Thursday, January 04, 2007

ഒരു പക്ഷേ നിങ്ങള്‍ ഷൂട്ട്‌ ചെയ്യപ്പെടുകയായിരിക്കാം (കഥ)

2003 -ല്‍ എഴുതിയ കഥ. ഈ കഥയ്ക്കു ശേഷം ഞാന്‍ എന്റെ തൂലിക വലിച്ചറിഞ്ഞു. മാസാമാസം കൂടാറുള്ള അബുദാബിയിലെ ഒരു സാഹിത്യകൂട്ടായ്മയില്‍ എല്ലാവരും എന്റെ ഈ കഥയെ കടിച്ചുകീറി. അതായിരുന്നു തൂലിക വലിച്ചെറിയാന്‍ കാരണം. 2005-ല്‍ ഇത്‌ ദേശാഭിമാനി വാരികയ്ക്കയച്ചുകൊടുത്തു. പിന്നെ അത്‌ തിരിച്ചു വന്നില്ലെങ്കിലും പ്രസിദ്ധീകരിച്ചും കണ്ടില്ല. കഴിഞ്ഞ മാസം രാജേഷ ആര്‍ വര്‍മ്മ പറഞ്ഞാണറിയുന്നത്‌ ഇത്‌ കഴിഞ്ഞ മാര്‍ച്ചില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചെന്ന്. അതും ഇല്ലസ്റ്റ്രേഷന്‍ CHANS. ആനന്ദലബ്ദിക്കിനി എന്തു വേണം? ഞാന്‍ അബുദാബി വഴി പോയി എന്റെ വലിച്ചെറിഞ്ഞ തൂലിക തിരിച്ചെടുക്കാന്‍ പോകുന്നു. ബൂലോക കൂടപ്പിറപ്പുകളേ, ജാഗ്രതൈ!! -ഈ പോസ്റ്റ് രാജേഷ് വര്‍മ്മയ്ക്ക് സമര്‍പ്പിക്കുന്നു.
==============================

ഒരു പക്ഷേ നിങ്ങള്‍
ഷൂട്ട്‌ ചെയ്യപ്പെടുകയായിരിക്കാം


അന്നത്തെ അവസാനസീനും ഒപ്പിയെടുത്തുക്കൊണ്ടിരിക്കുമ്പോള്‍ സൂര്യനെ കടല്‍ കറുത്തതിരശീലയ്ക്കുള്ളിലേക്ക്‌ വലിച്ചെടുത്തു. അതോടെ ദുബായ്‌ നഗരത്തിലെ പാതകളെല്ലാം ഗ്ലോബല്‍ വില്ലേജിലേക്ക്‌ തലകള്‍ തിരിച്ചു കിടന്നു. നിയോണ്‍ വിളക്കുകള്‍ സൂര്യന്റെ തിരോധാനത്തെ അഹങ്കാരത്തോടെ ആഘോഷിച്ചു തുടങ്ങി. നഗരം ഒരു നീണ്ട വ്യാഴപ്പകലിന്റെ ചവര്‍പ്പ്‌ ഊതിക്കളഞ്ഞു.

കുറച്ചു ദിവസമായി ഷോപിംഗ്‌ ഫെസ്റ്റിവലിന്‌ മതിയായ ഒരു മലയാളപദം കിട്ടാതെ തപ്പിത്തടയുകയായിരുന്നു സെബാസ്റ്റ്യന്‍. ഈയിടെയായി വാക്കുകളെ മലയാളീകരിക്കുക അയാള്‍ക്കൊരു ഹോബിയാണ്‌. പലപേരുകളും ഓര്‍ത്തോര്‍ത്ത്‌ അവസാനം വാങ്ങലാഘോഷം എന്ന ലളിതമായ വാക്കാണ്‌ ഏറ്റവും ഉചിതമെന്ന്‌ അയാള്‍ തീരുമാനിച്ചു.പുതിയ വാക്കിന്റെ ജനനത്തെ സിഗററ്റ്‌ കത്തിച്ചുകൊണ്ട്‌ സ്വാഗതം ചെയ്യാനായിരുന്നു സെബാസ്റ്റ്യന്‌ തോന്നിയത്‌. ഒരു വലിയ കവിള്‍ പുക മുഖത്തേക്ക്‌ വീശിയടിക്കുന്ന നേര്‍ത്ത ശീതക്കാറ്റിലേക്ക്‌ ചാട്ടുളി പോലെ അയാള്‍ കടത്തിവിട്ടു. കാറ്റിന്റെ ദുര്‍ബലമായ പ്രതിരോധം പുകയുടെ അറ്റത്ത്‌ ചെറിയ വേരുകള്‍ പടര്‍ത്തുത്‌ ആസ്വദിക്കുമ്പോള്‍ നാല്‍പത്തെട്ട്‌ വര്‍ഷം പഴക്കമുള്ള ഹൃദയഭിത്തികളില്‍ നേര്‍ത്തമുരളലോടെ കഫം മാറാലകള്‍ തീര്‍ക്കുന്നത്‌ അയാളറിഞ്ഞു. കയ്യില്‍ കരുതിയിരുന്ന ഒരു ടര്‍ക്കി ടവ്വല്‍ കൊണ്ട്‌ മുടിയും, ചെവികളും, കീഴ്ത്താടിയും മഞ്ഞില്‍ നിന്ന്‌ ഒളിപ്പിച്ചു. ഈ വേഷത്തില്‍ മേരി പോലും തന്നെ തിരിച്ചറിഞ്ഞേക്കില്ലെന്ന്‌ അയാള്‍ ഓര്‍ത്തു.

അറബിക്കടലിനു മുകളില്‍ക്കൂടിയുള്ള വിമാനയാത്രയാണ്‌ ചിത്രകാരനും ചുമരില്‍ കുമ്മായം പൂശുന്നവനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുതെന്ന്‌ സെബാസ്റ്റ്യന്‍ പതിനേഴു കൊല്ലമായി ഉറച്ചുവിശ്വസിക്കുന്നു. ഓരോ ചുമരും പുതിയൊരു ക്യാന്‍വാസായി കരുതാനാണ്‌ അയാള്‍ക്കിഷ്ടം.

ഭൂതകാലത്തിന്റെ ആല്‍ബത്തിലെ നിറം മങ്ങിപ്പോയ ചില പേജുകളില്‍ സെബാസ്റ്റ്യന്‍ എന്ന ചിത്രകാരന്‍ ഉണ്ടായിരിക്കും. തെരുവു നാടകങ്ങളും, കവിയരങ്ങുകളും, ചിത്രകലാ ക്യാമ്പുകളും ഉള്‍പ്പെടു ചില ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രങ്ങളില്‍. നാളെ തീര്‍ച്ചയായും അതില്‍ ഇടം കണ്ടെത്തേണ്ട ഓന്നണ്‌ ദുബായ്‌ നഗരത്തില്‍ സന്ധ്യകളില്‍ ചൂടന്‍ കപ്പലണ്ടി വില്‍ക്കുന്ന സെബാസ്റ്റ്യന്റെ ചിത്രം. അങ്ങനെയൊരു ചിത്രം സംഭാവന ചെയ്തതിന്‌ നാട്ടില്‍ നഗരത്തിനോട്‌ ചേര്‍ന്ന്‌ അയാള്‍ സ്വന്തമാക്കിയ ഭേദമല്ലാത്ത ഒരു വീടിനോട്‌ ആ ആല്‍ബം കടപ്പെട്ടിരിക്കും.

ഒരു ചെറിയ സഞ്ചി മാത്രം മതി. മുക്കാല്‍ പങ്കോളം ലാഭം. തിരക്കേറിയ പാര്‍ക്കിന്റെ മതിലിനോട്‌ ചേര്‍ന്ന്‌ പുറത്തേക്ക്‌ ചാഞ്ഞുനിന്നിരുന്ന ചെടിയുടെ കീഴെ കമ്പിയഴികളില്‍ ചാരി വെറുതേ ഇരുന്നാല്‍ മതി. മുമ്പില്‍ സഞ്ചിയും അതില്‍ നിറയെ കുമ്പിള്‍ കുത്തിയ കടലാസില്‍ കപ്പലണ്ടിയും. എട്ടു മണിക്കൂര്‍ പെയിന്റ്‌ ചെയ്യുന്നതിന്‌ കമ്പനി നല്‍കുന്ന ശമ്പളത്തേക്കാള്‍ വളരെ കൂടുതല്‍ ആയിരുന്നു ഈ കച്ചവടത്തില്‍ നിന്ന്‌ കിട്ടിയിരുന്നത്‌.

