Sunday, August 05, 2007

തിരക്കഥ -ടെലിഫിലിം (ലാസ്റ്റ് ഭാഗം)

ആദ്യഭാഗം ഇതാ ഇവിടെ. കഥ ഇതാ ഇവിടെ

20

സ്കൂള്‍വിട്ടുവരുന്ന കണ്ണന്‍. മുറ്റത്ത്‌ വിരിച്ചിട്ടിരുന്ന കൊണ്ടാട്ടം പെറുക്കി മാറ്റുകയായിരുന്ന നിമ്മി, ഓടിവന്ന്‌ കണ്ണനെ എടുക്കുന്നു. നിമ്മി അതീവസന്തോഷത്തില്‍. വലുതായിപ്പോയി എന്ന ഭാവം ഉള്ളതുകൊണ്ട്‌ കുതറിയിറങ്ങുന്ന കണ്ണന്‍.

നിമ്മി: അച്‌'ന്‌ ജോലി കിട്ടീ കണ്ണാ. ഇപ്പോ വിളിച്ചു. ഇനീം വിളിക്കും രാത്രീല്‌. മോനിന്ന്‌ നേരത്തെ ഒറങ്ങര്‌ത്ട്ടോ.

പൂമുഖത്തുനിന്ന്‌ അച്‌'മ്മ: ഞാമ്പറഞ്ഞില്ലേ നിമ്മീ, ഒരു കലശം നേര്‍ന്നാ മതീന്ന്‌.ഇപ്പോ എന്തായി.

നിമ്മി: അമ്മേ, വേഗം തന്നെ ശങ്കരേട്ടനോട്‌ പറയണം. കലശം ഒട്ടും വൈകിക്കണ്ടാ.

(അകത്തേക്ക്‌ കേറിപോകുന്ന കണ്ണനും നിമ്മിയും, അച്‌'മ്മയും.)

21

അതേ യൂണിഫോമില്‍ ഊണുമേശയിലിരുന്ന്‌ ഉണക്കപുട്ട്‌ (രാവിലത്തെ ബാക്കി) തിന്നുന്ന കണ്ണന്‍. അച്‌'മ്മ അവന്‌ ചായ കൊണ്ടുവയ്ക്കുന്നു.

കണ്ണന്‍: എന്തുറ്റാച്‌'മ്മേ കലശം?

അച്‌'മ്മ: മോന്‍ സന്ധ്യക്ക്‌ തൊഴാറില്ലേ, കാവില്‌? അതാരൊക്ക്യാന്നറിയോ?

കണ്ണന്‍: ഇല്ല്യ.

അച്‌'മ്മ: അതൊക്ക്യേ നമ്മടെ കാര്‍ന്നോന്മാരാ. നടുവില്‍ ഇരിക്കണ വല്ല്യ കല്ലില്ലേ? അതാ മുത്തമ്മാന്‍. തെക്കേ അറ്റത്തിരിക്കണത്‌ ചെറിയമ്മാന്‍. എല്ലാം നമ്മടെ കാര്‍ന്നോന്മാരാ...

കണ്ണന്‍: എനിക്കവരെ കാണണം.

അച്‌'മ്മ: ഏയ്‌, കാണാന്‍ പറ്റില്ല.
കണ്ണന്‍: അവര്‍ക്ക്‌ വെശക്കില്ലേ, അച്‌'മ്മേ?

അച്‌'മ്മ: വെശ്ക്കും. അതിനാ നമ്മള്‍ കലശം നടത്തണത്‌. രണ്ടുകോഴീം, കള്ളും ചാരായോം...

കണ്ണന്‍: അവരൊക്കെ എപ്പളും അവ്ടെത്തന്നെ ഉണ്ടാവോ?

അച്‌'മ്മ: പിന്നില്ലാതെ. അവരാ ഈ പറമ്പിന്‌ കാവല്‌. അവ്ടെ വെളക്ക്‌ വക്കാന്‍ ഒരു ദിവസം മൊടങ്ങ്യാണ്ട്ല്ലോ....

കണ്ണന്‍: അപ്പോ നമ്മടെ പെരപണി കഴിഞ്ഞാ നമ്മളൊക്കെ അങ്ങ്ട്‌ മാറില്ലേ, പിന്നാരാ എന്നും വെളക്ക്‌ വക്ക്യാ?

അച്‌'മ്മ (വളരെ നേരിയ ഒരു നടുക്കം മുത്ത്‌): നിന്റെ അച്‌'നോട്‌ ഞാന്‍ പറയാത്ത കൊഴപ്പാ? എനിക്കറിയില്ല്യാന്റെ മുത്തമ്മാ, കാര്‍ന്നോന്മാരേ.....

അവിടേക്ക്‌ വന്ന നിമ്മി: അച്ചുവേട്ടന്‌ ഇതൊക്കെ കളിയാണ്‌. ഇപ്പോ കലശം നടത്താന്‍ പോണൂന്ന്‌ കേട്ടാമതി, എന്നോട്‌ ചാടും.

(അച്ച്യുതന്റെ 'യുക്തിവാദ' നിലപാടുകളോര്‍ത്ത്‌ അല്‍പം ദീനമായ അച്‌'മ്മയുടെ മുഖം)

22

പകല്‍. പാമ്പുംകാവ്‌.. ചുറ്റും നോക്കി അവിടേക്ക്‌ നടന്നടുക്കുന്ന അമ്മു. കള്ളത്തരം ചെയ്യാന്‍ വരുന്നതിന്റെ മുഖഭാവം. ഒരു മരത്തിനു മറവില്‍ ഒളിച്ചുവച്ചിരിക്കുന്ന മഞ്ചാടിപാത്രം എടുക്കുന്നു. അത്‌ കണ്ണന്റേതാണ്‌. അല്‍പം മാറി ഒളിച്ചുവച്ചിരിക്കുന്ന
സ്വന്തം പാട്ടയും അവള്‍ എടുക്കുന്നു. കണ്ണന്റെ പാട്ടയില്‍ നിന്ന്‌ ഒരു കൈകൊണ്ട്‌ മഞ്ചാടിക്കുരു വാരി അവളുടേതിലേക്ക്‌ മാറ്റുന്നു. ചുറ്റും നോക്കി പരിഭ്രമത്തോടെ.....
പെട്ടന്ന്‌ കേള്‍ക്കുന്ന ഒരലര്‍ച്ച; വിഷ്ണുവിന്റെ: കണ്ണാ, ഓടി വാടാ. പെരുങ്കള്ളിയെ പിടിച്ചെടാ.... ഓടിവാടാ....

(ഒച്ചകേട്ട്‌ ഞെട്ടിത്തരിച്ചുപോകുന്ന അമ്മു, എന്തുചെയ്യണമെന്നറിയാതെ വിവശയാകുന്നു.)

ഓടി വന്ന കണ്ണന്‍: എടീ, പെരുങ്കള്ളീ...ണീയാണിത്‌ എന്നും എടുക്കുന്നതല്ലേടി.

വിഷ്ണു: മഞ്ചാടിക്കള്ളീ...മഞ്ചാടീക്കള്ളീ....

പാത്രം താഴെയിട്ട്‌ ഉറക്കെ കരയുന്ന അമ്മു. തിരിഞ്ഞ്‌ വീട്ടിലേക്ക്‌ നടക്കുന്നു.

പുറകെ വിഷ്ണു,കണ്ണന്മാരുടെ കോറസ്സ്‌: മഞ്ചാടിക്കള്ളി വരുന്നേ....മഞ്ചാടിക്കള്ളി വരുന്നേ...

പടിക്കലേക്ക്‌ അപമാനത്താല്‍ കരഞ്ഞുകൊണ്ടുപോകുന്ന അമ്മുവിന്റെ പുറകേ തന്നെ അവര്‍:
മഞ്ചാടികട്ട കള്ളി വരുന്നേ.....മഞ്ചാടികട്ട കള്ളി വരുന്നേ.....

പുറത്തുനിന്ന്‌ പടികയറി വരുന്ന മുത്തച്‌'നോട്‌ അമ്മു കരഞ്ഞുകൊണ്ട്‌:

കള്ളീന്ന്‌ വിളിക്കുന്നു....(മുത്തച്‌'ന്‍ ഉടനടി നടപടി എടുക്കേണ്ടതിലേക്കായി അവള്‍ കരച്ചില്‍ കൂടുതല്‍ ഉറക്കെയാക്കി)

രണ്ടുകൈ കൊണ്ട്‌ കണ്ണന്റെയും വിഷ്ണുവിന്റെയും കൈമുട്ടിനു മുകളില്‍ ഷര്‍ട്ടുനുള്ളില്‍ കൈകയറ്റി പിച്ചുന്നു. പിച്ചലിന്റെ രൂക്ഷത രണ്ടുപേരുടേയും മുഖത്ത്‌.

മുത്തച്‌'ന്‍: ഇനി അവളെ കരയിപ്പിക്കരുത്‌ കേട്ട്രാ...

വീട്ടീലേക്ക്‌ നടന്നുപോകുന്ന മുത്തച്‌'ന്‍. പിച്ചിയതിന്റെ വേദനയില്‍ മുഖം കോടിച്ച്‌ കൈ തിരുമ്മി അമ്മുവിനെ നോക്കുന്ന വിഷ്ണുവും കണ്ണനും. മും നിറയെ കണ്ണീരെങ്കിലും വെളുക്കെ വിജയിയുടെ ചിരിയുമായി നില്‍ക്കുന്ന അമ്മുവിന്റെ മും.
23

നാളുകള്‍ക്ക്‌ ശേഷമുള്ള മറ്റൊരു പ്രഭാതം.

രാവിലെ സ്കൂളില്‍ പോകുന്ന കണ്ണനെ ഒരുക്കുന്ന നിമ്മി. പതിവില്ലാതെ കണ്ണ്‌ നിറഞ്ഞിട്ടാണ്‌ മുടി ചീകികൊടുക്കുന്നതും മറ്റും.

കണ്ണന്‍: അമ്മെന്തിനാ കരയണേ. ഞാന്‍ കുറുമ്പു കാട്ടില്ലാന്ന്‌ എന്തോരം പറഞ്ഞു. മാങ്ങപൊട്ടിക്കില്ല. അമ്മൂനെ തല്ലൊോളിയ. ഒക്കെ ഞാനിന്നലെ സമ്മതിച്ചതല്ലേ?

നിമ്മി: മോനെ വേഗം കൊണ്ടൂവാംട്ടോ. അമ്മ എന്നും വിളിക്ക്യാംട്ടോ. ഒറ്റക്ക്‌ നിക്കാന്‍ മോന്‌ പേടീല്ല്യലോ?

കണ്ണന്‍: ഒറ്റക്കോ, ഇവ്ടെ എല്ലാരും ഇല്ല്യേ. അച്‌'മ്മേം മുത്തച്‌'നും വിഷ്ണൂം, അമ്മൂം, മാണിക്യനും. അബുദാബീലല്ലേ ആരും ഇല്ല്യാത്തേ.

നിമ്മി: (കണ്ണന്റെ കവിളില്‍ ഉമ്മ വച്ചിട്ട്‌) സിന്ധുവാന്റീടടുത്ത്‌ മൊടങ്ങാണ്ട്‌ പോണം ട്യൂഷ്യന്‌. മോന്‍ വൈന്നേരം വരുമ്പളക്ക്യും അമ്മ പോവുംട്ടോ.

അച്‌'മ്മ കണ്ണന്റെ ചോറ്റുപാത്രം ബാഗില്‍ വച്ച്‌ ബാഗ്‌ കണ്ണന്റെ തോളിലേക്കിട്ടുകൊടുക്കുന്നു.

കണ്ണന്‍: (നിമ്മിയെ കവിളില്‍ ഉമ്മ വച്ച്‌). ഞാന്‍ പഠിച്ചോളാം. റസിയാന്റ്യോട്‌ ഫോണ്‍ വിളിക്കാന്‍ പറയണം.

കൈയ്യില്‍ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ഒരു അഞ്ചിന്റെ നോട്ടെടുത്ത്‌ കണ്ണന്‌ കൊടുത്തിട്ട്‌: മോന്ന്നാള്‌ ലൂബിയ്ക്ക ഉപ്പിലിട്ടത്‌ വാങ്ങണമ്ന്ന്‌ പറഞ്ഞില്ലേ? വാങ്ങിക്കോളൂട്ടോ.

കണ്ണന്‍ മുറ്റത്തേക്കിറങ്ങുന്നു. അടക്കാനാവാത്ത തേങ്ങലോടെ നോക്കി നില്‍ക്കുന്ന നിമ്മി.

പുറകില്‍ വന്ന്‌ അച്‌'മ്മ: ഒന്ന്‌ കരയാണ്ടിരിക്ക്‌ നിമ്മീ. നിന്റെ കരച്ചില്‍ കേട്ട്‌ അവനും സങ്കടപ്പെട്ടാ പോണത്‌.

(കരയുന്ന നിമ്മിയുടെ മുഖം.)

24
നാളുകള്‍ക്ക്‌ ശേഷം മറ്റൊരു പ്രഭാതം

ഒരു കൈകൊണ്ട്‌ പുറകിലെന്തോ ഒളിപ്പിച്ച്‌ പിടിച്ച്‌ പടി കടന്ന്‌ മുറ്റത്തേക്കെത്തിയ മാണിക്യന്‍.

മാണിക്യന്‍: കണ്ണങ്കുഞ്ഞേ (ഉച്ചത്തില്‍).....പൂയ്‌, കണ്ണന്‍ മുതലാളീ....
ഓടി പുറത്ത്‌ വരുന്ന കണ്ണന്‍

മാണിക്യന്‍: ഒരു സാധനം കൊണ്ടുവന്നിട്ടുണ്ടല്ലോ.

കണ്ണന്‍: എവ്ടെ?, സാധനം.

മാണിക്യന്‍ നാടകീയമായി പുറകില്‍ നിന്ന്‌ ഒരു കൊച്ച്‌ കൈക്കോട്ട്‌ (തൂമ്പ) ശരിയായി കണ്ണനുപയോഗിക്കാന്‍ പറ്റുന്നത്ര ചെറുത്‌ എടുത്ത്‌ കാണിക്കുന്നു.

കണ്ണന്‍: (വലിയ സന്തോഷത്തില്‍ നിലത്തുനിന്ന്‌ തുള്ളിച്ചാടി അതു വാങ്ങുന്നു)

മുറ്റത്ത്‌ അതുകൊണ്ട്‌ കിളയ്ക്കുന്നു.

അതുകണ്ട്‌ വന്ന വിലാസിനി:: കണ്ണാ മുറ്റം കൊത്തിപ്പൊളിക്കല്ലേ, മുത്തച്‌'ന്‍ എന്നെ ചീത്ത പറയും.

കണ്ണന്‍, മാണിക്യനോട്‌: എനിക്ക്‌ വാഴ നട്ടുതരാമെന്ന്‌ പറഞ്ഞില്ലേ? ഇപ്പോ വേണം.
കണ്ണനുണ്ടാക്കിയ കുഴികള്‍ കാലുകൊണ്ട്‌ മൂടുന്ന വിലാസിനി.
25
പകല്‍. ഒരു കര്‍ഷകന്റെ ഭാവത്തില്‍, ഒരു പഴയ തോര്‍ത്ത്‌ ട്രൌസറിന്‌ മീതെ ചുറ്റിയ കണ്ണനും, മാണിക്യനും. തയാറായ ഒരു വാഴക്കുഴിയില്‍ കണ്ണന്‍ ഏത്തവാഴക്കന്ന്‌ ഇറക്കി വയ്ക്കുന്നു. കൈകൊണ്ട്‌ മണ്ണിട്ട്‌ അത്‌ ഉറപ്പിക്കുന്നു.

മാണിക്യന്‍: അബുദാബിലൊക്കെ വാഴേണ്ടോ കണ്ണാ?
കണ്ണന്‍: ഏയ്‌, അവ്ടെ പന മാത്രംണ്ട്‌. പക്ഷേ ഞാന്‍ വാഴൊക്കെ കണ്ടട്ട്ണ്ട്ട്ടാ. ജോസങ്കിളിന്റെ കല്ല്യാണ കാസറ്റില്‌ അങ്കിളും ആന്റീം വാഴക്കെടേക്കോടെ നടക്കണ കണ്ടട്ട്ണ്ട്‌.

മാണിക്യന്‍: ഇനി ഇതിന്‌ എന്നും ഒരു കുടം വെള്ളം കൊണ്ട്‌ ഒഴിക്കണം. മറ്റാരും ഇതില്‌ തൊടാന്‍ സമ്മതിക്കരുത്‌. (ചുറ്റും നോക്കിയിട്ട്‌) ആ വിലാസിനിയെ കൊണ്ട്‌ എന്നും ഒരു കുടം വെള്ളം ഇവിടെ വരുത്തിക്കണം. കണ്ണങ്കുട്ടി തന്നെ ഒഴിച്ചാമതി. വിലാസിനി കുത്തി ഒഴിച്ച്‌ കന്നിനെ പുറത്തുചാടിക്കും. പുതിയ ഇല വന്നോന്ന്‌ കാലത്തന്നെ വന്ന്‌ നോക്കണം.
പൈക്കള്‍ ഇല കടിക്കാതെ നോക്കണം.

കണ്ണന്‍: ഇതില്‌ എന്നാ പഴം ഉണ്ടാവാ?

മാണിക്യന്‍: അത്‌ വലുതായി വലുതായി നമ്മളേക്കാള്‍ പൊക്കം വയ്ക്കണം. പക്ഷേ, കൂമ്പെടഞ്ഞാണ്ടല്ലോ. ഒക്കെപ്പോയി.

കണ്ണന്‍: കൂമ്പെടയേ? അതെന്തുറ്റാ?
മാണിക്യന്‍: ചെലപ്പോ, അതിന്റെ കൂമ്പ്‌ കളറ്‌ മാറി വരും. എന്നാപിന്നെ പോയിക്കാര്യം. വെട്ടിക്കളയന്നെ.

കണ്ണന്‍: അശ്ശോ! എന്നും വെള്ളൊഴിച്ചാ കൂമ്പെടയില്ലാല്ലോ?

മാണിക്യന്‍: നമുക്ക്‌ നോക്കാം. അവന്‍ വലുതാവട്ടെ. നമുക്കിവന്റെ കൊല വെട്ടി ലോനാപ്ലേടെ കാളവണ്ടീല്‌ വച്ച്‌ ചന്തയ്ക്ക്‌ കൊണ്ടോണം. ചന്തേല്‍ട്ട്‌ വിറ്റാ പിന്നെ ഈ കണ്ണന്‍ കണ്ണന്ന്ന്‌ പറഞ്ഞാ ആരാപ്പാ? മൊതലാള്യായില്ലേ മൊതലാളി. (മാണിക്യന്‍
തലേക്കെട്ടഴിച്ച്‌ മും തുടയ്ക്കുന്നു. അതനുകരിച്ച്‌ കണ്ണനും ഉടുത്തിരുന്ന തോര്‍ത്തഴിച്ച്‌ മുഖം തുടയ്ക്കുന്നു. വലിയ കര്‍ഷകനായ ഭാവം മുഖത്ത്‌)

26
പടിക്കല്‍ നിന്ന്‌ കാണുന്ന വീടിന്റെ ഫുള്‍വ്യൂ. സ്കൂള്‍ ബാഗുമായി പടികടന്ന്‌ വീട്ടിലേക്ക്‌ ഓടിവരുന്ന കണ്ണന്‍. സ്കൂള്‍ വിട്ട്‌ വരുന്ന കണ്ണന്‍. മുറ്റത്ത്‌ കാണുന്ന അല്‍പം പഴകിയ പൂത്തറയില്‍ നിന്ന്‌ ഓണം കഴിഞ്ഞു എന്ന്‌ മനസിലാകണം. പടിക്കല്‍ നിന്നേ അച്‌'മ്മേ, മുത്തച്‌'ാ‍....എന്ന്‌ ആര്‍ത്തുവിളിച്ചാണ്‌ വരവ്‌.

ബദ്ധപ്പെട്ട്‌ പുറത്തേക്കിറങ്ങുന്ന അച്‌'മ്മ. ചാരുകസേലയില്‍ കിടന്ന്‌ തിണ്ണയില്‍ വച്ച ചെറിയ ഉരലില്‍ മുറുക്കാന്‍ ഇടിച്ചുതുടങ്ങുന്ന മുത്തച്‌'ന്‍.
അച്‌'മ്മ: എന്താ, കണ്ണാ, ഇത്രസന്തോഷം?
കണ്ണന്‍: (വലിയ അഹ്ലാദം, കിതപ്പ്‌) പ്രോഗ്രസ്സ്‌ കാര്‍ഡ്‌ കിട്ടി. എനിക്ക്‌ ഫസ്റ്റ്‌.
(ബദ്ധപ്പെട്ട്‌ ഒരു പുസ്തകത്തിന്റെ ഉള്ളില്‍ നിന്നും പ്രോഗ്രസ്സ്‌ കാര്‍ഡ്‌ ശ്രദ്ധയോടെ എടുക്കുന്നു.) മുത്തച്‌'ന്റെ സിഗ്നേച്ച്വര്‍ വേണം.

അച്‌'മ്മ: അതെന്ത്‌ സാധനമാ?

കണ്ണന്‍: അച്‌'മ്മേ, കയ്യില്‍ കരി വച്ച്‌ അത്‌ തൊടരുത്‌.

മുത്തച്‌'ന്‍: കണ്ണാ, നിന്റെ അച്‌'മ്മ്ണ്ടലോ, രണ്ടാം ക്ലാസില്‍ എഴുത്താശ്ശാനെ കൊഞ്ഞനം കുത്തി എണിറ്റോടിയതാ. ഹ ഹ ഹ ഹ.

കണ്ണന്‍: (മുത്തച്‌'നെ അനുകരിച്ച്‌) ഹ ഹ ഹ ഹ

അച്‌'മ്മ: (ചിരിച്ചുകൊണ്ട്‌): എന്നിട്ടും എന്തിനാ അച്‌'മ്മേ കല്യാണം കഴിച്ചേന്ന്‌ ചോദിക്ക്‌ കണ്ണാ.

(ഇതിനിടയില്‍ കണ്ണട ഫിറ്റ്‌ ചെയ്ത്‌ മുത്തച്‌'ന്‍ പ്രോഗ്രസ്സ്കാര്‍ഡ്‌ സശ്രദ്ധം
പരിശോധിക്കുന്നു.) മുത്തച്‌'ന്‍ ഇടിക്കാനുള്ള ഉരലിലിട്ട്‌ വച്ചിരുന്ന മുറുക്കാന്‍
ഇടിക്കുന്ന കണ്ണന്‍. ചതഞ്ഞ്‌ അരയുന്ന മുറുക്കാന്‍)
27
പൂമുഖം. സന്ധ്യാസമയം. കൂട്ടിയിട്ടിരിക്കുന്ന പച്ച പയര്‍ നന്നാക്കിയിരിക്കുന്ന അച്‌'മ്മ.
അടുത്ത്‌ തിണ്ണയില്‍ കണ്ണന്‍, വിഷ്ണു, മുത്തച്‌'ന്‍ പതിവു ചാരുകസേരയില്‍. അമ്മു അച്‌'മ്മയുടെ
അടുത്തിരുന്ന്‌ പയര്‍ നന്നാക്കുന്നു.

അച്‌'മ്മ: അമ്മേടേം അച്‌'ന്റേം കൂടെ പോവാര്‍ന്നില്ലേ വിഷ്ണൂ.
വിഷ്ണു: പോവാണ്ടാ? കൊണ്ടോവാണ്ടല്ലേ.
കണ്ണന്‍: ഞാന്‍ ആദ്യായ്ട്ടാ കല്യാണം കാണാന്‍ പോണത്‌. നാളെ.
അമ്മു: അയ്യേ! അബുദാബീല്‌ കല്യാണംണ്ടാവില്ലേ?
കണ്ണന്‍: കല്യാണംണ്ടാവും. കാസറ്റില്‌. റസീയാന്റീടെ കല്യാണം കണ്ടട്ട്ണ്ട്‌.
(കണ്ണട വച്ച്‌, കണ്ണിന്റെ അടുത്തേക്ക്‌ കൊണ്ടുപോയി എന്തോ പഴയ ആധാരം ശ്രദ്ധിക്കുന്ന മുത്തച്‌'ന്‍)
അമ്മു: അവടെ ആരാ കണ്ണേട്ടന്‌ കളിക്കാന്‍ കൂട്ട്‌?, അബുദാബീല്‌?
കണ്ണന്‍: കളിക്കാനോ? ഞങ്ങടെ ഫ്ലേറ്റെന്ന്‌ പൊറത്തെറങ്ങാന്‍ അമ്മ സമ്മതിക്കേണ്ടേ? (അല്‍പം ആലോചിച്ച്‌, മുത്ത്‌ ചെറിയ ഉത്സാഹത്തോടെ) കളിക്കാന്‍ പിന്നെ റസിയാന്റീ വരും. ചെസ്‌ കളിച്ചാല്‍ റസിയാന്റി തോറ്റ്‌ തൊപ്പിയിടും. കാരംസ്‌ എപ്പളും ഞാന്‍ തോല്‍ക്കും. (അല്‍പം കഴിഞ്ഞ്‌) ഒരൂസം അമ്മ ജോലി കഴിഞ്ഞ്‌ വന്നപ്പോ ഞാനും ആന്റീം കാരംസ്‌ കളിക്കാര്‍ന്നുട്ടോ.
അങ്കിള്‌ കെടന്നൊറങ്ങാര്‍ന്നു. ഉറങ്ങണോരെ ശല്യപ്പെട്ത്തോടാന്നും പറഞ്ഞ്‌ അമ്മ എന്നെ തല്ലിക്കൊന്നു. ഇനി അങ്കിളിന്റേം ആന്റീടേം റൂമ്യേ കേറ്യാ കൊല്ലുംന്നും പറഞ്ഞു.

വിഷ്ണു: റസിയാന്റ്യെന്തിനാ നിങ്ങടെ വീട്ടീല്‌ താമസിക്കണേ?
കണ്ണന്‍: പൊട്ടാ, അത്‌ അങ്കിളിന്റെ ഫ്ലാറ്റാ. ഞങ്ങളേ ഷെയറിംഗ്‌ അക്കോമഡേഷനാ.
അമ്മുവും വിഷ്ണുവും അച്‌'മ്മയും എന്തോ മനസിലാവാത്തതുപോലെ പരസ്പരം നോക്കുന്നു.

(ഷെയറിംഗ്‌ അക്കോമഡേഷന്റെ അര്‍ത്ഥമറിയുന്ന ഏകജീവിയായ മുത്തച്‌'ന്‍ കണ്ണനെ സാകൂതം നോക്കുന്നു.)

മുത്തച്‌'ന്‍: അപ്പോ അടുക്കള എത്രണ്ണംണ്ട്‌ കണ്ണാ.

കണ്ണന്‍: അയ്യോ, മുത്തച്‌'ാ‍ അടുക്കള ഒന്ന്‌. പക്ഷേ രണ്ട്‌ ഫ്രിഡ്ജും, രണ്ട്‌ ഗ്യാസടുപ്പുംണ്ട്‌.

അച്‌'മ്മ: കണ്ണന്‍ ഇവ്ടത്തെപ്പോലെ എന്താ സ്കൂളില്‌ കൊണ്ടുവാ? ചോറോ?

കണ്ണന്‍: അയ്യോ, ഈ അച്‌'മ്മേടെ ഒരു കാര്യം. (അല്‍പം മുന്നോട്ടാഞ്ഞ്‌) അതേ ഇവടത്തെ മാതിര്യേ നാലുമണി വര്യൊന്നും അല്ല അവടെ. രണ്ടുമണിക്ക്‌ സ്കൂള്‌ വിടും.

അച്‌'മ്മ: അപ്പോ കണ്ണന്‍ എന്നും രണ്ടുമണി കഴിഞ്ഞാ ഊണ്‌ കഴിക്ക്യാ? ശിവ ശിവ! ആരാ വെളമ്പിത്തരാ? അച്‌'നുമ്മ്യേം വൈന്നേരല്ലേ വരോള്ളൂ?

കണ്ണന്‍: അച്‌'മ്മേ, ഞാന്‍ തന്നെ കൂട്ടാന്‍ ചൂടാക്കും. ഫ്രൈ പാന്‌ല്‍ട്ട്‌. റസിയാന്റി എപ്പളും ഒറക്കായിരിക്കും. അങ്ക്‌ള്‌ പറയണതേ, റസിയാന്റീടെ ഹോബി ഒറക്കാന്നാ. ഒറക്കല്ലെങ്കീ റസിയാന്റി വെളമ്പിത്തരുംട്ടാ.

അമ്മു: എന്തിനാ കൂട്ടാന്‍ ചൂടാക്കണേ?

കണ്ണന്‍: ഈ അമ്മുവിന്റെ ഒരു കാര്യം. അവടേ ഇവ്ടത്തെപ്പോലെ എന്നും കൂട്ടാന്‍ വയ്ക്കില്ല. മൂന്നുദിവസത്തക്കുള്ള കൂട്ടാന്‍ ഇന്നുണ്ടാക്കും അമ്മ. എന്നട്ടത്ട്ത്ത്‌ ഫ്രിഡ്ജില്‌ വെക്കും. അമ്മക്ക്‌ എന്നും ചിക്കന്‍ മാത്രം വക്കാനേ അറിയൂ. എനിക്കും അച്‌'നും
ദേഷ്യം വരും, ചിക്കന്‍ തിന്ന്‌ തിന്ന്‌.

വിഷ്ണു: ചിക്കന്‍ തിന്നട്ട്‌ ദേഷ്യം വരേ? ഞങ്ങടോടെ ശങ്കരാന്ത്യാവണം ചിക്കന്‍ ഉണ്ടാവാന്‍.

അമ്മു: അല്ലെങ്കീ ഇവടെ കലശം ഉണ്ടാവണം.

കണ്ണന്‍: ഇവര്‍ക്ക്‌ വിവരല്ല്യ മുത്തച്‌'ാ‍. ലോകത്തെ ഏറ്റവും സ്വാദില്ലാത്തതാ ചിക്കന്‍.

അമ്മു: പിന്നെ കണ്ണേട്ടനല്ലേ വിവരം, ലോകത്തെ ഏറ്റവും സ്വാദുള്ളത്‌ പിന്നേതാ, ഒന്നു പറ.

കണ്ണന്‍: (അച്‌'മ്മയുടെ അടുത്തിരുന്ന്‌ നെഞ്ചിലേക്ക്‌ ചാരി):
എന്റച്‌'മ്മ ഇണ്ടാക്കിത്തരണ വഴുതനങ്ങ ചുട്ട ചമ്മന്തി.

(കണ്ണനെ തന്നെ സാകൂതം നോക്കിയിരുന്നിരുന്ന മുത്തച്‌'ന്‍ ചിന്താ ഭാരത്തോടെ കണ്ണട വീണ്ടും മുത്ത്‌ വച്ച്‌ ആധാരപരിശോധന തുടരുന്നു. -പാവം കണ്ണന്റെ കുട്ടിക്കാലത്തിന്‌ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ മുത്തച്‌'ന്റെ നെടുവീര്‍പ്പില്‍ നിന്ന്‌ മനസിലാകണം.)

28
രാവിലെ എഴുന്നേറ്റ്‌ നേരെ തന്റെ വാഴയുടെ അടുത്തേക്ക്‌ പോകുന്ന കണ്ണന്‍. ബ്രഷു കൊണ്ട്‌ പല്ലുതേച്ചാണ്‌ നടപ്പ്‌. ബ്രഷ്‌ വായില്‍ വച്ച്‌ ഏകദേശം തന്റെ പൊക്കമായ വാഴയുടെ കൂമ്പ്‌ കൈകൊണ്ട്‌ തൊട്ട്‌ പരിശോധിക്കുന്നു. ഒരു കുടം വെള്ളവുമായി വരുന്ന വിലാസിനി..
കണ്ണന്‍ വാഴയുടെ കടക്കലേക്ക്‌ പേസ്റ്റ്‌ തുപ്പിക്കളഞ്ഞ്‌ വായും മുവും തടത്തിലേക്ക്‌ കഴുകുന്നു. ബാക്കിവന്ന വെള്ളം ശ്രദ്ധയോടെ തടത്തിലൊഴിച്ച്‌ കുടവുമെടുത്ത്‌ വീട്ടിലേക്ക്‌ മടങ്ങുന്നു.
29
പടിക്കല്‍ നില്‍ക്കുന്ന കണ്ണന്‍, വിഷ്ണു, അമ്മു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ജാഥ. താല്‍പര്യത്തോടെ നോക്കിനില്‍ക്കുന്ന കണ്ണന്‍.

30
സ്കൂള്‍ വിട്ട്‌ പടികടന്ന്‌ വരുന്ന കണ്ണന്‍. ഓടി കിതച്ചാണ്‌ വരുന്നത്‌.
കണ്ണന്‍: (ഉറക്കേ) അച്‌'മ്മേ....സ്കൂള്‌ പൂട്ടി....ഇനി രണ്ടുമാസം ഹ ഹ ഹ.

