Monday, June 25, 2007

ചെഗുവേരയുടെ 1964 നിഗൂഢമായ തിരോധാനവും ഫിഡല്‍ കാസ്ട്രോക്കയച്ച അവസാനകത്തും:


1964 ഡിസംബര്‍ 14 ന്‌ ഹവാനയില്‍ നിന്ന് യൂയോര്‍ക്കിലേക്‌ തിരിച്ച ചെ അനേകം രാജ്യങ്ങള്‍ സഞ്ചരിച്ചതിനു ശേഷം മാര്‍ച്ച്‌ 15ന്‌ ക്യൂബയില്‍ തിരിച്ചെത്തി.അതിനുശേഷം ചെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല. ക്യൂബക്കാരും വിടേശപത്രപ്രവര്‍ത്തകരും
നിരീക്ഷകരും അത്‌ ശ്രദ്ധിച്ചിരുന്നു. കാലം കുറച്ചു കഴിഞ്ഞതോടെ ചെയുടെ ഈ 'അസാനിദ്ധ്യം'അഥവാ 'തിരോധാനം' കൂടുതല്‍ കൂടുതല്‍ ശ്രദ്ധയെ ആകര്‍ഷിക്കുകയും നിരവധി കിംവദന്തികള്‍ ക്കും അഭിപ്രായപ്രകടനങ്ങള്‍ ക്കും ജന്മം നല്‍കുകയും ചെയ്തു. യു.എസ്‌.എ പത്രങ്ങള്‍ വിചാരിക്കാനാകാത്ത ഊഹാപോഹങ്ങള്‍ പടച്ചുവിട്ടു. ചെ 'അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു' ചെ 'ക്യൂബയില്‍ നിന്ന് ഒളിച്ചോടിയിരിക്കുന്നു', ചെ 'കൊല്ലപ്പെട്ടിരിക്കുന്നു', ചെ 'ആസന്നമരണനായി കിടപ്പിലാണ്‌' എന്നൊക്കെ എന്തെല്ലാമാണ്‌ അവര്‍ എഴുതി കൂട്ടിയതിനെന്ന് ഒരു കണക്കുമില്ല. എന്നാല്‍ ചെ യെ ക്യൂബയിലൊരിടത്തും കാണ്മാനില്ലെന്നതും ഒരു സത്യമായിരുന്നു.

മെയ്‌ ആദ്യം ബ്യൂനേഴ്സ്‌ എയേഴ്സിലെ ആശുപത്രിയില്‍ നിന്ന് അമ്മ സീലിയ ഹവാനയിലേക്ക്‌ ഫോണ്‍ ചെയ്ത്‌ മകനുമായി സംസാരിക്കണമെന്നാവശ്യപ്പെട്ടു. ചെയ്ക്ക്‌ സുഖമാണെന്നും,പക്ഷേ ആള്‍ സമീപപ്രദേശങ്ങളിലെങ്ങുമില്ലെന്നും സൌകര്യം കിട്ടുമ്പോള്‍ അദ്ദേഹം തന്നെ അമ്മയുമായി ബന്ധപ്പെട്ടുകൊള്ളുമെന്നുമായിരുന്നു അവര്‍ക്ക്‌ കിട്ടിയ മറുപടി. മെയ്‌ 10ന്‌ മകനുമായി സംസാരിക്കാന്‍ കഴിയാതെ തന്നെ സീലിയ ആശുപത്രിയില്‍ കിടന്നു അന്ത്യശ്വാസം വലിച്ചു. അദ്ദേഹം ക്യൂബന്‍ ദ്വീപിലെങ്ങുമില്ലെന്നായിരുന്നു ഇതിനര്‍ത്ഥം.

പിന്നെ അദ്ദേഹം എവിടെപ്പോയി?

