ഇന്തോ അറബ് - കള്‍ച്ചറല്‍ ഫെസ്റ്റിനോടനുബന്ധിച്ച്
നടന്ന സാംസ്കാരിക സമ്മേളനവേദിയില്‍ വച്ച് മൂന്നാമിടം
പ്രവര്ത്തകന് ടി.പി അനില്‍കുമാറിന്റെ കവിതാ സമാഹാരം
-രണ്ടു അധ്യായങ്ങളുള്ള നഗരം- സാറ ടീച്ചര്‍ക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് മേതില്‍ നിര്‍വഹിച്ചു. പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള മൂന്നാമിടം എഡിറ്റര്‍ കരുണാകരന് എഴുതിയ പഠനം താഴെ ചേര്‍ക്കുന്നു.
അനിലിന്റെ ബ്ലോഗ്ഗ്: ചങ്ങാടം
അധികം മധുരമില്ലാത്ത
ഈന്തപ്പഴങ്ങളുമായി
കോണിപ്പടികളിലൊന്നില്‍
കരുണാകരന്
നമ്മുടെ കാലചരിത്രത്തിലും ഏറ്റവും പ്രശസ്തമായ സമയനാമങ്ങളായി അടയാളപ്പെടുത്തപ്പെട്ട ആധുനിക ആധുനികപൂര്‍വ ആധുനികാനന്തര ഘട്ടങ്ങളെന്ന് വേര്‍പിരിയുന്ന കാലപരിഗണനകളില്‍ കൃതികളേക്കാള്‍
എഴുത്തുകാരാണ് വിഭജിക്കപെട്ടതെന്നത് ശ്രദ്ധേയമായിരുന്നു.ഒരാളുടെ സ്വഭാവത്തില്‍ ജനിതകമായ ഘടകങ്ങളും ചരിത്രപരമായ സ്വാധീനങ്ങളും വ്യാഖ്യാനിക്കപ്പെട്ടതുപോലെ ഈ എഴുത്തുകാരുടെ ജീവചരിത്രവും കാലചരിത്രത്തിന്റെ ഭാഗമെന്ന നിലയില്‍ പ്രകടിപ്പിക്കപ്പെട്ടു. അതുകൊണ്ടു തന്നെ, കവിതയില്‍ മാത്രമല്ല, നമ്മുടെ കാലവിമര്‍ശത്തിന്റെ ഏതാണ്ട് മുഴുവന്‍ ചരിത്രവും ഒരുതരം വായ്മൊഴിയേയും അടയാളപ്പെടുത്തി. കവിയും കാവ്യനിരൂപകനും ഒരേസമയം ഒരേ വനയിലേക്ക് പ്രവേശിക്കുകയും ആ ഭാവനയുടെ പൂര്‍വ്വനിശ്ചിതങ്ങളായ സങ്കല്പങ്ങളെ പ്രവചനസമാനങ്ങളായ ആശയങ്ങളാക്കി അവതരിപ്പിക്കുകയും ചെയ്തു. എഴുപതുകളിലെ സാഹിത്യത്തെക്കുറിച്ചുള്ള പൊതുവായ വിലയിരുത്തലുകളാണ് എണ്‍പതുകളിലും തൊണ്ണൂറുകളിലും പ്രഭാവത്തോടെ നിലനിന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
ഇതു നമ്മെ നിരാശപ്പെടുത്തുന്നു.
കാലം എന്ന സങ്കല്പത്തിന്റെ ചരിത്രസാദ്ധ്യത തന്നെ ഒരാളുടെ ഭാവനയെ സംബന്ധിച്ച കണിശമായ അന്വേഷണങ്ങളുടെ വിവരണമാകുന്നു. അപ്പോഴും അത് സാമൂഹികമായ തീരുമാനങ്ങളുടെ, അല്ലെങ്കില്‍ അത്തരത്തില്‍ രൂപപ്പെടുന്ന ആശയസമുച്ചയങ്ങളുടെ അവതരണമാകുന്നുമില്ല. അഥവാ, അത്തരം പരിഗണനകളില്‍ നിന്ന് മാത്രം ആരംഭിക്കുന്ന ആലോചനകളില്‍ ഒരു രചനയുടെ കാലം അതിന്റെ രചയിതാവിന്റെ ജീവിതഘട്ടത്തോടെ പ്രവേശിക്കുന്നില്ല. ഒരു വ്യക്തിയുടെ പ്രഖ്യാപിത പൗരധര്‍മ്മങ്ങള്‍ മാത്രമല്ല, അതില്‍നിന്നുള്ള അയാളുടെ വേര്‍പെടലോ അതിനോടുള്ള അയാളുടെ വൈമുഖ്യമോ കൂടി ഒരു സമൂഹത്തിന്റെ അധികാര സങ്കല്പത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നതുപോലെ, ഭാവനയുടെയും സാമൂഹികതലം ചര്‍ച്ചയ്ക്കു വിധേയമാകുന്നു.എഴുപതുകളെ വിലയിരുത്തുന്ന സാമാന്യങ്ങളായ ധാരണകളെ യൂറോപ്യന്‍ ആധുനികതയുടെ ആശയങ്ങള്‍ സ്പര്‍ശിക്കുന്നു. എണ്‍പതുകളേയും തൊണ്ണൂറുകളെയും വിലയിരുത്തുന്ന സവിശേഷ സങ്കല്പങ്ങളില് എഴുപതുകളിലെ ആശയങ്ങള്‍ തന്നെ മറ്റൊരു വിധത്തില്‍ മറ്റു
പല അന്വേഷണങ്ങളിലൂടെയും കടന്നു വരുന്നു. ഇതെല്ലാം ഒരേ സമയം എഴുത്തുകാരന് (കവി) എന്ന സങ്കല്പത്തെയും ഭാവന എന്ന പ്രവൃത്തിമണ്ഡലത്തെയും (മടുപ്പിക്കുന്ന) ഉറപ്പോടെ അവതരിപ്പിക്കുന്നു. സ്വാഭാവികമായും ഇത് നമ്മുടെ ജ്ഞാനമണ്ഡലങ്ങളെ എത്രമാത്രം സാമാന്യവല്‍കരിച്ചുവോ അത്രയും ഈ അന്വേഷണങ്ങളിലെ ഏകതാനത നമ്മുടെ ഭാവനയേയും സ്വഭാവവല്‍കരിച്ചു.
