Thursday, June 29, 2006

ഞാന്‍ ശബരിമലമുട്ടന്‍ -2

നിങ്ങള്‍ മലയാളികള്‍ക്ക്‌ ചിലപ്പോള്‍ എന്നെ പരിചയമുണ്ടാകില്ല. കാരണം, ഭഗവാനൊരു കൈക്കൂലി എന്ന നിലക്കാണെങ്കില്‍ പോലും എന്നെ പോലെ വിപണിയില്‍ വിലമതിക്കുന്ന ഒരു ആടിനെ നിങ്ങള്‍ വെറുതേ കളയില്ല. രണ്ടു കതിന വെടി അല്ലെങ്കിലൊരു പൂവന്‍ കോഴി, ഇതില്‍ കൂറ്റുതല്‍ ഈ ഇനത്തില്‍ ചിലവാക്കാത്ത പ്രായോഗിക ബുദ്ധിക്കാരാണല്ലോ നിങ്ങള്‍. എന്നാല്‍ പാവം എന്റെ യജമാനന്റെ നാട്ടുകാര്‍ (പഴയ യജമാനന്റെ, ഇപ്പോഴത്തെ യജമാനന്‍ ഭഗവാന്‍ അയ്യപ്പനാണല്ലോ) -നിങ്ങള്‍ പാണ്ടികള്‍ എന്ന് പുച്ഛിക്കുന്ന ആ പാവങ്ങള്‍- എന്നെ പോലെയുള്ള ഉഷാറ്‌ മുട്ടന്മാരെ ശബരിമല, പഴനി പിന്നെ അനേകം ലോക്കല്‍ അമ്പലങ്ങള്‍ ഇവിടങ്ങളിലേക്ക്‌ നേര്‍ന്ന് ഉഴിഞ്ഞ്‌ വിടാറുണ്ട്‌.

ജനിക്കുകയാണെനെകില്‍ ശബരിമല മുട്ടനായി ജനിക്കണമെന്ന് എന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട ദാരിദ്ര്യരേഖയ്ക്ക്‌ താഴെ കിടക്കുന്ന, തമിഴ്‌ വംശജര്‍ ഇടയ്ക്കിടയ്ക്ക്‌ പറയുന്നത്‌ ഞാന്‍ കേള്‍ക്കാറുണ്ട്‌ -ഒരു നെടുവീര്‍പ്പോടെ. അവരെ കുറ്റം പറയാന്‍ സാധിക്കില്ല. ഈ ശബരിമല മുട്ടന്‍ പട്ടം കിട്ടിയ അന്നുമുതല്‍ ഞങ്ങള്‍ സവര്‍ണ്ണകുലക്കാരായി മാറും. പൂര്‍വ്വാശ്രമം ആരും അന്വേഷിക്കില്ല. എല്ലായിടത്തുനിന്നും ഭക്ഷണം. ഞങ്ങളെ ദൈവത്തിനും അവര്‍ക്കും ഇടയ്ക്കുള്ള ഒരു പാലമായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള ആരാധന, എവിടെയും കയറിച്ചെല്ലുവാനുള്ള അനുവാദം. എന്നാല്‍ എന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട സാധാരണക്കാരുടെ കാര്യം കഷ്ടം തന്നെ. കറവയുടെ നേരത്ത്‌ കൃത്യമായി പാലെടുക്കും. പിന്നെ ഭക്ഷണം തേടല്‍ പാവങ്ങളുടെ സ്വന്തം ജോലി. സിനിമാ പോസ്റ്റര്‍ വരെ തിന്ന് വിശപ്പടക്കുന്ന എത്രയോ പാവങ്ങള്‍! ഇതെല്ലാം കണ്ട്‌ എനിക്ക്‌ ധാര്‍മ്മിക രോഷം ഉണ്ടാകാറുണ്ട്‌. പക്ഷേ എനിക്ക്‌ പ്രതികരിക്കാന്‍ അവകാശമില്ല. ഞാന്‍ അയ്യപ്പന്റെ ദാസനാണ്‌. എനിക്ക്‌ വിധിച്ചിട്ടുള്ളത്‌ ഭക്തിമാര്‍ഗ്ഗമാണ്‌. നിത്യ ബ്രഹ്മചര്യം! പ്രാര്‍ത്ഥനാ നിര്‍ഭരമായ രാപകലുകള്‍! ചുറ്റും നടക്കുന്നതൊന്നും കാണരുത്‌, കേള്‍ക്കരുത്‌! ആത്യന്തിക ലക്ഷ്യമായ ശബരിമലയിലേക്കുള്ള പ്രയാണത്തിലായിരിക്കണം ഞാന്‍. സ്വാമി ശരണം! എന്റെ വര്‍ഗ്ഗക്കാരുമായി കൂട്ടം കൂടി നടക്കുന്നതില്‍ നിന്നും എനിക്ക്‌ വിലക്കുണ്ട്‌. ഈ വിലക്കുകള്‍ ഉണ്ടാക്കിയവര്‍ ഒന്നോര്‍ക്കുന്നുല്ല. എനിക്കുമുണ്ട്‌ മോഹങ്ങള്‍. എനിക്കുമുണ്ട്‌ ചെറുപ്പത്തിന്റെ തിളപ്പ്‌. ഒരു പറമ്പിലേക്ക്‌ അതിക്രമിച്ചു കയറി ഉടമസ്ഥന്‍ കാണാതെ നാല്‌ ഇല ചവച്ചരച്ച്‌ തിന്നുന്നതിന്റെയും, പിടിക്കപ്പെടുമ്പോള്‍ വേലി ചാടി ഓടുന്നതിന്റെയും ത്രില്ല് എനിക്കും ആസ്വദിക്കണമെന്നുണ്ട്‌. എന്തു ചെയ്യാം! ഞങ്ങള്‍ക്കതൊന്നും വിധിച്ചിട്ടില്ല.

