Wednesday, June 28, 2006

ഞാന്‍ ശബരിമലമുട്ടന്‍ (ചെറുകഥ)

(ആരുടേയും മതവികാരങ്ങളെ നോവിക്കുവാനല്ല ഞാന്‍ ഈ പോസ്റ്റു ചെയ്യുന്നതെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ ഞാന്‍ ഒരു പോസ്റ്റാക്കിയെന്നു മാത്രം. കട: കുറു)
വാസ്തവത്തില്‍ പ്രസ്തുത വാര്‍ത്ത ഞാന്‍ മിനിഞ്ഞാന്നു തന്നെ മലയാളം ചാനലുകളിക്കൂടി അറിഞ്ഞതാണ്‌. ഒരു സാദാ വാര്‍ത്ത എന്നല്ലാതെ അതിനെപറ്റി മറ്റൊരു ചിന്തയും എനിക്കുണ്ടായിരുന്നുമില്ല. ഭക്ഷണമേശയില്‍ വിരിച്ച വര്‍ത്തമാനപത്രം കഴിക്കുന്നതിനിടെ വായിക്കുക എന്ന ഒരു പൊട്ടസ്വഭാവത്തിന്റെ ഫലമായിട്ടാണ്‌ അപ്രതീക്ഷിതമായി ആ വാര്‍ത്ത ഞാന്‍ വീണ്ടും ശ്രദ്ധിക്കാന്‍ ഇടവന്നത്‌.

വാേര്‍ത്ത ഇത്രയുമായിരുന്നു:

ഉത്തര്‍പ്രദേശിലെ ഏതോ കുഗ്രാമത്തില്‍ ഒരു കന്യാസ്ത്രീമഠത്തില്‍ അതിക്രമിച്ചുകയറിയ ഒരു പറ്റം അക്രമികള്‍ രണ്ട്‌ കന്യാസ്ത്രീകളെ ബലാല്‍ക്കാരം ചെയ്ത്‌ കൊന്നു.അവര്‍ മലയാളികളായിരുന്നതാണോ, എന്റെ പഴയ സഹപാഠിയും അയല്‍ക്കാരിയുമായിരുന്ന -ചെറുപ്പത്തിലേ വീട്ടുകാര്‍ കര്‍ത്താവിന്‌ നേര്‍ന്ന് വച്ചിരുന്ന- ട്രീസയെപ്പറ്റി പെട്ടന്ന് ഓര്‍മ്മ വന്നതോ എന്താണ്‌ എന്നെ പെട്ടന്ന് നിരുന്മേഷവാനാക്കിയതെന്ന് എനിക്കറിഞ്ഞുകൂടാ.. ട്രീസ്‌ ഇപ്പോള്‍ ഉത്തരേന്ത്യയിലെവിടെയോ വേറേ എതോ പേരില്‍ കര്‍ത്താവിന്റെ മണവാട്ടി ആയി കഴിയുകയാണ്‌.

എന്തോ എനിക്കൊരു രാത്രി പോയിക്കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.

കനം വച്ച ഹൃദയം എന്തെങ്കിലും എഴുതാനുള്ളതിന്റെ മുന്നോടിയാണെന്നുള്ള ഒരു വിശ്വാസം ഞാന്‍ സ്വയം അടിച്ചേല്‍പ്പിച്ചിട്ടുണ്ട്‌ ഈയിടെയായി. പേന എടുത്തു, കടലാസ്‌ എടുത്തു. ഇരുന്നു.

പതിവുപോലെ അക്ഷരങ്ങള്‍ എനിക്ക്‌ പിടി തരാതെ തെന്നിമാറിക്കൊണ്ടിരിക്കുന്നു.

ലൈറ്റ്‌ കെടുത്തട്ടെ ഭായ്‌. റൂമേറ്റ്‌ പട്ടര്‍.

ഞാന്‍ തപസ്സവസാനിപ്പിച്ച്‌ കിടന്നു. സമയം പതിനൊന്നര. വെറുതേ ചുമരിലേക്ക്‌ തുറിച്ചുനോക്കി രണ്ട്‌ മണിക്കൂറായി ഇരിക്കുന്നതായിരുന്നുവെന്ന് തോന്നുന്നു പട്ടരെ പ്രകോപിപ്പിച്ചത്‌. ചിലപ്പോള്‍ അയാള്‍ എന്തെങ്കിലും ചോദിച്ചിരിക്കും. ഞാന്‍ കേട്ടിട്ടുണ്ടാകില്ല. എന്റെ മനസ്‌ ദൈവങ്ങള്‍ ആത്മീയത്‌ തുടങ്ങിയ കാര്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞ്‌ നടക്കുകയായിരുന്നല്ലോ. എന്തായാലും പട്ടരെ പിണക്കണ്ട. ലൈറ്റ്‌ കെടുത്തി കിടന്നു.

