പണ്ടു പണ്ട് എഴുതിയ ഒരു കഥയ്ക്ക് ഒരുക്കിയ തിരക്കഥയാണ്.
1
പുലര്‍ച്ചെ മൂന്നര, നാലുമണി. ഒരു നാഷണല്‍ ഹൈവേ, അഥവാ പ്രധാന നിരത്ത്. മേലേയും,
ഡിക്കിയിലും സാമാനങ്ങള്‍ കയറ്റിവരുന്ന ഒരു കറുത്ത അംബാസിഡര്‍ കാര്‍.
2
കാറിനകവശം. പിന്‍സീറ്റില്‍ നടുവില്‍ കണ്ണന്‍. 9-10 വയസ്സ് പ്രായം. ഉറക്കച്ചടവോടെ
ഇരിക്കുന്നു. ഇടയ്ക്കിടയ്ക്ക് തെരുവുവിളക്കുകള്‍ കാണുമ്പോള്‍ കൌതുകത്തോടെ
പുറത്തേക്കും, അതിനെ തിരിഞ്ഞും നോക്കുന്നു. ഇരുവശത്തും അച്ഛനും അമ്മയും.
കണ്ണന്‍ ഒരു ഗള്‍ഫ് കുട്ടി നാട്ടില്‍ വരുമ്പോള്‍ ഇടുന്ന തരം മുന്തിയ വസ്ത്രങ്ങളില്‍തന്നെ.
അമ്മ (നിര്‍മ്മല 30) സാരിയും, അച്ഛന്‍ (അച്ച്യുതന്‍-40) ഷര്‍ട്ടും പാന്റ്സും.
ശരിക്കും ഗള്‍ഫില്‍ നിന്ന് വരുന്നവരുടെ പത്രാസില്‍തന്നെ. വര്‍ഷങ്ങള്‍ക്കുശേഷം
നാട്ടില്‍ വരുന്നവര്‍ക്കുണ്ടാകുന്ന സന്തോഷത്തേക്കാള്‍, ഒരു ചെറിയ മ്ലാനത നിര്‍മ്മലയുടെ
മുഖത്ത്. ഏതോ സംഭാഷണത്തിന്റെ തുടര്‍ച്ച:
അച്ചു: നീയൊക്കെ രക്ഷപ്പെട്ടടാ, സര്‍ക്കാരുദ്യോഗം, ദേ ഇപ്പോ കാറ് മുതലാളി.
(ഡ്രൈവര്‍ അല്‍പം തിരിഞ്ഞു നോക്കികൊണ്ട്): വേണ്ടടാ, നീയൊക്കെ ഒരു മാസം
പിടിക്കുന്നത് ഈ പാവം സര്‍ക്കാര്‍ ഗുമസ്ഥന് ഒരു കൊല്ലം പേനയുന്തിയാല്‍ കിട്ടുമോ?
(ഡ്രൈവര്‍ (വാസു) അച്ചുവിന്റെ അതേ പ്രായം. കൂട്ടുകാരന്‍, അയല്‍ക്കാരന്‍)
അച്ചു: പിന്നെ ഒരു കുഴപ്പമുണ്ട്, ദേ..ഇങ്ങനെ കെട്ടും പൂട്ടി ഒരു വരവ് വരേണ്ടിവരും.
ഇത്രനാളും പണീട്ത്തതൊക്കെ ഇഷ്ടായി, നാളെത്തൊട്ട് വരണ്ടാന്ന് സര്‍ക്കാര്‍ നിന്നോട്
പറയില്ലല്ലോ?
(കണ്ണടച്ച് മയങ്ങാന്‍ ശ്രമിക്കുകയായിരുന്ന നിര്‍മ്മല ഇതുകേട്ട് കണ്ണുതുറന്നു.
അച്ചുവിനെ നോക്കുന്നു.) (ഇത്രനേരം മിണ്ടാതെയിരുന്ന മുന്‍സീറ്റിലിരിപ്പുണ്ടായിരുന്ന
അച്ചുവിന്റെ അച്'ന്‍, ഏകദേശം 70 വയസ്സ്):
അച്ചൂ, എത്ര വയസ്സില്‍ പോയാതാണെന്നറിയോ നീയ്? ഇപ്പോ കൊല്ലം പത്ത് പന്ത്രണ്ട്
കഴിഞ്ഞില്ലേ? കൃഷിയാണെങ്കി നോക്കാന്‍ എനിക്കൊട്ട് നേരം കിട്ടണൂമില്ല. മാണിക്യന്‍
വരണ കാലം വരെ ഒരു കൊഴപ്പോംല്ല്യ. മര്യാദക്ക് നോക്ക്യാ സഖായിട്ടല്ല, അതിന്റെ
അപ്രത്ത് കിട്ടും.
അച്ചു: (ചെറുതായി പുഞ്ചിരിക്കുന്നു)
അരെന്തു പറഞ്ഞാലും കണ്ണന്റെ കണ്ണുകള്‍ അവരുടെ മുഖത്താണ്.
(ഈ യാത്രാ രംഗത്തിനിടയിലായിരിക്കും ടൈറ്റില്‍സ് -പോരേ ഏറാനാടാ?)
3
പുലര്‍ച്ചെ എകദേശം 6 മണി.. കാര്‍ ഗേറ്റ് കടന്ന് വീടിനുമുന്നില്‍ എത്തുന്നു.
ഓടിട്ട ഒരു പുരാതന നായര്‍ ഭവനം. അല്‍പം വിശാലമായ മുറ്റവും പൂമുഖവും മറ്റും. കാര്‍
വന്നു നില്‍ക്കുന്നു. അകത്തുനിന്ന് ബദ്ധപ്പെട്ട് ഓടി വരുന്ന കണ്ണന്റെ അച്ഛമ്മ.
പുറത്തിറങ്ങി സന്തോഷത്തോടെ മുരി നിവര്‍ത്തുന്ന അച്ചു. കാറില്‍ നിന്ന് ഇറങ്ങാന്‍
തുടങ്ങുന്ന കണ്ണനെ വാരിയെടുക്കുന്ന അച്ഛമ്മ.
അച്'മ്മ: എന്റെ കണ്ണന്‍ വലുതായല്ലോ? ഓര്‍മ്മേണ്ടോ മോന് അച്ഛമ്മയെ?
കണ്ണന്‍ നാണത്തോടെ "ഉണ്ട്" എന്ന അര്‍ത്ഥത്തില്‍ തലയാട്ടുന്നു. അപ്പുറത്തെ വീട്ടില്‍
നിന്ന് ഓടി വരുന്ന രണ്ട് കുട്ടികള്‍. വിഷ്ണുവും, അമ്മുവും. അമ്മുവിന് 7-8 വയസ്സ്,
കണ്ണന്റെ പ്രായം വിഷ്ണുവിന്. (വാസുവിന്റെ മക്കള്‍) അവര്‍ക്കു പിന്നാലെ അവരുടെ അമ്മ.
അമ്മു വെളുത്ത കയ്യില്ലാത്ത അടിയുടുപ്പും, വിഷ്ണു, പഴയ യൂണിഫോം നീല ട്രൌസറും. രണ്ടു
പേരുടേയും കയ്യില്‍ ബ്രഷ്, വായില്‍ പേസ്റ്റ്.
അവരെ കണ്ടതും കണ്ണന്‍ അച്ഛമ്മയുടെ കയ്യില്‍നിന്നും കുതറിയിറങ്ങി. "ഇത്ര വലിയ എന്നെ
എടുക്കുന്നുവോ" എന്ന ഭാവം.
പടി കടന്ന് വരുന്ന വീട്ടുവേലക്കാരി വിലാസിനി. (30-35) ലുങ്കിമുണ്ടും, ബ്ലൌസും,
തോളിലൊരു മുഷിഞ്ഞ തോര്‍ത്തും. പടിക്കല്‍ നിന്നേ കാര്‍ കിടക്കുന്ന കാണുകയും നടത്തം
ഒരു ചെറിയ ഓട്ടമായി പരിണമിക്കുകയും ചെയ്യുന്നു.
കണ്ണന്‍ കൌതുകത്തോടെ കുട്ടികളെ നോക്കുന്നു.
കണ്ണനെ നോക്കുന്ന അമ്മു.
ചിരിക്കണോ വേണ്ടയോ എന്ന സംശയത്തിന്റെ അവസാനം വിഷ്ണുവിനെ നോക്കുന്നു. അവന്റെ
ശ്രദ്ധയാകട്ടെ കാറിന് മുകളിരിക്കുന്ന പെട്ടിയിലും മറ്റും.
അച്ചു: എന്തോക്കേണ്ട് വിലാസിനീ...
വിലാസിനി: ഇങ്ങനെയൊക്കെ പോണൂ.
അച്ഛമ്മ: അമ്മ്വ്യോ, എന്താടി മിണ്ടാതെ നില്‍ക്കുന്നേ? (നിര്‍മ്മലയോട്) കാന്താരിയാ
നിര്‍മ്മല: ഇങ്ങ്ട് വാ അമ്മൂ. (അമ്മു പയ്യെ അടുത്തെത്തുന്നു.) അവളുടെ കവിളില്‍
തലോടിക്കൊണ്ട്: ഇപ്പോ എത്രേലാ?
അമ്മു: നാലിലാ.
നിര്‍മ്മല: കണ്ണാ, ഒാര്‍മ്മേണ്ടോ, അമ്മൂനേ?
കണ്ണന്‍: തലയാട്ടുന്നു. (ഉണ്ട്).
ഇതിനകം പെട്ടികളെല്ലാം ഇറക്കി, വാസുവും, അച്ചുവും, വിലാസിനിയും പെട്ടികള്‍
അകത്തേക്ക് എടുക്കുന്നു. ടൂത്ത് ബ്രഷ് വായില്‍ തിരുകി പെട്ടിയില്‍
ഒട്ടിച്ചിരിക്കുന്ന എയറിന്ത്യാ ടാഗോ മറ്റോ വലിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്ന
വിഷ്ണുവിന് അച്'ന്‍ വാസുവിന്റെ വക തലയ്ക്കൊരു കിഴുക്ക്.
പൂമുഖത്തെ പഴയ ക്ലോക്ക്. (ക്ലോസപ്പ്) ആറു മണിയുടെ മണിയടി
4
പൂമുഖത്തിരിക്കുന്ന വാസുവും, അച്ചുവും, മുത്തച്'നും. വന്ന വേഷത്തിലല്ല ആരും.
എല്ലാവരും ലുങ്കിയില്‍, ഷര്‍ട്ടില്ലാതെ. മുത്തച്'ന്‍ മാത്രം വീട്ടിലും വെള്ള മുണ്ടേ
ഉടുക്കൂ. (മുറ്റത്തിപ്പോള്‍ കാറില്ല.)
അച്ചു: ഡ്രൈവര്‍ സാറേ, എത്രയാ ചാര്‍ജ്ജ്?
വാസു: ചാര്‍ജ്ജ് കാശായിട്ട് വേണ്ടാ.
അച്ചു: നിമ്മീടെ വീട്ടിലൊന്ന് പോയി തല കാണിക്കട്ടെ, ആ കടത്ത് ഇന്നന്നെ കഴിക്കണം.
മുത്തച്'ന്‍: പിന്നെ, സംശംണ്ടോ? ഗോവിന്ദായര്‍ക്ക് (നിമ്മിയുടെ അച്'ന്‍) യാത്ര
ചെയ്യാന്‍ മേല. അല്ലെങ്കീ ഇന്നലെ തന്നെ വന്നേനേ പാവം. വേണെങ്കി, നിമ്മിയും കണ്ണനും
ഇന്നവിടെ നിന്നോട്ടെ. നീയിങ്ങ് പോര്.
(മുറ്റമടിക്കുന്ന വിലാസിനി. ചൂല് മുറ്റത്തുവരയ്ക്കുന്ന വരകളെ സാകൂതം നോക്കികൊണ്ട്
വരാന്തയില്‍ കണ്ണന്‍.)
5
അടുക്കള:
ദോശ ചുടുന്ന അച്ഛമ്മ. നിമ്മിയുടെ വേഷം നൈറ്റി.
നിമ്മി: ശാന്തമ്മ വരാറില്ലേമ്മേ ഇപ്പോ?
അച്ഛമ്മ: അവള്‍ടെ മോള് പെറ്റു കിടക്കല്ലേ. അല്ലെങ്കിത്തന്നെ ഇവിടെന്ത്
ജോലിയിരിക്കുന്നു? ദോശക്ക് വിലാസിനി വൈകുന്നേരം വന്ന് ആട്ടിത്തരും. ഞങ്ങള്
മുതുക്കനും മുതുക്കത്തിക്കും എന്തോരം ഭക്ഷണം വേണം നിമ്മീ? ആകെ നാല് ദോശേണ്ടാക്കണം.
പിന്നെ ഇത്തിരി ചോറും. (ചട്ടിണി വറുത്തിടാനുള്ള പാത്രം അടുത്ത അടുപ്പില്‍
വയ്ക്കുന്നു.) കാര്‍ന്നോര് ഉച്ചക്ക് ഉണ്ണാന്‍ വന്നാ പറയാം വന്നൂന്ന്. ഇപ്പോ പഴയ
പോലെയല്ല. എല്ലാവരും ഭാഗം വച്ച് പിരിയല്ലേ? പറമ്പളക്കലും തര്‍ക്കം തീര്‍ക്കലുമായി
ഇവിടത്തെയാള്‍ക്ക് തിരിയാന്‍ നേരമുണ്ടോ? പത്ത് മണിയാവുമ്പോഴേയ്ക്കും എന്റെ
പണിയൊക്കെ കഴിയും.
