Wednesday, July 19, 2006
പരോള്‍ (ചെറുകഥ)
കണ്ണന് കണ്ണടച്ച് കൈകൂപ്പി വീണ്ടും സ്വകാര്യം പറയുകയാണ്. അവന്റെ പഴയ കാര്‍ന്നോമ്മാരാണ് കാവില്‍ ഇരിക്കുന്നത്. അഞ്ചുപേരുണ്ട്. നടുവില്‍ ഇരിക്കുന്നതാണത്രേ ഏറ്റവും വലിയ മുത്തമ്മാന്‍. അവിടെ മാത്രം ഒരു കല്ലിന്മേല്‍ ഒരു കുടപോലെ വേറെ ഒരു ചതുരക്കല്ലു വച്ചിട്ടുണ്ട്. ആ മുത്തമ്മാന് മാത്രമേ എന്നും വിളക്ക് വക്കൂ. ഈ അറ്റത്തിരിക്കുന്നത് അവന്റെ അച്'ന്റെ അമ്മാവന്‍. ഇരുപതാമത്തെ വയസില്‍ മരിച്ചതാത്രേ. അച്'മ്മയും ആ അമ്മാമനെ കണ്ടിട്ടില്ല. ഇതൊക്കേ അച്'മ്മ പറഞ്ഞുകൊടുത്തതാണവന്. വിളിച്ചാ വിളിപ്പുറത്താ മുത്തമ്മാന്‍. പണ്ട് അച്'മ്മയുടെ സ്വര്‍ണ്ണമാല കാണാതെ പോയി. അപ്പോ നേര്‍ന്നു നൂറെണ്ണ അതാ കിടക്കുന്നു മാല കുളത്തിന്റെ പടവില്‍. മുറ്റമടിക്കാന്‍ വരുന്ന വിലാസിനി പറഞ്ഞതാ.'ന്റെ മുത്തമ്മാ, കാര്‍ന്നോന്മാരെ... എന്നെ ഇവ്ടന്ന് കൊണ്ടോവാന്‍ സമ്മതിക്കല്ലേ..എണ്ണ മറക്കാതെ കൊണ്ട്‌ര്‍്വാം..'നേര്‍ന്നാ പിന്നെ മറക്കാന്‍ പാടില്ലാ. അവന്റെ കാര്‍ന്നോന്മാര്‍ മുന്‍ കോപികളാണുപോലും.
രാവിലെയാണ് അവന്റെ അച്'നും അമ്മയും വിളിച്ചത്. വെക്കേഷന്‍ കഴിഞ്ഞാല്‍ അവനെയും അങ്ങോട്ട് കൊണ്ടുപോവുന്നൂന്ന്. അബുദാബിയിലേക്ക്. കേട്ടപ്പോള്‍ തുടങ്ങിയതാണ് കണ്ണന് പരവേശം. മുത്തച്'ന്‍ വരട്ടെ. എനിക്ക് വിസയും വേണ്ട ഒരു തേങ്ങയും വേണ്ട. കിഴക്കേലെ ബ്ലാക്കി പട്ടി അതാ പോകുന്നു. അവന്‍ കുനിഞ്ഞ് ഒരു കല്ലെടുത്തു. അതിന് ഭയങ്കര ബുദ്ധിയാണ്. കുനിയുന്നതു കാണുമ്പോളേ അത് സ്ഥലം കാലിയാക്കും. അവന്‍ കല്ല് വെറുതേ ഒരു തെങ്ങുമ്മേ വീക്കി. ശ്ശെ അതും കൊണ്ടില്ല. താഴത്തെ ഒട്ടു മാവിന്മേല്‍ കുരുവിക്കൂട്ടില്‍ മൂന്നാല് മുട്ടയുണ്ട്. അത് വിരിഞ്ഞോന്ന് നോക്കണം. അവന്‍ അങ്ങോട്ട് നടന്നു. നമ്മള്‍ അതില്‍ തൊടാതെ നോക്കണം. തൊട്ടാല്‍ പിന്നെ കുരുവി ആ കൂട്ടില്‍ വരില്ല.. പിന്നെ പാമ്പുംകാവിലെ മഞ്ചാടിക്കുരു ശേരിച്ച് വക്കുന്ന പാത്രത്തില്‍ കുറെ പെറുക്കി ഇടണം. ഇപ്പോള്‍ നാലായിരത്തി ഒരുനൂറ്റിഅമ്പതെണ്ണമുണ്ട്. കുറേ ആകുമ്പോള്‍ അവന്‍ ഉണ്ടാക്കിയ പൂന്തോട്ടത്തില്‍ വിരിക്കും. അപ്പോ നല്ല ഭംഗി ഉണ്ടാകും അകലെ നിന്ന് കാണാന്‍. അമ്മുവിന്റെ വീട്ടില്‍ അങ്ങിനെ ചെയ്തിട്ടുണ്ട്.
അവന് സ്വന്തമായി ഒരു വാഴയുണ്ട്. കുഴി കുത്തിതന്നത് മാണിക്യനാണ്. പക്ഷേ വാഴ നട്ടത് അവനാണ്. നേന്ത്രവാഴയാ. എന്നും രാവിലെ അതിന് പുതിയ ഇല വന്നോ എന്ന് അവന് നോക്കേണ്ടതുണ്ട്. അവനണാല്ലോ അതിന്റെ ഉടമസ്ഥന്‍. കൂമ്പടയാതിരുന്നാല്‍ മതിയായിരുന്നു. കൂമ്പടഞ്ഞാല്‍ പിന്നെ അതു വെട്ടിക്കളയുകയല്ലാതെ വേറെ ഒരു വഴിയുമില്ലന്നാണ് മാണിക്യന്‍ പറഞ്ഞത്. അവന്റെ അച്'ന് പഠിക്കുന്ന കാലത്ത് കുറേ വാഴകൃഷി ഉണ്ടായിരുന്നത്രേ. അന്നും മാണിക്യനായിരുന്നു സഹായത്തിനെന്നാണ് മാണിക്യന്റെ പത്രാസ്.
അവനെന്തൊക്കെ സ്വപ്നങ്ങളായിരുന്നെന്നോ? അടുത്ത കൊല്ലം അവന്‍ ഏഴ് സിയിലേക്കാണ്. ഏഴു കഴിഞ്ഞാല്‍ പിന്നെ ചാലക്കുടിയില്‍ പോകണം. അപ്പോ ബസില്‍ പോകാം. കാര്യം അവന്‍ അബുദാബിയിലും ബസിലാണ് സ്ക്കൂളില്‍ പോയിരുന്നത്. ഇതതു പോലെയല്ലത്രേ. ചിലപ്പോള്‍ ഇരിക്കാന്‍ പോയിട്ട് നിക്കാന്‍ കൂടി സ്ഥലം ഉണ്ടാവില്ലത്രേ വടക്കേലെ സിന്ധു ആന്റി പറഞ്ഞതാ. ആന്റീന്നല്ല ചേച്ചീന്നാത്രേ വിളിക്കേണ്ടത്. മുത്തച്'ന്റെ ഓര്‍ഡറാ. അടുത്ത കൊല്ലം അവനെ സ്ക്കൂള്‍ ലീഡറാക്കുമെന്ന് സുശീല ടീച്ചര്‍ അമ്പലത്തില്‍ വച്ച് അച്'മ്മയോട് പറയുന്നത് അവനും കേട്ടതാണ്. എന്നിട്ട് വേണം അസംബ്ലിക്ക് സ്റ്റേജില്‍ കേറി നിന്ന് എല്ലാര്‍ക്കും "ഇന്‍ഡ്യ ഈസ് മൈ കണ്‍ട്രി" ചൊല്ലിക്കൊടുക്കാന്‍. അപ്പോഴാണ് ഒരു വിസ വന്നിരിക്കുന്നത്. 'ഞാന്‍ പോവില്ല്യ.. നോക്കിക്കോ.' പറഞ്ഞത് ഇത്തിരി ഒറക്കെ ആയിപ്പോയി.
"എങ്ക്ട് പൂവില്ല്യാന്നാ കണ്ണേട്ടാ" ഓ, അമ്മു. അമ്മൂന്റച്'നും അവന്റെ അച്'നും കൂടി ചെറുപ്പത്തില്‍ ഒപ്പിക്കാത്ത വേലത്തരങ്ങളില്ലെന്നാ അമ്മൂന്റെ അച്'മ്മ പറയാറ്. ഇവള്‍ക്ക് എന്തിന്റെ കൊഴപ്പാ. എപ്പ നോക്ക്യാലും പിന്നാലെ വരും. പിശാശ്. വേണ്ടാ, പിശാശ് എന്ന് വിളിക്കണ്ടാ. ഇവള് കാരണമാണവന്‍ സ്ക്കൂളിലെ ഹീറോ ആയത്. അവള്‍ടെ ക്ലാസിലെ ഗിരീഷ് അവള്‍ടെ സ്ലേറ്റ് പൊട്ടിച്ചു. കണ്ണേട്ടാന്നും വിളിച്ച് കരഞ്ഞോണ്ട് ഓടി വന്നത് അവന്റെ അടുത്തക്കാ. അല്ലാതെ അവളുടെ ചേട്ടന്‍ പേടിത്തൊണ്ടന്‍ ഉണ്ണിയുടെ അടുത്തേക്കല്ലാ. അന്നാ അവന്റെ ക്ലാസിലെ പിള്ളേര്‍ക്ക് അവന് കണ്ണന്‍ന്നും ഒരു പേരുണ്ടെന്ന്് മനസിലായത്. അവന്റെ ശരിക്ക് പേര്‍ സഞ്ജയ് മേനോന്‍ എന്നാണല്ലോ. അച്'മ്മ ഇട്ട പേരാ കണ്ണന്ന്ന്. അമ്മ അവനെ സഞ്ജൂന്നേ വിളിക്കൂ. ഗിരീഷിനെ അവന്‍ ഇടിച്ച് മൂക്ക് ചപ്പാത്തിയാക്കിയത് അമ്മൂനോടുള്ള ഇഷ്ടം കൊണ്ട്വന്നുമല്ലകേട്ടോ. അവളാണാ കുരുവിക്കൂട് അവന്‍ കാണിച്ചു കൊടുത്തത്. അതോണ്ടാ.ഹെഡ്മാഷ് പിടിച്ച് മൂന്നെണ്ണം തുടയില്‍ തന്നു. അതു പോട്ടേന്നു വക്കാം. മുത്തച്'നെ ഒന്നു കാണുന്നുണ്ടത്രേ മാഷ്. മുത്തച്'ന്റെ കാര്യം വല്ല്യ രസമാ. എല്ലാവരും മുത്തച്'നെ അറിയും.
'എങ്ക്ട് പൂവില്ല്യാന്നാ കണ്ണേട്ടാ പറഞ്ഞേ?' അമ്മു വീണ്ടും ചോദിച്ചു. അവന് ദേഷ്യം വന്നു. "നിന്റെ നായര്‍ടോടക്ക്". അവള്‍ടെ അച്'മ്മ ദേഷ്യം വന്നാല്‍ അവളോടങ്ങന്യാ പറയാ. പാവം അമ്മുവിന് സങ്കടം വന്നു. അടുത്ത കൊല്ലം അഞ്ചിലേക്കാണെന്ന് പറഞ്ഞ് അതിന്റെ പത്രാസിലാണവളീയിടെയായി.