എന്തോ സ്വപ്നം കണ്ടിട്ടാണെന്ന് തോന്നുന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നു. മൂന്ന് മണി. പട്ടരുടെ അതിമനോഹരമായ കൂര്‍ക്കം വലി. ഘ്രാാ എന്ന ശബ്ദത്തോടെ അകത്തേക്കും ഫഠ്‌ ഫഠ്‌ ഫഠ്‌ എന്ന ശബ്ദത്തോടെ പുറത്തേക്കും. സ്വപ്നം പയ്യെ ഓര്‍മ്മവന്നു. സ്വപ്നം എന്നതിനെ വിളിക്കാമോ? പകുതി മയക്കത്തില്‍ എന്റെ തലയില്‍ തലങ്ങും വിലങ്ങും പാഞ്ഞ ചിന്തകളായിരുന്നല്ലോ അവ.

ഒരു ഉള്‍പ്രേരണയില്‍ ഞാന്‍ ലെറ്റര്‍ പാഡും പേനയുമെടുത്ത്‌, ശബ്ദമുണ്ടാക്കാതെ വാതില്‍തുറന്ന് പുറത്തെ ഊണുമേശയില്‍ വന്നിരുന്നു. വ്‌വാക്കുകള്‍ക്ക്‌ ഒരു പഞ്ഞവുമില്ലാത്ത അവസ്ഥ.


നെഞ്ചിനകത്ത്‌ ഇന്നലെ രൂപം കൊണ്ട ഒരു പാറക്കഷ്ണം ഉരുകി വരുന്നതുപോലെ. അത്‌ ഉരുകിയുരുകി വെള്ളത്തിന്റെ പരുവത്തിലായി, കൈത്തണ്ടയിലൂടെ, വിരലുകള്‍ക്കിടയിലിരിക്കുന്ന എന്റെ പേനയിലേക്ക്‌....പിന്നെ കടലാസിലേക്കും.......പതിവിനു വിപരീതമായി ഞാന്‍ തലേക്കെട്ട്‌ ആദ്യം നിശ്ചയിച്ചു.പേരിനടിയില്‍ ഒരു വരയും പാസ്സാക്കി.

ഞാന്‍ ശബരിമല മുട്ടന്‍

ആദ്യമേ പറയട്ടെ, ഞാനൊരു തമിഴ്‌ വംശജനാണ്‌. കുറേ നാളുകളായി നിങ്ങളുടെ ഒരു ഗ്രാമത്തിലാണ്‌ ഞാന്‍ തമ്പടിച്ചിരിക്കുന്നത്‌. അതിനാല്‍ തന്നെ ഒരു പക്ഷേ നിങ്ങളേക്കാള്‍ നന്നായി ഞാന്‍ മലയാളം സംസാരിക്കും. ദോഷം പറയരുതല്ലോ, നിങ്ങള്‍ മലയാളികള്‍ ഒരിക്കലും ഒരു വരത്തന്‍ ലുക്കില്‍ എന്നെ കണ്ടിട്ടില്ല. തെറ്റിദ്ധരിക്കല്ലേ, ഞാന്‍ ലോകം ഭരിക്കുവാനായി ജനിച്ച മനുഷ്യവര്‍ഗ്ഗത്തിന്റെ വക്താവല്ല. പ്രായപൂര്‍ത്തിയായ, ഇരുത്തം വന്ന ഒരു മുട്ടനാടാണ്‌ ഞാന്‍. എന്നാല്‍ മനുഷ്യര്‍ക്ക്‌ പാലും, മാംസവും, ജൈവവളവും നല്‍കാനായി മാത്രം ഈ ഭൂലോകത്ത്‌ ജനിച്ച ഒരു സാദാ ആട്‌ ആയി നിങ്ങള്‍ എന്നെ കണക്കാക്കിപ്പോയോ, അവിടെ നിങ്ങള്‍ക്ക്‌ തെറ്റി എന്ന് പറയാതെ വയ്യ.

കാരണം ഞാന്‍ ശബരിമല മുട്ടനാകുന്നു.
തുടരും

Thursday, June 01, 2006

കിണറ്റില്‍ വീണ കഥ -അവസാനഭാഗം

ചാലക്കുടിയില്‍ ജോലിക്കു പോകുന്ന സുഹൃത്ത്‌ കേരുവിനോട്‌ എന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കയറി വിവരം പറയാന്‍ പറഞ്ഞു.

ലോകത്ത്‌ വച്ച്‌ എനിക്കേറ്റവും ഇഷ്ട്ടമുണ്ടായിരുന്ന സംഗതി മരണയറിയിപ്പിനു പോകലായിരുന്നു. പാതിരാത്രിക്കൊക്കെ ജീപ്പ്പിലോ കാറിലോ പോയി ഉറങ്ങികിടക്കുന്നവരെ വിളിച്ചുണര്‍ത്തി, നാടകീയമായി വീട്ടിലെ ആണുങ്ങളെ മാത്രം വിളിച്ച്‌ പുറത്തേക്ക്‌ നടക്കുകയും ഉദ്വേഗത്തോടെ പിന്നാലെ വരുന്ന പെണ്ണുങ്ങളെ അല്‍പം അധികാരഭാവത്തോടെ നിങ്ങള്‍ക്ക്‌ ആണുങ്ങള്‍ സംസാരിക്കുന്നിടത്തെന്തു കാര്യമെന്ന ശാസനയോടെ വീടിനകത്തേക്ക്‌ തിരിച്ചോടിച്ച്‌ അതിനാടകീയമായി കുറെ സ്വാന്തനവാക്കുകള്‍ പറഞ്ഞ്‌ അവസാനം ഇന്ന്‌ ആള്‍ സ്ക്കൂട്ടായിട്ടോ ചേട്ടാ എന്നു പറയുന്നത്‌ ഞങ്ങള്‍ക്ക്‌ വലിയ ത്രില്ലുള്ള ഏര്‍പ്പാടായിരുന്നു. ഞാനായിരുന്നു ആ രീതിയുടെ ഉപജ്ഞാതാവ്‌. കേരു അതെനിക്കിട്ട്‌ തിരിച്ച്‌ പണിയാന്‍ തീരുമാനിച്ചു.