(അപ്പോഴേക്കും ഡ്രസ്സ്‌ മാറി ഓടിയെത്തികഴിഞ്ഞു വിഷ്ണു. കയ്യില്‍ ഒരു വെട്ടുകത്തിയുമുണ്ട്‌. അതു കണ്ട്‌ ഷര്‍ട്ടൂരിയെറിഞ്ഞ്‌ വിഷ്ണുവിന്റെ കൂടെ പറമ്പിന്റെ അതിര്‍ത്തിയിലേക്ക്‌ വേഗത്തില്‍ നടക്കുന്ന കണ്ണന്‍. -എന്തോ മുന്‍കൂട്ടി തയ്യാര്‍
ചെയ്ത പ്രവര്‍ത്തി നടത്താന്‍ പോകുന്ന പോക്കാണ്‌)

പുറകില്‍ അച്‌'മ്മയുടെ ശബ്ദം: കണ്ണാ, വന്ന്‌ ചായ കുടിച്ചിട്ട്‌ പോ. (ആത്മഗതം)
ചെക്കന്‍ ക്ഷീണിച്ചുപോയാ ഞാനെന്തു പറയും അതിന്റെ തന്ത്യോടും തള്ള്യോടും.....
31
വിഷണ്ണനായി പറമ്പില്‍ ഒരുതെങ്ങും ചാരി തന്റെ വാഴയെ നോക്കുന്ന കണ്ണന്‍. കണ്ണനെ അന്വേഷിച്ച്‌ അവിടെ ഓടി എത്തുന്ന വിഷ്ണുവും അമ്മുവും.

അമ്മു: കണ്ണേട്ടന്‍ പൂവ്വാ, അബുദാബിക്ക്‌?
വിഷ്ണു: അമ്മ പറഞ്ഞു. കണ്ണന്‍ അങ്ങട്‌ പൂവാന്ന്‌.
കണ്ണന്‍: ഞാന്‍ ഒരു തേങ്ങയിലും പൂവില്ല. നോക്കിക്കോ.
അമ്മു: അമ്മ പറഞ്ഞു, കണ്ണേട്ടന്‍ ഏഴാം ക്ലാസില്‌ അവടെത്തന്ന്യാ ചേരാന്ന്‌. പണ്ടു പഠിച്ച സ്കൂളില്‌ തന്നെ.
കണ്ണന്‍: നിന്റമ്മ്യാ തീരുമാനിക്കണേ, ഞാനെവിട്യാ പൂവാന്ന്‌? (പെട്ടന്ന്‌ വാഴയുടെ കൂമ്പിലേക്ക്‌ നോക്കുന്നു. അതിനൊരു വിളറിച്ചയുണ്ട്‌. അതിനെ തൊട്ട്‌ പരിശോധിച്ചുകൊണ്ട്‌) ഇതിന്റെ കളറെന്താ മാറിപ്പോയേ? കൂമ്പടഞ്ഞതാവ്യോ?
വിഷ്ണു: മാണിക്യനെ വിളിച്ച്‌ കാട്ടിക്കൊടുക്ക്‌.
32
ഗഹനമായി വാഴയുടെ കൂമ്പ്‌ പരിശോധിക്കുന്ന മാണിക്യന്‍. ആകാംക്ഷയോടെ മാണിക്യന്റെ അഭിപ്രായമറിയാന്‍ കണ്ണന്‍.

മാണിക്യന്‍: ലക്ഷണമത്ര ശരിയിയല്ല കണ്ണങ്കുട്ട്യേ. അടുത്ത കൂമ്പ്‌ പൊന്തട്ടെ. ശരിയല്ലെങ്കില്‍ നമുക്കിവനെ വെട്ടിക്കളയണം.

ദു:ഖി‍തനായ കണ്ണന്റെ മുഖം ക്ലോസപ്പില്‍.
33
കുറേ നേരമായി നിര്‍ത്താതെ അടിക്കുന്ന ഫോണ്‍.

അച്‌'മ്മ: പോയി ഫോണെടുക്ക്‌ മോനേ... അമ്മയാ...

കണ്ണന്‍: ഞാനെവിടേക്കും പോവില്ല. എനിക്ക്‌ അമ്മേടെ വര്‍ത്താനോം കേക്കണ്ട.
ഫോണടി നിലയ്ക്കുന്നു.

അച്‌'മ്മ: കണ്ണാ, അനുസരണക്കേട്‌ കാട്ടല്ലേ. അച്‌'ന്റേം അമ്മേടേം അടുത്തക്കല്ലേ പോണ്ടത്‌. അവ്ടെ പഴയ കൂട്ടുകാരൊക്കെ ഇല്ല്യേ.

കണ്ണന്‍: കൂട്ടുകാരോ? അവട്യോ? (അപ്പോഴേക്കും ഫോണ്‍ വീണ്ടും അടി തുടങ്ങുന്നു.)

പൂമുത്തുനിന്ന്‌ മുത്തച്‌'ന്റെ ഉറക്കെയുള്ള ശബ്ദം: ഇവിടാരുംല്ല്യേ.... പടിക്കേന്നേ കേക്കണതാ അതിന്റെ മണിയടി.

കണ്ണന്‍: (തിടുക്കത്തില്‍ ചെന്ന്‌ ഫോണെടുക്കുന്നു) ഹലോ

(മറുതലക്കല്‍ നിമ്മിയുടെ സംസാരം)

നിമ്മി: കണ്ണാ, നീ എവിടെയാ തെണ്ടാന്‍ നടക്കുന്നേ. എപ്പോ വിളിച്ചാലും നിന്നെ കിട്ടില്ലല്ലോ.

കണ്ണന്‍: ഞാന്‍ മിറ്റത്തായിരുന്നു.

നിമ്മി: എല്ലാം മുത്തച്‌'നോട്‌ പറഞ്ഞിട്ടുണ്ട്‌. ജോസങ്കിള്‍ ഈ മാസം അവസാനം വരും.നിന്റെ വിസേം കൊണ്ട്‌.

കണ്ണന്‍: (പെട്ടന്ന്‌ കണ്ണുനിറഞ്ഞ്‌) അമ്മേ. ഞാന്‌വ്ടെത്തന്നെ നിന്നോളാമ്മേ. എനിക്ക്‌ ഫസ്റ്റ്‌ കിട്ടില്ല്യേമ്മേ. അവടെ എനിക്ക്‌ ബി ഗ്രേഡല്ലേ.

നിമ്മി: തോന്ന്യാസം പറയണ്ട. ഞാന്‍ പറയണ കേട്ടാമതി.

കണ്ണന്‍ ഫോണ്‍ ഒന്നും പറയാതെ താഴെ വയ്ക്കുന്നു.

ഫോണില്‍ നിന്നുള്ള നിമ്മിയുടെ വിളി: കണ്ണാ...ഃഅലോ..ഃഅലോ....
34
(നിറഞ്ഞ കണ്ണോടെ പൂമുത്ത്‌ മുത്തച്‌'ന്റെ അടുത്തേക്ക്‌ വരുന്ന കണ്ണന്‍.)

കണ്ണന്‍: മുത്തച്‌'ാ‍, അച്‌'നോട്‌ പറയണം ഞാന്‍ ഇവ്ടെത്തന്നെ നിന്ന്‌ പഠിച്ചോളാംന്ന്‌. ഞാന്‍ നല്ലോണം പഠിക്കണില്ലേ മുത്തച്‌'ാ‍...

(അച്‌'മ്മയും പൂമുത്തെത്തുന്നു).

മുത്തച്‌'ന്‍: കണ്ണാ, മോന്‍ നല്ല കുട്ട്യല്ലേ. നല്ല കുട്ട്യോളേ, അച്‌'ന്‍ പറേണത്‌ അനുസരിക്കണം.

കണ്ണന്‍: (ഇടയ്ക്ക്‌ കയറി) അച്‌'ന്‍ മുത്തച്‌'ന്റെ മോനല്ലേ. അപ്പോ മുത്തച്‌'ന്‍ പറഞ്ഞാ അച്‌'ന്‍ കേക്കണ്ടേ?

മുത്തച്‌'ന്‍: (പെട്ടന്ന്‌ ഒരു ന്യായം കണ്ടെത്താനാവാതെ ചമ്മുന്ന മുഖം)

(ഇതിനിടയില്‍ മുത്തച്‌'ന്റെ മുറുക്കാന്‍പാത്രത്തിനടുത്തിരിക്കുന്ന കിണ്ടിയില്‍ മുറ്റത്തുകൂടെ വന്ന്‌ വെള്ളം നിറച്ച്‌ തിരിച്ച്‌ പോകുന്ന വിലാസിനി)

അച്‌'മ്മ: നിങ്ങളവന്‍ വിളിക്കുമ്പോ ഒന്ന്‌ പറ മനുഷ്യനേ. (കണ്ണന്റെ തലയില്‍ തലോടി)
ന്റെ മോനെ ഞാന്‍ നോക്കിക്കൊള്ളാം.

മുത്തച്‌'ന്‍: തള്ളേ, എല്ലാ മനുഷ്യര്‍ക്കും മക്കളെ കണ്ടോണ്ടിരിക്കണമെന്നാണ്ടാവാ. നീ ഈ പടിക്കപ്പുറം ലോകം കണ്ടിട്ടുണ്ടോ കഴുത. ഹ ഹ ഹ ഹ (സാധാരണ അതിനെ അനുകരിച്ച്‌ അച്‌'മ്മയെ കളിയാക്കാറുള്ള കണ്ണനെ നോക്കി മുത്തച്‌'ന്‍ പെട്ടന്ന്‌ ചിരി നിറുത്തുന്നു.) ഞാന്‍ പറഞ്ഞു നോക്കാം കണ്ണാ. അച്‌'ന്‍ വിളിക്കട്ടെ.

കണ്ണന്‍ കണ്ണു തുടക്കുന്നു. മുഖത്ത്‌ ആശ്വാസഭാവവും ചെറിയ പുഞ്ചിരിയും.

34a

അവിടെ നിന്ന്‌ മുറ്റത്തേക്കിറങ്ങിയ കണ്ണനെ പൂമുത്ത്‌ നിന്ന്‌ നോക്കിയാല്‍ കാണാന്‍ സാധിക്കാത്ത വിധത്തില്‍ നില്‍ക്കുന്ന വിലാസിനി ശൂ...ശൂ... എന്ന്‌ വിളിക്കുന്നു. ചോദ്യഭാവത്തില്‍ വിലാസിനിയുടെ അടുത്തെത്തുന്ന കണ്ണന്‍.

വിലാസിനി: (ഒച്ച കുറച്ച്‌, കാവിലേക്ക്‌ ചൂണ്ടി) അവടെ പോയി കാര്‍ന്നോന്മാര്‍ക്ക്‌ നൂറ്‌ എണ്ണനേര്‍ന്നാമതി കണ്ണാ. എന്നെ എവ്ടേം വിടാന്‍ സമ്മതിക്കരുതെന്ന്‌ പറഞ്ഞാമതി. പതുക്കെ പറഞ്ഞാമതി.

കണ്ണന്‍: (ഒച്ച കുറച്ച്‌) കാര്‍ന്നോന്മാര്‍ക്ക്‌ എന്തിനാ എണ്ണ?

വിലാസിനി: (തലയില്‍ കൈ വച്ച്‌, കുനിഞ്ഞ്‌ കണ്ണന്റെ ഏകദേശം ചെവിയിലായി) ശ്ശോ. കഴിഞ്ഞ കൊല്ലേ എന്റെ (കഴുത്തിലെ മാല പൊക്കി കാട്ടിക്കൊടുത്ത്‌) ഈ മാല കാണാണ്ടായി. എവെടൊക്കെ നോക്കിന്നറിയോ? അവസാനം കാവില്‌ പോയി നൂറ്‌ എണ്ണ്യാ നേര്‍ന്നു. പോയി നോക്കീപ്പോണ്ട്‌ കണ്ണാ, ദേ കെടക്കണു. കൊളത്തിന്റെ പടവില്‌. അപ്പോ ഓടിപ്പോയി. കൊച്ചപ്പന്റെ പീട്യേന്ന്‌, നൂറെണ്ണ.

കണ്ണന്‍: (താല്‍പര്യത്തോടെ) എനിക്ക്‌ എണ്ണ വാങ്ങാന്‍ കാശില്ല.

വിലാസിനി: അതൊക്കെ ഞാന്‍ അച്‌'മ്മേടേന്ന്‌ വാങ്ങിത്തരാം. ഞാന്‍ പറഞ്ഞൂന്ന്‌ പറയല്ലേട്ടോ മുത്തച്‌'നോട്‌.

34b

(കാരണവന്മാരുടെ പ്രതിഷ്ഠകള്‍ക്കുമുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്ന കണ്ണന്‍. ചുറ്റും നോക്കി ആരും ഇല്ല എന്ന്‌ ഉറപ്പുവരുത്തിയതിനുശേഷം.)

കണ്ണന്‍: (ഒച്ച കുറച്ച്‌) കാര്‍ന്നോന്മാരെ, മുത്തമ്മാ, എന്റെ വിസ ശരിയാവല്ലേ. എന്നാ ഞാന്‍ കൊച്ചപ്പന്റെ പീട്യേന്ന്‌ നൂറെണ്ണ വാങ്ങികൊണ്ട്‌രാം.

(വീണ്ടും ചുറ്റും നോക്കുന്ന കണ്ണന്റെ മുഖം)
35

പറമ്പ്‌. അകലെ വീട്ടില്‍ നിന്നും കേള്‍ക്കുന്ന ഫോണ്‍ ബെല്ലടി.

വാഴക്കൊടപ്പന്‍ തോട്ടികൊണ്ട്‌ പൊട്ടിച്ചിടുന്ന കണ്ണന്‍. കൂടെ വിലാസിനി. വിലാസിനിയുടെ കയ്യില്‍ രണ്ട്‌ കൊടപ്പനുണ്ട്‌.

വീടിനകത്തുനിന്ന്‌ അച്‌'മ്മയുടെ വിളി: കണ്ണാ.... വേഗം വാ... അച്‌'ന്‍ വിളിക്കുന്നു.

ഓടി അടുക്കളവാതിലിലൂടെ കയറി ഫോണ്‍ വച്ചിരിക്കുന്ന മുറിയിലെത്തുന്ന കണ്ണന്‍. മുത്തച്‌'ന്‍ ഫോണില്‍ സംസാരിക്കുന്നു.

മുത്തച്‌'ന്‍: ഇവടെ പിള്ളേര്‍ടെ കൂടെ മദിച്ച്‌ നടക്കാനുള്ള കൊത്യോണ്ടുള്ള വാശ്യേള്ളൂ ചെക്കന്‌. പിള്ളേരല്ലേ. അവടെ തരാതരക്കാരുണ്ടാവില്ലേ കളിക്കാന്‍. അവടെയെത്തി തരാതരക്കാരെയൊക്കെ കണ്ടുകഴിഞ്ഞാല്‍ ഒക്കെ മാറിക്കോളും. പിള്ളേരല്ലേന്ന്‌! ദാ അവനുണ്ട്‌, കൊടുക്കാം.

കണ്ണന്‍: (ഫോണെടുത്ത്‌ കിതച്ചുകൊണ്ട്‌) ഹലോ അച്‌'ാ‍..
അച്ചു: മോനെ, ജോസങ്കിള്‌ അവ്ടെ വന്നട്ട്ണ്ട്‌. മുത്തച്‌'നോട്‌ എല്ലാം പറഞ്ഞിട്ടുണ്ട്‌. നീ വെഷമിക്കാണ്ടടാ. ഹലോ... നീയെന്താ ഒന്നും മിണ്ടാത്തെ... അതേയ്‌..... നാലഞ്ചു ദെവസം കഴിയുമ്പോ ഇവടെ വീണ്ടും ഇഷ്ടാവും. റസിയാന്റിക്കൊക്കെ നിന്നെ കാണാന്‍ കൊതിയായീന്ന്‌.

കണ്ണന്‍: വേണ്ടച്‌'ാ‍. ഞാന്‍ ഇവ്ടെ നിന്നോളാം.

അച്ചു: മോനെ, അമ്മ എന്നും കരച്ചിലാ, നിന്നെ കാണാണ്ട്‌. നീ മുത്തച്‌'ന്‌ ഫോണ്‍ കൊടുത്തേ.

ഫോണ്‍ മുത്തച്‌'ന്‌ കൊടുത്ത്‌ പൂമുഖത്തേക്കിറങ്ങുന്ന കണ്ണന്‍.

പൂമുഖത്തേക്ക്‌ കേറി വരുന്ന അമ്മുവും വിഷ്ണുവും.

അകത്തു നിന്ന്‌ പൂമുഖത്തേക്ക്‌ വരുന്ന അച്‌'മ്മയും മുത്തച്‌'നും.

മുത്തച്‌'ന്‍: കണ്ണാ, ജോസ്‌ വന്നിട്ടുണ്ട്‌. നിന്റെ പേപ്പറും കൊണ്ട്‌. നാളേ നമുക്ക്‌
സ്കൂളില്‌ പോയി ടി.സി വാങ്ങാം. ഞാന്‍ ഹെഡ്മാഷോട്‌ പറഞ്ഞിട്ടുണ്ട്‌.

കണ്ണന്‍: മുത്തച്‌'നല്ലേ പറഞ്ഞേ, അച്‌'ന്‍ മുത്തച്‌'ന്‍ പറഞ്ഞാ കേക്കുമ്ന്ന്‌. മുത്തച്‌'ന്‍ എന്നിട്ട്‌ എന്നെ കൊണ്ടക്കോളാന്‍ പറഞ്ഞുകൊടുത്തില്ലേ. ഞാന്‍ കേട്ടു. (പെട്ടന്ന്‌, ആരും ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തില്‍ വാവിട്ടു കരയുന്നു.) എന്നെ ആര്‍ക്കും
വേണ്ട ഇവ്ടെ. ആര്‍ക്കും എന്നെ ഇഷ്ടല്ല. (കരഞ്ഞുകൊണ്ട്‌ മുറ്റത്തേക്കിറങ്ങുന്നു.) (കണ്ണന്റെ കരച്ചില്‍ കണ്ട്‌ കണ്ണുനിറയുന്ന അമ്മുവിന്റെ മും.) മുറ്റത്ത്‌ കൂട്ടിയിട്ടിരിക്കുന്ന തെങ്ങിന്‍പട്ടയുടെ വിറകകുകള്‍ക്കരികെ കിടക്കുന്ന വെട്ടുകത്തി കണ്ണന്‍ കുനിഞ്ഞെടുത്തു. കരഞ്ഞുകൊണ്ടു തന്നെ വേഗം നടക്കുന്നു. എല്ലാവരും പുറകേയും.

35a
കണ്ണന്‍ തന്റെ വാഴയുടെ അടുത്തെത്തി അതിനെ തലങ്ങും വിലങ്ങും വെട്ടി. മുത്തച്‌'നും അപ്പോഴെക്കും ഓടിയെത്തിയ മാണിക്യനും ചേര്‍ന്ന്‌ അവനെ വട്ടം പിടിക്കുന്നു.

മുത്തച്‌'ന്‍: കണ്ണാ, എന്താ കാട്ടണേ....
മാണിക്യന്‍ : കണ്ണങ്കുട്ടീ. മോനിഷ്ടല്ല്യെങ്കി എവിടേം പോണ്ട.
അച്‌'മ്മ: എന്റെ കാര്‍ന്നോന്മാരെ. എന്റെ കുട്ടിക്ക്‌ എന്തു പേറ്റെ.
അമ്മു: കണ്ണന്റെ പരാക്രമവും കുതറലും കരച്ചിലും കണ്ട്‌ വിതുമ്പല്‍ മാറി
കരച്ചിലാകുന്നു.

കണ്ണന്‍ മുത്തച്ഛനെയും മാണിക്യനെയും കടിച്ചും മറ്റും പിടി വിടുവിച്ച്‌ കുതറി ഓടുന്നു.

35b
പാമ്പും കാവ്‌. കരഞ്ഞുകൊണ്ട്‌ ഓടി വരുന്ന കണ്ണന്‍. വിതുമ്പികൊണ്ട്‌ തന്നെ തന്റെ ഒളിച്ചു വച്ചിരിക്കുന്ന മഞ്ചാടിക്കുരുപാട്ട എടുക്കുന്നു. അതേ സ്പീഡില്‍ തിരിച്ചു നടക്കുന്നു.
35c

മുറ്റം. കണ്ണന്‍ മഞ്ചാടിക്കുരുവിന്റെ പാത്രം അമ്മുവിന്‌ നേരെ നീട്ടുന്നു.

കണ്ണന്‍: (കരച്ചിലോടെ) ഇന്നാ. മുഴുവന്‍ എടുത്തോ. എനിക്കിനി വേണ്ട.

അമ്മു: (കണ്ണന്റെ പരാക്രമങ്ങള്‍ കണ്ട പരിഭ്രാന്തിയിലുള്ള കരച്ചിലോടെ അത്‌ വാങ്ങുന്നില്ല.)

കണ്ണന്‍ അത്‌ തലകീഴായി കമിഴ്ത്തി മുറ്റത്ത്‌ ചിതറിക്കുന്നു. പാട്ട വലിച്ചെറിഞ്ഞ്‌ കരച്ചിലോടെ തന്നെ അകത്തേക്ക്‌ കയറിപ്പോകുന്നു.

36

അല്‍പദിവസങ്ങള്‍ക്ക്ശേഷമുള്ള ഒരു പ്രഭാതം. പൂമുത്തെ പഴയ ക്ലോക്ക്‌. പുലര്‍ച്ചെ ആറു മണി. പശ്ചാത്തലത്തില്‍ ക്ലോക്കിന്റെ മണിയടി മാത്രം. ഒരു ബാഗുമായി മുറ്റത്ത്‌ കിടക്കുന്ന കാറിലേക്ക്‌ കയറുന്ന കണ്ണന്‍. ആരുടേയും മുത്ത്‌ നോക്കാതെ മുന്‍സീറ്റില്‍
ഇരിക്കുന്നു. പുറത്ത്‌ നിന്നിരുന്ന ജോസങ്കിള്‍ ബാക്ക്ഡോര്‍ തുറന്ന്‌ കയറുന്നു.ഡ്രൈവര്‍ വാസു തന്നെ. എല്ലാവരും, കൈവീശുന്നത്‌ ശൂന്യമായ നോട്ടത്തോടെ കാണുന്ന കണ്ണന്‍.പടി കടന്ന്‌ വളഞ്ഞ്‌ പോകുന്ന അംബാസിഡര്‍ കാര്‍.

ശുഭം

Friday, August 03, 2007

ബൂലോഗത്തിന്റെ ആരംഭം

ആദ്യം മലയാളത്തില്‍ ബ്ലോഗുചെയ്തുതുടങ്ങിയത് പോള്‍ ആയിരിക്കണം. പക്ഷേ 2003 ഏപ്രിലില്‍ തുടങ്ങിയ ആ ബ്ലോഗിലെ ആദ്യപോസ്റ്റുകളൊക്കെ ഒരു സുപ്രഭാതത്തില്‍ റെഡിഫിലെ മിടുക്കന്മാരുടെ വൈദഗ്ദ്യം മൂലമോ മറ്റോ മുഴുവനായും നഷ്ടപ്പെട്ടുപോയി. പിന്നെ സങ്കടത്തോടെ വീണ്ടും അതൊക്കെ എഴുതിത്തുടങ്ങേണ്ടി വന്നു പോളിന് 2004 ഫെബ്രുവരി മുതല്‍. ഉപയോഗിച്ചിരുന്നത് കേരളൈറ്റ് ഫോണ്ട്. (പിന്നീട് ചിന്ത.കോം തുടങ്ങിയപ്പോള്‍ പോള്‍ റെഡിഫ് തന്നെ ഉപേക്ഷിക്കുകയും തുടക്കം മുതലുള്ള പോസ്റ്റുകള്‍ യുണികോഡിലാക്കി ചിന്തയിലെ ജാലകത്തില്‍ വെക്കുകയും ചെയ്തു.)

എന്റെ ആദ്യത്തെ ബ്ലോഗര്‍ ഐഡിയില്‍ ഒരെണ്ണം “വിശ്വം” എന്നായിരുന്നു. അത് മേയ് 2003-ല്‍ തന്നെ തുടങ്ങി. പണ്ട് കേരളാ കോമില്‍ മൂന്നുവര്‍ഷത്തോളം വന്ന (സണ്ണിച്ചായന്റെയും വിശാലന്റെയും ഇടിവാളിന്റെയും മുരളിമേനോന്റെയും സിബുവിന്റെയും ജോസഫ് ചേട്ടന്റെയും സങ്കുചിതന്റേയും അനിലിന്റേയും പിന്നെ ഒരുപാടൊരുപാടു പേരുടേയും) വിലപ്പെട്ട വരികള്‍ പുനഃസ്ഥാപിച്ചുകൊണ്ട് (ക്രെഡിറ്റൊക്കെ അവര്‍ക്കു തന്നെ കൊടുത്തുകൊണ്ട്) കുറേ മലയാളം പേജുകള്‍ ഒരു ലോഗ് ബുക്കായി തുടങ്ങണമെന്നായിരുന്നു ആഗ്രഹം. പക്ഷേ തക്കതായ ഫോണ്ടുകളും സൌകര്യങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ കേരളൈറ്റ് ഫോണ്ടില്‍ രണ്ടുമൂന്നുമാസത്തെ ആല്‍ത്തറ പകര്‍ത്തി തല്‍ക്കാലം ആരോടും പറയാതെ രഹസ്യമായി വെച്ചു. കൂടാതെ ടോം (കേരളാ.കോം) ഇതേക്കുറിച്ച് എന്തു പറയുമെന്നും പേടിയുണ്ടായിരുന്നു.

ഇതുകൂടാതെ 2003 മാര്‍ച്ചില്‍ തന്നെ വ്യത്യസ്ത അജ്ഞാതനാമങ്ങളില്‍ രണ്ട് ഇംഗ്ലീഷ് ബ്ലോഗുകള്‍ തുടങ്ങിയിരുന്നു. അവയ്ക്ക് വളരെ പ്രത്യേകമായ ചില ഉദ്ദേശങ്ങളുമുണ്ടായിരുന്നു. ആ കൊല്ലം ഫെബ്രുവരി മുതല്‍ ഈ ഭാഗത്തൊക്കെ നടന്നിരുന്ന കിരാതമായ തേര്‍വാഴ്ച്ചകള്‍ ഓര്‍മ്മയുണ്ടാകുമല്ലോ. അതില്‍ മനം നൊന്താണ് രണ്ടു ബ്ലോഗും തുടങ്ങിയത്. ഒന്ന് തീരെ പടിഞ്ഞാറോട്ടും ഒന്ന് ഇവിടെത്തന്നെയുള്ള നമ്മുടെ നാട്ടുകാര്‍ക്കും നേരെ തിരിച്ചുവെച്ചു. ഒന്ന് അകലെനിന്നും പറന്നുവരുന്ന താന്തോന്നിത്തരത്തിനുനേരെയുള്ള ശകാരങ്ങളും രോദനങ്ങളും ആയിരുന്നു. മറ്റേത് വേവലാതി പൂണ്ടുനിന്നിരുന്ന എന്റെ നാട്ടുകാരെ സമാശ്വസിപ്പിക്കുവാനും.കണ്മുന്നില്‍ കണ്ടുകൊണ്ടിരുന്ന ഭീകരമായ അനീതികളെപ്പറ്റി ആ ബ്ലോഗുകളില്‍ എഴുതിയിരുന്ന ഇംഗ്ലീഷ് ലേഖനങ്ങളില്‍ ചിലത് പിന്നീട് പലപ്പോഴും ഇന്റെര്‍നെറ്റ് മെയില്‍ച്ചങ്ങലകളില്‍ അലഞ്ഞുനടക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ കോപ്പികളൊക്കെ നശിപ്പിച്ചുകളയേണ്ടിവന്നതിനാല്‍ ഇപ്പോള്‍ ഒന്നുപോലും ഇല്ല.

സാഹചര്യങ്ങള്‍ മൂലം ഒരു ഘട്ടത്തില്‍ ആ ആക്റ്റിവിസ്റ്റ് ബ്ലോഗുകളെയൊക്കെ സ്വന്തം മക്കളെ കഴുത്തുഞെരിച്ചുകൊല്ലുന്ന ഒരച്ഛനെപ്പോലെ അഗാധമായ വേദനയോടെ മാച്ചുകളയേണ്ടിവന്നു... മറുനാട്ടില്‍ പലവേഷങ്ങളിലും ആടേണ്ടിവരുന്ന ഒരുത്തന്റെ നിസ്സഹായത!

മേയില്‍ തുടങ്ങിയ മലയാളം ആസ്ക്കിബ്ലോഗും ഇതോടനുബന്ധിച്ചുതന്നെ, നാട്ടിലേക്കു പുറപ്പെടുന്നതിനുമുന്‍പ് (2003 ജൂലായില്‍) അതിക്രൂരമായി ഡീലിറ്റു ചെയ്തു കളഞ്ഞു! ഇന്നാലോചിക്കുമ്പോള്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റുകളിലൊന്നായി തോന്നുന്നു അത്! (അതുകൊണ്ടാണ് ആരും തങ്ങളുടെ ബ്ലോഗുകള്‍ ഡീലിറ്റ് ചെയ്യരുതെന്ന് എപ്പോഴും ഒരു രോഗിയെപ്പോലെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്!).അന്ന് ബ്ലോഗര്‍ ഗൂഗിളിന്റെ ആയിരുന്നില്ല എന്നു തോന്നുന്നു (ഉറപ്പില്ല). ഇത്ര പേരുമില്ല. ബ്ലോഗിങ്ങ് ഒരു അജ്ഞാതന്റെ സ്വകാര്യഡയറിപോലെയായിരുന്നു മിക്കവര്‍ക്കും.

സിബു ആണ് ബ്ലോഗ്സ്പോട്ട് സൈറ്റ് ആദ്യം കാണിച്ചുതന്നതെന്നാണ് ഓര്‍മ്മ. (അതോ ഏതോ ഇറാക്കിബ്ലോഗറെപ്പറ്റി ബീ.ബീ.സി. എഴുതിയിരുന്നതോ?). സിബു If it were... എന്ന പേരില്‍ ഇപ്പോള്‍ ഉള്ള http://cibu.blogspot.com സൈറ്റ് ഒരുപക്ഷേ 2003 ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയിരുന്നു. എന്നാലും ഓഗസ്റ്റുമുതലുള്ള ചില രസികന്‍ ഇംഗ്ലീഷ് ലേഖനങ്ങളേ അതില്‍ ഇപ്പോള്‍ കാണാനുള്ളൂ. ചുരുങ്ങിയത് 2003 സെപ്തംബറിലെങ്കിലും ‍ സിബു മലയാളത്തില്‍ എഴുതിത്തുടങ്ങിയെങ്കിലും യുണികോഡിലായിരുന്നില്ല അത്. മുന്‍പു തന്നെ (2002 ജൂലൈ) അദ്ദേഹം വരമൊഴിയ്ക്ക് യുണികോഡ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും തക്കതായ ഒരു ഫോണ്ടില്ലാത്തതും ചില്ലുകളുടെ വികടസ്വഭാവവും മൂലമായിരിക്കണം സിബു ആസ്ക്കിയില്‍ തന്നെ പിടിച്ചുനിന്നത്.

ഇതിനിടയില്‍ 2003 ഏപ്രിലില്‍ തന്നെ ബെന്നിയും ബ്ലോഗറില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. എങ്കിലും ആ വീരപാണ്ഡ്യന്‍ ബ്ലോഗെഴുതിത്തുടങ്ങിയിരുന്നോ എന്നറിയില്ല.2003 ഏപ്രില്‍ ആവുമ്പോഴേക്കും യുണികോഡിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വരമൊഴി യാഹൂഗ്രൂപ്പില്‍ ചൂടുപിടിച്ചുതുടങ്ങി. ബെന്നി, ബൈജു, വിനോദ് (കേരളീയന്‍ - മലയാളം വിക്കിപീഡിയ), മഹേഷ് പൈ തുടങ്ങിയവര്‍ മുന്‍പുതൊട്ടേ GNOME, LATEX, വിക്കിപീഡിയ എന്നെല്ലാം പറഞ്ഞുതുടങ്ങിയിരുന്നെങ്കിലും ഏപ്രില്‍ മുതലാണ് ഞങ്ങളൊക്കെ “അന്യോന്യം കാര്യമായി പുറം ചൊറിഞ്ഞു”തുടങ്ങിയത്. മലയാളത്തിന് കൊള്ളാവുന്ന ഒരു വിന്‍ഡോസ് യുണികോഡ് ഫോണ്ടില്ലാത്തതും ഉടഞ്ഞ ചില്ലുകളും മറ്റും ആയിടെ ചര്‍ച്ചയ്ക്കു വന്നു.