അങ്ങിനെ ജീവിതം വിരസമായി, എങ്കിലും അല്ലലില്ലാതെ മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുമ്പോഴാണ്‌ എന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു സംഭവം ഉണ്ടായത്‌. ഒരു ഞെട്ടലോടെയാണ്‌ ഞാന്‍ അക്കാര്യം ഓര്‍മ്മിക്കുന്നതുതന്നെ!

അവര്‍ണ്ണകുലത്തില്‍പ്പെട്ട ഒരു പാവം കറമ്പിപ്പെണ്ണാട്‌ -യുവ കന്യക- എന്നെ പ്രേമിക്കുന്നു!! അതിശക്തമായി പ്രേമിക്കുന്നു.! സ്വാമി ശരണം!

ഞാന്‍ കടിച്ച ഇല കാഞ്ഞിരത്തിന്റേതാണെങ്കിലും പ്ലാവില തിന്നുന്ന സ്വാദോടെ തിന്നാന്‍ അവള്‍ റെഡി! എന്നെ സന്തോഷിപ്പിക്കാന്‍ പതിവില്ലാത്ത വിധം രണ്ടു നേരം കുളിക്കാന്‍ അവള്‍ റെഡി!

അല്ലയോ കറമ്പീ...സുന്ദരീ.... ഞാന്‍ ഭഗവാന്‍ അയ്യപ്പന്റെ പ്രതിനിധി! സാക്ഷാല്‍ മാളികപ്പുറത്തിനെ പടിക്ക്‌ പുറത്ത്‌ ആജീവനാന്തം കാത്തിരിക്കാന്‍ വിട്ട ഭഗവാന്റെ സ്വന്തം പ്രൊപ്പെര്‍ട്ടി. നിത്യബ്രഹ്മചാരി! എന്റെ ആത്യന്തിക ലക്ഷ്യം സന്നിധാനം! നീ പ്പൊ! എനിക്ക്‌ വേണ്ടി യുഗാന്തരങ്ങളോളം നിന്റെ കന്യകാത്വം എനിക്ക്‌ വേണ്ടി കാത്തുസൂക്ഷിച്ചാലും എന്റെ മനസിളക്കാമെന്ന് നീ കരുതണ്ടാ... പോയി നിന്റെ കൂട്ടത്തില്‍ നിന്ന് ഒരു കണവനെ തിരഞ്ഞെടുക്ക്‌. അവന്റെ കുട്ടികളെ പ്രസവിച്ച്‌ സന്തോഷത്തോടെ ജീവിക്ക്‌...