അവന്‍ ചാലക്കുടി വരെ സൈക്കിള്‍ ചവിട്ടി കിതച്ച്‌ വിയര്‍ത്ത്‌ അവിടെ ചെന്നു കയറി മനേജറായ മേനോന്‍ സാറിനെ ഇതുപോലെ വിളിച്ച്‌ ഒരു അരകിലോമീറ്ററോളം പുറത്തേക്ക്‌ നടത്തി, വളരെ നാടകീയമായി മണികണ്ഠന്‍ ഇന്നലെ രാത്രി കിണറ്റില്‍ വീണു. ഞെട്ടിപ്പോയ മേനോന്‍ സാറോട്‌ സാര്‍ ഒച്ച വച്ച്‌ ആളെ കൂട്ടരുത്‌ എന്നൊക്കെ സ്മാധാനിപ്പിച്ചു. എന്നിട്ട്‌ ആശുപത്രിയിലാണോ എന്ന ചോദ്യത്തിന്‌ ആശുപത്രിയില്‍ നിന്നൊക്കെ മടക്കി എന്ന്‌ അവന്‍ മറുപടി പറഞ്ഞു. "മടക്കി" എന്ന പദത്തിന്‌ ഇനി വീട്ടില്‍ കടന്നു മരിച്ചോട്ടെ എന്നര്‍ത്ഥം ഉണ്ടല്ലോ. മേനോന്‍ തലക്കു കൈവച്ച്‌ അവിടെയിരുന്നു. ഓടിവന്ന മറ്റുള്ള സ്റ്റാഫിനോട്‌ കാര്യം പറയുകയും ഓട്ടോറിക്ഷയില്‍ അദ്ധ്യാപിക (പക) മാരും കുറെ കുട്ടികളും എന്റെ വീട്ടിലേക്ക്‌ തെറിച്ചു. എന്തോ ഭാഗ്യത്തിന്‌ റീത്ത്‌ വാങ്ങിയില്ല.

വണ്ടികള്‍ വീട്ടുപടിക്കല്‍ വന്നു നിന്നപ്പോള്‍ അവയെല്ലാം ഭാസിചേട്ടന്‍ ഡിഗ്രി ആംഗിളില്‍ തന്നെ പാര്‍ക്ക്‌ ചെയ്യിച്ചു. ഇവര്‍ വന്നപ്പോള്‍ വന്ന വഴിയെല്ലാം കിണറ്റില്‍ വീണ സാറിന്റെ വീട്‌ ചോദിച്ച്‌ അറിയാതെ കിടക്കുന്നവരെയെല്ലാം അറിയിച്ചു. അങ്ങിനെ അറിഞ്ഞ അഭ്യുദയകാംക്ഷികളും വീട്ടിലേക്ക്‌ പ്രവഹിച്ചു.

എന്തിനേറെപ്പറയണം.....ഇവര്‍ക്കൊക്കെ ചായ വച്ചു കൊടുക്കാനായി അയല്‍ വക്കങ്ങളില്‍ നിന്ന്‌ കുറെ ഗ്ലാസ്സും മാന്‍പവ്വറും (ക്ഷമിക്കണം വുമെന്‍ പവ്വറും) കടം എടുക്കുകയും സാധരണ ഉച്ചക്ക്‌ മണിക്ക്‌ കറക്കാറുള്ള പശുവിനെ അന്ന്‌ യുദ്ധകാലാടിസ്ഥാനത്തില്‍ മണിക്ക്‌ കറക്കുകയും ചെയ്തു. ഒരാഴ്ച്ച കൊണ്ട്‌ എല്ലാം ഭേദമായി. പിന്നീട്‌ എന്റെ ഏതു കൂട്ടുകാര്‍ വന്നാലും ഓട്ടോറിക്ഷക്കാര്‍ ഈ കിണറിന്റെയവിടെ നിറുത്തി രണ്ടു മിനിട്ട്‌ വെയ്റ്റ്‌ ചെയ്യാം പോയി കണ്ടുകൊള്ളൂ എന്ന്‌ പറയാറുണ്ടായിരുന്നു. രസകരമായ ഒരു കാര്യം എന്റെ കൈയ്യിലുണ്ടായിരുന്ന ഒരുമ്പെട്ടവള്‍ എന്ന പുസ്തകം എന്റെ കൂടെ കിണറ്റില്‍ വീണിരുന്നു. എന്റെ ചില സ്നേഹിതന്മാര്‍ അവന്‍ ഒരുമ്പെട്ടവളെയും കൊണ്ട്‌ കിണറ്റില്‍ ചാടി എന്നാണ്‌ പറയുക.