2004 ജനുവരി 28 - രേഷ്മയും റെഡിഫില്‍ കേരളൈറ്റ് ഫോണ്ടില്‍ മൈലാഞ്ചി എഴുതിത്തുടങ്ങി. “ ഒരു തുടക്കം, എന്റെ രക്ഷിതാവിന്റെ നാമത്തില്‍, എന്റെ സ്വന്തം ഭാഷയില്‍, ഹൃദയമിടിപ്പിന്റെ താളത്തില്‍....” - അങ്ങനെയായിരുന്നു രേഷ്മ എഴുതിത്തുടങ്ങിയത്. നിര്‍ഭാഗ്യവശാല്‍ കുറച്ചുമാസങ്ങളായി ആ വിലപ്പെട്ട റെഡിഫ്ഫ് പേജ് വേറെ ഏതോ ഒരുത്തി ഹൈജാക്കുചെയ്തു വെച്ചിരിക്കുന്നു എന്നു തോന്നുന്നു !എങ്കിലും ഈ സമയത്ത് ‍വരമൊഴിഗ്രൂപ്പ് പ്രത്യേകിച്ച് ബഹളമൊന്നുമില്ലാതെ കിടന്നു.

ടുവില്‍ ജൂണ്‍ 2004-ല്‍ കാര്യങ്ങള്‍ പെട്ടെന്നു മാറി. യുണികോഡ് ഫോണ്ടുകള്‍ എങ്ങനെ എളുപ്പം മെരുക്കിയെടുക്കാമെന്നായി ചര്‍ച്ച. വിനോദ് ബാലകൃഷ്ണന്‍, മനോജ്, കെവിന്‍, രാജീവ് തുടങ്ങിയവര്‍ സ്ഥിരമായി ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്കു വരാന്‍ തുടങ്ങി. ഓഗസ്റ്റില്‍ ആദ്യമായി വരമൊഴിയിലേക്ക് കെവിന്‍ ശുദ്ധമലയാളം യുണികോഡില്‍ (ചില്ലുബാധയുണ്ടായിരുന്നെങ്കിലും) ഒരു മെയിലയച്ചു! ഞാന്‍ കണ്ട ആദ്യത്തെ പ്ലെയിന്‍ ടെക്സ്റ്റ് മലയാളം മെയില്‍!ഇതിനിടയ്ക്ക് കഥയില്‍ വേണ്ട മറ്റു കഥാപാത്രങ്ങള്‍ അണിയറയില്‍ ചുട്ടി തേച്ചുതുടങ്ങിയിരുന്നു.

ഒരു ‘പുതിയ പ്രോഗ്രാമിങ്ങ് വിദ്യാര്‍ത്ഥി’ ജൂണില്‍ വരമൊഴി പഠിക്കാന്‍ വന്നു. പേര് പെരിങ്ങോടന്‍! പെരിങ്ങോടന്‍ വരമൊഴി പഠിച്ച് ASCII ഫോണ്ടില്‍ കഥകളെഴുതാന്‍ തുടങ്ങി! (ജൂലൈ 24).മലയാളം യുണികോഡ് ചരിത്രത്തില്‍ അധികമൊന്നും ആരും പറഞ്ഞുകേട്ടിരിക്കാനിടയില്ലാത്ത ഒരു ഇതിഹാസകാരനുണ്ട് ഇതിനിടയ്ക്ക്!

മലയാളം എഴുതാന്‍ പോലുമറിയാതെ ബൈബിള്‍ മുഴുവന്‍ മലയാളം യുണികോഡില്‍ സുന്ദരമായി പ്രകാശിപ്പിച്ചിട്ടുള്ള കൈപ്പള്ളി! നിഷാദ് ഭാഷ്യം എന്നൊരു ബ്ലോഗെഴുതിത്തുടങ്ങിയത് 2004 ആഗസ്റ്റിലായിരുന്നു. സെപ്റ്റംബര്‍ 14ന് അദ്ദേഹം ബൈബിളും ഇന്റര്‍നെറ്റില്‍ എത്തിച്ചു. ഏറ്റവും ആദ്യത്തെ മലയാളം യുണികോഡ് ഗ്രന്ഥം! ഇതിനിടയ്ക്ക് MSN സ്പേസില്‍ കെവിനും ഞാനും മറ്റും കുറേശ്ശെ യുണികോഡ് മലയാളമിട്ട് കളിച്ചുതുടങ്ങി. റെഡിഫിലും ആരൊക്കെയോ കൂട്ടുകാര്‍ എത്തിച്ചേര്‍ന്നു. പക്ഷേ മിക്കവാറും എല്ലാവരും ആസ്ക്കി, അല്ലെങ്കില്‍ ചാറ്റ് ശൈലിയിലുള്ള (മൊഴി അല്ല), മംഗ്ലീഷ്.

സൂവിന് ചേട്ടന്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുത്തു. സൂ അതും വെച്ച് സൂര്യഗായത്രി എന്ന സൂലോഗവും തുടങ്ങി. അതും ആദ്യം മംഗ്ലീഷ്, പിന്നെ ആസ്ക്കി.

എവുരാന്‍ കഥകളെഴുതിത്തുടങ്ങി.

മനോജ് മലയാളത്തില്‍ എഴുതിയില്ലെങ്കിലും മലയാളം ബൂലോഗച്ചുരുളിനുവേണ്ടി പ്രത്യേകം ഒരു സോഫ്റ്റ് കോര്‍ണര്‍ മാറ്റിവെച്ചു.2004 നവംബറില്‍ ഒരു ചെറിയ കാര്യം നടന്നു. വരമൊഴിയില്‍ ഒരു മെയില്‍ വന്നു! ഒരു പുതിയ അക്ഷരശ്ലോകം ഗ്രൂപ്പു തുടങ്ങിയിട്ടുണ്ടത്രേ. ഏതോ ഒരു ഉമേശനും രാജേഷും. ഒട്ടും അമാന്തിച്ചില്ല. ചെന്നു ചേര്‍ന്നു. എന്നു മാത്രമല്ല, അവിടെ പോയി ആദ്യമായി ഒരു മെസ്സേജും പോസ്റ്റു ചെയ്തു. പിന്നീട് അമ്പത്തൊന്നക്ഷരാളീ എന്നു തുടങ്ങി ആദ്യത്തെ ശ്ലോകവും. ഗൌരവമായി ശ്ലോകം ചൊല്ലിത്തുടങ്ങിയപ്പോളാണ് ഒരു പ്രശ്നം പൊന്തിവന്നത്. എല്ലാര്‍ക്കും സ്വീകാര്യമായ ഒരു മലയാളം വേണം. യുണികോഡ് എല്ലായിടത്തും എത്തിയിട്ടില്ല. പലര്‍ക്കും അതറിയുകയുമില്ല. എങ്കില്‍ നമുക്ക് വരമൊഴി അച്ചട്ടായി അനുസരിക്കുന്ന ‘മൊഴി’ മംഗ്ലീഷായാലെന്താ എന്നായി. അങ്ങനെ വരമൊഴി മംഗ്ലീഷ് ആ ഗ്രൂപ്പിലെ ഔദ്യോഗികസ്റ്റാന്‍ഡേര്‍ഡ് ആയി അംഗീകരിക്കപ്പെട്ടു! രണ്ടുമാസത്തിനുള്ളില്‍ അക്ഷരശ്ലോകം ഒരു മത്സരമായി രൂപാന്തരപ്പെട്ടു.

ഇതിനിടയ്ക്ക് ഇങ്ങനെയൊരു രസം ഒരു ഗ്രൂപ്പിനുള്ളില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോരാ എന്നു തോന്നിയപ്പോള്‍ മറ്റു കുറേ കൂട്ടുകാരെക്കൂടി വിളിച്ചുകൊണ്ടുവന്നു. വരമൊഴിയില്‍നിന്നും സിബുവിനോടും സദസ്സില്‍ വന്നു കളി കണ്ടിരിക്കാന്‍ പറഞ്ഞു.പണ്ട് ഒളിച്ചോടിപ്പോയ 'വിശ്വം' എന്ന ഐഡി പിന്നെ കുറെക്കാലത്തേക്ക് ബ്ലോഗുലോകത്തേക്ക് തിരിഞ്ഞുനോക്കിയില്ല. വീണ്ടും ധൈര്യം സംഭരിച്ച് ‘വിശ്വം’ തിരിച്ചു വന്നത് 2004 ഡിസംബര്‍ 26നു ഒരു വലിയ ചരിത്രസംഭവത്തില്‍ പങ്കുചേരാനായിരുന്നു.

സുനാമിഹെല്‍പ്പ്! (http://tsunamihelp.blogspot.com). ഇന്ന്റര്‍നെറ്റിലൂടെ നടത്തിയ ഏറ്റവും വലിയ ദുരിതാശ്വാസപ്രവര്‍ത്തനം എന്നുവിളിക്കാവുന്ന ആ ബ്ലോഗില്‍ ആദ്യത്തെ മണിക്കൂറില്‍ തന്നെ ആറാമനോ ഏഴാമനോ ആയി ചേര്‍ന്നു. (അവിടെ ബ്ലോഗ് കണ്ട്രോള്‍ ചെയ്തിരുന്ന sea-eat എന്ന യാഹൂഗ്രൂപ്പും സുനാമിഹെല്‍പ്പിന്റെ ബ്രാഞ്ച് വിക്കികളും മോഡറേറ്റ് ചെയ്തു.

പിന്നീട് ജനുവരി പതിനാറാംതീയതി ആ ബ്ലോഗില്‍നിന്നും സ്വന്തം ജോലി കൃതാര്‍ത്ഥനായി മുഴുമിച്ച് sea-eat യാഹൂഗ്രൂപ്പിന്റെ മേല്‍നോട്ടം മാത്രമായി ഒതുങ്ങിക്കൂടി.)സുനാമിഹെല്‍പ്പ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്രസംഭവമായിത്തീര്‍ന്നു ഇന്റര്‍നെറ്റില്‍. അതിന്റെ തലപ്പത്തുതന്നെ ഇരുന്ന് രാത്രിയും പകലും ഇരുന്നു് ഒരു യുദ്ധത്തിലെന്നോണം ആയിരക്കണക്കിന് വൊളണ്ടിയര്‍മാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞപ്പോളാണ് ബ്ലോഗുകളുടെ ശക്തി എനിക്കു ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ ദിവസങ്ങളില്‍ ബ്ലോഗിങ്ങ്, സോഷ്യല്‍ ടെക്സ്റ്റ്, വിക്കി, ഫ്ലിക്കര്‍, css തുടങ്ങിയവയെക്കുറിച്ചൊക്കെ ധാരാളം പഠിക്കാനും കഴിഞ്ഞു. ആ ‘വിശ്വം’ ഇന്നാണ് ആദ്യമായി മലയാളത്തില്‍ ഒരു കമന്റ് ഇടുന്നത്! ഇത്ര കാലവും ഉപയോഗിച്ചുകൊണ്ടിരുന്ന “വിശ്വപ്രഭ”യാണ് 2004 മേയില്‍ ജനിച്ചത്).

ഉമേഷ് ലീവിനുപോകുന്ന സമയമാവുമ്പോഴേക്കും, അക്ഷരശ്ലോകത്തിനു വേണ്ടി ഒരു ബ്ലോഗു തുടങ്ങിയാലെന്താ എന്നും ഞങ്ങള്‍ ആലോചിച്ചു.അങ്ങനെ 2005 ജനുവരി 17ന് ശ്ലോകബൂലോഗം തുടങ്ങിവെച്ചു. ഗ്രൂപ്പിലുള്ള മൊഴിമംഗ്ലീഷ് ശ്ലോകങ്ങളൊക്കെ യുണികോഡ് മലയാളത്തില്‍ വൃത്തിയായി അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വന്നു! അഞ്ജലിയും ഒരു സുന്ദരിക്കുട്ടിയായി അപ്പോഴേക്കും അണിഞ്ഞൊരുങ്ങി വന്നിരുന്നു!അപ്പോഴേക്കും മൌനി(മലയാളം യുണികോഡ്)യുടെ സമയം വന്നു ചേര്‍ന്നു എന്ന് ബോദ്ധ്യമായി.

പഴയ ആളുകളില്‍ അനിലിനേയും സണ്ണിച്ചായനേയും മറ്റും തെരഞ്ഞുപിടിച്ചു. എല്ലാവരും ഓരോ ബ്ലോഗുകള്‍ ഉണ്ടാക്കാനും തുടങ്ങി!പിന്നീടായിരുന്നു വെച്ചടിവെച്ച് ഒരു കയറ്റം! വിശാലനേയും സങ്കുചിതനേയും കോമരത്തേയും കണ്ടുപിടിക്കാന്‍ ഏറ്റവും സഹായിച്ചത് അറബിഗൂഗിള്‍ എന്നു വിളിക്കാവുന്ന അനില്‍ ആണ്.

ഏറ്റവും നിശ്ശബ്ദമായി അണിയറയിലിരുന്ന് വലിയ കാര്യങ്ങളൊന്നും അറിയില്ലെന്നു ഭാവിക്കുന്ന ആ പഴയ ‘ചങ്ങാതി’യോടു വേണം നമുക്കേറ്റവും നന്ദി പറയാന്‍!2005 ജനുവരി വരെയുള്ള എന്റെ ഏതാണ്ടൊക്കെയുള്ള ഓര്‍മ്മകളാണിതൊക്കെ. ബാക്കിയുള്ളതൊക്കെ പിന്നൊരിക്കല്‍!മലയാളബൂലോഗലോകം ഇന്നു വിശാലമനസ്കന് നന്ദിയും അഭിനന്ദനങ്ങളും അര്‍പ്പിക്കുമ്പോള്‍ ഈ ഒരു നെടുനീളന്‍ ഓഫ് ടോപ്പിക് കമന്റ് എന്റെ വകയും കിടക്കട്ടെ

ഇതു വിശ്വപ്രഭ ഓഫ് യൂണിയന്റെ ഓഫീസിലിട്ട ഒരു കമന്റാണ്. പോസ്റ്റാക്കിയതിനു വിശ്വേട്ടാ, സോറി.

Wednesday, August 01, 2007

ഒരു തിരക്കഥ (ടെലിഫിലിം)

പണ്ടു പണ്ട് എഴുതിയ ഒരു കഥയ്ക്ക് ഒരുക്കിയ തിരക്കഥയാണ്.


1
പുലര്‍ച്ചെ മൂന്നര, നാലുമണി. ഒരു നാഷണല്‍ ഹൈവേ, അഥവാ പ്രധാന നിരത്ത്‌. മേലേയും,
ഡിക്കിയിലും സാമാനങ്ങള്‍ കയറ്റിവരുന്ന ഒരു കറുത്ത അംബാസിഡര്‍ കാര്‍.
2
കാറിനകവശം. പിന്‍സീറ്റില്‍ നടുവില്‍ കണ്ണന്‍. 9-10 വയസ്സ്‌ പ്രായം. ഉറക്കച്ചടവോടെ
ഇരിക്കുന്നു. ഇടയ്ക്കിടയ്ക്ക്‌ തെരുവുവിളക്കുകള്‍ കാണുമ്പോള്‍ കൌതുകത്തോടെ
പുറത്തേക്കും, അതിനെ തിരിഞ്ഞും നോക്കുന്നു. ഇരുവശത്തും അച്ഛനും അമ്മയും.
കണ്ണന്‍ ഒരു ഗള്‍ഫ്‌ കുട്ടി നാട്ടില്‍ വരുമ്പോള്‍ ഇടുന്ന തരം മുന്തിയ വസ്ത്രങ്ങളില്‍തന്നെ.
അമ്മ (നിര്‍മ്മല 30) സാരിയും, അച്ഛന്‍ (അച്ച്യുതന്‍-40) ഷര്‍ട്ടും പാന്റ്സും.
ശരിക്കും ഗള്‍ഫില്‍ നിന്ന്‌ വരുന്നവരുടെ പത്രാസില്‍തന്നെ. വര്‍ഷങ്ങള്‍ക്കുശേഷം
നാട്ടില്‍ വരുന്നവര്‍ക്കുണ്ടാകുന്ന സന്തോഷത്തേക്കാള്‍, ഒരു ചെറിയ മ്ലാനത നിര്‍മ്മലയുടെ
മുഖത്ത്‌. ഏതോ സംഭാഷണത്തിന്റെ തുടര്‍ച്ച:

അച്ചു: നീയൊക്കെ രക്ഷപ്പെട്ടടാ, സര്‍ക്കാരുദ്യോഗം, ദേ ഇപ്പോ കാറ്‌ മുതലാളി.

(ഡ്രൈവര്‍ അല്‍പം തിരിഞ്ഞു നോക്കികൊണ്ട്‌): വേണ്ടടാ, നീയൊക്കെ ഒരു മാസം
പിടിക്കുന്നത്‌ ഈ പാവം സര്‍ക്കാര്‍ ഗുമസ്ഥന്‌ ഒരു കൊല്ലം പേനയുന്തിയാല്‍ കിട്ടുമോ?

(ഡ്രൈവര്‍ (വാസു) അച്ചുവിന്റെ അതേ പ്രായം. കൂട്ടുകാരന്‍, അയല്‍ക്കാരന്‍)

അച്ചു: പിന്നെ ഒരു കുഴപ്പമുണ്ട്‌, ദേ..ഇങ്ങനെ കെട്ടും പൂട്ടി ഒരു വരവ്‌ വരേണ്ടിവരും.
ഇത്രനാളും പണീട്ത്തതൊക്കെ ഇഷ്ടായി, നാളെത്തൊട്ട്‌ വരണ്ടാന്ന്‌ സര്‍ക്കാര്‍ നിന്നോട്‌
പറയില്ലല്ലോ?

(കണ്ണടച്ച്‌ മയങ്ങാന്‍ ശ്രമിക്കുകയായിരുന്ന നിര്‍മ്മല ഇതുകേട്ട്‌ കണ്ണുതുറന്നു.
അച്ചുവിനെ നോക്കുന്നു.) (ഇത്രനേരം മിണ്ടാതെയിരുന്ന മുന്‍സീറ്റിലിരിപ്പുണ്ടായിരുന്ന
അച്ചുവിന്റെ അച്‌'ന്‍, ഏകദേശം 70 വയസ്സ്‌):

അച്ചൂ, എത്ര വയസ്സില്‍ പോയാതാണെന്നറിയോ നീയ്‌? ഇപ്പോ കൊല്ലം പത്ത്‌ പന്ത്രണ്ട്‌
കഴിഞ്ഞില്ലേ? കൃഷിയാണെങ്കി നോക്കാന്‍ എനിക്കൊട്ട്‌ നേരം കിട്ടണൂമില്ല. മാണിക്യന്‍
വരണ കാലം വരെ ഒരു കൊഴപ്പോംല്ല്യ. മര്യാദക്ക്‌ നോക്ക്യാ സഖാ‍യിട്ടല്ല, അതിന്റെ
അപ്രത്ത്‌ കിട്ടും.

അച്ചു: (ചെറുതായി പുഞ്ചിരിക്കുന്നു)

അരെന്തു പറഞ്ഞാലും കണ്ണന്റെ കണ്ണുകള്‍ അവരുടെ മുഖത്താണ്‌.

(ഈ യാത്രാ രംഗത്തിനിടയിലായിരിക്കും ടൈറ്റില്‍സ്‌ -പോരേ ഏറാനാടാ?)

3
പുലര്‍ച്ചെ എകദേശം 6 മണി.. കാര്‍ ഗേറ്റ്‌ കടന്ന്‌ വീടിനുമുന്നില്‍ എത്തുന്നു.
ഓടിട്ട ഒരു പുരാതന നായര്‍ ഭവനം. അല്‍പം വിശാലമായ മുറ്റവും പൂമുഖവും മറ്റും. കാര്‍
വന്നു നില്‍ക്കുന്നു. അകത്തുനിന്ന്‌ ബദ്ധപ്പെട്ട്‌ ഓടി വരുന്ന കണ്ണന്റെ അച്ഛമ്മ.
പുറത്തിറങ്ങി സന്തോഷത്തോടെ മുരി നിവര്‍ത്തുന്ന അച്ചു. കാറില്‍ നിന്ന്‌ ഇറങ്ങാന്‍
തുടങ്ങുന്ന കണ്ണനെ വാരിയെടുക്കുന്ന അച്ഛമ്മ.

അച്‌'മ്മ: എന്റെ കണ്ണന്‍ വലുതായല്ലോ? ഓര്‍മ്മേണ്ടോ മോന്‌ അച്ഛമ്മയെ?

കണ്ണന്‍ നാണത്തോടെ "ഉണ്ട്‌" എന്ന അര്‍ത്ഥത്തില്‍ തലയാട്ടുന്നു. അപ്പുറത്തെ വീട്ടില്‍
നിന്ന്‌ ഓടി വരുന്ന രണ്ട്‌ കുട്ടികള്‍. വിഷ്ണുവും, അമ്മുവും. അമ്മുവിന്‌ 7-8 വയസ്സ്‌,
കണ്ണന്റെ പ്രായം വിഷ്ണുവിന്‌. (വാസുവിന്റെ മക്കള്‍) അവര്‍ക്കു പിന്നാലെ അവരുടെ അമ്മ.
അമ്മു വെളുത്ത കയ്യില്ലാത്ത അടിയുടുപ്പും, വിഷ്ണു, പഴയ യൂണിഫോം നീല ട്രൌസറും. രണ്ടു
പേരുടേയും കയ്യില്‍ ബ്രഷ്‌, വായില്‍ പേസ്റ്റ്‌.

അവരെ കണ്ടതും കണ്ണന്‍ അച്ഛമ്മയുടെ കയ്യില്‍നിന്നും കുതറിയിറങ്ങി. "ഇത്ര വലിയ എന്നെ
എടുക്കുന്നുവോ" എന്ന ഭാവം.

പടി കടന്ന്‌ വരുന്ന വീട്ടുവേലക്കാരി വിലാസിനി. (30-35) ലുങ്കിമുണ്ടും, ബ്ലൌസും,
തോളിലൊരു മുഷിഞ്ഞ തോര്‍ത്തും. പടിക്കല്‍ നിന്നേ കാര്‍ കിടക്കുന്ന കാണുകയും നടത്തം
ഒരു ചെറിയ ഓട്ടമായി പരിണമിക്കുകയും ചെയ്യുന്നു.

കണ്ണന്‍ കൌതുകത്തോടെ കുട്ടികളെ നോക്കുന്നു.

കണ്ണനെ നോക്കുന്ന അമ്മു.

ചിരിക്കണോ വേണ്ടയോ എന്ന സംശയത്തിന്റെ അവസാനം വിഷ്ണുവിനെ നോക്കുന്നു. അവന്റെ
ശ്രദ്ധയാകട്ടെ കാറിന്‌ മുകളിരിക്കുന്ന പെട്ടിയിലും മറ്റും.

അച്ചു: എന്തോക്കേണ്ട്‌ വിലാസിനീ...

വിലാസിനി: ഇങ്ങനെയൊക്കെ പോണൂ.

അച്ഛമ്മ: അമ്മ്വ്യോ, എന്താടി മിണ്ടാതെ നില്‍ക്കുന്നേ? (നിര്‍മ്മലയോട്‌) കാന്താരിയാ

നിര്‍മ്മല: ഇങ്ങ്ട്‌ വാ അമ്മൂ. (അമ്മു പയ്യെ അടുത്തെത്തുന്നു.) അവളുടെ കവിളില്‍
തലോടിക്കൊണ്ട്‌: ഇപ്പോ എത്രേലാ?

അമ്മു: നാലിലാ.

നിര്‍മ്മല: കണ്ണാ, ഒാ‍ര്‍മ്മേണ്ടോ, അമ്മൂനേ?

കണ്ണന്‍: തലയാട്ടുന്നു. (ഉണ്ട്‌).

ഇതിനകം പെട്ടികളെല്ലാം ഇറക്കി, വാസുവും, അച്ചുവും, വിലാസിനിയും പെട്ടികള്‍
അകത്തേക്ക്‌ എടുക്കുന്നു. ടൂത്ത്‌ ബ്രഷ്‌ വായില്‍ തിരുകി പെട്ടിയില്‍
ഒട്ടിച്ചിരിക്കുന്ന എയറിന്ത്യാ ടാഗോ മറ്റോ വലിച്ച്‌ പൊട്ടിക്കാന്‍ ശ്രമിക്കുന്ന
വിഷ്ണുവിന്‌ അച്‌'ന്‍ വാസുവിന്റെ വക തലയ്ക്കൊരു കിഴുക്ക്‌.

പൂമുഖത്തെ പഴയ ക്ലോക്ക്‌. (ക്ലോസപ്പ്) ആറു മണിയുടെ മണിയടി

4
പൂമുഖത്തിരിക്കുന്ന വാസുവും, അച്ചുവും, മുത്തച്‌'നും. വന്ന വേഷത്തിലല്ല ആരും.
എല്ലാവരും ലുങ്കിയില്‍, ഷര്‍ട്ടില്ലാതെ. മുത്തച്‌'ന്‍ മാത്രം വീട്ടിലും വെള്ള മുണ്ടേ
ഉടുക്കൂ. (മുറ്റത്തിപ്പോള്‍ കാറില്ല.)

അച്ചു: ഡ്രൈവര്‍ സാറേ, എത്രയാ ചാര്‍ജ്ജ്‌?

വാസു: ചാര്‍ജ്ജ്‌ കാശായിട്ട്‌ വേണ്ടാ.

അച്ചു: നിമ്മീടെ വീട്ടിലൊന്ന്‌ പോയി തല കാണിക്കട്ടെ, ആ കടത്ത്‌ ഇന്നന്നെ കഴിക്കണം.

മുത്തച്‌'ന്‍: പിന്നെ, സംശംണ്ടോ? ഗോവിന്ദായര്‍ക്ക്‌ (നിമ്മിയുടെ അച്‌'ന്‍) യാത്ര
ചെയ്യാന്‍ മേല. അല്ലെങ്കീ ഇന്നലെ തന്നെ വന്നേനേ പാവം. വേണെങ്കി, നിമ്മിയും കണ്ണനും
ഇന്നവിടെ നിന്നോട്ടെ. നീയിങ്ങ്‌ പോര്‌.

(മുറ്റമടിക്കുന്ന വിലാസിനി. ചൂല്‌ മുറ്റത്തുവരയ്ക്കുന്ന വരകളെ സാകൂതം നോക്കികൊണ്ട്‌
വരാന്തയില്‍ കണ്ണന്‍.)

5

അടുക്കള:

ദോശ ചുടുന്ന അച്ഛമ്മ. നിമ്മിയുടെ വേഷം നൈറ്റി.

നിമ്മി: ശാന്തമ്മ വരാറില്ലേമ്മേ ഇപ്പോ?

അച്ഛമ്മ: അവള്‍ടെ മോള്‌ പെറ്റു കിടക്കല്ലേ. അല്ലെങ്കിത്തന്നെ ഇവിടെന്ത്‌
ജോലിയിരിക്കുന്നു? ദോശക്ക്‌ വിലാസിനി വൈകുന്നേരം വന്ന്‌ ആട്ടിത്തരും. ഞങ്ങള്‌
മുതുക്കനും മുതുക്കത്തിക്കും എന്തോരം ഭക്ഷണം വേണം നിമ്മീ? ആകെ നാല്‌ ദോശേണ്ടാക്കണം.
പിന്നെ ഇത്തിരി ചോറും. (ചട്ടിണി വറുത്തിടാനുള്ള പാത്രം അടുത്ത അടുപ്പില്‍
വയ്ക്കുന്നു.) കാര്‍ന്നോര്‌ ഉച്ചക്ക്‌ ഉണ്ണാന്‍ വന്നാ പറയാം വന്നൂന്ന്‌. ഇപ്പോ പഴയ
പോലെയല്ല. എല്ലാവരും ഭാഗം വച്ച്‌ പിരിയല്ലേ? പറമ്പളക്കലും തര്‍ക്കം തീര്‍ക്കലുമായി
ഇവിടത്തെയാള്‍ക്ക്‌ തിരിയാന്‍ നേരമുണ്ടോ? പത്ത്‌ മണിയാവുമ്പോഴേയ്ക്കും എന്റെ
പണിയൊക്കെ കഴിയും.

(ദോശ മറിച്ചിടുന്നു.)

അച്ഛമ്മ: പറമ്പോക്കെ നോക്കണത്‌ മാണിക്യനാ. ചന്തേ പോക്കും ഒക്കെ. ഒറ്റ കാശ്‌ പറയാതെ
എടുക്കില്ല്യാട്ടോ. കണിശമായി ചന്തേലെ കണക്ക്‌ എന്നോട്‌ പറയും. ഞാന്‍ പറയും
എനിക്കൊന്നും കേള്‍ക്കണ്ടാന്ന്‌. (ദോശയില്‍ രണ്ടു തുള്ളി നെയ്യ് ഒഴിക്കുന്നു)

മാണിക്യന്റെ മോന്‌ രജിസ്ട്രാപ്പീസില്‌ ജോലി കിട്ടി. അറിഞ്ഞോ?

നിമ്മി: ഉവ്വ്‌, അച്ചുവേട്ടന്റെ ഒരു മാസത്തെ വര്‍ത്താനം അത്‌ തന്ന്യായിരുന്നു. പണ്ട്‌
തല്ലി സ്കൂളിലേക്ക്‌ വിട്ടതാ ഞാനൊരുത്തനാന്നും പറഞ്ഞ്‌. (ദോശ മറിച്ചിടുന്നു)
ഇന്നന്നെ വീട്ട്യെപോണ്ടേ അമ്മേ? നാലുകൊല്ലായി... ...

അച്‌'മ്മ: (ഇടയ്ക്ക്‌ കയറി) പിന്നെപിന്നെ, ഞാന്‍ പറയാന്‍ തുടങ്ങായിരുന്നു.
എന്തെങ്കിലും നിവര്‍ത്തീണ്ടായിരുന്നെങ്കി അച്‌'ന്‍ ഇന്നിവിടെത്ത്യേനെ.
കൊഴപ്പൊന്നുല്ല്യ. വാതത്തിന്റെ ശല്യാ... ഇന്നന്നെ പോണം, വാസൂന്റെ കാറില്‌ പൊക്കോ..
നമ്മടെ കുഞ്ഞാളീടെ ചെക്കന്‍ മനോഹരനാ വണ്ടി ഓടിക്കണേ.

അടുക്കളയില്‍ എത്തിയ കണ്ണന്‍: അമ്മേ, ബ്രഷ്‌ ചെയ്യണം.

നിമ്മി: വണ്‍ മിനിറ്റ്‌ (പുതിയൊരു ദോശ ശ്രദ്ധാപൂര്‍വ്വം ഉണ്ടാക്കുന്നു,
പരാജയപ്പെടുന്നു) ക്ലോസപ്പ്

6)

വൈകുന്നേരം 6 മണി.

ഗേറ്റ്‌ കടന്നു വരുന്ന കാര്‍. കാറില്‍ നിന്നിറങ്ങുന്ന അച്ചു, കണ്ണന്‍.

മുത്തച്ഛന്‍: (ചാരുകസേലയില്‍) എന്താ കണ്ണനും പോന്നോ?

അച്ചു: ചെക്കന്റെയൊരു ചിണുങ്ങല്‍, കാറില്‍ കേറാനുള്ള പൂതിയാ. കരഞ്ഞ്‌ ബഹളോണ്ടാക്കി

അച്‌'മ്മ: എന്റെ മോന്‍ ഇങ്ങ്ട്‌ വാ. അച്ഛമ്മ മേക്കഴുകിക്കാം.

7)

തോര്‍ത്ത്‌ മാത്രമുടുത്ത്‌ കിണറ്റ്കരയില്‍ കണ്ണന്‍. അച്‌'മ്മ കുളിപ്പിക്കലിന്റെ
അവസാന ഘട്ടത്തില്‍. അപ്പോള്‍ അമ്മുവിന്റെ ഉറക്കെയുള്ള ശബ്ദം അടുത്തടുത്ത്‌ വരുന്നു.
"വല്ല്യമായ്യ്യേ, വല്ല്യമായ്യ്യേ.. വല്ല്യമായ്യ്യേ..." കിണറ്റുകരയില്‍ എത്തുന്ന
അമ്മു.

അച്ഛമ്മ: എടീ, ഇത്തിരി പതുക്കെ കാറ്യാ മതിയെന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌.

അമ്മു: (ഒരു കുപ്പി നീട്ടിക്കൊണ്ട്‌) ഇത്തിരി എണ്ണ. വെളക്ക്‌ വച്ചിട്ടില്ല.

(കുപ്പിയുമായി അച്‌'മ്മ അകത്തേക്ക്‌)

കണ്ണന്‍: അമ്മൂന്‌ പേടീല്യേ ഇരുട്ടത്ത്‌ നടക്കാന്‍?

