Wednesday, July 26, 2006

ചിതറിയ വറ്റുകള്‍.

പെരുവഴിയില്‍ ചിതറിക്കിടക്കുന്ന ചോറ്‌ എന്തെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നില്ല? തന്നോടുതന്നെയുള്ള ആ ചോദ്യത്തില്‍ ഉത്തരാധുനികത ആവോളമുണ്ടെന്ന സംതൃപ്തിയോടെ ശിവന്‍ ചോദ്യം ആവര്‍ത്തിച്ചു.

സ്കൂള്‍കുട്ടിയായിരിക്കുമ്പോള്‍ ആ ചിതറിയ കാഴ്ചയില്‍ നിറഞ്ഞു നില്‍ക്കാറുള്ളത്‌ ഏതെങ്കിലും കുട്ടിയുടെ വിതുമ്പുന്ന മുഖമായിരുന്നു എന്നും അയാള്‍ ഓര്‍ത്തു. നെഞ്ചിനുള്ളില്‍ ഒരു പഴുതാര ശ്വാസം കിട്ടാതെ പിടയുന്നതുപോലെ ഒരു അസ്വസ്ഥത ഈ കാഴ്ച ശിവന്‌ സമ്മാനിക്കാറുള്ളതായിരുന്നു. (പഴുതാരയെ ഒരു കോഴി കൊത്തിമറിച്ചിട്ട്‌, ജീവനോടെ വിഴുങ്ങുന്ന രംഗം പത്തുവയസ്സുമുതലേ അയാളെ വേട്ടയാടുന്നതാണ്‌.)

അവിവാഹിതനായ ഗള്‍ഫുകാരനാണ്‌ ശിവന്‍. ഇരുപത്താറുകാരന്‍. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക്‌ അവധിക്കാലത്ത്‌ നാട്ടിലുണ്ടാകുന്ന -പഴയ സുഹൃത്തുക്കളുടെ അഭാവം നിമിത്തമുള്ള- വിരസത അനുഭവിച്ച്‌ തീര്‍ക്കുകയായിരുന്നു അയാള്‍. ശ്വസിക്കുന്ന വായുവിലെ, തലച്ചോറ്‌ ശീതീകരിക്കുന്ന ചാനല്‍ സിഗ്നലുകളില്‍ നിന്ന്‌ രണ്ടുമാസത്തേക്ക്‌ രക്ഷപ്പെടുക എന്ന സ്വകാര്യമായ ആഗ്രഹം വെറുതെയാണെന്നും, അതേ വായു തന്നെയാണ്‌ തന്റെ തറവാടിന്റെ അകത്തളത്തിലെത്തി മുത്തച്‌'ന്റെ പോലും തലച്ചോറ്‌ മരവിപ്പിക്കുന്നതെന്നും ശിവന്‌ രണ്ടേ രണ്ടു ദിവസങ്ങള്‍ക്കൊണ്ട്‌ മനസിലായിരുന്നു.

മണല്‍കാറ്റേറ്റ്‌ ചിതറി, നിറംമാറിപ്പോയ കുറേ ഓര്‍മ്മകളെ -തോട്‌, പാടം, ആകാശം, അങ്ങകലെ കനകമല, അതിന്റെ മുകളില്‍ കാണുന്ന റഡാര്‍ തുടങ്ങി പലതും- ഗ്രാമത്തിലെ മണലില്ലാത്ത ഇളം കാറ്റില്‍ കഴുകിയെടുത്ത്‌ പഴയ നിറം ചാര്‍ത്തി അടുത്ത രണ്ടുവര്‍ഷത്തേക്ക്‌ സൂക്ഷിച്ചുവയ്ക്കാന്‍ ഇറങ്ങിയതായിരുന്നു അയാള്‍.