ബൂര്‍ഷ്വാപത്രങ്ങളില്‍ ഇതെപ്പറ്റി എന്തെല്ലാം വിചിത്ര കഥകളാണെഴുതിവിട്ടതെന്ന് വിവരിക്കാന്‍ പ്രയാസമാണ്‌. അദ്ദേഹം വിയറ്റ്നാമിലും, ഗോട്ടിമാലയിലും വെനിസ്യൂലയിലും കൊളംബിയയിലും പെറുവിലും ബൊളീവിയയിലും ബ്രസീലിലും ഇക്വഡോറിലുമെല്ലാം ഉള്ളതായി അവര്‍ എഴുതി വിട്ടു.
1965 എപ്രില്‍ 24ന്‌ ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ ദേശാഭിമാനികളായ സൈനികര്‍ ഒരു കലാപമാരഭിച്ചപ്പോള്‍ ചെ അവിടെയുണ്ടെന്നായി പത്രക്കാര്‍. ഭരണഘടനാവാദികളുടെ പോരാട്ടത്തില്‍ സജീവമായി പങ്കെടുക്കവേ അദ്ദേഹം അവിടെ വച്ച്‌ കൊല്ലപ്പെട്ടെന്നു പോലും അവര്‍ എഴുതി.

ഒരു കോടി ഡോളറിന്‌ 'ക്യൂബന്‍ രഹസ്യങ്ങള്‍' ആര്‍ക്കോ വിറ്റ്‌ ചെ കടന്നുകളഞ്ഞെന്ന് ജൂലൈ 9ലെ ന്യൂസ്‌ വീക്ക്‌ വാരികയും അതല്ല അദ്ദേഹം 'വിശ്രമവും എഴുത്തും പ്രവര്‍ത്തനവുമായി'ഓറിയന്റ്‌ പ്രവിശ്യയിലെവിടെയോ കഴിയുകയാണെന്ന് 'മാര്‍ച്ച്‌' എന്ന ഉറുഗ്വന്‍ വാരികയും അതുമല്ല അദ്ദേഹം ചൈനയില്‍ പോയിരിക്കുകയാണെന്ന് ലണ്ടന്‍ ഈവനിംഗ്‌ പോസ്റ്റും അഭിപ്രായപ്പെട്ടു.

1965 ഒക്ടോബര്‍ 3ന്‌ ക്യൂബന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്രക്കമ്മറ്റിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഫിഡല്‍ കാസ്ട്രോ വന്നത്‌ ചെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കത്തുമായാണ്‌.. കൃത്യം ആറുമാസവും രണ്ടു ദിവസവും മുമ്പാണ്‌ ഈ കത്ത്‌ എഴുതിയത്‌ എന്ന് കാസ്ട്രോ വെളിപ്പെടുത്തി.
ഫിഡലും ചെയും

-----------------------------------------------------------

ഹവാന (കൃഷിവര്‍ഷം)

ഫിഡല്‍,

മാരിയാ അന്തോണിയയുടെ വീട്ടില്‍ വച്ചു നാം തമ്മില്‍ ആദ്യമായി കണ്ട ആ സന്ദര്‍ഭവും യാത്രയ്ക്കുള്ള താങ്കളുടെ നിര്‍ദ്ദേശവും തെരക്കിട്ട തയാറെടുപ്പുകളും എല്ലാം ഞാനിപ്പോള്‍ ഓര്‍ത്തുപോവുകയാണ്‌.

മരിച്ചാല്‍ ആരെ വിവരമറിയിക്കണമെന്ന് ഒരിക്കല്‍ നമ്മളോടെല്ലാം അന്വേഷിച്ചപ്പോള്‍ അങ്ങനെയുമൊരു സാധ്യത ഉണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മെയെല്ലാം വിസ്മയപ്പെടുത്തുകയുണ്ടായല്ലോ? അതുശരിയാണെന്ന് പിന്നീട്‌ നമ്മള്‍ക്ക്‌ മനസിലായി. ഒരു വിപ്ലവത്തില്‍ (അതും യഥാര്‍ത്ഥവിപ്ലവത്തില്‍) വിജയമല്ലെങ്കില്‍ മരണം തീര്‍ച്ചയാണ്‌.
ലക്ഷ്യത്തിലേക്കുള്ള ജൈത്രയാത്രയ്ക്കിടയില്‍ അന്തിമമായി നമ്മെ വിട്ടുപിരിഞ്ഞവരുടെ സംഖ്യ അനവധിയാണല്ലോ?

