Friday, August 03, 2007

ബൂലോഗത്തിന്റെ ആരംഭം

ആദ്യം മലയാളത്തില്‍ ബ്ലോഗുചെയ്തുതുടങ്ങിയത് പോള്‍ ആയിരിക്കണം. പക്ഷേ 2003 ഏപ്രിലില്‍ തുടങ്ങിയ ആ ബ്ലോഗിലെ ആദ്യപോസ്റ്റുകളൊക്കെ ഒരു സുപ്രഭാതത്തില്‍ റെഡിഫിലെ മിടുക്കന്മാരുടെ വൈദഗ്ദ്യം മൂലമോ മറ്റോ മുഴുവനായും നഷ്ടപ്പെട്ടുപോയി. പിന്നെ സങ്കടത്തോടെ വീണ്ടും അതൊക്കെ എഴുതിത്തുടങ്ങേണ്ടി വന്നു പോളിന് 2004 ഫെബ്രുവരി മുതല്‍. ഉപയോഗിച്ചിരുന്നത് കേരളൈറ്റ് ഫോണ്ട്. (പിന്നീട് ചിന്ത.കോം തുടങ്ങിയപ്പോള്‍ പോള്‍ റെഡിഫ് തന്നെ ഉപേക്ഷിക്കുകയും തുടക്കം മുതലുള്ള പോസ്റ്റുകള്‍ യുണികോഡിലാക്കി ചിന്തയിലെ ജാലകത്തില്‍ വെക്കുകയും ചെയ്തു.)

എന്റെ ആദ്യത്തെ ബ്ലോഗര്‍ ഐഡിയില്‍ ഒരെണ്ണം “വിശ്വം” എന്നായിരുന്നു. അത് മേയ് 2003-ല്‍ തന്നെ തുടങ്ങി. പണ്ട് കേരളാ കോമില്‍ മൂന്നുവര്‍ഷത്തോളം വന്ന (സണ്ണിച്ചായന്റെയും വിശാലന്റെയും ഇടിവാളിന്റെയും മുരളിമേനോന്റെയും സിബുവിന്റെയും ജോസഫ് ചേട്ടന്റെയും സങ്കുചിതന്റേയും അനിലിന്റേയും പിന്നെ ഒരുപാടൊരുപാടു പേരുടേയും) വിലപ്പെട്ട വരികള്‍ പുനഃസ്ഥാപിച്ചുകൊണ്ട് (ക്രെഡിറ്റൊക്കെ അവര്‍ക്കു തന്നെ കൊടുത്തുകൊണ്ട്) കുറേ മലയാളം പേജുകള്‍ ഒരു ലോഗ് ബുക്കായി തുടങ്ങണമെന്നായിരുന്നു ആഗ്രഹം. പക്ഷേ തക്കതായ ഫോണ്ടുകളും സൌകര്യങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ കേരളൈറ്റ് ഫോണ്ടില്‍ രണ്ടുമൂന്നുമാസത്തെ ആല്‍ത്തറ പകര്‍ത്തി തല്‍ക്കാലം ആരോടും പറയാതെ രഹസ്യമായി വെച്ചു. കൂടാതെ ടോം (കേരളാ.കോം) ഇതേക്കുറിച്ച് എന്തു പറയുമെന്നും പേടിയുണ്ടായിരുന്നു.

ഇതുകൂടാതെ 2003 മാര്‍ച്ചില്‍ തന്നെ വ്യത്യസ്ത അജ്ഞാതനാമങ്ങളില്‍ രണ്ട് ഇംഗ്ലീഷ് ബ്ലോഗുകള്‍ തുടങ്ങിയിരുന്നു. അവയ്ക്ക് വളരെ പ്രത്യേകമായ ചില ഉദ്ദേശങ്ങളുമുണ്ടായിരുന്നു. ആ കൊല്ലം ഫെബ്രുവരി മുതല്‍ ഈ ഭാഗത്തൊക്കെ നടന്നിരുന്ന കിരാതമായ തേര്‍വാഴ്ച്ചകള്‍ ഓര്‍മ്മയുണ്ടാകുമല്ലോ. അതില്‍ മനം നൊന്താണ് രണ്ടു ബ്ലോഗും തുടങ്ങിയത്. ഒന്ന് തീരെ പടിഞ്ഞാറോട്ടും ഒന്ന് ഇവിടെത്തന്നെയുള്ള നമ്മുടെ നാട്ടുകാര്‍ക്കും നേരെ തിരിച്ചുവെച്ചു. ഒന്ന് അകലെനിന്നും പറന്നുവരുന്ന താന്തോന്നിത്തരത്തിനുനേരെയുള്ള ശകാരങ്ങളും രോദനങ്ങളും ആയിരുന്നു. മറ്റേത് വേവലാതി പൂണ്ടുനിന്നിരുന്ന എന്റെ നാട്ടുകാരെ സമാശ്വസിപ്പിക്കുവാനും.കണ്മുന്നില്‍ കണ്ടുകൊണ്ടിരുന്ന ഭീകരമായ അനീതികളെപ്പറ്റി ആ ബ്ലോഗുകളില്‍ എഴുതിയിരുന്ന ഇംഗ്ലീഷ് ലേഖനങ്ങളില്‍ ചിലത് പിന്നീട് പലപ്പോഴും ഇന്റെര്‍നെറ്റ് മെയില്‍ച്ചങ്ങലകളില്‍ അലഞ്ഞുനടക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ കോപ്പികളൊക്കെ നശിപ്പിച്ചുകളയേണ്ടിവന്നതിനാല്‍ ഇപ്പോള്‍ ഒന്നുപോലും ഇല്ല.