കറമ്പി പിന്‍ വാങ്ങുന്ന മട്ട്‌ കണ്ടില്ല. ഞാന്‍ പോകുന്ന വഴിയേ അവള്‍ വരും.. ഞാന്‍ നിന്നല്‍ ഒരു കാതം അകലെയായി അവളും നില്‍ക്കും. ഞാന്‍ തിന്ന് ബാക്കി ഇടുന്നതേ തിന്നൂ! ഞങ്ങളുടെ ഇടയില്‍ വലിയ മുറുമുറുപ്പുണ്ടായതെല്ലാം ഞാന്‍ വളരെ വൈകിയാണറിഞ്ഞത്‌. അവര്‍ക്കിടയില്‍ എനിക്കധികം ചങ്ങാതിമാരുണ്ടായിരുന്നില്ലല്ലോ. ഒരു വിശുദ്ധനായ എന്നെ ചങ്ങാതിയാക്കാനും അവര്‍ക്ക്‌ താല്‍പര്യം ഉണ്ടായിരുന്നില്ല. പ്രശ്നം രൂക്ഷമായി. കറമ്പിയെ മോഹിക്കുന്ന മറ്റൊരു മുട്ടനാണ്‌ അനാവശ്യങ്ങള്‍ പറഞ്ഞു പരത്തിയത്‌. നിത്യ ബ്രഹ്മചായി ശബരിമല മുട്ടന്‍ പ്രേമിച്ച്‌ നടക്കുന്നു. കറമ്പിയെ ഭക്ഷണം കൊടുത്ത്‌ പ്രലോഭിപ്പിക്കുന്നു... നാളെ ചിലപ്പോള്‍ സൂര്യന്‍ ഉദിച്ചെന്ന് വരില്ല. സത്യത്തിന്‌ ഒരു വിലയുമില്ലാത്ത നാട്‌. ഇനി ഈ നാട്‌ പറ്റില്ല. പോകണം. തന്റെ ലക്ഷ്യത്തിലേക്ക്‌ മുന്നേറുക തന്നെ.

അങ്ങിനെയാണ്‌ സ്നേഹിതരേ ഞാന്‍ ആ ഗ്രാമം വിട്ടത്‌. ഒരു വൈക്കോല്‍ ലോറിയുടെ പുറകില്‍ ചാടിക്കയറി ഒരു രാത്രി കൊണ്ട്‌ ഇവിടെയെത്തി. ശബരിമലയിലേക്ക്‌ ഇനിയുമേറെ ദൂരമുണ്ടെന്നെനിക്കറിയാം. പതുക്കെ പതുക്കെ സന്നിധാനത്തെത്താനാണെന്റെ പരിപാടി. അവിടെയെത്തുമ്പോഴേക്ക്‌ വൃദ്ധനാകണം. ശേഷിച്ച കാലം അയ്യപ്പഭജനയുമായി സന്നിധാനത്ത്‌ കഴിയണം. അതുവരെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും തമ്പടിച്ച്‌, വിവിധസംസ്കാരങ്ങള്‍ അടുത്തറിഞ്ഞ്‌ പതുക്കെപതുക്കെ ശബരിമലയിലേക്ക്‌ നീങ്ങുക.

ഒരു കാര്യത്തില്‍ എനിക്ക്‌ നിങ്ങള്‍ മലയാളികളോട്‌ വലിയ ബഹുമാനം തന്നെയുണ്ട്‌. അജപരിപാലനത്താല്‍ നിങ്ങള്‍ തമിഴരേക്കാള്‍ എത്രയോ മാന്യന്മാര്‍! അവര്‍ക്ക്‌ ഞങ്ങളുടെ വര്‍ഗ്ഗം വെറും ഉല്‍പാദകയന്ത്രങ്ങള്‍! നിങ്ങള്‍ക്കുമങ്ങിനെതന്നെ. പക്ഷേ നിങ്ങള്‍ ഈ യന്ത്രങ്ങള്‍ക്ക്‌ ഇന്ധനം എത്തിക്കുന്ന കാര്യത്തില്‍ തികഞ്ഞ ശുഷ്കാന്തിയുണ്ട്‌. നിങ്ങളുടെ ഈ കൊച്ചുഗ്രാമത്തില്‍ യജമാനന്മാരും എന്റെ വര്‍ഗ്ഗക്കാരും തമ്മില്‍ എന്തൊരു വൈകാരിക ബന്ധമാണെന്നോ? മക്കളേക്കാള്‍ സ്നേഹം ആടിനോട്‌ കാണിക്കുന്ന എത്ര അമ്മമാര്‍! പുറത്ത്‌ പോയി തിരികെ വരുമ്പോള്‍ ഒരു പഴത്തൊലി (അല്ലെങ്കില്‍ നാല്‌ പഴുത്ത പ്ലാവില) ആടിന്‌ കൊണ്ടുവരുന്ന എത്രയോ കുടുംബനാഥന്മാര്‍. ജനിക്കുകയാണെങ്കില്‍ നിങ്ങളുടെ ആടായിതന്നെ ജനിക്കണം.

