Thursday, June 29, 2006

ഞാന്‍ ശബരിമലമുട്ടന്‍ -2

നിങ്ങള്‍ മലയാളികള്‍ക്ക്‌ ചിലപ്പോള്‍ എന്നെ പരിചയമുണ്ടാകില്ല. കാരണം, ഭഗവാനൊരു കൈക്കൂലി എന്ന നിലക്കാണെങ്കില്‍ പോലും എന്നെ പോലെ വിപണിയില്‍ വിലമതിക്കുന്ന ഒരു ആടിനെ നിങ്ങള്‍ വെറുതേ കളയില്ല. രണ്ടു കതിന വെടി അല്ലെങ്കിലൊരു പൂവന്‍ കോഴി, ഇതില്‍ കൂറ്റുതല്‍ ഈ ഇനത്തില്‍ ചിലവാക്കാത്ത പ്രായോഗിക ബുദ്ധിക്കാരാണല്ലോ നിങ്ങള്‍. എന്നാല്‍ പാവം എന്റെ യജമാനന്റെ നാട്ടുകാര്‍ (പഴയ യജമാനന്റെ, ഇപ്പോഴത്തെ യജമാനന്‍ ഭഗവാന്‍ അയ്യപ്പനാണല്ലോ) -നിങ്ങള്‍ പാണ്ടികള്‍ എന്ന് പുച്ഛിക്കുന്ന ആ പാവങ്ങള്‍- എന്നെ പോലെയുള്ള ഉഷാറ്‌ മുട്ടന്മാരെ ശബരിമല, പഴനി പിന്നെ അനേകം ലോക്കല്‍ അമ്പലങ്ങള്‍ ഇവിടങ്ങളിലേക്ക്‌ നേര്‍ന്ന് ഉഴിഞ്ഞ്‌ വിടാറുണ്ട്‌.

ജനിക്കുകയാണെനെകില്‍ ശബരിമല മുട്ടനായി ജനിക്കണമെന്ന് എന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട ദാരിദ്ര്യരേഖയ്ക്ക്‌ താഴെ കിടക്കുന്ന, തമിഴ്‌ വംശജര്‍ ഇടയ്ക്കിടയ്ക്ക്‌ പറയുന്നത്‌ ഞാന്‍ കേള്‍ക്കാറുണ്ട്‌ -ഒരു നെടുവീര്‍പ്പോടെ. അവരെ കുറ്റം പറയാന്‍ സാധിക്കില്ല. ഈ ശബരിമല മുട്ടന്‍ പട്ടം കിട്ടിയ അന്നുമുതല്‍ ഞങ്ങള്‍ സവര്‍ണ്ണകുലക്കാരായി മാറും. പൂര്‍വ്വാശ്രമം ആരും അന്വേഷിക്കില്ല. എല്ലായിടത്തുനിന്നും ഭക്ഷണം. ഞങ്ങളെ ദൈവത്തിനും അവര്‍ക്കും ഇടയ്ക്കുള്ള ഒരു പാലമായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള ആരാധന, എവിടെയും കയറിച്ചെല്ലുവാനുള്ള അനുവാദം. എന്നാല്‍ എന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട സാധാരണക്കാരുടെ കാര്യം കഷ്ടം തന്നെ. കറവയുടെ നേരത്ത്‌ കൃത്യമായി പാലെടുക്കും. പിന്നെ ഭക്ഷണം തേടല്‍ പാവങ്ങളുടെ സ്വന്തം ജോലി. സിനിമാ പോസ്റ്റര്‍ വരെ തിന്ന് വിശപ്പടക്കുന്ന എത്രയോ പാവങ്ങള്‍! ഇതെല്ലാം കണ്ട്‌ എനിക്ക്‌ ധാര്‍മ്മിക രോഷം ഉണ്ടാകാറുണ്ട്‌. പക്ഷേ എനിക്ക്‌ പ്രതികരിക്കാന്‍ അവകാശമില്ല. ഞാന്‍ അയ്യപ്പന്റെ ദാസനാണ്‌. എനിക്ക്‌ വിധിച്ചിട്ടുള്ളത്‌ ഭക്തിമാര്‍ഗ്ഗമാണ്‌. നിത്യ ബ്രഹ്മചര്യം! പ്രാര്‍ത്ഥനാ നിര്‍ഭരമായ രാപകലുകള്‍! ചുറ്റും നടക്കുന്നതൊന്നും കാണരുത്‌, കേള്‍ക്കരുത്‌! ആത്യന്തിക ലക്ഷ്യമായ ശബരിമലയിലേക്കുള്ള പ്രയാണത്തിലായിരിക്കണം ഞാന്‍. സ്വാമി ശരണം! എന്റെ വര്‍ഗ്ഗക്കാരുമായി കൂട്ടം കൂടി നടക്കുന്നതില്‍ നിന്നും എനിക്ക്‌ വിലക്കുണ്ട്‌. ഈ വിലക്കുകള്‍ ഉണ്ടാക്കിയവര്‍ ഒന്നോര്‍ക്കുന്നുല്ല. എനിക്കുമുണ്ട്‌ മോഹങ്ങള്‍. എനിക്കുമുണ്ട്‌ ചെറുപ്പത്തിന്റെ തിളപ്പ്‌. ഒരു പറമ്പിലേക്ക്‌ അതിക്രമിച്ചു കയറി ഉടമസ്ഥന്‍ കാണാതെ നാല്‌ ഇല ചവച്ചരച്ച്‌ തിന്നുന്നതിന്റെയും, പിടിക്കപ്പെടുമ്പോള്‍ വേലി ചാടി ഓടുന്നതിന്റെയും ത്രില്ല് എനിക്കും ആസ്വദിക്കണമെന്നുണ്ട്‌. എന്തു ചെയ്യാം! ഞങ്ങള്‍ക്കതൊന്നും വിധിച്ചിട്ടില്ല.