എന്നെങ്കിലും ചിത്രംവര പുനരാരംഭിക്കണമെന്നും അന്ന്‌ കപ്പലണ്ടിക്കാരന്റെ കാഴ്ചകള്‍ എന്ന ഒരു സീരിസ്‌ രചിക്കണമെന്നും അയാള്‍ വിചാരിക്കാറുണ്ടായിരുന്നു. എല്ലാ ഗള്‍ഫ്‌ മലയാളികളുടെയും മുഖങ്ങളെ എന്തോ ഒരു ഭാവം കൂട്ടി യോജിപ്പിക്കുന്നുണ്ടെന്ന്‌ അയാള്‍ കപ്പലണ്ടി വില്‍പ്പനയ്ക്കിടയിലെ നിരീക്ഷണങ്ങളില്‍ നിന്ന്‌ മനസിലാക്കി. തന്റെ കണ്ടുപിടുത്തമായ ആ ഭാവത്തിന്‌ മലയാളത്തില്‍ ഒരു പേരിടണമ്മെന്ന്‌ അയാള്‍ തീരുമാനിച്ചിട്ടുണ്ട്‌. ഒരേ സ്ഥലത്തുള്ള ഇരുപ്പില്‍ നിന്ന്‌ ലഭിക്കുന്ന കാഴ്ചകള്‍ വിരസമായപ്പോഴായിരുന്നു ഗ്ലോബല്‍ വില്ലേജിനു മുന്‍വശത്തേക്ക്‌ കച്ചവടം മാറ്റാന്‍ അയാള്‍ നിശ്ചയിച്ചത്‌. പരിചയക്കാരെ കണ്ടുമുട്ടാം എന്ന അപകടസാധ്യത അവഗണിക്കാന്‍ കാരണം കച്ചവടത്തിലുണ്ടായ മൂന്നിരട്ടി വര്‍ദ്ധനയും, പിന്നെ ടര്‍ക്കി ടവല്‍ നല്‍കു സുരക്ഷിത്വവുമായിരുന്നു.

സാധാരണ വ്യാഴാഴ്ച സായാഹ്നങ്ങള്‍ സെബാസ്റ്റ്യന്‌ അഹ്ലാദകരമാണ്‌. ഇരട്ടി കച്ചവടം നടക്കും. ഇന്നാകട്ടെ അയാള്‍ പതിവിലും ഉന്മേഷവാനാണ്‌. കാരണം നാളെയാണ്‌ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മേരിയെ അടുത്തു കാണാന്‍ കിട്ടുന്ന അവസരം. ഒന്നുരണ്ടാഴ്ച മുമ്പ്‌ പതിവു വെള്ളിയാഴ്ച വിളിക്കിടെ അതീവ സന്തോഷത്തിലായിരുന്നു മേരി അയാളെ അറിയിച്ചത്‌. മലയാളം ചാനലിലെ ഗള്‍ഫുകാരുടെ ഭാര്യമാരെ പറ്റിയുള്ള പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പറ്റിയെന്ന്‌. നിസാരക്കാര്യമൊന്നുമല്ല പോലും. അടുത്ത വീട്ടിലെ പുതിയ താമസക്കാരന്‍ ഇതിന്റെ ക്യാമറാമാന്‍ ആണ്‌. അയാളുടെ ഭാര്യ റെക്കമന്റ്‌ ചെയ്തിട്ടാണ്‌.... ഇന്ന്‌ പതിവില്ലാത്ത വിധം മേരി അയാളെ ഇങ്ങോട്ട്‌ വിളിച്ചു; നാളെ രാവിലെ പത്തരക്കാണ്‌ പ്രോഗ്രാം. കാണാതിരിക്കരുത്‌.

വെള്ളിയാഴ്ച നഗരം ഉണരുക വളരെ വൈകിയാണ്‌. അലാറം വച്ച്‌ കൃത്യമായി ഉണരുകയായിരുന്നു സെബാസ്റ്റ്യന്‍. മുറിയിലെ മറ്റു മൂന്നുപേരും സെബാസ്റ്റ്യന്റെ ഭാര്യയെ ടി.വി യില്‍ കാണുതിനായി മാത്രം അത്തെ ഉറക്കം പത്ത്‌ മണിക്ക്‌ ഉപേക്ഷിച്ചു. രണ്ടു തലയിണ കട്ടിലിന്റെ തലക്കല്‍ വച്ച്‌ അതില്‍ ചാരി സുലൈമാനിയുമായി ചുരുണ്ടിരുന്ന്‌ സെബാസ്റ്റ്യന്‍ റിമോട്ട്‌ ഞെക്കി. പതിവിനു വിപരീതമായി റിമോട്ട്‌ കണ്ട്രോള്‍ കയ്യില്‍ കിട്ടിയതിന്റേതായ തലയെടുപ്പ്‌ അയാള്‍ക്കുണ്ടായിരുന്നു അപ്പോള്‍. മുറിയിലെ അഞ്ചാമനായ മലയാളി ഇലെ രാത്രി തിരികെ വരാത്തതില്‍ അയാള്‍ ദു:ഖിച്ചു. മലയാളം അറിയില്ലെങ്കിലും മറ്റു മൂന്നുപേരും സ്ക്രീനില്‍ തുറിച്ചു നോക്കിയിരുന്നു.

ആരുമില്ലാതെ ആടുന്ന ഒരു ചൂരല്‍ക്കസേരയുടെ ക്ലോസപ്പ്‌ ദൃശ്യത്തില്‍ നിന്ന്‌ വളരെ പതുക്കെ പിറകോട്ട്‌ പോകുന്ന ക്യാമറ. അത്‌ തന്റെ കാര്‍പോര്‍ച്ചില്‍ തൂക്കിയിട്ടിരു കസേരയാണെന്ന്‌ സെബാസ്റ്റ്യന്‌ വീട്‌ മൊത്തം ഫ്രെയിമില്‍ വരുതിന്‌ മുമ്പേ മനസിലായി. കസേരയിലിരിക്കുന്ന തലയിണയ്ക്കുള്ളില്‍ മേരി കുത്തിനിറച്ചിരിക്കുന്നത്‌ മകളുടെ പാകമാവാതെ ഉപേക്ഷിക്കുന്ന ഉടുപ്പുകളായിരുന്നുവെന്ന്‌ അയാളോര്‍ത്തു. കാര്‍പോര്‍ച്ചിന്റെ പിന്‍ചുമരില്‍ വരയ്ക്കണമെന്ന്‌ നിശ്ചയിച്ചിരുന്ന (കഴിഞ്ഞ രണ്ടവധിക്കാലത്തും സാധിക്കാതെ പോയ) മഞ്ഞുമലകളുടെ ചിത്രം ഉണ്ടായിരുന്നെങ്കില്‍ ഈ ഷോട്ട്‌ അതിമനോഹരമായിരുന്നേനെ എയാള്‍ക്ക്‌ തോന്നി.

എത്ര ഭംഗിയായാണ്‌ മേരി പൂന്തോട്ടം അലങ്കരിച്ചിരിക്കുന്നതെന്ന്‌ സെബാസ്റ്റ്യന്‍ അത്ഭുതപ്പെട്ടു. അവള്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്ന ഒരു ചെറിയ താമരക്കുളം ഇതിനു നന്നേ ചേരും.