പത്തുമണി കഴിഞ്ഞാല്‍ -ഒഴുവുദിവസമല്ലെങ്കില്‍- ഗ്രാമമാകെ ഭയാനകമായ നിശ്ശബ്ദതയില്‍ വീണുപോകുമെന്ന്‌ ശിവന്‍ കണ്ടുപിടിച്ചു; അതിന്‌ പശ്ചാത്തലസംഗീതമായി ഇടയ്ക്കിടയ്ക്ക്‌ അകലെയേതോ ആടിന്റെ കരച്ചില്‍ നിലകൊള്ളുമെന്നും. നിശ്ശബ്ദതയുടെ ആ താളത്തെ നുകര്‍ന്ന്‌ നടക്കുമ്പോഴാണ്‌, ശിവന്‍ ചിതറികിടക്കുന്ന ചോറ്‌ കണ്ടത്‌. എകദേശം ഒരു കിലോമീറ്ററോളം നീളമുള്ള പാടത്തിന്‌ കുറുകേ പോകുന്ന ടാറിട്ട പഞ്ചായത്ത്‌ റോഡായിരുന്നു അത്‌.

ചിതറി കിടക്കുന്ന ചോറ്‌ എന്തിനെയല്ലാം ഓര്‍മിപ്പിക്കുന്നു? ചോദ്യം തിരിച്ചിട്ട്‌ സാധാരണമാക്കി അയാള്‍.

എം.എക്ക്‌ പഠിക്കുമ്പോഴായിരുന്നു ഈ ചോദ്യം അയാളില്‍ ആദ്യമായി ഉയര്‍ന്നത്്‌. അതിന്‌ കണ്ടെത്തിയ ഉത്തരങ്ങളില്‍ അയാള്‍ക്ക്‌ സ്വയം അഭിമാനം തോന്നിയത്‌ ഇതായിരുന്നു.

'അതൊരു ബൈബിള്‍ വാചകത്തെ ഓര്‍മ്മിപ്പിക്കുന്നു. -പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല. കളപ്പുരകളില്‍......'

പണ്ടൊരിക്കല്‍ (ഒഴിവാക്കാന്‍ വയ്യാത്ത ഒരു ശല്യമായി അയാള്‍ കണാക്കാക്കിയിരുന്ന) അച്ചുമ്മാനോടൊത്ത്‌ നടക്കുമ്പോള്‍ ഇതേപോലെ ചിതറികിടക്കുന്ന ചോറും, അത്‌ കൊത്തിത്തിന്നുന്ന രണ്ടുകാക്കകളും ഉള്‍പ്പെടുന്ന കാഴ്ച കണ്ടു. അച്ചുമ്മാന്റെ കേട്ടുപഴകിച്ച വര്‍ത്തമാനങ്ങളില്‍ നിന്ന്‌ രക്ഷനേടാനായി ഈ ചോദ്യം അന്ന്‌ പുറത്തെടുത്തു.

അവരടുത്തെത്തിയപ്പോഴേക്കും കാക്കകള്‍ പറന്നുപോയിരുന്നു. അച്ചുമ്മാന്‍ സൈക്കിള്‍ ചക്രങ്ങള്‍ കയറി ചതഞ്ഞ ചോറിലേക്ക്‌ കുറച്ചുനേരം നോക്കിനിന്നു.

പ്രൈമറി ക്ലാസിലെ പാഠപുസ്തകത്തില്‍ പഠിച്ച ചിരഞ്ജീവി എന്ന കാക്കയെയാണ്‌ ശിവന്‌ അച്ചുമ്മാനെ കാണുമ്പോഴൊക്കെ ഓര്‍മ്മ വരാറുള്ളത്‌. കോടതിവ്യവഹാരം ജീവിതവ്രതമാക്കിയെടുത്തയാള്‍. മുത്തച്‌'ന്റെ ബാല്യകാലസുഹൃത്ത്‌. കൈവശാവകാശനിയമങ്ങളുടെ അതോറിറ്റി എന്ന്‌ വക്കീലന്മാര്‍ നല്‍കിയൊരു വിശേഷണവുമുണ്ട്‌. താന്‍ ഫയല്‍ ചെയ്തിട്ടുള്ള ഒരു കേസെങ്കിലും നിലവിലില്ലാതാകുന്ന ദിവസമായിരിക്കും തന്റെ മരണമെന്ന്‌ പ്ര്യാപിച്ചിട്ടുണ്ട്‌ അദ്ദേഹം.