ഞാന്‍ ഇവിടെ വന്നിറങ്ങിയ ദിവസം എന്നെ പ്രതി നിങ്ങളുടെ കൊച്ചുകവലയില്‍ ഒരു തര്‍ക്കം തന്നെ ഉണ്ടായി. പഴയ യജമാനന്‍ കഴുത്തിലിട്ട്‌ തന്നിരിന്ന ഒരു തുകല്‍ ബെല്‍റ്റും അതില്‍ തൂക്കിയിട്ടിരുന്ന ഭഗവാന്‍ അയ്യപ്പ്പന്റെ ഒരു ലോഹചിത്രവും രക്ഷിച്ചു. ചില പഴയ ആള്‍ക്കാര്‍ ഞാന്‍ ശബരിമല മുട്ടനാണെന്ന് സ്ഥിരീകരിച്ചു.

പക്ഷേ, തമിഴന്മാര്‍ ഞങ്ങള്‍ ദൈവദാസന്മാര്‍ക്ക്‌ നല്‍കുന്ന നിലയും വിലയുമൊന്നും നിങ്ങള്‍ കല്‍പ്പിക്കുന്നില്ല. എനിക്കതില്‍ ഖേദമില്ല. പക്ഷേ തേരാ പാരാ തെണ്ടിനടക്കുന്ന തൊഴില്ലാത്ത ചെറുപ്പക്കരെ നിങ്ങള്‍ ശബരിമലമുട്ടന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നതിനോട്‌ എനിക്കെതിര്‍പ്പുണ്ട്‌.

ഈ ഗ്രാമത്തില്‍ ഏറ്റവും കൂടുതലാടുകളുള്ളത്‌ ഒരു ഭാസ്കരനാണ്‌. ഈ മനോഹരഗ്രാമത്തിന്റെ രൂപത്തിനോ സ്വഭാവത്തിനോ യോജിക്കാത്ത ഒരു മീശക്കൊമ്പന്‍. അവന്റെ നോട്ടം തന്നെ എനിക്ക്‌ പിടിക്കാറില്ല. ഞായറാഴ്ചകളില്‍ ഒന്നോ രണ്ടോ ആടുകളെ അവന്‍ കൊന്ന് തോലു കളഞ്ഞ്‌ വീടിന്‌ മുന്‍ വശത്ത്‌ ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ കെട്ടിത്തൂക്കി ഇടും. തോല്‌ ഉ രിഞ്ഞ്‌ ചോരയില്‍ കുളിച്ച്‌ ആ പാവങ്ങള്‍ തൂങ്ങികിടക്കുന്നത്‌ എനിക്ക്‌ നോക്കാനേ സാധിക്കുമായിരുന്നില്ല. താഴെ ആ പാവങ്ങളുടെ തലകളും അറുത്തെടുത്ത്‌ വില്‍പനയ്ക്ക്‌ വച്ചിട്ടുണ്ടായിരിക്കും. ഹോ! കണ്ണുകള്‍ ആ ക്രൂരന്‍ ഒരിക്കലും അടച്ച്‌ വക്കില്ല. ആ പാവം കണ്ണുകള്‍ ദയനീയമായി എന്നെ നോക്കാറുണ്ട്‌. ഞങ്ങള്‍ മുട്ടന്മാര്‍ ജനിച്ചതേ നിങ്ങള്‍ക്ക്‌ ഭക്ഷണമാകാന്‍ വേണ്ടിയാണോ? ഈ ഘോരമായ കാഴ്ച എന്നില്‍ എല്ലാ ഞായറാഴ്ചകളിലും പ്രതികാരത്തിന്റെ കനല്‍ വീഴ്ത്താറുണ്ട്‌.
ഈ ശപ്പന്‍ മീശക്കൊമ്പന്‍ ഭാസ്കരന്റെ പള്ളയില്‍ ഒരു ദിവസം കൊമ്പ്‌ കയറ്റിയാലോ എന്ന് ഞാന്‍ ചിന്തിക്കായ്കയല്ല.

പക്ഷേ ഞാന്‍ ശബരിമല മുട്ടനാകുന്നു.

എന്റെ ആത്യന്തിക ലക്ഷ്യം സന്നിധാനം. പ്രതികാരം എന്ന വാക്ക്‌ ഞാന്‍ ചിന്തിച്ചുകൂടാ....
സ്വാമി ശരണം.
തുടരും, തുടരണോ?