'പൂയ്.. പൂയ്' ഉണ്ണിയാണ്. അവളുടെ ചേട്ടന്‍. അവനും ഏഴിലേക്കാണ്. പക്ഷേ അവന്‍ കണ്ണന്റെ അപ്പുറത്തെ ക്ലാസിലാണ്. ഉണ്ണി പിന്നേയും അമ്മുവിനെ കളിയാക്കി. മൂക്കിന്മേല്‍ വിരല്‍ വച്ച് അയ്യേ! എന്നാക്കി അവന്‍ പിന്നെയും കൂവി. 'പൂയ് പൂയ്...' പാടുപെട്ട് സങ്കടമെല്ലാം ഒതുക്കി വെറുതേ തെങ്ങിന്റെ മോളിലും ആകാശത്തും നോക്കി കണ്ണുനിറഞ്ഞത് അവനെ കാണിക്കാതിരിക്കുകയായിരുന്നു അവള്‍. അവളുടെ നായര്‍ക്ക് പറഞ്ഞില്ലേ കണ്ണന്‍. കൂടെ ഉണ്ണിയുടെ കൂവലും. അവള്‍ ഒറ്റ കരച്ചില്‍. ഇന്ന് മുത്തച്'ന്റെ കൈയ്യീന്ന് ഒരു പിച്ച് ഉറപ്പായി. മുത്തച്'ന്‍ പടിക്കലെത്തുമ്പോഴേക്കും അമ്മു പരാതി പറയും. മുത്തച്'ന്‍ പിച്ചിയാല്‍ അവിടെ എസ് എന്ന അക്ഷരം വരും.അവന് ശരിക്ക് ഓര്‍മ്മയുണ്ട്. ഒരു കൊല്ലം മുന്‍പാണത്. ഒരു ദിവസം അച്'ന്‍ വന്നു കയറിയത് ആകെ സങ്കടത്തിലായിരുന്നു. അച്'ന്റെ ജോലി പോയത്രേ. അന്ന് അച്'നും അമ്മയും താടിക്ക് കൈയ്യും കൊടുത്ത് ഒറ്റ ഇരിപ്പായിരുന്നു. എപ്പോ നോക്ക്യാലും, മതിയായി.. നിര്‍ത്തിപോകും നിര്‍ത്തിപോകും എന്ന് പറയാറുള്ള അച്'ന് ജോലി പോയപ്പോ എന്തൊരു സങ്കടം! രാത്രി കണ്ണന് വിശന്നിട്ടും അമ്മ ഒന്നും തരുന്ന ലക്ഷണം അവന്‍ കണ്ടില്ല.. അപ്പുറത്തെ റൂമിലെ റസിയ ആന്റിയാണന്നവന് അന്ന് കുപ്പൂസും മൊട്ടക്കറിയും കൊടുത്തത്. അച്'നോട് ഇന്നൊന്നും മിണ്ടണ്ടാന്നും പറഞ്ഞു ആന്റി. അങ്കിള്‍ വന്ന് അച്ചനോട് ഓരോന്ന് പറഞ്ഞ് സമധാനിപ്പിക്കുന്നുണ്ടായിരുന്നു. അങ്കിളിനും ആന്റിക്കും കുട്ടികള്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ അവന് എന്നും ഫ്ലാറ്റില്‍ കളിക്കാന്‍ കൂട്ടായേനേ. രസമുണ്ടായത് അന്നല്ല. പിറ്റേന്ന് രാവിലെ അവന്‍ സ്കൂളില്‍ പോകാന്‍ ബാഗ് തുറന്നപ്പോഴാണ്. അമ്മ അതെടുത്ത് ഒറ്റ വീക്ക് ചുമരിന്മേലേക്ക്. ഇനി നീ ഒരു സ്ഥലത്തും പോണ്ടാന്നും പറഞ്ഞു. അവന് ദേഷ്യം വന്നു. അന്നൊക്കെ അവന് ദേഷ്യം വന്നാല്‍ കരയാറാണ് പതിവ്. പെരപണി കഴിയാത്തതിലായിരുന്നു അമ്മക്ക് സങ്കടം. ജോസങ്കിളും ബീനാന്റിയും പിന്നെ അച്'ന്റെ ഓഫീസിലെ രണ്ട് അങ്കിള്‍മാരും എയര്‍പോര്‍ട്ടില്‍ വന്നിരുന്നു അവര്‍ പോരുമ്പോള്‍. അവന് ശരിക്കും സങ്കടമുണ്ടായിരുന്നു അബുദാബിയില്‍ നിന്ന് പോരാന്‍. അവന്‍ മുന്‍പ് നാട്ടില്‍ അധികം വന്നിട്ടില്ല. അച്'നും അമ്മയ്ക്കും കൂടി ലീവ് കിട്ടാറില്ല. അവനെ ഒറ്റക്ക് മുത്തച്'ന്റെയും അച്'മ്മയുടേയും അടുത്ത് നിര്‍ത്താന്‍ അമ്മക്ക് ഇഷ്ടമല്ല. അച്'ന് അത് വലിയ ഇഷ്ടമായിരുന്നു. അവനും നാട്ടില്‍ നില്‍ക്കുന്നത് ഇഷ്ടമായിരുന്നില്ല. ഭയങ്കര ഇരുട്ടാ അവന്റെ വീട്ടില്‍. അബുദാബിയില്‍ രാത്രീലും മുറിയില്‍ റോട്ടുവെളിച്ചം ഉണ്ടാവും. പിന്നെ നാട്ടിലെ പിള്ളേര്‍ക്ക് വലിയ പത്രാസാണ്. അവര്‍ക്ക് മരം കയറാന്‍ അറിയാം, നീന്താനറിയാം, മീനെ പിടിക്കാനറിയാം. ഇപ്പോഴാണെങ്കിലേ, അതെല്ലാം കണ്ണനും അറിയാം. അവരെക്കാള്‍ നന്നായി. അവന്റെ അമ്മ കുറേ പറഞ്ഞതാ അമ്മയുടെ വീട്ടില്‍ നിന്ന് പഠിച്ചാല്‍ മതീന്ന്. ഭാഗ്യത്തിന് അച്'ന്‍ സമ്മതിച്ചില്ല. അമ്മയുടെ വീട്ടില്‍ ഒരു രസവുമില്ല..
അച്'ന്‍ മൂന്ന് മാസം ആയപ്പോഴേക്കും തിരിച്ച് പോയി. പോയിട്ട് വേണമത്രേ ജോലി അന്വേഷിക്കാന്‍. പെര പണി മുഴുവനായിരുന്നെങ്കില്‍ അച്'ന്‍ ഇനി പോവില്ല്യായിരുന്നു. അച്'ന് അത് ഇടക്കിടക്ക് പറയും. ആ വളപ്പില്‍ തന്നെയാണ് വീട് പണിതിരിക്കുന്നത്. വാര്‍ക്കപുറത്ത് കയറി മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന മണലിലേക്ക് ചാടിക്കളിക്കലാണിപ്പോള്‍ അവന്റെയും ഉണ്ണിയുടേയും പരിപാടി. അച്'ന്‍ പോയത് അവന് പ്രശ്നമായി. അമ്മയുടെ നിയമങ്ങളായി പിന്നെ. കാലത്ത് തൊട്ട് നടന്ന കാര്യങ്ങള്‍ എല്ലാം വീട്ടില്‍ വന്നാല്‍ അമ്മക്കറിയാം. എന്നിട്ട് നീയെന്തിനാ അവനെ ഞോണ്ടാന്‍ പോയേ, നിനക്ക് നിന്റെ കാര്യം നോക്ക്യാ പോരേ, എന്തിനാ പന്തു കളിക്കാന്‍ പോയേ, അതല്ലേ മുട്ട് പോട്ട്യേ...... അച്'നുണ്ടെങ്കില്‍ 'എഡീ, നിര്‍ത്ത്.ണിര്‍ത്ത് ഞാന്‍ ഇതിലും കുരുത്തക്കൊള്ളിത്തരം കാണിച്ചിട്ടാടീ വലുതായത്. ന്നെട്ടും നീ എന്നെ കെട്ടിയില്ലേ...' എന്നു പറഞ്ഞേനേ. അച്'ന്‍ ഇടപെട്ടാ പിന്നെ അമ്മ നിര്‍ത്തും. പിന്നൊരു സ്ഥിരം വര്‍ത്താനമുണ്ട്. 'എന്റെ ഗതികേട്... പുക ഊതി ഊതി എന്റെ ജന്മം തീരും.' ഓ. അമ്മയുടെ വീട്ടില്‍ ഗ്യാസ് സ്റ്റൌ ഉണ്ട്. അതിന്റെ ഡംബ്. പിന്നെയാണ് പിടികിട്ടിയത്. അമ്മുവാണ് എല്ലാം വന്നു പറയുന്നത്. അച്'ന്‍ അവള്‍ക്കൊരു പേരിട്ടു - ചാരവനിത.
അവനെ ഓട്ടോറിക്ഷയിലാണ് സ്ക്കൂളിലേക്ക് വിട്ടിരുന്നത്. അമ്മുവും, ഉണ്ണിയും എല്ലാ കുട്ടികളും നടന്നാ പോണത്. അവന്‍ മാത്രം കുറേ ഒന്നാം ക്ലാസുകാരുടെ കൂടെ ഓട്ടോറിക്ഷയിലും. അവനത് കുറച്ചിലാണ്. അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല. വെറുതെ നല്ല നുള്ള് കിട്ടും അത്ര തന്നെ. അവന്റെ ഭാഗ്യത്തിന് അച്'ന് വേറെ നല്ല ജോലി കിട്ടി. അമ്മയെ കൊണ്ടുപോയി. പോവുമ്പോള്‍ എന്തായിരുന്നു അമ്മയുടെ വര്‍ത്താനങ്ങള്‍. അത് ചെയ്യരുത്, ഇതു ചെയ്യരുത്. ഇല്ല ചെയ്യില്ല! അച്'മ്മ പറയണതെല്ലാം കേള്‍ക്കണം. കേട്ടോളാം! അച്'മ്മ പറേമ്പോലെ എല്ലാം യെസ് മൂളി. . പാവം കാറില്‍ കേറാന്‍ നേരത്ത് അവനെ ഉമ്മ വച്ചപ്പോ അമ്മ കരഞ്ഞുകേട്ടോ. അവന്‍ കരഞ്ഞില്ല. എന്നിട്ടും അവളുണ്ടല്ലോ, ആ നുണച്ചിപ്പാറു അമ്മു, അവള് പറഞ്ഞോണ്ട് നടന്നു അവന്‍ കരഞ്ഞൂന്ന്.
