന്‌ ഉപന്യാസങ്ങളെഴുതുന്നുണ്ട്‌. ഞങ്ങള്‍ വാതിലുകള്‍ പണിയുന്നത്‌ അടക്കാന്‍ വേണ്ടി മാത്രമല്ല. തുറക്കാനും കൂടിയാണ്‌. സ്വന്തമായി ഒരു തൊഴിലറിയുന്നവന്‍ ഇതൊന്നും കൂസുകയില്ല. എന്റെ മക്കള്‍ക്ക്‌ ഭൂമിയിലൊരിടത്തും വേല കിട്ടുകയില്ലെന്ന്‌ പറഞ്ഞ്‌ നടക്കാന്‍ തക്ക കിറുക്കൊന്നും എനിക്കില്ല. ഒരു ആശാരിയുടെ അത്ര പോലും കണക്കുകൂട്ടാനുള്ള കഴിവോ പ്രവര്‍ത്തിക്കുന്ന മനസോ ഇല്ലാത്തവരാണ്‌ ഗള്‍ഫുകാരുടെ ജാതകം എഴുതുന്നത്‌. പ്രതീക്ഷ കൊടുത്തില്ലെങ്കിലും ആളുകള്‍ക്ക്‌ നിരാശ കൊടുക്കരുത്‌. അതാണ്‌ എന്റെ മെയ്ദിന സന്ദേശം. വിശ്വകര്‍മ്മാവ്‌ എന്നുപറഞ്ഞാല്‍ അറിയാമല്ലോ, ലോകത്തെ സൃഷ്ടിച്ചവനെന്നാണ്‌.....എനിക്ക്‌ കൈരളി ഫര്‍ണിച്ചറിലേക്ക്‌ പോകാന്‍ നേരമായി, ടേപ്പ്‌ കറങ്ങുന്നുണ്ടല്ലോ അല്ലേ, ഇനി പിന്നെക്കാണാം.നമസ്കാരം.

എസ്‌. ഷണ്‍മുഖന്‍
കാര്‍പ്പെന്റര്
‍കൈരളി ഫര്‍ണിച്ചര്‍
അബുദാബി

16 comments:

സങ്കുചിത മനസ്കന്‍ said...

ഒരു ആശാരിയുടെ അത്ര പോലും കണക്കുകൂട്ടാനുള്ള കഴിവോ പ്രവര്‍ത്തിക്കുന്ന മനസോ ഇല്ലാത്തവരാണ്‌ ഗള്‍ഫുകാരുടെ ജാതകം എഴുതുന്നത്‌. പ്രതീക്ഷ കൊടുത്തില്ലെങ്കിലും ആളുകള്‍ക്ക്‌ നിരാശ കൊടുക്കരുത്‌. അതാണ്‌ എന്റെ മെയ്ദിന സന്ദേശം.

സു | Su said...

"സ്വന്തമായി ഒരു തൊഴിലറിയുന്നവന്‍ ഇതൊന്നും കൂസുകയില്ല. എന്റെ മക്കള്‍ക്ക്‌ ഭൂമിയിലൊരിടത്തും വേല കിട്ടുകയില്ലെന്ന്‌ പറഞ്ഞ്‌ നടക്കാന്‍ തക്ക കിറുക്കൊന്നും എനിക്കില്ല."
ഷണ്മുഖന്‍ ചേട്ടനെപ്പോലെ എല്ലാവരും കരുതിയാല്‍പ്പോരേ?

അരവിന്ദ് :: aravind said...

കൊള്ളാം ചങ്കു.
വ്യത്യസ്തം. നന്നായിരിക്കുന്നു.
വാതിലുകള്‍ അടയാന്‍ മാത്രമല്ല, തുറക്കനും കൂടിയുള്ളതാണ്. അതോര്‍ത്തു വയ്ക്കും.

സങ്കുചിത മനസ്കന്‍ said...

അതാണ്‌ അരൂ ഈ ലേഖനത്തിന്റെ കാതല്‍. അതും നമ്മള്‍ നിസ്സാരക്കാര്‍ എന്ന് വിശ്വസിക്കുന്ന ആള്‍ക്കാരുടെ ചില ചിന്തകള്‍ ഏത്‌ അക്കഡമിക്‌ ചിന്തകനേക്കാള്‍ ഉഗ്രനായിരിക്കും. എത്ര സിമ്പിളായി ഗെഡി അവതരിപ്പിച്ചു. ആളുടെ സംഭാഷണം അങ്ങനെ തന്നെ കൊടുത്തതാണ്‌. ഒന്നോ രണ്ടോ റെപീറ്റേഷന്‍ മാറ്റി എന്നതേ ഉള്ളൂ....

അപ്പൊള്‍ ദമനകന്‍ ... said...

നല്ല സന്ദേശം, നല്ല അവതരണ, ഭാഷ.
ബഷീറിനെ ഓര്‍മ്മ വന്നു. നന്ദി.