ഇന്ന കാര്യങ്ങള്‍ക്ക്‌ അത്രതന്നെ നാടകീയതയില്ല. കാരണം, നമ്മളെല്ലാം കുറേക്കൂടി പക്വത വന്നവരാണ്‌. എങ്കിലും സ്ഥിതി അതു തന്നെയാണ്‌. ക്യൂബന്‍ വിപ്ലവുമായി എന്നെ ബന്ധിച്ചിരുന്ന ആ കടമ ഞാന്‍ ഭാഗികമായി നിറവേറ്റിക്കഴിഞ്ഞെന്നാണ്‌ എന്റെ വിശ്വാസം.
അതിനാല്‍ താങ്കളോടും എന്റെ സഖാക്കളോടും എന്റേതുകൂടിയായിട്ടുള്ള താങ്കളുടെ ജനതയോടും ഞാന്‍ വിടചോദിക്കുകയാണ്‌.

പാര്‍ട്ടി നേതൃത്വത്തിലുള്ള എന്റെ സ്ഥാനവും എന്റെ മന്ത്രിസ്ഥാനവും മേജര്‍ പദവിയും ഞാന്‍ ഔദ്യോഗികമായി രാജിവയ്ക്കുകയാണ്‌. എന്റെ ക്യൂബന്‍ പൌരത്വവും ഞാന്‍ ഉപേക്ഷിക്കുന്നു. ഔദ്യോഗികമായി എനിക്ക്‌ ക്യൂബയുമായി ഇനി യാതൊരു ബന്ധവുമില്ല. തികച്ചും വ്യത്യസ്തമായ മറ്റു ചില ബന്ധങ്ങളാണ്‌ ശേഷിച്ചിട്ടുള്ളത്‌. എന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ പോലെ അങ്ങനെ രാജിവച്ചൊഴിയാവുന്ന ബന്ധങ്ങളല്ലല്ലോ അതൊന്നും.

എന്റെ കഴിഞ്ഞകാലത്തേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ ഇത്ര കാലവും സാമാന്യം സത്യസന്ധമായും കൂറോടു കൂടിയും പണിയെടുക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും വിപ്ലവത്തിന്റെ വിജയം അരക്കിട്ടുറപ്പിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ്‌ എനിക്ക്‌ തോന്നുന്നത്‌.
കാര്യമായ ഒരു തെറ്റേ എനിക്കു പറ്റിയിട്ടുള്ളൂ. സീറാ മെസ്രയിലെ ആ ആദ്യനിമിഷം മുതല്‍ക്കു തന്നെ താങ്കളില്‍ ഞാന്‍ ഇന്നത്തേതിലും വിശ്വാസമര്‍പ്പിച്ചില്ലല്ലോയെന്നും ഒരു നേതാവും വിപ്ലവകാരിയുമെന്ന നിലയ്ക്കുള്ള താങ്കളുടെ കഴിവുകള്‍ ശരിയായി വിലയിരുത്താന്‍ അന്നെനിക്ക്‌ കഴിയാതെ പോയല്ലോ എന്നുമുള്ള അപരാധബോധമാണ്‌ എന്നെ അലട്ടുന്നത്‌.
അത്ഭുതാവഹമായ കാലങ്ങളിലൂടെയാണ്‌ ഞാന്‍ കടന്നുപോന്നിട്ടുള്ളത്‌. താങ്കളോടൊപ്പം നില്‍ക്കുമ്പോള്‍ കരീബിയന്‍ പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്ന ഏറ്റവും വൈഷമ്യമേറിയ ആ ദിവസങ്ങളില്‍ നമ്മുടെ ജനതയുടെ ഭാഗമായിരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനപുളകിതനായിരുന്നു.
ഒരു രാഷ്ട്രീയ നേതാവെന്ന നിലയ്ക്കുള്ള താങ്കളുടെ പ്രതിഭ ഇത്ര വെട്ടിത്തിളങ്ങിയിട്ടുള്ള സന്ദര്‍ഭങ്ങള്‍ കുറവാണ്‌. അന്ന് ഒട്ടും അറച്ചുനില്‍ക്കാതെ താങ്കളെ പിന്താങ്ങാന്‍ കഴിഞ്ഞതിലും എനിക്കഭിമാനമുണ്ട്‌. അന്ന് നമ്മുടെ വിചാരവികാരങ്ങള്‍ ഒന്നായിരുന്നുവെന്നതിലും എനിക്കഭിമാനമുണ്ട്‌.
ഇപ്പോള്‍ എന്റെ എളിയ സേവനം ലോകത്തിന്റെ മറ്റുചില ഭാഗങ്ങളില്‍ ആവശ്യമായിരിക്കുന്നു.
താങ്കള്‍ക്ക്‌ നിഷേധിക്കപ്പെട്ടിട്ടുള്ള ആ സംഗതി ചെയ്യാന്‍ എനിക്കു കഴിയും. എന്തുകൊണ്ടെന്നാല്‍ താങ്കള്‍ക്ക്‌ ക്യൂബയോട്‌ ചില ഉത്ത്രരവാദിത്വങ്ങളുണ്ട്‌. അതിനാല്‍ നമുക്ക്‌ തമ്മില്‍ പിരിയേണ്ടിയിരിക്കുന്നു.