അമ്മ പോയപ്പോളല്ലേ രസം. അച്'മ്മ അവനെ ചീത്തപറയില്ല. പഠിക്കാന്‍ പറയില്ല. അമ്മയെ പോലെ മുത്തച്'ന്‍ വരുമ്പോള്‍ ഏഷണിയും പറയില്ല. ഇടക്കിടക്ക് അവന്‍ ഓട്ടോറിക്ഷയില്‍ കേറാതെ നടന്നു പോകും. മുത്തച്'ന്‍ അറിഞ്ഞാല്‍ കൊഴപ്പമാ. എന്തൊരു രസാന്നറിയാമോ നടന്നു പോകാന്‍. ഉണ്ണിയാണവന് വെള്ളത്തില്‍ കാലുകൊണ്ട് പടക്കം പൊട്ടിക്കാന്‍ പഠിപ്പിച്ചത്. പക്ഷേ ട്യൂഷനെടുക്കുന്ന സിന്ധുവാന്റിയുടെ അടുത്ത് ഒരു രക്ഷയുമില്ല. വൈകുന്നേരമായാല്‍ ഇരുത്തി പഠിപ്പിക്കും. അമ്മയുടെ പ്രത്യേകം ഓര്‍ഡറുണ്ടെന്ന് പിന്നെയല്ലേ മനസിലായത്. ഓണപരീക്ഷ കഴിഞ്ഞപോളല്ലേ രസം. കണ്ണന്‍് ക്ലാസില്‍ ഫസ്റ്റ് കിട്ടി. അബുദാബിയിലെ ടീച്ചര്‍മാര്‍ ശരിയല്ല. അവരവന് ബി ഗ്രേഡേ കൊടുക്കൂ. അമ്മക്കും അച്'നും എന്തൊരു സന്തോഷമായെന്നോ? അതൊന്നുമല്ല അവന് ഏറ്റവും ഇഷ്ടമായത്. അടക്ക വലിക്കാന്‍ പുരുഷോത്തമന്‍ വരുന്നതാണ്. ആരും ചെന്ന് വിളിക്കൊന്നും വേണ്ടാ. സമയാവുമ്പോള്‍ ആളെത്തിക്കോളും. ഒരു അടക്കാമരത്തില്‍ കയറി ആടി വേറേമ്മെ ചാടിപിടിക്കും. കണ്ണന്റെ കാലിന്റെ അടിയില്‍ അതു കാണുമ്പോള്‍ ഒരു തരിപ്പാണ്. അന്ന് മുത്തച്'ന്‍ ഇല്ലാതിരുന്നാല്‍ ഭാഗ്യം. എന്നാല്‍ പുരുഷു അവനേയും കൊണ്ടേ അടക്ക വിക്കാന്‍ പോവൂ. അടക്ക കൊടുക്കുന്ന സ്ഥലത്തെ മീശക്കൊമ്പന്‍ ഇതാരാ പുരുഷോന്ന് ചോദിച്ചപ്പോ പുരുഷു പറഞ്ഞത് കേള്‍ക്കണോ - ഇത് നമ്മക്കടെ കണ്ണന്‍ മൊതലാള്യാന്ന്!. അവനത് വലിയ പത്രാസായി. പുരുഷു ആരോടും പറയരുതെന്ന് പറഞ്ഞാ അന്ന് അവന് കൊള്ളി ഉപ്പേരി വാങ്ങി കൊടുത്തത്. തട്ടുകടേന്ന്. അവന്‍ ആരോടും അത് പറഞ്ഞിട്ടില്ല. മുത്തച്'ന്‍ അറിഞ്ഞാല്‍ ചിലപ്പോള്‍ ഒരു പെട കിട്ടാന്‍ വഴിയുണ്ട്. ഇതു വല്ലതും അബുദാബിയിലുണ്ടോ? ഒന്നുംല്ല്യാന്നേ. അതാ അവന് അവിടെ പോകാന്‍ ഇഷ്ടമില്ലാത്തത്.
ഒരു രസവുമില്ല അവിടെ. റസിയാന്റീടെ മുറിയിലേക്ക് പോവാന്‍ കൂടി അമ്മ സമ്മതിക്കില്ല. അവര്‍ക്ക് ശല്ല്യമാവുന്ന്! ശല്ല്യേ. എന്നോട് വര്‍ത്താനം പറഞ്ഞിരിക്കാനാ ആന്റിക്കിഷ്ടം. എന്നാ ബാല്‍ക്കണിയില്‍ ചെന്ന് തഴേക്ക് നോക്കിയാലോ? വീഴും എന്ന് പറഞ്ഞ് അതും സമ്മതിക്കില്ല. അവന്റെ മുറിയുടെ ചുമരിലെ പാടുകള്‍ അവന് കാണപ്പാഠമായി. കട്ടിലില്‍ കേറി കിടന്ന് മുകളിലേക്ക് നോക്കിയാന്‍ ആ പാടുകള്‍ക്കെല്ലാം ഓരോ 'ായ വരും. ഒന്ന് ശരിക്കും ഒരു ചെമ്മരിയാട്. പിന്നെ രണ്ടു മനുഷ്യര്‍. അവര്‍ക്ക് കാലില്ല. പിന്നെയും കുറെ രൂപമില്ലാത്ത സാധനങ്ങള്‍.... ... അവനൊരു ചെറിയ കട്ടിലുണ്ട്. അമ്മക്കും അച്'നും വേറെ വലുതും. പിന്നെ ഒട്ടും സ്ഥലമില്ല അവന്റെ മുറിയില്‍.അവിടെ അവന് സ്ക്കൂള്‍ വിടുന്നത് നാലുമണിക്കൊന്നുമല്ലാട്ടോ. രണ്ടു മണിക്കാ. അവന്റെ കൈയ്യിലും ഉണ്ടാകും ഫ്ലാറ്റിന്റെ തക്കോല്‍. റസിയാന്റി അവന് ചോറ് എടുത്തു കൊടുക്കും. ചിലപ്പോള്‍ പാവം ഉറങ്ങിയിട്ടുണ്ടാകും. ഈ റസിയാന്റിയുടെ ഹോബി എന്താന്നറിയണോ? ഒറക്കാത്രേ. അങ്കിള്‍ പറഞ്ഞതാട്ടോ. അമ്മ ഭയങ്കര മടിച്ചിയാ. ഒരു കറി വച്ചാല്‍ മൂന്നു ദിവസം ചൂടാക്കണം. അവന് ചൂടാക്കി കഴിക്കുന്നതേ ഇഷ്ടമല്ല. അമ്മ ചൂടാക്കി വിളമ്പി തന്നാല്‍ കൊള്ളാം. അതിന് അമ്മ വരാന്‍ അഞ്ചു മണി ആകും. ഇവിടെ അവനു വന്നിരിക്കേ വേണ്ടൂ. അച്'മ്മ വിളമ്പിത്തരും. പാത്രമൊന്നും അവനു കഴുകണ്ടാ. അച്'മ്മ എന്തൊക്കെ കറികളാ ഉണ്ടാക്കാന്നറിയോ? പുളി തിരുമ്മീത്, ഉള്ളി ചമ്മന്തി, അരച്ച്കലക്കി, വഴുതങ്ങ അടുപ്പിലിട്ട് ചുട്ട ചമ്മന്തി....... ഇന്നാള് വാഴകൊടപ്പന്‍ അവനാ തോട്ടികൊണ്ട് പൊട്ടിച്ചു കൊടുത്തത്. എന്തൊരു രസമാണെന്നോ അന്നത്തെ തോരന്. ഈ അമ്മ അവിടെ എന്നും ഉണ്ടാക്കും ചിക്കന്‍. തിന്നു തിന്നു അവനും അച്'നും മടുത്തു. ജോലിക്ക് പോക്കും കറി വെപ്പും... ഒക്കെ കൂടി വലിയ ബുദ്ധിമുട്ടാന്നാ അമ്മ പറയാറ്. എന്നാ നീ ജോലിക്ക് പോണ്ടാന്ന് അച്'ന്‍ പറഞ്ഞാലോ.. അപ്പോ പിന്നെ പഞ്ചാരവര്‍ത്താനമായി അവനോടും അച്'നോടും. അച്'ന് ദേഷ്യം വന്നാല്‍ ഒന്ന് പറഞ്ഞാ പറഞ്ഞതാ. അതോണ്ടാ അമ്മക്ക് പേടി. ജോലികൂടിയില്ലെങ്കില്‍ ബോറടിച്ച് ചാവുമെന്നാണ് അമ്മയുടെ പറച്ചില്‍. അതു കേട്ടാല്‍ റസിയാന്റിയുടെ മും പോകും. അച്'മ്മ വാഴയുടെ ഉണ്ണിപിണ്ടി പൊളിച്ചു കൊടുത്താല്‍ അതോണ്ട് തോരന്‍ ഉണ്ടാക്കി തരാംന്ന് പറഞ്ഞിട്ടുണ്ട്.
വേറെ രസം കേള്‍ക്കണോ? ഈ അച്'മ്മ എല്ലാ പച്ചക്കറിയുടെ തോലും എടുത്ത് ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കി തരും. അതു വെയിലത്ത് ഉണക്കാന്‍ വക്കുമ്പോള്‍ എടുത്തു തിന്നാനാണ് രസം."മുത്തച്'ാ, ഞാന്‍ എങ്ങോട്ടും പോണില്ല. ഞാമ്പ്ടെ പഠിച്ചോളാം. മുത്തച്'ാ..."
"നിന്റെ അച്'ന്‍ പറയണേട്ത്തല്ലടാ നീ പഠിക്കേണ്ടത്? നല്ല മക്കള്‍ അച്'ന്‍ പറയുന്നത് അനുസരിക്കണം.........മനസിലാവ്ണ്ണ്ടോ നെനക്ക്? "
"അപ്പോ അച്'ന്‍ മുത്തച്'ന്റെ മോനല്ലേ. മുത്തച്'ന്‍ പറഞ്ഞാ അച്'ന്‍ കേള്‍ക്കില്ലേ?" അവന്റെ മറുന്യായത്തില്‍ മുത്തച്'ന് ഉത്തരം മുട്ടി. അച്'മ്മ അവന്റെ പക്ഷം ചേര്‍ന്നു.
"നിങ്ങളവന്‍ വിളിക്കുമ്പോ ഒന്ന് പറ മനുഷ്യനേ. ന്റെ മോനെ ഞാന്‍ നോക്കിക്കൊള്ളാം"
'തെല്ല് മിണ്ടാതിരി തള്ളേ. അവര്‍ക്ക് ഇവനെ ഇവിടെ ആക്കിയാല്‍ എന്തു മനസമാധാനാണ്ടാവാ? എല്ലാര്‍ക്കും സ്വന്തം മക്കളെ കണ്‍വെട്ടത്ത് കണ്ടോണ്ടിരിക്കണംന്നാ ണ്ടാവാ, നെനക്കതിന്റെ വെഷമം അറീല്ലാ. നിനക്ക് ലോകവിവരം ഉണ്ടോ? കഴുത.'
ലോകത്തിലെ ഏറ്റവും വലിയ തമാശ ഇപ്പോ പറഞ്ഞതാണെന്നമട്ടില്‍ മുത്തച്'ന്റെ ഹഹഹ എന്ന ചിരിയും. അവന് ചിരി വന്നില്ല. അവനെ മുത്തച്'ന്‍ സമാധാനിപ്പിച്ചു.