അങ്ങിനെ ജീവിതം വിരസമായി, എങ്കിലും അല്ലലില്ലാതെ മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുമ്പോഴാണ്‌ എന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു സംഭവം ഉണ്ടായത്‌. ഒരു ഞെട്ടലോടെയാണ്‌ ഞാന്‍ അക്കാര്യം ഓര്‍മ്മിക്കുന്നതുതന്നെ!

അവര്‍ണ്ണകുലത്തില്‍പ്പെട്ട ഒരു പാവം കറമ്പിപ്പെണ്ണാട്‌ -യുവ കന്യക- എന്നെ പ്രേമിക്കുന്നു!! അതിശക്തമായി പ്രേമിക്കുന്നു.! സ്വാമി ശരണം!

ഞാന്‍ കടിച്ച ഇല കാഞ്ഞിരത്തിന്റേതാണെങ്കിലും പ്ലാവില തിന്നുന്ന സ്വാദോടെ തിന്നാന്‍ അവള്‍ റെഡി! എന്നെ സന്തോഷിപ്പിക്കാന്‍ പതിവില്ലാത്ത വിധം രണ്ടു നേരം കുളിക്കാന്‍ അവള്‍ റെഡി!

അല്ലയോ കറമ്പീ...സുന്ദരീ.... ഞാന്‍ ഭഗവാന്‍ അയ്യപ്പന്റെ പ്രതിനിധി! സാക്ഷാല്‍ മാളികപ്പുറത്തിനെ പടിക്ക്‌ പുറത്ത്‌ ആജീവനാന്തം കാത്തിരിക്കാന്‍ വിട്ട ഭഗവാന്റെ സ്വന്തം പ്രൊപ്പെര്‍ട്ടി. നിത്യബ്രഹ്മചാരി! എന്റെ ആത്യന്തിക ലക്ഷ്യം സന്നിധാനം! നീ പ്പൊ! എനിക്ക്‌ വേണ്ടി യുഗാന്തരങ്ങളോളം നിന്റെ കന്യകാത്വം എനിക്ക്‌ വേണ്ടി കാത്തുസൂക്ഷിച്ചാലും എന്റെ മനസിളക്കാമെന്ന് നീ കരുതണ്ടാ... പോയി നിന്റെ കൂട്ടത്തില്‍ നിന്ന് ഒരു കണവനെ തിരഞ്ഞെടുക്ക്‌. അവന്റെ കുട്ടികളെ പ്രസവിച്ച്‌ സന്തോഷത്തോടെ ജീവിക്ക്‌...