സന്തോഷത്തോടും സന്താപത്തോടും കൂടിയാണ്‌ ഞാന്‍ നിങ്ങളെയെല്ലാം വിട്ടുപിരിയുന്നതെന്ന് അറിയാമായിരിക്കുമല്ലോ? എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ജനതയേയും നിര്‍മ്മാതാവിനേയും പറ്റിയുള്ള ഏറ്റവും വലിയ ശുഭപ്രതീക്ഷകളുമായാണ്‌ ഞാന്‍ പിരിയുന്നത്‌.... എന്നെ സ്വന്തം പുത്രനായി അംഗീകരിച്ച ഒരു ജനതയെ വിട്ടാണ്‌ ഞാന്‍ പോകുന്നത്‌. ഇതില്‍ എനിക്കു സങ്കടമുണ്ട്‌. താങ്കള്‍ എന്നില്‍ വളര്‍ത്തിയ ആ ആത്മവിശ്വാസവുമായാണ്‌, എന്റെ നാട്ടുകാരുടെ വിപ്ലവബോധവുമായാണ്‌, ഞാന്‍ പുതിയ അടര്‍ക്കളത്തിലേക്ക്‌ കുതിക്കുന്നത്‌.
ഏറ്റവും പരിപാവനമായ ഒരു കടമ നിര്‍വ്വഹിക്കുകയാണെന്ന ആത്മബോധത്തോടെയാണ്‌ ഞാന്‍ പോകുന്നത്‌. എവിടെവിടെ സാമ്രാജ്യത്വമുണ്ടോ അവിടവിടെ അതിനെതിരായി പോരാറ്റുകയെന്ന ഏറ്റവും പരിപാവനമായ കടമ നിര്‍വ്വഹിക്കുകയാണെന്ന ആത്മബോധത്തോടെയാണ്‌ ഞാന്‍ മുന്നോട്ടു നീങ്ങുന്നത്‌. ഇത്‌ എന്റെ ദൃഢനിശ്ചയത്തെ ഒന്നു കൂടി ബലപ്പെടുത്തുകയും ഈ വേര്‍പാടിലുള്ള എന്റെ വേദനയെ വളരെയേറെ ചുരുക്കുകയും ചെയ്യുന്നുണ്ട്‌.