"ഞാന്‍ പറഞ്ഞു നോക്കാം കണ്ണാ". മുത്തച്'ന്‍ ഒരു കാര്യം ഏറ്റാല്‍ ഏറ്റതാന്നാ അള്‍ക്കാര് പറയണേ. അവന് സമാധാനമായി.
'ലക്ഷണം അത്ര ശരിയല്ല കണ്ണങ്കുട്ട്യേ...' മാണിക്യന്‍. അവന്റെ വാഴയുടെ പുതിയതായി വന്ന കൂമ്പ് പരിശോധിക്കുകയാണ്. മാണിക്യന്‍ അവനെ കണ്ണങ്കുട്ട്യേന്നാ വിളിക്കാ. അവനും കണ്ടു. പുതിയ കൂമ്പിന് പവറ് പോരാ. നമുക്ക് നോക്കാം. കൂമ്പടഞ്ഞാല്‍ പിന്നെ വെട്ടിക്കളയേ കാര്യള്ളൂ. മാണിക്യന്റെ കൂടെ പടവലങ്ങക്ക് കല്ല് കെട്ടി തൂക്കാന്‍ അവനും പോയി. താഴത്തെ തേമാലിയിലേക്ക്.അമ്മ വിളിച്ചപ്പോള്‍ അവനെ കുറേ വഴക്ക് പറഞ്ഞു. അമ്മക്കറിയേണ്ടത് അവന്‍ മുത്തച്ചനോട് പറഞ്ഞോ അവിടെ തന്നെ നിക്കണമെന്ന്.
"ഞാന്‍ ഇവ്ടെ നിന്നോളാംമ്മേ. ഞാന്‍ നല്ലോണം പഠിക്കണ്ണ്ട്. നിക്ക് ഫസ്റ്റ് കിട്ടീല്ല്യേമ്മേ."
"അവ്ടെ നിന്നട്ട് വേണം വൃത്തികെട്ട ശീലങ്ങളൊക്കെ പഠിക്കാന്‍. മര്യാദക്ക് ഞാന്‍ പറയണ കേട്ടാ മതി"
"അപ്പോ അച്'നും ഇവ്ടല്ല്യേ പഠിച്ചത്? അച്'ന്റെ ശീലങ്ങളും വൃത്തി കെട്ടതാണാവോ" ചോദിച്ചില്ല. ചോദിച്ചാല്‍ അതു മതി.
അവന് കണ്ണില്‍ വെള്ളം വന്നു. ഏയ് ഇനി കണ്ണന്‍ കരയില്ല. അടുത്ത മാസം ഏഴിലേക്കാവും. അവന്റെ സ്ക്കൂളില്‍ ഏഴാം ക്ലാസുകാരാണ് ഏറ്റവും വലിയവര്‍. ആറാം ക്ലാസിലെ എല്ലാവര്‍ക്കും അവനെ പേടിയാണ്. ഏഴിലെ വലിയവന്മാര്‍ ആരും തോല്‍ക്കാതിരുന്നാല്‍ പിന്നെ അവനായിരിക്കും അടുത്ത കൊല്ലത്തെ ചട്ട. പക്ഷേ ആ ശശി എന്തായാലും ജയിക്കില്ലത്രേ. എന്നാ പോയി. അച്'മ്മ വന്ന് അവന്റെ തലമുടിയില്‍ വിരലോടിച്ചു. അവന് മനസിലായി അവനെ സമാധാനിപ്പിക്കാനാണെന്ന്. എന്നിട്ട് അമ്മുവിന്റെ അച്'മ്മയോട്് 'അതിനിവിടെ നിന്നാ മതി. പാവം. അവടെ കളിക്കാനൊന്നും കൂട്ടില്ലാത്രേ.' പിന്നെ അവന് പിടിച്ച് നിക്കാനായില്ല.
അമ്മു നില്‍ക്കുന്നതൊക്കെ മറന്ന് അവന്‍ ഉറക്കെ കരഞ്ഞു. അച്'മ്മയെ കെട്ടിപ്പിടിച്ച്. 'എനിക്ക് പോണ്ടച്'മ്മേ... എനിക്ക് പോണ്ടാ....' അച്'മ്മ ഉറക്കെ നാമം ചെല്ലി. പാവം അമ്മു അവള്‍ക്കും സങ്കടം വന്നു...
വിലാസ്ന്യേ.... ഇനി ഇങ്ങനെ നൊണ പറയരുത്. വിലാസിനിയാണവന് കാര്‍ന്നോമാര്‍ക്ക് എണ്ണ നേരാന്‍ പറഞ്ഞത്. കാര്‍ന്നോമ്മാര്‍ക്ക് എണ്ണ വേണ്ട. അവന്റെ വിസയും കൊണ്ട് ജോസങ്കിള്‍ വന്നു. രണ്ടാഴ്ച്ച കഴിഞ്ഞാല്‍ അവനും ജോസങ്കിളിന്റെ കൂടെ പോകുന്നു.
'എന്റെ കണ്ണാ കാര്‍ന്നോമ്മാര് മോന് നല്ലതു വരുന്നതേ ചെയ്യൂ. പേര്‍ഷ്യേല് നല്ല ഷ്ക്കോളില് നല്ല പിള്ളേരുടെ കൂടേര്‍ന്ന് പഠിച്ചൂടേ?' അവിടെ സ്ക്കൂളെല്ലാം വാര്‍ക്കയാണെന്നറിഞ്ഞപ്പോ തുടങ്ങിയതാ വിലാസ്നിക്ക്. ഇവിടെയെല്ലാം ഓടിട്ട പൊട്ട സ്ക്കൂളാത്രേ. ഈ വിലാസിനിക്ക് ഒരു ബുദ്ധിയുമില്ല. അവടെ നല്ല സ്ക്കൂളാത്രേ! നല്ല പിള്ളേരാത്രേ! അവിടെ സ്ക്കൂളില്‍ കഞ്ഞി കിട്ടില്ല എന്നത് മാത്രമായിരുന്നു വിലാസിനി കണ്ട ഒരേയൊരു കുറ്റം. അവര്‍ പഠിക്കുന്ന കാലത്തൊന്നും സ്ക്കൂളില്‍ കഞ്ഞി ഉണ്ടായിരുന്നില്ലത്രേ. ഉണ്ടായിരുന്നെങ്കില്‍ പത്താം ക്ലാസ് വരെ പഠിച്ചേനെയെന്നാണ് അവര്‍ പറയുന്നത്.
ജോസങ്കിളിനോടും അവന്‍ പറഞ്ഞുനോക്കി. അമ്മക്കവിടെ ഒരു സമാധാനവുമില്ലാത്രേ. എന്നും അവന്റെ കാര്യം പറഞ്ഞ് കരച്ചിലാണെന്ന്. ജോസങ്കിള്‍ നുണ പറയുന്നതാണ്. അവനറിയാം. അച്'നോടും പറഞ്ഞു വിളിച്ചപ്പോള്‍. രണ്ട് ദിവസം അവ്ടെ നിക്കുമ്പോ സങ്കടമൊക്കെ മാറുംന്നാ അച്'ന്‍ പറഞ്ഞത്. ഒരു കാര്യവുമുണ്ടായില്ല. അവന്റെ എല്ലാ ഉത്സാഹവും നശിച്ചു.
വിരിഞ്ഞ കുരുവിക്കുഞ്ഞുങ്ങളെല്ലാം പറന്നു പോയിരുന്നു. അവന്റെ വാഴക്ക് വന്ന കൂമ്പുകളെല്ലാം വിളറി വെളുത്തുപോയിരുന്നു. അതു കൂമ്പടഞ്ഞത്രെ. ഇനി അതു കാര്യമില്ല. വെട്ടിക്കളയണമെന്നാണ് മാണിക്യന്റെ വിദഗ്ദ്ധോപദേശം. പോകുന്നതിന്റെ തലേ ദിവസമാണ് അവനും മുത്തച്'നും കൂടി പോയി സ്ക്കൂളില്‍ നിന്ന് പേപ്പറുകള്‍ ശരിയാക്കി വാങ്ങിയത്. അന്ന് സന്ധ്യക്ക് അവന്‍ വെട്ടുകത്തിയെടുത്ത് അവന്റെ വാഴയുടെ അടുത്തേക്ക് നടന്നു. പിന്നെ വാഴ തലങ്ങും വിലങ്ങും വെട്ടി. അവസാനം അച്'മ്മ വന്ന് അവനെ വട്ടം പിടിച്ച് നിര്‍ത്തുന്നത് വരെ....
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.സന്ധ്യയായാല്‍ പാമ്പുംകാവിലേക്ക് നോക്കാന്‍ പോലും പേടിയായിരുന്ന അവന്‍ കൂസലില്ലാതെ മഞ്ചാടിക്കുരു ശേരിച്ച് വക്കുന്ന പാത്രം അവിടെ നിന്നെടുത്തു. പടിക്കല്‍ക്കൂടിയല്ലാതെ വേലിമുറിച്ച് കടന്ന് അമ്മുവിന്റെ വീട്ടിലേക്ക് നടന്നു. അവന്‍ കാണാതെ അവന്റെ പാത്രത്തില്‍ നിന്ന് മഞ്ചാടിക്കുരു കട്ടെടുക്കുന്ന പെണ്ണാണവള്‍. ഒരു ദിവസം അവന്‍ കണ്ടുപിടിച്ച് രണ്ടിടി കൊടുത്തതാണ്.
'വാ കണ്ണാ.. നാളെ വെളുപ്പിന് അഞ്ചു മണിക്കേ ഇറങ്ങണം അല്ലേ' അമ്മുവിന്റെ അച്'മ്മ.
അവന്‍ അത് ശ്രദ്ധിക്കാനേ പോയില്ല. അവന്റെ അച്'മ്മ അവനെ ഉറക്കെ പേരു ചൊല്ലി വിളിക്കുന്നത് കേട്ടു. അവന്‍ ഉറക്കെ വിളിച്ചു.
"അമ്മൂ.."
അവള്‍ ഓടി പുറത്ത് വന്നു. ഉണ്ണിയും.കണ്ണന്‍ അവളുടെ ചെടിത്തോട്ടത്തിലേക്ക് മഞ്ചാടിക്കുരു മുഴുവന്‍ ചെരിഞ്ഞു. പാത്രം താഴെയിട്ട് ഒരക്ഷരം അരോടും പറയാതെ തിരിച്ച് വീട്ടിലേക്ക് നടന്നു.
നാളെയാണവന് പോകേണ്ടത്. അമ്മുവും, ഉണ്ണിയും അവരുടെ അച്'നുമമ്മയും, അച്'മ്മയും വന്നിട്ടുണ്ട്. അവരൊക്കെ കൂടി അവന്റെ ബാഗില്‍ എല്ലാം നിറച്ചു. നാളെ അവര്‍ എണീക്കുന്നതിന് മുന്‍പേ അവന്‍ പോകും. ജോസങ്കിള്‍ രാവിലെ അഞ്ചുമണിക്ക് കാറുമായെത്തും. അപ്പോഴേക്കും അവന് റെഡിയായിരിക്കണം.