സഞ്ചാരി said...

ഉള്ളവനും ഇല്ലാത്തവനും എന്ന വിടവ് ഇവിടെയും ഉണാക്കന്‍ ചിലരുടെ ശ്രമം.താഴ്ന്നവരുമാനക്കരോടുള്ള സ ഹതാപം ഒരുപരിഹാസരൂപത്തിലാണ് ചിലര്‍ കാണുന്നത്. സ്വപ്നവും,പരസ്പരസ ഹയവും,ആത്മവിശ്വാസവുണ്ടെങ്കില്‍ എല്ലാംനേടാന്‍ സധിക്കും.

കുറുമാന്‍ said...

ഷണ്മുഖം ചേട്ടനെ പരിചയപെടുത്തിയതിന്നും, അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പങ്കുവച്ചതിന്നും, സങ്കുചിതനു നന്ദി

മുല്ലപ്പൂ || Mullappoo said...

നല്ല സന്ദശം..

വാതിലകത്തേക്കോ പുറത്തേക്കൊ..
പടികള്‍ മുകളിലേക്കൊ തഴേക്കോ..

പല്ലി said...

യാഥാര്‍ത്ഥ്യം
സത്യമേവ ജയതേ

വക്കാരിമഷ്‌ടാ said...

വളരെ നല്ല കുറിപ്പ്. ഗള്‍ഫുകാരെല്ലാം പൈസയില്‍ മുങ്ങിക്കുളിച്ച് കിടക്കുന്നവരാണെന്നും നാട്ടില്‍ കിട്ടുന്നത് പോരാഞ്ഞിട്ട് അക്കരപ്പച്ച കണ്ട് വന്നവരാണ് അവരെല്ലാമെന്നും കരുതുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഷണ്‍‌മുഖന്‍ ചേട്ടന്റെ സന്ദേശം എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ആത്‌മവിശ്വാസവും ശുഭാപ്തിവിശ്വാസവും എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍.....

നന്ദി, ശങ്കൂ.

ദിവ (diva) said...

“കുട്ടികള്‍ ഇപ്പോള്‍ ഒന്നും രണ്ടുമൊക്കെ ആയതുകൊണ്ട്‌ പുതിയ ഗള്‍ഫുകാര്‍ക്കും ഇനി വരുന്നവര്‍ക്കും ഈ കഥകള്‍ ആവര്‍ത്തിക്കേണ്ടിവരില്ല“

ശരിയാണ്. ഒന്നോ രണ്ടോ കുട്ടികളെ വളര്‍ത്തി വലുതാക്കാനുള്ള ബുദ്ധിമുട്ട് കുറവല്ല, പണ്ടത്തെപ്പോലെ കൂട്ടുകുടുംബമല്ലാത്തതു കൊണ്ട്. എന്നാലും, പത്തുമക്കളുള്ളവരുടെ പരാധീനതയേക്കാള്‍ ഭേദമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

നന്നായിരിക്കുന്നു, സങ്കൂ..

ബിന്ദു said...

വിദ്യാഭ്യാസമല്ല വിവരത്തിനടിസ്ഥാനം എന്നു മനസ്സിലാക്കാന്‍ നല്ലൊരു ഉദാഹരണം ! നന്നായി സങ്കൂ...

സങ്കുചിത മനസ്കന്‍ said...

കമന്റിയവര്‍ക്കും വായിച്ചവര്‍ക്കും നന്ദി.

ഒരു ആശാരി അയാളുടെ ജീവിതത്തിലൂടെ ഗള്‍ഫ്‌ നേടിക്കൊടുത്ത ഗുണങ്ങളെ മുന്നോട്ട്‌ വക്കുകയാണ്‌. കുറവുകളും വിഷമങ്ങളും അല്ല അദ്ദേഹം പൊക്കിപിടിക്കുന്നത്‌.

ഷണ്മുഖന്‍ ചേട്ടന്‍ ഇപ്പോഴും ഇവിടെയുണ്ടോ എന്നെനിക്കറിയില്ല. നീണ്ട ആറു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.

ശനിയന്‍ \OvO/ Shaniyan said...

നന്ദി!

Anonymous said...

ഫോര്‍മല്‍ വിദ്ധ്യാഭ്യാസവും യതാര്‍ത്ഥ ജീവിത വിദ്ധ്യാഭ്യാസവും തമ്മിലുള്ള വിത്യാസം ആണിത്.
ആ ചേട്ടന്റെ വീക്ഷണം ജീവിതത്തില്‍ നിന്ന് മാത്രമേ കിട്ടുള്ളൂ.
നന്ദി ഇതു ഇവിടെ പോസ്റ്റിയതിന്..

Anonymous said...

വിദ്ധ്യാഭ്യാസവും -> വിദ്യഭ്യാസം .അങ്ങിനെ അല്ലെ? സോറി..

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.