Sunday, April 23, 2006

കിണറ്റില്‍ വീണ കഥ

ഇതൊരു സംഭവകഥയാണ്‌. ഇതില്‍ കൊടുത്തിട്ടുള്ളവരെല്ലാ തന്നെ ഒറിജിനല്‍ പോട്ടക്കാരാണ്‌. പേരുകള്‍ പോലും മാറ്റിയിട്ടില്ല.)

ലോകത്തിലെ ഏതൊരു ഡിപ്ലോമക്കാരനെയും പോലെ റിസള്‍ട്ടു വരുന്നതിനു മുന്‍പേ മൂന്നു വര്‍ഷം കൊണ്ട്‌ പാടുപെട്ടാര്‍ജ്ജിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുകൊടുത്തില്ലെങ്കില്‍ ജീവിതം പാഴായിപ്പോയി എന്ന ഒരു തോന്നല്‍ എനിക്കും ഉണ്ടായിരുന്നു. ആയതിനാല്‍ 1993 ജൂലായ്‌ മുതല്‍ക്കൊണ്ട്‌ ഞാന്‍ ചാലക്കുടി റീജിയണല്‍ ഇന്‍സ്റ്റിറ്റിയുട്ട്‌ ആഫ്‌ ടെക്നോളജി എന്ന ഒരു പ്രൈവറ്റ്‌ സ്ഥാപനത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയുണ്ടായി. പിള്ളേരുടേയും സഹ അധ്യാപക(പികമാ)രുടേയും അധ്യാപകേതര ജീവനക്കാരുടെയും, ഇതിനോട്‌ ചേര്‍ന്നുണ്ടായിരുന്ന ബ്യൂട്ടി പാര്‍ലറിലെ ബ്യൂട്ടീഷന്റേയും അവരുടെ ശിഷ്യകളുടെയും സാറെ, മാഷേ എന്ന വിളി വെറുമൊരു പത്തൊന്‍പതുകാരനായിരുന്ന എന്നെ വളരെയേറെ സുഖിപ്പിച്ചിരുന്നതിനാലാവണം 550 ഉലുവ എന്ന കാപ്പിക്കാശ്‌ ശമ്പളത്തിന്‌ ഞാന്‍ അവിടെ തുടര്‍ന്നത്‌.