(ദോശ മറിച്ചിടുന്നു.)
അച്ഛമ്മ: പറമ്പോക്കെ നോക്കണത് മാണിക്യനാ. ചന്തേ പോക്കും ഒക്കെ. ഒറ്റ കാശ് പറയാതെ
എടുക്കില്ല്യാട്ടോ. കണിശമായി ചന്തേലെ കണക്ക് എന്നോട് പറയും. ഞാന്‍ പറയും
എനിക്കൊന്നും കേള്‍ക്കണ്ടാന്ന്. (ദോശയില്‍ രണ്ടു തുള്ളി നെയ്യ് ഒഴിക്കുന്നു)
മാണിക്യന്റെ മോന് രജിസ്ട്രാപ്പീസില് ജോലി കിട്ടി. അറിഞ്ഞോ?
നിമ്മി: ഉവ്വ്, അച്ചുവേട്ടന്റെ ഒരു മാസത്തെ വര്‍ത്താനം അത് തന്ന്യായിരുന്നു. പണ്ട്
തല്ലി സ്കൂളിലേക്ക് വിട്ടതാ ഞാനൊരുത്തനാന്നും പറഞ്ഞ്. (ദോശ മറിച്ചിടുന്നു)
ഇന്നന്നെ വീട്ട്യെപോണ്ടേ അമ്മേ? നാലുകൊല്ലായി... ...
അച്'മ്മ: (ഇടയ്ക്ക് കയറി) പിന്നെപിന്നെ, ഞാന്‍ പറയാന്‍ തുടങ്ങായിരുന്നു.
എന്തെങ്കിലും നിവര്‍ത്തീണ്ടായിരുന്നെങ്കി അച്'ന്‍ ഇന്നിവിടെത്ത്യേനെ.
കൊഴപ്പൊന്നുല്ല്യ. വാതത്തിന്റെ ശല്യാ... ഇന്നന്നെ പോണം, വാസൂന്റെ കാറില് പൊക്കോ..
നമ്മടെ കുഞ്ഞാളീടെ ചെക്കന്‍ മനോഹരനാ വണ്ടി ഓടിക്കണേ.
അടുക്കളയില്‍ എത്തിയ കണ്ണന്‍: അമ്മേ, ബ്രഷ് ചെയ്യണം.
നിമ്മി: വണ്‍ മിനിറ്റ് (പുതിയൊരു ദോശ ശ്രദ്ധാപൂര്‍വ്വം ഉണ്ടാക്കുന്നു,
പരാജയപ്പെടുന്നു) ക്ലോസപ്പ്
6)
വൈകുന്നേരം 6 മണി.
ഗേറ്റ് കടന്നു വരുന്ന കാര്‍. കാറില്‍ നിന്നിറങ്ങുന്ന അച്ചു, കണ്ണന്‍.
മുത്തച്ഛന്‍: (ചാരുകസേലയില്‍) എന്താ കണ്ണനും പോന്നോ?
അച്ചു: ചെക്കന്റെയൊരു ചിണുങ്ങല്‍, കാറില്‍ കേറാനുള്ള പൂതിയാ. കരഞ്ഞ് ബഹളോണ്ടാക്കി
അച്'മ്മ: എന്റെ മോന്‍ ഇങ്ങ്ട് വാ. അച്ഛമ്മ മേക്കഴുകിക്കാം.
7)
തോര്‍ത്ത് മാത്രമുടുത്ത് കിണറ്റ്കരയില്‍ കണ്ണന്‍. അച്'മ്മ കുളിപ്പിക്കലിന്റെ
അവസാന ഘട്ടത്തില്‍. അപ്പോള്‍ അമ്മുവിന്റെ ഉറക്കെയുള്ള ശബ്ദം അടുത്തടുത്ത് വരുന്നു.
"വല്ല്യമായ്യ്യേ, വല്ല്യമായ്യ്യേ.. വല്ല്യമായ്യ്യേ..." കിണറ്റുകരയില്‍ എത്തുന്ന
അമ്മു.
അച്ഛമ്മ: എടീ, ഇത്തിരി പതുക്കെ കാറ്യാ മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.
അമ്മു: (ഒരു കുപ്പി നീട്ടിക്കൊണ്ട്) ഇത്തിരി എണ്ണ. വെളക്ക് വച്ചിട്ടില്ല.
(കുപ്പിയുമായി അച്'മ്മ അകത്തേക്ക്)
കണ്ണന്‍: അമ്മൂന് പേടീല്യേ ഇരുട്ടത്ത് നടക്കാന്‍?
അമ്മു: ഇല്ല്യാ, വിഷ്ണേട്ടന് പേടിയാ. കണ്ണേട്ടന് പേടിണ്ടോ ഇരുട്ട്?
കണ്ണന്‍: അതിന് ഞാന്‍ ഇപ്പളാ ഇരുട്ട് കാണണേ. ഞങ്ങടെ അബുദാബീല് ഇരുട്ട് ഇല്ല്യ.
അമ്മു: നൊണ. ഇരുട്ടില്ലെങ്കിപീനെങ്ങന്യാ നിങ്ങളുറങ്ങാ?
കണ്ണന്‍: കണ്ണടച്ചുകിടക്കും. അപ്പോ ഇരുട്ടായില്ല്യേ?
അമ്മു: (ഒന്നാലോചിച്ച്, തോല്‍വി സമ്മതിച്ച പോലെ.) അതു ശര്യാ..
8)
നിലവിളക്കിന് മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുന്ന കണ്ണന്‍. നെറ്റിയില്‍ ഭസ്മക്കുറി.
അടുത്തിരുന്ന് നാമം ചൊല്ലിക്കൊടുക്കുന്ന അച്ഛമ്മ. ഏറ്റു ചൊല്ലുന്ന കണ്ണന്‍. നാരായണ....
നാരായണ... ചിങ്ങം, കന്നി മുതലായവ......
9)
അടുക്കള, അല്ലെങ്കില്‍ അടുക്കളയുടെ പുറകിലെ വരാന്ത, അല്ലെങ്കില്‍ ഊണുമുറി. കണ്ണനും
ഇതൊന്നും ശ്രദ്ധിക്കാതെ അല്‍പം അടുത്തായി എന്തെങ്കിലും ഒരു കൌതുകവസ്തുവിനെ (പകുതി
മുറിച്ച് വച്ച ഒരു ചക്ക തുടങ്ങി എന്തെങ്കിലും) തൊട്ടും മറ്റും പരിശോധിക്കുന്നു.
മേശയില്‍ ഒരു വിടേശ മദ്യക്കുപ്പി. എകദേശം പകുതി കഴിഞ്ഞിട്ടുണ്ട്. അരികെ സ്റ്റീല്‍
പാത്രത്തില്‍ വെള്ളം. രണ്ട് സ്റ്റീല്‍ ഗ്ലാസ്. വാസു, അച്ചു. രണ്ടുപേരും
പൂസായിട്ടുണ്ട്.
വാസു: രണ്ട് ചില്ലുഗ്ലാസ് ഞാന്‍ കൊണ്ടു വന്നേനെ. ഇതൊരുമാതിരി, ഇരുമ്പ് ചൊക.
അച്ചു: ഏടാ, സ്റ്റീല്‍ ഗ്ലാസ് നല്‍കുന്ന ത്രില്ല് നിനക്ക് മനസിലാവില്ല്യ.
സ്റ്റീല്‍ ഗ്ലാസില്‍ ചായ കുടിക്കാനാണെടാ ഞങ്ങളൊക്കെ നാട്ടില്‍ വരുന്നത്. ഒരു ലുങ്കീം
ചുറ്റി വെറുതേ തുട മാന്തി, ആരടാന്ന് ചോദിച്ചാ എന്തടാന്ന് ചോദിക്കാണ്‍
മുട്ടിയിട്ടാടാ ഞങ്ങളോടി വരണേ... (ചെറിയ "കുടിയന്‍ ഭാഷയില്‍") പുറത്ത്
മുത്തച്ഛ ന്റെ ഭയങ്കര അസ്വാഭാവികതയുള്ള ഉച്ചത്തിലുള്ള ചുമ.
ഒരു പാത്രത്തില്‍ വറവ് ഐറ്റംസ് (കൊണ്ടാട്ടം -കൈപ്പയ്ക്ക, മുളക് ഇത്യാദി) കൊണ്ട്
വച്ച് അച്ഛമ്മ: ടാ പിള്ളേരേ, കര്‍ന്നോര് കിടന്ന് ചൊമക്കണ കേട്ടില്ലേ.
അച്ചു: ആ ബാഗില് ഇരിക്കണ കുപ്പി കൊണ്ട് കൊടുത്തൂടേ എന്റമ്മേ???
അച്ഛമ്മ: എന്നിട്ട് വേണം എന്റെ നേരെ ചാടാന്‍. നിങ്ങളൊന്ന് അപ്പുറത്തേയ്ക്ക് മാറ്.
(അച്ചുവും വാസും എഴുന്നേറ്റ് പിറകുവശത്തെ വാതിലില്‍ക്കൂടി പുറത്തേക്ക്.)
അച്ഛമ്മ: പിന്നേ, അച്ചൂ, മാണിക്യന്‍ വന്നേരുന്നു. എയര്‍പോര്‍ട്ടില്‍ കൊണ്ടൂവാത്ത
കാരണം രണ്ടീസായിട്ട് കാര്‍ന്നോരോട് മൊം വീര്‍പ്പിച്ച് നടക്കാ... അവനും കൂടി വന്നാ
കാറില് സ്ഥലംണ്ടാവില്ല്യാന്ന് പറഞ്ഞാ കേക്കൂല്ല. പാവം.
(തുടര്‍ന്ന് വിടിന്റെ മുന്‍ വശത്തേക്ക് നോക്കി,) അതേയ് ഒന്നിങ്ങ്ട് വര്യോ? (വിളി
മുത്തച്ഛനെ ഉദ്ദേശിച്ചാണ്)
(മുറിച്ച ചക്കയുടെ അടുത്തിരുന്ന് ഇത് സാകൂതം കാണുന്ന കണ്ണന്റെ കാഴ്ചപ്പാടില്‍:)
കാത്തിരുന്ന വിളി പോലെ മുത്തച്ഛന്‍ വന്ന്, ഗ്ലാസിലേക്ക് മദ്യം ഒഴിച്ച് ഒട്ടു
മോശമല്ലാത്ത രീതിയില്‍ രണ്ട് പെഗ്ഗ് പെട്ടന്ന് കുടിച്ചു. അടുക്കള വാതില്‍ക്കല്‍
നിന്ന് എത്തിച്ച് നോക്കിയ അച്ഛമ്മ പുഞ്ചിരിയോടെ അകത്തേക്ക് തന്നെ തല വലിച്ചു.
കുറച്ച് കൊണ്ടാട്ടവും എടുത്ത് ചവച്ച് മുത്തച്ഛന്‍ പിന്‍ വാങ്ങുന്നു. (എല്ലാം
കൊണ്ടും ഒരു കള്ളത്തരം ചെയ്യുന്ന ഭാവം)
10
പുറത്ത് കിണറ്റുകരയില്‍ ഇരിക്കുന്ന അച്ചുവും വാസുവും. കിണറ്റുകരയില്‍ വെളിച്ചം
കിട്ടാനായി വയര്‍ വലിച്ച് ലൈറ്റ് ഇട്ടിട്ടുണ്ട്. വരാന്തയിലിരുന്ന് അവരെ
വീക്ഷിക്കുന്ന കണ്ണന്‍.
വാസു: ഡാ, പെര കേറി നോക്കീല്ല്യേ.
അച്ചു: പോയിനോക്കാന്‍ തോന്നിയില്ലടാ. കൂട്ടിവച്ചുണ്ടാക്കിയതൊക്കെ പെര തിന്നു. ഇനി
മുഴുവനാക്കാന്‍ എന്ത് കാട്ടുംന്നോര്‍ത്തിട്ടാ. അഹങ്കാരം കാട്ടീട്ടല്ലേ. ഇത്ര
പെട്ടന്ന് പെര പണിയണ്ട കാര്യം ഉണ്ടായിരുന്നോ? ഇത് തന്നെ മുന്‍ വശം ഒന്ന്
തട്ടിപ്പൊളിച്ചാ പോരായിരുന്നില്ലേ. പറഞ്ഞിട്ടെന്താ?
വാസു: എന്നാലും ഒരു നല്ല വീടായില്ലേ. എന്നായാലും പണിയണ്ടേ? അതുപോട്ടെ ഇതൊക്കെ
അറിഞ്ഞിട്ടും നീയെന്താ പണി വേണ്ടാന്‍ഞ്ച്ചത്? ആദര്‍ശം വേറെ ലൈഫ് വേറേന്ന് ഞാന്‍
പറേണ്ടല്ലോ.
അച്ചു: എന്നാ നീ കേട്ടോടാ. വേണ്ടാന്‍ഞ്ച്ച് പോന്നതല്ല. അവരെന്നെ പിരിച്ചുവിട്ടതാ.
(വാസുവിന്റെ കൈ തട്ടി കിണറ്റിലേക്ക് വീഴുന്ന തൊട്ടി, കമ്പിയില്‍ കെട്ടിയ കയറില്‍
നിന്നാടുന്നു) നാണക്കേടോര്‍ത്ത് ആരോടും പറഞ്ഞിട്ടില്ല. നിന്നോടെന്തിനൊളിച്ച്
വക്കണം? അറബികള്‍ക്കും വിദ്യഭ്യാസമൊക്കെയായില്ലേ? ഇനി അവിടെ ഇതൊക്കെത്തന്നെ സ്ഥിതി. വാസു: അപ്പോ നിമ്മിയുടെ ജോലിയും കളഞ്ഞു പോന്നു?