Wednesday, June 28, 2006

ഞാന്‍ ശബരിമലമുട്ടന്‍ (ചെറുകഥ)

(ആരുടേയും മതവികാരങ്ങളെ നോവിക്കുവാനല്ല ഞാന്‍ ഈ പോസ്റ്റു ചെയ്യുന്നതെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ ഞാന്‍ ഒരു പോസ്റ്റാക്കിയെന്നു മാത്രം. കട: കുറു)
വാസ്തവത്തില്‍ പ്രസ്തുത വാര്‍ത്ത ഞാന്‍ മിനിഞ്ഞാന്നു തന്നെ മലയാളം ചാനലുകളിക്കൂടി അറിഞ്ഞതാണ്‌. ഒരു സാദാ വാര്‍ത്ത എന്നല്ലാതെ അതിനെപറ്റി മറ്റൊരു ചിന്തയും എനിക്കുണ്ടായിരുന്നുമില്ല. ഭക്ഷണമേശയില്‍ വിരിച്ച വര്‍ത്തമാനപത്രം കഴിക്കുന്നതിനിടെ വായിക്കുക എന്ന ഒരു പൊട്ടസ്വഭാവത്തിന്റെ ഫലമായിട്ടാണ്‌ അപ്രതീക്ഷിതമായി ആ വാര്‍ത്ത ഞാന്‍ വീണ്ടും ശ്രദ്ധിക്കാന്‍ ഇടവന്നത്‌.

വാേര്‍ത്ത ഇത്രയുമായിരുന്നു:

ഉത്തര്‍പ്രദേശിലെ ഏതോ കുഗ്രാമത്തില്‍ ഒരു കന്യാസ്ത്രീമഠത്തില്‍ അതിക്രമിച്ചുകയറിയ ഒരു പറ്റം അക്രമികള്‍ രണ്ട്‌ കന്യാസ്ത്രീകളെ ബലാല്‍ക്കാരം ചെയ്ത്‌ കൊന്നു.അവര്‍ മലയാളികളായിരുന്നതാണോ, എന്റെ പഴയ സഹപാഠിയും അയല്‍ക്കാരിയുമായിരുന്ന -ചെറുപ്പത്തിലേ വീട്ടുകാര്‍ കര്‍ത്താവിന്‌ നേര്‍ന്ന് വച്ചിരുന്ന- ട്രീസയെപ്പറ്റി പെട്ടന്ന് ഓര്‍മ്മ വന്നതോ എന്താണ്‌ എന്നെ പെട്ടന്ന് നിരുന്മേഷവാനാക്കിയതെന്ന് എനിക്കറിഞ്ഞുകൂടാ.. ട്രീസ്‌ ഇപ്പോള്‍ ഉത്തരേന്ത്യയിലെവിടെയോ വേറേ എതോ പേരില്‍ കര്‍ത്താവിന്റെ മണവാട്ടി ആയി കഴിയുകയാണ്‌.

എന്തോ എനിക്കൊരു രാത്രി പോയിക്കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.

കനം വച്ച ഹൃദയം എന്തെങ്കിലും എഴുതാനുള്ളതിന്റെ മുന്നോടിയാണെന്നുള്ള ഒരു വിശ്വാസം ഞാന്‍ സ്വയം അടിച്ചേല്‍പ്പിച്ചിട്ടുണ്ട്‌ ഈയിടെയായി. പേന എടുത്തു, കടലാസ്‌ എടുത്തു. ഇരുന്നു.

പതിവുപോലെ അക്ഷരങ്ങള്‍ എനിക്ക്‌ പിടി തരാതെ തെന്നിമാറിക്കൊണ്ടിരിക്കുന്നു.

ലൈറ്റ്‌ കെടുത്തട്ടെ ഭായ്‌. റൂമേറ്റ്‌ പട്ടര്‍.

ഞാന്‍ തപസ്സവസാനിപ്പിച്ച്‌ കിടന്നു. സമയം പതിനൊന്നര. വെറുതേ ചുമരിലേക്ക്‌ തുറിച്ചുനോക്കി രണ്ട്‌ മണിക്കൂറായി ഇരിക്കുന്നതായിരുന്നുവെന്ന് തോന്നുന്നു പട്ടരെ പ്രകോപിപ്പിച്ചത്‌. ചിലപ്പോള്‍ അയാള്‍ എന്തെങ്കിലും ചോദിച്ചിരിക്കും. ഞാന്‍ കേട്ടിട്ടുണ്ടാകില്ല. എന്റെ മനസ്‌ ദൈവങ്ങള്‍ ആത്മീയത്‌ തുടങ്ങിയ കാര്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞ്‌ നടക്കുകയായിരുന്നല്ലോ. എന്തായാലും പട്ടരെ പിണക്കണ്ട. ലൈറ്റ്‌ കെടുത്തി കിടന്നു.