സാഹചര്യങ്ങള്‍ മൂലം ഒരു ഘട്ടത്തില്‍ ആ ആക്റ്റിവിസ്റ്റ് ബ്ലോഗുകളെയൊക്കെ സ്വന്തം മക്കളെ കഴുത്തുഞെരിച്ചുകൊല്ലുന്ന ഒരച്ഛനെപ്പോലെ അഗാധമായ വേദനയോടെ മാച്ചുകളയേണ്ടിവന്നു... മറുനാട്ടില്‍ പലവേഷങ്ങളിലും ആടേണ്ടിവരുന്ന ഒരുത്തന്റെ നിസ്സഹായത!

മേയില്‍ തുടങ്ങിയ മലയാളം ആസ്ക്കിബ്ലോഗും ഇതോടനുബന്ധിച്ചുതന്നെ, നാട്ടിലേക്കു പുറപ്പെടുന്നതിനുമുന്‍പ് (2003 ജൂലായില്‍) അതിക്രൂരമായി ഡീലിറ്റു ചെയ്തു കളഞ്ഞു! ഇന്നാലോചിക്കുമ്പോള്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റുകളിലൊന്നായി തോന്നുന്നു അത്! (അതുകൊണ്ടാണ് ആരും തങ്ങളുടെ ബ്ലോഗുകള്‍ ഡീലിറ്റ് ചെയ്യരുതെന്ന് എപ്പോഴും ഒരു രോഗിയെപ്പോലെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്!).അന്ന് ബ്ലോഗര്‍ ഗൂഗിളിന്റെ ആയിരുന്നില്ല എന്നു തോന്നുന്നു (ഉറപ്പില്ല). ഇത്ര പേരുമില്ല. ബ്ലോഗിങ്ങ് ഒരു അജ്ഞാതന്റെ സ്വകാര്യഡയറിപോലെയായിരുന്നു മിക്കവര്‍ക്കും.

സിബു ആണ് ബ്ലോഗ്സ്പോട്ട് സൈറ്റ് ആദ്യം കാണിച്ചുതന്നതെന്നാണ് ഓര്‍മ്മ. (അതോ ഏതോ ഇറാക്കിബ്ലോഗറെപ്പറ്റി ബീ.ബീ.സി. എഴുതിയിരുന്നതോ?). സിബു If it were... എന്ന പേരില്‍ ഇപ്പോള്‍ ഉള്ള http://cibu.blogspot.com സൈറ്റ് ഒരുപക്ഷേ 2003 ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയിരുന്നു. എന്നാലും ഓഗസ്റ്റുമുതലുള്ള ചില രസികന്‍ ഇംഗ്ലീഷ് ലേഖനങ്ങളേ അതില്‍ ഇപ്പോള്‍ കാണാനുള്ളൂ. ചുരുങ്ങിയത് 2003 സെപ്തംബറിലെങ്കിലും ‍ സിബു മലയാളത്തില്‍ എഴുതിത്തുടങ്ങിയെങ്കിലും യുണികോഡിലായിരുന്നില്ല അത്. മുന്‍പു തന്നെ (2002 ജൂലൈ) അദ്ദേഹം വരമൊഴിയ്ക്ക് യുണികോഡ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും തക്കതായ ഒരു ഫോണ്ടില്ലാത്തതും ചില്ലുകളുടെ വികടസ്വഭാവവും മൂലമായിരിക്കണം സിബു ആസ്ക്കിയില്‍ തന്നെ പിടിച്ചുനിന്നത്.

ഇതിനിടയില്‍ 2003 ഏപ്രിലില്‍ തന്നെ ബെന്നിയും ബ്ലോഗറില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. എങ്കിലും ആ വീരപാണ്ഡ്യന്‍ ബ്ലോഗെഴുതിത്തുടങ്ങിയിരുന്നോ എന്നറിയില്ല.2003 ഏപ്രില്‍ ആവുമ്പോഴേക്കും യുണികോഡിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വരമൊഴി യാഹൂഗ്രൂപ്പില്‍ ചൂടുപിടിച്ചുതുടങ്ങി. ബെന്നി, ബൈജു, വിനോദ് (കേരളീയന്‍ - മലയാളം വിക്കിപീഡിയ), മഹേഷ് പൈ തുടങ്ങിയവര്‍ മുന്‍പുതൊട്ടേ GNOME, LATEX, വിക്കിപീഡിയ എന്നെല്ലാം പറഞ്ഞുതുടങ്ങിയിരുന്നെങ്കിലും ഏപ്രില്‍ മുതലാണ് ഞങ്ങളൊക്കെ “അന്യോന്യം കാര്യമായി പുറം ചൊറിഞ്ഞു”തുടങ്ങിയത്. മലയാളത്തിന് കൊള്ളാവുന്ന ഒരു വിന്‍ഡോസ് യുണികോഡ് ഫോണ്ടില്ലാത്തതും ഉടഞ്ഞ ചില്ലുകളും മറ്റും ആയിടെ ചര്‍ച്ചയ്ക്കു വന്നു.