'ചിതറിയ ചോറ്‌, എന്ന്‌ പറയാമോ?', അച്ചുമ്മാന്‍ പറഞ്ഞു. 'ചിതറിയ വറ്റുകള്‍ എന്നല്ലേ ശരി? ഇവ ഓര്‍മപ്പിക്കുന്നത്‌, ലക്ഷ്യം നേടാനാവാത്ത അവതാരങ്ങളെയാണ്‌. ഇവയുടെ ജനനത്തിന്‌ രണ്ട്‌ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. വിത്തായി മാറി ഇനിയും കൂടുതല്‍ വറ്റുകളെ സൃഷ്ടിക്കുക. രണ്ടാമത്തേത്‌ ആരുടെയെങ്കിലും വിശപ്പകറ്റുക. അവതാര ലക്ഷ്യത്തിലെക്കുള്ള യാത്രയില്‍ ഇവ എത്രയോ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചവയാണ്‌. വിതയ്ക്കുന്നവന്റെ ചവിട്ട്‌, കളപറിക്കുന്ന സ്ര്തികള്‍, വെട്ടുകിളി, ചാഴി, വരള്‍ച്ച, പ്രളയം, കൊയ്ത്തുകാരുടെ അശ്രദ്ധ, നെല്ലുകുത്തുയന്ത്രത്തിന്റെ ചവക്കുന്ന പല്ലുകള്‍ക്കിടയിലെ കള്ളയറകള്‍, അരികഴുകുന്ന അമ്മയുടെ അലസത, വാര്‍ക്കുന്ന തട്ടിന്റെ ഞെളക്കം തുടങ്ങി ആയിരം സാദ്ധ്യതകള്‍. അവയെല്ലാം അതിജീവിച്ച്‌ ഇവിടെ വരെയെത്തി, ഈ റോട്ടില്‍ അനാഥശവത്തെപ്പോലെ കിടക്കുന്ന ഇവയുടെ ഇനിയുള്ള ഏക സാധ്യത കാക്കകള്‍ക്കോ കോഴികള്‍ക്കോ ഭക്ഷണമായിത്തീര്‍ന്ന്‌ ലക്ഷ്യപ്രാപ്തി നേടുക എന്നതാണ്‌. ഇതില്‍ക്കൂടി കയറുന്ന ഓരോ ചക്രങ്ങളും ഈ അവസാന നിമിഷത്തില്‍ എന്തായിത്തീരാന്‍ സൃഷ്ടിക്കപ്പെട്ടുവോ, അതായിത്തീരാന്‍ അനുവദിക്കാതെ അവയെ ചതച്ചരച്ചുകളയുന്നു.'

ഇതു കേട്ടതോടെ തന്റെ ബൈബില്‍ സിദ്ധാന്തം ശിവന്‍ മറന്നുപോയിരുന്നു. ഓരോ വസ്തുവിനും കണിശമായും നിശ്ചയിക്കപ്പെട്ടിരിക്കാനിടയുള്ള കര്‍മ്മം എന്തായിരിക്കുമെമെന്ന്‌ അയാളുടെ ചിന്തകള്‍ ചിതറി. അന്ന്‌ അങ്ങിനെ ചിന്തിക്കുമ്പോള്‍ ശിവന്‌ സ്വന്തം അവതാര ലക്ഷ്യം ഒന്നും ചെയ്യാതിരിക്കലാണെന്നും തോന്നിപ്പോയിരുന്നു. കൂട്ടത്തില്‍ അച്ചുമ്മാന്‍ പലപ്പോഴും വിവരിക്കാറുള്ള അദ്ദേഹത്തിന്റെ അവസാന ലക്ഷ്യത്തെ പറ്റിയും അവനോര്‍ക്കുകയുണ്ടായി. (അതിനെ അച്ചുമ്മാന്‍ അവസാനത്തെ ലക്ഷ്യം എന്നു തന്നെയാണ്‌ വിശേഷിപ്പിക്കാറുള്ളത്‌, ആഗ്രഹം എന്നായിരുന്നില്ല.)