അമ്മു: ഇല്ല്യാ, വിഷ്ണേട്ടന്‌ പേടിയാ. കണ്ണേട്ടന്‌ പേടിണ്ടോ ഇരുട്ട്‌?

കണ്ണന്‍: അതിന്‌ ഞാന്‍ ഇപ്പളാ ഇരുട്ട്‌ കാണണേ. ഞങ്ങടെ അബുദാബീല്‌ ഇരുട്ട്‌ ഇല്ല്യ.

അമ്മു: നൊണ. ഇരുട്ടില്ലെങ്കിപീനെങ്ങന്യാ നിങ്ങളുറങ്ങാ?

കണ്ണന്‍: കണ്ണടച്ചുകിടക്കും. അപ്പോ ഇരുട്ടായില്ല്യേ?

അമ്മു: (ഒന്നാലോചിച്ച്‌, തോല്‍വി സമ്മതിച്ച പോലെ.) അതു ശര്യാ..

8)

നിലവിളക്കിന്‌ മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുന്ന കണ്ണന്‍. നെറ്റിയില്‍ ഭസ്മക്കുറി.
അടുത്തിരുന്ന്‌ നാമം ചൊല്ലിക്കൊടുക്കുന്ന അച്ഛമ്മ. ഏറ്റു ചൊല്ലുന്ന കണ്ണന്‍. നാരായണ....
നാരായണ... ചിങ്ങം, കന്നി മുതലായവ......

9)

അടുക്കള, അല്ലെങ്കില്‍ അടുക്കളയുടെ പുറകിലെ വരാന്ത, അല്ലെങ്കില്‍ ഊണുമുറി. കണ്ണനും
ഇതൊന്നും ശ്രദ്ധിക്കാതെ അല്‍പം അടുത്തായി എന്തെങ്കിലും ഒരു കൌതുകവസ്തുവിനെ (പകുതി
മുറിച്ച്‌ വച്ച ഒരു ചക്ക തുടങ്ങി എന്തെങ്കിലും) തൊട്ടും മറ്റും പരിശോധിക്കുന്നു.
മേശയില്‍ ഒരു വിടേശ മദ്യക്കുപ്പി. എകദേശം പകുതി കഴിഞ്ഞിട്ടുണ്ട്‌. അരികെ സ്റ്റീല്‍
പാത്രത്തില്‍ വെള്ളം. രണ്ട്‌ സ്റ്റീല്‍ ഗ്ലാസ്‌. വാസു, അച്ചു. രണ്ടുപേരും
പൂസായിട്ടുണ്ട്‌.

വാസു: രണ്ട്‌ ചില്ലുഗ്ലാസ്‌ ഞാന്‍ കൊണ്ടു വന്നേനെ. ഇതൊരുമാതിരി, ഇരുമ്പ്‌ ചൊക.

അച്ചു: ഏടാ, സ്റ്റീല്‍ ഗ്ലാസ്‌ നല്‍കുന്ന ത്രില്ല്‌ നിനക്ക്‌ മനസിലാവില്ല്യ.
സ്റ്റീല്‍ ഗ്ലാസില്‍ ചായ കുടിക്കാനാണെടാ ഞങ്ങളൊക്കെ നാട്ടില്‍ വരുന്നത്‌. ഒരു ലുങ്കീം
ചുറ്റി വെറുതേ തുട മാന്തി, ആരടാന്ന്‌ ചോദിച്ചാ എന്തടാന്ന്‌ ചോദിക്കാണ്‍
മുട്ടിയിട്ടാടാ ഞങ്ങളോടി വരണേ... (ചെറിയ "കുടിയന്‍ ഭാഷയില്‍") പുറത്ത്‌
മുത്തച്ഛ ന്റെ ഭയങ്കര അസ്വാഭാവികതയുള്ള ഉച്ചത്തിലുള്ള ചുമ.

ഒരു പാത്രത്തില്‍ വറവ്‌ ഐറ്റംസ്‌ (കൊണ്ടാട്ടം -കൈപ്പയ്ക്ക, മുളക്‌ ഇത്യാദി) കൊണ്ട്‌
വച്ച്‌ അച്ഛമ്മ: ടാ പിള്ളേരേ, കര്‍ന്നോര്‌ കിടന്ന്‌ ചൊമക്കണ കേട്ടില്ലേ.

അച്ചു: ആ ബാഗില്‌ ഇരിക്കണ കുപ്പി കൊണ്ട് കൊടുത്തൂടേ എന്റമ്മേ???

അച്ഛമ്മ: എന്നിട്ട്‌ വേണം എന്റെ നേരെ ചാടാന്‍. നിങ്ങളൊന്ന്‌ അപ്പുറത്തേയ്ക്ക്‌ മാറ്‌.
(അച്ചുവും വാസും എഴുന്നേറ്റ്‌ പിറകുവശത്തെ വാതിലില്‍ക്കൂടി പുറത്തേക്ക്‌.)

അച്ഛമ്മ: പിന്നേ, അച്ചൂ, മാണിക്യന്‍ വന്നേരുന്നു. എയര്‍പോര്‍ട്ടില്‍ കൊണ്ടൂവാത്ത
കാരണം രണ്ടീസായിട്ട്‌ കാര്‍ന്നോരോട്‌ മൊം വീര്‍പ്പിച്ച്‌ നടക്കാ... അവനും കൂടി വന്നാ
കാറില്‌ സ്ഥലംണ്ടാവില്ല്യാന്ന്‌ പറഞ്ഞാ കേക്കൂല്ല. പാവം.

(തുടര്‍ന്ന്‌ വിടിന്റെ മുന്‍ വശത്തേക്ക്‌ നോക്കി,) അതേയ്‌ ഒന്നിങ്ങ്ട്‌ വര്യോ? (വിളി
മുത്തച്ഛനെ ഉദ്ദേശിച്ചാണ്‌)

(മുറിച്ച ചക്കയുടെ അടുത്തിരുന്ന്‌ ഇത്‌ സാകൂതം കാണുന്ന കണ്ണന്റെ കാഴ്ചപ്പാടില്‍:)
കാത്തിരുന്ന വിളി പോലെ മുത്തച്ഛന്‍ വന്ന്‌, ഗ്ലാസിലേക്ക്‌ മദ്യം ഒഴിച്ച്‌ ഒട്ടു
മോശമല്ലാത്ത രീതിയില്‍ രണ്ട്‌ പെഗ്ഗ്‌ പെട്ടന്ന്‌ കുടിച്ചു. അടുക്കള വാതില്‍ക്കല്‍
നിന്ന്‌ എത്തിച്ച്‌ നോക്കിയ അച്ഛമ്മ പുഞ്ചിരിയോടെ അകത്തേക്ക്‌ തന്നെ തല വലിച്ചു.
കുറച്ച്‌ കൊണ്ടാട്ടവും എടുത്ത്‌ ചവച്ച്‌ മുത്തച്ഛന്‍ പിന്‍ വാങ്ങുന്നു. (എല്ലാം
കൊണ്ടും ഒരു കള്ളത്തരം ചെയ്യുന്ന ഭാവം)

10

പുറത്ത്‌ കിണറ്റുകരയില്‍ ഇരിക്കുന്ന അച്ചുവും വാസുവും. കിണറ്റുകരയില്‍ വെളിച്ചം
കിട്ടാനായി വയര്‍ വലിച്ച്‌ ലൈറ്റ്‌ ഇട്ടിട്ടുണ്ട്‌. വരാന്തയിലിരുന്ന്‌ അവരെ
വീക്ഷിക്കുന്ന കണ്ണന്‍.

വാസു: ഡാ, പെര കേറി നോക്കീല്ല്യേ.

അച്ചു: പോയിനോക്കാന്‍ തോന്നിയില്ലടാ. കൂട്ടിവച്ചുണ്ടാക്കിയതൊക്കെ പെര തിന്നു. ഇനി
മുഴുവനാക്കാന്‍ എന്ത്‌ കാട്ടുംന്നോര്‍ത്തിട്ടാ. അഹങ്കാരം കാട്ടീട്ടല്ലേ. ഇത്ര
പെട്ടന്ന്‌ പെര പണിയണ്ട കാര്യം ഉണ്ടായിരുന്നോ? ഇത്‌ തന്നെ മുന്‍ വശം ഒന്ന്‌
തട്ടിപ്പൊളിച്ചാ പോരായിരുന്നില്ലേ. പറഞ്ഞിട്ടെന്താ?

വാസു: എന്നാലും ഒരു നല്ല വീടായില്ലേ. എന്നായാലും പണിയണ്ടേ? അതുപോട്ടെ ഇതൊക്കെ
അറിഞ്ഞിട്ടും നീയെന്താ പണി വേണ്ടാന്‍ഞ്ച്ചത്‌? ആദര്‍ശം വേറെ ലൈഫ്‌ വേറേന്ന്‌ ഞാന്‍
പറേണ്ടല്ലോ.

അച്ചു: എന്നാ നീ കേട്ടോടാ. വേണ്ടാന്‍ഞ്ച്ച്‌ പോന്നതല്ല. അവരെന്നെ പിരിച്ചുവിട്ടതാ.
(വാസുവിന്റെ കൈ തട്ടി കിണറ്റിലേക്ക്‌ വീഴുന്ന തൊട്ടി, കമ്പിയില്‍ കെട്ടിയ കയറില്‍
നിന്നാടുന്നു) നാണക്കേടോര്‍ത്ത്‌ ആരോടും പറഞ്ഞിട്ടില്ല. നിന്നോടെന്തിനൊളിച്ച്‌
വക്കണം? അറബികള്‍ക്കും വിദ്യഭ്യാസമൊക്കെയായില്ലേ? ഇനി അവിടെ ഇതൊക്കെത്തന്നെ സ്ഥിതി. വാസു: അപ്പോ നിമ്മിയുടെ ജോലിയും കളഞ്ഞു പോന്നു?

അച്ചു: അവളുടെ ഭാര്യ വിസയല്ലേ? സ്പോണ്‍സര്‍ ഞാനല്ലേ? പട്ടീല്ലെങ്കീ വാലുണ്ടോടാ? (മൌനം.
ദീര്‍ഘനിശ്വാസം)

ജോസും മനോഹരനുമൊക്കെ വേറെ അന്വേഷിക്കുന്നുണ്ട്‌. മൂന്നാല്‌ മാസം നാട്ടീ നിക്കാം.
കാലം കൊറേ ആയില്ല്യേ.

വാസു: അപ്പോ കണ്ണന്‍?

അച്ചു: നിന്റെ പിള്ളേര്‍ടെ കൂടെ പോകട്ടെ. അവരും ഇംഗ്ലിഷ്‌ മീഡിയമാണല്ലോ....

(അടുക്കളയില്‍ നിന്ന്‌ അച്‌'മ്മയുടെ വിളി "അച്ചൂ, ഇങ്ങട്‌ പോരേ,")

11
പുലര്‍ച്ച. ഉണര്‍ന്നെണീറ്റ കണ്ണന്‍ തെങ്ങിന്‍ തടത്തില്‍ മൂത്രമൊഴിക്കുന്നു. പടികയറി
വരുന്ന മാണിക്യന്‍, (ചെറുമന്‍, 50 വയസ്സ്‌) ചവിട്ടു പടിയിലിരുന്ന്‌ മാത്രുഭുമി പത്രം
വായിക്കുന്ന അച്ചു. കണ്ണന്റെ കാഴ്ച്ചയിലൂടെ നടന്ന്‌ വരുന്ന മാണിക്യന്‍. അച്ചുവിന്റെ
അടുത്തെന്തോറും നടത്തം പതുക്കെയാക്കുന്നു. തന്റെ വരവ്‌ അച്ചു അറിയാതിരിക്കാന്‍
പൂച്ചപാദങ്ങളോടെ വന്ന്‌ പെട്ടന്ന്‌ പത്രം വലിക്കുന്നു.

അച്ചു: (അതീവ സന്തോഷത്തില്‍) ഹല്ല! സാവ്‌ മാണിക്യന്‍. ഇന്നലെ എവിടെപ്പോയി?

മാണിക്യന്‍: ഞാനും വരാനിരുന്നതല്ലേ എയര്‍പോര്‍ട്ടില്‍. അപ്പോ മാണിക്യന്റെ കൂടെ
കാറില്‍ കേറിയാല്‍ പത്രാസിന്‌ കുറവായിപ്പോവുന്ന്‌. (പെട്ടന്ന്‌ കണ്ണനെ കണ്ടപ്പോള്‍)
അല്ലാ ഇതാര്‌? അമ്പമ്പാ ആള്‌ വലുതായിപ്പോയല്ലോ? (ഓടി വന്ന്‌ കണ്ണനെ
കെട്ടിപിടിക്കുന്നു.)

അച്ചു: കണ്ണാ, മനസിലായോ.

കണ്ണന്‍: (തലയാട്ടുന്നു) മാണിക്യന്‍ അങ്കിള്‍.

എന്തോ വലിയ തമാശ കേട്ടപോലെ മാണിക്യന്‍ ഹ ഹ ഹ എന്ന്‌ ഉച്ചത്തില്‍ ചിരിക്കുന്നു.

അച്ചു: മാണിക്യാ, ഇപ്പോ എന്തായീ? അന്ന്‌ ഞാന്‍ സുബ്രനെ ചീത്തപറഞ്ഞ സ്കൂളില്‌
വിട്ടപ്പോ...ഃഓ, എന്തായിരുന്നു പുകില്‌?
മാണിക്യന്‍: ശരിയോ കുഞ്ഞേ. ഇപ്പോ അവനൊരു ഗതിയായി.
എവിടെ നിമ്മിക്കുഞ്ഞ്‌?

അച്ചു: അവള്‍ എറണാകുളത്താ. ഇന്ന്‌ പോയി കൊണ്ടുവരണം. (ഈ സമയം അകത്തുനിന്ന്‌
പുറത്തേക്ക്‌ വന്ന മുത്തച്‌'ന്‍.)

മുത്തച്‌'ന്‍: ഹ! യൂണിയന്‍ നേതാവ്‌ വന്നോ?

മാണിക്യന്‍: (പ്രകടമായ നീരസത്തോടെ) എനിക്ക്‌ തോന്നുമ്പം വരും തോന്നുമ്പം പോവും.

മുത്തച്‌'ന്‍: (പരിഹാസത്തില്‍, കൈ കൂപ്പി) നേതാവേ, പ്രശ്നമുണ്ടാക്കല്ലേ, അടിയന്‍
തമാശ പറഞ്ഞതാ.

മാണിക്യന്‍: അച്ചുക്കുഞ്ഞേ, ഒന്നു കാണാന്‍ വന്നതാ. ഞാന്‍ പൂവാ. ഇനി ഈ പടി
ചവിട്ടില്ല.

മുത്തച്‌'ന്‍: പോക്കോടാ, അതാ കാണുന്നതാ പടീ. നേരെ തിരിഞ്ഞു നടന്നോ.

മാണിക്യന്‍ കലിപ്പില്‍ തിരിഞ്ഞു നടക്കുന്നു. പത്തടി നടന്നിട്ട്‌ പെട്ടന്ന്‌ തിരിഞ്ഞ്‌
വീടിന്റെ വശത്തുകൂടി അടുക്കള വശത്തേക്ക്‌ പോകുന്നു.

മുത്തച്‌'ന്‍: എടാ, അത്‌ പുറത്തേക്കുള്ള വഴിയല്ല.

മാണിക്യന്‍: (കലിപ്പില്‍) എനിക്കറിയാം. (ഈ സംഭാഷണങ്ങളിലെല്ലാം മുഴച്ചു നില്‍ക്കേണ്ടത്‌,
മുത്തച്‌'നും, മാണിക്യനും തമ്മിലുള്ള അഗാധമായ സ്നേഹമാണ്‌.)

അച്ചുവിന്റെ ഉച്‌'ത്തിലുള്ള ചിരി, മുത്തച്‌'ന്റേയും.

12

സന്ധ്യാസമയം. ക്ലോസപ്പ്‌ ഷോട്ട്‌.

ഒരു കുഴിയാനയുടെ കുഴിയിലേക്ക്‌ കാലുതെറ്റി വീഴുന്ന ഉറുമ്പ്‌. അതിനെ
ചാടിപ്പിടിക്കുന്ന കുഴിയാന. പെട്ടന്ന്‌ മണലെല്ലാം ഊതിയാലെന്ന പോലെ പറക്കുന്നു.
അമ്മുവിന്റെ കൈവിരലുകള്‍ കുഴിയാനയെ എടുക്കുന്നു.

ക്യാമറ പതുക്കേ പിന്നിലേക്ക്‌ നീങ്ങുമ്പോള്‍ ദൃശ്യമാകുന്ന മണ്ണില്‍
മുട്ടുകുത്തിയിരുന്ന്‌ കുഴിയാനയെ നോക്കുന്ന അമ്മുവും, കണ്ണനും. കണ്ണന്റെ കണ്ണുകളില്‍
തികഞ്ഞ അവിശ്വസനീയത. ക്യമാറ പുറകിലേക്ക്‌ അകന്നകന്ന്‌ പോകുമ്പോള്‍ പണി പകുതിയായ ഒരു രണ്ടുനില കെട്ടിടം. മുറ്റത്ത്‌ എന്തെങ്കിലും കുസൃതി പ്രവര്‍ത്തി ചെയ്യുന്ന വിഷ്ണു.
കൈ കെട്ടിനിന്ന്‌ വീടിനെ നോക്കി അച്ചു. ലുങ്കിയും ഷര്‍ട്ടും. നിമ്മി-സാരിയില്‍.
മുറ്റത്ത്‌ ഒരു ഭാഗത്ത്‌ മണല്‍ കൂട്ടിയിട്ടിരിക്കുന്നു. അതു പോലെ മെറ്റലോ,
മേറ്റ്ന്തെങ്കിലും നിര്‍മ്മാണ സാമഗ്രികളോ...

അച്ചുവിന്റെ ചിന്താകുലമായ മുഖം.
13
അച്ചു, നിമ്മി, കണ്ണന്‍ യൂണിഫോമില്‍, ബാഗും മറ്റുമായി വീടിന്റെ പടിക്കല്‍ ഓട്ടോ
കാത്തു നില്‍ക്കുന്നു.
അച്ചു: വാസൂന്റെ പിള്ളേര്‍ടെ കൂടെ വിട്ടാ മതിയായിരുന്നു. അരമണിക്കൂര്‍ നടത്ത ഇല്ല്യ.
എത്ര പിള്ളേര്യാ അതില്‌ കുത്തിക്കേറ്റണേ.

നിമ്മി: നടക്ക്യേ, എന്റെ മോന്‍ പത്തടി തികച്ചു നടന്നട്ടില്ല്യ അവടെ, അറിയില്ലേ?

അച്ചു: ആ, അതിന്റെ കൊഴപ്പംണ്ട്‌ ചെക്കന്‌.

കണ്ണന്‍: ഞാന്‍ അമ്മൂന്റേം, വിഷ്ണൂന്റേം കൂടെ നടന്ന്‌ പൊക്കോളാം. എന്നെ എല്ലാവരും
കളിയാക്കാ. ചെറ്യേ പിള്ളേരാ ഓട്ടോര്‍ക്ഷ്യേല്‌ വരണേ.

നിമ്മി: (കണ്ണനോട്‌) ഷട്ടപ്പ്‌.

അച്ചു: എടീ, ഇത്‌ നിന്റെ അബുദാബിയല്ല. നിന്റെ മദാമ്മേടെ ഭാഷ ഒന്ന്‌ കൊറക്ക്‌.

നിമ്മി: ഒരു മാസമേ പുന്നാര മോന്‍ നിങ്ങടെ സ്കൂളില്‍ പോയിട്ടുള്ളൂ. നല്ല ഭാഷ
പഠിച്ചുവരണ്ണ്ട്‌. ഇന്നലെ വിഷ്ണുവിനെക്കേറി പോടാ പട്ടീന്ന്‌..... (ഒന്ന്‌ നിര്‍ത്തിയിട്ട്‌)
നിങ്ങള്‌ ജോസിന്‌ വിളിച്ചോ? അതേയ്‌, കാര്യം നമ്മടെയാ കേട്ടോ. ഇടക്കിടക്ക്‌ അങ്ങോട്ട്‌
വിളിക്കണം.
കുട്ടികളെ കുത്തിനിറച്ച ഒരോട്ടോ വന്നു നില്‍ക്കുന്നു. മുന്‍പില്‍ ഡ്രൈവറുടെ കൂടെ
നില്‍പ്പുണ്ടായിരുന്ന പയ്യനെ പുറകിലേക്ക്‌ മാറ്റുന്ന ഡ്രൈവര്‍. താരതമ്യേന
കണ്ണനേക്കാള്‍ ചെറിയ കുട്ടികളാണ്‌ ഓട്ടോയില്‍. കണ്ണന്‍ ഡ്രൈവറുടെ കൂടെ ഇരിക്കുന്നു.
അകന്നകന്നുപോകുന്ന ഓട്ടോ. അവര്‍ തിരിച്ച്‌ വീട്ടിലേക്ക്‌ നടക്കുന്നു.

14
പകല്‍. അവധി ദിവസം. അമ്മു, കണ്ണന്‍, വിഷ്ണു. മഞ്ചാടിക്കുരു പെറുക്കുന്നു.
കാടുപിടിച്ച്‌ കിടക്കുന്ന ഒരു കാവിന്റെ പരിസരത്താണവര്‍. പഴയ നായര്‍ തറവാടുകളിലെ
കാരണവന്മാരുടെ പ്രതിഷ്ഠയായി സങ്കല്‍പ്പിക്കുന്ന മൂന്നോ, അഞ്ചോ കല്ലുകള്‍. മൂന്ന്‌
പേരും വീട്ടിലിടുന്ന വസ്ര്തങ്ങളില്‍. മൂന്നു പേരുടെ കൈയ്യിലും ഓരോ പാട്ട (നിഡോ...
പോലെയുള്ള) ഉണ്ട്‌. മഞ്ചാടിക്കുരു ഓരോരോരുത്തരുടേയും പ്രൈവറ്റ്‌ സ്വത്താണ്‌.

അമ്മു: ഇത്‌ നിറയുമ്പോ ഞങ്ങളുടെ ചെടിത്തോട്ടത്തിലിടും. എന്നിട്ട്‌ അകലേന്ന്‌ നോക്കണം
എന്താ ഭംഗീന്നറിയോ. എം.എ ലാലീടെ വീട്ടില്‌ അങ്ങനെ ഇട്ടട്ട്ണ്ട്‌.

കണ്ണന്‍: ഞാനും ഇണ്ടാക്കും ചെടിത്തോട്ടം.

അമ്മു: അച്ചുമ്മാന്‍ ഇനി പോണില്ല്യാന്ന്‌ പറഞ്ഞതല്ലേ. പിന്നെന്തിനാപ്പോ പോണേ?

കണ്ണന്‍: പൊട്ടീ, ഞങ്ങടെ പെരപണി കഴിയണ്ടേ? അയിന്‌ ഇനീം കാശുണ്ടാക്കണം.

വിഷ്ണു: അപ്പോ പിന്നെന്തിനാ നിങ്ങള്‌ ഇപ്പോ വരാമ്പോയേ? പെരപണി കഴിഞ്ഞിട്ട്‌ വന്നാ
പോരാര്‍ന്നു?

കണ്ണന്‍: അച്‌'ന്റെ കമ്പനീല്‌ എല്ലാം അറബികള്യാക്കി..

അമ്മു: ഉന്തുറ്റാ കണ്ണേട്ടാ, അറബികള്‌?

കണ്ണന്‍: കുന്നിലെ പള്ളീല്‌ അച്ചനില്ലേ, അതു പോലത്തെ ഉടുപ്പിടണോരാ അറബികള്‌.
നിങ്ങക്ക്‌ അറബി അറിയോ?

അമ്മു: ഇല്ല്യാ, കണ്ണേട്ടനറിയോ?

കണ്ണന്‍: ഊം...

അമ്മു: ഒന്ന്‌ പറ, കേക്കട്ടെ.

കണ്ണന്‍: (ഭയങ്കര പത്രാസില്‍) കല്ലീ വല്ലീ......

വിഷ്ണു: അതുന്തുറ്റാ? കല്ലിവല്ലി?

കണ്ണന്‍: അതൊക്കെയുണ്ട്‌, കല്ലിവല്ലി.

അമ്മു: അച്ചുമ്മാന്‍ അമ്മായിയോട്‌ എപ്പളും പറയും, കല്ലിവല്ലീന്ന്‌. അതറബിയാ?

കണ്ണന്‍: (വിജ്ഞാന പ്രകടനത്തില്‍, തല പൊക്കി, പത്രാസില്‍) ഊം.

അമ്മു: കല്ലി വല്ലി

വിഷ്ണു: കല്ലി വല്ലി.
15
പകല്‍. മുറ്റം. വാസുവിന്റെ കാര്‍. മുത്ത'ന്‍, അച്‌'മ്മ, വാസു, കുട്ടികള്‍, മാണിക്യന്‍
(വെള്ള ഷര്‍ട്ടും മുണ്ടും) വിലാസിനി, വാസുവിന്റെ ഭാര്യ, നിര്‍മ്മലയുടെ അച്‌'ന്‍,
പിന്നെ അയല്‍ക്കാരായി നാലോ അഞ്ചോ പേരും. ഒരു സ്യൂട്ട്‌ കേസുമായി ഇറങ്ങി വരുന്നു
അച്ചു. അല്‍പം കലങ്ങിയ കണ്ണുകളുമായി നിമ്മി നൈറ്റിയില്‍.
അച്ചു ഓരോരുത്തരോടായി യാത്ര ചോദിക്കുന്നു. മാണിക്യന്‍ ആദ്യം കയറുന്നു ബാക്ക്‌
സീറ്റില്‍. അച്ചു മുന്‍പില്‍ കയറുന്നു. അടുത്ത്‌ വന്ന കണ്ണനോട്‌: കണ്ണാ, കുറുമ്പ്‌
കാട്ടരുത്‌, അമ്മ പറേണതൊക്കെ കേക്കണം.

കണ്ണന്‍ തലയാട്ടുന്നു. അച്ചുവിന്റെ ഭാര്യയോടുള്ള മൌനമായ യാത്ര ചോദിക്കല്‍. കാര്‍ പടി
കടന്ന്‌ നിരത്തിലേക്ക്‌....

16

രാത്രി. ഉറങ്ങാന്‍ കിടക്കുന്ന നിമ്മിയും കണ്ണനും. രണ്ടുപേരും ഉറങ്ങിയിട്ടില്ല.

കണ്ണന്‍: അമ്മേ, അമ്മൂം, വിഷ്ണൂം എന്താ ആരേം അങ്കിള്‍ന്നും ആന്റീന്നും
വിളിക്ക്യാത്തേ? സിന്ധുവാന്റ്യേ, സിന്ധു ചേച്ചീന്ന്‌ വിളിക്കണംന്നാ മുത്തച്‌'ന്‍
പറേണേ......

നിമ്മി: സിന്ധുവാന്റി നല്ലോണം പഠിപ്പിക്കുന്നുണ്ടോ?

കണ്ണന്‍: ഊം. ഹോംവര്‍ക്കൊക്കെ ചെയ്യാണ്ട്‌ വിടില്ല.

നിശബ്ദത.

കണ്ണന്‍: അമ്മേ, അച്‌'ന്‍ ഇന്ന്‌ അവിടെത്ത്യാ എവിട്യാ കിടക്കാ?

നിമ്മി: ജോസങ്കളിള്‌ റൂമ്‌ ശരിയാക്കിവച്ചിട്ടുണ്ട്‌.

കണ്ണന്‍: അച്‌'ന്‍ ഇനി എവിട്യാ ജോലിക്ക്‌ പൂവാ?

നിമ്മി: മോന്‍ അമ്പലത്തില്‍ പോവുമ്പോ പ്രാര്‍ത്ഥിക്ക്‌, അച്‌'ന്‌ നല്ല ജോലി കിട്ടാന്‍.

കണ്ണന്‍ കണ്ണടച്ച്‌ കിടക്കുന്നു. കണ്ണന്റെ തുടയില്‍ താളം പിടിക്കുന്ന നിമ്മി.

17

വൈകീട്ട്‌ അഞ്ചു മണിസമയം. (നൈറ്റി അല്ലെങ്കില്‍ വീട്ടുവേഷം) പടി കടന്ന്‌ വരുന്ന
നിമ്മി. നടത്തം വേഗത്തിലാണ്‌. അകലേ നിന്നേ, കണ്ണാ, എടാ എന്ന്‌ വിളിക്കുന്നു.
വേലിയില്‍ നിന്ന്‌ ഒരു ചെറിയ വടി ഒടിക്കുന്നു. കണ്ണന്‍ വിളി കേട്ട്‌ പുറത്തേക്ക്‌
വരുന്നു.

നിമ്മി: എന്തടാ ഇന്ന്‌ സ്കൂളിലുണ്ടായേ?

കണ്ണന്‍ പകച്ചു നോക്കുന്നു.

നിമ്മി തുടയില്‍ വടി കൊണ്ട്‌ രണ്ടെണ്ണം പൊട്ടിക്കുന്നു. അടി കൊണ്ട്‌ ഉറക്കെ കരയുന്ന
കണ്ണന്‍.

കരച്ചില്‍ കേട്ട്‌ ഓടി വരുന്ന അച്‌'മ്മ.

അച്‌'മ്മ: എന്താ? എന്താ? എന്തിനാ നിമ്മ്യേ അതിനെ തല്ല്യേ?

നിമ്മി: ചോദിച്ച്‌ നോക്ക്യോ.... അവന്‍ മുട്ടേന്ന്‌ വിരിഞ്ഞില്ല, സ്കൂളീന്ന്‌ പോയി
അപ്പുറത്തെ വളപ്പിലെ മാവേക്കേറി മാങ്ങ പൊട്ടിച്ചു. കൂട്ടിന്‌ അവനും. വിഷ്ണ്വേ. ഹെഡ്‌
മാഷിന്റേന്ന്‌ പെടേം വാങ്ങി.. അസത്ത്‌.. (പിന്നേയും അടിക്കുന്നു. കണ്ണന്റെ കരച്ചില്‍
ഉച്ചത്തിലാവുന്നു. അച്‌'മ്മ കണ്ണനെ കെട്ടിപിടിക്കുന്നു, അടിയില്‍ നിന്ന്‌
രക്ഷിക്കാനെന്ന വണ്ണം.)

അച്‌'മ്മ: എന്റെ മോന്‍ ആരാന്റെ മൊതല്‌ കക്കില്ല. നിമ്മ്യോടീത്‌ ആരാ പറഞ്ഞേ?

അച്‌'മ്മയെ കെട്ടിപ്പിച്ചുകൊണ്ട്‌ കണ്ണന്‍ കരച്ചിലിനിടെ ഉറക്കെ: അച്‌'നാ പറഞ്ഞേ
എന്നെ ചേര്‍ക്കാന്‍ കൊണ്ടോയപ്പോ, അച്‌'ന്‍ ആ മാവേന്ന്‌ മാങ്ങ കട്ടു തിന്നാറുണ്ടെന്ന്‌.

നിമ്മി: ഇവിടെ ഈ ചെക്കന്‍ പഠിച്ചാ, തല തിരിഞ്ഞു പോവും. സംശയിക്കേണ്ടാ.

കരയുന്ന കണ്ണന്റെ മുഖം.

18

മറ്റൊരവധി ദിവസം. പകല്‍. ചാഞ്ഞു കിടക്കുന്ന ഒരു തെങ്ങിന്മേല്‍ ചാരിനിന്നുകൊണ്ട്‌
തെങ്ങോലകൊണ്ട്‌ പന്തു നെയ്യുന്ന വിഷ്ണു. അടുത്ത്‌ അത്‌ നോക്കി മറ്റൊരു
പന്തുണ്ടാക്കാനുള്ള ശ്രമത്തില്‍ കണ്ണന്‍. അപ്പോള്‍ അവിടെ ഓടിയെത്തുന്ന അമ്മു.

അമ്മു ചെറിയ കിതപ്പോടെ (പറമ്പിന്റെ ഒരു ഭാഗത്തേക്ക്‌ ചൂണ്ടി): അതേ, അവ്ടെ..

കണ്ണന്‍ (ഇടയ്ക്ക്‌ കയറി): നീ മിണ്ടണ്ട. മാങ്ങ പൊട്ടിച്ചത്‌ അമ്മ്യോട്‌ ചെന്ന്‌
പറഞ്ഞില്ലേ. ഇനി എന്നോട്‌ മിണ്ടണ്ട.

(അമ്മു മുഖം വീര്‍പ്പിക്കുന്നു)

വിഷ്ണു: ഇവള്‍ ഭയങ്കര ഏഷണിയാ. എന്നും എന്നെ തല്ലുകൊള്ളിപ്പിക്കും അമ്മേടേന്നും അച്‌'ന്റേന്നും.
നമ്മടേന്ന്‌ മാങ്ങേം വാങ്ങിത്തിന്നട്ടാ പോയി ഏഷണിവച്ചത്‌. നുണച്ചിപ്പാറു. തടിച്ചി.