എന്തോ സ്വപ്നം കണ്ടിട്ടാണെന്ന് തോന്നുന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നു. മൂന്ന് മണി. പട്ടരുടെ അതിമനോഹരമായ കൂര്‍ക്കം വലി. ഘ്രാാ എന്ന ശബ്ദത്തോടെ അകത്തേക്കും ഫഠ്‌ ഫഠ്‌ ഫഠ്‌ എന്ന ശബ്ദത്തോടെ പുറത്തേക്കും. സ്വപ്നം പയ്യെ ഓര്‍മ്മവന്നു. സ്വപ്നം എന്നതിനെ വിളിക്കാമോ? പകുതി മയക്കത്തില്‍ എന്റെ തലയില്‍ തലങ്ങും വിലങ്ങും പാഞ്ഞ ചിന്തകളായിരുന്നല്ലോ അവ.

ഒരു ഉള്‍പ്രേരണയില്‍ ഞാന്‍ ലെറ്റര്‍ പാഡും പേനയുമെടുത്ത്‌, ശബ്ദമുണ്ടാക്കാതെ വാതില്‍തുറന്ന് പുറത്തെ ഊണുമേശയില്‍ വന്നിരുന്നു. വ്‌വാക്കുകള്‍ക്ക്‌ ഒരു പഞ്ഞവുമില്ലാത്ത അവസ്ഥ.


നെഞ്ചിനകത്ത്‌ ഇന്നലെ രൂപം കൊണ്ട ഒരു പാറക്കഷ്ണം ഉരുകി വരുന്നതുപോലെ. അത്‌ ഉരുകിയുരുകി വെള്ളത്തിന്റെ പരുവത്തിലായി, കൈത്തണ്ടയിലൂടെ, വിരലുകള്‍ക്കിടയിലിരിക്കുന്ന എന്റെ പേനയിലേക്ക്‌....പിന്നെ കടലാസിലേക്കും.......പതിവിനു വിപരീതമായി ഞാന്‍ തലേക്കെട്ട്‌ ആദ്യം നിശ്ചയിച്ചു.പേരിനടിയില്‍ ഒരു വരയും പാസ്സാക്കി.

ഞാന്‍ ശബരിമല മുട്ടന്‍

ആദ്യമേ പറയട്ടെ, ഞാനൊരു തമിഴ്‌ വംശജനാണ്‌. കുറേ നാളുകളായി നിങ്ങളുടെ ഒരു ഗ്രാമത്തിലാണ്‌ ഞാന്‍ തമ്പടിച്ചിരിക്കുന്നത്‌. അതിനാല്‍ തന്നെ ഒരു പക്ഷേ നിങ്ങളേക്കാള്‍ നന്നായി ഞാന്‍ മലയാളം സംസാരിക്കും. ദോഷം പറയരുതല്ലോ, നിങ്ങള്‍ മലയാളികള്‍ ഒരിക്കലും ഒരു വരത്തന്‍ ലുക്കില്‍ എന്നെ കണ്ടിട്ടില്ല. തെറ്റിദ്ധരിക്കല്ലേ, ഞാന്‍ ലോകം ഭരിക്കുവാനായി ജനിച്ച മനുഷ്യവര്‍ഗ്ഗത്തിന്റെ വക്താവല്ല. പ്രായപൂര്‍ത്തിയായ, ഇരുത്തം വന്ന ഒരു മുട്ടനാടാണ്‌ ഞാന്‍. എന്നാല്‍ മനുഷ്യര്‍ക്ക്‌ പാലും, മാംസവും, ജൈവവളവും നല്‍കാനായി മാത്രം ഈ ഭൂലോകത്ത്‌ ജനിച്ച ഒരു സാദാ ആട്‌ ആയി നിങ്ങള്‍ എന്നെ കണക്കാക്കിപ്പോയോ, അവിടെ നിങ്ങള്‍ക്ക്‌ തെറ്റി എന്ന് പറയാതെ വയ്യ.

കാരണം ഞാന്‍ ശബരിമല മുട്ടനാകുന്നു.
തുടരും

Thursday, June 01, 2006

കിണറ്റില്‍ വീണ കഥ -അവസാനഭാഗം

ചാലക്കുടിയില്‍ ജോലിക്കു പോകുന്ന സുഹൃത്ത്‌ കേരുവിനോട്‌ എന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കയറി വിവരം പറയാന്‍ പറഞ്ഞു.

