ഇടിവാളിന്റെ ക്യാപ്റ്റന്‍ എന്ന പോസ്റ്റ് എല്ലാവരും വായിച്ചുട്ടുണ്ടായിരുക്കുമല്ലോ? യഥാര്‍ത്ഥത്തില്‍ ഞാന്‍ എഴുതാന്‍ വച്ച ഒരു പോസ്റ്റ് എനിക്കു മുമ്പേ അവന് പോസ്റ്റി.
തൃശ്ശൂര്‍ നഗരത്തിന് ഇന്നത്തെ പേരും പ്രശസ്തിയും കിട്ടാന്‍ എന്താ കാരണം? വിശ്വവിഖ്യാതമായ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഇരിക്കുന്ന സ്ഥലം എന്ന ആ പേരു തന്നെ (എന്ന് ഞങ്ങള്‍ എല്ലാക്കാലവും പറയും വിശ്വസിക്കും. എതിരുള്ളവര്‍ക്ക് പോയി കേസു കൊടുക്കാം.)
എം.ടി.ഐ യുടെ ചരിത്രത്തില്‍ ആദ്യമായി അവിടെ ഇലക്ട്രോണിക്സ് എന്ന ബാച്ച് വന്ന കഥയൊക്കെ ഞാന്‍ മുന്‍ പോസ്റ്റില്‍ വിശദീകരിച്ചുണ്ടായിരുന്നല്ലോ? അതില്‍ പ്രസ്താവിച്ചിരുക്കുന്ന സൂപ്പര്‍ സെവന് എന്ന ടീമിലെ മെംബര്‍ ആയിരുന്നു ഇടിവാളും. ഏറ്റവും അലമ്പ് 7 പേര് എന്നേ ഈ പേരിനര്‍ത്ഥമുള്ളൂ എന്ന് വരുകിലും അത് ഒരു ഒന്നൊന്നര ടീമായിരുന്നു. രണ്ടാം വര്‍ഷം അപ്രതീക്ഷിതമായി, കോളേജ് ക്രിക്കറ്റ് ടീമിന്റെ ലിസ്റ്റ് വന്നപ്പോ എല്ലാവരും ഞെട്ടിപ്പോയി. ചെറിയാന്, ശിവന്, കണ്ണട രാജേഷ്, പരമന് എന്നിവര്‍ ടീമില്‍! വൈസ്ക്യാപ്റ്റനായി സാക്ഷാല്‍ ഇടിവാളും!!!!
അന്വേഷണം ഞാന്‍ അഴിച്ചു വിട്ടു. അപ്പോഴാണറിയുന്നത്. ടീം സെലക്ഷന് എന്ന് പറഞ്ഞ് ഒരു പരിപാടി ഉണ്ട്. അന്ന് താല്പര്യമുള്ളവര് ഹോസ്റ്റല്‍ ഗ്രൌണ്ടില് വരിക. രണ്ടോവര്‍ ബൌള്‍ ചെയ്യാം. രണ്ടോവര്‍ ബാറ്റ് ചെയ്യാം. പ്രകടനം, മുന്‍ ക്യാപറ്റന്മാരും പീഡി എന്ന് വിളിക്കുന്ന പീട്ടിമാഷ് ഗെഡിയും, മെയിലിപ്പാടം ടീമിന്റെ സ്റ്റാര്‍ പ്ലെയറും ത്രിശ്ശൂര് ജില്ലാ ടീം ഗെഡിയുമായ ജോണ്‍സനും നിരീക്ഷിക്കും. അതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 15 പേര് ആണ് എം.ടി.ഐ ടീം. ഈ സെലക്ഷന് നടക്കുന്ന അന്ന് എന്തോ ഞങ്ങളുടെ ക്ലാസിലെ എല്ലാവന്മാരും അവിടെ എത്തി രണ്ടോവറെങ്കില്‍ രണ്ടോവര്‍ പ്രകടനം നടത്തിയത്രേ. ജഡ്ജസ് ഇമ്പ്രസ്ഡ് ആകുകയും അവരെ ടീമിലെടുക്കയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത്. ലിസ്റ്റ് വന്നപ്പോള്‍ വെറും 20 പേരുള്ള ഇലക്ട്രോണിക്സീന്ന് 5 പേര് എന്നത് മുറുമുറുപ്പുണ്ടാക്കിയെങ്കിലും ഒരു ഇഷ്യൂ ആയില്ല.
അങ്ങനെ ഇടിവാളിന്റെ വൈസ്ക്യാപ്റ്റന്‍സിയില്‍ ആ വര്‍ഷം ഞങ്ങള്‍ ഇന്റര്‍ പോളീ ടൂര്‍ണമെന്റിനു പോയി മനോഹരമായി പതിവുപോലെ പുറത്തായി. ഇതൊന്നും ഒരു വാര്‍ത്തയല്ല. എന്റെ പോസ്റ്റിന്റെ ഉദ്ദേശം ഇതുമല്ല.
മൂന്നാം വര്‍ഷം പിറന്നു. ഇതാദ്യമായി ക്ലാസുകള്‍ തമ്മില്‍ ഒരു ലീഗ് മത്സരം ആരംഭിച്ചു. എല്ലാ ക്ലാസുകളും തയാറിയായി. ടീം തിരഞ്ഞെടുപ്പ് നടത്തി. 20 പേരുള്ള ഞങ്ങളുടെ ക്ലാസില്‍ 3 പേര് സ്ത്രീകളാണ്! ബാക്കി 17 ല്‍ നിന്ന് 11 പേരെ തിരഞ്ഞെടുക്കണം! അതില്‍ തന്നെ 9 പേരോളം പഠിപ്പിസ്റ്റ് തെണ്ടികള്! കളിക്കാനൊന്നും ഞങ്ങളെ കിട്ടില്ല എന്ന് പറഞ്ഞ് 24 മണിക്കൂറും വിജ്ഞാന് വര്‍ദ്ധിപ്പിക്കാന്‍ നടക്കുന്ന അരസികന്മാര്. ടീം ലീഗിനിറങ്ങിയില്ലെങ്കില്‍ നമ്മുടെ ക്ലാസിലെ ക്ലാസിക് പ്ലേയേര്‍സിന് ഇടിവാളടക്കം ടീമില്‍ പോലും സ്ഥാനം ഉണ്ടാകില്ല!!!!
ചര്‍ച്ച, അപേക്ഷ, കരച്ചില്, ഭീഷണി, മേഡ് എല്ലാം നടത്തി കറക്റ്റ് 11 പേര് ടീമിലായി. ഞാനടക്കം.
ആദ്യത്തെ ടീം മീറ്റിംഗ് നടന്നു. 11 പേരുടെ. എന്റെ പൊസിഷന്‍ നിര്‍ണ്ണയിക്കപ്പെട്ടു: ബാറ്റിംഗ് ലാസ്റ്റ് മാന്‍! ബൌളിംഗ് -ഇല്ല. ഫീല്‍ഡിംഗ് പൊസിഷന്‍: ത്രിശ്ശൂര് മൃഗശാലയിലെ ഒട്ടകകൂടിനോട് ചേര്‍ന്ന് ബൌണ്ടറിയില്‍. സിക്സടിച്ച് പന്ത് ഒട്ടകകൂട്ടില്‍ പോയാല്‍ പത്തടി പൊക്കവും ഒരു അടി കമ്പിവേലിയുമുള്ള മതില് ചാടി പന്തെടുക്കണം. ഈ ഒട്ടകങ്ങള്‍ നമ്മള് പന്തെടുക്കന്നതുവരെ അങ്ങേ മൂലയ്ക്കല്‍ നീ വന്ന് പന്തെടുത്തോടാ ഗെഡീ എന്ന പോലെ നിക്കും. പന്ത് നമ്മള് എടുത്താല്‍ മൂന്നെണ്ണമുണ്ട് പീടീ ഉഷ വരുന്ന പോലെ പാഞ്ഞ് വരും. വന്ന് അടുത്ത് നില്ക്കുകയേ ഉള്ളൂ ഒന്നു ചെയ്യില്ല. എന്നാലും ആ വരവ് ഒരു വല്ലാത്ത വരവായിരുന്നു. നമ്മളെ ബലാല്‍സംഘം ചെയ്യാന്‍ വരുന്നപോലെയുള്ള ഒരു വരവ്!!