ക്യാമറയ്ക്ക്‌ വേണ്ടി എന്ന്‌ ഒറ്റനോട്ടത്തില്‍ മനസിലാകുന്ന വിധത്തില്‍ വാട്ടര്‍ ഹോസ്‌ ഉപയോഗിച്ച്‌ ചെടിനനയ്ക്കുന്ന മേരി. നോട്ടം പലപ്പോഴും പാളി ക്യാമറയിലേക്ക്‌ വീഴുന്നുണ്ടായിരുന്നു. പിന്നെ മേരിയുടെ മുഖം മാത്രം സ്ക്രീനില്‍. മുഖത്ത്‌ തീര്‍ത്തിരുന്ന മേക്കപ്പിന്റെ ആവരണം ഭേദിച്ച്‌ അല്‍പം വിയര്‍പ്പുതുള്ളികള്‍ നെറ്റിയില്‍ കൊച്ചുകൊച്ചു കുമിളകള്‍ പോലെ നിന്നിരുന്നു.

സ്വയമറിയാതെ അല്‍പം ഉറക്കെത്തന്നെ മേരി എന്ന്‌ പറഞ്ഞുകൊണ്ട്‌ സെബാസ്റ്റ്യന്‍ റിമോട്ട്‌ നീട്ടി ശബ്ദം അല്‍പം കൂട്ടി. കൂട്ടുകാര്‍ മൂന്നു പേരും കട്ടിലില്‍ ഒന്നിളകി കണ്ണുകള്‍ ടി.വി സ്ക്രീനിലേക്ക്‌ ഫോക്കസ്‌ ചെയ്തു. അവര്‍ തമ്മില്‍ ഹിന്ദിയില്‍, സെബാസ്റ്റ്യന്‍ നാട്ടിലെ ഷെയ്ക്കാണല്ലോ എന്നുപറഞ്ഞതോ, ഇത്‌ തന്റെ ഭാര്യയോ അതോ മകളോ എന്ന്‌ തമാശ ചോദിച്ചതോ അയാള്‍ അല്‍പം പോലും കേട്ടില്ല.

ശബ്ദം മാത്രം സാന്നിദ്ധ്യമായുള്ള ഒരു ചോദ്യത്തിന്‌ ഉത്തരമായി, ക്യാമറയുടെ മുന്നില്‍ ഒരു സാധാരണ വീട്ടമ്മയ്ക്കുണ്ടാകാവു പരിഭ്രമമെല്ലാം പെട്ടന്ന്‌ തന്നെ തരണം ചെയ്ത്‌, സെബാസ്റ്റ്യന്‍ പരസ്യപലകള്‍ എഴുതി നടന്നിരുന്നതും, എണ്‍പതിനായിരം രൂപ കൊടുത്ത്‌ ദുബായിലേക്ക്‌ കടതും, അന്ന്‌ ബിന്‍സി മോള്‍ക്ക്‌ പ്രായം മൂന്ന്‌ വയസ്സായിരുന്നുവെന്നതും ഒറ്റശ്വാസത്തില്‍ മേരി പറഞ്ഞുതീര്‍ത്തു.

ബിന്‍സിമോളെ സ്കൂളില്‍ ചേര്‍ത്ത കൊല്ലം മുതല്‍ വാടകവീട്ടിലേക്ക്‌ താമസം മാറ്റി. അവളെ എട്ടാം ക്ലാസില്‍ നഗരത്തിലെ സ്കൂളിലേക്ക്‌ മാറ്റിയപ്പോള്‍ ഇവിടെ വീട്‌ വാങ്ങാന്‍ പ്ലാനിട്ടു. മോള്‍ക്ക്‌ പത്താം ക്ലാസില്‍ പതിനാലാം റാങ്ക്‌ കിട്ടിയ മാസം തന്നെ ഈ വീട്‌ വാങ്ങി.

മേരി അഭിമാനത്തോടെ വീടിനെ നോക്കി. ഒപ്പം ക്യാമറയും.

ഫ്രെയിമില്‍ നിറഞ്ഞുനില്‍ക്കുന്ന അരൂപിയായ ശബ്ദത്തിന്റെ സാന്നിദ്ധ്യത്തിനായിരുന്നു മേരിയുടെ ഭാവങ്ങളുടെ നിയന്ത്രണം. ബന്ധുക്കളില്‍ നിന്നകന്ന് പട്ടണത്തില്‍ അമ്മയും മോളും തനിയെ താമസിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ലേ? ടെലിഫോണ്‍ ബില്ല്, കരന്റ്‌ ബില്ല്, ബാങ്കില്‍ പോക്ക്‌ ഇവയൊക്കെ മേരി തനിച്ചാണോ കൈകാര്യം ചെയ്യുന്നത്‌?....

ക്യാമറാമാന്റെ തോളിലിരുന്ന് ആടുന്ന ക്യാമറ ഇടയ്ക്കിടയ്ക്ക്‌ ഫ്രെയിമിന്റെ മൂലയിലേക്ക്‌ വലിച്ചെടുക്കുന്ന പൂക്കളില്ലാത്ത റോസാച്ചെടിയുടെ ഭാഗങ്ങള്‍ സെബാസ്റ്റ്യനെ അലോസരപ്പെടുത്തി. മേരിയുടെ പുറകില്‍ക്കൂടി ഒരു കൈനറ്റിക്ക്‌ ഹോണ്ടയും ഓടിച്ചുകൊണ്ട്‌ ബിന്‍സി മിന്നിമറിഞ്ഞു. കൂട്ടുകാരോട്‌ അല്‍പം ഉറക്കെത്തന്നെ ഹിന്ദിയില്‍ പറഞ്ഞു സെബാസ്റ്റ്യന്‍: അതാ മോള്‌!

മകളെ ഒരു വട്ടം കൂടി കാണുവാന്‍ പറ്റുമോ എന്ന് അല്‍പം ഏന്തിവലിഞ്ഞ്‌ സ്ക്രീനിന്റെ മൂല പരതുമ്പോള്‍ ബിന്‍സി സിറ്റൌട്ടില്‍ വന്ന് കൈവരികളില്‍ പിടിച്ച്‌ നിന്നു. ആരോടോ ആംഗ്യഭാഷയില്‍ എന്തോ ചോദിക്കുന്നത്‌ കാണാമായിരുന്നു. (മേരിയുടെ പുറകില്‍ക്കൂടി തന്നെയുള്ള അ സ്കൂട്ടാര്‍ ഓടിക്കലും പറഞ്ഞുപഠിപ്പിച്ചിരുന്ന കാര്യം സെബാസ്റ്റ്യനറിയില്ലായിരുന്നു.)

കല്യാണം കഴിക്കുമ്പോഴുള്ള മേരിയാണല്ലോ സിറ്റൌട്ടില്‍ നില്‍ക്കുന്നതെന്ന് വല്ലാതെ അത്ഭുതപ്പെടുകയായിരുന്നു സെബസ്റ്റ്യന്‍.

ഭര്‍ത്താവിന്റെ അടുത്ത്‌ അങ്ങു പോയി താമസിച്ചുകൂടെ എന്നായിരുന്നു അരൂപിയുടെ അടുത്ത ചോദ്യം. കൊണ്ടു പോകാനൊക്കെ പറ്റും, പക്ഷേ ചേട്ടന്‌ എപ്പോഴും ദൂരെയൊക്കെ ആയിരിക്കും ജോലി. അപ്പോഴൊക്കെ ഒറ്റയ്ക്ക്‌ കഴിയേണ്ടി വരും. പിന്നെ മോള്‌ നല്ലോണം പഠിക്കും. ഞങ്ങള്‍ക്ക്‌ പ്രധാനം അവരുടെ വിദ്യാഭ്യാസമാണ്‌. അതോണ്ട്‌ ഇതു വരെ അങ്ങോട്ട്‌ പോയിട്ടില്ല.മകളുടെ ഭാവിയോര്‍ത്ത്‌ അത്‌ വേണ്ടെന്ന് വച്ചു എന്ന മറുപടി കേട്ട്‌ കൂട്ടുകാരുടെ ഭാഗത്തേക്ക്‌ സെബാസ്റ്റ്യന്‍ പാളി നോക്കി.