ലോകത്ത്‌ വച്ച്‌ എനിക്കേറ്റവും ഇഷ്ട്ടമുണ്ടായിരുന്ന സംഗതി മരണയറിയിപ്പിനു പോകലായിരുന്നു. പാതിരാത്രിക്കൊക്കെ ജീപ്പ്പിലോ കാറിലോ പോയി ഉറങ്ങികിടക്കുന്നവരെ വിളിച്ചുണര്‍ത്തി, നാടകീയമായി വീട്ടിലെ ആണുങ്ങളെ മാത്രം വിളിച്ച്‌ പുറത്തേക്ക്‌ നടക്കുകയും ഉദ്വേഗത്തോടെ പിന്നാലെ വരുന്ന പെണ്ണുങ്ങളെ അല്‍പം അധികാരഭാവത്തോടെ നിങ്ങള്‍ക്ക്‌ ആണുങ്ങള്‍ സംസാരിക്കുന്നിടത്തെന്തു കാര്യമെന്ന ശാസനയോടെ വീടിനകത്തേക്ക്‌ തിരിച്ചോടിച്ച്‌ അതിനാടകീയമായി കുറെ സ്വാന്തനവാക്കുകള്‍ പറഞ്ഞ്‌ അവസാനം ഇന്ന്‌ ആള്‍ സ്ക്കൂട്ടായിട്ടോ ചേട്ടാ എന്നു പറയുന്നത്‌ ഞങ്ങള്‍ക്ക്‌ വലിയ ത്രില്ലുള്ള ഏര്‍പ്പാടായിരുന്നു. ഞാനായിരുന്നു ആ രീതിയുടെ ഉപജ്ഞാതാവ്‌. കേരു അതെനിക്കിട്ട്‌ തിരിച്ച്‌ പണിയാന്‍ തീരുമാനിച്ചു.

അവന്‍ ചാലക്കുടി വരെ സൈക്കിള്‍ ചവിട്ടി കിതച്ച്‌ വിയര്‍ത്ത്‌ അവിടെ ചെന്നു കയറി മനേജറായ മേനോന്‍ സാറിനെ ഇതുപോലെ വിളിച്ച്‌ ഒരു അരകിലോമീറ്ററോളം പുറത്തേക്ക്‌ നടത്തി, വളരെ നാടകീയമായി മണികണ്ഠന്‍ ഇന്നലെ രാത്രി കിണറ്റില്‍ വീണു. ഞെട്ടിപ്പോയ മേനോന്‍ സാറോട്‌ സാര്‍ ഒച്ച വച്ച്‌ ആളെ കൂട്ടരുത്‌ എന്നൊക്കെ സ്മാധാനിപ്പിച്ചു. എന്നിട്ട്‌ ആശുപത്രിയിലാണോ എന്ന ചോദ്യത്തിന്‌ ആശുപത്രിയില്‍ നിന്നൊക്കെ മടക്കി എന്ന്‌ അവന്‍ മറുപടി പറഞ്ഞു. "മടക്കി" എന്ന പദത്തിന്‌ ഇനി വീട്ടില്‍ കടന്നു മരിച്ചോട്ടെ എന്നര്‍ത്ഥം ഉണ്ടല്ലോ. മേനോന്‍ തലക്കു കൈവച്ച്‌ അവിടെയിരുന്നു. ഓടിവന്ന മറ്റുള്ള സ്റ്റാഫിനോട്‌ കാര്യം പറയുകയും ഓട്ടോറിക്ഷയില്‍ അദ്ധ്യാപിക (പക) മാരും കുറെ കുട്ടികളും എന്റെ വീട്ടിലേക്ക്‌ തെറിച്ചു. എന്തോ ഭാഗ്യത്തിന്‌ റീത്ത്‌ വാങ്ങിയില്ല.

വണ്ടികള്‍ വീട്ടുപടിക്കല്‍ വന്നു നിന്നപ്പോള്‍ അവയെല്ലാം ഭാസിചേട്ടന്‍ ഡിഗ്രി ആംഗിളില്‍ തന്നെ പാര്‍ക്ക്‌ ചെയ്യിച്ചു. ഇവര്‍ വന്നപ്പോള്‍ വന്ന വഴിയെല്ലാം കിണറ്റില്‍ വീണ സാറിന്റെ വീട്‌ ചോദിച്ച്‌ അറിയാതെ കിടക്കുന്നവരെയെല്ലാം അറിയിച്ചു. അങ്ങിനെ അറിഞ്ഞ അഭ്യുദയകാംക്ഷികളും വീട്ടിലേക്ക്‌ പ്രവഹിച്ചു.