2004 ജനുവരി 28 - രേഷ്മയും റെഡിഫില്‍ കേരളൈറ്റ് ഫോണ്ടില്‍ മൈലാഞ്ചി എഴുതിത്തുടങ്ങി. “ ഒരു തുടക്കം, എന്റെ രക്ഷിതാവിന്റെ നാമത്തില്‍, എന്റെ സ്വന്തം ഭാഷയില്‍, ഹൃദയമിടിപ്പിന്റെ താളത്തില്‍....” - അങ്ങനെയായിരുന്നു രേഷ്മ എഴുതിത്തുടങ്ങിയത്. നിര്‍ഭാഗ്യവശാല്‍ കുറച്ചുമാസങ്ങളായി ആ വിലപ്പെട്ട റെഡിഫ്ഫ് പേജ് വേറെ ഏതോ ഒരുത്തി ഹൈജാക്കുചെയ്തു വെച്ചിരിക്കുന്നു എന്നു തോന്നുന്നു !എങ്കിലും ഈ സമയത്ത് ‍വരമൊഴിഗ്രൂപ്പ് പ്രത്യേകിച്ച് ബഹളമൊന്നുമില്ലാതെ കിടന്നു.

ടുവില്‍ ജൂണ്‍ 2004-ല്‍ കാര്യങ്ങള്‍ പെട്ടെന്നു മാറി. യുണികോഡ് ഫോണ്ടുകള്‍ എങ്ങനെ എളുപ്പം മെരുക്കിയെടുക്കാമെന്നായി ചര്‍ച്ച. വിനോദ് ബാലകൃഷ്ണന്‍, മനോജ്, കെവിന്‍, രാജീവ് തുടങ്ങിയവര്‍ സ്ഥിരമായി ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്കു വരാന്‍ തുടങ്ങി. ഓഗസ്റ്റില്‍ ആദ്യമായി വരമൊഴിയിലേക്ക് കെവിന്‍ ശുദ്ധമലയാളം യുണികോഡില്‍ (ചില്ലുബാധയുണ്ടായിരുന്നെങ്കിലും) ഒരു മെയിലയച്ചു! ഞാന്‍ കണ്ട ആദ്യത്തെ പ്ലെയിന്‍ ടെക്സ്റ്റ് മലയാളം മെയില്‍!ഇതിനിടയ്ക്ക് കഥയില്‍ വേണ്ട മറ്റു കഥാപാത്രങ്ങള്‍ അണിയറയില്‍ ചുട്ടി തേച്ചുതുടങ്ങിയിരുന്നു.

ഒരു ‘പുതിയ പ്രോഗ്രാമിങ്ങ് വിദ്യാര്‍ത്ഥി’ ജൂണില്‍ വരമൊഴി പഠിക്കാന്‍ വന്നു. പേര് പെരിങ്ങോടന്‍! പെരിങ്ങോടന്‍ വരമൊഴി പഠിച്ച് ASCII ഫോണ്ടില്‍ കഥകളെഴുതാന്‍ തുടങ്ങി! (ജൂലൈ 24).മലയാളം യുണികോഡ് ചരിത്രത്തില്‍ അധികമൊന്നും ആരും പറഞ്ഞുകേട്ടിരിക്കാനിടയില്ലാത്ത ഒരു ഇതിഹാസകാരനുണ്ട് ഇതിനിടയ്ക്ക്!

മലയാളം എഴുതാന്‍ പോലുമറിയാതെ ബൈബിള്‍ മുഴുവന്‍ മലയാളം യുണികോഡില്‍ സുന്ദരമായി പ്രകാശിപ്പിച്ചിട്ടുള്ള കൈപ്പള്ളി! നിഷാദ് ഭാഷ്യം എന്നൊരു ബ്ലോഗെഴുതിത്തുടങ്ങിയത് 2004 ആഗസ്റ്റിലായിരുന്നു. സെപ്റ്റംബര്‍ 14ന് അദ്ദേഹം ബൈബിളും ഇന്റര്‍നെറ്റില്‍ എത്തിച്ചു. ഏറ്റവും ആദ്യത്തെ മലയാളം യുണികോഡ് ഗ്രന്ഥം! ഇതിനിടയ്ക്ക് MSN സ്പേസില്‍ കെവിനും ഞാനും മറ്റും കുറേശ്ശെ യുണികോഡ് മലയാളമിട്ട് കളിച്ചുതുടങ്ങി. റെഡിഫിലും ആരൊക്കെയോ കൂട്ടുകാര്‍ എത്തിച്ചേര്‍ന്നു. പക്ഷേ മിക്കവാറും എല്ലാവരും ആസ്ക്കി, അല്ലെങ്കില്‍ ചാറ്റ് ശൈലിയിലുള്ള (മൊഴി അല്ല), മംഗ്ലീഷ്.