കഴിഞ്ഞ മുപ്പതോ മറ്റോ കൊല്ലമായി അച്ചുമ്മാന്‍ നടത്തിവരുന്ന ഒരു കേസുണ്ട്‌. ഏകദേശം അഞ്ചേക്കറോളം വരുന്ന പറമ്പ്‌. സ്വന്തം മരുമക്കളാണ്‌ എതിര്‍കക്ഷികള്‍. കോടതി വളപ്പെന്ന പേരില്‍ മാത്രം ഇപ്പോള്‍ നാട്ടിലറിയപ്പെടുന്ന, വര്‍ഷങ്ങളായി നോക്കാനാളില്ലാതെ കാടുപിടിച്ച്‌ കള്ളവാറ്റുകാരുടെ കേന്ദ്രമായിരിക്കുന്ന ആ പറമ്പിന്റെ അന്തിമവിധി കാത്തിരിക്കുകയായിരുന്നു അന്ന്‌ അച്ചുമ്മാന്‍. കേസ്‌ ഹൈക്കോടതിയിലേക്ക്‌ മാറ്റിയതുകൊണ്ടോ മറ്റോ, ചെലവ്‌ വളരെ കൂടുതലായിപ്പോവുകയും, ഭാഗം കഴിച്ച്‌ പിരിഞ്ഞ്‌ അച്‌'നുമായി യാതൊരു സഹകരണവുമില്ലാതെ കഴിയുന്ന സ്വന്തം മക്കളെ കണ്ട്‌ സഹായം അഭ്യര്‍ത്ഥിക്കുകയുമുണ്ടായി അദ്ദേഹം. അപമാനിക്കപ്പെട്ട്‌ മുത്തച്‌'ന്റെ മുമ്പില്‍ വന്ന്‌ കണ്ണുനിറച്ച അച്ചുമ്മാന്‍ ശിവന്റെ ഓര്‍മ്മയിലുണ്ടായിരുന്നു. നാട്ടുകാരെല്ലാവരും മക്കളുടെ പക്ഷം ചേര്‍ന്നാണ്‌ സംസാരിച്ചിരുന്നത്‌.

അന്ന്‌ അച്ചുമ്മാന്‍ സ്വന്തമായി ഉണ്ടായിരുന്ന കോഴിയുടെ കുഞ്ഞുങ്ങളെ പിടിച്ച്‌ ഒരു കാല്‍ വെട്ടിക്കളഞ്ഞ്‌ മഞ്ഞള്‍ വച്ച്‌ കെട്ടി ഒറ്റക്കാലന്മാരാക്കി. പൊതുജനം അച്ചുമ്മാന്‌ ചിന്നനിളകിയതായി പ്ര്യാപനം നടത്തുകയും ചെയ്തു. ഞൊണ്ടിഞ്ഞൊണ്ടി നടക്കുന്ന ആ കോഴികള്‍ക്കിടയില്‍ നിന്നായിരുന്നു അച്ചുമ്മാന്‍ ഇരിക്കുന്ന പുരയിടമൊഴികെ ബാക്കിയുള്ളതു കൂടി വിറ്റത്‌.

'അതുപോലെ, ശിവാ' അച്ചുമ്മാന്‍ തുടര്‍ന്നു. 'ഈ കാക്കകളെ ശ്രദ്ധിച്ചുവോ? ഇവ ബലികാക്കകളാണ്‌. ഇവറ്റകള്‍ ബലിച്ചോറ്‌ തിന്നാന്‍ മാത്രമേ വരൂ. അതുകൊണ്ട്‌, പ്രകൃതി ഇത്‌ ബലിച്ചോറായി കണക്കാക്കുന്നു എന്നും ഞാന്‍ പറയും.'