ആ ബൌണ്ടറി ഫീല്‍ഡര്‍ ആയി എന്നെ നിശചയിച്ചു. സൂപ്പര്‍ സെവനെ ഓര്‍ത്തും എതിര്‍ത്താല്‍ പഠിപ്പിസ്റ്റ് തെണ്ടികളെ ഈ പൊസിഷനില്‍ നിയോഗിക്കേണ്ടി വരും എന്നും, കളി കല്ലിവല്ലി എന്ന് പറഞ്ഞ് അവന്മാര് ഏണീറ്റ് പോകും എന്നും അറിയുന്ന ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം സമ്മതിച്ചു.
മീറ്റിംഗിലെ അടുത്ത് ഊഴം: ആരായിരിക്കും ക്ലാസ് ക്യാപ്റ്റന്‍? ശ്മശാന മൂകത. ആരും ഒന്നും പറയുന്നില്ല! ഇലക്ട്രോണിക്സ് അവസാനവര്‍ഷം ക്ലാസിന്റെ ക്യാപ്റ്റന്‍ കോളേജ് ക്യാപ്റ്റനാകും എന്ന് 100 തരം.ഇടിവാള്‍ എന്ന് സംശയലേശമില്ലതെ ആരെങ്കിലും പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷേ ടീമിലെ പുപ്പുലികള്‍ക്കൊക്കെ ആരെങ്കിലും എന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആശ! ചുമ്മാ കിട്ടുന്നത് കോളേജ് ക്യാപ്റ്റന്‍ സ്ഥാനമാണ്!
എല്ലാവരും നിശബ്ദര്. എന്നിലെ കുടിലന് ഉണര്‍ന്നു. ഞാന്‍ എണീറ്റ് ഡെസ്കില്‍ നാലടി അടിച്ചു:
ഡായ്... ഞാന്‍ അലറി.
എന്തടടേയ്.... എല്ലാവരും ഒന്നിച്ച് ചോദിച്ചു.
ഇപ്പോള്‍ നമ്മുടെ ടീമില്‍ 11 പേര് ഉണ്ട് അല്ലേ? - ഞാന്‍
അതേ ബാക്കി 6 ആണ് സിംഹങ്ങള്‍ ഉണ്ടല്ലേ. അവരാരും കളിക്കാന്‍ വരില്ല. പഠിപിസ്റ്റുകളാണല്ലേ?
അതേഡയ്ക്ക. ഒക്കെ തെണ്ടികളാണ്. എല്ലാ പ്രയോഗവും നടത്തി നോക്കി. രക്ഷയില്ല. അതല്ലേ നിന്നെ ടീമിലെടുത്തത്.
അതായത് 11 ആമനായി എന്നെ എടുത്തു. അല്ലേഡാ.... ടീം എണ്ണം തികയ്ക്കാന്‍ വേണ്ടി മാത്രം.
സംശയമെന്ത്? കൃക്കറ്റ് കളി ടീവിയില്‍ മാത്രം കാണുന്ന നിന്നെ എണ്ണം തികയ്ക്കുക എന്ന ഒരൊറ്റ തന്ത്രത്തില്‍ മാത്രം ടീമിലെടുത്തതാണ്.
ഓ ഹോ. അതുശരി. അപ്പോ ഞാന്‍ കളിക്കില്ല എന്ന് തീരുമാനിച്ചാല്‍ നമ്മുടെ ക്ലാസിന് ടീമേ ഉണ്ടാകില്ല. നിങ്ങള്‍ ഈ പുലികള്‍ക്ക് കോളേജ് ടീമില്‍ വരാന്‍ പോലും കഴിയില്ല. അല്ലേ മക്കളേ....
അതേ....സങ്കു. പക്ഷേ നീ ഉണ്ടല്ലോ? നിനക്ക് ക്ലാസ് സ്പിറ്റിറ്റ് കൂടുതലാണല്ലോ?
-ഹ ഹ (എന്നില്‍ കുടിലബുദ്ധി ഉണര്‍ന്നു. ഇതാ ഈ ക്ലാസിന്റെ ക്യാപറ്റനാകാന്‍ നിനക്കൊരവസരം. ഇതു മുതലാക്കിയില്ലെങ്കില്‍ പിന്നെ നീ എന്നോട് മിണ്ടണ്ട. എന്റെ മനസാക്ഷി എന്നോട് പറഞ്ഞു:) ഞാന്‍ കളിക്കണം എന്നുണ്ടെങ്കില്‍ മൂന്ന് നിബന്ധനകള്‍ ഉണ്ട്: ഒന്ന് നമ്മുടെ ക്ലാസിന്റെ ക്യാപ്റ്റന്‍ ഞാനായിരിക്കും.
നീയോ എന്ന് ബാക്കിയുള്ള പത്ത് കണ്ഠങ്ങളില്‍ നിന്നും ഒരു മര്മ്മരം ഉയര്‍ന്നു
രണ്ട്: ബാറ്റിംഗില്‍ ലാസ്റ്റ്മാന്‍ എന്നതും ബൌളിംഗ് തരില്ല എന്നതും ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ ഒട്ടകക്കൂട്ടില്‍ തലയിടാന്‍ എന്നെ കിട്ടില്ല. ഫാസ്റ്റ് സ്ലിപ് എന്ന പൊസിഷനില്‍ ഞാനായിരിക്കും മുഴുവന്‍ സമയവും ഫീല്‍ഡര്‍.
മൂന്ന്: ക്യാപ്റ്റന്‍ എന്ന നിലയില്‍ പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ഞാന്‍ ഒരു ഏഴാം കൂലി ആണ്, റബ്ബര്‍ സ്റ്റാമ്പ് ക്യാപ്റ്റനാണ് എന്നൊന്നും തോന്നിപ്പിക്കരുത്. അങ്ങനെ ഉണ്ടാകുന്ന പക്ഷം ഞാന്‍ കളിക്കളം വിടുകയും, നിങ്ങള്‍ 10 പേരെ വച്ച് കളിക്കേണ്ടി വരികയും ചെയ്യും.
ഞാന്‍ ഇടിവാളിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന വില്‍സ് പാക്കറ്റ് കൈ നീട്ടിയെടുത്തു. ഒരു വശം തുറന്ന് അതിലുണ്ടായിരുന്ന രണ്ട് സിഗരറ്റുകളില്‍ ഒന്ന് ഞാന്‍ കടിച്ചെടുത്ത്.
ഞെട്ടലില്‍ ഇരിക്കുകയായിരുന്ന മറ്റു ടീമംഗങ്ങളില്‍ ആരോ എനിക്ക് ഒരു ഷിപ്പ് മാര്‍ക്ക് തീപ്പെട്ടി കൈമാറി. ഞാന്‍ അതില്‍ നിന്ന് ഒരു കൊള്ളിയെടുത്ത് കത്തിച്ചു. സിഗരറ്റിലേക്ക് തീ കൊണ്ടു പോകുന്നതിന് മുമ്പ് എല്ലാവരേയും ഒന്നു നോക്കി.
ക്ലാസിക് പ്ലെയേര്‍സ് ഞെട്ടി ഇരിക്കുന്നു. ക്രിക്കറ്റുകളി എന്താണെന്നറിയാത്ത കാടന്‍ സ്വന്തം നഖത്തിനിടയില്‍ ചെളി തീര്‍ത്ത ചന്ദ്രക്കല നോക്കിയിരിക്കുന്നു.
ഞാന്‍ സിഗററ്റ് കത്തിച്ചു. അലസമായി പുക വിട്ടുകൊണ്ട് എണീറ്റു: സിഗരറ്റ് ഉയര്‍ത്തിക്കാട്ടി കൊണ്ട് ഞാന്‍ പറഞ്ഞു. ഈ സിഗരറ്റ് കത്തി വലിച്ചു തീരുന്നതു വരെ ഞാന്‍ പുറത്തു നിക്കും. എന്റെ ഡിമാന്റുകള്‍ അംഗീകരിച്ചാല്‍ നമ്മുടെ ക്ലാസിനു ടീമുണ്ടാകും. അല്ലാത്ത പക്ഷം ലീഗില്‍ പോലും കളിക്കാനാകാതെ നമുക്ക് ഇവിടെ നിര്‍ത്തേണ്ടി വരും. ഓക്കേ മക്കളേ...