എന്തിനേറെപ്പറയണം.....ഇവര്‍ക്കൊക്കെ ചായ വച്ചു കൊടുക്കാനായി അയല്‍ വക്കങ്ങളില്‍ നിന്ന്‌ കുറെ ഗ്ലാസ്സും മാന്‍പവ്വറും (ക്ഷമിക്കണം വുമെന്‍ പവ്വറും) കടം എടുക്കുകയും സാധരണ ഉച്ചക്ക്‌ മണിക്ക്‌ കറക്കാറുള്ള പശുവിനെ അന്ന്‌ യുദ്ധകാലാടിസ്ഥാനത്തില്‍ മണിക്ക്‌ കറക്കുകയും ചെയ്തു. ഒരാഴ്ച്ച കൊണ്ട്‌ എല്ലാം ഭേദമായി. പിന്നീട്‌ എന്റെ ഏതു കൂട്ടുകാര്‍ വന്നാലും ഓട്ടോറിക്ഷക്കാര്‍ ഈ കിണറിന്റെയവിടെ നിറുത്തി രണ്ടു മിനിട്ട്‌ വെയ്റ്റ്‌ ചെയ്യാം പോയി കണ്ടുകൊള്ളൂ എന്ന്‌ പറയാറുണ്ടായിരുന്നു. രസകരമായ ഒരു കാര്യം എന്റെ കൈയ്യിലുണ്ടായിരുന്ന ഒരുമ്പെട്ടവള്‍ എന്ന പുസ്തകം എന്റെ കൂടെ കിണറ്റില്‍ വീണിരുന്നു. എന്റെ ചില സ്നേഹിതന്മാര്‍ അവന്‍ ഒരുമ്പെട്ടവളെയും കൊണ്ട്‌ കിണറ്റില്‍ ചാടി എന്നാണ്‌ പറയുക.

കാലമേറെ കഴിഞ്ഞു. ചാലക്കുടി പുഴയിലൂടെ വെള്ളം കുറെയൊഴുകി. മാഗി ഇന്ന്‌ രണ്ടു കുട്ടികളുടെ അമ്മയായി. ഇക്രുവേട്ടനും ഗോവിന്ദന്‍ കുട്ടിമേനോന്‍ ചേട്ടനും അങ്ങ്‌ സ്വര്‍ഗ്ഗലോകത്തെത്തി. പോരോത്ത്‌ തോമ ആ വലിയ വീട്‌ ആര്‍ക്കോ വിറ്റു. അവര്‍ അതിന്റെ മൂന്നാം നില തകര്‍ത്ത്‌ അതൊരു നല്ല വീടാക്കി.

പുതിയ താമസക്കാര്‍ കിണറ്റിലെ ചെളി വാരി കാടും പടലും വെട്ടിത്തെളിച്ച്‌, ചുറ്റും അരഭിത്തി കെട്ടി, അതൊരു പുത്തന്‍ കിണറാക്കി. വാരിയ ചെളിയുടെ കൂട്ടത്തില്‍ കിട്ടിയ ഒരുമ്പെട്ടവളെയും ഇട്ട്‌ അവര്‍ ആ പറമ്പിലെ ഒരു കല്ലുവെട്ടുമട മൂടി. എന്തോ...... എല്ലാം മറക്കതിരിക്കാനായി എന്റെ കൈത്തണ്ടയില്‍ മുട്ടിനു മേലെ കീരിക്കാടന്‍ ജോസിന്‌ വെട്ടു കൊണ്ടപോലെ ആ അടയാളങ്ങള്‍ ഇപ്പോഴും ഉണ്ട്‌. ഞങ്ങക്കൊക്കെ വേറെയൊന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ പറയാനും ചിരിക്കാനും ഒരു സംഭവമായി ഇത്‌ അവശേഷിക്കുന്നു. എങ്കിലും ആ സലാം പ്രപഞ്ചമേ എന്നു പറഞ്ഞ നിമിഷം ആലോചിക്കുമ്പോള്‍ ഇന്നും കിളി പറന്നുപോകുന്നു.

ചാലക്കുടി പുഴയില്‍ കൂടി വെള്ളം കുറേ ഒഴുകി.
കാലം എന്നെ ഒരു എനാറൈ ആക്കി.
കല്യാണത്തിന്‌ മുമ്പ്‌ ഡയറികള്‍ എഡിറ്റു ചെയ്യേണ്ടതിലേക്കായി ഞാന്‍ പഴയ ഡയറികള്‍ തുറന്നപ്പോള്‍ കണ്ടത്‌:
99 ഫെബ്രുവരി : ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ദിവസം (ഞാന്‍ ഇന്നൊരു കിണറ്റില്‍ വീണു) ജീവിതത്തിലെ ഏറ്റവും നല്ല ദിവസം (ഒരു അത്യാഗാതമായ കിണറില്‍ നിന്ന്‌ ദൈവം എന്നെ കൈ പിടിച്ചുയര്‍ത്തി)

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.