അച്ചു: അവളുടെ ഭാര്യ വിസയല്ലേ? സ്പോണ്‍സര്‍ ഞാനല്ലേ? പട്ടീല്ലെങ്കീ വാലുണ്ടോടാ? (മൌനം.
ദീര്‍ഘനിശ്വാസം)
ജോസും മനോഹരനുമൊക്കെ വേറെ അന്വേഷിക്കുന്നുണ്ട്. മൂന്നാല് മാസം നാട്ടീ നിക്കാം.
കാലം കൊറേ ആയില്ല്യേ.
വാസു: അപ്പോ കണ്ണന്‍?
അച്ചു: നിന്റെ പിള്ളേര്‍ടെ കൂടെ പോകട്ടെ. അവരും ഇംഗ്ലിഷ് മീഡിയമാണല്ലോ....
(അടുക്കളയില്‍ നിന്ന് അച്'മ്മയുടെ വിളി "അച്ചൂ, ഇങ്ങട് പോരേ,")
11
പുലര്‍ച്ച. ഉണര്‍ന്നെണീറ്റ കണ്ണന്‍ തെങ്ങിന്‍ തടത്തില്‍ മൂത്രമൊഴിക്കുന്നു. പടികയറി
വരുന്ന മാണിക്യന്‍, (ചെറുമന്‍, 50 വയസ്സ്) ചവിട്ടു പടിയിലിരുന്ന് മാത്രുഭുമി പത്രം
വായിക്കുന്ന അച്ചു. കണ്ണന്റെ കാഴ്ച്ചയിലൂടെ നടന്ന് വരുന്ന മാണിക്യന്‍. അച്ചുവിന്റെ
അടുത്തെന്തോറും നടത്തം പതുക്കെയാക്കുന്നു. തന്റെ വരവ് അച്ചു അറിയാതിരിക്കാന്‍
പൂച്ചപാദങ്ങളോടെ വന്ന് പെട്ടന്ന് പത്രം വലിക്കുന്നു.
അച്ചു: (അതീവ സന്തോഷത്തില്‍) ഹല്ല! സാവ് മാണിക്യന്‍. ഇന്നലെ എവിടെപ്പോയി?
മാണിക്യന്‍: ഞാനും വരാനിരുന്നതല്ലേ എയര്‍പോര്‍ട്ടില്‍. അപ്പോ മാണിക്യന്റെ കൂടെ
കാറില്‍ കേറിയാല്‍ പത്രാസിന് കുറവായിപ്പോവുന്ന്. (പെട്ടന്ന് കണ്ണനെ കണ്ടപ്പോള്‍)
അല്ലാ ഇതാര്? അമ്പമ്പാ ആള് വലുതായിപ്പോയല്ലോ? (ഓടി വന്ന് കണ്ണനെ
കെട്ടിപിടിക്കുന്നു.)
അച്ചു: കണ്ണാ, മനസിലായോ.
കണ്ണന്‍: (തലയാട്ടുന്നു) മാണിക്യന്‍ അങ്കിള്‍.
എന്തോ വലിയ തമാശ കേട്ടപോലെ മാണിക്യന്‍ ഹ ഹ ഹ എന്ന് ഉച്ചത്തില്‍ ചിരിക്കുന്നു.
അച്ചു: മാണിക്യാ, ഇപ്പോ എന്തായീ? അന്ന് ഞാന്‍ സുബ്രനെ ചീത്തപറഞ്ഞ സ്കൂളില്
വിട്ടപ്പോ...ഃഓ, എന്തായിരുന്നു പുകില്?
മാണിക്യന്‍: ശരിയോ കുഞ്ഞേ. ഇപ്പോ അവനൊരു ഗതിയായി.
എവിടെ നിമ്മിക്കുഞ്ഞ്?
അച്ചു: അവള്‍ എറണാകുളത്താ. ഇന്ന് പോയി കൊണ്ടുവരണം. (ഈ സമയം അകത്തുനിന്ന്
പുറത്തേക്ക് വന്ന മുത്തച്'ന്‍.)
മുത്തച്'ന്‍: ഹ! യൂണിയന്‍ നേതാവ് വന്നോ?
മാണിക്യന്‍: (പ്രകടമായ നീരസത്തോടെ) എനിക്ക് തോന്നുമ്പം വരും തോന്നുമ്പം പോവും.
മുത്തച്'ന്‍: (പരിഹാസത്തില്‍, കൈ കൂപ്പി) നേതാവേ, പ്രശ്നമുണ്ടാക്കല്ലേ, അടിയന്‍
തമാശ പറഞ്ഞതാ.
മാണിക്യന്‍: അച്ചുക്കുഞ്ഞേ, ഒന്നു കാണാന്‍ വന്നതാ. ഞാന്‍ പൂവാ. ഇനി ഈ പടി
ചവിട്ടില്ല.
മുത്തച്'ന്‍: പോക്കോടാ, അതാ കാണുന്നതാ പടീ. നേരെ തിരിഞ്ഞു നടന്നോ.
മാണിക്യന്‍ കലിപ്പില്‍ തിരിഞ്ഞു നടക്കുന്നു. പത്തടി നടന്നിട്ട് പെട്ടന്ന് തിരിഞ്ഞ്
വീടിന്റെ വശത്തുകൂടി അടുക്കള വശത്തേക്ക് പോകുന്നു.
മുത്തച്'ന്‍: എടാ, അത് പുറത്തേക്കുള്ള വഴിയല്ല.
മാണിക്യന്‍: (കലിപ്പില്‍) എനിക്കറിയാം. (ഈ സംഭാഷണങ്ങളിലെല്ലാം മുഴച്ചു നില്‍ക്കേണ്ടത്,
മുത്തച്'നും, മാണിക്യനും തമ്മിലുള്ള അഗാധമായ സ്നേഹമാണ്.)
അച്ചുവിന്റെ ഉച്'ത്തിലുള്ള ചിരി, മുത്തച്'ന്റേയും.
12
സന്ധ്യാസമയം. ക്ലോസപ്പ് ഷോട്ട്.
ഒരു കുഴിയാനയുടെ കുഴിയിലേക്ക് കാലുതെറ്റി വീഴുന്ന ഉറുമ്പ്. അതിനെ
ചാടിപ്പിടിക്കുന്ന കുഴിയാന. പെട്ടന്ന് മണലെല്ലാം ഊതിയാലെന്ന പോലെ പറക്കുന്നു.
അമ്മുവിന്റെ കൈവിരലുകള്‍ കുഴിയാനയെ എടുക്കുന്നു.
ക്യാമറ പതുക്കേ പിന്നിലേക്ക് നീങ്ങുമ്പോള്‍ ദൃശ്യമാകുന്ന മണ്ണില്‍
മുട്ടുകുത്തിയിരുന്ന് കുഴിയാനയെ നോക്കുന്ന അമ്മുവും, കണ്ണനും. കണ്ണന്റെ കണ്ണുകളില്‍
തികഞ്ഞ അവിശ്വസനീയത. ക്യമാറ പുറകിലേക്ക് അകന്നകന്ന് പോകുമ്പോള്‍ പണി പകുതിയായ ഒരു രണ്ടുനില കെട്ടിടം. മുറ്റത്ത് എന്തെങ്കിലും കുസൃതി പ്രവര്‍ത്തി ചെയ്യുന്ന വിഷ്ണു.
കൈ കെട്ടിനിന്ന് വീടിനെ നോക്കി അച്ചു. ലുങ്കിയും ഷര്‍ട്ടും. നിമ്മി-സാരിയില്‍.
മുറ്റത്ത് ഒരു ഭാഗത്ത് മണല്‍ കൂട്ടിയിട്ടിരിക്കുന്നു. അതു പോലെ മെറ്റലോ,
മേറ്റ്ന്തെങ്കിലും നിര്‍മ്മാണ സാമഗ്രികളോ...
അച്ചുവിന്റെ ചിന്താകുലമായ മുഖം.
13
അച്ചു, നിമ്മി, കണ്ണന്‍ യൂണിഫോമില്‍, ബാഗും മറ്റുമായി വീടിന്റെ പടിക്കല്‍ ഓട്ടോ
കാത്തു നില്‍ക്കുന്നു.
അച്ചു: വാസൂന്റെ പിള്ളേര്‍ടെ കൂടെ വിട്ടാ മതിയായിരുന്നു. അരമണിക്കൂര്‍ നടത്ത ഇല്ല്യ.
എത്ര പിള്ളേര്യാ അതില് കുത്തിക്കേറ്റണേ.
നിമ്മി: നടക്ക്യേ, എന്റെ മോന്‍ പത്തടി തികച്ചു നടന്നട്ടില്ല്യ അവടെ, അറിയില്ലേ?
അച്ചു: ആ, അതിന്റെ കൊഴപ്പംണ്ട് ചെക്കന്.
കണ്ണന്‍: ഞാന്‍ അമ്മൂന്റേം, വിഷ്ണൂന്റേം കൂടെ നടന്ന് പൊക്കോളാം. എന്നെ എല്ലാവരും
കളിയാക്കാ. ചെറ്യേ പിള്ളേരാ ഓട്ടോര്‍ക്ഷ്യേല് വരണേ.
നിമ്മി: (കണ്ണനോട്) ഷട്ടപ്പ്.
അച്ചു: എടീ, ഇത് നിന്റെ അബുദാബിയല്ല. നിന്റെ മദാമ്മേടെ ഭാഷ ഒന്ന് കൊറക്ക്.
നിമ്മി: ഒരു മാസമേ പുന്നാര മോന്‍ നിങ്ങടെ സ്കൂളില്‍ പോയിട്ടുള്ളൂ. നല്ല ഭാഷ
പഠിച്ചുവരണ്ണ്ട്. ഇന്നലെ വിഷ്ണുവിനെക്കേറി പോടാ പട്ടീന്ന്..... (ഒന്ന് നിര്‍ത്തിയിട്ട്)
നിങ്ങള് ജോസിന് വിളിച്ചോ? അതേയ്, കാര്യം നമ്മടെയാ കേട്ടോ. ഇടക്കിടക്ക് അങ്ങോട്ട്
വിളിക്കണം.
കുട്ടികളെ കുത്തിനിറച്ച ഒരോട്ടോ വന്നു നില്‍ക്കുന്നു. മുന്‍പില്‍ ഡ്രൈവറുടെ കൂടെ
നില്‍പ്പുണ്ടായിരുന്ന പയ്യനെ പുറകിലേക്ക് മാറ്റുന്ന ഡ്രൈവര്‍. താരതമ്യേന
കണ്ണനേക്കാള്‍ ചെറിയ കുട്ടികളാണ് ഓട്ടോയില്‍. കണ്ണന്‍ ഡ്രൈവറുടെ കൂടെ ഇരിക്കുന്നു.
അകന്നകന്നുപോകുന്ന ഓട്ടോ. അവര്‍ തിരിച്ച് വീട്ടിലേക്ക് നടക്കുന്നു.
14
പകല്‍. അവധി ദിവസം. അമ്മു, കണ്ണന്‍, വിഷ്ണു. മഞ്ചാടിക്കുരു പെറുക്കുന്നു.
കാടുപിടിച്ച് കിടക്കുന്ന ഒരു കാവിന്റെ പരിസരത്താണവര്‍. പഴയ നായര്‍ തറവാടുകളിലെ
കാരണവന്മാരുടെ പ്രതിഷ്ഠയായി സങ്കല്‍പ്പിക്കുന്ന മൂന്നോ, അഞ്ചോ കല്ലുകള്‍. മൂന്ന്
പേരും വീട്ടിലിടുന്ന വസ്ര്തങ്ങളില്‍. മൂന്നു പേരുടെ കൈയ്യിലും ഓരോ പാട്ട (നിഡോ...
പോലെയുള്ള) ഉണ്ട്. മഞ്ചാടിക്കുരു ഓരോരോരുത്തരുടേയും പ്രൈവറ്റ് സ്വത്താണ്.
അമ്മു: ഇത് നിറയുമ്പോ ഞങ്ങളുടെ ചെടിത്തോട്ടത്തിലിടും. എന്നിട്ട് അകലേന്ന് നോക്കണം
എന്താ ഭംഗീന്നറിയോ. എം.എ ലാലീടെ വീട്ടില് അങ്ങനെ ഇട്ടട്ട്ണ്ട്.
കണ്ണന്‍: ഞാനും ഇണ്ടാക്കും ചെടിത്തോട്ടം.
അമ്മു: അച്ചുമ്മാന്‍ ഇനി പോണില്ല്യാന്ന് പറഞ്ഞതല്ലേ. പിന്നെന്തിനാപ്പോ പോണേ?
കണ്ണന്‍: പൊട്ടീ, ഞങ്ങടെ പെരപണി കഴിയണ്ടേ? അയിന് ഇനീം കാശുണ്ടാക്കണം.
വിഷ്ണു: അപ്പോ പിന്നെന്തിനാ നിങ്ങള് ഇപ്പോ വരാമ്പോയേ? പെരപണി കഴിഞ്ഞിട്ട് വന്നാ
പോരാര്‍ന്നു?
കണ്ണന്‍: അച്'ന്റെ കമ്പനീല് എല്ലാം അറബികള്യാക്കി..
അമ്മു: ഉന്തുറ്റാ കണ്ണേട്ടാ, അറബികള്?
കണ്ണന്‍: കുന്നിലെ പള്ളീല് അച്ചനില്ലേ, അതു പോലത്തെ ഉടുപ്പിടണോരാ അറബികള്.