സൂവിന് ചേട്ടന്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുത്തു. സൂ അതും വെച്ച് സൂര്യഗായത്രി എന്ന സൂലോഗവും തുടങ്ങി. അതും ആദ്യം മംഗ്ലീഷ്, പിന്നെ ആസ്ക്കി.

എവുരാന്‍ കഥകളെഴുതിത്തുടങ്ങി.

മനോജ് മലയാളത്തില്‍ എഴുതിയില്ലെങ്കിലും മലയാളം ബൂലോഗച്ചുരുളിനുവേണ്ടി പ്രത്യേകം ഒരു സോഫ്റ്റ് കോര്‍ണര്‍ മാറ്റിവെച്ചു.2004 നവംബറില്‍ ഒരു ചെറിയ കാര്യം നടന്നു. വരമൊഴിയില്‍ ഒരു മെയില്‍ വന്നു! ഒരു പുതിയ അക്ഷരശ്ലോകം ഗ്രൂപ്പു തുടങ്ങിയിട്ടുണ്ടത്രേ. ഏതോ ഒരു ഉമേശനും രാജേഷും. ഒട്ടും അമാന്തിച്ചില്ല. ചെന്നു ചേര്‍ന്നു. എന്നു മാത്രമല്ല, അവിടെ പോയി ആദ്യമായി ഒരു മെസ്സേജും പോസ്റ്റു ചെയ്തു. പിന്നീട് അമ്പത്തൊന്നക്ഷരാളീ എന്നു തുടങ്ങി ആദ്യത്തെ ശ്ലോകവും. ഗൌരവമായി ശ്ലോകം ചൊല്ലിത്തുടങ്ങിയപ്പോളാണ് ഒരു പ്രശ്നം പൊന്തിവന്നത്. എല്ലാര്‍ക്കും സ്വീകാര്യമായ ഒരു മലയാളം വേണം. യുണികോഡ് എല്ലായിടത്തും എത്തിയിട്ടില്ല. പലര്‍ക്കും അതറിയുകയുമില്ല. എങ്കില്‍ നമുക്ക് വരമൊഴി അച്ചട്ടായി അനുസരിക്കുന്ന ‘മൊഴി’ മംഗ്ലീഷായാലെന്താ എന്നായി. അങ്ങനെ വരമൊഴി മംഗ്ലീഷ് ആ ഗ്രൂപ്പിലെ ഔദ്യോഗികസ്റ്റാന്‍ഡേര്‍ഡ് ആയി അംഗീകരിക്കപ്പെട്ടു! രണ്ടുമാസത്തിനുള്ളില്‍ അക്ഷരശ്ലോകം ഒരു മത്സരമായി രൂപാന്തരപ്പെട്ടു.

ഇതിനിടയ്ക്ക് ഇങ്ങനെയൊരു രസം ഒരു ഗ്രൂപ്പിനുള്ളില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോരാ എന്നു തോന്നിയപ്പോള്‍ മറ്റു കുറേ കൂട്ടുകാരെക്കൂടി വിളിച്ചുകൊണ്ടുവന്നു. വരമൊഴിയില്‍നിന്നും സിബുവിനോടും സദസ്സില്‍ വന്നു കളി കണ്ടിരിക്കാന്‍ പറഞ്ഞു.പണ്ട് ഒളിച്ചോടിപ്പോയ 'വിശ്വം' എന്ന ഐഡി പിന്നെ കുറെക്കാലത്തേക്ക് ബ്ലോഗുലോകത്തേക്ക് തിരിഞ്ഞുനോക്കിയില്ല. വീണ്ടും ധൈര്യം സംഭരിച്ച് ‘വിശ്വം’ തിരിച്ചു വന്നത് 2004 ഡിസംബര്‍ 26നു ഒരു വലിയ ചരിത്രസംഭവത്തില്‍ പങ്കുചേരാനായിരുന്നു.

സുനാമിഹെല്‍പ്പ്! (http://tsunamihelp.blogspot.com). ഇന്ന്റര്‍നെറ്റിലൂടെ നടത്തിയ ഏറ്റവും വലിയ ദുരിതാശ്വാസപ്രവര്‍ത്തനം എന്നുവിളിക്കാവുന്ന ആ ബ്ലോഗില്‍ ആദ്യത്തെ മണിക്കൂറില്‍ തന്നെ ആറാമനോ ഏഴാമനോ ആയി ചേര്‍ന്നു. (അവിടെ ബ്ലോഗ് കണ്ട്രോള്‍ ചെയ്തിരുന്ന sea-eat എന്ന യാഹൂഗ്രൂപ്പും സുനാമിഹെല്‍പ്പിന്റെ ബ്രാഞ്ച് വിക്കികളും മോഡറേറ്റ് ചെയ്തു.