(വിഷ്ണു അവളുടെ ചെവിയില്‍ തിരുമ്മുന്നു. കണ്ണന്‍ തലയ്ക്കിട്ട്‌ ഒന്ന്‌ കിഴുക്കുന്നു.)
അമ്മു കരയുന്നു, കരച്ചിലിനിടെ: ഞാമ്പറയില്ല. ഞാനൊരുക്കൂട്ടം പറയാന്‍ വന്നതാ. (വീണ്ടും
കരയുന്നു.)

(അകലെ പശുവിനെ അഴിച്ച്‌ കെട്ടുന്ന മാണിക്യന്‍ ഉറക്കെ): ആരടാ അമ്മുക്കുട്ട്യമ്മെ
തല്ലീത്‌?

വിഷ്ണു: പോടീ. ഞങ്ങടെ കൂട്ടത്തില്‍ കൂടണ്ടാ.

അമ്മു: (കരച്ചില്‍ നിര്‍ത്തി, ദേഷ്യത്തില്‍) ഞാന്‍ കുരുവീടെ മുട്ട കണ്ടല്ലോ.
പറയില്ല എവ്ട്യാന്ന്‌. മക്കള്‌ കാണണ്ടാ.

പെട്ടന്ന്‌ വന്ന അമിത താല്‍പര്യത്തോടെ വിഷ്ണു: എവടെ.

(അമ്മു മും വീര്‍പ്പിച്ച്‌ നില്‍ക്കുന്നു) കണ്ണന്‍: എവ്ട്യാ അമ്മൂ... (അമ്മു കുറേ
ദൂരെ മാറി നില്‍ക്കുന്ന ചെറിയ ഒട്ടുമാവിലേക്ക്‌ നോക്കിക്കൊണ്ട്‌): ഞാന്‍ പറയില്ല.
അങ്ങനെപ്പോ കാണണ്ടാ മക്കള്‌.

(അമ്മുവിന്റെ നോട്ടം പോയ ഒട്ടുമാവിലേക്ക്‌ പായുന്ന വിഷ്ണു): കണ്ണാ, വാടാ, മനസിലായെടാ...

കണ്ണന്‍ പിന്നാലെ ഓടുന്നു. അമ്മുവും.

19

വളരെ പൊക്കം കുറഞ്ഞ ഒരു ഒട്ടുമാവ്‌. ഇലകള്‍ക്കിടയില്‍ ഒരു കിളിക്കൂട്‌. മൂന്നോ നാലോ
മുട്ടകള്‍. അവയിലേക്ക്‌ സാകൂതം നോക്കുന്ന കുട്ടികള്‍. ആ കാഴ്ച എന്തൊക്കെയോ അഹ്ലാദം
ധ്വനിപ്പിക്കുന്ന കണ്ണന്റെ മും. കണ്ണന്‍ കൈ നീട്ടി മുട്ട എടുക്കാന്‍ ശ്രമിക്കുന്നു.

അമ്മു: കണ്ണേട്ടാ, തൊടല്ലേ... തൊട്ടാപിന്നെ കുരുവി ഈ കൂട്ടില്‍ കേറില്ല.

കണ്ണന്‍: നിനക്കല്ലേ, വിവരം, കുരുവി കൂട്ടില്‍ കേറില്ലാന്ന്‌.

വിഷ്ണു: (ഒരു വിജ്ഞാനിയുടെ ഭാവത്തില്‍): നമ്മള്‌ തൊട്ടാലേ, കുരുവിക്ക്‌ മനുഷന്റെ മണം
കിട്ടും. പിന്നെ അത്‌ ഇവിടെ വരില്ല.

കണ്ണന്‍: അതിന്‌ കുരുവിക്ക്‌ മൂക്കുണ്ടോ?

അമ്മു: മൂക്കില്ല, ന്നാലും നമ്മുടെ മണം അതിന്‌ കിട്ടും.

കണ്ണന്‍: നമുക്കും അങ്ങനെ മണമുണ്ടോ? (സ്വന്തം കൈത്തണ്ട മണക്കുന്നു., മറ്റു രണ്ടുപേരും
അതുപോലെ ചെയ്യുന്നു. മണം പിടിക്കുന്ന കണ്ണന്റെ മുഖം)

20

സ്കൂള്‍വിട്ടുവരുന്ന കണ്ണന്‍. മുറ്റത്ത്‌ വിരിച്ചിട്ടിരുന്ന കൊണ്ടാട്ടം പെറുക്കി
മാറ്റുകയായിരുന്ന നിമ്മി, ഓടിവന്ന്‌ കണ്ണനെ എടുക്കുന്നു. നിമ്മി അതീവസന്തോഷത്തില്‍.
വലുതായിപ്പോയി എന്ന ഭാവം ഉള്ളതുകൊണ്ട്‌ കുതറിയിറങ്ങുന്ന കണ്ണന്‍.

നിമ്മി: അച്‌'ന്‌ ജോലി കിട്ടീ കണ്ണാ. ഇപ്പോ വിളിച്ചു. ഇനീം വിളിക്കും രാത്രീല്‌.
മോനിന്ന്‌ നേരത്തെ ഒറങ്ങര്‌ത്ട്ടോ.

പൂമുത്തുനിന്ന്‌ അച്‌'മ്മ: ഞാമ്പറഞ്ഞില്ലേ നിമ്മീ, ഒരു കലശം നേര്‍ന്നാ മതീന്ന്‌.
ഇപ്പോ എന്തായി.

നിമ്മി: അമ്മേ, വേഗം തന്നെ ശങ്കരേട്ടനോട്‌ പറയണം. കലശം ഒട്ടും വൈകിക്കണ്ടാ.

(അകത്തേക്ക്‌ കേറിപോകുന്ന കണ്ണനും നിമ്മിയും, അച്‌'മ്മയും.)

21

അതേ യൂണിഫോമില്‍ ഊണുമേശയിലിരുന്ന്‌ ഉണക്കപുട്ട്‌ (രാവിലത്തെ ബാക്കി) തിന്നുന്ന
കണ്ണന്‍. അച്‌'മ്മ അവന്‌ ചായ കൊണ്ടുവയ്ക്കുന്നു.

കണ്ണന്‍: എന്തുറ്റാച്‌'മ്മേ കലശം?

അച്‌'മ്മ: മോന്‍ സന്ധ്യക്ക്‌ തൊഴാറില്ലേ, കാവില്‌? അതാരൊക്ക്യാന്നറിയോ?

കണ്ണന്‍: ഇല്ല്യ.

അച്‌'മ്മ: അതൊക്ക്യേ നമ്മടെ കാര്‍ന്നോന്മാരാ. നടുവില്‍ ഇരിക്കണ വല്ല്യ കല്ലില്ലേ?
അതാ മുത്തമ്മാന്‍. തെക്കേ അറ്റത്തിരിക്കണത്‌ ചെറിയമ്മാന്‍. എല്ലാം നമ്മടെ കാര്‍ന്നോന്മാരാ...

കണ്ണന്‍: എനിക്കവരെ കാണണം.

അച്‌'മ്മ: ഏയ്‌, കാണാന്‍ പറ്റില്ല.

കണ്ണന്‍: അവര്‍ക്ക്‌ വെശക്കില്ലേ, അച്‌'മ്മേ?

അച്ഛമ്മ: വെശ്ക്കും. അതിനാ നമ്മള്‍ കലശം നടത്തണത്‌. രണ്ടുകോഴീം, കള്ളും ചാരായോം...

കണ്ണന്‍: അവരൊക്കെ എപ്പളും അവ്ടെത്തന്നെ ഉണ്ടാവോ?

അച്‌'മ്മ: പിന്നില്ലാതെ. അവരാ ഈ പറമ്പിന്‌ കാവല്‌. അവ്ടെ വെളക്ക്‌ വക്കാന്‍ ഒരു
ദിവസം മൊടങ്ങ്യാണ്ട്ല്ലോ....

കണ്ണന്‍: അപ്പോ നമ്മടെ പെരപണി കഴിഞ്ഞാ നമ്മളൊക്കെ അങ്ങ്ട്‌ മാറില്ലേ, പിന്നാരാ എന്നും
വെളക്ക്‌ വക്ക്യാ?

അച്‌'മ്മ (വളരെ നേരിയ ഒരു നടുക്കം മുത്ത്‌): നിന്റെ അച്‌'നോട്‌ ഞാന്‍ പറയാത്ത
കൊഴപ്പാ? എനിക്കറിയില്ല്യാന്റെ മുത്തമ്മാ, കാര്‍ന്നോന്മാരേ.....

അവിടേക്ക്‌ വന്ന നിമ്മി: അച്ചുവേട്ടന്‌ ഇതൊക്കെ കളിയാണ്‌. ഇപ്പോ കലശം നടത്താന്‍
പോണൂന്ന്‌ കേട്ടാമതി, എന്നോട്‌ ചാടും.

(അച്ച്യുതന്റെ 'യുക്തിവാദ' നിലപാടുകളോര്‍ത്ത്‌ അല്‍പം ദീനമായ അച്‌'മ്മയുടെ മും)

22

പകല്‍. പാമ്പുംകാവ്‌.. ചുറ്റും നോക്കി അവിടേക്ക്‌ നടന്നടുക്കുന്ന അമ്മു. കള്ളത്തരം
ചെയ്യാന്‍ വരുന്നതിന്റെ മുഭാവം. ഒരു മരത്തിനു മറവില്‍ ഒളിച്ചുവച്ചിരിക്കുന്ന
മഞ്ചാടിപാത്രം എടുക്കുന്നു. അത്‌ കണ്ണന്റേതാണ്‌. അല്‍പം മാറി ഒളിച്ചുവച്ചിരിക്കുന്ന
സ്വന്തം പാട്ടയും അവള്‍ എടുക്കുന്നു. കണ്ണന്റെ പാട്ടയില്‍ നിന്ന്‌ ഒരു കൈകൊണ്ട്‌
മഞ്ചാടിക്കുരു വാരി അവളുടേതിലേക്ക്‌ മാറ്റുന്നു. ചുറ്റും നോക്കി പരിഭ്രമത്തോടെ.....
പെട്ടന്ന്‌ കേള്‍ക്കുന്ന ഒരലര്‍ച്ച; വിഷ്ണുവിന്റെ: കണ്ണാ, ഓടി വാടാ. പെരുങ്കള്ളിയെ
പിടിച്ചെടാ.... ഓടിവാടാ....

(ഒച്ചകേട്ട്‌ ഞെട്ടിത്തരിച്ചുപോകുന്ന അമ്മു, എന്തുചെയ്യണമെന്നറിയാതെ വിവശയാകുന്നു.)

ഓടി വന്ന കണ്ണന്‍: എടീ, പെരുങ്കള്ളീ...ണീയാണിത്‌ എന്നും എടുക്കുന്നതല്ലേടി.

വിഷ്ണു: മഞ്ചാടിക്കള്ളീ...മഞ്ചാടീക്കള്ളീ....

പാത്രം താഴെയിട്ട്‌ ഉറക്കെ കരയുന്ന അമ്മു. തിരിഞ്ഞ്‌ വീട്ടിലേക്ക്‌ നടക്കുന്നു.

പുറകെ വിഷ്ണു,കണ്ണന്മാരുടെ കോറസ്സ്‌: മഞ്ചാടിക്കള്ളി വരുന്നേ....മഞ്ചാടിക്കള്ളി
വരുന്നേ...

പടിക്കലേക്ക്‌ അപമാനത്താല്‍ കരഞ്ഞുകൊണ്ടുപോകുന്ന അമ്മുവിന്റെ പുറകേ തന്നെ അവര്‍:

മഞ്ചാടികട്ട കള്ളി വരുന്നേ.....മഞ്ചാടികട്ട കള്ളി വരുന്നേ.....

പുറത്തുനിന്ന്‌ പടികയറി വരുന്ന മുത്തച്‌'നോട്‌ അമ്മു കരഞ്ഞുകൊണ്ട്‌:

കള്ളീന്ന്‌ വിളിക്കുന്നു....(മുത്തച്‌'ന്‍ ഉടനടി നടപടി എടുക്കേണ്ടതിലേക്കായി അവള്‍
കരച്ചില്‍ കൂടുതല്‍ ഉറക്കെയാക്കി)

രണ്ടുകൈ കൊണ്ട്‌ കണ്ണന്റെയും വിഷ്ണുവിന്റെയും കൈമുട്ടിനു മുകളില്‍ ഷര്‍ട്ടുനുള്ളില്‍
കൈകയറ്റി പിച്ചുന്നു. പിച്ചലിന്റെ രൂക്ഷത രണ്ടുപേരുടേയും മുത്ത്‌.

മുത്തച്‌'ന്‍: ഇനി അവളെ കരയിപ്പിക്കരുത്‌ കേട്ട്രാ...

വീട്ടീലേക്ക്‌ നടന്നുപോകുന്ന മുത്തച്‌'ന്‍. പിച്ചിയതിന്റെ വേദനയില്‍ മും കോടിച്ച്‌
കൈ തിരുമ്മി അമ്മുവിനെ നോക്കുന്ന വിഷ്ണുവും കണ്ണനും. മും നിറയെ കണ്ണീരെങ്കിലും
വെളുക്കെ വിജയിയുടെ ചിരിയുമായി നില്‍ക്കുന്ന അമ്മുവിന്റെ മും.
23

നാളുകള്‍ക്ക്‌ ശേഷമുള്ള മറ്റൊരു പ്രഭാതം.

രാവിലെ സ്കൂളില്‍ പോകുന്ന കണ്ണനെ ഒരുക്കുന്ന നിമ്മി. പതിവില്ലാതെ കണ്ണ്‌
നിറഞ്ഞിട്ടാണ്‌ മുടി ചീകികൊടുക്കുന്നതും മറ്റും.

കണ്ണന്‍: അമ്മെന്തിനാ കരയണേ. ഞാന്‍ കുറുമ്പു കാട്ടില്ലാന്ന്‌ എന്തോരം പറഞ്ഞു.
മാങ്ങപൊട്ടിക്കില്ല. അമ്മൂനെ തല്ലൊോളിയ. ഒക്കെ ഞാനിന്നലെ സമ്മതിച്ചതല്ലേ?

നിമ്മി: മോനെ വേഗം കൊണ്ടൂവാംട്ടോ. അമ്മ എന്നും വിളിക്ക്യാംട്ടോ. ഒറ്റക്ക്‌ നിക്കാന്‍
മോന്‌ പേടീല്ല്യലോ?

കണ്ണന്‍: ഒറ്റക്കോ, ഇവ്ടെ എല്ലാരും ഇല്ല്യേ. അച്‌'മ്മേം മുത്തച്‌'നും വിഷ്ണൂം, അമ്മൂം,
മാണിക്യനും. അബുദാബീലല്ലേ ആരും ഇല്ല്യാത്തേ.

നിമ്മി: (കണ്ണന്റെ കവിളില്‍ ഉമ്മ വച്ചിട്ട്‌) സിന്ധുവാന്റീടടുത്ത്‌ മൊടങ്ങാണ്ട്‌
പോണം ട്യൂഷ്യന്‌. മോന്‍ വൈന്നേരം വരുമ്പളക്ക്യും അമ്മ പോവുംട്ടോ.

അച്ഛമ്മ കണ്ണന്റെ ചോറ്റുപാത്രം ബാഗില്‍ വച്ച്‌ ബാഗ്‌ കണ്ണന്റെ
തോളിലേക്കിട്ടുകൊടുക്കുന്നു.

കണ്ണന്‍: (നിമ്മിയെ കവിളില്‍ ഉമ്മ വച്ച്‌). ഞാന്‍ പഠിച്ചോളാം. റസിയാന്റ്യോട്‌ ഫോണ്‍
വിളിക്കാന്‍ പറയണം.

കൈയ്യില്‍ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ഒരു അഞ്ചിന്റെ നോട്ടെടുത്ത്‌ കണ്ണന്‌
കൊടുത്തിട്ട്‌: മോന്ന്നാള്‌ ലൂബിയ്ക്ക ഉപ്പിലിട്ടത്‌ വാങ്ങണമ്ന്ന്‌ പറഞ്ഞില്ലേ?
വാങ്ങിക്കോളൂട്ടോ.

കണ്ണന്‍ മുറ്റത്തേക്കിറങ്ങുന്നു. അടക്കാനാവാത്ത തേങ്ങലോടെ നോക്കി നില്‍ക്കുന്ന
നിമ്മി.

പുറകില്‍ വന്ന്‌ അച്ഛമ്മ: ഒന്ന്‌ കരയാണ്ടിരിക്ക്‌ നിമ്മീ. നിന്റെ കരച്ചില്‍ കേട്ട്‌
അവനും സങ്കടപ്പെട്ടാ പോണത്‌.

(കരയുന്ന നിമ്മിയുടെ മുഖം.)

24

നാളുകള്‍ക്ക്‌ ശേഷം മറ്റൊരു പ്രഭാതം

ഒരു കൈകൊണ്ട്‌ പുറകിലെന്തോ ഒളിപ്പിച്ച്‌ പിടിച്ച്‌ പടി കടന്ന്‌ മുറ്റത്തേക്കെത്തിയ
മാണിക്യന്‍.

മാണിക്യന്‍: കണ്ണങ്കുഞ്ഞേ (ഉച്ചത്തില്‍).....പൂയ്‌, കണ്ണന്‍ മുതലാളീ....

ഓടി പുറത്ത്‌ വരുന്ന കണ്ണന്‍

മാണിക്യന്‍: ഒരു സാധനം കൊണ്ടുവന്നിട്ടുണ്ടല്ലോ.

കണ്ണന്‍: എവ്ടെ?, സാധനം.

മാണിക്യന്‍ നാടകീയമായി പുറകില്‍ നിന്ന്‌ ഒരു കൊച്ച്‌ കൈക്കോട്ട്‌ (തൂമ്പ) ശരിയായി
കണ്ണനുപയോഗിക്കാന്‍ പറ്റുന്നത്ര ചെറുത്‌ എടുത്ത്‌ കാണിക്കുന്നു.

കണ്ണന്‍: (വലിയ സന്തോഷത്തില്‍ നിലത്തുനിന്ന്‌ തുള്ളിച്ചാടി അതു വാങ്ങുന്നു)

മുറ്റത്ത്‌ അതുകൊണ്ട്‌ കിളയ്ക്കുന്നു.

അതുകണ്ട്‌ വന്ന വിലാസിനി:: കണ്ണാ മുറ്റം കൊത്തിപ്പൊളിക്കല്ലേ, മുത്തച്‌'ന്‍ എന്നെ
ചീത്ത പറയും.

കണ്ണന്‍, മാണിക്യനോട്‌: എനിക്ക്‌ വാഴ നട്ടുതരാമെന്ന്‌ പറഞ്ഞില്ലേ? ഇപ്പോ വേണം.

കണ്ണനുണ്ടാക്കിയ കുഴികള്‍ കാലുകൊണ്ട്‌ മൂടുന്ന വിലാസിനി.
25

പകല്‍. ഒരു കര്‍ഷകന്റെ ഭാവത്തില്‍, ഒരു പഴയ തോര്‍ത്ത്‌ ട്രൌസറിന്‌ മീതെ ചുറ്റിയ
കണ്ണനും, മാണിക്യനും. തയാറായ ഒരു വാഴക്കുഴിയില്‍ കണ്ണന്‍ ഏത്തവാഴക്കന്ന്‌ ഇറക്കി
വയ്ക്കുന്നു. കൈകൊണ്ട്‌ മണ്ണിട്ട്‌ അത്‌ ഉറപ്പിക്കുന്നു.

മാണിക്യന്‍: അബുദാബിലൊക്കെ വാഴേണ്ടോ കണ്ണാ?

കണ്ണന്‍: ഏയ്‌, അവ്ടെ പന മാത്രംണ്ട്‌. പക്ഷേ ഞാന്‍ വാഴൊക്കെ കണ്ടട്ട്ണ്ട്ട്ടാ.
ജോസങ്കിളിന്റെ കല്ല്യാണ കാസറ്റില്‌ അങ്കിളും ആന്റീം വാഴക്കെടേക്കോടെ നടക്കണ
കണ്ടട്ട്ണ്ട്‌.

മാണിക്യന്‍: ഇനി ഇതിന്‌ എന്നും ഒരു കുടം വെള്ളം കൊണ്ട്‌ ഒഴിക്കണം. മറ്റാരും ഇതില്‌
തൊടാന്‍ സമ്മതിക്കരുത്‌. (ചുറ്റും നോക്കിയിട്ട്‌) ആ വിലാസിനിയെ കൊണ്ട്‌ എന്നും ഒരു
കുടം വെള്ളം ഇവിടെ വരുത്തിക്കണം. കണ്ണങ്കുട്ടി തന്നെ ഒഴിച്ചാമതി. വിലാസിനി കുത്തി
ഒഴിച്ച്‌ കന്നിനെ പുറത്തുചാടിക്കും. പുതിയ ഇല വന്നോന്ന്‌ കാലത്തന്നെ വന്ന്‌ നോക്കണം.
പൈക്കള്‍ ഇല കടിക്കാതെ നോക്കണം.

കണ്ണന്‍: ഇതില്‌ എന്നാ പഴം ഉണ്ടാവാ?

മാണിക്യന്‍: അത്‌ വലുതായി വലുതായി നമ്മളേക്കാള്‍ പൊക്കം വയ്ക്കണം.

പക്ഷേ, കൂമ്പെടഞ്ഞാണ്ടല്ലോ. ഒക്കെപ്പോയി.

കണ്ണന്‍: കൂമ്പെടയേ? അതെന്തുറ്റാ?

മാണിക്യന്‍: ചെലപ്പോ, അതിന്റെ കൂമ്പ്‌ കളറ്‌ മാറി വരും. എന്നാപിന്നെ പോയിക്കാര്യം.
വെട്ടിക്കളയന്നെ.

കണ്ണന്‍: അശ്ശോ! എന്നും വെള്ളൊഴിച്ചാ കൂമ്പെടയില്ലാല്ലോ?

മാണിക്യന്‍: നമുക്ക്‌ നോക്കാം. അവന്‍ വലുതാവട്ടെ. നമുക്കിവന്റെ കൊല വെട്ടി
ലോനാപ്ലേടെ കാളവണ്ടീല്‌ വച്ച്‌ ചന്തയ്ക്ക്‌ കൊണ്ടോണം. ചന്തേല്‍ട്ട്‌ വിറ്റാ പിന്നെ
ഈ കണ്ണന്‍ കണ്ണന്ന്ന്‌ പറഞ്ഞാ ആരാപ്പാ? മൊതലാള്യായില്ലേ മൊതലാളി. (മാണിക്യന്‍
തലേക്കെട്ടഴിച്ച്‌ മും തുടയ്ക്കുന്നു. അതനുകരിച്ച്‌ കണ്ണനും ഉടുത്തിരുന്ന തോര്‍ത്തഴിച്ച്‌
മുഖം തുടയ്ക്കുന്നു. വലിയ കര്‍ഷകനായ ഭാവം മുത്ത്‌)

26

പടിക്കല്‍ നിന്ന്‌ കാണുന്ന വീടിന്റെ ഫുള്‍വ്യൂ. സ്കൂള്‍ ബാഗുമായി പടികടന്ന്‌
വീട്ടിലേക്ക്‌ ഓടിവരുന്ന കണ്ണന്‍. സ്കൂള്‍ വിട്ട്‌ വരുന്ന കണ്ണന്‍. മുറ്റത്ത്‌
കാണുന്ന അല്‍പം പഴകിയ പൂത്തറയില്‍ നിന്ന്‌ ഓണം കഴിഞ്ഞു എന്ന്‌ മനസിലാകണം. പടിക്കല്‍
നിന്നേ അച്‌'മ്മേ, മുത്തച്‌'ാ‍....എന്ന്‌ ആര്‍ത്തുവിളിച്ചാണ്‌ വരവ്‌.

ബദ്ധപ്പെട്ട്‌ പുറത്തേക്കിറങ്ങുന്ന അച്‌'മ്മ. ചാരുകസേലയില്‍ കിടന്ന്‌ തിണ്ണയില്‍
വച്ച ചെറിയ ഉരലില്‍ മുറുക്കാന്‍ ഇടിച്ചുതുടങ്ങുന്ന മുത്തച്‌'ന്‍.

അച്ഛമ്മ: എന്താ, കണ്ണാ, ഇത്രസന്തോഷം?

കണ്ണന്‍: (വലിയ അഹ്ലാദം, കിതപ്പ്‌) പ്രോഗ്രസ്സ്‌ കാര്‍ഡ്‌ കിട്ടി. എനിക്ക്‌ ഫസ്റ്റ്‌.
(ബദ്ധപ്പെട്ട്‌ ഒരു പുസ്തകത്തിന്റെ ഉള്ളില്‍ നിന്നും പ്രോഗ്രസ്സ്‌ കാര്‍ഡ്‌
ശ്രദ്ധയോടെ എടുക്കുന്നു.) മുത്തച്‌'ന്റെ സിഗ്നേച്ച്വര്‍ വേണം.

അച്ഛമ്മ: അതെന്ത്‌ സാധനമാ?

കണ്ണന്‍: അച്‌'മ്മേ, കയ്യില്‍ കരി വച്ച്‌ അത്‌ തൊടരുത്‌.

മുത്തച്ഛന്‍: കണ്ണാ, നിന്റെ അച്‌'മ്മ്ണ്ടലോ, രണ്ടാം ക്ലാസില്‍ എഴുത്താശ്ശാനെ
കൊഞ്ഞനം കുത്തി എണിറ്റോടിയതാ. ഹ ഹ ഹ ഹ.

കണ്ണന്‍: (മുത്തച്‌'നെ അനുകരിച്ച്‌) ഹ ഹ ഹ ഹ

അച്ഛമ്മ: (ചിരിച്ചുകൊണ്ട്‌): എന്നിട്ടും എന്തിനാ അച്‌'മ്മേ കല്യാണം കഴിച്ചേന്ന്‌
ചോദിക്ക്‌ കണ്ണാ.

(ഇതിനിടയില്‍ കണ്ണട ഫിറ്റ്‌ ചെയ്ത്‌ മുത്തച്‌'ന്‍ പ്രോഗ്രസ്സ്കാര്‍ഡ്‌ സശ്രദ്ധം
പരിശോധിക്കുന്നു.) മുത്തച്‌'ന്‍ ഇടിക്കാനുള്ള ഉരലിലിട്ട്‌ വച്ചിരുന്ന മുറുക്കാന്‍
ഇടിക്കുന്ന കണ്ണന്‍. ചതഞ്ഞ്‌ അരയുന്ന മുറുക്കാന്‍)
27
പൂമുഖം. സന്ധ്യാസമയം. കൂട്ടിയിട്ടിരിക്കുന്ന പച്ച പയര്‍ നന്നാക്കിയിരിക്കുന്ന അച്‌'മ്മ.
അടുത്ത്‌ തിണ്ണയില്‍ കണ്ണന്‍, വിഷ്ണു, മുത്തച്‌'ന്‍ പതിവു ചാരുകസേരയില്‍. അമ്മു അച്‌'മ്മയുടെ
അടുത്തിരുന്ന്‌ പയര്‍ നന്നാക്കുന്നു.

അച്‌'മ്മ: അമ്മേടേം അച്‌'ന്റേം കൂടെ പോവാര്‍ന്നില്ലേ വിഷ്ണൂ.

വിഷ്ണു: പോവാണ്ടാ? കൊണ്ടോവാണ്ടല്ലേ.

കണ്ണന്‍: ഞാന്‍ ആദ്യായ്ട്ടാ കല്യാണം കാണാന്‍ പോണത്‌. നാളെ.

അമ്മു: അയ്യേ! അബുദാബീല്‌ കല്യാണംണ്ടാവില്ലേ?

കണ്ണന്‍: കല്യാണംണ്ടാവും. കാസറ്റില്‌. റസീയാന്റീടെ കല്യാണം കണ്ടട്ട്ണ്ട്‌.

(കണ്ണട വച്ച്‌, കണ്ണിന്റെ അടുത്തേക്ക്‌ കൊണ്ടുപോയി എന്തോ പഴയ ആധാരം ശ്രദ്ധിക്കുന്ന
മുത്തച്‌'ന്‍)

അമ്മു: അവടെ ആരാ കണ്ണേട്ടന്‌ കളിക്കാന്‍ കൂട്ട്‌?, അബുദാബീല്‌?

കണ്ണന്‍: കളിക്കാനോ? ഞങ്ങടെ ഫ്ലേറ്റെന്ന്‌ പൊറത്തെറങ്ങാന്‍ അമ്മ സമ്മതിക്കേണ്ടേ? (അല്‍പം
ആലോചിച്ച്‌, മുത്ത്‌ ചെറിയ ഉത്സാഹത്തോടെ) കളിക്കാന്‍ പിന്നെ റസിയാന്റീ വരും. ചെസ്‌
കളിച്ചാല്‍ റസിയാന്റി തോറ്റ്‌ തൊപ്പിയിടും. കാരംസ്‌ എപ്പളും ഞാന്‍ തോല്‍ക്കും. (അല്‍പം
കഴിഞ്ഞ്‌) ഒരൂസം അമ്മ ജോലി കഴിഞ്ഞ്‌ വന്നപ്പോ ഞാനും ആന്റീം കാരംസ്‌ കളിക്കാര്‍ന്നുട്ടോ.
അങ്കിള്‌ കെടന്നൊറങ്ങാര്‍ന്നു. ഉറങ്ങണോരെ ശല്യപ്പെട്ത്തോടാന്നും പറഞ്ഞ്‌ അമ്മ എന്നെ
തല്ലിക്കൊന്നു. ഇനി അങ്കിളിന്റേം ആന്റീടേം റൂമ്യേ കേറ്യാ കൊല്ലുംന്നും പറഞ്ഞു.

വിഷ്ണു: റസിയാന്റ്യെന്തിനാ നിങ്ങടെ വീട്ടീല്‌ താമസിക്കണേ?

കണ്ണന്‍: പൊട്ടാ, അത്‌ അങ്കിളിന്റെ ഫ്ലാറ്റാ. ഞങ്ങളേ ഷെയറിംഗ്‌ അക്കോമഡേഷനാ.

അമ്മുവും വിഷ്ണുവും അച്‌'മ്മയും എന്തോ മനസിലാവാത്തതുപോലെ പരസ്പരം നോക്കുന്നു.

(ഷെയറിംഗ്‌ അക്കോമഡേഷന്റെ അര്‍ത്ഥമറിയുന്ന ഏകജീവിയായ മുത്തച്‌'ന്‍ കണ്ണനെ സാകൂതം
നോക്കുന്നു.)

മുത്തച്‌'ന്‍: അപ്പോ അടുക്കള എത്രണ്ണംണ്ട്‌ കണ്ണാ.

കണ്ണന്‍: അയ്യോ, മുത്തച്‌'ാ‍ അടുക്കള ഒന്ന്‌. പക്ഷേ രണ്ട്‌ ഫ്രിഡ്ജും, രണ്ട്‌
ഗ്യാസടുപ്പുംണ്ട്‌.

അച്‌'മ്മ: കണ്ണന്‍ ഇവ്ടത്തെപ്പോലെ എന്താ സ്കൂളില്‌ കൊണ്ടുവാ? ചോറോ?

കണ്ണന്‍: അയ്യോ, ഈ അച്‌'മ്മേടെ ഒരു കാര്യം. (അല്‍പം മുന്നോട്ടാഞ്ഞ്‌) അതേ ഇവടത്തെ
മാതിര്യേ നാലുമണി വര്യൊന്നും അല്ല അവടെ. രണ്ടുമണിക്ക്‌ സ്കൂള്‌ വിടും.

അച്‌'മ്മ: അപ്പോ കണ്ണന്‍ എന്നും രണ്ടുമണി കഴിഞ്ഞാ ഊണ്‌ കഴിക്ക്യാ? ശിവ ശിവ! ആരാ
വെളമ്പിത്തരാ? അച്‌'നുമ്മ്യേം വൈന്നേരല്ലേ വരോള്ളൂ?

കണ്ണന്‍: അച്‌'മ്മേ, ഞാന്‍ തന്നെ കൂട്ടാന്‍ ചൂടാക്കും. ഫ്രൈ പാന്‌ല്‍ട്ട്‌.
റസിയാന്റി എപ്പളും ഒറക്കായിരിക്കും. അങ്ക്‌ള്‌ പറയണതേ, റസിയാന്റീടെ ഹോബി ഒറക്കാന്നാ.
ഒറക്കല്ലെങ്കീ റസിയാന്റി വെളമ്പിത്തരുംട്ടാ.

അമ്മു: എന്തിനാ കൂട്ടാന്‍ ചൂടാക്കണേ?