ൊളീവയിലേക്ക് പോകുന്നതിനായി മുഖച്ഛായ പാടേ മാറ്റിയ ചെ.
മറ്റുള്ളവര്‍ക്കൊരു മാതൃകയായിരീക്കുകയെന്നൊഴിച്ചാല്‍ ക്യൂബയ്ക്ക്‌ എന്നോട്‌ മറ്റൊരു കടപ്പാടുമില്ലെന്ന സംഗതി ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. ഇനി ഇവിടുന്നെല്ലാം വളരെ അകലെയിരിക്കുന്ന അവസരത്തിലാണ്‌ എന്റെ അന്ത്യമെങ്കില്‍ കൂടിയും
അപ്പോഴും എന്റെ വിചാരം മുഴുവന്‍ ഈ ജനതയെപ്പറ്റിയും വിശേഷിച്ചും താങ്കളെപ്പറ്റിയും ആയിരിക്കും. താങ്കള്‍ എന്നെ പഠിപ്പിക്കുകയും മാതൃക കാട്ടുകയും ചെയ്ത സര്‍വ്വ സംഗതികള്‍ക്കും ഞാന്‍ അത്യന്തം കൃതജ്ഞനാണ്‌. അവസാനംവരെയും അതനുസരിച്ച ജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്‌. നമ്മുടെ വിപ്ലവത്തിന്റെ വിടേശനയത്തോട്‌ എനിക്ക്‌
എക്കാലവും പൂര്‍ണ്ണയോജിപ്പുണ്ടായിരുന്നു. ഇന്നും അതങ്ങനെയാണ്‌ താനും. എവിടെ ചെന്നാലും ഒരു ക്യൂബന്‍ വിപ്ലവകാരിയെന്ന നിലയ്ക്കുള്ള എന്റെ ഉത്തരവാദിത്വം ഒരിക്കലും വിസ്മരിക്കാതെ ഞാന്‍ എന്റെ പ്രവര്‍ത്തനം തുടരുന്നതായിരിക്കും. എന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ ക്കും യാതൊരുവിധ സ്വത്തും നല്‍കാതെയാണ്‌ ഞാന്‍ പോകുന്നത്‌. ഇതില്‍ എനിക്ക്‌ യാതൊരു കുണ്ഠിതവുമില്ല മറിച്ച്‌ സന്തോഷമേയുള്ളൂ. അവര്‍ക്കു വേണ്ടി ഞാന്‍ യാതൊന്നും ആവശ്യപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ജീവിക്കാനുള്ള വകയും വിദ്യാഭ്യാസത്തിനുള്ള സൌകര്യവും അവര്‍ക്ക്‌ സ്റ്റേറ്റില്‍ നിന്ന് നല്‍കിക്കൊള്ളുമെന്ന് എനിക്കറിയാം.

നമ്മുടെ ജനതയോടും താങ്കളോടും എനിക്ക്‌ ഇനിയും പലതും പറയാനുണ്ട്‌. പക്ഷേ, അധികപറ്റാകുമെന്നതുകൊണ്ട്‌ ഞാന്‍ അതിനിപ്പോള്‍ തുനിയുന്നില്ല. എന്റെ മനസ്സിലുള്ള സംഗതികള്‍ മുഴുവന്‍ അതു പടി കടലാസില്‍ പകര്‍ത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. അതിനാല്‍ ആ പാഴ്വേലയ്ക്ക്‌ ഞാന്‍ മുതിരുന്നില്ല.

'ഹസ്റ്റാ ലാ വിക്ടോറിയാ സീമ്പ്ര്! പാട്രിയാ ഓ മുയേര്‍ത്തേ!' (എന്നുമെന്നും
വിജയത്തിലേക്ക്‌, മാതൃഭൂമി അല്ലെങ്കില്‍ മരണം!)

ഹാര്‍ദ്ദമായ വിപ്ലവാഭിവാദ്യങ്ങള്‍!


-ചെ

18 comments:

:-) said...

Gud post!!!
oru college election time il "araanee che...ivanmaarude okke" enu oru sankochavumillathe vilichu chodichavarulla kalam aanu.......pakshe avaraarum ee post vaayikkan oru sadyathayum njan kaanunilla......how i wish they would...!!!!

അഭയാര്‍ത്ഥി said...

ചെഗുവേര, നെരൂദ എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ രോമങ്ങള്‍ എഴുന്നേറ്റ്‌ നില്‍ക്കുന്ന കാലമുണ്ടായിരുന്നു. ഇന്നും ഞാനാ മനസ്സുകളോട്‌ താഥാത്മ്യം പ്രാപിക്കുന്നു ഉച്ചരിക്കുന്ന വേളയില്‍.
അതാണ്‌ ഞാന്‍ വിശ്വസിക്കുന്ന കരിസ്മ.

ഏര്‍ണസ്റ്റ്‌ ഹെമിങ്ങ്വേയുടെ കഥകള്‍ എന്നെ ആ കഥ പറയുന്ന കാലഘട്ടത്തിലേക്കും എന്റെ സ്വന്തം അനുഭവമെന്ന തോന്നലിലേക്കും
കൊണ്ടു പോയിരുന്നു.

നന്ദി സംകുചിതന്‌.
വരികള്‍ എന്നിലെ കെടുന്ന അഗ്നിയെ ജ്വലിപ്പിക്കുന്നു

ചില നേരത്ത്.. said...