പിന്നീട് ജനുവരി പതിനാറാംതീയതി ആ ബ്ലോഗില്‍നിന്നും സ്വന്തം ജോലി കൃതാര്‍ത്ഥനായി മുഴുമിച്ച് sea-eat യാഹൂഗ്രൂപ്പിന്റെ മേല്‍നോട്ടം മാത്രമായി ഒതുങ്ങിക്കൂടി.)സുനാമിഹെല്‍പ്പ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്രസംഭവമായിത്തീര്‍ന്നു ഇന്റര്‍നെറ്റില്‍. അതിന്റെ തലപ്പത്തുതന്നെ ഇരുന്ന് രാത്രിയും പകലും ഇരുന്നു് ഒരു യുദ്ധത്തിലെന്നോണം ആയിരക്കണക്കിന് വൊളണ്ടിയര്‍മാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞപ്പോളാണ് ബ്ലോഗുകളുടെ ശക്തി എനിക്കു ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ ദിവസങ്ങളില്‍ ബ്ലോഗിങ്ങ്, സോഷ്യല്‍ ടെക്സ്റ്റ്, വിക്കി, ഫ്ലിക്കര്‍, css തുടങ്ങിയവയെക്കുറിച്ചൊക്കെ ധാരാളം പഠിക്കാനും കഴിഞ്ഞു. ആ ‘വിശ്വം’ ഇന്നാണ് ആദ്യമായി മലയാളത്തില്‍ ഒരു കമന്റ് ഇടുന്നത്! ഇത്ര കാലവും ഉപയോഗിച്ചുകൊണ്ടിരുന്ന “വിശ്വപ്രഭ”യാണ് 2004 മേയില്‍ ജനിച്ചത്).

ഉമേഷ് ലീവിനുപോകുന്ന സമയമാവുമ്പോഴേക്കും, അക്ഷരശ്ലോകത്തിനു വേണ്ടി ഒരു ബ്ലോഗു തുടങ്ങിയാലെന്താ എന്നും ഞങ്ങള്‍ ആലോചിച്ചു.അങ്ങനെ 2005 ജനുവരി 17ന് ശ്ലോകബൂലോഗം തുടങ്ങിവെച്ചു. ഗ്രൂപ്പിലുള്ള മൊഴിമംഗ്ലീഷ് ശ്ലോകങ്ങളൊക്കെ യുണികോഡ് മലയാളത്തില്‍ വൃത്തിയായി അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വന്നു! അഞ്ജലിയും ഒരു സുന്ദരിക്കുട്ടിയായി അപ്പോഴേക്കും അണിഞ്ഞൊരുങ്ങി വന്നിരുന്നു!അപ്പോഴേക്കും മൌനി(മലയാളം യുണികോഡ്)യുടെ സമയം വന്നു ചേര്‍ന്നു എന്ന് ബോദ്ധ്യമായി.

പഴയ ആളുകളില്‍ അനിലിനേയും സണ്ണിച്ചായനേയും മറ്റും തെരഞ്ഞുപിടിച്ചു. എല്ലാവരും ഓരോ ബ്ലോഗുകള്‍ ഉണ്ടാക്കാനും തുടങ്ങി!പിന്നീടായിരുന്നു വെച്ചടിവെച്ച് ഒരു കയറ്റം! വിശാലനേയും സങ്കുചിതനേയും കോമരത്തേയും കണ്ടുപിടിക്കാന്‍ ഏറ്റവും സഹായിച്ചത് അറബിഗൂഗിള്‍ എന്നു വിളിക്കാവുന്ന അനില്‍ ആണ്.

ഏറ്റവും നിശ്ശബ്ദമായി അണിയറയിലിരുന്ന് വലിയ കാര്യങ്ങളൊന്നും അറിയില്ലെന്നു ഭാവിക്കുന്ന ആ പഴയ ‘ചങ്ങാതി’യോടു വേണം നമുക്കേറ്റവും നന്ദി പറയാന്‍!2005 ജനുവരി വരെയുള്ള എന്റെ ഏതാണ്ടൊക്കെയുള്ള ഓര്‍മ്മകളാണിതൊക്കെ. ബാക്കിയുള്ളതൊക്കെ പിന്നൊരിക്കല്‍!മലയാളബൂലോഗലോകം ഇന്നു വിശാലമനസ്കന് നന്ദിയും അഭിനന്ദനങ്ങളും അര്‍പ്പിക്കുമ്പോള്‍ ഈ ഒരു നെടുനീളന്‍ ഓഫ് ടോപ്പിക് കമന്റ് എന്റെ വകയും കിടക്കട്ടെ

ഇതു വിശ്വപ്രഭ ഓഫ് യൂണിയന്റെ ഓഫീസിലിട്ട ഒരു കമന്റാണ്. പോസ്റ്റാക്കിയതിനു വിശ്വേട്ടാ, സോറി.