ഞാന്‍ പുറത്ത് വരാന്തയി നിന്ന് സിഗരറ്റ് പുക ഊതിയൂതി വിട്ടു. കാല് ഭാഗം സിഗററ്റു പോലും ആയില്ല അതിനുമുമ്പേ അകത്തേക്ക് വിളിപ്പിക്കപ്പെട്ടു.
എന്റെ ഡിമാന്റുകളെല്ലാം അംഗീകരിച്ചിരിക്കുന്നു. പക്ഷേ, ക്യാപ്റ്റനായി ടോസ് ഇടാനൊക്കെ എനിക്കധികാരം ഉണ്ടായിരിക്കും. പക്ഷേ ഫീല്‍ഡിംഗ് പൊസിഷന്‍സ്, ബൌളറെ ചെയ്ഞ്ച് ചെയ്യല്‍ തുടങ്ങിയ നക്കാപിച്ച കാര്യങ്ങളില്‍ ഇടപെടാന്‍ വരരുത്.
എടേയ്, കാണികള്‍ക്കിടയില്‍ എന്റെ ഗ്ലാമറ്.
ഗ്ലാമറ് നിന്റെ @#$%^&*....... (ഇത് കോറസ്സായിരുന്നു.)
ഓക്കേ, എനിക്ക് സമാധാനമായി. ചുളിവില്‍ ക്യാപ്റ്റന്‍സി കിട്ടിയല്ലോ?
യഥാര്‍ത്ഥത്തില്‍ നടന്നത് 6 പുലികള്‍ കോളേജ് ടീമിലുണ്ട്. നമ്മുടെ ക്ലാസിന്റെ ക്യാപ്റ്റന്‍ സ്വാഭാവികമായും കോളേജ് ടീം ക്യാപ്റ്റന്‍ ആകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒന്നാം വര്‍ഷം മുതല്‍ കോളേജിലെ മികച്ച കളിക്കാരെ കണ്ടുപിടിക്കാന്‍ പീഡിയെ സഹായിച്ചും, ക്രിക്കറ്റ് ഐറ്റംസ് ആയ മാറ്റ്, സ്റ്റംമ്പുകള്‍, ബാറ്റുകള്‍ പേഡുകള്‍ തുടങ്ങി എല്ലാത്തിന്റെയും സൂക്ഷിപ്പുകാരനും ഇന്റര്‍ പോളീ ടൂര്‍ണമെന്റില്‍ എം.ടി.ഐ കപ്പ് കൊണ്ടുവരുന്നത് സ്വപനം കണ്ട് നടക്കുന്നവനുമായ ഇടിവാളിന്റെ പേര് ആരും പറയാതെ തന്നെ ഓട്ടോമാറ്റിക്കായി ഉയര്‍ന്നുവരേണ്ടതായിരുന്നു. പക്ഷേ മേല്‍പ്പറഞ്ഞ പുലികള്‍ക്ക് ഒരു സംശയം ഇവിടെ ഇരിക്കുന്ന ഏതെങ്കിലും ഒരു അശു തന്റെ പേര് പറഞ്ഞാലോ? വെറുതേ ക്ലാസ് ക്യാപ്റ്റനും അതു കഴിഞ്ഞ് കോളേജ് ക്യാപ്റ്റനും ആകുന്നതില്‍ എന്തു വിരോധം? അതിനാല്‍ എല്ലാവന്മാരും മിണ്ടാതിരുന്നു.
അങ്ങനെ ലീഗ് മത്സരങ്ങള്‍ ആരംഭിച്ചു. എം.ടി.ഐ ഹോസ്റ്റല്‍ ഗ്രൌണ്ടില് വിശാലമായ മതിലുകള്‍, മാവുകള്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണികള്‍ ഒക്കെയായിരുന്നു യഥാക്രമം തറ, ഫസ്റ്റ്ക്ലാസ്, വി.ഐ.പി ലോഞ്ചുകള്‍.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ഞാന്‍ അതിയായി ശോഭിച്ചു. ടോസ് ഇടാന്‍ ഗ്രൌണ്ടില് പോകുമ്പോള്‍ ഒരു ച്യൂയിംഗം എടുത്ത് വായിലിട്ട് മുറുക്കാന്‍ ചവയ്ക്കുന്നതു പോലെ ചവച്ച് ചവച്ച്.....
ബാറ്റിംഗ് വേണോ ബൌളിംഗ് വേണോ എന്നൊക്കെ തീരുമാനിക്കാനുള്ള എന്റെ അവകാശം മറ്റവന്മാര്ക്ക് തീര് എഴുതികൊടുത്തതാണെങ്കിലും ഞാന്‍ അമ്പയറുടേയും എതിര് ക്യാപ്റ്റന്റേയും മുന്നില്‍ വച്ച് ഒന്ന് ആലോചിക്കുന്നതു പോലെ ഭാവിച്ച് ബാറ്റിംഗ് തിരഞ്ഞെടുക്കും.
ഒരോ കളിയും പുരോഗമിച്ച് ഞങ്ങള്‍ മുന്നേറി.. സ്ലിപ്പില്‍ നില്ക്കുന്ന എന്റെ ശരീരത്തെ സംരക്ഷിക്കാന്‍ ഞാന്‍ സകല കളരിമുറകളും പയറ്റി. തടുത്താല്‍ കയ്യ് ഒടിയും എന്ന് 110% ഉറപ്പുള്ള പന്തുകള്‍ എല്ലാം ഞാന്‍ വിദഗ്ദമായി എന്റെ ദേഹത്തു കൊള്ളാതെ ശരീരം വെട്ടിച്ചു മാറ്റി.എല്ലാ കളികളും ജയിച്ച് ഞങ്ങള്‍ "ആരുണ്ടീ കുതിരയെ തളയ്ക്കുവാന്‍" എന്ന പാട്ടും പാടികൊണ്ട് നടന്നു.
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ജൂനിയര്‍ ഇലക്ട്രോണിക്സ് എല്ലാവരെയും തോല്‍പ്പിച്ച് ഞങ്ങള്‍ മുന്നേറി.ഞങ്ങളുടെ ക്ലാസില്‍ നിന്ന് ക്രിക്കറ്റ് തീരെ വശമില്ലാതിരുന്ന രണ്ടു പേര് സൂപ്പര്‍ സ്റ്റാറുകളായി പരിണമിച്ചു.
അതില്‍ ഒന്ന് കാടന്‍ ആയിരുന്നു. പഴയ സമരവീര നായകന് കാടന്‍ തന്നെ. അവന് ഈ ഫോര്‍ സിക്സര്‍ എന്നതിലൊന്നും വലിയ താല്പര്യമോ വിശ്വാസമോ ഇല്ലായിരുന്നു. ലെഗ് ഓണിലുള്ള ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ ചുമരില്‍ പന്ത് കൊള്ളിച്ചാല്‍ അവനെ എതിര് സൈഡില്‍ ബാറ്റു ചെയ്യുന്ന സ്വന്തം ടീമംഗം വന്ന് ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നത് കാടനെ ത്രില്ലടിപ്പിച്ചു. ഇന്‍സിംഗറോ ഔട്ട് സിംഗറോ ഒന്നും വശമില്ലാതിരുന്ന കാടന്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനു നേരെ വീണ്ടും വീണ്ടും വെടിക്കെട്ടുകളുതിര്‍ത്തു.
നിര്‍ബന്ധിച്ച് കളത്തിലിറക്കിയ സഖാവും നാലു പാടും ബൌണ്ടറികള്‍ അടിച്ചു കൊണ്ട് ടീമിനെ വിജയങ്ങളിലേക്ക് നയിച്ചു. ക്ലാസിക് പ്ലേയേര്‍സ് ബാറ്റിംഗില്‍ പരാജയപ്പെടുമ്പോഴും, ബൌളിംഗില്‍ ശൊഭിച്ചിരുന്നതിനാല്‍ ഞങ്ങള്‍ ചാമ്പ്യന്മാരാകുന്ന അവസ്ഥയിലെത്തി.