വലിയ വലിയ അറബികളുടെ വീടിനകത്ത്‌ ചുമരില്‍ നല്ല ചിത്രങ്ങള്‍ വേണം. അത്‌ വരച്ചുകൊടുക്കുകയാണ്‌ ചേട്ടന്റെ ജോലി. ജോലി സ്ഥലത്തേക്ക്‌ പോകാനും തിരിച്ചുകൊണ്ടുവരാനും വണ്ടിയും ഡ്രൈവറേയും കൊടുത്തിട്ടുണ്ട്‌. (ഒരു സെക്കന്റ്‌ വൈകിയാല്‍ തെറി പറയുന്ന പഠാണിയുടേ ലോറിയുടെ പിറകിലുറപ്പിച്ച മരബെഞ്ചില്‍ മരവിച്ച മുഖം മാത്രമുള്ള സഹപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ പെയിന്റ്‌ ബ്രഷുമായി സൈറ്റിലേക്ക്‌ പോകുന്ന കാര്യമോര്‍ത്ത്‌ മേരിയോട്‌ താന്‍ പറഞ്ഞതില്‍ ഒട്ടും നുണയില്ല എന്ന് അയാള്‍ സമാധാനിച്ചു: ഒറ്റക്കളര്‍ ചിത്രങ്ങള്‍ തന്നെയല്ലേ ചുമരുകള്‍?)

സിറ്റൌട്ടില്‍ നില്‍ക്കുന്ന ബിന്‍സി മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌ കൂടിക്കുന്നത്‌ കണ്ടപ്പോള്‍ അയാള്‍ ക്കും ദാഹിച്ചു. കട്ടിലിനു താഴെ മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിറച്ചു വച്ച പൈപ്പുവെള്ളമെടുത്ത്‌ അയാള്‍ കുടിച്ചു. അതേ സമയം ടി.വിയില്‍ നേപ്പാളിലെ മെഡിക്കല്‍ കോളേജിലേക്ക്‌ മക്കളെ അയക്കാന്‍ ആഹ്വാനം മുഴക്കിയ പരസ്യം മേരിയെ തൂത്തുകളഞ്ഞ്‌ മറ്റൊരു ഗള്‍ഫ്‌ ഭാര്യയെ സ്ക്രീനില്‍ കൊണ്ടുവന്നു.

പ്രോഗ്രാം കഴിഞ്ഞാല്‍ ഉടനെ വിളിക്കണമെന്ന് മേരി പറഞ്ഞ കാര്യമോര്‍ത്ത്‌ അയാള്‍ കിടന്നുകൊണ്ടു തന്നെ ഫോണെടുത്തു. ലൈന്‍ കിട്ടുന്നുണ്ടായിരുന്നില്ല. അല്‍പം കഴിഞ്ഞ്‌ വീണ്ടു ശ്രമിക്കാം എന്നു കരുതി അയാള്‍ തലയിണ താഴ്ത്തി കഴുത്തു വരെ ബ്ലാങ്കറ്റ്‌ മൂടി നീണ്ടു നിവര്‍ ന്നു കിടന്നു. ടിവിയുടെ ശബ്ദം ഓഫ്‌ ചെയ്തു.

രണ്ടു വട്ടം നാട്ടില്‍ പോയപ്പോള്‍ താമസിച്ചതായിരുന്നു അയാള്‍ ആ വീട്ടിലെങ്കിലും, ക്യാമറ ഒപ്പിയെടുത്തപ്പോള്‍ പൂന്തോട്ടത്തിനുള്ളില്‍ ഒരു കൊച്ചു കൊട്ടാരമായി കാണപ്പെട്ടത്‌ എന്തുകൊണ്ടാണെന്നറിയില്ല അയാളില്‍ ചെറിയ ഭീതിയുണര്‍ത്തി. കണ്ണുകള്‍ കാണുമ്പോള്‍ ക്യാമറ കണ്ടെത്തുകയാണ്‌ ചെയ്യുന്നതെന്ന് പണ്ടേതോ ശില്‍പശാലയില്‍ ആരോ പ്രസംഗിച്ചതയാള്‍ക്കോര്‍മ്മ വന്നു. ഒരു പാറക്കഷണത്തിലെ ചില അനാവശ്യ ഭാഗങ്ങള്‍ ഒരു ശില്‍പി ചുരണ്ടിക്കളയുമ്പോള്‍ ശില്‍പമുണ്ടാകുന്നതു പോലെ കണ്ണുകള്‍ കാണുന്നതില്‍ നിന്ന് ചിലഭാഗങ്ങള്‍ ചുരണ്ടിക്കളയുകയാണ്‌ ക്യാമറ ചെയ്യുന്നതെന്ന് അയാള്‍ക്ക്‌ മനസിലായി. കണ്ണുകളില്‍ കനം വന്ന് മൂടി.

എന്തോ അയാള്‍ക്ക്‌ പെട്ടന്ന് നാട്ടില്‍ പോകണമെന്ന് തോന്നി.

പതിവിലും അല്‍പം തണുപ്പുകൂടിയ രാത്രിയായിരുന്നു അത്‌. മരുഭൂമിയിലെങ്ങോ മഴ പെയ്യുന്നുണ്ടെന്ന് അയാള്‍ക്ക്‌ തോന്നി. വാങ്ങലാഘോഷം എന്നതിനേക്കാള്‍ വില്‍ക്കലാഘോഷം എന്ന വാക്കല്ലേ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌ ചേരുക എന്ന് അയാള്‍ ചിന്തിച്ചു. നല്ല കച്ചവടം ഉള്ള ദിവസമായിരുന്നു. ഗ്ലോബല്‍ വില്ലേജിന്റെ കവാടത്തിലെ നീണ്ട നാവ്‌ പോലെ സന്ദര്‍ശകരുടെ ഒഴുക്ക്‌. പാര്‍ക്കിംഗ്‌ ഏരിയയില്‍ നിന്ന് കവാടത്തിലേക്കുള്ള നീണ്ട വഴിയില്‍ വാടകയ്ക്ക്‌ ഓടുന്ന സൈക്കിള്‍ റിക്ഷകള്‍ ഈ സ്ഥലത്തിന്‌ ഒരു ഇന്ത്യന്‍ നഗരത്തിന്റെ ഛായ നല്‍കി.

വടക്കുവശത്തായി ആകാശത്ത്‌ മിന്നല്‍പ്പിണരുകള്‍ നൈമിഷികമായ നമ്പൂതിരി ചിത്രങ്ങള്‍ വരയ്ക്കുന്നത്‌ അസൂയയോടെ നോക്കിയിരിക്കുകയായിരുന്നു സെബാസ്റ്റ്യന്‍ ഒരു ആരവം കേട്ടാണ്‌ ഞെട്ടി മുന്നോട്ട്‌ നോക്കിയത്‌.

ഒരു മൈക്കും പിടിച്ച്‌ ഓടി അടുത്തേക്ക്‌ വരുന്ന ഇറുകിയ ബനിയനും ബെല്‍ബോട്ടം ജീന്‍സുമിട്ട ഒരു പെണ്‍കുട്ടി. ചെറിയ ലൈറ്റ്‌ പിടിപ്പിച്ച ക്യാമറയുമായി ഒരാള്‍, കൂടെ വേറെ നാലു പേരും. മലയാളം പോലെ എന്ന് സെബാസ്റ്റ്യന്‌ തോന്നിപ്പിച്ച ഒരു ശബ്ദത്തില്‍ വളരെ ഉറക്കെ ആ പെണ്‍കുട്ടി ചോദിച്ചു.

ഹായ്‌ അങ്കിള്‍! ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ അടിപൊളിയല്ലേ.....?

ആരാണ്‌ ഇവരെന്നോ എന്താണ്‌ സംഭവിക്കുന്നതെന്നോ മനസിലാക്കുന്നതിന്‌ മുമ്പേ പെണ്‍കുട്ടി വീണ്ടും....

ആ താലിബാന്‍ കെട്ട്‌ ഒന്നഴിക്കാമോ?പെട്ടന്നുതന്നെ അയാള്‍ മുഖം മറച്ചിരുന്ന തുണി അഴിച്ചു പിടിച്ചു.

ക്യാമറ അയാളുടെ മുഖത്തെ ലൈറ്റടിച്ചു വെളുപ്പിച്ചുകൊണ്ട്‌ കോപിഷ്ടനായ യജമാനനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി.

എന്താ പേര്‌?

മൂക്കിന്‌ നേരെ നീണ്ടുവന്ന മൈക്കയോട്‌ അയാള്‍ പറഞ്ഞു:സെബാസ്റ്റ്യന്‍.

മുന്നിലിരിക്കുന്ന സഞ്ചിയിലേക്ക്‌ ആ പെണ്‍ കുട്ടിയോടൊപ്പം ക്യാമറയും നോക്കി.

ഹാ.....യ്‌ യു ആര്‍ ഡൂയിംഗ്‌ ബിസിനെസ്സ്‌!!!

വള്‍ ചിരിച്ചു കൊണ്ട്‌ അലറുന്ന സ്വരത്തില്‍ പറഞ്ഞ്‌ ഒരു പൊതിയെടുത്തു. കുറച്ച്‌ കപ്പലണ്ടി വായിലിട്ട്‌ മനോഹരമായി നാലുതവണ ചവച്ച്‌ ഇടതു കയ്യിന്റെ തള്ളാ വിരല്‍ മുകളിലേക്കുയര്‍ത്തി സൂ....പ്പര്‍ എന്ന സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. ക്യാമറ തന്റെ നെഞ്ചിന്‌ നേരെ തിരിഞ്ഞപ്പോള്‍ സെബാസ്റ്റ്യന്‍ എന്തിനെറിയാതെ നെഞ്ചിലെ ചെറിയ വളവ്‌ മാറ്റി നേരെ നിന്നു.

അങ്കിള്‍, പെണ്‍കുട്ടി പറഞ്ഞു: ഞങ്ങള്‍ -ചാനലില്‍ നിന്ന് വരുന്നു. ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌ വരുന്ന മലയാളികളില്‍ നിന്ന് നിമിഷ കവികളെ കണ്ടുപിടിക്കലാണ്‌ ഞങ്ങളുടെ ജോലി. അങ്കിളിനോു വിഷയം തരാം.....

സബ്ജക്ട്‌...ഊ ഊ ഊം.....നെറ്റിചുളിച്ചുകൊണ്ട്‌ അവള്‍ ചുറ്റും നോക്കി.യെസ്‌... കപ്പലണ്ടി.......വേഗം വേണം. ഫോര്‍ ലൈന്‍ എബൌട്ട്‌ യുവര്‍ സെല്ലിംഗ്‌ ഐറ്റം...കപ്പലണ്ടി... ഓക്കെ?

ആദ്യമുണ്ടായ അമ്പരപ്പ്‌ മാറി താനും ഷൂട്ട്‌ ചെയ്യപ്പെടുകയാണ്‌ എന്നത്‌ അയാള്‍ക്ക്‌ സന്തോഷത്തിനും അത്ഭുതത്തിനും ഇടയിലുള്ള എന്തോ ഒരു വികാരം സമ്മാനിച്ചു.

ക്യാമറയുടെ തീഷ്ണ നോട്ടം നേരിടാനാകാതെ മൈക്കിലേക്ക്‌ നോക്കി, സെബാസ്റ്റ്യന്‍ ഉറക്കെ ചൊല്ലി.

കാല്‍പ്പൂഴും മണല്‍ വറവു ചട്ടി*
അടിയില്‍ അണയാത്ത തീ
വിരലിടയില്‍ ഞെരിഞ്ഞാല്‍
‍തൊലിപോകും വരെ മൊരിയും
ദേഹവും മനവും..

ഹിയ്യാ.... ഫന്റാസ്റ്റിക്‌... അങ്കിള്‍ അടിപൊളി... താങ്ക്യു അങ്കിള്‍....
പെണ്‍കുട്ടി വീണ്ടും അലറിക്കൊണ്ട്‌ അയാളുടെ കൈ പിടിച്ച്‌ കുലുക്കി. എത്രയോ കിലോമീറ്റര്‍ പ്രകാശത്തെ വിക്ഷേപിക്കുന്ന അമൂല്യസമ്മാനമെന്ന് വിശേഷിപ്പിച്ച്‌ ഒരു പൊതി അയാള്‍ക്ക്‌ നല്‍കിയിട്ട്‌ ആ സംഘം ആരവത്തോടെ മറ്റാരുടേയോ അടുത്തേക്കോടി.

ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ പ്രോഗ്രാമുകള്‍ എല്ലാ ചാനലിലും വിടാതെ കാണുന്ന മേരിക്ക്‌ മുന്നില്‍ താന്‍ പബ്ലിക്‌ റോട്ടിലെ ചുമര്‍ച്ചിത്രമായി മാറിക്കഴിഞ്ഞെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ അയാള്‍ തുടര്‍ച്ചയായി ഞെട്ടി. ഞെട്ടലില്‍ കിടക്കയില്‍ നിന്ന് തല ഉയര്‍ത്തിയ സെബാസ്റ്റ്യന്‍ പലനിറത്തിലുള്ള പെയിന്റിന്റെ അവശിഷ്ടങ്ങള്‍ വീണ്‌ സ്വന്തം നിറം നഷ്ടപ്പെട്ട, ഹാംഗറില്‍ തൂങ്ങുന്ന തന്റെ കവറോള്‍ ആണ്‌ കണ്ടത്‌.

ഒരു കബന്ധം പോലെ അത്‌ വായുവില്‍ തൂങ്ങിനിന്നു.

ടി.വി അപ്പോഴും ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
----------------------------
* ടി. പി അനിക്കുമാറിന്റെ 'ഒഴിവുകാലം' എന്ന കവിതയിലെ നാലുവരി. കലാകൌമുദി, ലക്കം 1457. അനിലിന്റെ ബ്ലോഗ്‌ ചങ്ങാടം.

34 comments:

സങ്കുചിത മനസ്കന്‍ said...
This comment has been removed by a blog administrator.
സങ്കുചിത മനസ്കന്‍ said...

2003 -ല്‍ എഴുതിയ കഥ. ഈ കഥയ്ക്കു ശേഷം ഞാന്‍ എന്റെ തൂലിക വലിച്ചറിഞ്ഞു. മാസാമാസം കൂടാറുള്ള അബുദാബിയിലെ ഒരു സാഹിത്യകൂട്ടായ്മയില്‍ എല്ലാവരും എന്റെ ഈ കഥയെ കടിച്ചുകീറി. അതായിരുന്നു തൂലിക വലിച്ചെറിയാന്‍ കാരണം. 2005-ല്‍ ഇത്‌ ദേശാഭിമാനി വാരികയ്ക്കയച്ചുകൊടുത്തു. പിന്നെ അത്‌ തിരിച്ചു വന്നില്ലെങ്കിലും പ്രസിദ്ധീകരിച്ചും കണ്ടില്ല. കഴിഞ്ഞ മാസം രാജേഷ ആര്‍ വര്‍മ്മ പറഞ്ഞാണറിയുന്നത്‌ ഇത്‌ കഴിഞ്ഞ മാര്‍ച്ചില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചെന്ന്. അതും ഇല്ലസ്റ്റ്രേഷന്‍ CHANS. ആനന്ദലബ്ദിക്കിനി എന്തു വേണം? ഞാന്‍ അബുദാബി വഴി പോയി എന്റെ വലിച്ചെറിഞ്ഞ തൂലിക തിരിച്ചെടുക്കാന്‍ പോകുന്നു. ബൂലോക കൂടപ്പിറപ്പുകളേ, ജാഗ്രതൈ!! -ഈ പോസ്റ്റ് രാജേഷ് വര്‍മ്മയ്ക്ക് സമര്‍പ്പിക്കുന്നു.

കുറുമാന്‍ said...

ഞാന്‍ എന്താ പറയ്യാ പഹയാ. എന്താ കഥ, തിരകഥ!

താങ്കളുടെ ഭാവനകള്‍ ഉള്ളിതൊണ്ടു പൊളിച്ചിനിയും പുറത്തേക്കു വരണം, അതു മാത്രമെന്റെ |ആഗ്രഹം

വിശാല മനസ്കന്‍ said...

ഒറ്റക്കളര്‍ ചിത്രങ്ങള്‍ തന്നെയല്ലേ ചുമരുകള്‍?