കണ്ണന്‍: ഈ അമ്മുവിന്റെ ഒരു കാര്യം. അവടേ ഇവ്ടത്തെപ്പോലെ എന്നും കൂട്ടാന്‍
വയ്ക്കില്ല. മൂന്നുദിവസത്തക്കുള്ള കൂട്ടാന്‍ ഇന്നുണ്ടാക്കും അമ്മ. എന്നട്ടത്ട്ത്ത്‌
ഫ്രിഡ്ജില്‌ വെക്കും. അമ്മക്ക്‌ എന്നും ചിക്കന്‍ മാത്രം വക്കാനേ അറിയൂ. എനിക്കും അച്‌'നും
ദേഷ്യം വരും, ചിക്കന്‍ തിന്ന്‌ തിന്ന്‌.

വിഷ്ണു: ചിക്കന്‍ തിന്നട്ട്‌ ദേഷ്യം വരേ? ഞങ്ങടോടെ ശങ്കരാന്ത്യാവണം ചിക്കന്‍
ഉണ്ടാവാന്‍.

അമ്മു: അല്ലെങ്കീ ഇവടെ കലശം ഉണ്ടാവണം.

കണ്ണന്‍: ഇവര്‍ക്ക്‌ വിവരല്ല്യ മുത്തച്‌'ാ‍. ലോകത്തെ ഏറ്റവും സ്വാദില്ലാത്തതാ
ചിക്കന്‍.

അമ്മു: പിന്നെ കണ്ണേട്ടനല്ലേ വിവരം, ലോകത്തെ ഏറ്റവും സ്വാദുള്ളത്‌ പിന്നേതാ, ഒന്നു
പറ.

കണ്ണന്‍: (അച്‌'മ്മയുടെ അടുത്തിരുന്ന്‌ നെഞ്ചിലേക്ക്‌ ചാരി):

എന്റച്‌'മ്മ ഇണ്ടാക്കിത്തരണ വഴുതനങ്ങ ചുട്ട ചമ്മന്തി.

(കണ്ണനെ തന്നെ സാകൂതം നോക്കിയിരുന്നിരുന്ന മുത്തച്‌'ന്‍ ചിന്താ ഭാരത്തോടെ കണ്ണട
വീണ്ടും മുത്ത്‌ വച്ച്‌ ആധാരപരിശോധന തുടരുന്നു. -പാവം കണ്ണന്റെ കുട്ടിക്കാലത്തിന്‌
നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ മുത്തച്‌'ന്റെ നെടുവീര്‍പ്പില്‍ നിന്ന്‌ മനസിലാകണം.)
28
രാവിലെ എഴുന്നേറ്റ്‌ നേരെ തന്റെ വാഴയുടെ അടുത്തേക്ക്‌ പോകുന്ന കണ്ണന്‍. ബ്രഷു കൊണ്ട്‌
പല്ലുതേച്ചാണ്‌ നടപ്പ്‌. ബ്രഷ്‌ വായില്‍ വച്ച്‌ ഏകദേശം തന്റെ പൊക്കമായ വാഴയുടെ
കൂമ്പ്‌ കൈകൊണ്ട്‌ തൊട്ട്‌ പരിശോധിക്കുന്നു. ഒരു കുടം വെള്ളവുമായി വരുന്ന വിലാസിനി..
കണ്ണന്‍ വാഴയുടെ കടക്കലേക്ക്‌ പേസ്റ്റ്‌ തുപ്പിക്കളഞ്ഞ്‌ വായും മുവും തടത്തിലേക്ക്‌
കഴുകുന്നു. ബാക്കിവന്ന വെള്ളം ശ്രദ്ധയോടെ തടത്തിലൊഴിച്ച്‌ കുടവുമെടുത്ത്‌
വീട്ടിലേക്ക്‌ മടങ്ങുന്നു.
29
പടിക്കല്‍ നില്‍ക്കുന്ന കണ്ണന്‍, വിഷ്ണു, അമ്മു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ
ജാഥ. താല്‍പര്യത്തോടെ നോക്കിനില്‍ക്കുന്ന കണ്ണന്‍.
30
സ്കൂള്‍ വിട്ട്‌ പടികടന്ന്‌ വരുന്ന കണ്ണന്‍. ഓടി കിതച്ചാണ്‌ വരുന്നത്‌.

കണ്ണന്‍: (ഉറക്കേ) അച്‌'മ്മേ....സ്കൂള്‌ പൂട്ടി..... ഹ ഹ ഹ.

(അപ്പോഴേക്കും ഡ്രസ്സ്‌ മാറി ഓടിയെത്തികഴിഞ്ഞു വിഷ്ണു. കയ്യില്‍ ഒരു
വെട്ടുകത്തിയുമുണ്ട്‌. അതു കണ്ട്‌ ഷര്‍ട്ടൂരിയെറിഞ്ഞ്‌ വിഷ്ണുവിന്റെ കൂടെ പറമ്പിന്റെ
അതിര്‍ത്തിയിലേക്ക്‌ വേഗത്തില്‍ നടക്കുന്ന കണ്ണന്‍. -എന്തോ മുന്‍കൂട്ടി തയ്യാര്‍
ചെയ്ത പ്രവര്‍ത്തി നടത്താന്‍ പോകുന്ന പോക്കാണ്‌)

പുറകില്‍ അച്‌'മ്മയുടെ ശബ്ദം: കണ്ണാ, വന്ന്‌ ചായ കുടിച്ചിട്ട്‌ പോ. (ആത്മഗതം)
ചെക്കന്‍ ക്ഷീണിച്ചുപോയാ ഞാനെന്തു പറയും അതിന്റെ തന്ത്യോടും തള്ള്യോടും.....
31

വിഷണ്ണനായി പറമ്പില്‍ ഒരുതെങ്ങും ചാരി തന്റെ വാഴയെ നോക്കുന്ന കണ്ണന്‍. കണ്ണനെ
അന്വേഷിച്ച്‌ അവിടെ ഓടി എത്തുന്ന വിഷ്ണുവും അമ്മുവും.

അമ്മു: കണ്ണേട്ടന്‍ പൂവ്വാ, അബുദാബിക്ക്‌?

വിഷ്ണു: അമ്മ പറഞ്ഞു. കണ്ണന്‍ അങ്ങട്‌ പൂവാന്ന്‌.

കണ്ണന്‍: ഞാന്‍ ഒരു തേങ്ങയിലും പൂവില്ല. നോക്കിക്കോ.

അമ്മു: അമ്മ പറഞ്ഞു, കണ്ണേട്ടന്‍ ഏഴാം ക്ലാസില്‌ അവടെത്തന്ന്യാ ചേരാന്ന്‌. പണ്ടു
പഠിച്ച സ്കൂളില്‌ തന്നെ.

കണ്ണന്‍: നിന്റമ്മ്യാ തീരുമാനിക്കണേ, ഞാനെവിട്യാ പൂവാന്ന്‌? (പെട്ടന്ന്‌ വാഴയുടെ
കൂമ്പിലേക്ക്‌ നോക്കുന്നു. അതിനൊരു വിളറിച്ചയുണ്ട്‌. അതിനെ തൊട്ട്‌
പരിശോധിച്ചുകൊണ്ട്‌) ഇതിന്റെ കളറെന്താ മാറിപ്പോയേ? കൂമ്പടഞ്ഞതാവ്യോ?

വിഷ്ണു: മാണിക്യനെ വിളിച്ച്‌ കാട്ടിക്കൊടുക്ക്‌.

32
ഗഹനമായി വാഴയുടെ കൂമ്പ്‌ പരിശോധിക്കുന്ന മാണിക്യന്‍. ആകാംക്ഷയോടെ മാണിക്യന്റെ
അഭിപ്രായമറിയാന്‍ കണ്ണന്‍.

മാണിക്യന്‍: ലക്ഷണമത്ര ശരിയിയല്ല കണ്ണങ്കുട്ട്യേ. അടുത്ത കൂമ്പ്‌ പൊന്തട്ടെ.
ശരിയല്ലെങ്കില്‍ നമുക്കിവനെ വെട്ടിക്കളയണം.

ദു:ഖി‍തനായ കണ്ണന്റെ മുഖം ക്ലോസപ്പില്‍.
33
കുറേ നേരമായി നിര്‍ത്താതെ അടിക്കുന്ന ഫോണ്‍.

അച്‌'മ്മ: പോയി ഫോണെടുക്ക്‌ മോനേ... അമ്മയാ...

കണ്ണന്‍: ഞാനെവിടേക്കും പോവില്ല. എനിക്ക്‌ അമ്മേടെ വര്‍ത്താനോം കേക്കണ്ട.

ഫോണടി നിലയ്ക്കുന്നു.

അച്‌'മ്മ: കണ്ണാ, അനുസരണക്കേട്‌ കാട്ടല്ലേ. അച്‌'ന്റേം അമ്മേടേം അടുത്തക്കല്ലേ
പോണ്ടത്‌. അവ്ടെ പഴയ കൂട്ടുകാരൊക്കെ ഇല്ല്യേ.

കണ്ണന്‍: കൂട്ടുകാരോ? അവട്യോ? (അപ്പോഴേക്കും ഫോണ്‍ വീണ്ടും അടി തുടങ്ങുന്നു.)

പൂമുത്തുനിന്ന്‌ മുത്തച്‌'ന്റെ ഉറക്കെയുള്ള ശബ്ദം: ഇവിടാരുംല്ല്യേ.... പടിക്കേന്നേ
കേക്കണതാ അതിന്റെ മണിയടി.

കണ്ണന്‍: (തിടുക്കത്തില്‍ ചെന്ന്‌ ഫോണെടുക്കുന്നു) ഹലോ

(മറുതലക്കല്‍ നിമ്മിയുടെ സംസാരം)

നിമ്മി: കണ്ണാ, നീ എവിടെയാ തെണ്ടാന്‍ നടക്കുന്നേ. എപ്പോ വിളിച്ചാലും നിന്നെ
കിട്ടില്ലല്ലോ.

കണ്ണന്‍: ഞാന്‍ മിറ്റത്തായിരുന്നു.

നിമ്മി: എല്ലാം മുത്തച്‌'നോട്‌ പറഞ്ഞിട്ടുണ്ട്‌. ജോസങ്കിള്‍ ഈ മാസം അവസാനം വരും.
നിന്റെ വിസേം കൊണ്ട്‌.

കണ്ണന്‍: (പെട്ടന്ന്‌ കണ്ണുനിറഞ്ഞ്‌) അമ്മേ. ഞാന്‌വ്ടെത്തന്നെ നിന്നോളാമ്മേ. എനിക്ക്‌
ഫസ്റ്റ്‌ കിട്ടില്ല്യേമ്മേ. അവടെ എനിക്ക്‌ ബി ഗ്രേഡല്ലേ.

നിമ്മി: തോന്ന്യാസം പറയണ്ട. ഞാന്‍ പറയണ കേട്ടാമതി.

കണ്ണന്‍ ഫോണ്‍ ഒന്നും പറയാതെ താഴെ വയ്ക്കുന്നു.

ഫോണില്‍ നിന്നുള്ള നിമ്മിയുടെ വിളി: കണ്ണാ...ഃഅലോ..ഃഅലോ....
34

(നിറഞ്ഞ കണ്ണോടെ പൂമുത്ത്‌ മുത്തച്‌'ന്റെ അടുത്തേക്ക്‌ വരുന്ന കണ്ണന്‍.)

കണ്ണന്‍: മുത്തച്‌'ാ‍, അച്‌'നോട്‌ പറയണം ഞാന്‍ ഇവ്ടെത്തന്നെ നിന്ന്‌ പഠിച്ചോളാംന്ന്‌.
ഞാന്‍ നല്ലോണം പഠിക്കണില്ലേ മുത്തച്‌'ാ‍...

(അച്ഛമ്മയും പൂമുത്തെത്തുന്നു).

മുത്തച്ഛന്‍: കണ്ണാ, മോന്‍ നല്ല കുട്ട്യല്ലേ. നല്ല കുട്ട്യോളേ, അച്‌'ന്‍ പറേണത്‌
അനുസരിക്കണം.

കണ്ണന്‍: (ഇടയ്ക്ക്‌ കയറി) അച്‌'ന്‍ മുത്തച്‌'ന്റെ മോനല്ലേ. അപ്പോ മുത്തച്‌'ന്‍
പറഞ്ഞാ അച്‌'ന്‍ കേക്കണ്ടേ?

മുത്തച്ഛന്‍: (പെട്ടന്ന്‌ ഒരു ന്യായം കണ്ടെത്താനാവാതെ ചമ്മുന്ന മും)

(ഇതിനിടയില്‍ മുത്തച്‌'ന്റെ മുറുക്കാന്‍പാത്രത്തിനടുത്തിരിക്കുന്ന കിണ്ടിയില്‍
മുറ്റത്തുകൂടെ വന്ന്‌ വെള്ളം നിറച്ച്‌ തിരിച്ച്‌ പോകുന്ന വിലാസിനി)

അച്ഛമ്മ: നിങ്ങളവന്‍ വിളിക്കുമ്പോ ഒന്ന്‌ പറ മനുഷ്യനേ. (കണ്ണന്റെ തലയില്‍ തലോടി)
ന്റെ മോനെ ഞാന്‍ നോക്കിക്കൊള്ളാം.

മുത്തച്ഛന്‍: തള്ളേ, എല്ലാ മനുഷ്യര്‍ക്കും മക്കളെ കണ്ടോണ്ടിരിക്കണമെന്നാണ്ടാവാ. നീ
ഈ പടിക്കപ്പുറം ലോകം കണ്ടിട്ടുണ്ടോ കഴുത. ഹ ഹ ഹ ഹ (സാധാരണ അതിനെ അനുകരിച്ച്‌ അച്ഛമ്മയെ
കളിയാക്കാറുള്ള കണ്ണനെ നോക്കി മുത്തച്‌'ന്‍ പെട്ടന്ന്‌ ചിരി നിറുത്തുന്നു.) ഞാന്‍
പറഞ്ഞു നോക്കാം കണ്ണാ. അച്‌'ന്‍ വിളിക്കട്ടെ.

കണ്ണന്‍ കണ്ണു തുടക്കുന്നു. മുത്ത്‌ ആശ്വാസഭാവവും ചെറിയ പുഞ്ചിരിയും.
34a

അവിടെ നിന്ന്‌ മുറ്റത്തേക്കിറങ്ങിയ കണ്ണനെ പൂമുത്ത്‌ നിന്ന്‌ നോക്കിയാല്‍ കാണാന്‍
സാധിക്കാത്ത വിധത്തില്‍ നില്‍ക്കുന്ന വിലാസിനി ശൂ...ശൂ... എന്ന്‌ വിളിക്കുന്നു.
ചോദ്യഭാവത്തില്‍ വിലാസിനിയുടെ അടുത്തെത്തുന്ന കണ്ണന്‍.

വിലാസിനി: (ഒച്ച കുറച്ച്‌, കാവിലേക്ക്‌ ചൂണ്ടി) അവടെ പോയി കാര്‍ന്നോന്മാര്‍ക്ക്‌
നൂറ്‌ എണ്ണനേര്‍ന്നാമതി കണ്ണാ. എന്നെ എവ്ടേം വിടാന്‍ സമ്മതിക്കരുതെന്ന്‌ പറഞ്ഞാമതി.
പതുക്കെ പറഞ്ഞാമതി.

കണ്ണന്‍: (ഒച്ച കുറച്ച്‌) കാര്‍ന്നോന്മാര്‍ക്ക്‌ എന്തിനാ എണ്ണ?

വിലാസിനി: (തലയില്‍ കൈ വച്ച്‌, കുനിഞ്ഞ്‌ കണ്ണന്റെ ഏകദേശം ചെവിയിലായി) ശ്ശോ. കഴിഞ്ഞ
കൊല്ലേ എന്റെ (കഴുത്തിലെ മാല പൊക്കി കാട്ടിക്കൊടുത്ത്‌) ഈ മാല കാണാണ്ടായി. എവെടൊക്കെ
നോക്കിന്നറിയോ? അവസാനം കാവില്‌ പോയി നൂറ്‌ എണ്ണ്യാ നേര്‍ന്നു. പോയി നോക്കീപ്പോണ്ട്‌
കണ്ണാ, ദേ കെടക്കണു. കൊളത്തിന്റെ പടവില്‌. അപ്പോ ഓടിപ്പോയി. കൊച്ചപ്പന്റെ പീട്യേന്ന്‌,
നൂറെണ്ണ.

കണ്ണന്‍: (താല്‍പര്യത്തോടെ) എനിക്ക്‌ എണ്ണ വാങ്ങാന്‍ കാശില്ല.

വിലാസിനി: അതൊക്കെ ഞാന്‍ അച്‌'മ്മേടേന്ന്‌ വാങ്ങിത്തരാം. ഞാന്‍ പറഞ്ഞൂന്ന്‌
പറയല്ലേട്ടോ മുത്തച്‌'നോട്‌.

34b
(കാരണവന്മാരുടെ പ്രതിഷ്ഠകള്‍ക്കുമുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്ന കണ്ണന്‍.
ചുറ്റും നോക്കി ആരും ഇല്ല എന്ന്‌ ഉറപ്പുവരുത്തിയതിനുശേഷം.)

കണ്ണന്‍: (ഒച്ച കുറച്ച്‌) കാര്‍ന്നോന്മാരെ, മുത്തമ്മാ, എന്റെ വിസ ശരിയാവല്ലേ. എന്നാ
ഞാന്‍ കൊച്ചപ്പന്റെ പീട്യേന്ന്‌ നൂറെണ്ണ വാങ്ങികൊണ്ട്‌രാം.

(വീണ്ടും ചുറ്റും നോക്കുന്ന കണ്ണന്റെ മും)

35
പറമ്പ്‌. അകലെ വീട്ടില്‍ നിന്നും കേള്‍ക്കുന്ന ഫോണ്‍ ബെല്ലടി.
വാഴക്കൊടപ്പന്‍ തോട്ടികൊണ്ട്‌ പൊട്ടിച്ചിടുന്ന കണ്ണന്‍. കൂടെ വിലാസിനി. വിലാസിനിയുടെ
കയ്യില്‍ രണ്ട്‌ കൊടപ്പനുണ്ട്‌.

വീടിനകത്തുനിന്ന്‌ അച്‌'മ്മയുടെ വിളി: കണ്ണാ.... വേഗം വാ... അച്‌'ന്‍ വിളിക്കുന്നു.

ഓടി അടുക്കളവാതിലിലൂടെ കയറി ഫോണ്‍ വച്ചിരിക്കുന്ന മുറിയിലെത്തുന്ന കണ്ണന്‍. മുത്തച്‌'ന്‍
ഫോണില്‍ സംസാരിക്കുന്നു.

മുത്തച്‌'ന്‍: ഇവടെ പിള്ളേര്‍ടെ കൂടെ മദിച്ച്‌ നടക്കാനുള്ള കൊത്യോണ്ടുള്ള വാശ്യേള്ളൂ
ചെക്കന്‌. പിള്ളേരല്ലേ. അവടെ തരാതരക്കാരുണ്ടാവില്ലേ കളിക്കാന്‍. അവടെയെത്തി
തരാതരക്കാരെയൊക്കെ കണ്ടുകഴിഞ്ഞാല്‍ ഒക്കെ മാറിക്കോളും. പിള്ളേരല്ലേന്ന്‌! ദാ
അവനുണ്ട്‌, കൊടുക്കാം.

കണ്ണന്‍: (ഫോണെടുത്ത്‌ കിതച്ചുകൊണ്ട്‌) ഹലോ അച്‌'ാ‍..

അച്ചു: മോനെ, ജോസങ്കിള്‌ അവ്ടെ വന്നട്ട്ണ്ട്‌. മുത്തച്‌'നോട്‌ എല്ലാം പറഞ്ഞിട്ടുണ്ട്‌.
നീ വെഷമിക്കാണ്ടടാ. ഹലോ... നീയെന്താ ഒന്നും മിണ്ടാത്തെ... അതേയ്‌..... നാലഞ്ചു ദെവസം
കഴിയുമ്പോ ഇവടെ വീണ്ടും ഇഷ്ടാവും. റസിയാന്റിക്കൊക്കെ നിന്നെ കാണാന്‍ കൊതിയായീന്ന്‌.

കണ്ണന്‍: വേണ്ടച്‌'ാ‍. ഞാന്‍ ഇവ്ടെ നിന്നോളാം.

അച്ചു: മോനെ, അമ്മ എന്നും കരച്ചിലാ, നിന്നെ കാണാണ്ട്‌. നീ മുത്തച്‌'ന്‌ ഫോണ്‍
കൊടുത്തേ.

ഫോണ്‍ മുത്തച്‌'ന്‌ കൊടുത്ത്‌ പൂമുത്തേക്കിറങ്ങുന്ന കണ്ണന്‍.

പൂമുത്തേക്ക്‌ കേറി വരുന്ന അമ്മുവും വിഷ്ണുവും.

അകത്തു നിന്ന്‌ പൂമുത്തേക്ക്‌ വരുന്ന അച്‌'മ്മയും മുത്തച്‌'നും.

മുത്തച്‌'ന്‍: കണ്ണാ, ജോസ്‌ വന്നിട്ടുണ്ട്‌. നിന്റെ പേപ്പറും കൊണ്ട്‌. നാളേ നമുക്ക്‌
സ്കൂളില്‌ പോയി ടി.സി വാങ്ങാം. ഞാന്‍ ഹെഡ്മാഷോട്‌ പറഞ്ഞിട്ടുണ്ട്‌.

കണ്ണന്‍: മുത്തച്‌'നല്ലേ പറഞ്ഞേ, അച്‌'ന്‍ മുത്തച്‌'ന്‍ പറഞ്ഞാ കേക്കുമ്ന്ന്‌.
മുത്തച്‌'ന്‍ എന്നിട്ട്‌ എന്നെ കൊണ്ടക്കോളാന്‍ പറഞ്ഞുകൊടുത്തില്ലേ. ഞാന്‍ കേട്ടു. (പെട്ടന്ന്‌,
ആരും ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തില്‍ വാവിട്ടു കരയുന്നു.) എന്നെ ആര്‍ക്കും
വേണ്ട ഇവ്ടെ. ആര്‍ക്കും എന്നെ ഇഷ്ടല്ല. (കരഞ്ഞുകൊണ്ട്‌ മുറ്റത്തേക്കിറങ്ങുന്നു.) (കണ്ണന്റെ
കരച്ചില്‍ കണ്ട്‌ കണ്ണുനിറയുന്ന അമ്മുവിന്റെ മും.) മുറ്റത്ത്‌
കൂട്ടിയിട്ടിരിക്കുന്ന തെങ്ങിന്‍പട്ടയുടെ വിറകകുകള്‍ക്കരികെ കിടക്കുന്ന വെട്ടുകത്തി
കണ്ണന്‍ കുനിഞ്ഞെടുത്തു. കരഞ്ഞുകൊണ്ടു തന്നെ വേഗം നടക്കുന്നു. എല്ലാവരും പുറകേയും.

35a
കണ്ണന്‍ തന്റെ വാഴയുടെ അടുത്തെത്തി അതിനെ തലങ്ങും വിലങ്ങും വെട്ടി. മുത്തച്‌'നും
അപ്പോഴെക്കും ഓടിയെത്തിയ മാണിക്യനും ചേര്‍ന്ന്‌ അവനെ വട്ടം പിടിക്കുന്നു.

മുത്തച്ഛന്‍: കണ്ണാ, എന്താ കാട്ടണേ....

മാണിക്യന്‍ : കണ്ണങ്കുട്ടീ. മോനിഷ്ടല്ല്യെങ്കി എവിടേം പോണ്ട.

അമ്മ: എന്റെ കാര്‍ന്നോന്മാരെ. എന്റെ കുട്ടിക്ക്‌ എന്തു പേറ്റെ.

അമ്മു: കണ്ണന്റെ പരാക്രമവും കുതറലും കരച്ചിലും കണ്ട്‌ വിതുമ്പല്‍ മാറി
കരച്ചിലാകുന്നു.

കണ്ണന്‍ മുത്തച്ഛനെയും മാണിക്യനെയും കടിച്ചും മറ്റും പിടി വിടുവിച്ച്‌ കുതറി ഓടുന്നു.

35b
പാമ്പും കാവ്‌. കരഞ്ഞുകൊണ്ട്‌ ഓടി വരുന്ന കണ്ണന്‍. വിതുമ്പികൊണ്ട്‌ തന്നെ തന്റെ
ഒളിച്ചു വച്ചിരിക്കുന്ന മഞ്ചാടിക്കുരുപാട്ട എടുക്കുന്നു. അതേ സ്പീഡില്‍ തിരിച്ചു
നടക്കുന്നു.

35c
മുറ്റം. കണ്ണന്‍ മഞ്ചാടിക്കുരുവിന്റെ പാത്രം അമ്മുവിന്‌ നേരെ നീട്ടുന്നു.

കണ്ണന്‍: (കരച്ചിലോടെ) ഇന്നാ. മുഴുവന്‍ എടുത്തോ. എനിക്കിനി വേണ്ട.

അമ്മു: (കണ്ണന്റെ പരാക്രമങ്ങള്‍ കണ്ട പരിഭ്രാന്തിയിലുള്ള കരച്ചിലോടെ അത്‌
വാങ്ങുന്നില്ല.)

കണ്ണന്‍ അത്‌ തലകീഴായി കമിഴ്ത്തി മുറ്റത്ത്‌ ചിതറിക്കുന്നു. പാട്ട വലിച്ചെറിഞ്ഞ്‌
കരച്ചിലോടെ തന്നെ അകത്തേക്ക്‌ കയറിപ്പോകുന്നു.

36
അല്‍പദിവസങ്ങള്‍ക്ക്ശേഷമുള്ള ഒരു പ്രഭാതം. പൂമുത്തെ പഴയ ക്ലോക്ക്‌. പുലര്‍ച്ചെ ആറു
മണി. പശ്ചാത്തലത്തില്‍ ക്ലോക്കിന്റെ മണിയടി മാത്രം. ഒരു ബാഗുമായി മുറ്റത്ത്‌
കിടക്കുന്ന കാറിലേക്ക്‌ കയറുന്ന കണ്ണന്‍. ആരുടേയും മുത്ത്‌ നോക്കാതെ മുന്‍സീറ്റില്‍
ഇരിക്കുന്നു. പുറത്ത്‌ നിന്നിരുന്ന ജോസങ്കിള്‍ ബാക്ക്ഡോര്‍ തുറന്ന്‌ കയറുന്നു.
ഡ്രൈവര്‍ വാസു തന്നെ. എല്ലാവരും, കൈവീശുന്നത്‌ ശൂന്യമായ നോട്ടത്തോടെ കാണുന്ന കണ്ണന്‍.
പടി കടന്ന്‌ വളഞ്ഞ്‌ പോകുന്ന അംബാസിഡര്‍ കാര്‍.

Sunday, July 22, 2007

ഇടിവാളിന്റെ മിന്നല്‍പ്പിണരുകള്‍ -മഹത്തായ പ്രകാശന കര്‍മ്മം.

ജൂലൈ 20 നു രാത്രി 12 മണിക്ക് പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ സങ്കുചിതന്‍ (യെസ്, ഞാന്‍ തന്നെ) ജീവന്‍ ഷാജി അമ്പൂക്കന്‍ എന്ന സ്പൈഡര്‍മാന്‍ ആരാധകന് മിന്നല്‍ പിണരുകളുടെ ഒരു കോപ്പി (ആകെഉള്ളൊരു കോപ്പി) നല്‍കിക്കൊണ്ട് നിര്‍വഹിച്ചു!

പ്രശസ്ത വിസ്കി നിര്‍മാതാക്കളായ ശ്രീ. നടത്തിപ്പുകാരന്‍ ജോണി (കറമ്പന്‍), വൈന്‍ നിര്‍മ്മാതാവിന്റെ പത്നി ശ്രീമതി മാര്‍ട്ടിനി റോസ്സോ (ചുവപ്പന്‍-മാര്‍കിസ്റ്റുകാരി) എന്നിവരും ചടങ്ങിനു സന്നിഹിതരായിരുന്നു.
സന്തോഷം കൊണ്ട് ഇടിവാള്‍ സ്വന്തം imate KJAM (താഴെ കാണുന്ന സാധനം) ശ്രീ സങ്കുചിതന്‍ എന്ന എനിക്ക് സംഭാവനയായി തന്ന കാര്യം വിനയപുരസ്സരം അറിയിച്ചു കൊള്ളുന്നു.

Monday, June 25, 2007

ചെഗുവേരയുടെ 1964 നിഗൂഢമായ തിരോധാനവും ഫിഡല്‍ കാസ്ട്രോക്കയച്ച അവസാനകത്തും:


1964 ഡിസംബര്‍ 14 ന്‌ ഹവാനയില്‍ നിന്ന് യൂയോര്‍ക്കിലേക്‌ തിരിച്ച ചെ അനേകം രാജ്യങ്ങള്‍ സഞ്ചരിച്ചതിനു ശേഷം മാര്‍ച്ച്‌ 15ന്‌ ക്യൂബയില്‍ തിരിച്ചെത്തി.അതിനുശേഷം ചെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല. ക്യൂബക്കാരും വിടേശപത്രപ്രവര്‍ത്തകരും
നിരീക്ഷകരും അത്‌ ശ്രദ്ധിച്ചിരുന്നു. കാലം കുറച്ചു കഴിഞ്ഞതോടെ ചെയുടെ ഈ 'അസാനിദ്ധ്യം'അഥവാ 'തിരോധാനം' കൂടുതല്‍ കൂടുതല്‍ ശ്രദ്ധയെ ആകര്‍ഷിക്കുകയും നിരവധി കിംവദന്തികള്‍ ക്കും അഭിപ്രായപ്രകടനങ്ങള്‍ ക്കും ജന്മം നല്‍കുകയും ചെയ്തു. യു.എസ്‌.എ പത്രങ്ങള്‍ വിചാരിക്കാനാകാത്ത ഊഹാപോഹങ്ങള്‍ പടച്ചുവിട്ടു. ചെ 'അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു' ചെ 'ക്യൂബയില്‍ നിന്ന് ഒളിച്ചോടിയിരിക്കുന്നു', ചെ 'കൊല്ലപ്പെട്ടിരിക്കുന്നു', ചെ 'ആസന്നമരണനായി കിടപ്പിലാണ്‌' എന്നൊക്കെ എന്തെല്ലാമാണ്‌ അവര്‍ എഴുതി കൂട്ടിയതിനെന്ന് ഒരു കണക്കുമില്ല. എന്നാല്‍ ചെ യെ ക്യൂബയിലൊരിടത്തും കാണ്മാനില്ലെന്നതും ഒരു സത്യമായിരുന്നു.

മെയ്‌ ആദ്യം ബ്യൂനേഴ്സ്‌ എയേഴ്സിലെ ആശുപത്രിയില്‍ നിന്ന് അമ്മ സീലിയ ഹവാനയിലേക്ക്‌ ഫോണ്‍ ചെയ്ത്‌ മകനുമായി സംസാരിക്കണമെന്നാവശ്യപ്പെട്ടു. ചെയ്ക്ക്‌ സുഖമാണെന്നും,പക്ഷേ ആള്‍ സമീപപ്രദേശങ്ങളിലെങ്ങുമില്ലെന്നും സൌകര്യം കിട്ടുമ്പോള്‍ അദ്ദേഹം തന്നെ അമ്മയുമായി ബന്ധപ്പെട്ടുകൊള്ളുമെന്നുമായിരുന്നു അവര്‍ക്ക്‌ കിട്ടിയ മറുപടി. മെയ്‌ 10ന്‌ മകനുമായി സംസാരിക്കാന്‍ കഴിയാതെ തന്നെ സീലിയ ആശുപത്രിയില്‍ കിടന്നു അന്ത്യശ്വാസം വലിച്ചു. അദ്ദേഹം ക്യൂബന്‍ ദ്വീപിലെങ്ങുമില്ലെന്നായിരുന്നു ഇതിനര്‍ത്ഥം.

പിന്നെ അദ്ദേഹം എവിടെപ്പോയി?

ബൂര്‍ഷ്വാപത്രങ്ങളില്‍ ഇതെപ്പറ്റി എന്തെല്ലാം വിചിത്ര കഥകളാണെഴുതിവിട്ടതെന്ന് വിവരിക്കാന്‍ പ്രയാസമാണ്‌. അദ്ദേഹം വിയറ്റ്നാമിലും, ഗോട്ടിമാലയിലും വെനിസ്യൂലയിലും കൊളംബിയയിലും പെറുവിലും ബൊളീവിയയിലും ബ്രസീലിലും ഇക്വഡോറിലുമെല്ലാം ഉള്ളതായി അവര്‍ എഴുതി വിട്ടു.
1965 എപ്രില്‍ 24ന്‌ ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ ദേശാഭിമാനികളായ സൈനികര്‍ ഒരു കലാപമാരഭിച്ചപ്പോള്‍ ചെ അവിടെയുണ്ടെന്നായി പത്രക്കാര്‍. ഭരണഘടനാവാദികളുടെ പോരാട്ടത്തില്‍ സജീവമായി പങ്കെടുക്കവേ അദ്ദേഹം അവിടെ വച്ച്‌ കൊല്ലപ്പെട്ടെന്നു പോലും അവര്‍ എഴുതി.