കളിച്ച അഞ്ചു മത്സരങ്ങളിലും എനിക്കും ബാറ്റ് ചെയ്യേണ്ടി വന്നു. അഞ്ചു മത്സരങ്ങളിലായി ആറു ബോളുകള്‍ ഞാന്‍ ഫേസ് ചെയ്തു. നാലു കളിയില്‍ ആദ്യ പന്തില്‍ തന്നെ ബോള്‍ഡ് ആവുകയും, അഞ്ചാമത്തെ കളിയില്‍ ദേഹത്തു കൊള്ളാതിരിക്കാന്‍ ഞാന്‍ നടത്തിയ ഒരു ഒഴിഞ്ഞുമാറ്റത്തില്‍ ബാറ്റില്‍ കൊണ്ട് രണ്ടു റണ്‍സ് ഓടുകയും, അടുത്ത പന്തില്‍ കുറ്റി തെറിക്കുകയും ചെയ്തു.
എന്റെ അപ്പീലിംഗ് ഇതിനിടയില്‍ വന്‍ സംസാരവിഷയമായി. ഒരു എല്‍ബിയോ, ബാറ്റില്‍ പന്തു തട്ടി കീപ്പര്‍ പിടിച്ചു എന്ന് സംശയമോ ഒക്കെ ഉണ്ടായാല്‍ ഞാന്‍ അലറുന്ന അലറലായിരുന്നു അലറല്‍. സ്ലിപ്പില്‍ നിന്ന് ഹൌസാറ്റ് എന്ന് അലറിക്കൊണ്ട് അമ്പയറുടെ അടുത്ത് വരെ ഓടി എന്റെ മൂക്ക് അമ്പയറുടെ മൂക്കില്‍ മുട്ടിച്ച് ചെവി പൊട്ടിപോകുന്ന വിധത്തില്‍ അലറുക എന്റെ ഒരു വീക്ക്നെസ്സ് ആയിപ്പോയി. ഒന്നു രണ്ടു തവണ അലറലിന്റെ മാത്രം ബലത്തില്‍ അമ്പയര്‍ കൈ പൊക്കി ഔട്ട് തന്നിട്ടുണ്ട്.
അങ്ങനെയിരിക്കെ ഞങ്ങളെപോലെതന്നെ വിജയക്കുതിപ്പുകളുമായി വരുന്ന മെക്കാനിക്കല്‍ മൂന്നാം വര്‍ഷം പിശാശുക്കളുമായുള്ള മത്സരം എത്തി. (ഇവരാണ് ക്യാപ്റ്റന്‍ കേസില്‍ ഇടിവാളിനെ പാരവച്ചവര്‍) ഈ മത്സരത്തിന് ദിവസങ്ങള്‍ക്കുമുമ്പേ, കാന്റീനില്‍, മ്യൂസിയം ജങ്ങ്ഷനില്‍ മുഴുവന്‍ സംസാരമായി. പന്തയം വെപ്പുകാര് ഞങ്ങള്‍ക്കനുകൂലമായിരുന്നു.
കോളേജ് ടീമിന്റെ ഓപണിംഗ് ബൌളര്‍ & ഓപണിംഗ് ബാറ്റ്സ്മാന് ഇടിവാള്‍, കോളേജ് ടീമംഗം നിര്‍ണ്ണായക സമയത്ത് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി കളി തിരിച്ചു വിടുന്ന ഔട്ട് സ്വ്ംഗര്‍ സ്പെഷലിസ്റ്റ് ശിവന്, കോളേജ് ടീം ഓപണിംഗ് ബാറ്റ്സ്മാന് വിക്കറ്റ് കളയാതെ പിടിച്ചു നില്ക്കുന്ന ചെറിയാന്, കോളേജ് ടീം അംഗം ഗുഗ്ലി ബൌളര്‍ പരമന്, കോളേജ് ടീം വിക്കറ്റ് കീപ്പര്‍ കണ്ണട രാജേഷ്.
സിക്സറടി ഹോബിയാക്കിയ പുതിയ താരം കാടന്‍.. എനിക്ക് കളിക്കാന്‍ ഈ ഗ്രൌണ്ട് പോര എന്ന് ബാറ്റുകൊണ്ട് വിളിച്ചു പറയുന്ന സഖാവ്! കൂടാതെ ഇവരെയല്ലാം ഒന്നിച്ച് കൊണ്ടുപോകുന്ന അഭിനവ സ്റ്റീവ് വോ സങ്കുചിതന് ക്യാപ്റ്റന്‍!!
ബെറ്റുകാരെല്ലാം ഞങ്ങള്‍ക്കു വേണ്ടി നിലകൊണ്ടു.
അന്നത്തെ ദിവസം എന്തോ സമരമായിരുന്നു. കളി തുടങ്ങേണ്ട സമയമായി. ഞങ്ങള്‍ ഡ്രെസ്സിംഗ് റൂമില്‍ ഡ്രസ്സ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പുറത്ത് ഒരു ആരവം കേട്ടു. (ഈ ഡ്രസ്സിംഗ് റൂം എന്നാല്‍ ഒരു ടീമിന്റേത് ഹോസ്റ്റല്‍ പോര്‍ട്ടിക്കോവും മറു ടീമിന്റേത് ബൌണ്ടറി ലൈനിലുള്ള മാവിന് ചോടുമായിരുന്നു) എത്തിനോക്കിയ ഞാന്‍ ഞെട്ടിപ്പോയി.
കിടാങ്ങള്‍... അതേ പെണ്കിടാങ്ങള് കളി കാണാനെത്തിയിരിക്കുന്നു. പൊതുവേ ആണ് ഹോസ്റ്റലിന്റെ വശത്തേക്ക് നോക്കുക പോലും ചെയ്യാത്ത പെണ്‍കിടങ്ങള്‍ കളികാണാനെത്തിയിരിക്കുന്നു!
ദുര്‍ബലനിമിഷത്തില്‍ എന്റെ കളിയെപറ്റിയും ക്യാപ്റ്റന്‍സിയെ പറ്റിയുമൊക്കെ കാണുന്ന പെമ്പിള്ളേരോട് വാചകമടിച്ചു നടന്നതിലെ അപകടം ഞാന്‍ മനസിലാക്കി!! ഞാന്‍ കടലാസു ക്യാപ്റ്റ്നാണെന്ന് ഇന്ന് ഇവരറിയുമല്ലോ ദൈവമേ.
ഇത് ലാസ്റ്റ് മാച്ചാണ്. ഇടിവാളും സംഘവും ഇന്നെന്നെ നാറ്റിക്കും നൂറു തരം. നാളെ മുതല്‍ എന്നെകൊണ്ട് -ഒരു പതിനൊന്നാമനെകൊണ്ട് - ആര്‍ക്കും ആവശ്യമില്ലല്ലോ? ഇടിവാളിനെ പോലെ എനിക്ക് സ്ഥിരം ലൈന്‍ ഇല്ലാത്തതിനാല്‍ ആ ആഴ്ചയിലെ നമ്മടെ ക്ടാവ് ആരായിരുന്നു എന്ന് ഇന്നെനിക്കോര്‍മ്മയില്ല. പക്ഷേ, നമ്മുടെ ക്ലാസിലെ 3 വനിതാ രത്നങ്ങള്‍ ഇതിനിടയില്‍ മാവിഞ്ചോടില്‍ വന്ന് സങ്കുവിന്റെ കളി കാണാനാണ് ഞങ്ങള്‍ എല്ലാവരും വന്നിരിക്കുന്നത് എന്ന് പറഞ്ഞു. അതോടെ എന്റെ അവശേഷിച്ച ഗ്യാസും പോയി.