വളരെ റ്റച്ചിങ്ങ് സ്റ്റോറീ. റോളയിലെ സൂക്കിന് സമീപമുള്ള പാര്‍ക്കില്‍ വച്ച്, ഗ്ലോബല്‍ വില്ലേജില്‍, അങ്ങിനെ എത്രയെത്ര സ്ഥലത്ത് തണുത്ത് വിറങ്ങലിച്ച്, മൂടിപ്പുതച്ചുകൊണ്ട് കപ്പലണ്ടി വേണോയെന്ന് ചോദിച്ച് നടക്കുന്ന എത്രയെത്ര മലയാളി ഗള്‍ഫുകാറ്.

ഇങ്ങിനെയായിരിക്കുമോ അവരുടെയെല്ലാം വീട്ടുകാര്‍? :(

ഒരു ഓ.ടോ: കിണറ്റില്‍ വീണ പോട്ടക്കാരന്‍ ജഗജില്ലി സങ്കുചിതന്‍ എവിടെ പോയി? കൊടകര പുരാണം സങ്കുചിത് വെര്‍ഷന്‍ എഴുതിയ ആ പവന്‍ മാര്‍ക്ക് സങ്കുചിതന്‍! അവിടെയെങ്ങാനുമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഈ ആരാധകന്റെ അന്വേഷണം പറയണേ..

പ്രിയംവദ said...

കുറെക്കാലം മുന്‍പു എനിക്കൊരു അടുക്കള സഹായി പെണ്‍കുട്ടി ഉണ്ടായിരുന്നു. BA അരബിക്‌ പസ്സയതാണു. എന്റെ മോളോദു വലിയകൂട്ടൊക്കെ ആയിരുന്നതിനാല്‍ ഞാന്‍ രണ്ടു പേരുദെയും ഫോട്ടോ എടുക്കാന്‍ നോക്കും ..അതു വേണ്ട ചെച്ചി നാട്ടില്‍ ആരെങ്കിലും കണ്ടല്‍..അവിടെ എഞ്ചിനീയറിംഗ്‌ പഠികുന്ന സഹോദരന്‍ ..ഒക്കെ ഉണ്ടു..സമ്മാന്യം നല്ല പരി‍തസ്ഥിതിയാ..ഇവിദെ നിലനിന്നുപോകന്‍ ഭര്‍താവിനു ഒരു സഹായം..,
എന്നു പറഞ്ഞു വിലക്കും.


സങ്കുചിതന്റെ പേരു മാത്രം എനിക്കിഷ്ടമായില്ല..നിങ്ങലൊരു ചെരിയ വിശാലന്‍ തന്നപ്പ!

ബിന്ദു said...

വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തറച്ച വാചകം അതിനു മുന്‍പു തന്നെ വിശാലന്‍ അടിച്ചു മാറ്റി എഴുതി. നോക്കിക്കൊ അടുത്ത തവണ ഞാന്‍ ഫസ്റ്റ്.
നല്ല കഥ, ഇതെനെന്തിനാ ഇത്രയും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നത് എന്നു മനസ്സിലായില്ല. :)

Peelikkutty!!!!! said...

കുത്തിക്കുറിച്ചുവച്ച ആ സൃഷ്ടികളൊക്കെ എടുത്ത് വെളിച്ചം കാണിക്കൂ..ഞാന്‍ ഫാനായി:)

ittimalu said...

ശ്ശൊ.. എത്ര കഥകളാ നഷ്ടമായത്.. എന്തായാലും തൂലിക തിരികെ കിട്ടിയല്ലോ...നല്ല കഥ എന്നു എല്ലാരും പറഞ്ഞു കഴിഞ്ഞു .. പ്രത്യേകിച്ച് ഞാന്‍ എന്തിനാ പറയണേ..അല്ലെ..അപ്പൊ എല്ലാം പറഞ്ഞ പോലെ..

sandoz said...

കുറച്ച്‌ നാള്‍ കഴിഞ്ഞാണെങ്കിലും പ്രസിദ്ധീകരിച്ചല്ലോ.ഒരു കാര്യം ചോദിക്കട്ടെ-അവര്‍ കാശ്‌ തന്നോ.
കഥ നന്നായി.

സങ്കുചിത മനസ്കന്‍ said...

കുറുജീ,
ഉള്ളി തൊണ്ടുകളഞ്ഞ് കളഞ്ഞു പോയാല്‍ അവസാനം സമ്പൂര്‍ണ്ണ ശൂന്യതയാണ് ;)

വിശൂ, ആ സങ്കുചിതന്‍ ഇവിടെ തന്നെയുണ്ട്. എങോട്ടും പോകില്ല, ഞെട്ട്യറ്റാ കടക്കത്തന്നെയെന്നല്ലെ?

പ്രിയംവദ, നന്ദി. പ്രവാസലോകത്തിലേക്ക് വരുന്ന അപേക്ഷകള്‍ കുന്നുകൂടുന്നത് കാണുന്നില്ലേ?

ബിന്ദൂ: സുഭാഷ് ചന്ദ്രന്‍ എന്നില്‍ ആവേശിച്ച സമയത്ത് എഴുതിയതിനാല്‍ അതു പോലെ ജാഢ ഉള്ള ഒരു ഭാഷയാണ് ഈ കഥയ്ക്ക് എന്ന് എനിക്ക് തോന്നി. അതുകൊണ്ടായിരിക്കും ഈ കഥയെ ‘സാഹിത്യ പുലികള്‍’ കീറി മുറിച്ചത്.

എന്റെ ഉദ്ദേശം കഥയുടെ പേരില്‍ നിന്ന് വ്യക്തമായിരുന്നു. ഒരു പ്രവാസിയുടെ ദുരിതം എന്നതിനേക്കാള്‍ ഇവിടെ തീം നിങ്ങളെ ആരൊക്കെയോ എപ്പോഴും ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യമാണ്.

നമുക്ക് 24 മണിക്കൂറും അഭിനയിക്കേണ്ടി വരുന്നു.
പീലി. ഇട്ടി. സാന്‍ഡോ നന്ദി. കാശോന്നും അയച്ചു തന്നില്ല. ഗള്‍ഫ് കാര്‍ക്ക് പൊതുവെ കിട്ടാറില്ലെന്ന് തോന്നുന്നു.

തമനു said...

സങ്കുചിതാ ... മനോഹരമായിരിക്കുന്നു..

നമ്മളെല്ലാം ഈ അവസ്ഥയില്‍ തന്നെയല്ലേ ..? ചിത്രകാരനും ചുമരും ഒന്നാവുന്ന ഒരവസ്ഥ.....

കരിയും, പുകയും, ചെളിയും എല്ലാം പെയിന്റടിച്ച്‌ മായ്ച്ച്‌ ഓരോ ദിവസവും ഓരോ പുതിയ ചിത്രങ്ങള്‍ വരച്ച്‌ മറ്റുള്ളവരുടെ മുന്നില്‍ നാം നമ്മെ തന്നെ പ്രദര്‍ശ്ശിപ്പിക്കുകയല്ലേ ..

എല്ലാ ഭാവുകങ്ങളും നേരുന്നു. ഈ തൂലിക വലിച്ചെറിയാനുള്ളതല്ല. കൂടുതല്‍ ശക്തമായ ചിത്രങ്ങളുണ്ടാവട്ടെ.

വേണു venu said...

മാഷേ, നോവിച്ചല്ലോ ഈ കഥ. ഈ കഥയെഴുതിയ തൂലിക വലിച്ചെറിഞ്ഞതു് നിര്‍ഭാഗ്യമെന്നു പറയട്ടെ.
ദേശാഭിമാനിക്കു ഞാന്‍ എന്‍റെ ഭാവുകങ്ങള്‍ നല്‍കുന്നു.ആ പേന തിരിച്ചു തന്നതിനു്.

സങ്കുചിത മനസ്കന്‍ said...

വേണുജീ, നന്ദി. ദേശാഭിമാനി മാത്രമേ എന്റ്റെ നോട്ടത്തില്‍ ഒരു അറിയപ്പെടാത്ത ആളുടെ കഥ പ്രസിദ്ധീകരിക്കുന്നുള്ളൂ. നമ്മുടെ ഇപ്പോഴത്തെ പുലികളുടെ ആദ്യ കാല കഥകള്‍ മിക്കതും ദേശാഭിമാനിയിലായിരുന്നു വന്നത്. കൂട്ടത്തിലെ ചീറ്റിപ്പോയ എന്നെ പോലെയുള്ള എലികള്‍ക്കും ഭാഗ്യം സിദ്ധിക്കുന്നു. ;)

വല്യമ്മായി said...