കാലമേറെ കഴിഞ്ഞു. ചാലക്കുടി പുഴയിലൂടെ വെള്ളം കുറെയൊഴുകി. മാഗി ഇന്ന്‌ രണ്ടു കുട്ടികളുടെ അമ്മയായി. ഇക്രുവേട്ടനും ഗോവിന്ദന്‍ കുട്ടിമേനോന്‍ ചേട്ടനും അങ്ങ്‌ സ്വര്‍ഗ്ഗലോകത്തെത്തി. പോരോത്ത്‌ തോമ ആ വലിയ വീട്‌ ആര്‍ക്കോ വിറ്റു. അവര്‍ അതിന്റെ മൂന്നാം നില തകര്‍ത്ത്‌ അതൊരു നല്ല വീടാക്കി.

പുതിയ താമസക്കാര്‍ കിണറ്റിലെ ചെളി വാരി കാടും പടലും വെട്ടിത്തെളിച്ച്‌, ചുറ്റും അരഭിത്തി കെട്ടി, അതൊരു പുത്തന്‍ കിണറാക്കി. വാരിയ ചെളിയുടെ കൂട്ടത്തില്‍ കിട്ടിയ ഒരുമ്പെട്ടവളെയും ഇട്ട്‌ അവര്‍ ആ പറമ്പിലെ ഒരു കല്ലുവെട്ടുമട മൂടി. എന്തോ...... എല്ലാം മറക്കതിരിക്കാനായി എന്റെ കൈത്തണ്ടയില്‍ മുട്ടിനു മേലെ കീരിക്കാടന്‍ ജോസിന്‌ വെട്ടു കൊണ്ടപോലെ ആ അടയാളങ്ങള്‍ ഇപ്പോഴും ഉണ്ട്‌. ഞങ്ങക്കൊക്കെ വേറെയൊന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ പറയാനും ചിരിക്കാനും ഒരു സംഭവമായി ഇത്‌ അവശേഷിക്കുന്നു. എങ്കിലും ആ സലാം പ്രപഞ്ചമേ എന്നു പറഞ്ഞ നിമിഷം ആലോചിക്കുമ്പോള്‍ ഇന്നും കിളി പറന്നുപോകുന്നു.

ചാലക്കുടി പുഴയില്‍ കൂടി വെള്ളം കുറേ ഒഴുകി.
കാലം എന്നെ ഒരു എനാറൈ ആക്കി.
കല്യാണത്തിന്‌ മുമ്പ്‌ ഡയറികള്‍ എഡിറ്റു ചെയ്യേണ്ടതിലേക്കായി ഞാന്‍ പഴയ ഡയറികള്‍ തുറന്നപ്പോള്‍ കണ്ടത്‌:
99 ഫെബ്രുവരി : ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ദിവസം (ഞാന്‍ ഇന്നൊരു കിണറ്റില്‍ വീണു) ജീവിതത്തിലെ ഏറ്റവും നല്ല ദിവസം (ഒരു അത്യാഗാതമായ കിണറില്‍ നിന്ന്‌ ദൈവം എന്നെ കൈ പിടിച്ചുയര്‍ത്തി)

Friday, May 26, 2006

കിണറ്റില്‍ വീണ കഥ -3

രക്ഷപ്പെട്ട എന്റെ സന്തോഷം ചില്ലറ ആയിരുന്നില്ല. കഷ്ടി ഒരു മണിക്കൂര്‍ മുന്‍പേ മരണം നൂറു ശതമാനവും ഉറപ്പിച്ച ഞാന്‍ ഇതാ വീണ്ടും ജീവിതത്തിന്റെ ഹൈസ്പീഡ്‌ ട്രാക്കില്‍ തിരിച്ചെത്തിയിരിക്കുന്നു. ആദ്യം ഞാന്‍ മനസാ ജതി,മത,വര്‍ഗ്ഗ പരിഗണനകളില്ലതെ ദൈവത്തിനു നന്ദി പറഞ്ഞു. എന്നെ കരക്കുകയറ്റാന്‍ ശ്രമിച്ച റെസ്ക്ക്യൂ ടീമിനും മറ്റു പോട്ടക്കര്‍ക്കും നന്ദി പറയാന്‍ മുതിര്‍ന്നില്ല. കാരണം അങ്ങിനെ ഔപചാരികമായ ഒരു നന്ദി പറച്ചിലിലൂടെ തീര്‍ക്കാവുന്ന ഒരു കാര്യമല്ലല്ലോ ജീവന്‍ രക്ഷിക്കുക എന്നത്‌. മേലെയെത്തിയ ഉടനെ എന്നെ വിവസ്ര്തനാക്കുവാന്‍ ശ്രമിക്കുകയാണ്‌ എല്ലവരും കൂടി ചെയ്തത്‌. അരൊക്കെയോ ചേര്‍ന്ന്‌ എന്റെ ഷര്‍ട്ട്‌ അഴിച്ചു. മറ്റു ചിലര്‍ മുണ്ടും. വീണ്ടും എന്നെ ത്രിബ്ബിള്‍ എക്സ്‌ ആക്കാനായി ശ്രമം തുടങ്ങിയപ്പോള്‍ ഞാന്‍ ശക്തമായി തന്നെ തടഞ്ഞു. തെയ്യന്‍, ശ്രീമാന്‍, ഗോജരാജ തുടങ്ങിയ എന്റെ ചില സ്നേഹിതരാണ്‌ എന്നെ പരിപൂര്‍ണ്ണനാക്കാന്‍ കാര്യമായി ശ്രമിച്ച്തത്‌. കാരണം നാളെ മുതല്‍ പറഞ്ഞു ചിരിക്കാന്‍ വേണ്ടി. ആരോ എന്റെ തലയും ദേഹവും നല്ലവണ്ണം തോര്‍ത്തി തന്നു.