ഞാന്‍ എന്റെ മുട്ടിനു മേലെ മടക്കി വച്ചിരുന്ന ഷര്‍ട്ടിന്റെ കൈ അഴിച്ച് ഫുള്ള് സ്ലീവാക്കി. ഒന്നിനു പകരം മൂന്ന് ച്യൂയിംഗം വായിലിട്ടു. ടോസിന് സമയമായി. അമ്പയര്‍മാര്‍ അതാ പിച്ചിലേക്ക് നടക്കുന്നു. മെക്കാനിക്കലിലെ ക്യാപ്റ്റന്‍ അതാ വാം അപ്പ് ചെയ്തു കൊണ്ട് ഓടി വരുന്നു. വരുന്നതിനിടെ അവന് വെറുതെ ജിമ്നാസ്റ്റിക്കുകള്‍ ചാടുന്നതു പോലെ രണ്ടു മൂന്നു തവണ കരണം മറിഞ്ഞു. മെക്കാനിക്കല്‍ സപ്പോര്‍ട്ടേഴ്സ് ഭയങ്കര കയ്യടി. അതുപോലെ കരണം മറിഞ്ഞാല്‍ ചിലപ്പോള്‍ ഇന്ന് കളി നടക്കുകയില്ലെന്ന് മാത്രമല്ല കോളേജ് കോമ്പൌണ്ടിലെ പതാക സ്തംഭത്തില്‍ ചെലപ്പോള്‍ കറുത്ത കൊടി ഉയരും എന്ന് ഉറപ്പുള്ള ഞാന്‍ ചുമ്മാ പിച്ചിലേക്ക് നടന്നു. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മെക്കാനിക്കലുകാര്‍ക്ക് കിട്ടിയതിനേക്കാള്‍ കയ്യടി എനിക്ക്. ഞാന്‍ ചുറ്റുപാടും നോക്കി.
സമരമായതിനാല്‍ സ്റ്റേഡിയം ഫുള്‍! ഹോസ്റ്റല്‍ ബാല്‍ക്കണി നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പെണ്ണുങ്ങള് എല്ലാല്‍ മതിലിന്മേല് കേറി ഇരിക്കുന്നു. മാവിന് കൊമ്പിലെല്ലാം ആളുകള്‍ നിറഞ്ഞിരിക്കുന്നു. ഞാന്‍ ചുമ്മാ കാണികളെ നാലുചുറ്റും അഭിവാദ്യം ചെയ്തു. ഞാന്‍ കയ്യുയര്‍ത്തി വീശുമ്പോള്‍ കാണികള്‍ ആര്‍പ്പുവിളി, കൂവല്‍, വിസിലടി യുമായി പ്രത്യഭിവാദ്യം ചെയ്തു. കിടാങ്ങള്‍ ചുരിദാറിന്റെ ഷാള്‍ ഊരി പതാകയാക്കി എന്നെ വീശിക്കാണിച്ചു.
കുരങ്ങന്മാരെ പോലെ കുട്ടിക്കരണം മറച്ചില്ലടാ റോയി പറമ്പാ ജനപിന്തുണയ്ക്ക് വേണ്ടത്. കളിയാണ് കളി. കളിച്ചു കാണിക്കടാ..... ഞാന്‍ അമ്പയര്‍മാരുടെ മുന്നില്‍ വച്ച് റോയി പറമ്പനെ വെല്ലുവിളിച്ചു. അവന്റെ ആത്മവിശ്വാസം തകര്‍ക്കുക എന്ന എന്റെ ഒറ്റമൂലി ഏറ്റു. അവന്റെ മുഖം വിവര്‍ണ്ണമായി.
ഒരു സമാധാനത്തിന് അവന് കുരങ്ങന് നിന്റെ അപ്പന് എന്നു പറഞ്ഞു:
എന്റെ അപ്പനല്ല നിന്റെ പെണ്ണിന്റെ അമ്മായയപ്പനാടാ @#$%^&... കുരങ്ങന് എന്ന് ഞാനും സ്വകാരയം പറഞ്ഞു.
ടോസ് കിട്ടി.
ഞങ്ങള്‍ക്ക് ബാറ്റിംഗ്. കോളേജ് ടീമിന്റെ ഓപ്പണര്‍മാര്‍ തന്നെയാണല്ലോ ഞങ്ങളുടെ ഓപ്പണര്‍മാര്‍.
സ്വയം പൊക്കി പറയുകയല്ല. ആദ്യ ഓവറില്‍ തന്നെ ഇടിവാളും ചെറിയാനും തിരിച്ചെത്തി. മെക്കാനിക്കലുകാര്‍ ഗംഭീര ആഘോഷം. ഇവന്മാരുടേ ആഘോഷം അധികം നിലനില്‍ക്കില്ല. സഖാവ് ബാറ്റിംഗിനിറങ്ങി. ഇനി ബൌണ്ടറികള്‍ ഒന്നനങ്ങും...
അതാ ശിവന് അടിച്ച ഒരടിയില്‍ സഖാവ് മുന്നും പിന്നും നോക്കാതെ റണ്ണിനായി ഓടി. ശിവനും, സഖാവും ബാറ്റിംഗ് ക്രീസില്‍. പന്ത് ബൌളറുടെ കയ്യില്‍. എടാ ശിവാ ഓടടടാ സഖാവിനെ ഔട്ടാക്കല്ലേടാ എന്ന് ഞങ്ങള്‍ ഡ്രെസ്സിംഗ് റൂമില്‍ നിന്ന് അലറി. എവിടേ? ശിവന് കുറ്റിയടിച്ച് ക്രീസില്‍ നിന്നു, ബൌളര്‍ അമ്പയറുമായി ചര്‍ച്ച ചെയ്തു. അമ്പയര്‍ റിക്വസ്റ്റ് ചെയ്തു. നീ സ്റ്റ്മ്പ് മുഴുവം തട്ടിക്കളയല്ലേ. ആ ബെയില്‍സില്‍ പതുക്കെ തട്ട്. സ്റ്റംമ്പ് വീണാല്‍ കുത്താന്‍ വലിയ പാടടാ....
ബൌളര്‍ തന്റെ കൈ കൊണ്ട് അതിസൂക്ഷ്മമായി ഒരു ബെയിലിന്റെ മൂലയ്ക്ക് തട്ടി ഇടുകയും. ആ ബെയില്‍ താഴെ വീഴുന്നതിന് മുമ്പേ അമ്പയര്‍ ക്യാച്ചെടുത്ത് പുനസ്ഥാപിക്കുമ്പോഴേക്കും സഖാവ് ഗംഭീര തെറികളുടെ അകമ്പടിയോടെ പവലിയിനില്‍ തിരിച്ചത്തുകയും ചെയ്തു.
എന്നാലും പേടിയില്ല. കാടന്‍ ഉണ്ടല്ലോ? ഞങ്ങള്‍ക്ക് പ്രതീക്ഷ കൈവിടാന്‍ മനസില്ല.
കാടന്‍ ഫേസ് ചെയ്ത ആദ്യത്തെ ബോള്‍ തന്നെ അതിഗംഭീരമായി പൊക്കി. കാടനും ശിവനും നാല് റണ്‍ ഓടിക്കഴിഞ്ഞിട്ടും പന്ത് ആകാശത്തു തന്നെ. അവസാനം പന്തതാ തിരിച്ചു വരുന്നു. മെക്കാനിക്കലിലെ ആറു പേര് കീപ്പറുടെ ചുറ്റും ഇതിനോടകം എത്തി. കാടന്‍ പൊക്കിയത് നാലു കിലോമീറ്റര്‍ ഉയരത്തില്‍ പോയെങ്കിലും തിരിച്ചു വരുന്നത് കീപ്പറുടെ കയ്യിലേക്കാണ്! കീപ്പറും മറ്റു ആറു പേരും ആര് ഈ ക്യാച്ചെടുക്കും എന്ന് ചര്‍ച്ച നടത്തി. അവസാനം ക്യാപ്റ്റന്‍ അവസരം കൊടുക്കാന്‍ തീരുമാനമായി. ക്യാപ്റ്റന്‍ ക്യാച്ചെടുത്തു. നാലു റണ്‍ ഓടി തളര്‍ന്ന് കാടനും മടങ്ങി.
പിന്നാലെ ശിവനും മടങ്ങി.