രാവിലെ, പാഥേയം സൈക്കിളിന്റെ കാരിയറില്‍ വച്ചു കെട്ടി, നിര്‍മല കോളേജിലെ അസംഖ്യം ക്ടാങ്ങള്‍ കവിഞ്ഞൊഴുകുന്ന കൊച്ചുവഴിയിലൂടെ സൈക്കിള്‍ ചവിട്ടി, ഇന്‍സ്റ്റിറ്റിയൂട്ടില്‍ കയറി കവിഞ്ഞൊഴുകുന്ന വിജ്ഞാനം കുട്ടികളിലേക്ക്‌ കട്ട്‌ ആന്റ്‌ പേസ്റ്റു ചെയ്ത്‌, സഹഅധ്യാപക(പികമാ)രോടൊപ്പം സര്‍വ്വവിഭവാദികളോടെ ഊണുകഴിച്ച്‌, മൂന്നു മണിക്ക്‌ തിരികെ വന്ന്‌, അഞ്ചു മണിക്ക്‌ മുടി പേറ്റ്‌ പതിപ്പിച്ചു പിന്നോട്ടു ചീകി, കഴുത്തില്ലാത്ത ടീ ഷര്‍ട്ടുമിട്ട്‌, മീശ ചെറുതായി മേലോട്ട്‌ കയറ്റി
(ദേവാസുരം ഹാങ്ങ്‌ ഓവര്‍), രുദ്രാക്ഷമാല പുറത്ത്‌ കാണാന്‍ \nപാകത്തിന്‌ ഇട്ട്‌, സ്വല്‍പം എയറുപിടിച്ച്‌, കക്ഷത്തില്‍ കുരുവന്ന പോലെ രണ്ടു കൈയും \nപിടിച്ച്‌ (അന്ന്‌ ഒരു മാസം ഞാന്‍ ചാലക്കുടി ജിമ്മന്‍ ജോസേട്ടന്റെ അടുത്ത്പോയിരുന്നു. 6 മാസം കഴുത്തു തിരിക്കലും, കൈക്കുഴ 100 പ്രവശ്യം തിരിക്കലുമല്ലാതെ കട്ടയില്‍ തൊടാന്‍ സമ്മതിക്കുന്ന സൈസ്‌ ഇന്‍സ്റ്റന്റ്‌ ബോഡി ബില്‍ഡറല്ല ജോസേട്ടനെന്നു മനസിലായതും ഞാന്‍ സംഗതി വിട്ടു.) നടന്നും, പോട്ട ജങ്ങ്ഷനില്‍ വായനോട്ടം, വായനശാല നോട്ടം എന്നിവ നടത്തി 7.30നോടു കൂടി തിരികെ വന്നിരുന്ന ഒരു ടെന്‍ഷനും ഇല്ലാത്ത ഒരു ടീനേജ്‌ ദിനചര്യക്കുടമയായിരുന്നു ഞാന്‍. -യാതൊരു ഭംഗവും ഇല്ലാതെ അതു തുടര്‍ന്ന്‌ പോരുമ്പോള്‍ 1994 ഫെബ്രുവരി ഒന്നിന്‌, പതിവുപോലെ ഏഴുമണിക്ക്‌ രാജീവ്‌, ഷൈജു (തെയ്യന്‍),സൂരജ്‌ എന്നീ സ്നേഹിതരോടൊപ്പം വീട്ടിലേക്കു തിരിച്ച ഞാന്‍ പോട്ട വലിയേട്ടന്മാരുടെ ചൈതന്യ ആര്‍ട്ട്സ്‌ ആന്റ്‌ സ്പോര്‍ട്ട്സ്‌ ക്ലബിന്റെ പ്രൊഫഷണല്‍ നാടകത്തിന്റെ റീഹേഴ്സല്‍ കാണാന്‍ കയറി. ഒരു ഗള്‍ഫുകാരന്റെ പണിതീരാത്ത മൂന്നുനിലകെട്ടിടത്തിലാണ്‌ സംഭവം. ഏഴര വരെ ഞങ്ങള്‍ അന്തസ്സായി റിഹേഴ്സല്‍ കണ്ടു. ഞങ്ങളുടെ ചില പോട്ടചേട്ടന്മാരും മൂന്നു പ്രൊഫഷണല്‍ നടിമാരും ഉണ്ടായിരുന്ന ആ നാടകത്തിലെ പോട്ട കലാകാരന്മാരുടെ, അഴകിയ രാവണനിലെ ഇന്നസെന്റിന്റെ അഭിനയത്തോടു കിടപിടിക്കുന്ന