നിങ്ങക്ക് അറബി അറിയോ?
അമ്മു: ഇല്ല്യാ, കണ്ണേട്ടനറിയോ?
കണ്ണന്‍: ഊം...
അമ്മു: ഒന്ന് പറ, കേക്കട്ടെ.
കണ്ണന്‍: (ഭയങ്കര പത്രാസില്‍) കല്ലീ വല്ലീ......
വിഷ്ണു: അതുന്തുറ്റാ? കല്ലിവല്ലി?
കണ്ണന്‍: അതൊക്കെയുണ്ട്, കല്ലിവല്ലി.
അമ്മു: അച്ചുമ്മാന്‍ അമ്മായിയോട് എപ്പളും പറയും, കല്ലിവല്ലീന്ന്. അതറബിയാ?
കണ്ണന്‍: (വിജ്ഞാന പ്രകടനത്തില്‍, തല പൊക്കി, പത്രാസില്‍) ഊം.
അമ്മു: കല്ലി വല്ലി
വിഷ്ണു: കല്ലി വല്ലി.
15
പകല്‍. മുറ്റം. വാസുവിന്റെ കാര്‍. മുത്ത'ന്‍, അച്'മ്മ, വാസു, കുട്ടികള്‍, മാണിക്യന്‍
(വെള്ള ഷര്‍ട്ടും മുണ്ടും) വിലാസിനി, വാസുവിന്റെ ഭാര്യ, നിര്‍മ്മലയുടെ അച്'ന്‍,
പിന്നെ അയല്‍ക്കാരായി നാലോ അഞ്ചോ പേരും. ഒരു സ്യൂട്ട് കേസുമായി ഇറങ്ങി വരുന്നു
അച്ചു. അല്‍പം കലങ്ങിയ കണ്ണുകളുമായി നിമ്മി നൈറ്റിയില്‍.
അച്ചു ഓരോരുത്തരോടായി യാത്ര ചോദിക്കുന്നു. മാണിക്യന്‍ ആദ്യം കയറുന്നു ബാക്ക്
സീറ്റില്‍. അച്ചു മുന്‍പില്‍ കയറുന്നു. അടുത്ത് വന്ന കണ്ണനോട്: കണ്ണാ, കുറുമ്പ്
കാട്ടരുത്, അമ്മ പറേണതൊക്കെ കേക്കണം.
കണ്ണന്‍ തലയാട്ടുന്നു. അച്ചുവിന്റെ ഭാര്യയോടുള്ള മൌനമായ യാത്ര ചോദിക്കല്‍. കാര്‍ പടി
കടന്ന് നിരത്തിലേക്ക്....
16
രാത്രി. ഉറങ്ങാന്‍ കിടക്കുന്ന നിമ്മിയും കണ്ണനും. രണ്ടുപേരും ഉറങ്ങിയിട്ടില്ല.
കണ്ണന്‍: അമ്മേ, അമ്മൂം, വിഷ്ണൂം എന്താ ആരേം അങ്കിള്‍ന്നും ആന്റീന്നും
വിളിക്ക്യാത്തേ? സിന്ധുവാന്റ്യേ, സിന്ധു ചേച്ചീന്ന് വിളിക്കണംന്നാ മുത്തച്'ന്‍
പറേണേ......
നിമ്മി: സിന്ധുവാന്റി നല്ലോണം പഠിപ്പിക്കുന്നുണ്ടോ?
കണ്ണന്‍: ഊം. ഹോംവര്‍ക്കൊക്കെ ചെയ്യാണ്ട് വിടില്ല.
നിശബ്ദത.
കണ്ണന്‍: അമ്മേ, അച്'ന്‍ ഇന്ന് അവിടെത്ത്യാ എവിട്യാ കിടക്കാ?
നിമ്മി: ജോസങ്കളിള് റൂമ് ശരിയാക്കിവച്ചിട്ടുണ്ട്.
കണ്ണന്‍: അച്'ന്‍ ഇനി എവിട്യാ ജോലിക്ക് പൂവാ?
നിമ്മി: മോന്‍ അമ്പലത്തില്‍ പോവുമ്പോ പ്രാര്‍ത്ഥിക്ക്, അച്'ന് നല്ല ജോലി കിട്ടാന്‍.
കണ്ണന്‍ കണ്ണടച്ച് കിടക്കുന്നു. കണ്ണന്റെ തുടയില്‍ താളം പിടിക്കുന്ന നിമ്മി.
17
വൈകീട്ട് അഞ്ചു മണിസമയം. (നൈറ്റി അല്ലെങ്കില്‍ വീട്ടുവേഷം) പടി കടന്ന് വരുന്ന
നിമ്മി. നടത്തം വേഗത്തിലാണ്. അകലേ നിന്നേ, കണ്ണാ, എടാ എന്ന് വിളിക്കുന്നു.
വേലിയില്‍ നിന്ന് ഒരു ചെറിയ വടി ഒടിക്കുന്നു. കണ്ണന്‍ വിളി കേട്ട് പുറത്തേക്ക്
വരുന്നു.
നിമ്മി: എന്തടാ ഇന്ന് സ്കൂളിലുണ്ടായേ?
കണ്ണന്‍ പകച്ചു നോക്കുന്നു.
നിമ്മി തുടയില്‍ വടി കൊണ്ട് രണ്ടെണ്ണം പൊട്ടിക്കുന്നു. അടി കൊണ്ട് ഉറക്കെ കരയുന്ന
കണ്ണന്‍.
കരച്ചില്‍ കേട്ട് ഓടി വരുന്ന അച്'മ്മ.
അച്'മ്മ: എന്താ? എന്താ? എന്തിനാ നിമ്മ്യേ അതിനെ തല്ല്യേ?
നിമ്മി: ചോദിച്ച് നോക്ക്യോ.... അവന്‍ മുട്ടേന്ന് വിരിഞ്ഞില്ല, സ്കൂളീന്ന് പോയി
അപ്പുറത്തെ വളപ്പിലെ മാവേക്കേറി മാങ്ങ പൊട്ടിച്ചു. കൂട്ടിന് അവനും. വിഷ്ണ്വേ. ഹെഡ്
മാഷിന്റേന്ന് പെടേം വാങ്ങി.. അസത്ത്.. (പിന്നേയും അടിക്കുന്നു. കണ്ണന്റെ കരച്ചില്‍
ഉച്ചത്തിലാവുന്നു. അച്'മ്മ കണ്ണനെ കെട്ടിപിടിക്കുന്നു, അടിയില്‍ നിന്ന്
രക്ഷിക്കാനെന്ന വണ്ണം.)
അച്'മ്മ: എന്റെ മോന്‍ ആരാന്റെ മൊതല് കക്കില്ല. നിമ്മ്യോടീത് ആരാ പറഞ്ഞേ?
അച്'മ്മയെ കെട്ടിപ്പിച്ചുകൊണ്ട് കണ്ണന്‍ കരച്ചിലിനിടെ ഉറക്കെ: അച്'നാ പറഞ്ഞേ
എന്നെ ചേര്‍ക്കാന്‍ കൊണ്ടോയപ്പോ, അച്'ന്‍ ആ മാവേന്ന് മാങ്ങ കട്ടു തിന്നാറുണ്ടെന്ന്.
നിമ്മി: ഇവിടെ ഈ ചെക്കന്‍ പഠിച്ചാ, തല തിരിഞ്ഞു പോവും. സംശയിക്കേണ്ടാ.
കരയുന്ന കണ്ണന്റെ മുഖം.
18
മറ്റൊരവധി ദിവസം. പകല്‍. ചാഞ്ഞു കിടക്കുന്ന ഒരു തെങ്ങിന്മേല്‍ ചാരിനിന്നുകൊണ്ട്
തെങ്ങോലകൊണ്ട് പന്തു നെയ്യുന്ന വിഷ്ണു. അടുത്ത് അത് നോക്കി മറ്റൊരു
പന്തുണ്ടാക്കാനുള്ള ശ്രമത്തില്‍ കണ്ണന്‍. അപ്പോള്‍ അവിടെ ഓടിയെത്തുന്ന അമ്മു.
അമ്മു ചെറിയ കിതപ്പോടെ (പറമ്പിന്റെ ഒരു ഭാഗത്തേക്ക് ചൂണ്ടി): അതേ, അവ്ടെ..
കണ്ണന്‍ (ഇടയ്ക്ക് കയറി): നീ മിണ്ടണ്ട. മാങ്ങ പൊട്ടിച്ചത് അമ്മ്യോട് ചെന്ന്
പറഞ്ഞില്ലേ. ഇനി എന്നോട് മിണ്ടണ്ട.
(അമ്മു മുഖം വീര്‍പ്പിക്കുന്നു)
വിഷ്ണു: ഇവള്‍ ഭയങ്കര ഏഷണിയാ. എന്നും എന്നെ തല്ലുകൊള്ളിപ്പിക്കും അമ്മേടേന്നും അച്'ന്റേന്നും.
നമ്മടേന്ന് മാങ്ങേം വാങ്ങിത്തിന്നട്ടാ പോയി ഏഷണിവച്ചത്. നുണച്ചിപ്പാറു. തടിച്ചി.
(വിഷ്ണു അവളുടെ ചെവിയില്‍ തിരുമ്മുന്നു. കണ്ണന്‍ തലയ്ക്കിട്ട് ഒന്ന് കിഴുക്കുന്നു.)
അമ്മു കരയുന്നു, കരച്ചിലിനിടെ: ഞാമ്പറയില്ല. ഞാനൊരുക്കൂട്ടം പറയാന്‍ വന്നതാ. (വീണ്ടും
കരയുന്നു.)
(അകലെ പശുവിനെ അഴിച്ച് കെട്ടുന്ന മാണിക്യന്‍ ഉറക്കെ): ആരടാ അമ്മുക്കുട്ട്യമ്മെ
തല്ലീത്?
വിഷ്ണു: പോടീ. ഞങ്ങടെ കൂട്ടത്തില്‍ കൂടണ്ടാ.
അമ്മു: (കരച്ചില്‍ നിര്‍ത്തി, ദേഷ്യത്തില്‍) ഞാന്‍ കുരുവീടെ മുട്ട കണ്ടല്ലോ.
പറയില്ല എവ്ട്യാന്ന്. മക്കള് കാണണ്ടാ.
പെട്ടന്ന് വന്ന അമിത താല്‍പര്യത്തോടെ വിഷ്ണു: എവടെ.
(അമ്മു മും വീര്‍പ്പിച്ച് നില്‍ക്കുന്നു) കണ്ണന്‍: എവ്ട്യാ അമ്മൂ... (അമ്മു കുറേ
ദൂരെ മാറി നില്‍ക്കുന്ന ചെറിയ ഒട്ടുമാവിലേക്ക് നോക്കിക്കൊണ്ട്): ഞാന്‍ പറയില്ല.
അങ്ങനെപ്പോ കാണണ്ടാ മക്കള്.
(അമ്മുവിന്റെ നോട്ടം പോയ ഒട്ടുമാവിലേക്ക് പായുന്ന വിഷ്ണു): കണ്ണാ, വാടാ, മനസിലായെടാ...
കണ്ണന്‍ പിന്നാലെ ഓടുന്നു. അമ്മുവും.
19
വളരെ പൊക്കം കുറഞ്ഞ ഒരു ഒട്ടുമാവ്. ഇലകള്‍ക്കിടയില്‍ ഒരു കിളിക്കൂട്. മൂന്നോ നാലോ
മുട്ടകള്‍. അവയിലേക്ക് സാകൂതം നോക്കുന്ന കുട്ടികള്‍. ആ കാഴ്ച എന്തൊക്കെയോ അഹ്ലാദം
ധ്വനിപ്പിക്കുന്ന കണ്ണന്റെ മും. കണ്ണന്‍ കൈ നീട്ടി മുട്ട എടുക്കാന്‍ ശ്രമിക്കുന്നു.
അമ്മു: കണ്ണേട്ടാ, തൊടല്ലേ... തൊട്ടാപിന്നെ കുരുവി ഈ കൂട്ടില്‍ കേറില്ല.
കണ്ണന്‍: നിനക്കല്ലേ, വിവരം, കുരുവി കൂട്ടില്‍ കേറില്ലാന്ന്.
വിഷ്ണു: (ഒരു വിജ്ഞാനിയുടെ ഭാവത്തില്‍): നമ്മള് തൊട്ടാലേ, കുരുവിക്ക് മനുഷന്റെ മണം
കിട്ടും. പിന്നെ അത് ഇവിടെ വരില്ല.
കണ്ണന്‍: അതിന് കുരുവിക്ക് മൂക്കുണ്ടോ?
അമ്മു: മൂക്കില്ല, ന്നാലും നമ്മുടെ മണം അതിന് കിട്ടും.
കണ്ണന്‍: നമുക്കും അങ്ങനെ മണമുണ്ടോ? (സ്വന്തം കൈത്തണ്ട മണക്കുന്നു., മറ്റു രണ്ടുപേരും
അതുപോലെ ചെയ്യുന്നു. മണം പിടിക്കുന്ന കണ്ണന്റെ മുഖം)
20
സ്കൂള്‍വിട്ടുവരുന്ന കണ്ണന്‍. മുറ്റത്ത് വിരിച്ചിട്ടിരുന്ന കൊണ്ടാട്ടം പെറുക്കി
മാറ്റുകയായിരുന്ന നിമ്മി, ഓടിവന്ന് കണ്ണനെ എടുക്കുന്നു. നിമ്മി അതീവസന്തോഷത്തില്‍.
വലുതായിപ്പോയി എന്ന ഭാവം ഉള്ളതുകൊണ്ട് കുതറിയിറങ്ങുന്ന കണ്ണന്‍.