ഒരു കോടി ഡോളറിന്‌ 'ക്യൂബന്‍ രഹസ്യങ്ങള്‍' ആര്‍ക്കോ വിറ്റ്‌ ചെ കടന്നുകളഞ്ഞെന്ന് ജൂലൈ 9ലെ ന്യൂസ്‌ വീക്ക്‌ വാരികയും അതല്ല അദ്ദേഹം 'വിശ്രമവും എഴുത്തും പ്രവര്‍ത്തനവുമായി'ഓറിയന്റ്‌ പ്രവിശ്യയിലെവിടെയോ കഴിയുകയാണെന്ന് 'മാര്‍ച്ച്‌' എന്ന ഉറുഗ്വന്‍ വാരികയും അതുമല്ല അദ്ദേഹം ചൈനയില്‍ പോയിരിക്കുകയാണെന്ന് ലണ്ടന്‍ ഈവനിംഗ്‌ പോസ്റ്റും അഭിപ്രായപ്പെട്ടു.

1965 ഒക്ടോബര്‍ 3ന്‌ ക്യൂബന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്രക്കമ്മറ്റിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഫിഡല്‍ കാസ്ട്രോ വന്നത്‌ ചെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കത്തുമായാണ്‌.. കൃത്യം ആറുമാസവും രണ്ടു ദിവസവും മുമ്പാണ്‌ ഈ കത്ത്‌ എഴുതിയത്‌ എന്ന് കാസ്ട്രോ വെളിപ്പെടുത്തി.
ഫിഡലും ചെയും

-----------------------------------------------------------

ഹവാന (കൃഷിവര്‍ഷം)

ഫിഡല്‍,

മാരിയാ അന്തോണിയയുടെ വീട്ടില്‍ വച്ചു നാം തമ്മില്‍ ആദ്യമായി കണ്ട ആ സന്ദര്‍ഭവും യാത്രയ്ക്കുള്ള താങ്കളുടെ നിര്‍ദ്ദേശവും തെരക്കിട്ട തയാറെടുപ്പുകളും എല്ലാം ഞാനിപ്പോള്‍ ഓര്‍ത്തുപോവുകയാണ്‌.

മരിച്ചാല്‍ ആരെ വിവരമറിയിക്കണമെന്ന് ഒരിക്കല്‍ നമ്മളോടെല്ലാം അന്വേഷിച്ചപ്പോള്‍ അങ്ങനെയുമൊരു സാധ്യത ഉണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മെയെല്ലാം വിസ്മയപ്പെടുത്തുകയുണ്ടായല്ലോ? അതുശരിയാണെന്ന് പിന്നീട്‌ നമ്മള്‍ക്ക്‌ മനസിലായി. ഒരു വിപ്ലവത്തില്‍ (അതും യഥാര്‍ത്ഥവിപ്ലവത്തില്‍) വിജയമല്ലെങ്കില്‍ മരണം തീര്‍ച്ചയാണ്‌.
ലക്ഷ്യത്തിലേക്കുള്ള ജൈത്രയാത്രയ്ക്കിടയില്‍ അന്തിമമായി നമ്മെ വിട്ടുപിരിഞ്ഞവരുടെ സംഖ്യ അനവധിയാണല്ലോ?

ഇന്ന കാര്യങ്ങള്‍ക്ക്‌ അത്രതന്നെ നാടകീയതയില്ല. കാരണം, നമ്മളെല്ലാം കുറേക്കൂടി പക്വത വന്നവരാണ്‌. എങ്കിലും സ്ഥിതി അതു തന്നെയാണ്‌. ക്യൂബന്‍ വിപ്ലവുമായി എന്നെ ബന്ധിച്ചിരുന്ന ആ കടമ ഞാന്‍ ഭാഗികമായി നിറവേറ്റിക്കഴിഞ്ഞെന്നാണ്‌ എന്റെ വിശ്വാസം.
അതിനാല്‍ താങ്കളോടും എന്റെ സഖാക്കളോടും എന്റേതുകൂടിയായിട്ടുള്ള താങ്കളുടെ ജനതയോടും ഞാന്‍ വിടചോദിക്കുകയാണ്‌.

പാര്‍ട്ടി നേതൃത്വത്തിലുള്ള എന്റെ സ്ഥാനവും എന്റെ മന്ത്രിസ്ഥാനവും മേജര്‍ പദവിയും ഞാന്‍ ഔദ്യോഗികമായി രാജിവയ്ക്കുകയാണ്‌. എന്റെ ക്യൂബന്‍ പൌരത്വവും ഞാന്‍ ഉപേക്ഷിക്കുന്നു. ഔദ്യോഗികമായി എനിക്ക്‌ ക്യൂബയുമായി ഇനി യാതൊരു ബന്ധവുമില്ല. തികച്ചും വ്യത്യസ്തമായ മറ്റു ചില ബന്ധങ്ങളാണ്‌ ശേഷിച്ചിട്ടുള്ളത്‌. എന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ പോലെ അങ്ങനെ രാജിവച്ചൊഴിയാവുന്ന ബന്ധങ്ങളല്ലല്ലോ അതൊന്നും.

എന്റെ കഴിഞ്ഞകാലത്തേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ ഇത്ര കാലവും സാമാന്യം സത്യസന്ധമായും കൂറോടു കൂടിയും പണിയെടുക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും വിപ്ലവത്തിന്റെ വിജയം അരക്കിട്ടുറപ്പിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ്‌ എനിക്ക്‌ തോന്നുന്നത്‌.
കാര്യമായ ഒരു തെറ്റേ എനിക്കു പറ്റിയിട്ടുള്ളൂ. സീറാ മെസ്രയിലെ ആ ആദ്യനിമിഷം മുതല്‍ക്കു തന്നെ താങ്കളില്‍ ഞാന്‍ ഇന്നത്തേതിലും വിശ്വാസമര്‍പ്പിച്ചില്ലല്ലോയെന്നും ഒരു നേതാവും വിപ്ലവകാരിയുമെന്ന നിലയ്ക്കുള്ള താങ്കളുടെ കഴിവുകള്‍ ശരിയായി വിലയിരുത്താന്‍ അന്നെനിക്ക്‌ കഴിയാതെ പോയല്ലോ എന്നുമുള്ള അപരാധബോധമാണ്‌ എന്നെ അലട്ടുന്നത്‌.
അത്ഭുതാവഹമായ കാലങ്ങളിലൂടെയാണ്‌ ഞാന്‍ കടന്നുപോന്നിട്ടുള്ളത്‌. താങ്കളോടൊപ്പം നില്‍ക്കുമ്പോള്‍ കരീബിയന്‍ പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്ന ഏറ്റവും വൈഷമ്യമേറിയ ആ ദിവസങ്ങളില്‍ നമ്മുടെ ജനതയുടെ ഭാഗമായിരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനപുളകിതനായിരുന്നു.
ഒരു രാഷ്ട്രീയ നേതാവെന്ന നിലയ്ക്കുള്ള താങ്കളുടെ പ്രതിഭ ഇത്ര വെട്ടിത്തിളങ്ങിയിട്ടുള്ള സന്ദര്‍ഭങ്ങള്‍ കുറവാണ്‌. അന്ന് ഒട്ടും അറച്ചുനില്‍ക്കാതെ താങ്കളെ പിന്താങ്ങാന്‍ കഴിഞ്ഞതിലും എനിക്കഭിമാനമുണ്ട്‌. അന്ന് നമ്മുടെ വിചാരവികാരങ്ങള്‍ ഒന്നായിരുന്നുവെന്നതിലും എനിക്കഭിമാനമുണ്ട്‌.
ഇപ്പോള്‍ എന്റെ എളിയ സേവനം ലോകത്തിന്റെ മറ്റുചില ഭാഗങ്ങളില്‍ ആവശ്യമായിരിക്കുന്നു.
താങ്കള്‍ക്ക്‌ നിഷേധിക്കപ്പെട്ടിട്ടുള്ള ആ സംഗതി ചെയ്യാന്‍ എനിക്കു കഴിയും. എന്തുകൊണ്ടെന്നാല്‍ താങ്കള്‍ക്ക്‌ ക്യൂബയോട്‌ ചില ഉത്ത്രരവാദിത്വങ്ങളുണ്ട്‌. അതിനാല്‍ നമുക്ക്‌ തമ്മില്‍ പിരിയേണ്ടിയിരിക്കുന്നു.

സന്തോഷത്തോടും സന്താപത്തോടും കൂടിയാണ്‌ ഞാന്‍ നിങ്ങളെയെല്ലാം വിട്ടുപിരിയുന്നതെന്ന് അറിയാമായിരിക്കുമല്ലോ? എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ജനതയേയും നിര്‍മ്മാതാവിനേയും പറ്റിയുള്ള ഏറ്റവും വലിയ ശുഭപ്രതീക്ഷകളുമായാണ്‌ ഞാന്‍ പിരിയുന്നത്‌.... എന്നെ സ്വന്തം പുത്രനായി അംഗീകരിച്ച ഒരു ജനതയെ വിട്ടാണ്‌ ഞാന്‍ പോകുന്നത്‌. ഇതില്‍ എനിക്കു സങ്കടമുണ്ട്‌. താങ്കള്‍ എന്നില്‍ വളര്‍ത്തിയ ആ ആത്മവിശ്വാസവുമായാണ്‌, എന്റെ നാട്ടുകാരുടെ വിപ്ലവബോധവുമായാണ്‌, ഞാന്‍ പുതിയ അടര്‍ക്കളത്തിലേക്ക്‌ കുതിക്കുന്നത്‌.
ഏറ്റവും പരിപാവനമായ ഒരു കടമ നിര്‍വ്വഹിക്കുകയാണെന്ന ആത്മബോധത്തോടെയാണ്‌ ഞാന്‍ പോകുന്നത്‌. എവിടെവിടെ സാമ്രാജ്യത്വമുണ്ടോ അവിടവിടെ അതിനെതിരായി പോരാറ്റുകയെന്ന ഏറ്റവും പരിപാവനമായ കടമ നിര്‍വ്വഹിക്കുകയാണെന്ന ആത്മബോധത്തോടെയാണ്‌ ഞാന്‍ മുന്നോട്ടു നീങ്ങുന്നത്‌. ഇത്‌ എന്റെ ദൃഢനിശ്ചയത്തെ ഒന്നു കൂടി ബലപ്പെടുത്തുകയും ഈ വേര്‍പാടിലുള്ള എന്റെ വേദനയെ വളരെയേറെ ചുരുക്കുകയും ചെയ്യുന്നുണ്ട്‌.

ൊളീവയിലേക്ക് പോകുന്നതിനായി മുഖച്ഛായ പാടേ മാറ്റിയ ചെ.
മറ്റുള്ളവര്‍ക്കൊരു മാതൃകയായിരീക്കുകയെന്നൊഴിച്ചാല്‍ ക്യൂബയ്ക്ക്‌ എന്നോട്‌ മറ്റൊരു കടപ്പാടുമില്ലെന്ന സംഗതി ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. ഇനി ഇവിടുന്നെല്ലാം വളരെ അകലെയിരിക്കുന്ന അവസരത്തിലാണ്‌ എന്റെ അന്ത്യമെങ്കില്‍ കൂടിയും
അപ്പോഴും എന്റെ വിചാരം മുഴുവന്‍ ഈ ജനതയെപ്പറ്റിയും വിശേഷിച്ചും താങ്കളെപ്പറ്റിയും ആയിരിക്കും. താങ്കള്‍ എന്നെ പഠിപ്പിക്കുകയും മാതൃക കാട്ടുകയും ചെയ്ത സര്‍വ്വ സംഗതികള്‍ക്കും ഞാന്‍ അത്യന്തം കൃതജ്ഞനാണ്‌. അവസാനംവരെയും അതനുസരിച്ച ജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്‌. നമ്മുടെ വിപ്ലവത്തിന്റെ വിടേശനയത്തോട്‌ എനിക്ക്‌
എക്കാലവും പൂര്‍ണ്ണയോജിപ്പുണ്ടായിരുന്നു. ഇന്നും അതങ്ങനെയാണ്‌ താനും. എവിടെ ചെന്നാലും ഒരു ക്യൂബന്‍ വിപ്ലവകാരിയെന്ന നിലയ്ക്കുള്ള എന്റെ ഉത്തരവാദിത്വം ഒരിക്കലും വിസ്മരിക്കാതെ ഞാന്‍ എന്റെ പ്രവര്‍ത്തനം തുടരുന്നതായിരിക്കും. എന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ ക്കും യാതൊരുവിധ സ്വത്തും നല്‍കാതെയാണ്‌ ഞാന്‍ പോകുന്നത്‌. ഇതില്‍ എനിക്ക്‌ യാതൊരു കുണ്ഠിതവുമില്ല മറിച്ച്‌ സന്തോഷമേയുള്ളൂ. അവര്‍ക്കു വേണ്ടി ഞാന്‍ യാതൊന്നും ആവശ്യപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ജീവിക്കാനുള്ള വകയും വിദ്യാഭ്യാസത്തിനുള്ള സൌകര്യവും അവര്‍ക്ക്‌ സ്റ്റേറ്റില്‍ നിന്ന് നല്‍കിക്കൊള്ളുമെന്ന് എനിക്കറിയാം.

നമ്മുടെ ജനതയോടും താങ്കളോടും എനിക്ക്‌ ഇനിയും പലതും പറയാനുണ്ട്‌. പക്ഷേ, അധികപറ്റാകുമെന്നതുകൊണ്ട്‌ ഞാന്‍ അതിനിപ്പോള്‍ തുനിയുന്നില്ല. എന്റെ മനസ്സിലുള്ള സംഗതികള്‍ മുഴുവന്‍ അതു പടി കടലാസില്‍ പകര്‍ത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. അതിനാല്‍ ആ പാഴ്വേലയ്ക്ക്‌ ഞാന്‍ മുതിരുന്നില്ല.

'ഹസ്റ്റാ ലാ വിക്ടോറിയാ സീമ്പ്ര്! പാട്രിയാ ഓ മുയേര്‍ത്തേ!' (എന്നുമെന്നും
വിജയത്തിലേക്ക്‌, മാതൃഭൂമി അല്ലെങ്കില്‍ മരണം!)

ഹാര്‍ദ്ദമായ വിപ്ലവാഭിവാദ്യങ്ങള്‍!


-ചെ

Monday, June 18, 2007

പിന്മൊഴിയും മറുമൊഴിയും ആള്‍ട്ട് മൊഴിയും...

നിന്റെ മുറ്റത്തെ കണിക്കൊന്നയിലെ

ഭംഗിയുള്ള പൂക്കള്‍


എന്റെ മുറ്റത്തു വീഴുന്നു;

ഇടയില്‍ വേലിയുള്ളതുകൊണ്ട്



-കടപ്പാട് ഒരു ജപ്പാന്‍ ഹൈക്കൂ

Thursday, June 14, 2007

പിന്മൊഴി ചര്‍ച്ചകള്‍ - ഒരു അവലോകനം.

രണ്ട്‌ കൂട്ടുകാര്‍ സന്ദര്‍ഭവശാല്‍ കണ്ടുമുട്ടി.

ഒരുവന്‍ ഫുള്‍ സ്യൂട്ടില്‍ ലുങ്കിയും കയ്യില്‍ സഞ്ചിയുമൊക്കെയയി മാര്‍ക്കറ്റ്‌ റോഡ്‌ ലക്ഷ്യമാക്കി നീങ്ങുന്നു.

രണ്ടാമന്‍ എതിരെ വന്നു:

എടാ നീ ചന്തയ്ക്കാണ്‌ പോകുന്നതെന്ന് തോന്നുന്നു? കയ്യില്‍ സഞ്ചിയെല്ലാമുണ്ടല്ലോ?

ഒരുവന്‍:
ഏയ്‌, അല്ലടാ, ഞാന്‍ ചന്തയ്ക്ക്‌ പോകുവാ...

രണ്ടാമന്‍:
അതുശരി, ഞാന്‍ വിചാരിച്ചു നീ ചന്തയ്ക്ക്‌ പോകുവാണെന്ന്....

-ശുഭം

Saturday, June 09, 2007

ഒരു മര്‍ദ്ദന കഥ (അനുഭവക്കുറിപ്പ്)

സൂര്യന്‍ ഉദിച്ചു. പ്രത്യേകിച്ച്‌ പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത ദിവസമാണെന്ന് പുള്ളിക്ക്‌ തോന്നിയതിനാല്‍ സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ ചെയ്തു. കേരളത്തിലെ പുല്‍ക്കൊടികളിലെ പുലരീത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു.ആല്‍പ്സ്‌ പര്‍വ്വത നിരകളിലെ മഞ്ഞുമലകള്‍ക്കിടയിലൂടെ കിലോമീറ്ററുകളോളം സ്വര്‍ണ്ണവെളിച്ചം പ്രസരിപ്പിച്ചു. ഹിമാലയത്തിനു മുകളില്‍ക്കൂടി തന്റെ
സ്വര്‍ണ്ണക്കയ്യുകള്‍ അതിര്‍ത്തി ലംഘിച്ച്‌ ചൈനയിലേക്കും എത്തിച്ചു. എല്ലാം പതിവു പോലെ തന്നെ എന്ന് ഉറപ്പായപ്പോള്‍ സഹസ്രാബ്ദങ്ങളായി എന്നും ഒരേ ഡ്യൂട്ടി ചെയ്യുന്നവന്‌ സ്വാഭാവികമായി ഉണ്ടാകാനിടയുള്ള ബോറഡിയോടെ ബോറഡിയുടെ ദൈവങ്ങളെ നിര്‍വചിച്ച ലാപുടയെ പറ്റിയോര്‍ത്ത്‌ സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ നടു നിവര്‍ത്തി,ഒരു കാല്‍ മറ്റേ കാല്‍മുട്ടില്‍ കയറ്റി വച്ച്‌ ഈസിചെയറില്‍ കിടക്കുന്ന പോലെ കിടന്നു.

മേല്‍ വിവരിച്ച കാര്യങ്ങളൊന്നും ഞാന്‍ പറയാന്‍ പോകുന്ന കഥയുമായി വലിയ ബന്ധമില്ല. എങ്കിലും, കിടക്കട്ടെ. അനുഭവക്കുറിപ്പാകുമ്പോള്‍ ഒരു ഇത്‌ വേണമല്ലോ എന്നോര്‍ത്ത്‌ എഴുതിയെന്ന് മാത്രം.

യൂയേയീയില്‍ വ്യാഴം വെള്ളി അവധി മാറ്റി വെള്ളി ശനി ആയതിനു ശേഷം, എര്‍പ്പായേട്ടന്റെ വീട്ടിലെ വ്യാഴസായാഹ്നങ്ങള്‍ ശുഷ്കമായിരുന്നു. വ്യാഴം ഹാഫ്‌ ഡേ എന്ന രീതി മിക്കവരുടേയും മാറിയതിനാല്‍. അതുകൊണ്ട്‌ ദശാബ്ദങ്ങളായി
തുടര്‍ന്നു പോന്ന ആ സഭകൂടല്‍ വെള്ളി രാവിലേക്ക്‌ മാറ്റിയിരുന്നു.അന്നത്തെ സംഭാഷണ വിഷയം അടി കിട്ടിയ കഥകളായിരുന്നു. അപ്പോഴാ്‌ണ്‌ ഞാന്‍ ആത്മാര്‍ത്ഥമായി ആലോചിച്ചത്‌. എനിക്ക്‌ എപ്പോഴെങ്കിലും മര്‍ദ്ദനം ഏറ്റിട്ടുണ്ടോ എന്ന്.

അസംഖ്യം തവണ എന്നു തന്നെയായിരുന്നു എന്റെ മനസാക്ഷി എനിക്ക്‌ നല്‍കിയ ഉത്തരം. പക്ഷേ ഞാന്‍ എര്‍പ്പായേട്ടന്റെ വക ബഡ്‌ വൈസറിന്റേയും, ചേടത്തിയുടെ വക ഉപ്പുമാവ്‌ കടല പപ്പടത്തിന്റേയും കൂടി സ്വാധീനത്തില്‍ ചിന്തിച്ചപ്പോള്‍ മിക്ക അടികളും എനിക്ക്‌ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലായി. ശരിയാണ്‌, എനിക്ക്‌ കിട്ടിയ അടിയുടെ ഗ്രാഫ്‌ എടുത്താല്‍ 99.5 ശതമാനവും സ്വപിതാവിന്റെ കയ്യില്‍ നിന്നും ബാക്കി വന്നത്‌ ഇപ്പോള്‍ ബ്ലോഗ്ഗ്‌ പുലിയായി അവതരിച്ചിരിക്കുന്ന ഇടിവാളിന്റെ കയ്യില്‍ നിന്നുമാണ്‌!

യെസ്‌, അവന്‍ എന്നെ അതിക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്‌. അതും പൊതുജനമധ്യത്തില്‍. അതും ക്ലാസിലെ മൂന്ന് പാവം പെണ്‍കിടാങ്ങളുടെ മുന്നില്‍. ആട്ടിന്‍ കുട്ടികളെ പോലെ നിഷ്കളങ്കരായ ആ പെണ്‍കുട്ടികള്‍ ആ ക്രൂര സംഭവം കാണാനിടയായതിന്റെ പേരില്‍ ഷോക്ക്‌ മാറ്റാന്‍ കൌണ്‍സിലിംഗിനു വരെ പോകേണ്ടി വന്നു വെന്ന് ചരിത്രം രേഖപ്പെടുത്തിയിരുന്നു.

കാലഘട്ടം 1992-93. സ്ഥലം ത്രിശ്ശൂര്‍ മഹാരാജാസ്‌. തറവാടി പോളിടെക്നിക്ക്‌.
അന്നത്തെ സൂര്യന്റെ ജീവിതം അല്‍പം കൂടി രസമുള്ളതായിരുന്നതു കൊണ്ടോ എന്തോ അദ്ദേഹം ഉല്ലാസവനായിരുന്നു. ഉല്ലാസവന്‍ എന്ന് പറഞ്ഞാല്‍ വര്‍മ്മക്കുഞ്ഞുങ്ങളെ ഇറക്കിവിട്ട്‌ അവരുടെ വിളയാടല്‍ കണ്ടു രസിക്കുന്ന മെയിന്‍ വര്‍മ്മയെ പോലെ ഉല്ലാസവാന്‍.

എന്നാല്‍ എന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. പതിവുപോലെ എന്റെ ക്ലാസില്‍ ടീച്ചേഴ്സ്‌ ഇല്ലായിരുന്നു. ആകെയുള്ള 20 പേരില്‍ ചിലര്‍ പുറത്തു പോയി. ചിലര്‍ ക്യാന്റീനില്‍. ഒന്നും ചെയ്യാനില്ലാതെ ക്ലാസില്‍ നിന്ന് വൈ.ഡബ്ബ്ല്യൂ.സി.എ യിലേക്കുള്ള ജനാലയില്‍ കൂടി നോക്കി നിന്ന് തുണിയലക്കാന്‍ വരുന്ന ചേച്ചിമാരെ നോക്കി 'അക്കരയിക്കരെ' പാടണമോ അതോ ലേഡീസ്‌ വെയിറ്റിംഗ്‌ റൂമിന്റെ അവിടെ പോയി കുറങ്ങലുകള്‍ നിരീക്ഷിക്കണമോ എന്ന കണ്‍ഫ്യൂഷനില്‍ ഞാനിരിക്കുമ്പോള്‍ ക്ലാസിലെ യുധിഷ്ഠിരന്‍ (ഒരിക്കലും കള്ളം പറയാത്തവന്‍)എന്റെ അടുത്തുവന്ന് അവന്റെ മൃദുവായ സ്വരത്തില്‍ അച്ചടിഭാഷയില്‍ അറിയിച്ചു:

സങ്കു, തിരികെ വീട്ടില്‍ പോകുന്നതാണ്‌ നല്ലത്‌ എന്ന് എനിക്ക്‌ തോന്നുന്നു.
അതെന്തടേയ്‌?
നിനക്കെതിരെ അതിശക്തമായ ഗൂഢാലോചനനടക്കുന്നതായി എനിക്ക്‌ തോന്നുന്നു.
പോഡയ്ക്ക എന്ന് പറഞ്ഞെങ്കിലും എന്റെ നെഞ്ചിടിയുടെ ശബ്ദം അവന്‍ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു.
പോഡയ്ക്ക, എന്ന പ്രയോഗം തെറ്റാണ്‌ സങ്കൂ. നീ ഒന്നു പോകുന്നുണ്ടോ എന്ന് വാചകത്തേയാണ്‌ നീ 'പോഡയ്ക്ക' എന്ന് പറഞ്ഞ്‌ വൃത്തിഹീനമാക്കുന്നത്‌. സ്നേഹമുള്ളതു കൊണ്ടാണ്‌ നിന്നോട്‌ ഞാന്‍ എനിക്കറിയാന്‍ സാധിച്ച വിവരങ്ങള്‍ പറയുന്നത്‌. ഇന്നലെ ലാബോറട്ടറിയില്‍ നടന്ന സംഭവങ്ങള്‍ നിനക്കെതിരെ സൂപ്പര്‍ സെവനില്‍ ഒരു നീക്കത്തിന്‌ കാരണഭൂവിതമായിരിക്കുന്നു.

എന്തായിരിക്കുന്നു?

കാരണഭൂവിതമായിരിക്കുന്നു.

അത്‌ നിന്റെ അപ്പന്‍ ഉണ്ടാക്കിയ വാക്കാണോ? കാരണഭൂവിതന്‍? മലയാളത്തില്‍ പറയടാ ആര്‍.ഒ.എം.എമേ...

ഞാന്‍ പറയാനുള്ളത്‌ പറഞ്ഞു. അതിനു നീ എന്റെ പിതാവിനെ വിളിച്ചു. കൂടാതെ തമിഴിലെ ഒരു വാക്ക്‌ മലയാളികള്‍ വ്യഭിചരിച്ച്‌ ചീത്തയാക്കിയതിന്റെ ഇംഗ്ലീഷും നീ എനിക്കെതിരെ ഇപ്പോള്‍ പ്രയോഗിച്ചു. ഇനി എനിക്ക്‌ ഒന്നും പറയാനില്ല. നീ സൂക്ഷിച്ചാല്‍ നീ ദു:ഖിക്കേണ്ട.

മോന്‍ വണ്ടി വിട്‌ റാ വണ്ടി വിട്‌.... പാവം യുധിഷ്ഠിരനെ ഞാന്‍ അപമാനിച്ചു വിട്ടു.

മനസാക്ഷി ശബ്ദിച്ചു: അപ്പോള്‍ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്‌. നീ സ്ഥലം വിടുന്നതാണ്‌ ബുദ്ധി എന്ന്. എന്റെ പട്ടി സ്ഥലം വിടും എന്ന് ഞാന്‍ ഇടിക്കുന്ന നെഞ്ചിന്റെ ശബ്ദം പരമാവധി അടക്കി വച്ച്‌ മനസാക്ഷിയോട്‌ പറഞ്ഞു.
എനിക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നു. അതും സൂപ്പര്‍ സെവനിലെ ചില മെംബേര്‍സില്‍ നിന്ന്്‌! സൂപ്പര്‍ സെവന്റെ ബുദ്ധിജീവി സെല്ലിന്റെ അദ്ധ്യക്ഷനായ എനിക്കെതിരെ സൂപ്പര്‍ സെവനില്‍ നിന്ന് വധഭീഷണി! അങ്ങനെ ഉണ്ടാകണെമെങ്കില്‍ ഞാന്‍ എന്തെങ്കിലും തെണ്ടിത്തരം ചെയ്തിരിക്കണമല്ലോ? അല്ലെങ്കില്‍ പാളയത്തില്‍ പട വരില്ലല്ലോ?

മേല്‍ പ്പറഞ്ഞ സംഭവത്തിന്റെ തലേ ദിവസം പ്രിന്‍സിപ്പാള്‍ അതിശക്തമായ ഒരു നിയമം പുറപ്പെടുവിച്ചു. യൂണിഫോം ഇടാതെ ഒരുത്ത(ത്തി)നെയും ക്ലാസില്‍ കയറ്റരുത്‌. ഇറക്കി വിട്ടേക്കണം എന്ന്. കല്‍പ്പന അതിശക്തമായ ബ്രില്‍ മഷിയിലാണ്‌ എഴുതിയത്‌. അതിനടിയില്‍ പ്രിന്‍സിപ്പാള്‍ ഇട്ട ഒപ്പിന്റെ ശക്തിയില്‍ കടലാസ്‌ കീറിയത്‌ കാണാമായിരുന്നു. അദ്ദേഹത്തിന്റെ 78 മോഡല്‍
ഒലിപ്പുള്ള ചൈനാ നിര്‍മ്മിത ഹീറോ പേനയുടെ നിബ്ബ്‌ ഒപ്പിനെ തുടര്‍ന്ന് ഒടിഞ്ഞുപോയി എന്ന് പ്യൂണ്‍ പത്രോസേട്ടന്‍ പിന്നീട്‌ ഒരു ലഖുപത്രസമ്മേളാനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

അന്ന് ഉച്ചയ്ക്ക്‌ ലാബില്‍ കയറണമെങ്കില്‍ യൂണിഫോം വേണമല്ലോ? എല്ലാവരും അവരവരുടെ യൂണിഫോം സൂക്ഷിച്ചു വച്ചിരുന്ന പൊത്തുകള്‍ പരതി ഫുള്‍ സ്ലീവ്‌ ഓര്‍ഡിനറി ഷര്‍ട്ടിന്റെ മീതെ ചുക്കിചുളിഞ്ഞ യൂണിഫോം ഇട്ട്‌ പ്രിന്‍സിപ്പാളിന്റെ കല്‍പ്പനയെ കളിയാക്കികൊണ്ട്‌ എല്ലാവരും ലാബില്‍ കേറി. ലാബിന്റെ ഇന്‍ ചാര്‍ജ്ജ്‌ സാറിന്‌ ആകെ സന്തോഷമായി.

അപ്പോ താടീള്ളപ്പനെ പേടീണ്ട്‌ ല്ലറാ... ജീവിതത്തില്‍ ആദ്യമായി യൂണിഫോമിട്ട്‌ ക്ലാസില്‍ കേറുന്ന ചില പുംഗവന്മാരെ നോക്കി സാര്‍ പ്രസ്താവന ഇറക്കി.

അങ്ങനെ ഞങ്ങള്‍ 20 പേര്‍ ലാബില്‍ സോള്‍ഡറിംഗ്‌ അയേണും ഒക്കെ എടുത്ത്‌ മുന്നില്‍ വച്ച്‌ ഗ്രൂപ്പായി തിരിഞ്ഞ്‌ സിനിമാക്കഥ തുടങ്ങിയ പതിവു പരിപാടിയിലേക്ക്‌ തിര്‍ഞ്ഞു.

അപ്പോള്‍ എന്നെ (ആ വര്‍ഷം ക്ലാസ്‌ റെപ്പ്‌ എന്ന ഒരു വൃത്തികെട്ട സ്ഥാനം ഞാന്‍ വഹിച്ചിരുന്നു) സാര്‍ വിളിപ്പിച്ചു. എഡയ്ക്ക, പ്രിന്‍സിപ്പാള്‍ ലാബില്‌ കേറി ചെക്ക്‌ ചെയ്യ്ണ്‌ണ്ട്‌. എല്ലാത്തിനോടും ആ റെക്കോഡ്‌ ഒക്കെ എടുത്ത്‌ മുന്നില്‍ വച്ച്‌ സിനിമാക്കഥ പറായാന്‍ പറ. പിന്നെ, യഥാര്‍ത്ഥ നീല പാന്റ്സ്‌ അല്ലാത്ത ഗെഡികളുടേ പേരെഴുതി കൊണ്ടുവാ.

അതായത്‌, ഇളം നീല ഷര്‍ട്ടും കടും നീല പാന്റ്സും ആണ്‌ യൂണിഫോം. ഷര്‍ട്ട്‌ നീലയായാല്‍ എല്ലാമായി എന്നാണ്‌ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കരുതുന്നത്‌. പ്രിസിപ്പാള്‍ പക്ഷേ അങ്ങനെയല്ല കരുതുന്നത്‌.
ഞാന്‍ പോയി ഡെസ്കിനടിയില്‍ ഒളിപ്പിച്ചു വച്ചവന്മാരുടെ കാലുകള്‍ വലിച്ച്‌ പുറത്തെടുത്തു. ഒരോ കാലുകളായി പൊക്കി നോക്കി. കാലുകള്‍ പിശകാണെന്ന് എനിക്ക്‌ മനസിലായി.