രംഗങ്ങള്‍ക്ക്‌ സാക്ഷിയാകേണ്ടി വന്നതിന്റെ ത്രില്ല്‌ കാരണം എന്റെ കൂടെയുണ്ടായിരുന്നവര്‍ ഏഴരയുടെ പവര്‍കട്ട്‌ ആയപ്പോള്‍ സ്ക്കൂട്ടാവാന്‍ വിസ്സമ്മതിക്കുകയാണുണ്ടായത്‌. എട്ടു മണി എന്ന നിയന്ത്രണരേഖക്ക്‌ മുളഞ്ഞില്ലെങ്കില്‍, അത്താഴത്തിന്‌ സ്പെഷല്‍ ഐറ്റം ആയി അമ്മയുടെ ചീത്തപറയിലും ഡിസേര്‍ട്ട്‌ ആയി "നേരത്തേ കുടംബത്ത്‌ കയറേണ്ടതിന്റെ ഗുണവശങ്ങളും ദോഷങ്ങളും" എന്ന മുത്തശ്ശന്റെ സ്റ്റഡി ക്ലാസ്സും ഭയന്ന്‌ ഞാന്‍ വീട്ടിലേക്ക്‌ തെറിക്കാന്‍ തീരുമാനിച്ചു. നാടകക്കാര്‍ പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ തുടര്‍ന്നൂ. ഞാന്‍ താഴെ ഇറങ്ങി കാര്‍പോര്‍ച്ചിലെത്തി. അവിടെ രണ്ടു ചേട്ടന്മാര്‍ ഇരുന്ന്‌ ബോയില്‍ഡ്‌ ടാപ്പിയോക്കിയ ഉണ്ടാക്കനുള്ള മെറ്റീരിയത്സ്‌ ക്ലീന്‍ ചെയ്യുന്നു. "ഒന്നു ടോര്‍ച്ചടിക്കാമോ ഏട്ടന്മാരേ" എന്ന എന്റെ അഭ്യര്‍ത്ഥയുടെ വെളിച്ചത്തില്‍ ഞാന്‍ പറമ്പില്‍ക്കൂടി ചാടിച്ചാടി റോഡില്‍ പാര്‍ക്കുചെയ്തിരുന്ന എന്റെ ബി.എസ്‌.ഏ ഡീലക്സ്‌ ലക്ഷ്യമാക്കി നീങ്ങി. ഞാന്‍ പ്രതിക്ഷിച്ചതു സംഭവിച്ചു! ഞാന്‍ മൊത്തം താണ്ടേണ്ട ദൂരത്തിന്റെ 25 പേര്‍സന്റ്‌ പിന്നിട്ടപ്പൊഴേക്കും അവര്‍ ടോര്‍ച്ചു കെടുത്തി, ശ്രദ്ധ വീണ്ടും കപ്പ മുറിക്കുന്നതിലേക്കു തിരിച്ചു! പെട്ടന്നു വെളിച്ചം നിലച്ചത്‌ ഇരുട്ടിന്റെ കനം വളരെയധികം കൂട്ടി. കുറ്റാക്കൂരിരുട്ട്‌......പവര് കട്ട്‌ സമയം......എങ്ങും അന്ധകാരം....ഠൊട്ടടുത്ത മാഗിയുടെ വീട്ടില്‍ നിന്നും പ്രാര്‍ത്ഥനയുടെ നേരിയ അലയടികള്‍ മാത്രം. ഞാന്‍ പോകുന്ന വഴിയില്‍ ഒരു പൊട്ടക്കിണറുണ്ടെന്ന കാര്യം ഓര്‍മ്മ വച്ച കാലം മുതല്‍ എനിക്കറിയാം...എന്തോ അപ്പോള്‍ ഞാന്‍ അക്കാര്യം വിട്ടുപോയി! സൂക്ഷിച്ച്‌ ഞാന്‍ ഇരുട്ടത്തുകൂടി നടന്നു. ഒരു കാലു നിലത്തുറപ്പിച്ച്‌ അടുത്ത കാല്‌ അരയ്ക്കൊപ്പം ഉയര്‍ത്തി പതുക്കെ ലാന്റുചെയ്യിച്ച്‌ (വലിയ കല്ലുകള്‍ ബൈപ്പാസ്‌ ചെയ്യാനുള്ള വിദ്യ) ഞാന്‍ മെല്ലെമെല്ലെ പ്രോസെഡ്‌ ചെയ്തു.