കറമ്പി പിന്‍ വാങ്ങുന്ന മട്ട്‌ കണ്ടില്ല. ഞാന്‍ പോകുന്ന വഴിയേ അവള്‍ വരും.. ഞാന്‍ നിന്നല്‍ ഒരു കാതം അകലെയായി അവളും നില്‍ക്കും. ഞാന്‍ തിന്ന് ബാക്കി ഇടുന്നതേ തിന്നൂ! ഞങ്ങളുടെ ഇടയില്‍ വലിയ മുറുമുറുപ്പുണ്ടായതെല്ലാം ഞാന്‍ വളരെ വൈകിയാണറിഞ്ഞത്‌. അവര്‍ക്കിടയില്‍ എനിക്കധികം ചങ്ങാതിമാരുണ്ടായിരുന്നില്ലല്ലോ. ഒരു വിശുദ്ധനായ എന്നെ ചങ്ങാതിയാക്കാനും അവര്‍ക്ക്‌ താല്‍പര്യം ഉണ്ടായിരുന്നില്ല. പ്രശ്നം രൂക്ഷമായി. കറമ്പിയെ മോഹിക്കുന്ന മറ്റൊരു മുട്ടനാണ്‌ അനാവശ്യങ്ങള്‍ പറഞ്ഞു പരത്തിയത്‌. നിത്യ ബ്രഹ്മചായി ശബരിമല മുട്ടന്‍ പ്രേമിച്ച്‌ നടക്കുന്നു. കറമ്പിയെ ഭക്ഷണം കൊടുത്ത്‌ പ്രലോഭിപ്പിക്കുന്നു... നാളെ ചിലപ്പോള്‍ സൂര്യന്‍ ഉദിച്ചെന്ന് വരില്ല. സത്യത്തിന്‌ ഒരു വിലയുമില്ലാത്ത നാട്‌. ഇനി ഈ നാട്‌ പറ്റില്ല. പോകണം. തന്റെ ലക്ഷ്യത്തിലേക്ക്‌ മുന്നേറുക തന്നെ.

അങ്ങിനെയാണ്‌ സ്നേഹിതരേ ഞാന്‍ ആ ഗ്രാമം വിട്ടത്‌. ഒരു വൈക്കോല്‍ ലോറിയുടെ പുറകില്‍ ചാടിക്കയറി ഒരു രാത്രി കൊണ്ട്‌ ഇവിടെയെത്തി. ശബരിമലയിലേക്ക്‌ ഇനിയുമേറെ ദൂരമുണ്ടെന്നെനിക്കറിയാം. പതുക്കെ പതുക്കെ സന്നിധാനത്തെത്താനാണെന്റെ പരിപാടി. അവിടെയെത്തുമ്പോഴേക്ക്‌ വൃദ്ധനാകണം. ശേഷിച്ച കാലം അയ്യപ്പഭജനയുമായി സന്നിധാനത്ത്‌ കഴിയണം. അതുവരെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും തമ്പടിച്ച്‌, വിവിധസംസ്കാരങ്ങള്‍ അടുത്തറിഞ്ഞ്‌ പതുക്കെപതുക്കെ ശബരിമലയിലേക്ക്‌ നീങ്ങുക.