നിമ്മി: അച്'ന് ജോലി കിട്ടീ കണ്ണാ. ഇപ്പോ വിളിച്ചു. ഇനീം വിളിക്കും രാത്രീല്.
മോനിന്ന് നേരത്തെ ഒറങ്ങര്‌ത്ട്ടോ.
പൂമുത്തുനിന്ന് അച്'മ്മ: ഞാമ്പറഞ്ഞില്ലേ നിമ്മീ, ഒരു കലശം നേര്‍ന്നാ മതീന്ന്.
ഇപ്പോ എന്തായി.
നിമ്മി: അമ്മേ, വേഗം തന്നെ ശങ്കരേട്ടനോട് പറയണം. കലശം ഒട്ടും വൈകിക്കണ്ടാ.
(അകത്തേക്ക് കേറിപോകുന്ന കണ്ണനും നിമ്മിയും, അച്'മ്മയും.)
21
അതേ യൂണിഫോമില്‍ ഊണുമേശയിലിരുന്ന് ഉണക്കപുട്ട് (രാവിലത്തെ ബാക്കി) തിന്നുന്ന
കണ്ണന്‍. അച്'മ്മ അവന് ചായ കൊണ്ടുവയ്ക്കുന്നു.
കണ്ണന്‍: എന്തുറ്റാച്'മ്മേ കലശം?
അച്'മ്മ: മോന്‍ സന്ധ്യക്ക് തൊഴാറില്ലേ, കാവില്? അതാരൊക്ക്യാന്നറിയോ?
കണ്ണന്‍: ഇല്ല്യ.
അച്'മ്മ: അതൊക്ക്യേ നമ്മടെ കാര്‍ന്നോന്മാരാ. നടുവില്‍ ഇരിക്കണ വല്ല്യ കല്ലില്ലേ?
അതാ മുത്തമ്മാന്‍. തെക്കേ അറ്റത്തിരിക്കണത് ചെറിയമ്മാന്‍. എല്ലാം നമ്മടെ കാര്‍ന്നോന്മാരാ...
കണ്ണന്‍: എനിക്കവരെ കാണണം.
അച്'മ്മ: ഏയ്, കാണാന്‍ പറ്റില്ല.
കണ്ണന്‍: അവര്‍ക്ക് വെശക്കില്ലേ, അച്'മ്മേ?
അച്ഛമ്മ: വെശ്ക്കും. അതിനാ നമ്മള്‍ കലശം നടത്തണത്. രണ്ടുകോഴീം, കള്ളും ചാരായോം...
കണ്ണന്‍: അവരൊക്കെ എപ്പളും അവ്ടെത്തന്നെ ഉണ്ടാവോ?
അച്'മ്മ: പിന്നില്ലാതെ. അവരാ ഈ പറമ്പിന് കാവല്. അവ്ടെ വെളക്ക് വക്കാന്‍ ഒരു
ദിവസം മൊടങ്ങ്യാണ്ട്ല്ലോ....
കണ്ണന്‍: അപ്പോ നമ്മടെ പെരപണി കഴിഞ്ഞാ നമ്മളൊക്കെ അങ്ങ്ട് മാറില്ലേ, പിന്നാരാ എന്നും
വെളക്ക് വക്ക്യാ?
അച്'മ്മ (വളരെ നേരിയ ഒരു നടുക്കം മുത്ത്): നിന്റെ അച്'നോട് ഞാന്‍ പറയാത്ത
കൊഴപ്പാ? എനിക്കറിയില്ല്യാന്റെ മുത്തമ്മാ, കാര്‍ന്നോന്മാരേ.....
അവിടേക്ക് വന്ന നിമ്മി: അച്ചുവേട്ടന് ഇതൊക്കെ കളിയാണ്. ഇപ്പോ കലശം നടത്താന്‍
പോണൂന്ന് കേട്ടാമതി, എന്നോട് ചാടും.
(അച്ച്യുതന്റെ 'യുക്തിവാദ' നിലപാടുകളോര്‍ത്ത് അല്‍പം ദീനമായ അച്'മ്മയുടെ മും)
22
പകല്‍. പാമ്പുംകാവ്.. ചുറ്റും നോക്കി അവിടേക്ക് നടന്നടുക്കുന്ന അമ്മു. കള്ളത്തരം
ചെയ്യാന്‍ വരുന്നതിന്റെ മുഭാവം. ഒരു മരത്തിനു മറവില്‍ ഒളിച്ചുവച്ചിരിക്കുന്ന
മഞ്ചാടിപാത്രം എടുക്കുന്നു. അത് കണ്ണന്റേതാണ്. അല്‍പം മാറി ഒളിച്ചുവച്ചിരിക്കുന്ന
സ്വന്തം പാട്ടയും അവള്‍ എടുക്കുന്നു. കണ്ണന്റെ പാട്ടയില്‍ നിന്ന് ഒരു കൈകൊണ്ട്
മഞ്ചാടിക്കുരു വാരി അവളുടേതിലേക്ക് മാറ്റുന്നു. ചുറ്റും നോക്കി പരിഭ്രമത്തോടെ.....
പെട്ടന്ന് കേള്‍ക്കുന്ന ഒരലര്‍ച്ച; വിഷ്ണുവിന്റെ: കണ്ണാ, ഓടി വാടാ. പെരുങ്കള്ളിയെ
പിടിച്ചെടാ.... ഓടിവാടാ....
(ഒച്ചകേട്ട് ഞെട്ടിത്തരിച്ചുപോകുന്ന അമ്മു, എന്തുചെയ്യണമെന്നറിയാതെ വിവശയാകുന്നു.)
ഓടി വന്ന കണ്ണന്‍: എടീ, പെരുങ്കള്ളീ...ണീയാണിത് എന്നും എടുക്കുന്നതല്ലേടി.
വിഷ്ണു: മഞ്ചാടിക്കള്ളീ...മഞ്ചാടീക്കള്ളീ....
പാത്രം താഴെയിട്ട് ഉറക്കെ കരയുന്ന അമ്മു. തിരിഞ്ഞ് വീട്ടിലേക്ക് നടക്കുന്നു.
പുറകെ വിഷ്ണു,കണ്ണന്മാരുടെ കോറസ്സ്: മഞ്ചാടിക്കള്ളി വരുന്നേ....മഞ്ചാടിക്കള്ളി
വരുന്നേ...
പടിക്കലേക്ക് അപമാനത്താല്‍ കരഞ്ഞുകൊണ്ടുപോകുന്ന അമ്മുവിന്റെ പുറകേ തന്നെ അവര്‍:
മഞ്ചാടികട്ട കള്ളി വരുന്നേ.....മഞ്ചാടികട്ട കള്ളി വരുന്നേ.....
പുറത്തുനിന്ന് പടികയറി വരുന്ന മുത്തച്'നോട് അമ്മു കരഞ്ഞുകൊണ്ട്:
കള്ളീന്ന് വിളിക്കുന്നു....(മുത്തച്'ന്‍ ഉടനടി നടപടി എടുക്കേണ്ടതിലേക്കായി അവള്‍
കരച്ചില്‍ കൂടുതല്‍ ഉറക്കെയാക്കി)
രണ്ടുകൈ കൊണ്ട് കണ്ണന്റെയും വിഷ്ണുവിന്റെയും കൈമുട്ടിനു മുകളില്‍ ഷര്‍ട്ടുനുള്ളില്‍
കൈകയറ്റി പിച്ചുന്നു. പിച്ചലിന്റെ രൂക്ഷത രണ്ടുപേരുടേയും മുത്ത്.
മുത്തച്'ന്‍: ഇനി അവളെ കരയിപ്പിക്കരുത് കേട്ട്രാ...
വീട്ടീലേക്ക് നടന്നുപോകുന്ന മുത്തച്'ന്‍. പിച്ചിയതിന്റെ വേദനയില്‍ മും കോടിച്ച്
കൈ തിരുമ്മി അമ്മുവിനെ നോക്കുന്ന വിഷ്ണുവും കണ്ണനും. മും നിറയെ കണ്ണീരെങ്കിലും
വെളുക്കെ വിജയിയുടെ ചിരിയുമായി നില്‍ക്കുന്ന അമ്മുവിന്റെ മും.
23
നാളുകള്‍ക്ക് ശേഷമുള്ള മറ്റൊരു പ്രഭാതം.
രാവിലെ സ്കൂളില്‍ പോകുന്ന കണ്ണനെ ഒരുക്കുന്ന നിമ്മി. പതിവില്ലാതെ കണ്ണ്
നിറഞ്ഞിട്ടാണ് മുടി ചീകികൊടുക്കുന്നതും മറ്റും.
കണ്ണന്‍: അമ്മെന്തിനാ കരയണേ. ഞാന്‍ കുറുമ്പു കാട്ടില്ലാന്ന് എന്തോരം പറഞ്ഞു.
മാങ്ങപൊട്ടിക്കില്ല. അമ്മൂനെ തല്ലൊോളിയ. ഒക്കെ ഞാനിന്നലെ സമ്മതിച്ചതല്ലേ?
നിമ്മി: മോനെ വേഗം കൊണ്ടൂവാംട്ടോ. അമ്മ എന്നും വിളിക്ക്യാംട്ടോ. ഒറ്റക്ക് നിക്കാന്‍
മോന് പേടീല്ല്യലോ?
കണ്ണന്‍: ഒറ്റക്കോ, ഇവ്ടെ എല്ലാരും ഇല്ല്യേ. അച്'മ്മേം മുത്തച്'നും വിഷ്ണൂം, അമ്മൂം,
മാണിക്യനും. അബുദാബീലല്ലേ ആരും ഇല്ല്യാത്തേ.
നിമ്മി: (കണ്ണന്റെ കവിളില്‍ ഉമ്മ വച്ചിട്ട്) സിന്ധുവാന്റീടടുത്ത് മൊടങ്ങാണ്ട്
പോണം ട്യൂഷ്യന്. മോന്‍ വൈന്നേരം വരുമ്പളക്ക്യും അമ്മ പോവുംട്ടോ.
അച്ഛമ്മ കണ്ണന്റെ ചോറ്റുപാത്രം ബാഗില്‍ വച്ച് ബാഗ് കണ്ണന്റെ
തോളിലേക്കിട്ടുകൊടുക്കുന്നു.
കണ്ണന്‍: (നിമ്മിയെ കവിളില്‍ ഉമ്മ വച്ച്). ഞാന്‍ പഠിച്ചോളാം. റസിയാന്റ്യോട് ഫോണ്‍
വിളിക്കാന്‍ പറയണം.
കൈയ്യില്‍ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ഒരു അഞ്ചിന്റെ നോട്ടെടുത്ത് കണ്ണന്
കൊടുത്തിട്ട്: മോന്ന്നാള് ലൂബിയ്ക്ക ഉപ്പിലിട്ടത് വാങ്ങണമ്ന്ന് പറഞ്ഞില്ലേ?
വാങ്ങിക്കോളൂട്ടോ.
കണ്ണന്‍ മുറ്റത്തേക്കിറങ്ങുന്നു. അടക്കാനാവാത്ത തേങ്ങലോടെ നോക്കി നില്‍ക്കുന്ന
നിമ്മി.
പുറകില്‍ വന്ന് അച്ഛമ്മ: ഒന്ന് കരയാണ്ടിരിക്ക് നിമ്മീ. നിന്റെ കരച്ചില്‍ കേട്ട്
അവനും സങ്കടപ്പെട്ടാ പോണത്.
(കരയുന്ന നിമ്മിയുടെ മുഖം.)
24
നാളുകള്‍ക്ക് ശേഷം മറ്റൊരു പ്രഭാതം
ഒരു കൈകൊണ്ട് പുറകിലെന്തോ ഒളിപ്പിച്ച് പിടിച്ച് പടി കടന്ന് മുറ്റത്തേക്കെത്തിയ
മാണിക്യന്‍.
മാണിക്യന്‍: കണ്ണങ്കുഞ്ഞേ (ഉച്ചത്തില്‍).....പൂയ്, കണ്ണന്‍ മുതലാളീ....
ഓടി പുറത്ത് വരുന്ന കണ്ണന്‍
മാണിക്യന്‍: ഒരു സാധനം കൊണ്ടുവന്നിട്ടുണ്ടല്ലോ.
കണ്ണന്‍: എവ്ടെ?, സാധനം.
മാണിക്യന്‍ നാടകീയമായി പുറകില്‍ നിന്ന് ഒരു കൊച്ച് കൈക്കോട്ട് (തൂമ്പ) ശരിയായി
കണ്ണനുപയോഗിക്കാന്‍ പറ്റുന്നത്ര ചെറുത് എടുത്ത് കാണിക്കുന്നു.
കണ്ണന്‍: (വലിയ സന്തോഷത്തില്‍ നിലത്തുനിന്ന് തുള്ളിച്ചാടി അതു വാങ്ങുന്നു)
മുറ്റത്ത് അതുകൊണ്ട് കിളയ്ക്കുന്നു.
അതുകണ്ട് വന്ന വിലാസിനി:: കണ്ണാ മുറ്റം കൊത്തിപ്പൊളിക്കല്ലേ, മുത്തച്'ന്‍ എന്നെ
ചീത്ത പറയും.
കണ്ണന്‍, മാണിക്യനോട്: എനിക്ക് വാഴ നട്ടുതരാമെന്ന് പറഞ്ഞില്ലേ? ഇപ്പോ വേണം.
കണ്ണനുണ്ടാക്കിയ കുഴികള്‍ കാലുകൊണ്ട് മൂടുന്ന വിലാസിനി.