പത്തിരുപതടി സക്സസ്സായി. അടുത്ത കാല്‍ ഞാന്‍ ലാന്റ്‌ ചെയ്യിച്ചപ്പോള്‍ ലാന്‍റ്റിങ്ങിനെന്തോ അസ്വഭാവികത തോന്നി.കാല്‌ താഴെ മുട്ടുന്നില്ല. എപ്പോഴും എന്നോട്‌ വാദപ്രതിവാദം നടത്താറുള്ള എന്റെ മനഃസാക്ഷി എന്നോട്‌ പറഞ്ഞു. "എടാ പൊട്ടാ..ണീ നില്‍ക്കുന്നത്‌ ഒരു മണ്‍കൂന(അഥവാ പയറും വാരം)യിന്മേല്‍ ആയിരിക്കും. ഒന്നുകൂടി താഴ്ത്തി ചവിട്ട്‌ ഗെഡീ." ഞാന്‍ താഴ്ത്തി- കാല്‌ പയറുംവാരത്തിന്റെ പരിധി ലംഘിച്ച്‌ തഴോട്ട്‌ നീങ്ങി. ഓ ഗോഡ്‌... ഈസ്‌ ഇറ്റ്‌ ഏ വാഴക്കുഴി? ഓ!!! നോ!!.... തെങ്ങിന്‍ കുഴി??????? ഒഹ്‌ മൈ ഗാഡ്‌!!! ഇറ്റ്‌ ഹാസ്‌ ബ്രോക്കണ്‍ ദ തെങ്ങിന്‍ കുഴി ലിമിറ്റ്‌.... കല്ലുവെട്ടും മട???? ഈ പറഞ്ഞ സംഗതികള്‍ എല്ലാം വെറുമൊരു മൈക്രോ സെക്കന്റില്‍ എന്റെ മനസ്സില്‍ക്കൂടി കടന്നുപോയതാണ്‌. കല്ലുവെട്ടുമടയല്ല ഇത്‌ ആ പഴയ പൊട്ടക്കിണറാണ്‌ എന്നു റിയലൈസ്‌ ചെയ്തപ്പൊഴേക്കും ഇറ്റ്‌ വാസ്‌ ടൂ ലേറ്റ്‌...എന്റെ ഇടത്തെ കൈ "റ" മറിച്ചിട്ടപോലെ കിടന്നിരുന്ന ഒരു ഇഞ്ച ചെടിയിയുടെ വള്ളിയില്‍ കുടുങ്ങി. കക്ഷത്തില്‍ കുരുവുള്ളപൊലെ അഭിനയിച്ചിരുന്ന എനിക്ക്‌ ഇനി ഒരു ആറു മാസക്കാലത്തേക്ക്‌ അഭിനയിക്കേണ്ടിവരില്ല എന്നു ഉറപ്പക്കുന്നവിധത്തില്‍ ഇടതുകൈ ഫുള്ളും, കൈനോടു ചേര്‍ന്ന പള്ള, നെഞ്ചിന്റെ സൈഡ്‌ എന്നിവയില്‍ കീറിമുറിച്ചുകൊണ്ടാണ്‌ ചൂണ്ടകൊളുത്ത്‌ പോലെ നിറഞ്ഞ മുള്ളുകള്ളുള്ള ആ ഇഞ്ചവള്ളി എന്റെ കൈയില്‍ തടഞ്ഞുനിന്നത്‌. ചുരുങ്ങിയത്‌ 100 വര്‍ഷം പഴക്കമുള്ള ആ ഇഞ്ച വള്ളിയില്‍ ഞാന്‍ രണ്ടുകൈയ്യും കൂട്ടി മുറുകേ പിടിച്ചു. വീണ ആഘാതത്തില്‍ ആ വള്ളി എന്നെയും കൊണ്ട്‌ കിണറിന്റെ ചുറ്റളവ്‌ പരിശോധിക്കാന്‍ കിണര്‍ഭിത്തികള്‍ക്കിടയില്‍ തട്ടിക്കളിച്ചു. വിപദിധൈര്യം ഒന്നുകൊണ്ടു മാത്രം മുള്ളുകയറി പൊളിഞ്ഞ്‌ നാശമായെങ്കിലും ഞാന്‍ പിടിച്ചപിടി വിടാന്‍ തയ്യാറല്ലായിരുന്നു. വീഴ്ച്ചയുടെ സമയത്ത്‌ ഞാന്‍ എന്തെങ്കിലും ആക്രോശമോ, ആര്‍ത്തനാദമോ അട്ടഹാസമോ പുറപ്പെടുവിച്ചിരുന്നോ എന്നെനിക്കറിയില്ല(അങ്ങിനെ ഉണ്ടായി എന്ന്‌ ചില സാമദ്രോഹികള്‍ പറഞ്ഞുനടന്നിരുന്നു.) അന്ന്‌ ഞങ്ങള്‍ കൂട്ടുകാര്‍ പരസ്പരം വിളിക്കാന്‍ ഉപയോഗിച്ചിരുന്ന "ഠൊക്ക്‌... ഠൊക്ക്‌" എന്ന നാവുകൊണ്ട്‌ ഉണ്ടാക്കുന്ന ഒരു തരം ശബ്ദം പുറപ്പെടുവിച്ച്‌ ഞാന്‍ നാടകക്കാരുടെ ശ്രദ്ധ ക്ഷണിച്ചു. ആദ്യം റ്റാപ്പിയോക്കിയ മേക്കേഴ്സ്‌ ഓടി വരുകയും അവരു വലിയ വായില്‍ നിലവിളിച്ച്‌ ഗ്രാമത്തിനാകെ അലര്‍ട്ട്‌ സിഗ്നല്‍ നല്‍കുകയും ചെയ്തു. ",