അതിനിടെ വലിച്ചെടുത്ത കയറിന്റെ അറ്റത്ത്‌ കണ്ട ചെരുപ്പ്‌ കയ്യിലെടുത്ത്‌ ഇക്രുവേട്ടന്‍ വീണ്ടും വയലന്റായി അത്‌ തിരികെ കിണറ്റിലെറിയാന്‍ ശ്രമിച്ചത്രേ. എന്നെ കാര്‍പോര്‍ച്ചിലേക്ക്‌ എല്ലാവരും ചേര്‍ന്ന്‌ ആനയിച്ചു. അപ്പോഴേക്കും സമയം എട്ടര ആയി. കാര്‍പോര്‍ച്ചിനോട്‌ ചേര്‍ന്നായിരുന്നു മാഗി എന്ന പെണ്‍കുട്ടിയുടെ വീട്‌. പെണ്‍കുട്ടിയല്ല ച്ചേച്ചി എന്നു വിളിക്കുന്നതായിരിക്കും ശരി. ഞാന്‍ നാലാം ക്ലാസ്സിലായിരുന്നപ്പോള്‍ അവള്‍ ഏഴാം ക്ലാസ്സില്‍ ഉണ്ടായിരുന്നു. മാഗി, അപ്പന്‍, അമ്മ എന്നിവര്‍ ഈ ഒരു മണിക്കൂറും പ്രര്‍ത്ഥനയിലായിരുന്നുവത്രേ! എന്തോ ചില ബഹളം കേട്ടെങ്കിലും അതു നാടകത്തെ സംബന്ധിച്ചതായിരിക്കുമെന്നു കരുതി പ്രാര്‍ത്ഥന തുടര്‍ന്നത്രേ. മാഗിയുടെ അപ്പന്റെ നിരാശ അതിഭയങ്കരമായിരുന്നു. മൂക്കിനു താഴെ ഇങ്ങിനെയൊരു സംഭവം നടന്നിട്ട്‌ അറിഞ്ഞില്ലെന്നുപറഞ്ഞാല്‍.......ണാളെ മുതല്‍ ഒരു നാലു വാരം ചായക്കട, വീടിന്റെ പടിക്കലുള്ള ബുഡ്ഡാ സല്ലാപം തുടങ്ങി എത്രയെത്രെ സ്ഥലങ്ങളില്‍ നിറഞ്ഞു വിവരിക്കാന്‍ പറ്റിയ ന്യൂസ്‌ ആയിരുന്നു. ആള്‍ ഒരു ആവശ്യവും ഇല്ലാതെ ഭാര്യയോട്‌ കയര്‍ത്തു- നിനക്കെന്താണ്ട്രീ ഇവിടെ കാര്യം?..ഭാര്യയാകട്ടെ ആ മെരട്ടല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ്‌ വേറെയാരില്‍ നിന്നോ സംഭവം ഡിഫേര്‍ഡ്‌ ലൈവ്‌ ആയി ശ്രദ്ധിക്കുകയായിരുന്നു. കിണറ്റില്‍ വീണതിനേക്കാള്‍ എന്നെ വേദനിപ്പിച്ച സംഭവമാണ്‌ ഇനി ഉണ്ടായത്‌. മാഗിക്കും അമ്മക്കും കഥ പറഞ്ഞുകൊടുത്ത ആള്‍ക്ക്‌ എന്നെയോ എന്റെ പേരോ അറിയുമായിരുന്നില്ല. സ്വാഭവികമായും മാഗി എതാ ചേട്ടാ ആള്‌ എന്നു ചോദിക്കുന്ന കേട്ടു. വയസ്സിനു തഴെയുള്ള ടോര്‍ച്ച്‌ കൈയിലുള്ള എല്ലാ സാമദ്രോഹികളും കൂനിക്കൂടി നില്‍ക്കുന്ന എന്റെ നേരെ ടോര്‍ച്ചടിച്ചു. അതു മുന്‍ക്കൂട്ടികണ്ട ഞാന്‍ ഉള്ള ബാക്കി ശക്തി ഉപയോഗിച്ച്‌ എയറുപീടിച്ചു നിന്നു. നീന്തല്‍ മത്സരത്തിനുള്ള വേഷത്തില്‍ ഒരു യുവകോമളനെ കണ്ട അവള്‍ "അരേ സബ്‌ കു'്‌ ദ്തോ ഹേ!" എന്ന്‌ മൂക്കത്തുവിരല്‍ ചേര്‍ത്ത്‌ അയേ!??ന്ന മട്ടില്‍ പറഞ്ഞു. എന്തിനേറെ പറയണം കൂനിന്മേല്‍ കുരു അതുമെയൊരു കൊതു ആ കൊതുകിന്‌ എയിഡ്സ്‌ എന്നു പറഞ്ഞപോലെയായീ എന്റെ കാര്യങ്ങള്‍. അവള്‍ എന്നെ സര്‍വ്വാംഗം വീക്ഷിച്ച്‌ പരിക്കുകള്‍ വിലയിരുത്തുന്നത്‌ വരെ ടോര്‍ച്ചടിച്ച്‌ എന്നെ വെളുപ്പിക്കുന്നതില്‍ ഒരുത്തനും പിശുക്ക്‌ കാട്ടിയില്ല. അതിനു ശേഷം എന്നെ എപ്പോള്‍ കണ്ടാലും വായ പൊത്തി ചിരിച്ച്‌ വേഗം നടന്നു പോകലായിരുന്നു മാഗിചേച്ചിയുടെ ജോലി,,അപ്പോളൊക്കെ ഞാന്‍ അറിയതെ വീണ്ടും എന്റെ മനസ്സില്‍ ആ അശിരീരി മുഴങ്ങും....(അരേ! സബ്‌ കു'്‌ ദ്തോ ഹേ യാര്‍). കഥ അവിടം കൊണ്ടും തീര്‍ന്നില്ല. ഇന്ന്‌ വിവാഹിതയായി രണ്ടുകുട്ടികളുടെ അമ്മയായി കഴിഞ്ഞ മാഗിയുടെ രണ്ടു കൊച്ചുകുഞ്ഞുങ്ങളും എന്നെ കാണുമ്പോല്‍ വായ പൊത്തി ചിരിക്കുന്നു.