25
പകല്‍. ഒരു കര്‍ഷകന്റെ ഭാവത്തില്‍, ഒരു പഴയ തോര്‍ത്ത് ട്രൌസറിന് മീതെ ചുറ്റിയ
കണ്ണനും, മാണിക്യനും. തയാറായ ഒരു വാഴക്കുഴിയില്‍ കണ്ണന്‍ ഏത്തവാഴക്കന്ന് ഇറക്കി
വയ്ക്കുന്നു. കൈകൊണ്ട് മണ്ണിട്ട് അത് ഉറപ്പിക്കുന്നു.
മാണിക്യന്‍: അബുദാബിലൊക്കെ വാഴേണ്ടോ കണ്ണാ?
കണ്ണന്‍: ഏയ്, അവ്ടെ പന മാത്രംണ്ട്. പക്ഷേ ഞാന്‍ വാഴൊക്കെ കണ്ടട്ട്ണ്ട്ട്ടാ.
ജോസങ്കിളിന്റെ കല്ല്യാണ കാസറ്റില് അങ്കിളും ആന്റീം വാഴക്കെടേക്കോടെ നടക്കണ
കണ്ടട്ട്ണ്ട്.
മാണിക്യന്‍: ഇനി ഇതിന് എന്നും ഒരു കുടം വെള്ളം കൊണ്ട് ഒഴിക്കണം. മറ്റാരും ഇതില്
തൊടാന്‍ സമ്മതിക്കരുത്. (ചുറ്റും നോക്കിയിട്ട്) ആ വിലാസിനിയെ കൊണ്ട് എന്നും ഒരു
കുടം വെള്ളം ഇവിടെ വരുത്തിക്കണം. കണ്ണങ്കുട്ടി തന്നെ ഒഴിച്ചാമതി. വിലാസിനി കുത്തി
ഒഴിച്ച് കന്നിനെ പുറത്തുചാടിക്കും. പുതിയ ഇല വന്നോന്ന് കാലത്തന്നെ വന്ന് നോക്കണം.
പൈക്കള്‍ ഇല കടിക്കാതെ നോക്കണം.
കണ്ണന്‍: ഇതില് എന്നാ പഴം ഉണ്ടാവാ?
മാണിക്യന്‍: അത് വലുതായി വലുതായി നമ്മളേക്കാള്‍ പൊക്കം വയ്ക്കണം.
പക്ഷേ, കൂമ്പെടഞ്ഞാണ്ടല്ലോ. ഒക്കെപ്പോയി.
കണ്ണന്‍: കൂമ്പെടയേ? അതെന്തുറ്റാ?
മാണിക്യന്‍: ചെലപ്പോ, അതിന്റെ കൂമ്പ് കളറ് മാറി വരും. എന്നാപിന്നെ പോയിക്കാര്യം.
വെട്ടിക്കളയന്നെ.
കണ്ണന്‍: അശ്ശോ! എന്നും വെള്ളൊഴിച്ചാ കൂമ്പെടയില്ലാല്ലോ?
മാണിക്യന്‍: നമുക്ക് നോക്കാം. അവന്‍ വലുതാവട്ടെ. നമുക്കിവന്റെ കൊല വെട്ടി
ലോനാപ്ലേടെ കാളവണ്ടീല് വച്ച് ചന്തയ്ക്ക് കൊണ്ടോണം. ചന്തേല്‍ട്ട് വിറ്റാ പിന്നെ
ഈ കണ്ണന്‍ കണ്ണന്ന്ന് പറഞ്ഞാ ആരാപ്പാ? മൊതലാള്യായില്ലേ മൊതലാളി. (മാണിക്യന്‍
തലേക്കെട്ടഴിച്ച് മും തുടയ്ക്കുന്നു. അതനുകരിച്ച് കണ്ണനും ഉടുത്തിരുന്ന തോര്‍ത്തഴിച്ച്
മുഖം തുടയ്ക്കുന്നു. വലിയ കര്‍ഷകനായ ഭാവം മുത്ത്)
26
പടിക്കല്‍ നിന്ന് കാണുന്ന വീടിന്റെ ഫുള്‍വ്യൂ. സ്കൂള്‍ ബാഗുമായി പടികടന്ന്
വീട്ടിലേക്ക് ഓടിവരുന്ന കണ്ണന്‍. സ്കൂള്‍ വിട്ട് വരുന്ന കണ്ണന്‍. മുറ്റത്ത്
കാണുന്ന അല്‍പം പഴകിയ പൂത്തറയില്‍ നിന്ന് ഓണം കഴിഞ്ഞു എന്ന് മനസിലാകണം. പടിക്കല്‍
നിന്നേ അച്'മ്മേ, മുത്തച്'ാ....എന്ന് ആര്‍ത്തുവിളിച്ചാണ് വരവ്.
ബദ്ധപ്പെട്ട് പുറത്തേക്കിറങ്ങുന്ന അച്'മ്മ. ചാരുകസേലയില്‍ കിടന്ന് തിണ്ണയില്‍
വച്ച ചെറിയ ഉരലില്‍ മുറുക്കാന്‍ ഇടിച്ചുതുടങ്ങുന്ന മുത്തച്'ന്‍.
അച്ഛമ്മ: എന്താ, കണ്ണാ, ഇത്രസന്തോഷം?
കണ്ണന്‍: (വലിയ അഹ്ലാദം, കിതപ്പ്) പ്രോഗ്രസ്സ് കാര്‍ഡ് കിട്ടി. എനിക്ക് ഫസ്റ്റ്.
(ബദ്ധപ്പെട്ട് ഒരു പുസ്തകത്തിന്റെ ഉള്ളില്‍ നിന്നും പ്രോഗ്രസ്സ് കാര്‍ഡ്
ശ്രദ്ധയോടെ എടുക്കുന്നു.) മുത്തച്'ന്റെ സിഗ്നേച്ച്വര്‍ വേണം.
അച്ഛമ്മ: അതെന്ത് സാധനമാ?
കണ്ണന്‍: അച്'മ്മേ, കയ്യില്‍ കരി വച്ച് അത് തൊടരുത്.
മുത്തച്ഛന്‍: കണ്ണാ, നിന്റെ അച്'മ്മ്ണ്ടലോ, രണ്ടാം ക്ലാസില്‍ എഴുത്താശ്ശാനെ
കൊഞ്ഞനം കുത്തി എണിറ്റോടിയതാ. ഹ ഹ ഹ ഹ.
കണ്ണന്‍: (മുത്തച്'നെ അനുകരിച്ച്) ഹ ഹ ഹ ഹ
അച്ഛമ്മ: (ചിരിച്ചുകൊണ്ട്): എന്നിട്ടും എന്തിനാ അച്'മ്മേ കല്യാണം കഴിച്ചേന്ന്
ചോദിക്ക് കണ്ണാ.
(ഇതിനിടയില്‍ കണ്ണട ഫിറ്റ് ചെയ്ത് മുത്തച്'ന്‍ പ്രോഗ്രസ്സ്കാര്‍ഡ് സശ്രദ്ധം
പരിശോധിക്കുന്നു.) മുത്തച്'ന്‍ ഇടിക്കാനുള്ള ഉരലിലിട്ട് വച്ചിരുന്ന മുറുക്കാന്‍
ഇടിക്കുന്ന കണ്ണന്‍. ചതഞ്ഞ് അരയുന്ന മുറുക്കാന്‍)
27
പൂമുഖം. സന്ധ്യാസമയം. കൂട്ടിയിട്ടിരിക്കുന്ന പച്ച പയര്‍ നന്നാക്കിയിരിക്കുന്ന അച്'മ്മ.
അടുത്ത് തിണ്ണയില്‍ കണ്ണന്‍, വിഷ്ണു, മുത്തച്'ന്‍ പതിവു ചാരുകസേരയില്‍. അമ്മു അച്'മ്മയുടെ
അടുത്തിരുന്ന് പയര്‍ നന്നാക്കുന്നു.
അച്'മ്മ: അമ്മേടേം അച്'ന്റേം കൂടെ പോവാര്‍ന്നില്ലേ വിഷ്ണൂ.
വിഷ്ണു: പോവാണ്ടാ? കൊണ്ടോവാണ്ടല്ലേ.
കണ്ണന്‍: ഞാന്‍ ആദ്യായ്ട്ടാ കല്യാണം കാണാന്‍ പോണത്. നാളെ.
അമ്മു: അയ്യേ! അബുദാബീല് കല്യാണംണ്ടാവില്ലേ?
കണ്ണന്‍: കല്യാണംണ്ടാവും. കാസറ്റില്. റസീയാന്റീടെ കല്യാണം കണ്ടട്ട്ണ്ട്.
(കണ്ണട വച്ച്, കണ്ണിന്റെ അടുത്തേക്ക് കൊണ്ടുപോയി എന്തോ പഴയ ആധാരം ശ്രദ്ധിക്കുന്ന
മുത്തച്'ന്‍)
അമ്മു: അവടെ ആരാ കണ്ണേട്ടന് കളിക്കാന്‍ കൂട്ട്?, അബുദാബീല്?
കണ്ണന്‍: കളിക്കാനോ? ഞങ്ങടെ ഫ്ലേറ്റെന്ന് പൊറത്തെറങ്ങാന്‍ അമ്മ സമ്മതിക്കേണ്ടേ? (അല്‍പം
ആലോചിച്ച്, മുത്ത് ചെറിയ ഉത്സാഹത്തോടെ) കളിക്കാന്‍ പിന്നെ റസിയാന്റീ വരും. ചെസ്
കളിച്ചാല്‍ റസിയാന്റി തോറ്റ് തൊപ്പിയിടും. കാരംസ് എപ്പളും ഞാന്‍ തോല്‍ക്കും. (അല്‍പം
കഴിഞ്ഞ്) ഒരൂസം അമ്മ ജോലി കഴിഞ്ഞ് വന്നപ്പോ ഞാനും ആന്റീം കാരംസ് കളിക്കാര്‍ന്നുട്ടോ.
അങ്കിള് കെടന്നൊറങ്ങാര്‍ന്നു. ഉറങ്ങണോരെ ശല്യപ്പെട്ത്തോടാന്നും പറഞ്ഞ് അമ്മ എന്നെ
തല്ലിക്കൊന്നു. ഇനി അങ്കിളിന്റേം ആന്റീടേം റൂമ്യേ കേറ്യാ കൊല്ലുംന്നും പറഞ്ഞു.
വിഷ്ണു: റസിയാന്റ്യെന്തിനാ നിങ്ങടെ വീട്ടീല് താമസിക്കണേ?
കണ്ണന്‍: പൊട്ടാ, അത് അങ്കിളിന്റെ ഫ്ലാറ്റാ. ഞങ്ങളേ ഷെയറിംഗ് അക്കോമഡേഷനാ.
അമ്മുവും വിഷ്ണുവും അച്'മ്മയും എന്തോ മനസിലാവാത്തതുപോലെ പരസ്പരം നോക്കുന്നു.
(ഷെയറിംഗ് അക്കോമഡേഷന്റെ അര്‍ത്ഥമറിയുന്ന ഏകജീവിയായ മുത്തച്'ന്‍ കണ്ണനെ സാകൂതം
നോക്കുന്നു.)
മുത്തച്'ന്‍: അപ്പോ അടുക്കള എത്രണ്ണംണ്ട് കണ്ണാ.
കണ്ണന്‍: അയ്യോ, മുത്തച്'ാ അടുക്കള ഒന്ന്. പക്ഷേ രണ്ട് ഫ്രിഡ്ജും, രണ്ട്
ഗ്യാസടുപ്പുംണ്ട്.
അച്'മ്മ: കണ്ണന്‍ ഇവ്ടത്തെപ്പോലെ എന്താ സ്കൂളില് കൊണ്ടുവാ? ചോറോ?
കണ്ണന്‍: അയ്യോ, ഈ അച്'മ്മേടെ ഒരു കാര്യം. (അല്‍പം മുന്നോട്ടാഞ്ഞ്) അതേ ഇവടത്തെ
മാതിര്യേ നാലുമണി വര്യൊന്നും അല്ല അവടെ. രണ്ടുമണിക്ക് സ്കൂള് വിടും.
അച്'മ്മ: അപ്പോ കണ്ണന്‍ എന്നും രണ്ടുമണി കഴിഞ്ഞാ ഊണ് കഴിക്ക്യാ? ശിവ ശിവ! ആരാ
വെളമ്പിത്തരാ? അച്'നുമ്മ്യേം വൈന്നേരല്ലേ വരോള്ളൂ?
കണ്ണന്‍: അച്'മ്മേ, ഞാന്‍ തന്നെ കൂട്ടാന്‍ ചൂടാക്കും. ഫ്രൈ പാന്‌ല്‍ട്ട്.
റസിയാന്റി എപ്പളും ഒറക്കായിരിക്കും. അങ്ക്‌ള് പറയണതേ, റസിയാന്റീടെ ഹോബി ഒറക്കാന്നാ.
ഒറക്കല്ലെങ്കീ റസിയാന്റി വെളമ്പിത്തരുംട്ടാ.
അമ്മു: എന്തിനാ കൂട്ടാന്‍ ചൂടാക്കണേ?
കണ്ണന്‍: ഈ അമ്മുവിന്റെ ഒരു കാര്യം. അവടേ ഇവ്ടത്തെപ്പോലെ എന്നും കൂട്ടാന്‍
വയ്ക്കില്ല. മൂന്നുദിവസത്തക്കുള്ള കൂട്ടാന്‍ ഇന്നുണ്ടാക്കും അമ്മ. എന്നട്ടത്ട്ത്ത്
ഫ്രിഡ്ജില് വെക്കും. അമ്മക്ക് എന്നും ചിക്കന്‍ മാത്രം വക്കാനേ അറിയൂ. എനിക്കും അച്'നും
ദേഷ്യം വരും, ചിക്കന്‍ തിന്ന് തിന്ന്.