ചെഗുവേരയുടെ ജീവിതത്തെ പറ്റിയുള്ള ചലച്ചിത്രമാണ് ഇതിന് മുന്‍പ് കണ്ടിട്ടുള്ളത്. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് - എന്ന ആ സിനിമയില്‍ ചെഗുവേരയുടെ ലാ‍റ്റിനമേരിക്കന്‍ യാത്രയെ പറ്റിയുള്ളതായിരുന്നു. ആ മഹാന്റെ ജീവിതം രൂപപ്പെടുത്തിയ യാ‍ത്രയെ സംബന്ധിച്ച നല്ലൊരു സിനിമയാണത്. പില്‍ക്കാല രാ‍ാഷ്ട്രീയ ജീവിതത്തിന്റെ പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ക്കുമപ്പുറം, അധികാരവും സ്നേഹവും ത്യജിച്ച് കഷ്ടപ്പെടുന്ന ജനതയ്ക്ക് വേണ്ടി പുറപ്പെട്ട് പോയ ചെഗുവേരയെ പരിചയപ്പെടുത്തുന്നതിന് വളരെ നന്ദി.

ദില്‍ബാസുരന്‍ said...

ചെ ഒരു സംഭവം തന്നെ.

മൂര്‍ത്തി said...

നല്ല പോസ്റ്റ്...നന്ദി സങ്കുചിതാ....

കണ്ണൂസ്‌ said...

സങ്കൂ, നല്ല ലേഖനം. ഇപ്പോള്‍ ചെ പഠനത്തിലാണെന്ന് തോന്നുന്നല്ലോ.

പൊരുത്തക്കേടുള്ള ഒരു തിയതി ചൂണ്ടിക്കാണിക്കട്ടെ, ചെ വധിക്കപ്പെട്ടത്‌ 1967-ഇല്‍ ആണല്ലോ. അപ്പോള്‍ 1969-ഇലെ ഡൊമിനിക്കന്‍ റിപ്പബ്ലിക്‌ കലാപവുമായി അദ്ദേഹം ബന്ധിക്കപ്പെട്ടിരിക്കാന്‍ സാധ്യതയില്ല. ഇനി അത്‌ 1965-ഇലെ ഡൊമിനിക്കന്‍ ആഭ്യന്തര യുദ്ധമായിരുന്നോ?

സങ്കുചിത മനസ്കന്‍ said...

കണ്ണൂസ്,
ഒരു റൂമില്‍ നിന്ന് കിട്ടിയ ഒരു അതിപുരാണ പുസ്തകമാണ്. അത് വായിക്കുന്നത് വരെ എനിക്ക് ചെ എന്നാല്‍ കാട്ടില്‍ നടന്ന് ഗറില്ലാ യുദ്ധം ചെയ്യുന്ന ഒരുവനായിരുന്നു. പക്ഷേ ഈ പുസ്തകം അങ്ങനെ പലവിധ ചിന്തകളും മാറ്റിമറിച്ചു.

ചെയെ കൊന്നവര്‍ ചെ യുടെ കൈകപത്തികല്‍ വെട്ടി സൂക്ഷിച്ച കഥയെല്ലാം അതിലുണ്ട്.

അരവിന്ദ് :: aravind said...

ചെ വളരെ സുന്ദരനായിരുന്നു.
(ആ തെര്‍മോമീറ്റര്‍ കടിച്ചു പിടിച്ച ഫോട്ടോയിലല്ല)

മോട്ടോര്‍ സൈകിള്‍ ഡയറീസ് അത്ര ഭയങ്കര പടമായൊന്നും എനിക്ക് തോന്നിയില്ല. സാദാ ഒരു പടം.

ചെയുടെ മുഖമുള്ള ഒരു ടീ ഷര്‍ട്ട് ഒപ്പിക്കണമെന്നുണ്ട്. യൂണിവേഴ്സിറ്റികളിലൊക്കെ അതായിരുന്നു ഫാഷന്‍.ഇപ്പോളും ഇടിവില്ല, അധികം.

Visala Manaskan said...

നന്നായി രാ..

ഇടിവാള്‍ said...