ഞങ്ങള്‍ക്കിനി പ്രതീക്ഷയ്ക്ക് വകുപ്പില്ലല്ലോ? എന്തിനു ഞാന്‍ എന്നും പതിനൊന്നാമനായി ഇറങ്ങണം? പതിവിനു വിപരീതമായി ഞാന്‍ ഫുള്‍ സെറ്റപ്പില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. രണ്ടു കാലിലും പാഡ് കെട്ടി. തുടയില്‍ വയ്ക്കുന്ന കുന്ത്രാണ്ടവും, മെയിന്‍ അവയവം സംരക്ഷിക്കുന്ന സാധനം പുതിയ അമ്പത് പൈസയുടെ ഉറയില്‍ പൊതിഞ്ഞ് അതു ഫിറ്റ് ചെയ്തു. കൈത്തണ്ട മറയ്ക്കുന്ന പാഡ് രണ്ടു കയ്യിലും കെട്ടി. പായ കൊണ്ടുണ്ടാക്കിയ ഒരു തൊപ്പിയും വച്ചു. ഇപ്പോള്‍ എന്നെ കണ്ടാല്‍ ഏതാണ്ട് വെംഗ്സാര്‍ക്കറേ പോലെയിരിക്കും എന്ന് കണ്ണിന് അല്പം കാഴ്ചകുറവുള്ള കണ്ണട രാജേഷ് പറഞ്ഞത് ഞാന്‍ കാര്യമായെടുത്തില്ല.
അടുത്തത് ഞാന്‍ ഇറങ്ങാം എന്ന എന്റെ തീരുമാനം ആരും എതിര്‍ത്തില്ല. 27 റണ്‍സിനോ മറ്റോ 6 വിക്കറ്റ് പോയിരിക്കുന്നു. ഇനി എന്ത് കളി?
ഞാന്‍ ച്യൂയിംഗം പാക്കറ്റ് തുറന്ന് നാലെണ്ണം എടുത്ത് വായിലിട്ടു. ബാറ്റുമെടുത്ത് ഇറങ്ങി. ബൌണ്ടറി ലൈന്‍ കഴിഞ്ഞതും വെറുതേ നാല് ചാട്ടം ചാടി. പാഡുകള്‍ സെറ്റ് ചെയ്തു. എന്റെ കളി സ്ഥിരമായി കാണുന്ന ആളുകള്‍ കളിയാക്കാന്‍ വേണ്ടി -ഇതാ ടീമിന്റെ രക്ഷകന് ഇറങ്ങുന്നു എന്നര്‍ത്ഥം വരുന്ന ഗംഭീര കയ്യടി. ഇതു കണ്ട് പെണ്കിടാങ്ങളും, ക്യാപ്റ്റന്‍ ഇറങ്ങുന്നു ഇനിയെന്തെങ്കിലും നടക്കും എന്ന് തെറ്റിദ്ധരിച്ച് ഷാള്‍ വീശി ഭയങ്കര കയ്യടി.
ഞാന്‍ ബാറ്റ് കൊണ്ട് ബൌള്‍ ചെയ്യുന്ന പോലെ വാം അപ്പ് ചെയ്ത് ച്യൂയിംഗവും ചവച്ച് ചവച്ച് പിച്ചിലെത്തി.
പണ്ടാറാമടങ്ങാന്‍ കോളേജ് ടീമിന്റെ ഓപ്പണര്‍ ശ്രീനിവാസനെക്കൊണ്ട് അവരുടെ ക്യാപ്റ്റന്‍ ബോള്‍ ചെയ്യിക്കുന്നു. റോയി പറമ്പാ എന്നോടീ ചതി വേണ്ടായിരുന്നു എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. എന്റെ കളിയുടെ നിലവാരം അനാലൈസ് ചെയ്യാതെ എനിക്ക് വേണ്ടി വിലപ്പെട്ട ഒരോവര്‍ കളയുന്ന തെണ്ടീ നീയൊന്നും ക്യാപ്റ്റനാകാന്‍ യോഗ്യനല്ലടാ എന്ന് ഞാന്‍ മനസില്‍ പ്രാവി.
ശ്രീനിവാസന് സാധാരണ എടുക്കുന്ന റണ്‍ അപ്പ് മാറ്റി ബൌണ്ടറി ലെന് വരെ കൊണ്ടു പോയി അവന്റെ ചെരുപ്പ് അവിടെ ഇട്ടു. പണ്ടാറക്കാലന് ഓവര്‍ സ്പീഡില്‍ എറിയാന്‍ വരുകയാണെന്ന് എനിക്ക് മനസിലായി. ഇവെന്റെ ഒരു പന്ത് എന്റെ എവിടെയെങ്കിലും കൊണ്ടാല്‍ മതി പാഡും കീഡുമൊന്നും ഒരു വിഷയമേ അല്ല എന്റെ ജന്മം കോഞ്ഞാട്ട ആകുമെന്ന് എനിക്ക് മനസിലായി.
അവന് ഫോര്‍ ലൈനില്‍ നിന്ന് അവന്റെ മാരത്തോണ്‍ ആരംഭിച്ചു. അവന്റെ ഓരോ സ്റ്റെപ്പിനും മെക്കാനിക്കല്‍ അനുകൂലികളായ കാണികളുടെ കയ്യടി! അവനതാ രാക്ഷസന് കണക്കേ ഓടിവരുന്നു. പാറ്റേര്‍സണ്‍ന്റെ പന്ത് ബാറ്റു ചെയ്യാന്‍ നില്ക്കുന്ന വെങ്കിടേഷ് പ്രസാദിനെപോലെയായി എന്റെ മനസ്സ്. അവന്റെ മുഖം ആകെ ക്രൂരമായിരുന്നു.ഞാന്‍ പെട്ടന്ന് ബാറ്റുയര്‍ത്തി അമ്പയറോട് കയ്യുയര്‍ത്തി കാട്ടി. അമ്പയര്‍ ഓടി വരുന്ന ശ്രീനിവാസനെ തടഞ്ഞു. ശ്രീനി ക്രീസിലെത്തി പട്ടികിതക്കുന്നതുപോലെ കിതച്ച് തിരിച്ച് ഫോര്‍ലൈനിലേക്ക് നടന്നപ്പോള്‍ ഞാന്‍ മറു സൈഡില്‍ ബാറ്റ് ചെയ്യുന്ന പരമനെ കൈകാട്ടി വിളിച്ചു.
പരമന് ഓടി വന്നു. ഞാന്‍ തമാശയ്ക്ക് അവന്റെ ചെവിയില്‍ പൂര തെറി. എനിക്കറിയാവുന്ന എല്ലാ തെറിയും സ്വകാരമായി പറഞ്ഞു. അവനും തിരിച്ച് എന്റെ ചെവിയില്‍ അവനറിയുന്ന എല്ലാ തെറിയും പറഞ്ഞു. കൂടെ -നീയെങ്ങാന്‍ ഇവന്റെ ഓവറില്‍ ഒരു റണ്ണിനോടിയാല്‍..... നിനക്ക് അനിയനുണ്ട്. എനിക്ക് അനിയനില്ല. എന്റെ സന്താനോല്പാദനശേഷി നഷ്ടപ്പെട്ടാല്‍ തറവാട് അന്യം നിന്നുപോകും.ഒരു അഞ്ച് മിനിറ്റ് ഞങ്ങള്‍ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും സീരിയസ്സായി തെറികള്‍ പറഞ്ഞു.
അവസാനം തിരിച്ചു വന്ന് ഞാന്‍ ക്രീസില്‍ നിന്നു. ശ്രീനിവാസന് ഓടിവന്നു. അമ്പയാറുടേ സൈഡില്‍ അവന് ചാടുന്നത് എനിക്കോര്‍മ്മയുണ്ട്. പിന്നത്തെ ഓര്‍മ്മ മെക്കാനിക്കലുകാര്‍ 11 പേരും ശ്രീനിയെ പൊക്കി എടുത്ത് ആഘോഷിക്കുന്നു. ഞാന്‍ നോക്കിയപ്പോള്‍ മൂന്ന് കുറ്റിയും ഇല്ല. എന്തോ അഴിമതി നടന്നു. മൂന്നു കുറ്റിയും കടപുഴകുന്നതെങ്ങനെ? ഇന്നും എന്നെ അലട്ടിയിരുന്ന സംശയമാണത്. എന്തായാലും കുറ്റി പോയ സന്തോഷത്തില്‍ ഞാന്‍ തിരിച്ചു നടന്നു.