ശ്ലീലാശ്ലീലങ്ങളെ കുറിച്ച്‌ ഉത്തമബോധ്യമുള്ള ഞാന്‍ പെമ്പിള്ളേരുടേ കാലുകള്‍ ഇളക്കിയെടുത്ത്‌ സൂക്ഷ്മപരിശോധനയ്ക്ക്‌ വിധേയമാക്കിയില്ല.

സ്വയം ഒരു ആത്മവിശ്വാസക്കുറവനുഭവപ്പെട്ടപ്പോള്‍ ഞാന്‍ ഒരു ബെഞ്ചിലിരുന്നു എന്റെ കാലു ഊരിയെടുത്ത്‌ പൊക്കി ഡെസ്കില്‍ വച്ച്‌ സൂക്ഷമിരീക്ഷണം നടത്തി. എന്റെ കാലുകളും നീലയല്ല. എങ്കിലും 60% നീല എന്ന് പറയാന്‍ കഴിയുമെന്ന് മാത്രം. മിക്കവന്മാരും കറുപ്പ്‌, ബ്രൌണ്‍, ചാരം മുതലായ കളറുകള്‍ വച്ച്‌ നിയമത്തെ പറ്റിക്കുകയാണ്‌.

തൊണ്ടിസാധനങ്ങളായ ആ 'അനധികൃത' കാലുകള്‍ വാരി ഞാന്‍ ലാബിലെ സ്റ്റാഫ്‌ റൂമിലേക്ക്‌ പോകുന്നത്‌ നോക്കി പ്രതികള്‍ അന്ധാളിച്ചു.
മേശപ്പുറത്തിരിക്കുന്ന 11 ജോഡി കാലുകള്‍ സാറും അറ്റന്‍ഡര്‍ ഗീതയും കൂടി ലെന്‍സും മറ്റും വച്ച്‌ അതിസൂക്ഷമായി നിരീക്ഷിച്ച്‌ അതിലെ 'നീല'യുടെ ഏറ്റകുറച്ചിലിനെ കുറിച്ച്‌ ഒരു പ്രബന്ധം തയാറാക്കി. എല്ലാ കാലിലും ചുമന്ന മഷി കൊണ്ട്‌ ഇന്റു (X) രേഖപ്പെടുത്തി ഒപ്പിട്ടു.

പ്രിസിപ്പാളിന്റെ അത്ര വരില്ലെങ്കിലും നമ്മുടെ സാറും കല്‍പ്പന പുറപ്പെടുവിച്ചു: ഈ കാലന്മാരെല്ലാം ക്ലാസിനു പുറത്ത്‌. അവര്‍ക്ക്‌ പുറത്തു പോയി ചായകുടിക്കാം, സിനിമയ്ക്ക്‌ പോകാം എന്തു വേണമെങ്കിലും ചെയ്യാം. പക്ഷേ ലാബില്‍ ഇരുന്നാല്‍ ഈ കാലുകളില്‍ സള്‍ ഫ്യൂരിക്കാസിഡ്‌ ഒഴിച്ച്‌ കരിച്ചു കളയും.

മാഷുടെ ഈ ഒറ്റ പ്രസ്താവന എന്നെ കരിങ്കാലിയാക്കി. എന്തിനും ഒരു കാരണക്കാരന്‍ വേണമല്ലോ? ഞാന്‍ കാരണം 10-11 ആളുകളുടെ അറ്റന്‍ഡന്‍സ്‌ പോയി. (കേട്ടാല്‍ തോന്നും എന്തോ വലിയ കാര്യമാണ്‌ ഈ അറ്റന്‍ഡന്‍സ്‌ എന്ന്)

ക്ലാസില്‍ നിന്ന് പുറത്താക്കുന്നതില്‍ മനം നൊന്ത ഇടിവാള്‍ തേങ്ങി: വളരെ റെയറായി ക്ലാസില്‍ കയറുന്ന എവനും സങ്കടവരും. അവന്റെ വെള്ളയില്‍ നീല വരമ്പുകളുള്ള ജീന്‍സ്‌ ധരിച്ച കാലുകളില്‍ ഒന്ന് പൊക്കിയെടുത്ത്‌ സാറിന്റെ മൂക്കിനു നേരെ ഉയര്‍ത്തി. സാര്‍ ഇത്‌ ബ്ലൂ അല്ലേ സാര്‍... പ്ലീസ്‌ സാര്‍ എന്ന് പറഞ്ഞു.

ഇത്‌ വെള്ളയില്‍ നീല വരമ്പുകളാണ്‌. പോഡാ പോഡാ എന്ന് സാര്‍ പറഞ്ഞു.

അല്ല സാര്‍ ഇത്‌ നീലയില്‍ വെള്ള വരമ്പുകളാണ്‌ എന്ന് ഞാന്‍ പറയുന്നു. ഇടിവാള്‍ തേങ്ങലിനിടയില്‍ പറഞ്ഞു.

പോഡാ പോഡാ.... പോയി ക്യാന്റീനിലിരിക്കടാ..... സാര്‍ വീണ്ടും പറഞ്ഞു
എന്തായാലും എന്റെ കാര്യം പുറത്തായി എന്നാല്‍ നിന്നെ വെറുതെ വിടില്ലടാ ഒറ്റുകാരാ എന്ന് ഇടിവാള്‍ എന്നെ നോക്കി
മനസില്‍ പറഞ്ഞു. പുറത്തേക്ക്‌ ഇങ്ങനെയും പറഞ്ഞു: സാര്‍, ഇവന്റെ പാന്റ്സും നീലയല്ല. ഇവനു മാത്രം എന്താ പ്രത്യേകത....
ഇടിവാളിന്റെ ഇടപെടല്‍ സാറിനിഷ്ടമായില്ല. അദ്ദേഹം പറഞ്ഞു:
അത്‌ റെപ്പിന്‌ 40% ടോളറന്‍സുണ്ട്‌. കടക്കടാ വെളിയില്‍ ഇടിവാളെ.....

ഈ സമയത്ത്‌ ഞാന്‍ ഒരു പുച്ഛചിരി ചിരിച്ചു എന്ന് ഇടിവാളും സൂപ്പര്‍സെവനിലെ മറ്റു ക്ലാസിനു പുറത്തുപോകുന്നവന്മാരും ഏകകണ്‌ഠമായി പറയുന്നു. ചിരിച്ചോ എന്ന് എനിക്ക്‌ ഉറപ്പില്ല. ചിരിച്ചിരിക്കാം.....

പുറത്തു പോയവന്മാര്‍ നേരെ ക്യാന്റീനില്‍ പോയി. ക്യാന്റീനിലെ മാസക്കുളിക്കാരന്‍ ദൊരൈസ്വാമി എന്ന മലയാളി പയ്യനോട്‌ ഇടിവാള്‍ 11 ചായയ്ക്കും 6 പരിപ്പുവടയ്ക്കും ഓര്‍ഡര്‍ കൊടുത്തു. ദൊരൈസ്വാമി കമ്പ്യൂട്ടര്‍ കട്ടിംഗിലൂടെ 5 പരിപ്പുവട 10 ആക്കി ഒരെണ്ണം നിര്‍മ്മിച്ച പോലെ മുഴുവനായും 11 ചായയും കൊണ്ടുകൊടുത്തു. പാത്രം ലാന്‍ഡ്‌ ചെയ്യുന്നതിനു മുമ്പേ ഭീമന്‍ അതില്‍ നിന്ന് മുഴുവനായുള്ള പരിപ്പുവട എടുത്ത്‌ അതിന്റെ തെറി വരുന്നതിനു മുമ്പേ സങ്കുചിതനെ പൂശണം എന്ന് പറയുകയും അതിനെ തുടര്‍ന്ന് വന്‍ ഗൂഢാലോചന എനിക്കെതിരെ അവിടെ നടക്കുകയും ചെയ്തു എന്ന് ക്യാന്റീന്‍ രേഖകള്‍ 92 രേഖപ്പെടുത്തുന്നു. അന്നേ ദിവസം മദ്യപിക്കാന്‍ ആരുടേയും കയ്യില്‍ കാശില്ലയിരുന്നു.
തന്നെയുമല്ല ഉച്ചതിരിഞ്ഞായതു കൊണ്ട്‌ പ്രതികാര നടപടികള്‍ നാളെക്ക്‌ മാറ്റിവയ്ക്കുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ ട്രാസ്പോര്‍ട്ട്‌ ബസ്സില്‍ വച്ച്‌ എന്നെ ചാലക്കുടി ഏരിയയില്‍ നിന്ന് വരുന്ന സൂപ്പര്‍ സെവന്‍ മെംബേര്‍സ്‌ ആയ
ചെറിയാനും കാടനും മൈന്‍ഡ്‌ ചെയ്യാതെ ഇരട്ടത്താടി ഉണ്ടാക്കി ഗൌരവത്തില്‍ ഇരിക്കുന്ന കണ്ടപ്പോഴേ ഞാന്‍ അപകടം മണത്തു.
രാവിലെ ആദ്യത്തെ അവറില്‍ തന്നെ സൂപ്പര്‍ സെവന്‍ മെംബേഴ്സും ഇന്നലെ പുറത്താക്കപ്പെട്ട അമേച്വര്‍ മദ്യപാനികളും സെണ്ട്രല്‍
ബാറിലേക്ക്‌ മാര്‍ച്ച്‌ ചെയ്തിട്ടുണ്ടെന്നും, ആ മാര്‍ച്ച്‌ പാസ്റ്റ്‌ തുടങ്ങുമ്പോള്‍ കീശകാലിയായിരുന്നതിനാല്‍ ഫാസ്റ്റ്‌ ഇയര്‍ ക്ലാസുകളിലൂടെ മാര്‍ച്ച്‌ ക്യാപ്റ്റന്‍ കാടന്‍ തിരിച്ചു വിട്ടെന്നും പെട്ടിയില്‍ മൊത്തം 35 രൂപ വീണെന്നും ബൂര്‍ഷ്വാസി പഠിപ്പിസ്റ്റ്‌ ചാരന്മാര്‍ മുഖേന ഞാന്‍ അറിഞ്ഞു:

പിരിവെടുത്ത 35 രൂപ കൊണ്ട്‌ 32 രൂപയ്ക്ക്‌ കിട്ടുന്ന സ്റ്റാന്‍ഡേര്‍ഡ്‌ എന്ന വിസ്കി ഫുള്‍ബോട്ടില്‍ വാങ്ങി അടി തുടങ്ങിയെന്നും എനിക്ക്‌ അടികിട്ടുന്നത്‌ കാണാന്‍ കാത്തിരിക്കുന്ന പഠിപ്പിസ്റ്റ്‌ തെണ്ടികള്‍ ഉള്ളില്‍ ഉറഞ്ഞു പൊന്തുന്ന ആഹ്ലാദം അടക്കി വച്ച
ടെന്‍ഷന്‍ അഭിനയിച്ച്‌ അപ്പഴപ്പോള്‍ എന്നെ അറിയിച്ചുകൊണ്ടിരുന്നു.

ടെന്‍ഷന്‍ മാറ്റാന്‍ ഞാന്‍ ക്ലാസിലെ ക്രിക്കറ്റ്‌ കളിക്കാരുടെ കൂടെകൂടി. ഒടിഞ്ഞ ഏതോ ബഞ്ചിന്റെ 3 സെന്റീമീറ്റര്‍ വീതിയുള്ള ഒരു പട്ടികകഷ്ണം ബാറ്റ്‌. ഒരു ഡ്രോയിംഗ്‌ സ്റ്റൂള്‍ സ്റ്റ്മ്പ്‌. ക്ലാസിന്റെ ബാക്ക്‌ സൈഡില്‍ ഒഴിഞ്ഞ സ്ഥലം പിച്ച്‌. ബൌളറുടെ സൈഡിലുള്ള ചുമരില്‍ കൊണ്ടാല്‍ ഫോര്‍. ഉയര്‍ന്നു കൊണ്ടാല്‍ സിക്സ്‌. പന്ത്‌ കടലാസു കൊണ്ട്‌ ചുരുട്ടി നിര്‍മ്മിച്ച ഒന്നാംതരം പന്ത്‌.

ഞാന്‍ ബാറ്റ്‌ ചെയ്യുകയായിരുന്നു. അതിനിടയില്‍ എനിക്കിപ്പോള്‍ അടി കിട്ടും എന്ന റൂമര്‍ റൂമര്‍ പദവി വിട്ട്‌ യാഥാര്‍ത്ഥ്യം എന്ന പദവിയില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടയിലെപ്പോഴോ എന്നെ തൊട്ടാല്‍ തൊട്ടവന്‍ പിന്നെ ഈ കോളേജില്‍ പഠിക്കുകയില്ല എന്നോ മറ്റോ ഞാന്‍ പറഞ്ഞിരുന്നു. മൊബെയില്‍, പേജര്‍, ഈ മെയില്‍ ഒന്നുമില്ലാത്ത ആ കാലഘട്ടത്തിലും ബൂര്‍ഷ്വാസികള്‍ വാര്‍ത്ത ബാറിലേക്ക്‌ വിത്തിന്‍ മൈക്രോസെക്കന്റ്സ്‌ എത്തിച്ചിരുന്നു.
എന്തുവന്നാലും ഒരു മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നാല്‍ സൂപ്പര്‍ സെവനിലെ മറ്റു മെംബേര്‍സ്‌ അതിനു സമ്മതിക്കുകയില്ല എന്ന കാര്യം 100% ഉറപ്പാണ്‌. എന്നാലും ഒരു സീനുണ്ടായി ഞാന്‍ ഇതു വരെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചുപോന്ന ധൈരവാന്‍, എന്തിനും പോന്നവന്‍, ഉരുക്കിന്റെ ചങ്കുള്ളവന്‍ തുടങ്ങിയ ഇമേജ്‌ തകരുമോ എന്ന് ഞാന്‍ ഭയന്നു. ഇനി എല്ലാവരും കൂടി എന്നെ ഇടിച്ചാല്‍ 'അയ്യോ രക്ഷിക്കണേ എന്നെങ്ങാന്‍ ഞാന്‍ കരഞ്ഞാല്‍ എല്ലാ ഗ്ലാമറും പോയില്ലെ?

ഇതിനിടയില്‍ ക്ലാസിലെ ജനലിനടിയിലുള്ള റോഡില്‍ക്കൂടി എന്നെ മര്‍ദ്ദിക്കാനുള്ള സംഘം വരുന്നുണ്ടെന്ന് ജനാലയ്ക്കല്‍ ഫീല്‍ഡു ചെയ്യുന്ന ഒരുത്തന്‍ അറിയിച്ചു. ഗാന്ധി സിനിമയില്‍ ദണ്ഡിയാത്ര നടത്തുന്നവരെ പോലെ അവര്‍ വലിയ സ്പീഡില്‍ വരുന്നു. ഒന്നാം നിലയിലുള്ള ഞങ്ങളുടെ ക്ലാസില്‍ നിന്നുള്ള ആ കാഴ്ച ഗൂഗിള്‍ എൃര്‍ത്തില്‍ നിന്ന് കാണുന്നതു പോലെയായിരുന്നു. റോഡില്‍ കിടക്കുന്ന ഒരു വലിയ കുന്തി ഉണക്കചാണകം കാടന്‍ കാലു കൊണ്ട്‌ അടിച്ചു തെറിപ്പിച്ചു. കാടന്റെ രൌദ്രമായ മുഖഭാവം കണ്ടാല്‍ ആ ഉണക്ക ചാണകം കഷ്ണങ്ങളായ പോലെ എന്റെ മോന്ത അവര്‍ തെറിപ്പിക്കും എന്ന് എനിക്ക്‌ മനസിലായി. ഓപ്പോസിറ്റ്‌ സൈക്കിള്‍ ഓടിച്ചു കൊണ്ട്‌ ഒരു വല്യപ്പന്‍ വരുന്നുണ്ടായിരുന്നു. ഏകദേശം 90 വയസ്സു മതിക്കുന്ന ആ വല്യപ്പന്റെ
സൈക്കിള്‍ ഭീമന്‍ എടുത്ത്‌ ചുമ്മാ അങ്ങ്‌ മറിച്ചിട്ടു. ഈ നിലയ്ക്ക്‌ എന്നെ കയ്യില്‍ കിട്ടിയിയാല്‍ കൊല്ലാനാണവരുടെ വരവെന്ന് എനിക്ക്‌ മനസിലായി.

പഠിപ്പിസ്റ്റ്‌ ബുദ്ധിജീവികള്‍ക്കാകെ ത്രില്ലായി. പെമ്പിള്ളേര്‍, സങ്കൂ, ഒന്ന് വേഗം പോ. പ്രശ്നം ഉണ്ടാക്കണ്ട. അവന്മാര്‍ നിന്നെ തല്ലും. ഞങ്ങള്‍ക്കും അറിവു കിട്ടിയിട്ടുണ്ട്‌. പ്ലീസ്‌ പോ എന്ന് പറഞ്ഞു.
ഞാന്‍ ബാറ്റും കൊണ്ട്‌ ക്രീസിലെത്തി. ബോള്‍ ചെയ്യടാ. ധീരന്മാര്‍ക്ക്‌ ഒരിക്കലേ മരണമുള്ളൂ.... എന്നോക്കെ ഒന്ന് അലറി. ആ അലറല്‍ കേട്ട്‌ ക്ലാസാകെ ഞെട്ടിത്തരിച്ചു. എന്റെ അകത്തു നിന്ന് ഉയരുന്ന ദീനവിലാപം മറച്ചു വെച്ചുകൊണ്ട്‌ ഞാന്‍ നടത്തിയ ആ അഭിനയമുണ്ടല്ലോ അതു മതി എനിക്ക്‌ ഭരത്‌ അവാര്‍ഡ്‌ കിട്ടാന്‍.

അങ്ങനെ ഞാന്‍ ബാറ്റു ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഇടിവാള്‍ ക്ലാസില്‍ കേറി വന്നു. ബൌളര്‍ ബൌള്‍ ചെയ്യാന്‍ മറന്നു നിന്നു. മറ്റുള്ളവന്മാരെ ഒന്നും കാണുന്നില്ല. ഓരോരുത്തരായി ഊഴം വച്ച്‌ അടിക്കാനാണ്‌ പരിപാടി എന്ന് തോന്നുന്നു.

ഞാന്‍ അവശേഷിച്ച ധൈര്യം സംഭരിച്ച്‌ പറഞ്ഞു: ബോള്‌ ചെയ്യടാ.....

ആ സമയം ഇടിവാള്‍ എന്റെ അടുത്തെത്തി. എന്റെ കയ്യില്‍ കിരീടത്തിലെ സേതുമാധവന്റെ കയ്യില്‍ കിട്ടിയ കോലുപോലെ അടിക്കാന്‍ പാകത്തിനു നിര്‍മ്മിച്ച ബാറ്റിരിക്കുന്നു. എങ്ങിനെയായിരിക്കും ഇടിവാള്‍ എന്നെ അറ്റാക്ക്‌ ചെയ്യാന്‍ പോകുന്നത്‌. എന്തായാലും ബാറ്റു കൊണ്ട്‌ ഒന്ന് കൊടുക്കണം എന്ന് ഞാന്‍ ഉറപ്പിച്ചു. ആദ്യത്തെ അടി അവനടിക്കട്ടെ.

ഇടിവാള്‍ വന്ന് എന്റെ മുന്നില്‍ നിന്നു. പെണ്‍കുട്ടികള്‍ ഇപ്പോ കരയും എന്ന മട്ടില്‍ വായ തുറന്നു നിന്നു. ബൂര്‍ഷ്വകള്‍ ത്രില്ലില്‍ നിന്നു. എന്നെ തല്ലാന്‍ വന്ന സംഘങ്ങളില്‍ ആരെയും കാണുന്നില്ല.

ഇടിവാളിന്റെ കൈ എന്റെ മുഖത്തിനു നേരെ ഉയര്‍ന്നു. എന്റെ മോന്തക്കിട്ടാണ്‌ ആദ്യത്തെ കീറ്‌ കീറാന്‍ പോകുന്നെതെന്ന് മനസിലായ ഞാന്‍ ഞെട്ടി മുഖം പിന്നോട്ട്‌ നീക്കി. എന്റെ മുട്ടുകാല്‍ കൂട്ടി ഇടിച്ചു തുടങ്ങിയിരുന്നെന്ന് ചിലവന്മാര്‍ പിന്നീട്‌ പറഞ്ഞുനടന്നു.

എന്നാല്‍ ഇടിവാളിന്റെ കൈ നേരെ എന്റെ തോളിലാണ്‌ പതിച്ചത്‌, അതും സൌമ്യമായി. അവന്‍ അരുള്‍ ചെയ്തു:

എനിക്ക്‌ നിന്നോട്‌ അല്‍പം സംസാരിക്കാനുണ്ട്‌...

യെസ്‌, അലോവ്ഡ്‌. സംസാരിച്ചോ

ഇല്ല, പേഴ്സണലാണ്‌. ഒന്നു പുറത്തു വരാമോ?

എന്തു കൊണ്ട്‌ വരില്ല.

അവന്‍ എന്റെ തോളത്ത്‌ കൈ ഇട്ടു. ഞാനും അവനും ചിരപരിചിത സുഹൃത്തുക്കളായി ക്ലാസില്‍ നിന്ന് പുറത്തുകടന്നു.

ക്ലാസിന്റെ ഭൂമി ശാസ്ത്രം. മെയിന്‍ ബ്ലോക്കില്‍ നിന്നകന്ന് മറ്റൊരു ബ്ലോക്കില്‍ ആകെ ഞങ്ങളുടെ ക്ലാസേ അന്നുണ്ടായിരുന്നുള്ളൂ. അതിന്റെ കോണിപ്പടി 12 പടി ഇറങ്ങിയാല്‍ ഒരു യു ടേണ്‍ ഉണ്ട്‌. വീണ്ടും 12 പടി. ആ യൂ ടേണ്‍ എത്തിയപ്പോള്‍ ഇടിവാള്‍ നിന്നു. ഞാന്‍ നോക്കിയപ്പോള്‍ സ്ത്രീ രത്നങ്ങള്‍ അടക്കം ക്ലാസിലെ കുട്ടികള്‍ എല്ലാം അപ്‌ ഡയറക്ഷനിലുള്ള 12 പടികളില്‍ നില്‍ക്കുന്നു. എല്ലാരുടേയും മുഖത്ത്‌ ആകാംക്ഷ.

എന്നെ തല്ലാന്‍ വന്ന സംഘത്തിലെ എല്ലാവരും ഡൌണ്‍ ഡയറക്ഷനില്‍ 12 പടികളില്‍ നില്‍ക്കുന്നു. ഞാന്‍ സ്വാഭാവികമായു ഒരു മൂലയിലേക്ക്‌ ഒതുങ്ങി.
വിചാരണ ആരഭിച്ചു.

നീ ഇന്നലെ ഞങ്ങളെ ഒറ്റിക്കൊടുത്തു അല്ലേഡാ? -ഇടിവാല്‍ ചോദ്യമാരംഭിച്ചു
ഉവ്വ്‌, ഞാന്‍ നിങ്ങളെ ഒറ്റി.
എന്റെ പാന്റ്സ്‌ നീലയാണെന്നു പറഞ്ഞപ്പോള്‍ നീ ചിരിച്ചു അല്ലേഡാ?
ഉവ്വ്‌ ഞാന്‍ ചിരിച്ചു.
നീ ചിരിച്ചത്‌ ശരിയായെന്ന് നിനക്ക്‌ തോന്നുന്നുണ്ടോ?
ഇല്ല. ഞാന്‍ ചിരിച്ചത്‌ തീരെ ശരിയായില്ല.
നിന്നെ അതിന്‌ ശിക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്‌.
നല്ലത്‌, ശിക്ഷ ഞാന്‍ അര്‍ഹിക്കുന്നു.
എന്റെ ഈ കുറ്റസമ്മതത്തില്‍ മൊത്തം ഓഡിയന്‍സ്‌ ഒന്ന് ഞെട്ടി. ഒരു പോരാട്ടത്തിന്‌ നില്‍ക്കുന്നത്‌ നല്ലതല്ല എന്ന് എനിക്ക്‌ എന്റെ ഉറ്റസുഹൃത്തുക്കളുടെ മുഖഭാവത്തില്‍ നിന്ന് മനസിലായിരുന്നു. ഇടഞ്ഞാല്‍ അവരും എന്നെ തല്ലും എന്ന് എനിക്ക്‌ മനസിലായി.
എനിക്ക്‌ നിന്നെ ഇടിക്കണം -ഇടിവാള്‍
ഓക്കേ, നിനക്കിടിക്കണമെങ്കില്‍ ഇടിക്കാം.
എവിടെ ഇടിക്കണം? ലോക ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ അങ്ങനെ ഒരു ചോദ്യം ഇടിയന്‍ ഇരയോടെ ചോദിച്ചിട്ടുണ്ടാകുക.
നീ ഇവിടെ ഇടിക്കടാ.. ഞാന്‍ എന്റെ വയറില്‍ ഏകദേശം പൊക്കിള്‍ക്കൊടി ഭാഗം ചൂണ്ടി കാട്ടികൊടുത്തു.
എന്റെ ഉത്തരം കേട്ട്‌ അപ്‌ ഡയറക്ഷനില്‍ നിന്ന് ഒരു സീല്‍ക്കാരവും, പെണ്‍പിള്ളേര്‍ എന്തോ ഭീകരരംഗം കണ്ട പോലെ
മുഖം ചുളിക്കലും ഞാന്‍ കേട്ടു/കണ്ടു.

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്‌ നടന്നത്‌. ഇവന്‍ കേറി ഇടിച്ചു കളയും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഞാന്‍
പെട്ടന്ന് കുറ്റസമ്മതം നടത്തിയതും, ശിക്ഷാര്‍ഹനാണെന്ന് സ്വയം പറഞ്ഞതും അവന്റെ പ്രതിരോധത്തെ തകര്‍ത്തു. അതിനാല്‍ അവന്‍ ഒരടി പിന്നോട്ട്‌ മാറി അവന്റെ ഉരുക്കുമുഷ്ടി പിന്നിലേക്കെടുത്ത്‌ ക്ഡും, ക്ഡും, ക്ഡും എന്ന മൂന്ന് അതിശക്തമായ 100 കിലോ ഇടികള്‍ ഞാന്‍ ചൂണ്ടിക്കാട്ടിയ ഭാഗത്ത്‌ അര സെക്കന്റിനുള്ളില്‍ പതിപ്പിച്ചു. കെട്ടിടത്തിന്റെ അസ്ഥിവാരം പോലും ആ ഇടികളുടെ ശബ്ദത്തില്‍ കിടുങ്ങി.
പെണ്‍കുട്ടികള്‍ അയ്യോ എന്ന് കരഞ്ഞുകൊണ്ട്‌ ക്ലാസിലേക്ക്‌ തിരിഞ്ഞോടി. വയറും പൊത്തി നിലത്തിരിക്കേണ്ട ഞാന്‍ അതിനു മുമ്പ്‌ അവനോട്‌ ചോദിച്ചു: കഴിഞ്ഞോ?
ഉവ്വ്‌ കഴിഞ്ഞു. അവന്‍ കിതച്ചു കൊണ്ട്‌ പറഞ്ഞു.
ഇനി നിനക്ക്‌ വേറേ എവിടെയെങ്കിലും ഇടിക്കണോ?
വേണ്ട...
ഇനി എനിക്ക്‌ ക്ലാസിലോട്ട്‌ പോകാമല്ലോ അല്ലേ?
ഉവ്വ്‌ ഇനി നീ സ്വതന്ത്രനാണ്‌....

ഞാന്‍ അപ്‌ ഡയറക്ഷന്‍ കോണിപ്പടികള്‍ കയറി. സൂപ്പര്‍ സെവന്‍ മെംബേര്‍സ്‌ വായും തുറന്ന് നില്‍ക്കുന്ന കണ്ടു. ബൂര്‍ഷാ, നിഷ്പക്ഷ,പഠിപ്പിസ്റ്റുകളെ വകഞ്ഞു മാറ്റി ഞാന്‍ ക്ലാസിലേക്ക്‌ വലിഞ്ഞു നടന്നു. വയറുപൊത്തി നിലവിളിക്കണമെന്ന് തോന്നിയെങ്കിലും ചമ്മല്‍ കാരണം അതിനു നിന്നില്ല.

സ്റ്റെയര്‍കേസിന്റെ മുകളിലെ ഡോറില്‍ ഞാന്‍ എത്തിയപ്പോള്‍ താഴെ എന്നെ മര്‍ദ്ദിച്ച അതേ സ്ഥാനത്ത്‌ ഒരു ലഹള കേട്ടു.

ഇടിവാള്‍ ഒരു മൂലയ്ക്ക്‌ നില്‍ക്കുന്നു. മുട്ടിത്തടി ഗിര്‍ധരഗോപകുമാരന്‍ എന്നറിയപ്പെടുന്ന ഒരു അയ്യോപാവം ചെക്കന്‍ മുണ്ട്‌
വകഞ്ഞു മാറ്റി (അന്നവന്‍ മുണ്ടുടുത്താണ്‌ വന്നിരുന്നത്‌) അവന്റെ ഈര്‍ക്കിളി കാലു കൊണ്ടിട്‌ ഇടിവാളിന്റെ നെഞ്ചില്‍ ചവിട്ടുന്നു. എല്ലാവരും അവനെ പിടിച്ചു മാറ്റുന്നു.

ഞാന്‍ ക്ലാസില്‍ കേറിയപ്പോള്‍ ഒരു പെണ്‍ കുട്ടി മോഹല്‍സ്യപ്പെട്ടു കിടക്കുന്നു. അവളെ മറ്റൊരുവള്‍ ടവ്വല്‍ കൊണ്ട്‌ വീശുന്നുണ്ട്‌. മൂന്നാമത്തെ ക്ടാവ്‌ കിടുകിടെ വിറച്ച്‌ നില്‍ക്കുന്നു. അവരൊക്കെ ജീവിതത്തില്‍ ആദ്യമായാണ്‌ കിന്റലിടി കാണുന്നത്‌.

അരനിമിഷത്തിനു ശേഷം സഖാവ്‌ ക്ലാസിലേക്കോടിവന്നു. എന്നോടോ ഇടിവാളിനോടോ പ്രത്യേകിച്ച്‌ യാതൊരു പ്രതിപത്തിയും ഇല്ലാത്തവന്‍. അവന്‍ വന്ന് എന്നെ പൊക്കി. എഡാ @#$^%$#മോനേ.... വാടാ അവനിട്ട്‌ രണ്ടെണ്ണം കൊടുക്കടാ...ഠെണ്ടീ, തല്ലും കൊണ്ട്‌ വന്നു കിടക്കുന്നു... വാടാ..... വാടാ.....

ഞാന്‍ കയ്യുയര്‍ത്തി ഗാന്ധിയോ, യേശുവോ മറ്റോ ആയി..... വേണ്ട്രാ.....വേണ്ടാ......

കാലത്തു തിന്ന ദോശയെല്ലാം ഇവന്റെ ഇടിയില്‍ വീണ്ടും മാവായിപ്പോയിരുന്നു.


======
കഥാശേഷം നടന്നത്:

ക്ലാസില്‍ നിന്ന് സഖാവ് പോയതും,പുറത്തു നിന്ന് വലിയൊരു കരച്ചില്‍ കേട്ടു.

അയ്യോ സങ്കുചിതാ, അയ്യോ.... ഹാഹൂഹീഹെറുഹൈഹോഹൌഹം ഹാ.....സങ്കൂ.....

ഇടിവാള്‍ എന്നെ വന്നു കെട്ടിപ്പിടിച്ചു. നിനക്ക് വിശക്കുന്നുണ്ടോടാ....
അവന്‍ എന്റെ വയര്‍ ഉഴിഞ്ഞു ചോദിച്ചു.
ഉണ്ടെടാ....
വാടാ ക്യാന്റീനീല്‍ പോകാം. അവന്‍ എന്നെ ക്ഷണിച്ചു.

ഇടിവാളിന്റെ വക സ്പെഷല്‍ ചായ (1 രൂപ) വിത്ത്‌ പൊറോട്ട പെയിന്റടിച്ചത്‌ (ബീഫ്‌ചാറില്‍ ഇടിവാളിന്റെ പ്രത്യേക ശുപാര്‍ശയില്‍ അതില്‍ മൂന്ന് കഷ്ണം ഇടാന്‍ ഫ്രാന്‍സീസേട്ടന്‍ തയാറായി.) അറ്റിച്ച്‌ കാന്റീനില്‍ ഇരിക്കുമ്പോള്‍ സഖാവ്‌ അങ്ങോട്ട്‌ കേറിവന്നു. നാണമില്ലാത്ത തെണ്ടി നീയൊന്നും ഒരിക്കലും നേരെയാവില്ലടാ എന്ന് പറഞ്ഞ്‌ അവന്‍ ഒരു വലിയ കഷ്ണം പൊറോട്ടയും ആകെയുണ്ടായിരുന്ന മൂന്ന് ബീഫ്‌ കഷ്ണങ്ങളും വാരിയെടുത്ത്‌ ഓടിപ്പോയി.

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.