അവന്‍ അന്ന് നേരത്തെ കിടന്നു.
*********************************
Friday, July 14, 2006
ഞാന്‍ ശബരിമലമുട്ടന്‍ -അവസാനഭാഗം
ശനിയാഴ്ചകളായിരുന്നു എനിക്കേറ്റവും സങ്കടകരം! നാളത്തെ ഹതഭാഗ്യനെ, ഭഗവാന്‍ അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ എന്ന് അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞ് ഞാന്‍ പെട്ടന്ന് തിരിച്ച് നടക്കും. എന്നിട്ട് എന്തെങ്കിലും കടത്തിണ്ണയില്‍ പോയി കിടന്ന് കുറേ നേരം നിശ്ശബ്ദമായി കരയും. അല്ലാതെ ഈ ദുര്‍ബലനായ നാല്‍ക്കാലിക്ക് എന്തു ചെയ്യാന്‍ സാധിക്കും. പുലര്‍ച്ചെ നാലുമണിക്ക് ആ പാവത്തിന്റെ അവസാനത്തെ വിലാപം മുഴങ്ങികേള്‍ക്കും -ഗ്രാമത്തില്‍ എവിടെ പോയാലും.
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. (അത് ഞാനറിഞ്ഞത് അല്‍പം കഴിഞ്ഞിട്ടായിരുന്നു). നാളെ സംക്രാന്തിയാണ്. മീശക്കൊമ്പന് വലിയ കച്ചവടം ഉണ്ടാകും. ആട്ടിറച്ചി വയ്ക്കാത്ത വീടുകള്‍ ഉണ്ടാകില്ല. പതിവ് പോലെ നാളെ കത്തിക്കിരയാകേണ്ടുന്ന എന്റെ സുഹൃത്തുക്കളെ കാണാന്‍ ഞാന്‍ കൂട്ടിലെത്തി. മൂന്നുപേര്‍ ഗ്രാമത്തിന്റെ ഭക്ഷണമാകാന്‍ പോകുന്നു. അതില്‍ ഒരുവന്‍, ഒരു സുന്ദരന്‍, ആകെ തകര്‍ന്ന മട്ടിലാണ്. അവന് ഇപ്പോള്‍ മരിക്കാന്‍ മനസ്സില്ല. അത് ആര്‍ക്കുമില്ല എന്നെനിക്കറിയാം. പക്ഷേ അവന്റെ സി പ്രസവിക്കാന്‍ കിടക്കുന്നു. ദൂരെ അവന്റെ യജമാനന്റെ വീട്ടില്‍. ആ മക്കളുടെ മും ഒരു വട്ടമെങ്കിലും അവന് കണ്ടേ തീരൂ. അവന്‍ എന്റെ കാലില്‍ വീണു. "നിന്റെ ഭഗവാനെ ഒന്ന് വിളിക്കൂ, എന്നെ രക്ഷിക്കൂ, എന്റെ മക്കളെ ഒന്ന് കാണാന്‍ അനുവദിക്കൂ..." ഞാന്‍ വിളിച്ചാല്‍ അയ്യപ്പന്‍ വരുമോ? എവിടെ വരാന്‍? എത്രയോ ലക്ഷം പേര്‍ ഇതേ സമയം വിളിക്കുന്നുണ്ടാകു? പിന്നെയാണോ ഈ വെറും നാല്‍ക്കാലിയുടെ വിളി ഭഗവാന്‍ കേള്‍ക്കുന്നത്? എന്റെ നിസ്സംഗഭാവം അവനെ പ്രകോപിപ്പിച്ചു.
"രണ്ട് നേരം കുളിച്ച് കുറീം തൊട്ട് സദാ അയ്യപ്പനാമവും ഉരുവിട്ട് നടക്കുന്ന നീ വിളിച്ചാല്‍ നിന്റെ ദൈവം വരില്ലേ.? എങ്കില്‍ എടുത്ത് കളയടാ നിന്റെ ചപ്പടാച്ചി ശബരിമല മുട്ടന്‍ പട്ടം. ദുഷ്ടാ, സ്വാര്‍ത്ഥാ, വര്‍ഗ്ഗവഞ്ചകാ... ഇരുകാലികള്‍ക്ക് പാദസേവ ചെയ്യുന്ന നട്ടെല്ലില്ലാത്തവനേ....ണീ ഞങ്ങള്‍ക്കൊക്കെ അപമാനമാണെടാ. എറങ്ങിപ്പോടാ...ഒരു അച്'ന്റെ ദു:മുണ്ടോ നിനക്കറിയുന്നൂ?
"നെഞ്ചിലെവിടെയോ ഒരു കൊളുത്തിപിടുത്തം. പിന്നെ ഞാന്‍ ചെയ്‌തതെല്ലാം ഒരു ഉന്മാദാവസ്ഥയിലായിരുന്നു. ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍ ഞാന്‍ ഇതൊന്നും ചെയ്യുമായിരുന്നില്ല.നേരെ ശബരിമലയുടെ ദിശയിലേക്ക് തിരിഞ്ഞുനിന്നു.
"അല്ലയോ ഭഗവാനേ, എന്റെ യജമാനാ, ഇത്ര കാലം ഞാന്‍ നിന്നെ മാത്രം പൂജിച്ചു, അരാധിച്ചു. തിന്നാന്‍ മറന്നാലും ഞാന്‍ നിന്നെ തൊഴാന്‍ മറന്നിട്ടില്ല. സ്വാമി ശരണം എന്ന് ഞാന്‍ കോടാനുകോടി തവണ ഉരുവിട്ടു. ഇതുവരെ കണ്ടിട്ടില്ലാത്ത സന്നിധാനം സ്വപ്നം കണ്ട് ഞാന്‍ ഉറങ്ങി, നിന്റെ മനോഹരരൂപം സ്വപ്നം കണ്ട് ഉണര്‍ന്നു. ആശ്രിതവത്സലാ, ഹരിഹരപുത്രാ, ആ ഞാന്‍ ഇതാ ഹൃദയം പൊട്ടി വിളിക്കുന്നു. വരൂ, എന്റെ വര്‍ഗ്ഗത്തെ രക്ഷിക്കൂ. കോടാനുകോടി വര്‍ഷങ്ങളായി ഇരുകാലികള്‍കും, നാല്‍ക്കാലികള്‍ക്കും ഭക്ഷണമാകാന്‍ വിധിക്കപ്പെട്ട എന്റെ വര്‍ഗ്ഗത്തെ രക്ഷിക്കൂ"
നിശ്ശബ്ദത! പ്രകൃതിക്കുപോലും ജിജ്ഞാസ!
എന്റെ സുഹൃത്തുക്കളുടെ ചുണ്ടില്‍ നിസ്സഹായതയോടൊപ്പം ഒരു പുച്'ം!
എന്റെ എല്ലാ നിയന്ത്രണവും വിട്ടു.
"ഹേ, ഭഗവാന്‍, ഇത്ര കാലം നീയേ ശരണം എന്ന് ഞാന്‍ പാടി. ആ എന്റെ വിളി നീ കേള്‍ക്കുന്നില്ല. അല്ല, കേള്‍ക്കാത്ത മട്ടിലിരിക്കുന്നു. ഇത് സഹിക്കാന്‍ കഴിയില്ല. ഞാനിതാ പ്ര്യാപിക്കുന്നു:"
എന്റെ പ്ര്യാപനം കേള്‍ക്കാന്‍ പ്രകൃതി കാതു കൂര്‍പ്പിച്ചു.
"ഹേ പമ്പാവാസാ, നിനക്ക് വേണ്ടി ജീവിതത്തിലെ നല്ലകാലം ബ്രഹ്മചാരിയായി നശിപ്പിച്ച ഞാനിതാ പറയട്ടേ, ഹേ പതിനെട്ടാംപടിക്കുടയ നാഥാ, യുക്തി വാദികള്‍ പറയുന്നത് ശരിയാണ്: നീ വെറും കല്ലാകുന്നു, കണ്ണും മൂക്കും വരച്ച് വച്ച ഹൃദയമില്ലാത്ത വെറും കല്ല്, ഇതാ എനിക്ക് കല്‍പിച്ച് നല്‍കിയ പദവി, ശബരിമല മുട്ടന്‍, ഞാന്‍ വലിച്ചെറിയുന്നു. ഇന്ന് മുതല്‍ ഞാനും ഒരു യുക്തിവാദി.'
ശബരിമലയുടെ ദിശയിലേക്ക് നോക്കി, മൂന്ന് വിരല്‍ നെറ്റിയോട് ചേര്‍ത്ത് അവസാനവാക്കും ഞാന്‍ പറഞ്ഞു 'ലാല്‍സലാം'.
ഒരൊറ്റ നിമിഷം. ഒരു ഇടിവാള്‍ ഈര്‍ച്ച വാളിന്റെ പുളയല്‍ പോലെ ആകാശത്ത് നിന്ന് താഴേക്കിറങ്ങി. ഞങ്ങള്‍ നിന്നിരുന്ന കൂടിന്റെ ഒരു വശത്തായി അതുവന്ന് പതിച്ചു. ഒരു ഗര്‍ജ്ജനം! അതേ സാക്ഷാല്‍ പുലിയുടെ! ആകെ പൊടിപടലം. ഒരു കാറ്റ് ആ പൊടിപടലത്തെ ഒതുക്കി മാറ്റി. അതാ പുലിപ്പുറത്ത് പുഞ്ചിരിയോടെ സാക്ഷാല്‍......
"ഭക്തവത്സലാ, കാരുണ്യവാരിധേ, പമ്പാവാസാ...." അറിയാവുന്ന അയ്യപ്പന്റെ പര്യായപദങ്ങള്‍ ഒക്കെ ഞാന്‍ വിളിച്ചു. "പ്രണാമം, പ്രണാമം, പ്രണാമം..." പകച്ച് നില്‍ക്കുന്ന എന്റെ കൂട്ടുകാര്‍ സ്വയം നുള്ളി നോക്കി, സ്വപ്നമല്ല ഇതെല്ലാം എന്ന് വെറുതേ ഒന്നുറപ്പു വരുത്തി.
"ഹേ, അജപൌരാ, യുക്തിവാദത്തിലേക്ക് തിരിഞ്ഞ് എനിക്ക് ലാല്‍സലാം അടിച്ച നീ ഇപ്പോള്‍ പ്രണമിക്കുന്നതെന്ത്?"
"ക്ഷമിക്കണം, ക്ഷമിക്കണം... ബുദ്ധിമോശത്താല്‍ ഞാന്‍ സ്ഥലകാലബോധം മറന്ന് എന്തോക്കെയോ പറഞ്ഞു പോയി. ജീവിതം മുഴുവന്‍ അങ്ങയുടെ നാമവും ചൊല്ലി, ഒരു നിത്യബ്രഹ്മചാരിയായി, അങ്ങയെ മാത്രം...."
"'ായ്, നിര്‍ത്തൂ, ഇനി ഇവിടെ എന്റെ മുത്ത് നോക്കൂ.."ഞാന്‍ അഴികള്‍ക്കിടയില്‍ക്കൂടി അദ്ദേഹത്തിന്റെ മുത്ത് നോക്കി.