30 comments:

K.V Manikantan said...

ഇതു ഓഫ് യൂണിയന്റെ ഓഫീസിലിട്ട ഒരു കമന്റാണ്. പോസ്റ്റാക്കിയതിനു വിശേട്ടാ, സോറി.

ഉറുമ്പ്‌ /ANT said...

വളരെ നന്നായി. മലയാളത്തെ ഇന്റര്‍നെറ്റില്‍ ഇത്രത്തോളം എത്തിച്ചവരെക്കുറിച്ച് അറിയുവാനായതില്‍ സന്തോഷം.
ബഹുമാനിക്കേണ്ടവരെ തിരിച്ചറിയുവാനെങ്കിലുമാവുമല്ലോ. നന്ദി.

Kaippally കൈപ്പള്ളി said...
This comment has been removed by the author.
Mr. K# said...

ഉറുമ്പ് പറഞ്ഞത് ഒരിക്കല്‍ കൂടി പറയുന്നു.

കൈപ്പള്ളി, തിരോധാനം എന്നു വച്ചാ‍ല്‍ അപ്രത്യക്ഷമാകല്‍ അല്ലെങ്കില്‍ കാണാതെയാകല്‍ എന്നാണര്‍ത്ഥം. തിരിച്ചുവരവ് എന്നെഴുതുന്നതാണ് നല്ലത്.

Kaippally കൈപ്പള്ളി said...

വിശ്വം:
തിരികെ വരു. താങ്കളുടെ പുനരാഗമനത്തിനായി കാത്തിരിക്കുന്നവരില്‍ ഈ അനിയനും ഉള്‍പ്പെടും.
തിരികെ വരു. പങ്കുവെക്കാന്‍ ബാക്കിയില്ലെ അനേകം കിനാവുകള്‍. തിരികെ വരു

----------------------------
o.t.

കുതിരവട്ടന്‍ :: kuthiravattan
തെറ്റു തിരുത്തിയതിനു നന്ദി

Unknown said...

തിരികെ വരണം, വേഗമാവട്ടെ..! എന്നിട്ടു വേണം, രണ്ടു നാള്‍ക്കുള്ളില്‍ തണ്ടില്‍ നിന്നിറക്കി ഭവാന്റെ തോളില്‍ മാറാപ്പു വീണ്ടും ചാര്‍ത്താന്‍.

Mr. K# said...

ഓടോ:
ഏവൂരാനേ, ഭഗവാനെപ്പോഴാ തണ്ടിലായേ? :-)

G.MANU said...

:)

കെ said...

മലയാളം ബ്ലോഗിംഗിന്റെ ചരിത്രം ഹൃദ്യമായി വിവരിച്ചത് നന്നായി. കണ്‍മുന്നിലൂടെ ഒരുമാധ്യമം വളര്‍ന്നു കയറുന്നതിന്റെ തുടക്കം കാണാന്‍ കഴിഞ്ഞവര്‍ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. അവരോടുളള ആദരവ് മനസിലെന്നുമുണ്ടാവും. നന്ദി..

കുഞ്ഞന്‍ said...

മലയാളം ബ്ലോഗിന്റെയും വരമൊഴിയുടെയും ചരിത്രം വളരെ സരസമായും വിശദമായും വിവരിച്ചതിനു എന്റെ ഹൃദയ പൂര്‍വമായ നന്ദി രേഖപ്പെടുത്തുന്നു.

ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ (മലയാളം ബ്ലോഗ്‌, വരമൊഴി ) ആയിരമായിരം ഹൃദയം നിറഞ്ഞ പൂച്ചെണ്ടുകള്‍!!!

ദേവന്‍ said...

തല്ലിക്കൊല്ലുക? അതെ എല്ലാം മുന്താനെ മുടിച്ച് തമ്പീ !

സാല്‍ജോҐsaljo said...

എന്നിട്ടോ?

മുക്കുവന്‍ said...

ആ പാവം അങ്ങട് പൊയ്ക്കോട്ടെ!

Murali K Menon said...

മണി നമ്മുടെ ആല്‍ത്തറയിലെ സംഗമങ്ങളേയും പുനരുജ്ജീവിപ്പിച്ചു കണ്ടതില്‍ അതീവ സന്തോഷം. ശരിയാണ്, നമ്മുടെ ചങ്ങാതി ആല്‍ത്തറയില്‍ കുറെയെങ്കിലും സജീവമായിരുന്നു. പക്ഷെ അതിനേക്കാള്‍ വലിയൊരു ക്യാന്‍‌വാസ് തയ്യാറാക്കുന്നതില്‍ നല്ല പങ്കു വഹിക്കുകയും പിന്നീട് നിശബ്ദമായ്, നിസംഗനായ് ഒരു ദൃക്‌സാക്ഷിയായ് മാറിയിരിക്കുന്നതും സത്യത്തില്‍ എന്നെ പോലെയുള്ളവര്‍ക്ക് ദു:ഖമുണ്ടാക്കുന്നു. അതുപോലെ തന്നെ സങ്കുചിതനും എഴുതുന്ന കാര്യത്തില്‍ പിശുക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എനിക്ക് പ്രതീക്ഷയുണ്ട്, ടണലിന്റെ അറ്റത്ത് തീര്‍ച്ചയായും വെളിച്ചമുണ്ടായിരിക്കും.