സ്വയം 'അര്‍ദ്ധയുക്തിവാദി'യായി വിശേഷിപ്പിക്കുന്ന ശിവന്‌ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിയാത്ത കാര്യമായിരുന്നു ഇത്തരം കാക്കകള്‍ ബലിച്ചോറില്‍ സ്ഥാപിച്ചിരുന്ന കുത്തക. ശ്രാദ്ധം കഴിഞ്ഞാല്‍ തൊടിയിലോ തോട്ടത്തിലോ എത്രതിരഞ്ഞാലും കണ്ടുകിട്ടാത്ത ഇനം.

'നോക്കിക്കോ, ശിവാ', കാണുമ്പോഴൊക്കെ ഇങ്ങനെ പറഞ്ഞാണ്‌ അച്ചുമ്മാന്‍ പിരിയുക 'ആ പറമ്പ്‌ ഞാന്‍ ഏതെങ്കിലും വൃദ്ധസദനങ്ങള്‍ക്ക്‌ കൊടുക്കും. അവരവിടെ കെട്ടിടം പണിത്‌ വ്യവഹാരപ്രേമികളായ വയസ്സന്മാരെ സംരക്ഷിക്കുമെങ്കില്‍. ഞാനായിരിക്കും അവിടത്തെ ആദ്യത്തെ അന്തേവാസി. അതാണെന്റെ അന്തിമ ലക്ഷ്യം. മൂന്ന്‌ നേരവും ഓരോ ബീഡിക്ക്‌ തീര്‍ക്കാവുന്ന വിശപ്പേ എനിക്കിപ്പോഴുള്ളൂ. പക്ഷേ, എന്റെ വളപ്പില്‍ പണിയുന്ന സദനത്തില്‍ ഒരു ദിവസമെങ്കിലും എനിക്കുറങ്ങിയേ തീരൂ. അല്ലെങ്കില്‍ എന്റെ ആത്മാവിന്‌ സമാധാനമുണ്ടാവാന്‍ വഴിയില്ല.'

വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ആ ചിതറിയ കാഴ്ച നോക്കി നിന്നുകൊണ്ട്‌ ശിവന്‍ തീരുമാനിച്ചു. ചിതറിയ ചോറ്‌ അച്ചുമാനെ ഓര്‍മ്മിപ്പിക്കുന്നു.കോടതി വളപ്പിന്റെ കേസ്‌ അന്തിമമായി അച്ചുമ്മാന്‍ ജയിച്ചതായി നാലഞ്ച്‌ മാസം മുമ്പേ അവനറിഞ്ഞിരുന്നു. വിശപ്പിനെ ബീഡി കൊണ്ട്‌ നേരിട്ടിരുന്ന അച്ചുമ്മാനിപ്പോള്‍ മൂന്ന്‌ മക്കളുടെ വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം വന്നിരുന്നത്‌. രാത്രി കൂട്ടുകിടക്കാന്‍ നാല്‌ പേരക്കുട്ടികളും.

ചിതറിയ ചിന്തകള്‍ അടുക്കിവയ്ക്കാനായി ശിവന്‍ കലുങ്കിലിരുന്നു. അവിദഗ്ദമായി ഒരുക്കിയ പൂക്കളം പോലെ വറ്റുകള്‍ അയാള്‍ക്കുമുന്നില്‍ കിടന്നു.

കണ്ണില്‍ പിടച്ചിലോടെയാണ്‌ അടുത്തുള്ള ത്തൈതെങ്ങിലിരുന്ന്‌ അയാളെ ചെരിഞ്ഞു നോക്കുന്ന ബലികാക്കയെ കണ്ടത്‌. തന്റെ ഇരിപ്പാണ്‌ അതിനെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന്‌ മനസിലാക്കിയ അയാള്‍ സ്ഥലം വിടാന്‍ തീരുമാനിച്ചു. അയാള്‍ എഴുന്നേല്‍ക്കുന്നത്‌ കണ്ട ആ കാക്ക ഒന്ന്‌ പറക്കുവാന്‍ തുനിഞ്ഞു, പിന്നെ വേണ്ടെന്നുവച്ചു.