"ഇനി പറയൂ, നീ ബ്രഹ്മചാരി ആണോ?, ഇവിടെ എന്റെ മുത്തേക്ക് നോക്കി പറ"
െ'! മോശം, മോശം. കൂട്ടില്‍ മൊത്തം ഏഴു പേരുണ്ട്. എല്ലാവരും കേട്ടു.
"പറയൂ ഭക്താ..ണീ ബ്രഹ്മചാരി ആണോ?"
"സാഹചര്യത്തിന്റെ സമര്‍ദ്ദം...."
"നാണമില്ലേ, ഭക്താ, ശബരിമല മുട്ടന്‍ എന്ന പേരില്‍ നടന്ന് എന്റെ പേര് ചീത്തയാക്കാന്‍.."
"സ്വാമിന്‍, ഞാനൊന്ന് ചോദിച്ചോട്ടേ? ഞാന്‍ ജനിച്ച ഉടനെ എന്റെ യജമാനന്‍ തമിഴന്‍ ഇവന്‍ ശബരിമലമുട്ടന്‍ എന്ന് പ്ര്യാപിച്ചു. അയാള്‍ ഏതോ കാര്യസാധ്യത്തിന് എന്റെ ജീവിതം ബലി നല്‍കി. ഞാന്‍ ആജീവനാന്തം ബ്രഹ്മചാരി ആയി കഴിയണം. എന്റെ അഭിപ്രായം ആരെങ്കിലും ചോദിച്ചോ? ഇതില്‍ എന്തെങ്കിലും ന്യായമുണ്ടോ? നീതിയുണ്ടോ? അയാളണോ എന്റെ തലയിലെഴുത്ത് നിര്‍ണ്ണയിക്കുന്നത്? അതൊക്കെ പോട്ടെ, അങ്ങ് പറഞ്ഞിട്ടുണ്ടോ കാര്യസാധ്യത്തിന് അങ്ങേക്ക് മുട്ടന്മാരെ നല്‍കിയാല്‍ മതിയെന്ന്? എന്റെ അറിവില്‍പ്പെട്ടിടത്തോളം ഇല്ല. പിന്നെ ആരാണീ വ്യവസ്ഥിതി കൊണ്ടു വന്ന് ഞങ്ങളുടെ ജീവിതം നരകയാതനാപൂര്‍ണ്ണമാക്കിയത്? സ്വാര്‍ത്ഥമതികളായ ഒരു കൂട്ടം മനുഷ്യര്‍. അങ്ങിതെല്ലാം കണ്ടുകൊണ്ടല്ലേ ഇരിക്കുന്നത്?'
"അല്ലയോ അജകുമാരാ,, നീ പറഞ്ഞത് ഞാന്‍ ഒട്ടും തന്നെ ണ്ഡിക്കുന്നില്ല. നീ ശബരിമല മുട്ടനാണ് എന്ന കാര്യം ഞാന്‍ ശ്രദ്ധിക്കുന്നേ ഇല്ല. കാരണം അങ്ങിനെ ഒരു വിഭാഗം എന്റെ ആവശ്യപ്രകാരം ഉണ്ടായതല്ല. നിന്നെ ഞാന്‍ നോട്ടപ്പുള്ളി ആക്കാനുള്ള കാരണം ഇതാണ് ..ണീ സര്‍വ്വസമയവും എന്നെ പ്രാര്‍ത്ഥിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു, പണ്ടേ. ആ നീ പെരും നുണ പറയുന്നു, ബ്രഹ്മചാരി ആണെന്ന്. അതും ദിവസം പല പ്രാവശ്യം ആവര്‍ത്തിക്കുന്നു. പിന്നെ ഒന്നു മനസ്സിലാക്കുക. നിന്റെ പഴയ യജമാനന്‍ എന്നെ പ്രാര്‍ത്ഥിച്ച് എന്തെങ്കിലും കാര്യം നേടിയിട്ടുണ്ടാകാം, ഓര്‍ക്കുക, അത് എനിക്കൊരു മുട്ടനെ കിട്ടും എന്ന് കരുതി ഞാന്‍ ചെയ്ത് കൊടുത്തതാകില്ല. അയാള്‍ ഒരു പക്ഷേ യഥാര്‍ത്ഥ ഭക്താനായിരുന്നിരിക്കും. പത്ത് പൈസ കിട്ടും എന്നതിനാല്‍ ഞാന്‍ ഒരു അനുഗ്രഹവും നല്‍കിയിട്ടില്ല. അതു പോലെ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശിത്തന്നവനായാലും, ഭണ്ഡാരം നോട്ടുകെട്ടുകള്‍ കൊണ്ട് നിറച്ചവനായാലും അവന്റെ ഭക്തി കപടമാണെങ്കില്‍ ഞാന്‍ ഒരനുഗ്രഹവും നല്‍കാറുമില്ല. വിശ്വസിക്കുക... .. ഈ ശബരിമല മുട്ടന്‍ ഏര്‍പ്പാട് എന്റെ സൃഷ്ടി അല്ല. പക്ഷേ ഞാന്‍ നിസ്സഹായനായിരിക്കുന്നു. ഞാന്‍ വിചാരിച്ചാലും നിര്‍ത്താന്‍ കഴിയാത്ത പലതും ഉയര്‍ന്ന് വരുന്നു. മനുഷ്യര്‍ എന്നേക്കാള്‍ ഉയരത്തിലിരുന്ന് തീരുമാനാങ്ങളെടുക്കുന്നു. മേല്‍ശാന്തിയും അമ്പലവാസികളും എന്നേക്കാള്‍ ബഹുമാനിക്കുന്നതും ഭയക്കുന്നതും ദേവസ്വം മേലാളനെയാണോ എന്ന് പോലും ഞാന്‍ സംശയിക്കുന്നു."
"സ്വാമിന്‍, എല്ലാം ഭസ്മീകരിക്കൂ......."
"ഇല്ല ഭക്താ, അതെല്ലാം എന്റെ സൃഷ്ടിയില്‍ പങ്കെടുത്തവരുടേയും, ബ്രഹ്മാവിന്റെയും നിയന്ത്രണത്തിലാണ്. ഞാനാകട്ടെ പണ്ട് പറഞ്ഞു പോയ ചില വാക്കുകളില്‍ സ്വയം ബന്ധിതനും. ഇതൊന്നും നിന്നോട് പറയേണ്ട കാര്യങ്ങളല്ല. ഞാന്‍ പറഞ്ഞു വന്നത് എന്റെ ഭക്തനായ നീ ഒരു ബ്രഹ്മചാരി ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ നീ നുണ പറഞ്ഞു, പലവട്ടം അതാവര്‍ത്തിച്ചു. നിനക്കും അമ്മിണി വാരസ്യാരുടെ ആടിനും മാത്രമേ അതറിയൂ എന്ന് നീ കരുതിയോ?"
"സ്വാമീ, അതില്‍ ഞാന്‍ കൂട്ടുപ്രതി മാത്രം, ഇളം നിലാവ്, വാരസ്യാരുടെ മുറ്റത്തെ മുല്ലപ്പൂവിന്റെ മാദകഗന്ധം, ആ അഭിസാരികയുടെ, അഭിനവ മേനകയുടെ കണ്ണുകൊണ്ടുള്ള ചലനം......എല്ലാം അതില്‍ കുറ്റക്കാരാണ്."
"അതില്‍ കുഴപ്പം ഒന്നും ഞാന്‍ പറഞ്ഞില്ല. ഇണചേരുക എന്നത് പ്രകൃതി നിയമം. വാരസ്യാരുടെ ആട്, നിന്നെ വെറും ഒരു സന്താനോല്‍പാദകയന്ത്രമായേ കരുതിയിരുന്നുള്ളൂ. പണ്ട് നിന്നെ സ്നേഹിച്ചിരുന്ന കറമ്പിയെ നിനക്കോര്‍മ്മയുണ്ടോ?"
"തീര്‍ച്ചയായും സ്വാമിന്‍""നിനക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറായിരുന്ന അവളുടെ കളങ്കമില്ലാത്ത സ്നേഹം നീ ബ്രഹ്മചര്യത്തിന്റെ പേര്‍ പറഞ്ഞ് ഉപേക്ഷിച്ചു. ഇവിടെ ഇവിടെ ആത്മാര്‍ത്ഥതയില്ലാത്ത ഏതോ ഒരുവള്‍ക്ക് മുന്നില്‍ നീ കൊട്ടിഘോഷിച്ച ആ ബ്രഹ്മചര്യം കളഞ്ഞു കുളിച്ചു."
"സ്വാമിന്‍ എന്നോട് ക്ഷമിക്കണം."
"എന്തിന്? നീ തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷേ ഇക്കാര്യം കൂടി നീ അറിയണം. കറമ്പി ഇപ്പോഴും കാത്തിരിക്കുന്നു. അന്നത്തെ നിന്റെ പലായനത്തിന് ശേഷം അവളെ സമീപിച്ച മുട്ടന്റെ പള്ള കുത്തിക്കീറി അവള്‍ നാടു വിട്ടതാണ്. ശബരിമലയിലേക്കാണവളുടെ വരവ്. നിന്നെ കാണാന്‍ വേണ്ടി മാത്രം. ഒന്നു കൂടി അറിയുക അവള്‍ ഇപ്പോഴും കന്യകയാണ്"
"സ്വാമീ......" എന്റെ ഈ വിളിക്ക് നാലാടിന്റെ പവറായിരുന്നു.
"വിഡ്ഢിയായ ഞാന്‍ ആ പരിശുദ്ധസ്നേഹം അവഗണിച്ചു. ഞാന്‍ അവളെ അപമാനിച്ചു തിരിച്ചയച്ചു. ഞാന്‍ വിവരഹീനന്‍! അവളെവിടെയുണ്ട് പ്രഭോ? എനിക്കവളെ കാണണം. എനിക്കവളോട് മാപ്പ് പറയണം."
"ഇവിടെ അടുത്ത ഗ്രാമത്തില്‍ തന്നെ, പക്ഷേ പ്രിയ ഭക്താ, നിനക്കിനി അവളെ കാണാന്‍ കഴിയില്ല."
"എന്തുകൊണ്ട് പ്രഭോ? എനിക്കവളെ കണ്ട് മാപ്പ് പറഞ്ഞേ മതിയാകൂ. ഞാന്‍ മൂലം നിത്യകന്യകയായി കഴിയുന്ന അവള്‍ക്ക് ഞാനൊരു പുതിയ ജീവിതം നല്‍കും. ഞാന്‍ ഉണ്ടില്ലെങ്കിലും അവളെ ഊട്ടും. പ്രഭോ, ഭക്തവത്സലാ, എന്തു കൊണ്ട് എനിക്കവളെ കാണാന്‍ കഴിയില്ല?.."
"കാരണം നിസ്സാരം. നീ മരിക്കാന്‍ ഇനി വെറും നാഴികകളേ ബാക്കിയുള്ളൂ."
"എന്റെ സ്വാമീ....."
ഇതിനു തുല്ല്യമായ ശബ്ദത്തില്‍ എന്റെ ഓര്‍മ്മയില്‍ ഞാന്‍ നിലവിളിച്ചിട്ടില്ല. എന്റെ സുഹൃത്തുക്കളും ഞെട്ടി വിറച്ചു.