വിഷ്ണു: ചിക്കന്‍ തിന്നട്ട് ദേഷ്യം വരേ? ഞങ്ങടോടെ ശങ്കരാന്ത്യാവണം ചിക്കന്‍
ഉണ്ടാവാന്‍.
അമ്മു: അല്ലെങ്കീ ഇവടെ കലശം ഉണ്ടാവണം.
കണ്ണന്‍: ഇവര്‍ക്ക് വിവരല്ല്യ മുത്തച്'ാ. ലോകത്തെ ഏറ്റവും സ്വാദില്ലാത്തതാ
ചിക്കന്‍.
അമ്മു: പിന്നെ കണ്ണേട്ടനല്ലേ വിവരം, ലോകത്തെ ഏറ്റവും സ്വാദുള്ളത് പിന്നേതാ, ഒന്നു
പറ.
കണ്ണന്‍: (അച്'മ്മയുടെ അടുത്തിരുന്ന് നെഞ്ചിലേക്ക് ചാരി):
എന്റച്'മ്മ ഇണ്ടാക്കിത്തരണ വഴുതനങ്ങ ചുട്ട ചമ്മന്തി.
(കണ്ണനെ തന്നെ സാകൂതം നോക്കിയിരുന്നിരുന്ന മുത്തച്'ന്‍ ചിന്താ ഭാരത്തോടെ കണ്ണട
വീണ്ടും മുത്ത് വച്ച് ആധാരപരിശോധന തുടരുന്നു. -പാവം കണ്ണന്റെ കുട്ടിക്കാലത്തിന്
നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ മുത്തച്'ന്റെ നെടുവീര്‍പ്പില്‍ നിന്ന് മനസിലാകണം.)
28
രാവിലെ എഴുന്നേറ്റ് നേരെ തന്റെ വാഴയുടെ അടുത്തേക്ക് പോകുന്ന കണ്ണന്‍. ബ്രഷു കൊണ്ട്
പല്ലുതേച്ചാണ് നടപ്പ്. ബ്രഷ് വായില്‍ വച്ച് ഏകദേശം തന്റെ പൊക്കമായ വാഴയുടെ
കൂമ്പ് കൈകൊണ്ട് തൊട്ട് പരിശോധിക്കുന്നു. ഒരു കുടം വെള്ളവുമായി വരുന്ന വിലാസിനി..
കണ്ണന്‍ വാഴയുടെ കടക്കലേക്ക് പേസ്റ്റ് തുപ്പിക്കളഞ്ഞ് വായും മുവും തടത്തിലേക്ക്
കഴുകുന്നു. ബാക്കിവന്ന വെള്ളം ശ്രദ്ധയോടെ തടത്തിലൊഴിച്ച് കുടവുമെടുത്ത്
വീട്ടിലേക്ക് മടങ്ങുന്നു.
29
പടിക്കല്‍ നില്‍ക്കുന്ന കണ്ണന്‍, വിഷ്ണു, അമ്മു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ
ജാഥ. താല്‍പര്യത്തോടെ നോക്കിനില്‍ക്കുന്ന കണ്ണന്‍.
30
സ്കൂള്‍ വിട്ട് പടികടന്ന് വരുന്ന കണ്ണന്‍. ഓടി കിതച്ചാണ് വരുന്നത്.
കണ്ണന്‍: (ഉറക്കേ) അച്'മ്മേ....സ്കൂള് പൂട്ടി..... ഹ ഹ ഹ.
(അപ്പോഴേക്കും ഡ്രസ്സ് മാറി ഓടിയെത്തികഴിഞ്ഞു വിഷ്ണു. കയ്യില്‍ ഒരു
വെട്ടുകത്തിയുമുണ്ട്. അതു കണ്ട് ഷര്‍ട്ടൂരിയെറിഞ്ഞ് വിഷ്ണുവിന്റെ കൂടെ പറമ്പിന്റെ
അതിര്‍ത്തിയിലേക്ക് വേഗത്തില്‍ നടക്കുന്ന കണ്ണന്‍. -എന്തോ മുന്‍കൂട്ടി തയ്യാര്‍
ചെയ്ത പ്രവര്‍ത്തി നടത്താന്‍ പോകുന്ന പോക്കാണ്)
പുറകില്‍ അച്'മ്മയുടെ ശബ്ദം: കണ്ണാ, വന്ന് ചായ കുടിച്ചിട്ട് പോ. (ആത്മഗതം)
ചെക്കന്‍ ക്ഷീണിച്ചുപോയാ ഞാനെന്തു പറയും അതിന്റെ തന്ത്യോടും തള്ള്യോടും.....
31
വിഷണ്ണനായി പറമ്പില്‍ ഒരുതെങ്ങും ചാരി തന്റെ വാഴയെ നോക്കുന്ന കണ്ണന്‍. കണ്ണനെ
അന്വേഷിച്ച് അവിടെ ഓടി എത്തുന്ന വിഷ്ണുവും അമ്മുവും.
അമ്മു: കണ്ണേട്ടന്‍ പൂവ്വാ, അബുദാബിക്ക്?
വിഷ്ണു: അമ്മ പറഞ്ഞു. കണ്ണന്‍ അങ്ങട് പൂവാന്ന്.
കണ്ണന്‍: ഞാന്‍ ഒരു തേങ്ങയിലും പൂവില്ല. നോക്കിക്കോ.
അമ്മു: അമ്മ പറഞ്ഞു, കണ്ണേട്ടന്‍ ഏഴാം ക്ലാസില് അവടെത്തന്ന്യാ ചേരാന്ന്. പണ്ടു
പഠിച്ച സ്കൂളില് തന്നെ.
കണ്ണന്‍: നിന്റമ്മ്യാ തീരുമാനിക്കണേ, ഞാനെവിട്യാ പൂവാന്ന്? (പെട്ടന്ന് വാഴയുടെ
കൂമ്പിലേക്ക് നോക്കുന്നു. അതിനൊരു വിളറിച്ചയുണ്ട്. അതിനെ തൊട്ട്
പരിശോധിച്ചുകൊണ്ട്) ഇതിന്റെ കളറെന്താ മാറിപ്പോയേ? കൂമ്പടഞ്ഞതാവ്യോ?
വിഷ്ണു: മാണിക്യനെ വിളിച്ച് കാട്ടിക്കൊടുക്ക്.
32
ഗഹനമായി വാഴയുടെ കൂമ്പ് പരിശോധിക്കുന്ന മാണിക്യന്‍. ആകാംക്ഷയോടെ മാണിക്യന്റെ
അഭിപ്രായമറിയാന്‍ കണ്ണന്‍.
മാണിക്യന്‍: ലക്ഷണമത്ര ശരിയിയല്ല കണ്ണങ്കുട്ട്യേ. അടുത്ത കൂമ്പ് പൊന്തട്ടെ.
ശരിയല്ലെങ്കില്‍ നമുക്കിവനെ വെട്ടിക്കളയണം.
ദു:ഖിതനായ കണ്ണന്റെ മുഖം ക്ലോസപ്പില്‍.
33
കുറേ നേരമായി നിര്‍ത്താതെ അടിക്കുന്ന ഫോണ്‍.
അച്'മ്മ: പോയി ഫോണെടുക്ക് മോനേ... അമ്മയാ...
കണ്ണന്‍: ഞാനെവിടേക്കും പോവില്ല. എനിക്ക് അമ്മേടെ വര്‍ത്താനോം കേക്കണ്ട.
ഫോണടി നിലയ്ക്കുന്നു.
അച്'മ്മ: കണ്ണാ, അനുസരണക്കേട് കാട്ടല്ലേ. അച്'ന്റേം അമ്മേടേം അടുത്തക്കല്ലേ
പോണ്ടത്. അവ്ടെ പഴയ കൂട്ടുകാരൊക്കെ ഇല്ല്യേ.
കണ്ണന്‍: കൂട്ടുകാരോ? അവട്യോ? (അപ്പോഴേക്കും ഫോണ്‍ വീണ്ടും അടി തുടങ്ങുന്നു.)
പൂമുത്തുനിന്ന് മുത്തച്'ന്റെ ഉറക്കെയുള്ള ശബ്ദം: ഇവിടാരുംല്ല്യേ.... പടിക്കേന്നേ
കേക്കണതാ അതിന്റെ മണിയടി.
കണ്ണന്‍: (തിടുക്കത്തില്‍ ചെന്ന് ഫോണെടുക്കുന്നു) ഹലോ
(മറുതലക്കല്‍ നിമ്മിയുടെ സംസാരം)
നിമ്മി: കണ്ണാ, നീ എവിടെയാ തെണ്ടാന്‍ നടക്കുന്നേ. എപ്പോ വിളിച്ചാലും നിന്നെ
കിട്ടില്ലല്ലോ.
കണ്ണന്‍: ഞാന്‍ മിറ്റത്തായിരുന്നു.
നിമ്മി: എല്ലാം മുത്തച്'നോട് പറഞ്ഞിട്ടുണ്ട്. ജോസങ്കിള്‍ ഈ മാസം അവസാനം വരും.
നിന്റെ വിസേം കൊണ്ട്.
കണ്ണന്‍: (പെട്ടന്ന് കണ്ണുനിറഞ്ഞ്) അമ്മേ. ഞാന്‌വ്ടെത്തന്നെ നിന്നോളാമ്മേ. എനിക്ക്
ഫസ്റ്റ് കിട്ടില്ല്യേമ്മേ. അവടെ എനിക്ക് ബി ഗ്രേഡല്ലേ.
നിമ്മി: തോന്ന്യാസം പറയണ്ട. ഞാന്‍ പറയണ കേട്ടാമതി.
കണ്ണന്‍ ഫോണ്‍ ഒന്നും പറയാതെ താഴെ വയ്ക്കുന്നു.
ഫോണില്‍ നിന്നുള്ള നിമ്മിയുടെ വിളി: കണ്ണാ...ഃഅലോ..ഃഅലോ....
34
(നിറഞ്ഞ കണ്ണോടെ പൂമുത്ത് മുത്തച്'ന്റെ അടുത്തേക്ക് വരുന്ന കണ്ണന്‍.)
കണ്ണന്‍: മുത്തച്'ാ, അച്'നോട് പറയണം ഞാന്‍ ഇവ്ടെത്തന്നെ നിന്ന് പഠിച്ചോളാംന്ന്.
ഞാന്‍ നല്ലോണം പഠിക്കണില്ലേ മുത്തച്'ാ...
(അച്ഛമ്മയും പൂമുത്തെത്തുന്നു).
മുത്തച്ഛന്‍: കണ്ണാ, മോന്‍ നല്ല കുട്ട്യല്ലേ. നല്ല കുട്ട്യോളേ, അച്'ന്‍ പറേണത്
അനുസരിക്കണം.
കണ്ണന്‍: (ഇടയ്ക്ക് കയറി) അച്'ന്‍ മുത്തച്'ന്റെ മോനല്ലേ. അപ്പോ മുത്തച്'ന്‍
പറഞ്ഞാ അച്'ന്‍ കേക്കണ്ടേ?
മുത്തച്ഛന്‍: (പെട്ടന്ന് ഒരു ന്യായം കണ്ടെത്താനാവാതെ ചമ്മുന്ന മും)
(ഇതിനിടയില്‍ മുത്തച്'ന്റെ മുറുക്കാന്‍പാത്രത്തിനടുത്തിരിക്കുന്ന കിണ്ടിയില്‍
മുറ്റത്തുകൂടെ വന്ന് വെള്ളം നിറച്ച് തിരിച്ച് പോകുന്ന വിലാസിനി)
അച്ഛമ്മ: നിങ്ങളവന്‍ വിളിക്കുമ്പോ ഒന്ന് പറ മനുഷ്യനേ. (കണ്ണന്റെ തലയില്‍ തലോടി)
ന്റെ മോനെ ഞാന്‍ നോക്കിക്കൊള്ളാം.
മുത്തച്ഛന്‍: തള്ളേ, എല്ലാ മനുഷ്യര്‍ക്കും മക്കളെ കണ്ടോണ്ടിരിക്കണമെന്നാണ്ടാവാ. നീ
ഈ പടിക്കപ്പുറം ലോകം കണ്ടിട്ടുണ്ടോ കഴുത. ഹ ഹ ഹ ഹ (സാധാരണ അതിനെ അനുകരിച്ച് അച്ഛമ്മയെ
കളിയാക്കാറുള്ള കണ്ണനെ നോക്കി മുത്തച്'ന്‍ പെട്ടന്ന് ചിരി നിറുത്തുന്നു.) ഞാന്‍
പറഞ്ഞു നോക്കാം കണ്ണാ. അച്'ന്‍ വിളിക്കട്ടെ.
കണ്ണന്‍ കണ്ണു തുടക്കുന്നു. മുത്ത് ആശ്വാസഭാവവും ചെറിയ പുഞ്ചിരിയും.
34a
അവിടെ നിന്ന് മുറ്റത്തേക്കിറങ്ങിയ കണ്ണനെ പൂമുത്ത് നിന്ന് നോക്കിയാല്‍ കാണാന്‍
സാധിക്കാത്ത വിധത്തില്‍ നില്‍ക്കുന്ന വിലാസിനി ശൂ...ശൂ... എന്ന് വിളിക്കുന്നു.
ചോദ്യഭാവത്തില്‍ വിലാസിനിയുടെ അടുത്തെത്തുന്ന കണ്ണന്‍.