അകലെ വളവു തിരിഞ്ഞ്‌ പാടത്തേക്കിറങ്ങുന്ന കാര്‍ ശിവന്‍ കണ്ടു. പച്ച നെല്‍പ്പാടങ്ങള്‍ക്കിടയില്‍ കറുത്ത പാമ്പിനെപ്പോലെ പുളഞ്ഞു കിടക്കുന്ന ആ റോഡ്‌ വിഴുങ്ങുന്ന തവളയെപ്പോലെ പയ്യെ കുലുങ്ങിക്കുലുങ്ങി വരുന്ന ആ വെളുത്ത അംബാസിഡര്‍ മനോഹരമായ കാഴ്ചയായിരുന്നു. ഏകദേശം നൂറു വാര അടുത്തെത്തിയപ്പോഴാണ്‌ അതിന്റെ ചക്രങ്ങള്‍ ഈ വറ്റുകളുടെ അവതാരലക്ഷ്യം തകര്‍ക്കുമോ എന്ന്‌ ശിവന്‍ ഭയപ്പെട്ടത്‌. അപ്പോഴേയ്ക്കും അത്‌ അടുത്തെത്തുകയും, വറ്റുകളെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ നിശ്ചലമാവുകയും ചെയ്തു.

കാറില്‍ നിന്ന്‌ തല പുറത്തേക്കിട്ടത്‌ അച്ചുമ്മാനായിരുന്നു. 'എന്താ, ഗള്‍ഫുമുതലാളി? പാടം നോക്കി നില്‍പ്പാ?' അച്ചുമാന്‍ പുറത്തിറങ്ങി. കാറില്‍ മൂന്ന്‌ ആണ്‍മക്കളും ഉണ്ടായിരുന്നു. പ്രകടമായ നീരസം പുറത്ത്‌ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ അവര്‍ പാടുപെട്ടു. മൂത്തയാള്‍ കുശലം ചോദിക്കുകയുമുണ്ടായി. 'ശിവാ', നിറഞ്ഞ ചിരിയോടെ, അച്ചുമ്മാന്‍ പറഞ്ഞു, 'നീ ഈ പാടത്തേക്കൂടെ നടക്കുക. ചിലപ്പോള്‍ കുറുകേ റോഡുകളും പാലങ്ങളും ഉണ്ടാകും. അവയെ അവഗണിക്കുക. അവ മനുഷ്യര്‍ സൌകര്യത്തിനായി പാടങ്ങളെ മുറിച്ചവയാണ്‌. അങ്ങിനെ നീ നടന്നാല്‍ ഈ പാടം അടുത്ത പാടത്തിലെത്തിച്ചേരും. അങ്ങിനെയങ്ങിനെ അറബിക്കടലിലും നീ എത്തും. വറ്റി നശിച്ച പുഴകളാണെടാ എല്ലാ പാടങ്ങളും.. '

വലിയ തമാശ പറഞ്ഞ പൊട്ടിച്ചിരിയോടെ' വറ്റിയാലും പുഴകളെക്കൊണ്ട്‌ ഗുണമുണ്ടാകുമെടാ.... ' ഇതിനകം മക്കള്‍ മൂന്നുപേരും പുറത്തിറങ്ങി. അക്ഷമ പ്രകടിപ്പിക്കണമെന്നുണ്ടെങ്കിലും അച്‌'നെ ബഹുമാനിക്കുന്നതുപോലെ അവര്‍ നിന്നു. എന്തെങ്കിലും ചോദിക്കേണ്ടേ എന്ന്‌ കരുതിമാത്രം ശിവന്‍ ചോദിച്ചു. 'എവിടെ പോകുന്നു?'
'ഓ, ടൌണ്‍ വരെ' ഉദാസീനമായ മറുപടി നല്‍കിയത്‌ രണ്ടാമത്തെ മകനായിരുന്നു. 'കൃത്യമായി പറഞ്ഞാല്‍ റജിസ്ട്രാപ്പീസില്‍ക്ക്‌....' അച്ചുമ്മാനാണ്‌ ഇതു പറഞ്ഞത്‌. മുഴുവനാക്കാന്‍ സമ്മതിക്കാതെ മൂത്തമകന്‍ 'അച്‌'ാ‍, മണി പതിനൊന്നായി' എന്ന സ്നേഹശാസനയോടെ ഡോര്‍ തുറന്നു പിടിച്ചു.