പിന്നീട്‌ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞായിരുന്നു ബഹളം. ശരീരം ആകെ കീറിപറഞ്ഞെങ്കിലും കാര്യമായ പരിക്കുകള്‍ ഒന്നും ഉള്ളതായി എനിക്ക്‌ തോന്നിയില്ല. അതുകൊണ്ടുതന്നെ ഞാന്‍ എതിര്‍ത്തു. പിന്നെ മുന്‍പ്‌ കിണറ്റില്‍ വീണ്‌ ചത്തിട്ടുള്ള ഒരോരുത്തരുടെ കഥകളായി നാട്ടുകാരുടെ വിളമ്പല്‍. ഒരു കള്ളന്‍ പരിയാരത്ത്‌ (അടുത്ത ഗ്രാമം) കിണറ്റില്‍ വീഴുകയും നാട്ടുകാര്‍ പിടിച്ച്‌ കയറ്റി, അന്തസ്സായി ഒരു ചായ കുടിക്കുകയും ചെയ്ത്‌ നടന്നുപോയി. കൃത്യം മൂന്നു മണിക്കൂര്‍ കഴിഞ്ഞു "ഠിം..." ആ ഗെഡി സിന്ദഗിയില്‍ നിന്നേ സ്കൂട്ടായത്രേ! ഇതു കേട്ടതും എന്റെ കിളി പറന്നുപോയി. ഇനി മൂന്നു മണിക്കൂര്‍ കൌണ്ട്‌ ഡൌണ്‍ തുടങ്ങണമല്ലോ ദൈവമേ! എന്തായാലും റെസ്ക്ക്യൂ ടീം ക്യാപ്റ്റന്‍ തന്നെ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ചുമതലയും ഏറ്റെടുത്തു. ഓട്ടോറിക്ഷ വിളിക്കാം എന്ന അഭിപ്രായത്തെ ഞാന്‍ എതിര്‍ത്തു. നടന്നു തന്നെ ആശുപത്രിയില്‍ പോയി എന്റെ സ്റ്റാമിന തെളിയിക്കണമെന്ന്‌ എനിക്ക്‌ വല്ലാത്ത ആഗ്രഹം തോന്നി. അങ്ങിനെ അവിടെ നിന്ന്‌ ഏകദേശം അര കിലോമീറ്റര്‍ അകലെയുള്ള ധന്യ മിഷന്‍ ഹോസ്പിറ്റല്‍ വരെ എന്നെയും, തെയ്യന്‍, സൂരജ്‌, രാജീവ്‌ എന്നിവരെ നയിച്ചു കൊണ്ട്‌ കാട്ടാളന്‍ ജോസ്‌ പുറപ്പെട്ടു. ആശുപത്രിയില്‍ ചെന്ന്‌ മൈനര്‍ സര്‍ജറി എന്ന റൂമിലിരുന്ന്‌ സിനിമക്കഥയോ മറ്റോ ചര്‍ച്ച ചെയ്യുകയായിരുന്ന നേഴ്സുമാരോട്‌ പൊതുവേ മന്ദയായ തെയ്യന്‍ ഷൈജു പ്പറഞ്ഞു "ഇവന്‍ കിണറ്റില്‍ വീണു. ഒരു പോയ്സന്റെ ഇഞ്ചക്ഷന്‍ എടുക്കണം, കൂടതെ മരുന്ന്‌ വച്ച്‌ മുറിവെല്ലാം കെട്ടണം, പണം എത്ര വേണമെങ്കിലും തരാം." ഇതു കേട്ട നേഴ്സുമാര്‍ ആദ്യം തന്നെ പു'ം കലര്‍ന്ന ഒരു നോട്ടം തെയ്യനു നല്‍കിയിട്ട്‌ അടിമുടി ചോരക്കറ പുരണ്ട ഷര്‍ട്ടുമിട്ട്‌ അവശനായി നില്‍ക്കുന്ന എന്നെ ആപാദചൂഡം സ്കാന്‍ ചെയ്തിട്ട്‌ പറഞ്ഞു-"അയ്യോ... കിണറ്റില്‍ വീണാല്‍ ഡോക്ടറെ കാണാതെ ഞങ്ങള്‍ തൊടില്ല. ഇത്‌ ആത്മഹത്യാ ശ്രമത്തിന്റെ വകുപ്പില്‍ വരുന്നതുകൊണ്ട്‌ നിങ്ങള്‍ ദയവുചെയ്ത്‌ ഒരു ചീട്ടെടുത്ത്‌ ഡ്യൂട്ടി ഡോക്ടറെ ഒന്നു കാണൂ". ആവശ്യമില്ലാത്തിടത്ത്‌ കയറി വേണ്ടാത്തതു പറഞ്ഞ തെയ്യാ, നിനക്ക്‌ പുറത്തിറങ്ങിയിട്ട്‌ അതിനുള്ള മിഠായി തരാം എന്നു കണ്ണിന്റെ ഒരു ചലനത്തിലൂടെ തെയ്യനു മെസ്സേജ്‌ പാസ്സ്‌ ചെയ്തിട്ട്‌ കാട്ടാളന്‍ നയചാതുരിയോടെ ഇടപെട്ട്‌ കുത്തിവയ്പ്പും ദേഹത്ത്‌ കയറിയ മുള്ളുകളുടെ ഒരു ശതമാനവും സിസ്റ്റര്‍മാരെ കൊണ്ട്‌ എടുപ്പിച്ച്‌ ഡ്രസ്സ്‌ ചെയ്യിപ്പിച്ചു. രണ്ടു കൈപ്പത്തി, ഇടതു കൈത്തണ്ട എതാണ്ട്‌ മുഴുവന്‍, ഇടതുവശം ചേര്‍ന്ന്‌ പള്ള, നെഞ്ച്‌, തുടങ്ങി ഒരു നാലു സ്ഥലങ്ങളില്‍ ഇങ്ങനെ ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ കിലുക്കത്തിലെ ജഗതിയുടെ റോള്‍ ആയി. ആശുപത്രിയില്‍ ആയ ഇരുപത്തിയേഴ്‌ രൂപ അമ്പത്‌ പൈസ കാട്ടളന്‍ പേ ചെയ്തു.