ഒരു കാര്യത്തില്‍ എനിക്ക്‌ നിങ്ങള്‍ മലയാളികളോട്‌ വലിയ ബഹുമാനം തന്നെയുണ്ട്‌. അജപരിപാലനത്താല്‍ നിങ്ങള്‍ തമിഴരേക്കാള്‍ എത്രയോ മാന്യന്മാര്‍! അവര്‍ക്ക്‌ ഞങ്ങളുടെ വര്‍ഗ്ഗം വെറും ഉല്‍പാദകയന്ത്രങ്ങള്‍! നിങ്ങള്‍ക്കുമങ്ങിനെതന്നെ. പക്ഷേ നിങ്ങള്‍ ഈ യന്ത്രങ്ങള്‍ക്ക്‌ ഇന്ധനം എത്തിക്കുന്ന കാര്യത്തില്‍ തികഞ്ഞ ശുഷ്കാന്തിയുണ്ട്‌. നിങ്ങളുടെ ഈ കൊച്ചുഗ്രാമത്തില്‍ യജമാനന്മാരും എന്റെ വര്‍ഗ്ഗക്കാരും തമ്മില്‍ എന്തൊരു വൈകാരിക ബന്ധമാണെന്നോ? മക്കളേക്കാള്‍ സ്നേഹം ആടിനോട്‌ കാണിക്കുന്ന എത്ര അമ്മമാര്‍! പുറത്ത്‌ പോയി തിരികെ വരുമ്പോള്‍ ഒരു പഴത്തൊലി (അല്ലെങ്കില്‍ നാല്‌ പഴുത്ത പ്ലാവില) ആടിന്‌ കൊണ്ടുവരുന്ന എത്രയോ കുടുംബനാഥന്മാര്‍. ജനിക്കുകയാണെങ്കില്‍ നിങ്ങളുടെ ആടായിതന്നെ ജനിക്കണം.

ഞാന്‍ ഇവിടെ വന്നിറങ്ങിയ ദിവസം എന്നെ പ്രതി നിങ്ങളുടെ കൊച്ചുകവലയില്‍ ഒരു തര്‍ക്കം തന്നെ ഉണ്ടായി. പഴയ യജമാനന്‍ കഴുത്തിലിട്ട്‌ തന്നിരിന്ന ഒരു തുകല്‍ ബെല്‍റ്റും അതില്‍ തൂക്കിയിട്ടിരുന്ന ഭഗവാന്‍ അയ്യപ്പ്പന്റെ ഒരു ലോഹചിത്രവും രക്ഷിച്ചു. ചില പഴയ ആള്‍ക്കാര്‍ ഞാന്‍ ശബരിമല മുട്ടനാണെന്ന് സ്ഥിരീകരിച്ചു.

പക്ഷേ, തമിഴന്മാര്‍ ഞങ്ങള്‍ ദൈവദാസന്മാര്‍ക്ക്‌ നല്‍കുന്ന നിലയും വിലയുമൊന്നും നിങ്ങള്‍ കല്‍പ്പിക്കുന്നില്ല. എനിക്കതില്‍ ഖേദമില്ല. പക്ഷേ തേരാ പാരാ തെണ്ടിനടക്കുന്ന തൊഴില്ലാത്ത ചെറുപ്പക്കരെ നിങ്ങള്‍ ശബരിമലമുട്ടന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നതിനോട്‌ എനിക്കെതിര്‍പ്പുണ്ട്‌.