അരവിന്ദാ,
ച്ചെ ഛേ ച്ഛേ !! തെര്‍മോമീറ്ററോ??

ചെ കടിച്ചു പിടിച്ചിരിക്കുന്നത് തെര്‍മോ മീറ്റര്‍ അല്ല... അതാണു മോനേ ഈ “പൈപ്പ് .. പൈപ്പ്” എന്ന സാധനം ;)

ഇപ്പോ ഒരു വിധം എല്ലാ ബ്ലോഗര്‍മാരും ഉപയോഗിക്കുന്നുണ്ടല്ലോ? അറീല്യേ?സങ്കു: ലേഖനം കണ്ണു നനയിച്ചു ;) നിന്റെ അവസാനത്തെ കമന്റ്!

കുറുമാന്‍ said...

സങ്കുചിതാ, ഇഷ്ടായി, നിന്നെയല്ല, പോസ്റ്റ് :)

qw_er_ty

ദില്‍ബാസുരന്‍ said...

ചെ ഒരു ആവേശം തന്നെ.

സങ്കുചിത മനസ്കന്‍ said...

അരൂ, മാസങ്ങള്‍ക്കു മുമ്പ് കുമാറിന്റെ ഒരു പോസ്റ്റിന് തഥാഗഥന്‍ ഇട്ട മറുമടി വായിക്കൂ.
http://frame2mind.blogspot.com/2007/03/blog-post.html
തഥാഗതന്‍ said...
കുമാര്‍‌ജി
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌..

ഇതേ ചിത്രം ഉള്ള ടി ഷര്‍ട്ട്,ഒരു പെണ്‍കുട്ടി ജീന്‍സിന്റെ കൂടെ ധരിച്ചത് ഞാന്‍ ഇയ്യിടെ കണ്ടു.അതു കണ്ട് വിഷമത്തോടെ ഞാന്‍ പറഞ്ഞു “പാവം ചേ”
അതു കേട്ട് എന്റെ ഒരു തല്ലിപ്പൊളി സുഹൃത്ത് പറഞ്ഞു “ചേ യുടെ ഒരു യോഗം നോക്കണേ”

QW_ER_TY

10:53 PM

ഇടീ,
പൊസ്തകം നിനക്കു തരാം, വായിക്കുമെങ്കില്‍. നിനക്കോറ്മ്മയുണ്ടോ എന്ന് എനിക്കോര്‍മ്മയില്ല. നീയൊക്കെ വിളിച്ച മുദ്രാവാക്യം കേട്ടാണ് ഞാന്‍ ആദ്യമായി “ആരാണീ ചെ” എന്ന് ചോദിച്ചത്.

Hakeem kolayad said...

നന്നായി സഹോദരാ...
ചെഗുവേര ലോകത്തെ പീഡിത വിഭാഗത്തിന് വേണ്‍ടി സ്വജീവത്യാഗം ചെയ്ത പോരാളിയാണ്......
നാം മറക്കാനാഗ്രഹിക്കുന്ന അവിടുത്തെ മരണം
നാം ഓര്‍ക്കാനഗ്രഹിക്കുന്ന അവിടുത്തെ പോരാട്ടവീര്യത്തിന്‍റെ പൗരുഷഭാവം.....

Rodrigo said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.

കുറുമാന്‍ said...

വൈകിയ വേളയില്‍ അധികം പറയുന്നില്ല, പക്ഷെ അഭിവാദ്യങ്ങള്‍......

അനുരാജ്.കെ.ആര്‍ said...

waw!! ur knowledge is great...

സങ്കുചിത മനസ്കന്‍ said...

അനുരാജ്,
ഇത് എന്റെ കൈവശം വന്നുപെട്ട ഒരു പഴയ പുസ്തകത്തില്‍ നിന്നുള്ളതാണ്. എന്റെ പങ്ക് ഇതില്‍ ഒന്നുമില്ല. ചെഗുവേര ഒരു കാട്ടില്‍ക്കൂടി നടക്കുന്ന ഗറില്ല ആണെന്ന് പലര്‍ക്കും തെറ്റിദ്ധാരണ ഉണ്ട്. അതു മാറ്റുക എന്ന ഒറ്റ ഉദ്ദേശമേ ഉള്ളൂ..

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.