ഇലക്ട്രോണിക്സ് 34 ന് ഓള് ഔട്ട്!!!!എല്ലാവര്ക്കും ചിരി. മെക്കാനിക്കലുകാര്‍ ബാറ്റിംഗിനു വന്നു. ഗിരിജയില്‍ 11.30 ന് ചുഴലി എന്ന എ പടം വന്നിട്ടുണ്ടെന്ന് ഇതിനിടെ അറിവു കിട്ടി. 20 മിനിറ്റില്‍ മെക്കാനിക്കലുകാര്‍ ജയിച്ചാല്‍ സിനിമയ്ക്ക് പോകാമായിരുന്നു.
ആദ്യ ഓവര്‍ പതിവു പോലെ ഇടിവാള്‍ തന്നെ.
ആദ്യ പന്ത്. മെക്കാനിക്കലുകാരുടേ ഇടിവെട്ട് ബാറ്റ്സ്മാന്റ്റെ കുറ്റി ഫോര്‍ ലൈനിലെത്തി. വെറുതേ ഞങ്ങള്‍ ഒന്ന് അര്‍മ്മാദിച്ചു.
രണ്ടാം പന്ത്: വണ്‍ ഡൌണ്‍ ഇറങ്ങിയ ക്യാപ്റ്റന്‍ റോയി പറമ്പന്റെ ബാറ്റില്‍ കൊണ്ട് ചാട്ടുളി പോലെ സ്ലിപ്പില്‍ നില്ക്കുന്ന എന്റെ നേരെ. ആലോചിക്കാന്‍ സമയം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ വിദഗ്ദമായി ഒഴിഞ്ഞു മാറിയേനേ....... ഇതെന്റെ മൂക്കിനു നേരേ വന്നതുകൊണ്ട് തലച്ചോര്‍ ഡയറക്റ്റ് ഇന്‍ഫോര്‍മേഷന്‍ കൊടുത്തു. കൈകൊണ്ട് തടുത്തോ അല്ലെങ്കീല് ചത്തോ എന്ന്. പന്ത് എന്റെ കയ്യില്‍!!!! തടിയുള്ള ചൂരല്‍ കൊണ്ട് അടിച്ച പോലെ കൈവെള്ളവേദനിച്ചു. സെക്കന്റിന്റെ നൂറിലൊരംശം സമയം പന്ത് എന്റെ കയ്യിലിരുന്നു എന്നത് നേര്. താഴെ ഇടുന്നതിന് മുമ്പേ ഞാന്‍ പന്ത് മുകളിലേക്കിട്ടു.
മെക്കാനിക്കല്‍ 0 റണ്‍സിന് 2 വിക്കറ്റ്.
അടുത്തതും പേരുകേട്ടവന്‍... ഗ്യാലറികള്‍ ഹാട്രിക്ക് ഹാട്രിക്ക് എന്ന് കോറസ്സ്. ഞാന്‍ വെറുതേ ഇടിവാളിന്റെ അടുത്തേക്കോടി. ക്യാപ്റ്റനല്ലേ? വെറുതേ അവന്റെ ചെവിയില്‍ പറഞ്ഞു. ഈ കളി നമ്മള് ജയിക്കുമെടാ......
അതാ തെറിക്കുന്നു കുറ്റി!!!!!!ഞങ്ങള്‍ വിജയം മണത്തുവോ? ഏയ്..... 34 റണ്ണല്ലേ ഉള്ളൂ.....
മെക്കാനിക്കല്‍ ഡ്രെസ്സിംഗ് റൂമില്‍ ചൂടാകല്ലെല്ലം കണ്ടു. അവിടെ പാളയത്തില്‍ പട. റോയി പറമ്പന്‍ കളിക്കളത്തിലേക്ക് വരുന്നു. ഇടിവാളിന്റെ ബൌളിംഗില്‍ ചക്കിംഗ് ഉണ്ടെന്ന് കമ്പ്ലേന്റ്! അമ്പയര്‍ നിഷപക്ഷമതിയാതിനാല്‍ ആരോപണം നിഷേധിച്ചു. പറമ്പനോട് കളിക്കളം വിടാന്‍ കല്പ്പിച്ചു.
നാലാമത്തെ ബോള്‍ ഗവാസ്കറെപോലും നാണിപ്പിക്കൂന്നതരത്തില്‍ ബാറ്റ്സ്മാന് പിച്ചിലേക്ക് മുട്ടി. ബാറ്റ്സ്മാന് തന്നെ പന്തെടുത്ത് ഇടിവാളിന് ഇട്ടുകൊടുത്തു....
14- 7 എന്ന അവസ്ഥയില്‍ മെക്കാനിക്കലുകാര്‍ കൂപ്പുകുത്തി.
അന്തിമ ഫലം 21 ന് മെക്കാനിക്കലുകാര്‍ ഓള് ഔട്ട്. ഇടിവാള്‍ 9 റണ്‍സിന് 6 വിക്കറ്റ്.
ആ ഇടിവാളിനെയാണ് അറ്റുത്ത ആഴ്ചയില്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കിയത്.
(അതിനു പിന്നില്‍ നടന്ന കളികള്‍ ഇടിവാളിനേക്കാള്‍ നന്നായി എനിക്കോര്‍മ്മയുണ്ട്. അത് അടുത്ത പോസ്റ്റില്‍)
Friday, April 06, 2007
Tuesday, April 03, 2007
Sunday, April 01, 2007
അബുദാബി രാജ്യാന്തര പുസ്തകമേള അഡോണിസും കടമ്മനിട്ടയും ഹുദ ബറക്കത്തും പങ്കെടുക്കുന്നു

അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെ നടക്കു പതിനേഴാമത് അന്താരാഷ്ട്ര പുസ്തകമേള ലോകത്തിലെ പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും സംഗമവേദിയായി മാറുന്നു. പുസ്തകമേള നടക്കുന്ന എല്ലാ ദിവസവും പകല്‍ പ്രസാധനവും വിപണനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും.
വൈകീട്ട് 5:30 മുതല്‍ 7 മണിവരെയും 7:30 മുതല്‍ 9 മണിവരെയുമാണ് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ ഭൂഖണ്ഡങ്ങളിലെ എഴുത്തുകാരും അവരുടെ വിവര്‍ത്തകരും ഒന്നിക്കുന്ന പരമ്പരയില്‍
ഏപ്രില്‍ 1 : പ്രശസ്ത ലബനീസ് നോവലിസ്റ്റ് ഹുദ ബറക്കത്ത് / ഇംഗ്ലിഷ് വിവര്‍ത്തക മര്ലിന് ബൂത്ത്
ഏപ്രില്‍ 3 : ഈജിപ്ഷ്യന്‍ നോവലിസ്റ്റ് അഹമ്മദ് അലൈദി/ വിവര്‍ത്തകനായ ഹംഫ്രി ഡേവിസ്
ഏപ്രില്‍ 4 : അഡോണിസ് / സ്റ്റീഫന്‍ വീസ്നര്
ഏപ്രില്‍ 5 : കടമ്മനിട്ട രാമകൃഷ്ണന് / അറബ് വിവര്ത്തകന് ഡോ: ഷിഹാബ് അല്‍ ഘാനം
ഏപ്രില്‍ 6 : ലബനീസ് നോവലിസ്റ്റ് ഇബ്രാഹിം അല്‍ ഘോനി / ജര്‍മ്മന്‍ വിവര്ത്തകന് ഹെര്‍മന്‍ ഫെന്‍ഡ്രിക്
തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
ഏപ്രില്‍ രണ്ടിന് വൈകീട്ട് ഷേക്ക് സയിദ് പുസ്തക അവാര്‍ഡ് ദാന ചടങ്ങുകള്‍ നടക്കും. മേളയോടനുബന്ധിച്ചുള്ള ചര്‍ച്ചാവേദിയില്‍
1. സഹിഷ്ണുത സമാധാനത്തിനുള്ള ഉപാധി
2. മൌലികവാദവും ഭീകരവാദവും ഒരേ വേരുകള്‍ ഒരേ ഫലങ്ങള്‍ ?