ഈ ഗ്രാമത്തില്‍ ഏറ്റവും കൂടുതലാടുകളുള്ളത്‌ ഒരു ഭാസ്കരനാണ്‌. ഈ മനോഹരഗ്രാമത്തിന്റെ രൂപത്തിനോ സ്വഭാവത്തിനോ യോജിക്കാത്ത ഒരു മീശക്കൊമ്പന്‍. അവന്റെ നോട്ടം തന്നെ എനിക്ക്‌ പിടിക്കാറില്ല. ഞായറാഴ്ചകളില്‍ ഒന്നോ രണ്ടോ ആടുകളെ അവന്‍ കൊന്ന് തോലു കളഞ്ഞ്‌ വീടിന്‌ മുന്‍ വശത്ത്‌ ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ കെട്ടിത്തൂക്കി ഇടും. തോല്‌ ഉ രിഞ്ഞ്‌ ചോരയില്‍ കുളിച്ച്‌ ആ പാവങ്ങള്‍ തൂങ്ങികിടക്കുന്നത്‌ എനിക്ക്‌ നോക്കാനേ സാധിക്കുമായിരുന്നില്ല. താഴെ ആ പാവങ്ങളുടെ തലകളും അറുത്തെടുത്ത്‌ വില്‍പനയ്ക്ക്‌ വച്ചിട്ടുണ്ടായിരിക്കും. ഹോ! കണ്ണുകള്‍ ആ ക്രൂരന്‍ ഒരിക്കലും അടച്ച്‌ വക്കില്ല. ആ പാവം കണ്ണുകള്‍ ദയനീയമായി എന്നെ നോക്കാറുണ്ട്‌. ഞങ്ങള്‍ മുട്ടന്മാര്‍ ജനിച്ചതേ നിങ്ങള്‍ക്ക്‌ ഭക്ഷണമാകാന്‍ വേണ്ടിയാണോ? ഈ ഘോരമായ കാഴ്ച എന്നില്‍ എല്ലാ ഞായറാഴ്ചകളിലും പ്രതികാരത്തിന്റെ കനല്‍ വീഴ്ത്താറുണ്ട്‌.
ഈ ശപ്പന്‍ മീശക്കൊമ്പന്‍ ഭാസ്കരന്റെ പള്ളയില്‍ ഒരു ദിവസം കൊമ്പ്‌ കയറ്റിയാലോ എന്ന് ഞാന്‍ ചിന്തിക്കായ്കയല്ല.

പക്ഷേ ഞാന്‍ ശബരിമല മുട്ടനാകുന്നു.

എന്റെ ആത്യന്തിക ലക്ഷ്യം സന്നിധാനം. പ്രതികാരം എന്ന വാക്ക്‌ ഞാന്‍ ചിന്തിച്ചുകൂടാ....
സ്വാമി ശരണം.
തുടരും, തുടരണോ?

12 comments:

സങ്കുചിത മനസ്കന്‍ said...

ഈ ശപ്പന്‍ മീശക്കൊമ്പന്‍ ഭാസ്കരന്റെ പള്ളയില്‍ ഒരു ദിവസം കൊമ്പ്‌ കയറ്റിയാലോ എന്ന് ഞാന്‍ ചിന്തിക്കായ്കയല്ല.

പക്ഷേ ഞാന്‍ ശബരിമല മുട്ടനാകുന്നു.

എന്റെ ആത്യന്തിക ലക്ഷ്യം സന്നിധാനം. പ്രതികാരം എന്ന വാക്ക്‌ ഞാന്‍ ചിന്തിച്ചുകൂടാ....
സ്വാമി ശരണം.
തുടരും, തുടരണോ?

കുറുമാന്‍ said...

തുടര്‍ണോന്നാ, സങ്കൂ, പള്ളേല് ഞാന്‍ മുട്ടനേകൊണ്ട് കൊമ്പു കേറ്റിക്കുംട്ടാ..

ആദ്യഭാഗത്തിന്നുഷാറു പോരായിരുന്നു0. പക്ഷെ ഇത് കലക്കി. ചിരിച്ചു മതിയായി. അടുത്ത ഭാഗം വേഗം പോരട്ടെ മാഷെ.

അരവിന്ദ് :: aravind said...

തുടരണോ....ന്നാ?????????????
ദേ ചങ്കൂ..സത്യായിട്ടും ബാക്കി പറഞ്ഞില്ലേല്‍ ഞാന്‍ പറന്ന് വന്നിടിക്കൂട്ടാ..
:-))
പോരട്ടെ ചങ്ങായീ ....പൂരം കാണാന്‍ കൊത്യായി!!