പുറത്തിറങ്ങി വീട്ടിലേക്ക്‌ നടക്കുന്നതിനിടെ പോട്ട പള്ളിയുടെ മുന്‍പില്‍ വച്ച്‌ പോക്കറ്റ്‌ തപ്പിയപ്പോള്‍ അതില്‍ ആകെ ഉണ്ടായിരുന്ന പത്ത്‌ പൈസ അങ്ങിനെ തന്നെ കിടപ്പുണ്ടായിരുന്നു. വേഗം അതെടുത്ത്‌ പള്ളിയിലെ കന്യാമറിയത്തിന്റെ കപ്പോളയുടെ ഭണ്ഡാരത്തിലിട്ടു. തിരിച്ച്‌ നാടകവീട്ടിന്റെയവിടെ എത്തിയപ്പോള്‍ കാട്ടാളന്‍ അങ്ങോട്ട്‌ സ്കൂട്ടാവുകയാണെന്നു പറഞ്ഞു. കാട്ടളനോട്‌ ഒരു ഫോര്‍മാലിറ്റിക്കു വേണ്ടി താങ്ക്സ്‌ എന്നു പറഞ്ഞ്‌. അവന്‍ ചെയ്ത സഹായത്തിന്റെ വില കുറക്കണോ എന്ന എന്റെ ആശയക്കുഴപ്പം മനസിലാക്കി കാട്ടാളന്‍ എന്നെ പുറത്ത്‌ തട്ടി "നീ വീട്ടില്‍ പോ.... നാളെ കാണാം, വീട്ടില്‍ ന്യൂസ്‌ എത്തുന്നതിനുമുന്‍പ്‌ വീടെത്താന്‍ നോക്ക്‌" എന്നു പറഞ്ഞു ആ ഡിലെമയില്‍ നിന്നെന്നെ രക്ഷിച്ചു. (കാട്ടാളന്‍ എന്റെ ഒരു സുഹൃത്തൊന്നുമായിരുന്നില.്ല‍, അതു വരെ....പോട്ട ജങ്ങ്ഷനില്‍ എന്നും കാണുന്ന ഒരു ചേട്ടന്‍. അത്ര മാത്രം)