പവര്‍കട്ടു നേരത്തുള്ള നാമജപം, കുളി, തുടങ്ങിയ പതിവു ജോലികള്‍ എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആ ഏരിയയിലുള്ള എല്ലാ കുടുംബനാഥന്മാരും ഉത്തരവു പുറപ്പെടുവിച്ച്‌ സംഭവസ്ഥലത്തേക്കു പാഞ്ഞു വന്നു. പൊതുവെ ബുദ്ധിമാന്മാരായ പോട്ടക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ കിണറ്റിങ്കരയില്‍ യോഗം ചേര്‍ന്ന്‌ തന്ത്രങ്ങള്‍ മെനഞ്ഞു. ഇഞ്ചവള്ളിയില്‍ തന്നെ തൂങ്ങി കിടക്കാനും "എല്ലാ അറേഞ്ചുമെന്റ്സും ചെയ്തുകഴിഞ്ഞു. ഇനി ഒന്നും പേടിക്കാനില്ല" (വിശാലേട്ടന്‌ കടപ്പാട്‌) എന്നും റെസ്ക്യൂ ടീമിന്റെ ടെമ്പററി ക്യാപ്റ്റന്‍ ആയി നിയമിതനായ കാട്ടാളന്‍ (വീടുപേരാണ്‌....കേരളത്തിലെ മോസ്റ്റ്‌ ഇന്നോവേറ്റീവ്‌ വെടിക്കെട്ടുകാരന്‍ കാട്ടാളന്‍ ജോസേട്ടന്റെ വകയിലൊരനിയന്‍) അന്തോണിമാഷുടെ പുത്രന്‍ ജോസ്‌ എന്നെ വിളിച്ചറിയിച്ചു. എന്നാല്‍ ദേഹമാസകലം ഇഞ്ച മുള്ളു കയറി, രണ്ടു കൈവെള്ളയും ഇഞ്ചയില്‍ മുറുകെ പിടിച്ച്‌ വാടിത്തളര്‍ന്ന എനിക്ക്‌ മനസ്സിലായി, ഇനി വെറും സെക്കന്റുകളേ അവശേഷിക്കുന്നുള്ളൂവെന്നും എന്റെ കൈ ഞാന്‍ തന്നെ വിട്ടുകളയുമെന്നും, അത്യാഗാധതയിലേക്ക്‌ ഞാന്‍ വീഴാന്‍ പോകുന്നുവെന്നും. കിണറിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന മോട്ടോര്‍ ഷെഡ്‌ പണിതിരുന്നപ്പോള്‍ വീണ മൂന്ന്‌ കമ്പി കഷണങ്ങള്‍ 90,45,80 ഡിഗ്രിയില്‍ കുത്തനെ നില്‍ക്കുന്ന കാര്യം കൂടി ഓര്‍ത്തതോടെ ഞാന്‍ മനസികമായി മരിക്കാന്‍ തയ്യാറായി. (ബഹുമാന്യ വായാനക്കാര്‍ ഇനിയുള്ള നാലഞ്ചു വരികളില്‍ ദയവു ചെയ്ത്‌ തമാശ കാണരുതെന്നപേക്ഷ) കൈ വീണ്ടും പൊളിഞ്ഞു ചോര ഒഴുകി വന്ന്‌ എന്റെ തോളില്‍ ഷര്‍ട്ടിനെ വീണ്ടും വീണ്ടും കുതര്‍ത്തുകൊണ്ടേയിരുന്നു. ഈ കിണര്‍ ഇരിക്കുന്ന പറമ്പിന്റെ മൂലയില്‍ പണ്ടുണ്ടായിരുന്ന തൊരപ്പന്‍ മാപ്ലയുടെ കടയില്‍ നിന്ന്‌ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലൂബിയ്ക്ക ഉപ്പിലിട്ടത്‌ വാങ്ങി തിന്ന്‌ കണ്‍സ്യൂമര്‍ കള്‍ച്ചറിന്റെ അഡിക്റ്റ്‌ ആയതുമുതല്‍ വെറും ഒരു മണിക്കൂര്‍ മുമ്പ്‌ ചാലക്കുടിയിലേക്ക്‌ പോയിരുന്ന ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ പോട്ടയിലെത്തിയപ്പോള്‍ ഒരു കാര്യം പറയാന്നുണ്ട്‌ നാളെ ഞാന്‍ ഇവിടെ ഇറങ്ങാം എന്ന്‌ പറഞ്ഞ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഷാജി ചെറിയാനെ കണ്ടതുവരെ ഞാന്‍ സഡ്ഡനായി റീകാപ്‌ ചെയ്തു. കൈകള്‍ വേദനയുടെ സെമിയില്‍ നിന്ന്‌ ഫൈനലിലേക്കും ട്രൈബ്രേക്കറിലേക്കും പ്രവേശിച്ചു.--- -സലാം പ്രപഞ്ചമേ! എന്ന പ്രസിദ്ധ ബഷീറിയന്‍ വാക്യം മനസിലുരുവിട്ടുകൊണ്ട്‌ എന്റെ കൈ ഞാന്‍ വിട്ടു.