ഇവിടത്തെ ജീവിതം നാമെല്ലാവരേയും ഒരു ബ്ലാക്ക് അന്റ് വൈറ്റ് ചിത്രമാക്കി മാ‍റ്റുന്നു.

നല്ല കഥ.എന്ത് പറഞ്ഞാണ് അവരീ കഥയെ വലിച്ചു കീറിയത്?

ഉമ്പാച്ചി said...

ക്ഷമിക്കണം,

പത്രാധിപന്‍മാര്‍
പിറ്റിച്ചു വച്ച പലതും
ഇങ്ങനെ
സ്വയം വഴികണ്ടെത്തിയിട്ടുണ്ട്

മലയാളത്തിലെ
ഒരു മഹാ പത്രാധിപര്‍
എന്‍റെ കവിത
സ്ഥലപരിമിതി കാരണം
എന്നു പറഞ്ഞ് തിരിച്ചയച്ചു.

സ്ഥലമുള്ള ലക്കാത്തില്‍
കൊടുക്കണം സര്‍
എനിക്കു
തിരക്കില്ല
എന്നു ഞാനും തിരിച്ചയച്ചു

ഇനിയും
ആ കവിതയുടെ
ജാതകം തിരുത്തപ്പെട്ടിട്ടില്ല

ഇതിങ്ങനെ യൊക്കെയാ
സാരല്ല
നല്ല കഥ

സങ്കുചിത മനസ്കന്‍ said...

ഉംബാച്ചി,
അത് ഭാഷാപോഷിണി ആണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അത് അതില്‍ തന്നെ വരും. കാത്തിരിക്കൂ.

വല്യമ്മായി, ഏച്ച് കെട്ടിയ ഭാഷയാണിതില്‍ എന്നായിരുന്നു ആരോപണം. ഞാന്‍ സുഭാഷ് ചന്ദ്രന്‍
പായലിനെ പറ്റി എഴുതുമ്പോള്‍ ഇങനെ എഴുതും :മഴ ചുംബിച്ച ഓര്‍മ്മ പച്ചനിറത്തില്‍ കിടക്കും മണ്ണില്‍; അതിനു പൂപ്പലെന്നാണ്‌ കളിപ്പേര്‌.
അതൊക്കെ അനുകരിക്കാന്‍ നോക്ക്കി എന്നെപ്പോലെയുള്ളവന്മാര് ഇങനെയൊക്കെ എഴുതിക്കൂട്ടും. ചീത്ത കേക്കാന്‍ വേറെ എന്തെങ്കിലും വേണോ?

തമനു, ഡാങ്ക്സ്...

-സങ്കുചിതന്‍

Ambi said...

വേണു മാഷ് പറഞ്ഞതു തന്നെ സത്യം..കുറേക്കാലത്തിനു ശേഷം ദേശാഭിമാനിയോട് സ്നേഹം തോന്നുന്നു..ഒന്നിനുമല്ല.ഈ പേന തിരിച്ചു തന്നതിന്..

ദിനപ്പത്രത്തില്‍ പ്രഭാവര്‍മ്മയുടെ മുന്‍പേജ് കവിതയുണ്ടായിരുന്നെന്ന് ഇന്നാണറിഞ്ഞത്..സത്യം ആ വിഷമം പോലും മറന്നു(ഞാനെന്തിനു വിഷമിയ്ക്കണം എന്നും സ്വയം ചോദിച്ചു ..)

സങ്കുചിതമല്ലാത്ത മനസ്സേ..ഒത്തിരി ഇഷ്ടപ്പെട്ടു..നന്ദി..

Anonymous said...

ഇത്ര മനോഹരമായി കഥയെഴുതിയ ആള്‍ തുടര്‍ന്നെഴുതാഞ്ഞത് കഷ്ടമായി.മുഖ്യധാരാ മാധ്യമങ്ങള്‍ പല ലോബികളുടെയും പിടിയിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സമാന്തര മാധ്യമങ്ങളാണ് ആശ്വാസം നല്‍കുന്നത്.കഥയും അതെഴുതിയ ശൈലിയും എനിക്ക് വളരെ ഇഷ്ടമായി.
-വിഷ്ണുപ്രസാദ്

ദില്‍ബാസുരന്‍ said...

സങ്കുച്ചേട്ടാ,
യേതവനാണ് ഈ തൂലിക വലിച്ചെറിയിപ്പിച്ചത്? തിരിച്ചെടുക്കാന്‍ അബുദാബിയില്‍ പോകുന്നുണ്ടല്ലോ. ഞാനും വരുന്നുണ്ട് അന്ന്. നമ്മള്‍ക്ക് തപ്പിയെടുക്കാം. ബൈ ദ ബൈ എന്താ ഈ എല്‍.കെ.ജി കുട്ട്യോള്‍ഡെ സ്വഭാവം? ക്രയോണ്‍സും പെന്‍സിലുമൊക്കെ വലിച്ചെറിയുന്നതേയ്.

ഓടോ: എഴുത്ത് നിര്‍ത്തിയത് വന്‍ ചതിയായിപ്പോയി. പണ്ട് കച്ചറയുണ്ടാക്കിയവനെ ഇപ്രാവശ്യം അബുദാബിയില്‍ കിട്ടുമോ? ‘ആശ്ചര്യചൂടാമണി’ ഉപദേശിച്ച് കൊടുക്കാം. :-)

പെരിങ്ങോടന്‍ said...

സങ്കുചിതാ, കഥ നന്നായിരുന്നു. ഈ പതിനൊന്നിനു അബുദാബിയില്‍ വച്ചു തന്നെ തൂലിക തിരിച്ചെടുക്കാനുള്ള മോഹം പൂര്‍വ്വാധികം ശക്തിയോടെ വീണ്ടെടുക്കുമെന്നും കരുതുന്നു.

വിശാല മനസ്കന്‍ said...

ദില്‍ബൂ.. സങ്കുചിതനെക്കൊണ്ട് പേന വലിച്ചെറിയച്ച ആ സാമദ്രോഹിയെ കുത്തിമലത്തണോ അതോ എടക്കാല് വച്ച് വീഴ്ത്തണോ?

എന്തിനായാലും ഞാന്‍ റെഡി. ഇന്ന് പോകാനാണ് പ്ലാനെങ്കില്‍.. ഞാന്‍ രാത്രി ഒരു പന്ത്രണ്ട് മണിയാവുമ്പോഴേക്കും ഫ്രീയാവും അപ്പോള്‍ നമുക്ക് പോകാം. (ഭയങ്കര പണിയാ ഓഫീസില്‍)

ഇനി, അബുദാബി വരെ ആളെ തല്ലാന്‍ പ്ലാനുകള്‍ തയ്യാറാക്കി ചെന്നിട്ട്, ആളെക്കാണുമ്പോള്‍ ചിരിച്ച് കയ് കൊടുത്ത് ‘പോട്ടേ.. സാരല്യ..തെറ്റുകള്‍ പറ്റാത്താവര്‍ ആരുണ്ട്? ശിക്ഷിക്കാന്‍ നാം ദൈവമല്ലല്ലോ‘ എന്നൊക്കെ പറഞ്ഞ് ഇത്തവണ ഒരുകാരണവശാലും തിരിച്ച് പോരുന്നതായിരിക്കില്ല!!

ഗന്ധര്‍വ്വന്‍ said...