വിലാസിനി: (ഒച്ച കുറച്ച്, കാവിലേക്ക് ചൂണ്ടി) അവടെ പോയി കാര്‍ന്നോന്മാര്‍ക്ക്
നൂറ് എണ്ണനേര്‍ന്നാമതി കണ്ണാ. എന്നെ എവ്ടേം വിടാന്‍ സമ്മതിക്കരുതെന്ന് പറഞ്ഞാമതി.
പതുക്കെ പറഞ്ഞാമതി.
കണ്ണന്‍: (ഒച്ച കുറച്ച്) കാര്‍ന്നോന്മാര്‍ക്ക് എന്തിനാ എണ്ണ?
വിലാസിനി: (തലയില്‍ കൈ വച്ച്, കുനിഞ്ഞ് കണ്ണന്റെ ഏകദേശം ചെവിയിലായി) ശ്ശോ. കഴിഞ്ഞ
കൊല്ലേ എന്റെ (കഴുത്തിലെ മാല പൊക്കി കാട്ടിക്കൊടുത്ത്) ഈ മാല കാണാണ്ടായി. എവെടൊക്കെ
നോക്കിന്നറിയോ? അവസാനം കാവില് പോയി നൂറ് എണ്ണ്യാ നേര്‍ന്നു. പോയി നോക്കീപ്പോണ്ട്
കണ്ണാ, ദേ കെടക്കണു. കൊളത്തിന്റെ പടവില്. അപ്പോ ഓടിപ്പോയി. കൊച്ചപ്പന്റെ പീട്യേന്ന്,
നൂറെണ്ണ.
കണ്ണന്‍: (താല്‍പര്യത്തോടെ) എനിക്ക് എണ്ണ വാങ്ങാന്‍ കാശില്ല.
വിലാസിനി: അതൊക്കെ ഞാന്‍ അച്'മ്മേടേന്ന് വാങ്ങിത്തരാം. ഞാന്‍ പറഞ്ഞൂന്ന്
പറയല്ലേട്ടോ മുത്തച്'നോട്.
34b
(കാരണവന്മാരുടെ പ്രതിഷ്ഠകള്‍ക്കുമുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്ന കണ്ണന്‍.
ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം.)
കണ്ണന്‍: (ഒച്ച കുറച്ച്) കാര്‍ന്നോന്മാരെ, മുത്തമ്മാ, എന്റെ വിസ ശരിയാവല്ലേ. എന്നാ
ഞാന്‍ കൊച്ചപ്പന്റെ പീട്യേന്ന് നൂറെണ്ണ വാങ്ങികൊണ്ട്‌രാം.
(വീണ്ടും ചുറ്റും നോക്കുന്ന കണ്ണന്റെ മും)
35
പറമ്പ്. അകലെ വീട്ടില്‍ നിന്നും കേള്‍ക്കുന്ന ഫോണ്‍ ബെല്ലടി.
വാഴക്കൊടപ്പന്‍ തോട്ടികൊണ്ട് പൊട്ടിച്ചിടുന്ന കണ്ണന്‍. കൂടെ വിലാസിനി. വിലാസിനിയുടെ
കയ്യില്‍ രണ്ട് കൊടപ്പനുണ്ട്.
വീടിനകത്തുനിന്ന് അച്'മ്മയുടെ വിളി: കണ്ണാ.... വേഗം വാ... അച്'ന്‍ വിളിക്കുന്നു.
ഓടി അടുക്കളവാതിലിലൂടെ കയറി ഫോണ്‍ വച്ചിരിക്കുന്ന മുറിയിലെത്തുന്ന കണ്ണന്‍. മുത്തച്'ന്‍
ഫോണില്‍ സംസാരിക്കുന്നു.
മുത്തച്'ന്‍: ഇവടെ പിള്ളേര്‍ടെ കൂടെ മദിച്ച് നടക്കാനുള്ള കൊത്യോണ്ടുള്ള വാശ്യേള്ളൂ
ചെക്കന്. പിള്ളേരല്ലേ. അവടെ തരാതരക്കാരുണ്ടാവില്ലേ കളിക്കാന്‍. അവടെയെത്തി
തരാതരക്കാരെയൊക്കെ കണ്ടുകഴിഞ്ഞാല്‍ ഒക്കെ മാറിക്കോളും. പിള്ളേരല്ലേന്ന്! ദാ
അവനുണ്ട്, കൊടുക്കാം.
കണ്ണന്‍: (ഫോണെടുത്ത് കിതച്ചുകൊണ്ട്) ഹലോ അച്'ാ..
അച്ചു: മോനെ, ജോസങ്കിള് അവ്ടെ വന്നട്ട്ണ്ട്. മുത്തച്'നോട് എല്ലാം പറഞ്ഞിട്ടുണ്ട്.
നീ വെഷമിക്കാണ്ടടാ. ഹലോ... നീയെന്താ ഒന്നും മിണ്ടാത്തെ... അതേയ്..... നാലഞ്ചു ദെവസം
കഴിയുമ്പോ ഇവടെ വീണ്ടും ഇഷ്ടാവും. റസിയാന്റിക്കൊക്കെ നിന്നെ കാണാന്‍ കൊതിയായീന്ന്.
കണ്ണന്‍: വേണ്ടച്'ാ. ഞാന്‍ ഇവ്ടെ നിന്നോളാം.
അച്ചു: മോനെ, അമ്മ എന്നും കരച്ചിലാ, നിന്നെ കാണാണ്ട്. നീ മുത്തച്'ന് ഫോണ്‍
കൊടുത്തേ.
ഫോണ്‍ മുത്തച്'ന് കൊടുത്ത് പൂമുത്തേക്കിറങ്ങുന്ന കണ്ണന്‍.
പൂമുത്തേക്ക് കേറി വരുന്ന അമ്മുവും വിഷ്ണുവും.
അകത്തു നിന്ന് പൂമുത്തേക്ക് വരുന്ന അച്'മ്മയും മുത്തച്'നും.
മുത്തച്'ന്‍: കണ്ണാ, ജോസ് വന്നിട്ടുണ്ട്. നിന്റെ പേപ്പറും കൊണ്ട്. നാളേ നമുക്ക്
സ്കൂളില് പോയി ടി.സി വാങ്ങാം. ഞാന്‍ ഹെഡ്മാഷോട് പറഞ്ഞിട്ടുണ്ട്.
കണ്ണന്‍: മുത്തച്'നല്ലേ പറഞ്ഞേ, അച്'ന്‍ മുത്തച്'ന്‍ പറഞ്ഞാ കേക്കുമ്ന്ന്.
മുത്തച്'ന്‍ എന്നിട്ട് എന്നെ കൊണ്ടക്കോളാന്‍ പറഞ്ഞുകൊടുത്തില്ലേ. ഞാന്‍ കേട്ടു. (പെട്ടന്ന്,
ആരും ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തില്‍ വാവിട്ടു കരയുന്നു.) എന്നെ ആര്‍ക്കും
വേണ്ട ഇവ്ടെ. ആര്‍ക്കും എന്നെ ഇഷ്ടല്ല. (കരഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങുന്നു.) (കണ്ണന്റെ
കരച്ചില്‍ കണ്ട് കണ്ണുനിറയുന്ന അമ്മുവിന്റെ മും.) മുറ്റത്ത്
കൂട്ടിയിട്ടിരിക്കുന്ന തെങ്ങിന്‍പട്ടയുടെ വിറകകുകള്‍ക്കരികെ കിടക്കുന്ന വെട്ടുകത്തി
കണ്ണന്‍ കുനിഞ്ഞെടുത്തു. കരഞ്ഞുകൊണ്ടു തന്നെ വേഗം നടക്കുന്നു. എല്ലാവരും പുറകേയും.
35a
കണ്ണന്‍ തന്റെ വാഴയുടെ അടുത്തെത്തി അതിനെ തലങ്ങും വിലങ്ങും വെട്ടി. മുത്തച്'നും
അപ്പോഴെക്കും ഓടിയെത്തിയ മാണിക്യനും ചേര്‍ന്ന് അവനെ വട്ടം പിടിക്കുന്നു.
മുത്തച്ഛന്‍: കണ്ണാ, എന്താ കാട്ടണേ....
മാണിക്യന്‍ : കണ്ണങ്കുട്ടീ. മോനിഷ്ടല്ല്യെങ്കി എവിടേം പോണ്ട.
അമ്മ: എന്റെ കാര്‍ന്നോന്മാരെ. എന്റെ കുട്ടിക്ക് എന്തു പേറ്റെ.
അമ്മു: കണ്ണന്റെ പരാക്രമവും കുതറലും കരച്ചിലും കണ്ട് വിതുമ്പല്‍ മാറി
കരച്ചിലാകുന്നു.
കണ്ണന്‍ മുത്തച്ഛനെയും മാണിക്യനെയും കടിച്ചും മറ്റും പിടി വിടുവിച്ച് കുതറി ഓടുന്നു.
35b
പാമ്പും കാവ്. കരഞ്ഞുകൊണ്ട് ഓടി വരുന്ന കണ്ണന്‍. വിതുമ്പികൊണ്ട് തന്നെ തന്റെ
ഒളിച്ചു വച്ചിരിക്കുന്ന മഞ്ചാടിക്കുരുപാട്ട എടുക്കുന്നു. അതേ സ്പീഡില്‍ തിരിച്ചു
നടക്കുന്നു.
35c
മുറ്റം. കണ്ണന്‍ മഞ്ചാടിക്കുരുവിന്റെ പാത്രം അമ്മുവിന് നേരെ നീട്ടുന്നു.
കണ്ണന്‍: (കരച്ചിലോടെ) ഇന്നാ. മുഴുവന്‍ എടുത്തോ. എനിക്കിനി വേണ്ട.
അമ്മു: (കണ്ണന്റെ പരാക്രമങ്ങള്‍ കണ്ട പരിഭ്രാന്തിയിലുള്ള കരച്ചിലോടെ അത്
വാങ്ങുന്നില്ല.)
കണ്ണന്‍ അത് തലകീഴായി കമിഴ്ത്തി മുറ്റത്ത് ചിതറിക്കുന്നു. പാട്ട വലിച്ചെറിഞ്ഞ്
കരച്ചിലോടെ തന്നെ അകത്തേക്ക് കയറിപ്പോകുന്നു.
36
അല്‍പദിവസങ്ങള്‍ക്ക്ശേഷമുള്ള ഒരു പ്രഭാതം. പൂമുത്തെ പഴയ ക്ലോക്ക്. പുലര്‍ച്ചെ ആറു
മണി. പശ്ചാത്തലത്തില്‍ ക്ലോക്കിന്റെ മണിയടി മാത്രം. ഒരു ബാഗുമായി മുറ്റത്ത്
കിടക്കുന്ന കാറിലേക്ക് കയറുന്ന കണ്ണന്‍. ആരുടേയും മുത്ത് നോക്കാതെ മുന്‍സീറ്റില്‍
ഇരിക്കുന്നു. പുറത്ത് നിന്നിരുന്ന ജോസങ്കിള്‍ ബാക്ക്ഡോര്‍ തുറന്ന് കയറുന്നു.
ഡ്രൈവര്‍ വാസു തന്നെ. എല്ലാവരും, കൈവീശുന്നത് ശൂന്യമായ നോട്ടത്തോടെ കാണുന്ന കണ്ണന്‍.
പടി കടന്ന് വളഞ്ഞ് പോകുന്ന അംബാസിഡര്‍ കാര്‍.
4 comments:
കഷ്ടപ്പെട്ട് മുഴുവനും വായിച്ചു. നന്നായിരിക്കുന്നു. ചില ചില്ലറ മിനുക്കു പണികൾ കൂടെ ചെയ്താൽ വളരെ നന്നാകും.. ആശംസകൾ സങ്കു
നല്ല ജീവനുള്ള തിരക്കഥ; വായിച്ചപ്പോള്‍ ഓര്‍മ വരുന്നത് ഒരിക്കല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കണ്ട കാഴ്‌ചയാണ്. വിട പറയലിന്റെ വേദനയിലാണ് പലരും. അപ്പോള്‍ ഒരു കുട്ടി നിര്‍ത്താതെ നിലവിളിക്കുന്നു. തന്നെ വിട്ടുപോകുന്ന അച്ഛനുമമ്മയ്‌ക്കുമൊപ്പം ഗള്‍ഫിലേക്ക് പോകാനുള്ള വാശിയായിരിക്കാം ആ എട്ടു വയസ്സുകാനെന്നാണ് കരുതിയത്. പക്ഷെ, താന്‍ വരുന്നില്ലെന്നും, മുത്തച്ഛനോടൊപ്പം നാട്ടില്‍ നിന്നോളാമെന്നുമായിരുന്നു ആ ചുളിഞ്ഞ തൊലിയുള്ള കൈ വിടാതെ പിടിച്ച് കരയുന്ന അവന്റെ വാശി. അത് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. യഥാര്‍ത്ഥത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് സ്വന്തം മണ്ണാണ് നഷ്‌ടപ്പെടുന്നത്...ഇത് ഓര്‍മിപ്പിച്ചതിന് നന്ദി സങ്കുചിതാ...
Nannayirikkunnu, Ashamsakal...!!! ( Film Kandu, Manoharam )
നല്ല ഒരു തിരക്കഥ. കുട്ടികളുടെ മോഹങ്ങള്‍ മുതിര്‍ന്നവര്‍ മനസ്സിലാക്കുന്നില്ല, അഥവാ അവയെ കണക്കിലെടുക്കുന്നില്ല
palakkattettan
Post a Comment