3. ബഹുവംശീയ ബഹുസാംസ്കാരിക സമൂഹങ്ങളില്‍ സമന്വയത്തിനുള്ള അവസരങ്ങള്‍
4.ഇസ്ലാമിക ലോകത്ത് സ്ത്രീയും മാധ്യമങ്ങളും അധികാരവും
5. മതങ്ങളുടെ ധാര്മ്മികതതുടങ്ങി കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലും സംവാദങ്ങളിലും പ്രമുഖരുടെ വലിയൊരു നിര തന്നെ പങ്കെടുക്കുന്നു.

ലെബനീസ് സാംസ്കാരിക മന്ത്രിയും എഴുത്തുകാരനുമായ താരിഖ് മിത്രി, ഇറാഖി നോവലിസ്റ്റ് സാമുവല്‍ ഷിമോ, അമേരിക്കന്‍ നരവംശ ശസ്ത്രജ്ഞ ക്രിസ്റ്റി സലമന്ഡ്ര, ഇന്ത്യന്‍ ചരിത്രകാരിയും ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പ്രസാധക സംഘമായ 'കാളി' യുടെ സ്ഥാപകരില്‍ ഒരാളുമായ ഉര്‍വശി ബുധാലിയ , പ്രശസ്ത സൌദി എഴുത്തുകാരി സെയ്നബ് ഹിഫ്നി, കേംബ്രിഡ്ജ് അറബ് മീഡിയ പ്രോജക്ട് ഡയറക്ടര്‍ ഖാലിദ് ഹാറബ് , പ്രൊഫസര്‍ അസ്മി ബിശാറ, പ്രൊഫസ്സര്‍ ജോര്‍ജ്ജ് തമര്, പലസ്തീന് മാധ്യമ പ്രവര്‍ത്തക ഷെറിന് അബു അഖ്ല, ഡോ: ദിയ റഷാന്, യു. എ. ഇ. ഫെഡറല്‍ നാഷണല്‍ കൌസില്‍ അംഗം ഡോ: അമല്‍ അല്‍ ഖുബൈസി, യു.എ.ഇ. കഥാകൃത്ത് നാസര്‍ അല്‍ ദാഹരി തുടങ്ങിയവര്‍ക്കൊപ്പം ഷേക്ക് സയിദ് പുസ്തക അവാര്‍ഡിനര്‍ഹരായ ഡ്സ് ജോസ ഡേവിസ്, ഈജിപ്ഷ്യന്‍ ചിന്തകനും മുന്‍ സാംസ്കാരിക മന്ത്രിയുമായ ഡോ: തര്‍വത് ഉകാഷ, വാസിം അല്‍ അറജ്, ബഷീര്‍ മുഹമ്മദ് അല്‍ ഖദ്ര തുടങ്ങിയവരുടെ സാന്നിധ്യം മേളയെ ശ്രദ്ധേയമാക്കും.
കൂടുതല്‍ വിവരങ്ങളറിയാന്‍ മൂന്നാമിടം എഡിറ്റര്‍ സര്‍ജു(050 5826970)വുമായി ബന്ധപ്പെടാവുന്നതാണ്.
ഏപ്രില്‍ 3 : ഈജിപ്ഷ്യന്‍ നോവലിസ്റ്റ് അഹമ്മദ് അലൈദി/ വിവര്‍ത്തകനായ ഹംഫ്രി ഡേവിസ്
ഏപ്രില്‍ 4 : അഡോണിസ് / സ്റ്റീഫന്‍ വീസ്നര്
ഏപ്രില്‍ 5 : കടമ്മനിട്ട രാമകൃഷ്ണന് / അറബ് വിവര്ത്തകന് ഡോ: ഷിഹാബ് അല്‍ ഘാനം
ഏപ്രില്‍ 6 : ലബനീസ് നോവലിസ്റ്റ് ഇബ്രാഹിം അല്‍ ഘോനി / ജര്‍മ്മന്‍ വിവര്ത്തകന് ഹെര്‍മന്‍ ഫെന്‍ഡ്രിക്
തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
ഏപ്രില്‍ രണ്ടിന് വൈകീട്ട് ഷേക്ക് സയിദ് പുസ്തക അവാര്‍ഡ് ദാന ചടങ്ങുകള്‍ നടക്കും. മേളയോടനുബന്ധിച്ചുള്ള ചര്‍ച്ചാവേദിയില്‍
1. സഹിഷ്ണുത സമാധാനത്തിനുള്ള ഉപാധി
2. മൌലികവാദവും ഭീകരവാദവും ഒരേ വേരുകള്‍ ഒരേ ഫലങ്ങള്‍ ?
3. ബഹുവംശീയ ബഹുസാംസ്കാരിക സമൂഹങ്ങളില്‍ സമന്വയത്തിനുള്ള അവസരങ്ങള്‍
4.ഇസ്ലാമിക ലോകത്ത് സ്ത്രീയും മാധ്യമങ്ങളും അധികാരവും
5. മതങ്ങളുടെ ധാര്മ്മികതതുടങ്ങി കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലും സംവാദങ്ങളിലും പ്രമുഖരുടെ വലിയൊരു നിര തന്നെ പങ്കെടുക്കുന്നു.

ലെബനീസ് സാംസ്കാരിക മന്ത്രിയും എഴുത്തുകാരനുമായ താരിഖ് മിത്രി, ഇറാഖി നോവലിസ്റ്റ് സാമുവല്‍ ഷിമോ, അമേരിക്കന്‍ നരവംശ ശസ്ത്രജ്ഞ ക്രിസ്റ്റി സലമന്ഡ്ര, ഇന്ത്യന്‍ ചരിത്രകാരിയും ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പ്രസാധക സംഘമായ 'കാളി' യുടെ സ്ഥാപകരില്‍ ഒരാളുമായ ഉര്‍വശി ബുധാലിയ , പ്രശസ്ത സൌദി എഴുത്തുകാരി സെയ്നബ് ഹിഫ്നി, കേംബ്രിഡ്ജ് അറബ് മീഡിയ പ്രോജക്ട് ഡയറക്ടര്‍ ഖാലിദ് ഹാറബ് , പ്രൊഫസര്‍ അസ്മി ബിശാറ, പ്രൊഫസ്സര്‍ ജോര്‍ജ്ജ് തമര്, പലസ്തീന് മാധ്യമ പ്രവര്‍ത്തക ഷെറിന് അബു അഖ്ല, ഡോ: ദിയ റഷാന്, യു. എ. ഇ. ഫെഡറല്‍ നാഷണല്‍ കൌസില്‍ അംഗം ഡോ: അമല്‍ അല്‍ ഖുബൈസി, യു.എ.ഇ. കഥാകൃത്ത് നാസര്‍ അല്‍ ദാഹരി തുടങ്ങിയവര്‍ക്കൊപ്പം ഷേക്ക് സയിദ് പുസ്തക അവാര്‍ഡിനര്‍ഹരായ ഡ്സ് ജോസ ഡേവിസ്, ഈജിപ്ഷ്യന്‍ ചിന്തകനും മുന്‍ സാംസ്കാരിക മന്ത്രിയുമായ ഡോ: തര്‍വത് ഉകാഷ, വാസിം അല്‍ അറജ്, ബഷീര്‍ മുഹമ്മദ് അല്‍ ഖദ്ര തുടങ്ങിയവരുടെ സാന്നിധ്യം മേളയെ ശ്രദ്ധേയമാക്കും.
കൂടുതല്‍ വിവരങ്ങളറിയാന്‍ മൂന്നാമിടം എഡിറ്റര്‍ സര്‍ജു(050 5826970)വുമായി ബന്ധപ്പെടാവുന്നതാണ്.
Subscribe to:
Posts (Atom)