മുസാഫിര്‍ said...

ഇങ്ങനെ ഒരു ഓര്‍മ്മക്കുറിപ്പ് അവസരോചിതമായി സങ്കുചിതാ.

Cibu C J (സിബു) said...

സങ്കുചിതാ, ഈ ടെക്സ്റ്റുമുഴുവന്‍ വിശ്വം ഈ കമന്റായി ഓഫ് യൂണിയനിലിട്ടതാണ് എന്ന്‌ കുറച്ചുകൂടി കൃത്യമായി പറയാമായിരുന്നു; ലിങ്കും കൊടുക്കാമായിരുന്നു. എന്നാല്‍ ഉദ്ദേശശുദ്ധിയില്‍ ഒട്ടും സംശയമില്ലാട്ടോ..

Anonymous said...

ഇങ്ങനെ ഒരു ടൈറ്റിലും വച്ച് പഴയ ഈ കമന്റെടുത്ത് പോസ്റ്റ് ആക്കാനുള്ള കാരണം എന്തായിരുന്നു, സങ്കുചിതാ..? എന്താ ഉദ്ദേശിച്ചത്? ഈ ടൈറ്റിലും പോസ്റ്റും കൊണ്ട് എന്താ ഉദ്ദേശിച്ചത് എന്ന് എങ്കിലും ആരെങ്കിലും ഒന്നു പറഞ്ഞുതന്നെങ്കില്‍..

K.V Manikantan said...

തിരുമണ്ടന്‍ജീ,
വിശ്വപ്രഭ മുതല്‍ അങ്ങനെ ചിലര്‍ ഇതുപോലെയുള്ള ക്രൂരമായ പാതകങ്ങള്‍ ഇ-മലയാളത്തോട് ചെയ്തിട്ടുണ്ട്, അതിനാല്‍ അവരെ ചാന്‍സ് കിട്ടിയാല്‍ തല്ലികൊല്ലണം എന്ന് ആണ് ഈ പോസ്റ്റു കൊണ്ട് ഉദ്ദേശ്ശിച്ചത്;) യേത്?

SUNISH THOMAS said...

:)

ശാലിനി said...

അതേ തീര്‍ച്ചയായും അതു ചെയ്യണം. കുറഞ്ഞ പക്ഷം രണ്ടു തല്ലുകയെങ്കിലും വേണം.

തിരികെ ഇവിടേയ്ക്ക് വരാതിരിക്കുവാന്‍ തോന്നട്ടെ അദ്ദേഹത്തിന്.
:(

മാവേലി കേരളം said...

മലയാളം ബ്ലോഗിന്റെ അടിയൊഴുക്കു ചരിത്രങ്ങളൊന്നും അറിയാതെ ബ്ലോഗ്ഗു ചെയ്തു തുടങ്ങിയവരില്‍ ഒരാളാണു ഞാന്‍.

അതുകൊണ്ട്, ഈ പൊസ്റ്റിലെ വിവരങ്ങള്‍ എനിയ്ക്കു വളരെ സന്തോഷവും അറിവും തന്നു.ഭാഷയ്ക്കു വേണ്ടി, അതിന്റെ ആശയപ്രകാശനങ്ങള്‍ക്കു വേണ്ടി ഇത്രയധികം ക്രിയാത്മ്ക സേവനങ്ങള്‍ അനുഷ്ടിച്ച എല്ലാ അനിയന്മ്മാര്‍ക്കും അനിയത്തിമാര്‍ക്കും (behind the success of every man there is a woman) എന്റെ പ്രണാമം.

പക്ഷെ അവരെ ഓര്‍മ്മിയ്ക്കുന്നതിന് ഒരു positive ആയ തലക്കെട്ട് ഉപയോഗിയ്ക്കാമായിരുന്നു എന്നൊരാക്ഷേപമുണ്ട്.എന്തിനേയും negative ആയി കാണുന്നവര്‍ ധാരാളം ഉണ്ട്.പക്ഷെ അവരെ ഉദ്ദേശിച്ച് ആ തലക്കെട്ട് അങ്ങനെ ആക്കിയില്ലായിരുന്നെങ്കില്‍ എന്നാശിയ്ക്കുന്നു.

അതുപോലെ സിബുവിന്റ് കമന്റു വായിച്ചിടം വരെ ഈ പോസ്റ്റീനെ കുറിച്ച് ഒരു രൂപവും എനിയ്ക്കു കിട്ടിയിരുന്നില്ല.