"അലറേണ്ട വത്സാ...... നിന്റെ ഹതഭാഗ്യരായ ഈ സുഹൃത്തുക്കളോടൊപ്പം നാളെ നീയും ഈ ഗ്രാമത്തിലെ പല ഭക്ഷണമേശകളും അലങ്കരിക്കാന്‍ പോകുന്നു. ആരുമറിയാതെ... നിന്നെ കാണാതായാല്‍ ആരന്വേഷിക്കുന്നു? ഈ ഞാനല്ലാതെ? നീ ശബരിമലയിലേക്കുള്ള പ്രയാണം തുടര്‍ന്നു എന്നേ പാവം ഗ്രാമീണര്‍ കരുതൂ."
"പ്രഭോ......"
ഞാന്‍ വാതില്‍ക്കലേക്ക് കുതിച്ചു. രക്ഷപ്പെടണം. ഹെന്ത്?!വാതില്‍ അടഞ്ഞു കിടക്കുന്നു. ഇതുവരെ പതിവില്ലാത്ത കാര്യം! ഞാന്‍ വരുമ്പോള്‍ അത് തുറന്നായിരുന്നു കിടന്നത്. അല്ലെങ്കില്‍ ഞാന്‍ എങ്ങിനെ ഇതിനുള്ളില്‍ കയറും? ഭാസ്കരന്‍ വന്ന് അടച്ചതാണോ? അല്ലാതെ ആരിതു ചെയ്യാന്‍?
"അയാള്‍ എപ്പോഴേ വന്ന് നിന്നെ ഇതില്‍ കുടുക്കി എന്നറിയാമോ? കുറേ നാളായി അയാള്‍ നിന്നെ നോട്ടമിട്ടിട്ട്."
"എന്റെ സ്വാമീ..."
"എനിക്കയാള്‍ നിന്നെ വിറ്റുകിട്ടുന്ന തുകയില്‍ നിന്ന് ഒരു ചെറിയ ഭാഗം നീക്കിവക്കുമായിരിക്കും. എന്റെ ധര്‍മ്മസങ്കടം ഞാന്‍ ആരോട് പറയും?"
"പ്രഭോ,എന്നെ രക്ഷിക്കണേ, എനിക്ക് ജീവിക്കണം...... വിശുദ്ധപട്ടം കളഞ്ഞ് ഒരു സാധാരണക്കാരനായി...എന്റെ കറമ്പിയുടെ കൂടെ......എന്നെ ഉപേക്ഷിക്കല്ലേ........പ്രഭോ......"
"മകനേ, അതൊന്നും എന്റെ പരിധിയില്‍ പെടുന്ന കാര്യങ്ങളല്ല. എന്റെ സൃഷ്ടാക്കള്‍ വിചാരിക്കണം ഇനി എന്തെങ്കിലും നടക്കാന്‍. അവരാകട്ടെ എന്നെപോലെ ക്ഷിപ്രസാദികളല്ല. നിനക്ക് മോക്ഷത്തിന് സമയമായി എന്ന് മാത്രം കരുതുക. ഞാന്‍ പോകുന്നു. നിന്റെ ആത്മാവിന് മോക്ഷം ലഭിക്കട്ടെ. എന്റെ സര്‍വ്വമംഗളങ്ങളും!"
മൂകത! ഭയാനകമായ മൂകത. ആര്‍ക്കും ഒന്നും പറയാനില്ല. സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ വാതില്‍ ചവുട്ടി നോക്കി. തല കൊണ്ട് ഇടിച്ച് നോക്കി. രക്ഷയില്ല.
ഞാന്‍ മനസ്സിലാക്കുന്നു. മരണം ഭയാനകമാണ്.
പാവം എന്റെ സുഹൃത്തുക്കള്‍, അവര്‍ക്കെന്നെ സമാധാനിപ്പിക്കണമെന്നുണ്ട്.
ഹോ! ഈ നിശ്ശബ്ദത ഒന്നവസാനിച്ചിരുന്നെങ്കില്‍....
മീശക്കൊമ്പന്‍ ഏഴുന്നേറ്റിട്ടുണ്ട്. വീട്ടില്‍ വിളക്കു തെളിഞ്ഞു. അകലെ എവിടെയോ ഒരു പൂവന്‍ കൂവി. തുടര്‍ന്ന് അങ്ങിങ്ങായി ഒരു പത്ത് പതിഞ്ച് കോഴികള്‍ അതേറ്റു പാടി.
എന്റെ അവസാനത്തിന്റെ ആരംഭം കുറിച്ച് കൊണ്ട് അവറ്റകള്‍ നിര്‍ത്താതെ കൂവി.
-ശുഭം-
"തന്റെ കാലന്‍ കോഴി നിര്‍ത്താതെ അലയ്ക്കുന്നെടോ"പട്ടര് കുലുക്കി വിളിച്ചപ്പോളാണ് ഞാന്‍ ഈ ലോകത്തേക്ക് തിരിച്ചെത്തിയത്. എന്റെ, കോഴിയെ പോലെ കൂവുന്ന ടൈംപീസിന് പട്ടര് നല്‍കിയ പേരാണ് കാലന്‍ കോഴി.
സമയം ആറു മണി ആയി. ചാടി എഴുന്നേറ്റു.
ഒരു ശരാശരി ഗള്‍ഫ്കാരന്റെ പ്രോഗ്രാംചെയ്ത് വച്ച ജീവിതത്തിലേക്ക് ഞാന്‍ വീണ്ടും......
Thursday, June 29, 2006
ഞാന്‍ ശബരിമലമുട്ടന്‍ -2
നിങ്ങള്‍ മലയാളികള്‍ക്ക് ചിലപ്പോള്‍ എന്നെ പരിചയമുണ്ടാകില്ല. കാരണം, ഭഗവാനൊരു കൈക്കൂലി എന്ന നിലക്കാണെങ്കില്‍ പോലും എന്നെ പോലെ വിപണിയില്‍ വിലമതിക്കുന്ന ഒരു ആടിനെ നിങ്ങള്‍ വെറുതേ കളയില്ല. രണ്ടു കതിന വെടി അല്ലെങ്കിലൊരു പൂവന്‍ കോഴി, ഇതില്‍ കൂറ്റുതല്‍ ഈ ഇനത്തില്‍ ചിലവാക്കാത്ത പ്രായോഗിക ബുദ്ധിക്കാരാണല്ലോ നിങ്ങള്‍. എന്നാല്‍ പാവം എന്റെ യജമാനന്റെ നാട്ടുകാര്‍ (പഴയ യജമാനന്റെ, ഇപ്പോഴത്തെ യജമാനന്‍ ഭഗവാന്‍ അയ്യപ്പനാണല്ലോ) -നിങ്ങള്‍ പാണ്ടികള്‍ എന്ന് പുച്ഛിക്കുന്ന ആ പാവങ്ങള്‍- എന്നെ പോലെയുള്ള ഉഷാറ് മുട്ടന്മാരെ ശബരിമല, പഴനി പിന്നെ അനേകം ലോക്കല്‍ അമ്പലങ്ങള്‍ ഇവിടങ്ങളിലേക്ക് നേര്‍ന്ന് ഉഴിഞ്ഞ് വിടാറുണ്ട്.
ജനിക്കുകയാണെനെകില്‍ ശബരിമല മുട്ടനായി ജനിക്കണമെന്ന് എന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട ദാരിദ്ര്യരേഖയ്ക്ക് താഴെ കിടക്കുന്ന, തമിഴ് വംശജര്‍ ഇടയ്ക്കിടയ്ക്ക് പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട് -ഒരു നെടുവീര്‍പ്പോടെ. അവരെ കുറ്റം പറയാന്‍ സാധിക്കില്ല. ഈ ശബരിമല മുട്ടന്‍ പട്ടം കിട്ടിയ അന്നുമുതല്‍ ഞങ്ങള്‍ സവര്‍ണ്ണകുലക്കാരായി മാറും. പൂര്‍വ്വാശ്രമം ആരും അന്വേഷിക്കില്ല. എല്ലായിടത്തുനിന്നും ഭക്ഷണം. ഞങ്ങളെ ദൈവത്തിനും അവര്‍ക്കും ഇടയ്ക്കുള്ള ഒരു പാലമായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള ആരാധന, എവിടെയും കയറിച്ചെല്ലുവാനുള്ള അനുവാദം. എന്നാല്‍ എന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട സാധാരണക്കാരുടെ കാര്യം കഷ്ടം തന്നെ. കറവയുടെ നേരത്ത് കൃത്യമായി പാലെടുക്കും. പിന്നെ ഭക്ഷണം തേടല്‍ പാവങ്ങളുടെ സ്വന്തം ജോലി. സിനിമാ പോസ്റ്റര്‍ വരെ തിന്ന് വിശപ്പടക്കുന്ന എത്രയോ പാവങ്ങള്‍! ഇതെല്ലാം കണ്ട് എനിക്ക് ധാര്‍മ്മിക രോഷം ഉണ്ടാകാറുണ്ട്. പക്ഷേ എനിക്ക് പ്രതികരിക്കാന്‍ അവകാശമില്ല. ഞാന്‍ അയ്യപ്പന്റെ ദാസനാണ്. എനിക്ക് വിധിച്ചിട്ടുള്ളത് ഭക്തിമാര്‍ഗ്ഗമാണ്. നിത്യ ബ്രഹ്മചര്യം! പ്രാര്‍ത്ഥനാ നിര്‍ഭരമായ രാപകലുകള്‍! ചുറ്റും നടക്കുന്നതൊന്നും കാണരുത്, കേള്‍ക്കരുത്! ആത്യന്തിക ലക്ഷ്യമായ ശബരിമലയിലേക്കുള്ള പ്രയാണത്തിലായിരിക്കണം ഞാന്‍. സ്വാമി ശരണം! എന്റെ വര്‍ഗ്ഗക്കാരുമായി കൂട്ടം കൂടി നടക്കുന്നതില്‍ നിന്നും എനിക്ക് വിലക്കുണ്ട്. ഈ വിലക്കുകള്‍ ഉണ്ടാക്കിയവര്‍ ഒന്നോര്‍ക്കുന്നുല്ല. എനിക്കുമുണ്ട് മോഹങ്ങള്‍. എനിക്കുമുണ്ട് ചെറുപ്പത്തിന്റെ തിളപ്പ്. ഒരു പറമ്പിലേക്ക് അതിക്രമിച്ചു കയറി ഉടമസ്ഥന്‍ കാണാതെ നാല് ഇല ചവച്ചരച്ച് തിന്നുന്നതിന്റെയും, പിടിക്കപ്പെടുമ്പോള്‍ വേലി ചാടി ഓടുന്നതിന്റെയും ത്രില്ല് എനിക്കും ആസ്വദിക്കണമെന്നുണ്ട്. എന്തു ചെയ്യാം! ഞങ്ങള്‍ക്കതൊന്നും വിധിച്ചിട്ടില്ല.