എല്ലാവരും കാറില്‍ കയറി. ശിവന്‍ തന്നെ ഡോര്‍ ഭദ്രമായി ചേര്‍ത്തടച്ച്‌ കലുങ്കിലേക്ക്‌ ചേര്‍ന്നു നിന്നു. കാര്‍ മുന്നോട്ടെടുത്തു.കാത്തിരുന്ന ആ കാക്കയ്ക്കായി ഒന്നും അവശേഷിക്കാത്ത രീതിയില്‍ വറ്റുകള്‍ മുഴുവനും ചതച്ചരച്ചുകൊണ്ട്‌ അച്ചുമ്മാനേയും വഹിച്ച്‌ അത്‌ യാത്ര തുടര്‍ന്നു.

16 comments:

K.V Manikantan said...

സ്കൂള്‍കുട്ടിയായിരിക്കുമ്പോള്‍ ആ ചിതറിയ കാഴ്ചയില്‍ നിറഞ്ഞു നില്‍ക്കാറുള്ളത്‌ ഏതെങ്കിലും കുട്ടിയുടെ വിതുമ്പുന്ന മുഖമായിരുന്നു എന്നും അയാള്‍ ഓര്‍ത്തു. നെഞ്ചിനുള്ളില്‍ ഒരു പഴുതാര ശ്വാസം കിട്ടാതെ പിടയുന്നതുപോലെ ഒരു അസ്വസ്ഥത ഈ കാഴ്ച ശിവന്‌ സമ്മാനിക്കാറുള്ളതായിരുന്നു. (പഴുതാരയെ ഒരു കോഴി കൊത്തിമറിച്ചിട്ട്‌, ജീവനോടെ വിഴുങ്ങുന്ന രംഗം പത്തുവയസ്സുമുതലേ അയാളെ വേട്ടയാടുന്നതാണ്‌.)

Rasheed Chalil said...

നിയോഗങ്ങളുടെ ശവപ്പറമ്പിലൂടെ അച്ചുമ്മാനോടൊപ്പം..
മറ്റൊരു നിയോഗമായി..

ചിന്തോദ്ദീപകമായ വരികളും അവതരണവും. ഒത്തിരി ഇഷ്ടമായി.

കണ്ണൂസ്‌ said...

യൌവനത്തിന്റെ നിസ്സഹായത ചിതറിയ വറ്റുകളുടേത്‌ : എന്താണാവോ അവതാര ലക്ഷ്യം?

വാര്‍ദ്ധക്യത്തിന്റെ നിസ്സഹായത അച്ചുമ്മാന്റേത്‌ : ലക്ഷ്യം അറിയാം. പക്ഷേ....

സങ്കൂ, സങ്കുവിന്റെ ഇതു വരെ വായിച്ച കഥകളില്‍ എനിക്കേറ്റവും ഇഷ്ടമായത്‌ ഇതാണ്‌.

Visala Manaskan said...

മുന്‍പ് വായിച്ചതുകൊണ്ട് ഓടിച്ചേ വായിച്ചുള്ളൂ ഇത്.
ഗംഭീരം എന്ന് പ്രത്യേകിച്ച് ഞാന്‍ പറയേണ്ടതില്ല. പകരം ഒന്ന് പറയട്ടേ.