തെയ്യന്‍, സൂരജ്‌, രാജീവ്‌, ബി. എസ്‌. ഏ ഡീലക്സ്‌ മാരോടൊപ്പം വീട്ടിലെത്തി ഞാന്‍ പറഞ്ഞിട്ടാണ്‌ വീട്ടുകാര്‍ വിവരം അറിഞ്ഞത്‌. നേരം വൈകിയതിന്‌ പറയാന്‍ കരുതി വച്ചിരുന്ന ചീത്തയെല്ലാം ദേഹം നിറയെ പന്തകെട്ടുമായി എന്നെ കണ്ട ഞെട്ടലില്‍ എങ്ങോ പോയി മറിഞ്ഞു. എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി കിണറ്റുകരയില്‍ ഉണ്ടായിരുന്ന ഭാസിചേട്ടന്‍ (എന്റെ തൊട്ടയല്‍ വാസി) മികച്ചൊരു നീക്കത്തിലൂടെ വീടിന്റെ കുറച്ചകലെ മാറി നിലയുറപ്പിച്ചിരുന്നു. വിവരമറിഞ്ഞ്‌ ഓടിയെത്തിയ എന്റെ
അയലക്കസുഹൃത്തുക്കളായ ഗഗനന്‍, കുഞ്ചി, കേരു എന്നിവരെ ഞാന്‍ ആശുപത്രിയിലേക്ക്‌ പോയിരിക്കുകയാണ്‌ അവന്‍ വന്നിട്ട്‌ വീട്ടിലേക്ക്‌ പോകാം എന്നു പറഞ്ഞ്‌ തടഞ്ഞുനിര്‍ത്തിയിരിക്കുകയായിരുന്നു. എന്നെ കാണാതെ ഞാന്‍ കിണറ്റില്‍ വീണു എന്നറിഞ്ഞാല്‍ (അതും പോരോത്ത്‌ തോമയുടെ അതി പുരാതനമായ മരണകിണറ്റില്‍) വീട്ടില്‍ നിന്ന്‌ ഒരു കൂട്ടക്കരച്ചില്‍ മിനിമം പ്രതീക്ഷിക്കാം. ഭാസി ചേട്ടന്റെ തന്ത്രപൂര്‍വ്വമായ സമീപനം അതില്‍ നിന്ന്‌ രക്ഷിച്ചു. കൂട്ടുകാരോടും വീട്ടുകാരോടും കാര്യങ്ങള്‍ വിവരിച്ച്‌ ഞാന്‍ മൂന്നു മണിക്കൂര്‍ എന്ന കടമ്പ കടക്കുന്നത്‌ വരേ കൂട്ടുകാരെ അവിടെ പിടിച്ചിരുത്തി. അന്നെന്തയാലും എനിക്ക്‌ ഊണുകഴിക്കാന്‍ തോന്നിയില്ല. ആടുത്ത ദിവസം എണീറ്റപ്പോളാണ്‌ ഇന്നലെ തൂങ്ങിയതും ആടിയതും ഒരു ഉഗ്രന്‍ എക്സര്‍സൈസ്‌ ആയിരുന്നുവെന്ന്‌ മനസിലായത്‌. ശരീരം ആകെ ഇടിച്ചു നുറുക്കിയ വേദന. മുള്ളു
കയറിയ സ്ഥലങ്ങളെല്ലാം നീരു വന്ന്‌ മുള്ളുകള്‍ ഒരു മുനമ്പു പോലെ പൊന്തി നീലക്കളറില്‍ നില്‍ക്കുന്നു. മെനക്കെട്ടിരുന്ന്‌ വളരെയധികം മുള്ളുകള്‍ എടുത്ത്‌ കളഞ്ഞു.ഇനി ഒരാഴ്ച്ചത്തേക്ക്‌ എന്തായാലും മെഡിക്കല്‍ ലീവ്‌ എടുക്കേണ്ടിവരും എന്നുറപ്പായി. ഇന്നത്തെപ്പോലെയല്ല അന്ന്‌ ഒരു ദിവസം വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുക എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം അടൂര്‍ ഗോപാലകൃഷ്ണന്റെ പടം കാണുന്നതിലും ദുഷ്ക്കരമായിരുന്നു. വേറെ വഴിയൊന്നുമില്ലല്ലോ. ലീവ്‌ എടുക്കുക തന്നെയെന്ന്‌ തീരുമാനിച്ചു.

(അവസാനിക്കുന്നില്ലാ.....)

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.