അങ്ങിനെ ജീവിതം വിരസമായി, എങ്കിലും അല്ലലില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു സംഭവം ഉണ്ടായത്. ഒരു ഞെട്ടലോടെയാണ് ഞാന്‍ അക്കാര്യം ഓര്‍മ്മിക്കുന്നതുതന്നെ!
അവര്‍ണ്ണകുലത്തില്‍പ്പെട്ട ഒരു പാവം കറമ്പിപ്പെണ്ണാട് -യുവ കന്യക- എന്നെ പ്രേമിക്കുന്നു!! അതിശക്തമായി പ്രേമിക്കുന്നു.! സ്വാമി ശരണം!
ഞാന്‍ കടിച്ച ഇല കാഞ്ഞിരത്തിന്റേതാണെങ്കിലും പ്ലാവില തിന്നുന്ന സ്വാദോടെ തിന്നാന്‍ അവള്‍ റെഡി! എന്നെ സന്തോഷിപ്പിക്കാന്‍ പതിവില്ലാത്ത വിധം രണ്ടു നേരം കുളിക്കാന്‍ അവള്‍ റെഡി!
അല്ലയോ കറമ്പീ...സുന്ദരീ.... ഞാന്‍ ഭഗവാന്‍ അയ്യപ്പന്റെ പ്രതിനിധി! സാക്ഷാല്‍ മാളികപ്പുറത്തിനെ പടിക്ക് പുറത്ത് ആജീവനാന്തം കാത്തിരിക്കാന്‍ വിട്ട ഭഗവാന്റെ സ്വന്തം പ്രൊപ്പെര്‍ട്ടി. നിത്യബ്രഹ്മചാരി! എന്റെ ആത്യന്തിക ലക്ഷ്യം സന്നിധാനം! നീ പ്പൊ! എനിക്ക് വേണ്ടി യുഗാന്തരങ്ങളോളം നിന്റെ കന്യകാത്വം എനിക്ക് വേണ്ടി കാത്തുസൂക്ഷിച്ചാലും എന്റെ മനസിളക്കാമെന്ന് നീ കരുതണ്ടാ... പോയി നിന്റെ കൂട്ടത്തില്‍ നിന്ന് ഒരു കണവനെ തിരഞ്ഞെടുക്ക്. അവന്റെ കുട്ടികളെ പ്രസവിച്ച് സന്തോഷത്തോടെ ജീവിക്ക്...
കറമ്പി പിന്‍ വാങ്ങുന്ന മട്ട് കണ്ടില്ല. ഞാന്‍ പോകുന്ന വഴിയേ അവള്‍ വരും.. ഞാന്‍ നിന്നല്‍ ഒരു കാതം അകലെയായി അവളും നില്‍ക്കും. ഞാന്‍ തിന്ന് ബാക്കി ഇടുന്നതേ തിന്നൂ! ഞങ്ങളുടെ ഇടയില്‍ വലിയ മുറുമുറുപ്പുണ്ടായതെല്ലാം ഞാന്‍ വളരെ വൈകിയാണറിഞ്ഞത്. അവര്‍ക്കിടയില്‍ എനിക്കധികം ചങ്ങാതിമാരുണ്ടായിരുന്നില്ലല്ലോ. ഒരു വിശുദ്ധനായ എന്നെ ചങ്ങാതിയാക്കാനും അവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പ്രശ്നം രൂക്ഷമായി. കറമ്പിയെ മോഹിക്കുന്ന മറ്റൊരു മുട്ടനാണ് അനാവശ്യങ്ങള്‍ പറഞ്ഞു പരത്തിയത്. നിത്യ ബ്രഹ്മചായി ശബരിമല മുട്ടന്‍ പ്രേമിച്ച് നടക്കുന്നു. കറമ്പിയെ ഭക്ഷണം കൊടുത്ത് പ്രലോഭിപ്പിക്കുന്നു... നാളെ ചിലപ്പോള്‍ സൂര്യന്‍ ഉദിച്ചെന്ന് വരില്ല. സത്യത്തിന് ഒരു വിലയുമില്ലാത്ത നാട്. ഇനി ഈ നാട് പറ്റില്ല. പോകണം. തന്റെ ലക്ഷ്യത്തിലേക്ക് മുന്നേറുക തന്നെ.
അങ്ങിനെയാണ് സ്നേഹിതരേ ഞാന്‍ ആ ഗ്രാമം വിട്ടത്. ഒരു വൈക്കോല്‍ ലോറിയുടെ പുറകില്‍ ചാടിക്കയറി ഒരു രാത്രി കൊണ്ട് ഇവിടെയെത്തി. ശബരിമലയിലേക്ക് ഇനിയുമേറെ ദൂരമുണ്ടെന്നെനിക്കറിയാം. പതുക്കെ പതുക്കെ സന്നിധാനത്തെത്താനാണെന്റെ പരിപാടി. അവിടെയെത്തുമ്പോഴേക്ക് വൃദ്ധനാകണം. ശേഷിച്ച കാലം അയ്യപ്പഭജനയുമായി സന്നിധാനത്ത് കഴിയണം. അതുവരെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും തമ്പടിച്ച്, വിവിധസംസ്കാരങ്ങള്‍ അടുത്തറിഞ്ഞ് പതുക്കെപതുക്കെ ശബരിമലയിലേക്ക് നീങ്ങുക.
ഒരു കാര്യത്തില്‍ എനിക്ക് നിങ്ങള്‍ മലയാളികളോട് വലിയ ബഹുമാനം തന്നെയുണ്ട്. അജപരിപാലനത്താല്‍ നിങ്ങള്‍ തമിഴരേക്കാള്‍ എത്രയോ മാന്യന്മാര്‍! അവര്‍ക്ക് ഞങ്ങളുടെ വര്‍ഗ്ഗം വെറും ഉല്‍പാദകയന്ത്രങ്ങള്‍! നിങ്ങള്‍ക്കുമങ്ങിനെതന്നെ. പക്ഷേ നിങ്ങള്‍ ഈ യന്ത്രങ്ങള്‍ക്ക് ഇന്ധനം എത്തിക്കുന്ന കാര്യത്തില്‍ തികഞ്ഞ ശുഷ്കാന്തിയുണ്ട്. നിങ്ങളുടെ ഈ കൊച്ചുഗ്രാമത്തില്‍ യജമാനന്മാരും എന്റെ വര്‍ഗ്ഗക്കാരും തമ്മില്‍ എന്തൊരു വൈകാരിക ബന്ധമാണെന്നോ? മക്കളേക്കാള്‍ സ്നേഹം ആടിനോട് കാണിക്കുന്ന എത്ര അമ്മമാര്‍! പുറത്ത് പോയി തിരികെ വരുമ്പോള്‍ ഒരു പഴത്തൊലി (അല്ലെങ്കില്‍ നാല് പഴുത്ത പ്ലാവില) ആടിന് കൊണ്ടുവരുന്ന എത്രയോ കുടുംബനാഥന്മാര്‍. ജനിക്കുകയാണെങ്കില്‍ നിങ്ങളുടെ ആടായിതന്നെ ജനിക്കണം.
ഞാന്‍ ഇവിടെ വന്നിറങ്ങിയ ദിവസം എന്നെ പ്രതി നിങ്ങളുടെ കൊച്ചുകവലയില്‍ ഒരു തര്‍ക്കം തന്നെ ഉണ്ടായി. പഴയ യജമാനന്‍ കഴുത്തിലിട്ട് തന്നിരിന്ന ഒരു തുകല്‍ ബെല്‍റ്റും അതില്‍ തൂക്കിയിട്ടിരുന്ന ഭഗവാന്‍ അയ്യപ്പ്പന്റെ ഒരു ലോഹചിത്രവും രക്ഷിച്ചു. ചില പഴയ ആള്‍ക്കാര്‍ ഞാന്‍ ശബരിമല മുട്ടനാണെന്ന് സ്ഥിരീകരിച്ചു.
പക്ഷേ, തമിഴന്മാര്‍ ഞങ്ങള്‍ ദൈവദാസന്മാര്‍ക്ക് നല്‍കുന്ന നിലയും വിലയുമൊന്നും നിങ്ങള്‍ കല്‍പ്പിക്കുന്നില്ല. എനിക്കതില്‍ ഖേദമില്ല. പക്ഷേ തേരാ പാരാ തെണ്ടിനടക്കുന്ന തൊഴില്ലാത്ത ചെറുപ്പക്കരെ നിങ്ങള്‍ ശബരിമലമുട്ടന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നതിനോട് എനിക്കെതിര്‍പ്പുണ്ട്.
ഈ ഗ്രാമത്തില്‍ ഏറ്റവും കൂടുതലാടുകളുള്ളത് ഒരു ഭാസ്കരനാണ്. ഈ മനോഹരഗ്രാമത്തിന്റെ രൂപത്തിനോ സ്വഭാവത്തിനോ യോജിക്കാത്ത ഒരു മീശക്കൊമ്പന്‍. അവന്റെ നോട്ടം തന്നെ എനിക്ക് പിടിക്കാറില്ല. ഞായറാഴ്ചകളില്‍ ഒന്നോ രണ്ടോ ആടുകളെ അവന്‍ കൊന്ന് തോലു കളഞ്ഞ് വീടിന് മുന്‍ വശത്ത് ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ കെട്ടിത്തൂക്കി ഇടും. തോല് ഉ രിഞ്ഞ് ചോരയില്‍ കുളിച്ച് ആ പാവങ്ങള്‍ തൂങ്ങികിടക്കുന്നത് എനിക്ക് നോക്കാനേ സാധിക്കുമായിരുന്നില്ല. താഴെ ആ പാവങ്ങളുടെ തലകളും അറുത്തെടുത്ത് വില്‍പനയ്ക്ക് വച്ചിട്ടുണ്ടായിരിക്കും. ഹോ! കണ്ണുകള്‍ ആ ക്രൂരന്‍ ഒരിക്കലും അടച്ച് വക്കില്ല. ആ പാവം കണ്ണുകള്‍ ദയനീയമായി എന്നെ നോക്കാറുണ്ട്. ഞങ്ങള്‍ മുട്ടന്മാര്‍ ജനിച്ചതേ നിങ്ങള്‍ക്ക് ഭക്ഷണമാകാന്‍ വേണ്ടിയാണോ? ഈ ഘോരമായ കാഴ്ച എന്നില്‍ എല്ലാ ഞായറാഴ്ചകളിലും പ്രതികാരത്തിന്റെ കനല്‍ വീഴ്ത്താറുണ്ട്.
ഈ ശപ്പന്‍ മീശക്കൊമ്പന്‍ ഭാസ്കരന്റെ പള്ളയില്‍ ഒരു ദിവസം കൊമ്പ് കയറ്റിയാലോ എന്ന് ഞാന്‍ ചിന്തിക്കായ്കയല്ല.
പക്ഷേ ഞാന്‍ ശബരിമല മുട്ടനാകുന്നു.
എന്റെ ആത്യന്തിക ലക്ഷ്യം സന്നിധാനം. പ്രതികാരം എന്ന വാക്ക് ഞാന്‍ ചിന്തിച്ചുകൂടാ....
സ്വാമി ശരണം.
തുടരും, തുടരണോ?