അതിലുള്‍ക്കൊള്ളിച്ച അറിവുകള്‍ക്കു സങ്കുചിത മന്സ്കനോടും വിശ്വത്തോടും നന്ദി പറയുന്നു.പ്രതികൂല സാഹചര്യങ്ങളെ എതിര്‍ത്തു കീഴ്പ്പെടുത്തുക, എളുപ്പമല്ലെങ്കിലും അതിനു ശ്രമിച്ചു മുന്നേറട്ടെ മലയാളം ബ്ലോഗിങ് എന്ന പ്രാര്‍ഥനയോടെ..

മലയാള ബ്ലോഗിന്റ് ചരിത്രം വളരെ വ്യക്തമായി എഴുതി, അതിന്റെ പിന്‍ മുറക്കാര്‍ക്കു വായിച്ചു മനസിലാക്കത്തക്കവണ്ണം സൂക്ഷിയ്ക്കുന്ന്നതിനൊരു ശ്രമം ആരങ്കിലും തുടങ്ങണമെന്നും താല്പര്യപ്പെടുന്നു.

സൂര്യോദയം said...

ബ്ലോഗിങ്ങിന്‌ വിലയേറിയ സംഭാവന ചെയ്തവരെ ഓര്‍മ്മപ്പെടുത്തിയതിന്‌ നന്ദി സങ്കുചിതാ....

chithrakaran ചിത്രകാരന്‍ said...

മലയാള ബൂലൊകത്തിന്റെ തുടക്കക്കാരായി പ്രവര്‍ത്തിച്ച സുമനസ്സുകള്‍ക്ക്‌ ചിത്രകാരന്റെ ആത്മാര്‍ത്ഥമായ നന്ദി.

ശ്രീ said...

ഇത്രയേറേ വിവരങ്ങള്‍ അറിയിച്ചതിന്‍ നന്ദി...
ഉപകാരപ്രദമായ ലേഖനം...
:)

ഉണ്ണിക്കുട്ടന്‍ said...

നന്ദി സങ്കുചിതന്‍.. ഇതെടുത്ത് ഇവിടെ ഇട്ടതിന്.

മലയാളം യൂണിക്കോഡ് , ബ്ലോഗ് എന്നല്ല ഏതു സംരംഭം എടുത്തു നോക്കിയാലും അതു ഒരു പാടു പേരുടെ ശ്രമങ്ങളുടെ കഷ്ടപ്പാടിന്റെ ചരിത്രം നമുക്കു കാണാനാവും. അങ്ങനെ അല്ലാതെ ഒന്നും വെറുതേ രൂപം കൊള്ളുന്നതല്ല. പക്ഷെ നെഗറ്റീവ് ആയ ടൈറ്റില്‍ ഇട്ടതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല.

പഴയ ബ്ലൊഗേഴ്സ് എന്തു കൊണ്ട് ഇപ്പോ അതു പോലെ ആക്ടീവ് ആകുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്‌. കാലം ചെല്ലുന്തോറും മറ്റെന്തിനുമെന്ന പോലെ ബ്ലോഗിനും ചില മാറ്റങ്ങള്‍ കണ്ടേക്കാം അപ്പോ ഇട്ടിട്ടു പോകാതെ പുതിയ ബ്ലോഗരെ സ്വാഗതം ചെയ്തു കൊണ്ട് നല്ലതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട്..വികൃതി കാട്ടുന്നവരെ സ്നേഹപൂര്‍വം ശാസിച്ചു കൊണ്ട്..വഴി കാട്ടിക്കൊണ്ട് പഴയവരെല്ലാം ഇവിടെ ആക്ടീവ് ആയി ഉണ്ടായിരുന്നെങ്കില്‍ ബൂലോഗം എന്തു മനോഹരമായേനെ..

K.V Manikantan said...

ഉണ്ണിക്കുട്ടാ,
ആ ടൈറ്റില്‍ മാറ്റുന്നു. അനൌചിത്യമായെങ്കില്‍ മാപ്പ്.

മുസാഫിര്‍ said...

തലക്കെട്ട് മാറ്റിയത് നന്നായി സങ്കുചിതാ,കുറച്ച് സെന്‍സേഷണലായിപ്പോയില്ലേ എന്നു എനിക്കും തോന്നിയിരുന്നു.

Viswaprabha said...

ഇതില്‍ ഖണ്ഡിക തിരിച്ചിരിക്കുന്നതൊക്കെ മാറിപ്പോയിട്ടുണ്ടല്ലോ! ചിലേടത്തൊക്കെ ആശയവ്യത്യാസം ഉണ്ടാക്കുക കൂടിച്ചെയ്യുന്നു അത്!

ഒന്നുകൂടി ശരിയാക്കി ഇടാമോ മണികണ്ഠാ?

നന്ദി!

:-)

Anonymous said...

2005 -ല് ഞാനിവിടെ ബ്ലോഗുകള്ക്ക്‌ പകരം പടം ഒട്ടിക്കയായിരുന്നു.

റിയാസ് കൂവിൽ said...

very nice dear

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.