സംകുചിതന്‍ കഴിവുള്ള എഴുത്തുകാരനാണെന്ന്‌ എഴുതുന്ന ഓരോ വരികളും പണ്ടേ പറഞ്ഞു തന്നിരുന്നു. പക്ഷേ പെരിങ്ങോടനെക്കുറിച്ചൊരാള്‍ വ്യക്തിപരമായി പറഞ്ഞതുപോലെ ഒരു ബ്ലോഗെഴുത്തില്‍ തളക്കപ്പെടേണ്ട ആളല്ലെന്നും എനിക്കഭിപ്രായമുണ്ട്‌.
പിന്നെ സാഹിത്യ സംവാദങ്ങള്‍ പണ്ടത്തെ കളരികളായിരുന്നു.
ഓരോ കൂടിച്ചേരലിലും പരസ്പരമുണ്ടാക്കിയ മുറിവുമേറ്റിട്ടായിരിക്കും വെളിയില്‍ വരിക.
താത്കാലികമായി എഴുത്തിനോട്‌ വൈമുഖ്യമുണ്ടാക്കപ്പെടുമെങ്കിലും കൂടുതല്‍ ആര്‍ജവത്വമാര്‍ന്നാണ്‌ പിന്നീടുള്ള സംവാദങ്ങളീല്‍ തങ്ങളുടെ സൃഷ്ടികളുമായെത്തുക. കൂടുതല്‍ വിമര്‍ശനങ്ങളെ നേരിടാനുള്ള ശക്തിയും സമഭരിച്ചിട്ടുണ്ടാകും.
വീണ്ടും തൂലികയെടുക്കുന്ന സംകുചിതന്റെ മണികണ്ഠത്തില്‍ നിന്നും സാഹിത്യത്തിന്റെ കളഘോഷം മുഴങ്ങട്ടെ. ആശംസകള്‍

തറവാടി said...

വളരെ നല്ല കഥ

മനസ്സ് വല്ലാതെ നൊന്തു.

കരീം മാഷ്‌ said...

തൂലിക വേണങ്കില്‍ കളഞ്ഞോളൂ. പക്ഷെ ആ വിരലുകള്‍ ഏകലവ്യനു പറ്റിയപോലെ മുറിച്ചു കൊടുക്കാതിരുന്നാല്‍ മതി. കീ ബോര്‍ഡില്‍ ആ മന്ത്രിക വിരലുകള്‍ കൊന്റു ഇതിനെക്കാളും നല്ലതു തരുമെന്നുറപ്പുണ്ട്. നല്‍കിയാല്‍ വായിക്കാന്‍ ഞങ്ങള്‍ ബൂലോഗത്തുണ്ട്.
അംഗീകാരം അവസാനം തേടി വരിക തന്നെ ചെയ്യും
അഭിവാദ്യങ്ങള്‍

ദേവന്‍ said...

ഇങ്ങനെ എഴുതുന്ന തൂലിക കളയാന്‍ പറഞ്ഞ കശ്മലന്മാരെ വീക്കണം. കൂലിക്കു തല്ലുന്ന കുറച്ച്‌ മിസ്രീമാരെ അറിയാം, ആ അഡ്രസ്സ്‌ പറ സങ്കൂ..

OT
( sri) എന്നടിക്കുമ്പോള്‍ സൃ ആണല്ലോ വരുന്നത്‌. misri എന്ന് എങ്ങനെ എഴുതും?

അഗ്രജന്‍ said...

സങ്കൂ, നല്ല രസകരമായി പറഞ്ഞിരിക്കുന്നല്ലോ ഈ കഥ. ശരിക്കും ഇഷ്ടപ്പെട്ടു... ഇതിനെ കടിച്ചു കീറിയ അബൂദാബി കൂട്ടായ്മക്കാരോട് എന്‍റെ പ്രതിഷേധം അറിയിക്കുന്നു.

എന്തായാലും തൂലിക തിരിച്ചെടുത്തത് നന്നായി :)

സെബാസ്റ്റ്യനും മേരിയും രണ്ട് സമൂഹത്തിന്‍റെ പ്രതിനിധികളാണ്... രണ്ടു പേരേയും ചിത്രീകരിച്ചത് വളരെ നന്നായിട്ടുണ്ട്.

ദേവേട്ടാ... മിസ്രി എന്നോ മിസിരി എന്നോ എഴുതിയാല്‍ പോരേ! sri അടിക്കുമ്പോള്‍ സ്രി തന്നെയാണല്ലോ വരുന്നത്... അതോ ഇതിലിനി വല്ലതും ഒളിഞ്ഞിരിപ്പുണ്ടോ :)

Rajesh R Varma said...

സങ്കുചിതാ,

സമര്‍പ്പണത്തിന്‌ ഒരു പ്രത്യേക ചിയേഴ്സ്‌.

നാട്ടില്‍ പോയപ്പോള്‍ വാങ്ങിച്ചുകൊണ്ടുവന്ന ദേശാഭിമാനിയില്‍ താങ്കളുടെ കഥ കണ്ടപ്പോള്‍ എന്റെ വിചാരം താങ്കളൊക്കെ എപ്പോള്‍ വേണമെങ്കിലും അതിലൊക്കെ എഴുതുന്ന ഉന്നതരുടെ ക്ലബ്ബിലാണെന്നല്ലേ. ആനുകാലികങ്ങളില്‍ അച്ചടിച്ചുകാണുന്ന സകലരെപ്പറ്റിയും എന്റെ വിചാരം ഇതാണ്‌. വെറുതെ അഭിപ്രായം ഈ-മെയിലില്‍ അറിയിച്ചപ്പോഴല്ലേ നടുക്കം പാഴ്സലായി തിരിച്ചുവന്നത്‌! "ഏതു കഥ? എന്തു കഥ? സ്കാന്‍ ചെയ്ത്‌ അയച്ചുതരൂ." എന്തായാലും ഇതിനു നിമിത്തമായതില്‍ സന്തോഷമുണ്ട്‌. എഴുതിക്കൂട്ടുക.

Siju | സിജു said...

നല്ല കഥ
തൂലിക തിരിച്ചെടുത്തുവെന്നു കരുതുന്നു

Anonymous said...

സങ്കൂ, പ്രവാസിയുടെ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ വിശദീകരിച്ച കഥ നന്നായി. പേന തിരിച്ചെടുത്തത് അതിലും നന്നായി
ഡാലി

Inji Pennu said...

തൂലിക വലിച്ചെറിഞ്ഞത് ഏതായാലും നന്നായി എന്നേ ഞാന്‍ പറയുള്ളൂ, നമക്ക് കീബോര്‍ഡ്ഡും മൌസും മതി. തൂലിക അവരെടുത്തോട്ടെ. :)
ബ്ലോഗാം നമുക്കു ബ്ലോഗാം...

യാത്രാമൊഴി said...

വളരെ നന്നായി കഥ പറഞ്ഞിരിക്കുന്നു. പിന്നെ, ഇതുപോലത്തെ തൂലിക അങ്ങനെയങ്ങ്‌ വലിച്ചെറിയാന്‍ പറ്റുമോ എന്ന് വര്‍ണ്യത്തിലാസങ്കു...

അഞ്ചല്‍കാരന്‍... said...

നന്നായി,
തുടരുക.

സനാതനന്‍ said...

പ്രിയപ്പെട്ട സങ്കുചിതന്‍
നല്ല വായനകള്‍ക്കിടയില്‍ ലഭിക്കുന്ന മനസ്സ് സ്‌തബ്‌‌ധമാകുന്ന നിമിഷങ്ങളാണ് സത്യത്തില്‍ വായനയെ സ്നേഹിപ്പിക്കുന്നത്.ചിലപ്പോള്‍ നല്ലപുസ്തകങ്ങള്‍ വായിക്കുന്നതിനിടക്ക് അതുമടക്കി നെഞ്ചിലേക്കിട്ട് ഒറ്റയിരുപ്പങ്ങിരുന്നുപോകും.അത്തരമൊരനുഭവം നെറ്റിലെ വായനകള്‍ സമ്മാനിക്കുന്നില്ലെങ്കിലും.താങ്കളുടെ എഴുത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ സ്തബ്ധനിമിഷം സമ്മാനിച്ചു എന്നു പറയാന്‍ ഒരു മടിയുമില്ലെനിക്ക്.ശക്തമായ ഭാഷ എന്ന വാചക ക്ലീഷേ ആയിപ്പോയെങ്കിലും അതിനു തത്തുല്യമായ വാചകം വേറെയില്ലല്ലൊ

നമ്മൂടെ ലോകം said...

:)

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.