സങ്കുചിത മനസ്കന്‍ എന്ന ഈ യുവ കഥാകാരനെ ബ്ലോഗിലെത്തിച്ചത് ഞാനാണെന്നതിന്റെ അഹങ്കാരം എനിക്കുണ്ട് ഇപ്പോള്‍.

ഞാന്‍ മലയാള ബ്ലോഗിന് വേണ്ടി ചെയ്ത ഏറ്റവും നല്ല കാര്യവും അതാണ്. എന്ന് വിശ്വസിക്കുന്നു.

സങ്കുചിതന് എല്ലാ ഭാവുകങ്ങളും.

ഇടിവാള്‍ said...

സങ്കു.. ഉവ്വ്, ഇതു ഞാനും വായിച്ചിട്ടൂണ്ട് !
ഇതിനല്ലേ, ഏതോ ഒരു പുരസ്കാരം കിട്ടിയത് ?

അരവിന്ദ് :: aravind said...

ഗംഭീരം, മനോഹരം...
അച്ചുമ്മാനും മറ്റൊരു ചിതറിയ വറ്റ്...

അതെ..വിയെം ബൂലോഗത്തിന് ചെയ്ത വലിയൊരു കാര്യമാണ് സങ്കുവിനെ കൊണ്ടുവന്നത്. അഭിമാനിക്കാം.

സങ്കൂ..ഇനി സങ്കു എനിക്ക് സങ്കൂജി ആണ്.

കുറുമാന്‍ said...

സങ്കൂചിതോ, വളരെ മനോഹരമായി എഴുതിയിരിക്കുന്നു. അച്ചുമ്മാന്റെ അവസ്ഥ മഹാ കഷ്ടം.

രാജ് said...

അവസാനിപ്പിക്കുന്ന രീതിയാണു് എനിക്കിഷ്ടപ്പെട്ടതു്. നല്ല ക്രാഫ്റ്റ്.

-B- said...

ചിതറിയ കുറെ ചിന്തകള്‍ അവശേഷിപ്പിച്ചുകൊണ്ട് ഈ ചിതറിയ വറ്റുകള്‍...

നല്ല അവതരണം.

bodhappayi said...

തനിമയുള്ള ശൈലി... വളരെ നല്ല പ്രമേയം. അച്ചടക്കമുള്ള വാക്കുകള്‍. നല്ല പോസ്റ്റ്.

Ajith Krishnanunni said...

വളരെ വളരെ നന്നായിരുന്നു..

ബിന്ദു said...

വളരെ നല്ല കഥ. :)

വളയം said...

വായിച്ചുകഴിഞ്ഞിട്ടിപ്പൊഴും ഒരു വിങ്ങലുണ്ടോ മനസ്സില്‍?....

viswaprabha വിശ്വപ്രഭ said...

അപ്പോ ഞാനോ വിശാലാ?
അനിലിനെ,അനില്‍ വഴി വിശാലനെ, കുമാറിനെ, പിന്നെ ഉമേഷിനെ, വിശാലന്‍ വഴി സംകുവിനെ, സൂപ്പര്‍വീഎച്ചെസ്സിനെ....
അങ്ങനെയങ്ങനെ എത്ര പേരെ....

K.V Manikantan said...

കഥ വായിച്ച എല്ലാര്‍ക്കും നന്ദി. വായനയ്ക്കു ശേഷം ഒരു നിമിഷം ഇതിനെപ്പറ്റി നിങ്ങള്‍ ഓര്‍ത്തു എങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.

ബിവേര്‍,,,, ചെലപ്പോ അടുത്ത കഥ ഉടനേ പൂശും....

മനുസ്മൃതി said...

ഈ കൊരട്ടിക്കടുത്തുള്ള ദേശക്കാരന്റെ കഥകള്‍, കൊരട്ടിക്കടുത്തുള്ള മറ്റൊരു ദേശമായ അന്നമനടയില്‍ നിന്നുള്ള എനിക്ക്‌ ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമാണു തരുന്നത്‌. ഇനിയുമേറെ കഥകള്‍ക്കായി കാത്തിരിക്കുന്നു....

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.