തുടരും...

10 comments:

visalamanskan said...

കിണറ്റില്‍ വീണ സങ്കുചിതന്‍...

വിശാല മനസ്കന്‍ said...

കിണറ്റില്‍ വീണ സങ്കുചിതന്‍...

കണ്ണൂസ്‌ said...

ഒറ്റ ശ്വാസത്തില്‍ ഇതു വരെ എത്തി.. ഹയ്യോ.. ക്ലൈമാക്സിന്‌ ഇനിയും കാത്തിരിക്കണോ?

പിന്നീടെന്തായി സങ്കു? വേഗം.. വേഗം..

വക്കാരിമഷ്‌ടാ said...

ഇതെത്ര വായിച്ചാലും മതിയാവില്ല.... അത്രയ്ക്കടിപൊളിയല്ലേ... സണ്‍‌കൂ... തകര്‍ത്തൂ. അന്നേരം കുറെ അനുഭവിച്ചെങ്കിലെന്താ.. സംഭവിച്ചതെല്ലാം നല്ലതിനല്ലേ. അതുകൊണ്ടല്ലേ ഞങ്ങളെല്ലാം ഇങ്ങിനെ എനിക്കു വയ്യായ്യേ ആയിരിക്കുന്നത്.. തുടര്‍വാരിക പരിപാടി വേണ്ട. ഒരു തുടര്‍ദിനമായിക്കൊള്ളട്ടെ

ഈ 1970-1980 കാലഘട്ടങ്ങളില്‍ ചാലക്കുടി-പോട്ട-പേരാമ്പ്ര-കൊടകര വഴിയെങ്ങാനും വല്ല പ്രത്യേകരീതിയിലുള്ള കാറ്റെങ്ങാനും വീശിയായിരുന്നോ ആവോ... വിശാലസണ്‍‌കുതിരസ്നേഹിതപ്പുലികള്‍... ഗവേഷണവിഷയമാക്കേണ്ടിയിരിക്കുന്നു.....

പെരിങ്ങോടന്‍ said...

പലകുറി വായിച്ചതാണെങ്കിലും ബ്ലോഗിലു കണ്ടപ്പോള്‍ വായിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല. വായിച്ചെത്തിയപ്പോഴല്ലെ സങ്കുചിതന്‍ ആളെ പറ്റിച്ചതറിഞ്ഞതു്, ഛെ തുടരനാക്കേണ്ടിയിരുന്നില്ല, ഗൂഗിളെടുത്തു മണികണ്ഠന്റെ കഥകള്‍ സേര്‍ച്ച് ചെയ്തിട്ടു് ഒരു അന്തവും കുന്തവും കിട്ടുന്നില്ല (മലയാളം കഥകള്‍ എന്നോ മറ്റോ സേര്‍ച്ച് ചെയ്താല്‍ കൊച്ചുപുസ്തകങ്ങളുടെ വേലിയേറ്റമാണു്) വേഗം ബാക്കികൂടി പോസ്റ്റ് ചെയ്യൂ മണികണ്ഠാ..

ശനിയന്‍ \OvO/ Shaniyan said...

എന്നിട്ട്?

ചില നേരത്ത്.. said...

സങ്കുചിതാ..

ഇത് ഞാന്‍ വായിച്ചിട്ടുണ്ട് . വിശാലന്‍ ലിങ്ക് തന്നിരുന്നു. രണ്ടാം ഭാഗം കുറേ കഴിഞ്ഞ് പ്രസിദ്ധീകരിച്ചാല്‍ മതി.. സസ്പെന്‍സ് നില നില്‍ക്കട്ടെ..

അന്ന് പറയാന്‍ പറ്റിയില്ല.. കലക്കിയിര്ക്കുന്നു..

-സു‍-|Sunil said...

സങ്കുചിത മനസ്കനല്ല തീര്‍ച്ച, ഈ കഥ ഞാന്‍ വേറെസ്ഥലത്തും വായിച്ചു. വാരിക്കോരി വിത്ാന്‍ സങ്കുചിതനുപറ്റില്ല്യല്ലൊ!

ജേക്കബ്‌ said...

ഇബ്രുവേ താങ്ക്സ്‌... ലിങ്ക്‌ എവിടെയൊ ഉണ്ട്‌ എന്നു പറഞ്ഞു തന്നതിന്‌.. തപ്പി പിടിച്ചെടുത്‌ത്‌ സസ്പന്‍സ്‌ തീര്‍ത്തു ;-)

മണികണ്ഠന്‍ജി.. സംഭവം അസ്സലായിട്ടുണ്ട്‌ ...

സാക്ഷി said...

സങ്കുചിതാ സംഭവം ഉഗ്രന്‍.
ക്ലൈമാക്സ് പോസ്റ്റാന്‍ വൈകിയാല്‍ ഞാനും ലിങ്കുതേടി ടോര്‍ച്ചുമെടുത്ത് ഇറങ്ങുവേ. ;)

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.