(ബൈ ദ ബൈ , ജോലിയില്ലാത്തവര്‍ക്ക് അങ്ങനെ ഒരു പേരുണ്ട് അല്ലേ..:-) ഹ ഹ ഹ)
സൂപ്പര്‍ പോസ്റ്റ്!

തണുപ്പന്‍ said...

അതെന്ത് ചോദ്യാന്‍റെ ശങ്കൂ.....അങ്ങ്ട് തോടര്‍ന്ന് കാച്ച് ....

വിശാല മനസ്കന്‍ said...

ഇതെഴുതിയ സങ്കുചിതനെയാണ് ഞാന്‍ പുലീ..പുലീ... എന്ന് വിളിച്ചത്.

തുടരണോന്നോ?? കൊല്ലുഞ്ഞാ....

എര്‍പ്പായേട്ടന്‍ സ്റ്റൈലില്‍ പറയട്ടെ.. ‘മാര്‍വലസ്’

ആനക്കൂടന്‍ said...

മലയാളത്തിലിതാദ്യമായി ഒരു മുട്ടനാടിന്റെ ആത്മകഥ അഥവാ അത്മഗദ്ഗദം. കൊള്ളാം കൊള്ളാം...തുടരൂ‍.

ബിന്ദു said...

അതെന്താ അങ്ങനെ? തുടരണോ എന്നു??? വേഗാവട്ടെ. :)

പണിക്കന്‍ said...

ഒരാടിനെ കേറി എങ്ങന്യാ പുലി ന്നു വിളിക്യ... അതു ഒരു ശബരിമലമുട്ടനെ... പക്ഷെ മുട്ടന്‍ ചരിതം അവതരിപ്പിക്കുന്ന സങ്കു മാഷിനെ അങ്ങനെ വിളിക്കാണ്ടെ വയ്യ...പുലീീീീി...

തുടരണൊ എന്നുള്ളതു ഇവടെ ഒരു ചോദ്യമേ അല്ല... തുടര്‍ന്നെ പറ്റു...

കലക്കി!!!

Kuttyedathi said...

സങ്കുചിതോ, ഇന്നു കുത്തിയിരുന്നു രണ്ടും വായിച്ചു. രസിച്ചു. എല്ലാരും മനുഷേമ്മാരെ പറ്റിയല്ലെ എഴുതണത്‌ ? ഒരാടിന്റെ ആത്മ കഥ എഴുതാന്‍ ..അതൊരു വേറെ കഴിവു തന്നെ. എന്നാലും ഇത്രേം നേരമാലോചിച്ചിട്ടും, കന്യാസ്ത്രീകളെ റേയ്പു ചെയ്ത വാര്‍ത്ത വായിച്ചപ്പോല്‍, ഈ കഥ ഓര്‍ക്കാന്‍, അതുമിതും തമ്മിലുള്ള ആ ലിങ്ക്‌ പുടി കിട്ടിയില്ല. :)

അതെന്നാ ചോദ്യമാ, തുടരണോ എന്നൊക്കെ. നല്ല വീക്കു വച്ചു തരും, ഇടയ്ക്കു വച്ചു നിറുത്തിയാല്‍. കല്ലു പോലെ തുടരെന്നേ. ദൈവമേ മണി അഞ്ചോ. ഞാന്‍ വീട്ടില്‍ പോട്ടെ.

Adithyan said...

ഒള്ള കാര്യം പറയാമല്ലോ... ആകെ മൊത്തം ഒരു ഗിഗ്നാസ ആയി... ഇനിയെന്ത്?

വരും വരാതിരിക്കൂല്ല :)

വഴിപോക്കന്‍ said...

സങ്കു ചേട്ടോ പൂയ്...
ബാക്കി എപ്പൊ?

വികടന്‍ said...

തുടരണം, തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ. നന്നായിട്ടുണ്ട്‌.

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.