കവിതയിലാകട്ടെ, പൊതുവായ ചിലത് എന്ന ആശയം, ആലോചിക്കുമ്പോള്‍ അത്രയും അരാഷ്ട്രീയമായ കല്പന, രാഷ്ട്രീയഭാവന എന്ന അര്‍ത്ഥത്തിലും വ്യവഹരിക്കപ്പെട്ടു. വാസ്തവത്തില്‍ ആധുനികതയുടെ ഷ്ട്രീയവല്‍കരണത്തിലേക്ക് നീങ്ങിയ എഴുപതുകളിലേയും നമ്മുടെ പ്രധാനപ്പെട്ട കവിതകളെക്കുറിച്ചുള്ള അന്വേഷണവും ഇങ്ങനെ ഒരപചയത്തിന്റെ കാരണങ്ങളിലേക്കുകൂടി നമ്മെ എത്തിക്കുന്നു. കവിതയെ സംബന്ധിച്ചും രാഷ്ട്രീയത്തെ സംബന്ധിച്ചും ഒരേപോലെ(വീണ്ടും മടുപ്പിക്കുന്ന)ശുഭാപ്തി വിശ്വസം പ്രകടിപ്പിച്ച ആ ഭാവന, എന്തുകൊണ്ടും വ്യക്തി, പൗരന്, കവി എന്ന പരികല്‍പനകളിലെല്ലാം ദുര്‍ബ്ബലമായിരുന്നു.
ഭാവനയുടെ നൈസര്‍ഗ്ഗികമായ ആവശ്യങ്ങളെക്കൂടി തിരിച്ചറിയുന്ന ഒരു രാഷ്ട്രീയ ഉടമ്പടി എത്രമാത്രം സര്‍ഗ്ഗാത്മകമാകാമോ അത്രമാത്രം ആ കവിതകളുടെ പുതിയ ധര്‍മ്മം ആദരിക്കപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്തുവന്ന നമ്മുടെ പുതിയ കവികള്‍ മിക്കവരും ആ രാഷ്ട്രീയ ഭാവുകത്വത്തെ അവഗണിക്കാനോ അഥവാ പരിഗണിച്ചെങ്കില്‍ അതിനെ നമ്മുടെ
ഭാവനയുടെ തന്നെ നഷ്ടപ്പെട്ട പറുദീസയായി വിലമതിക്കാനോ ശ്രദ്ധിച്ചു. സമയം എന്ന കല്പനയിലെ തന്നെ ഈ ഇരയാകലാണ് ഒരു പക്ഷേ
ഇന്നു നമ്മുടെ പുതിയ കവിതയുടെ ഊര്‍ജ്ജപ്രസരണസ്ഥലം തന്നെ.
ഭാവനയെ സമയബോധത്തോടെ സ്പര്‍ശിക്കേണ്ടുന്ന ജീവന്റെ വിരലുകള്‍ എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം കൈയ്യുറകള്‍ അന്വേഷിച്ചുപോയത്? ഒരു കാരണമായി എനിക്കു തോന്നുന്നത് ദീര്‍ഘദര്‍ശനത്തോടടുക്കുന്ന ഭാവനയായാണ് ആധുനികത എന്ന സങ്കല്പം തന്നെ നമുക്ക്
ബോധ്യപ്പെട്ടത് എന്നാണ്. ഇതു കവിതയെ മാത്രമല്ല, നമ്മുടെ
സാമൂഹ്യവീക്ഷണങ്ങളെക്കൂടി സ്വാധീനിച്ചു. അങ്ങനെ രൂപപ്പെട്ട ഒരു വിമതപൗരസങ്കല്‍പം കവിയോടൊപ്പവും നിന്നു. ആ സങ്കല്പം കവിയോടും കവി ആ സങ്കല്പത്തോടും സംസാരിക്കുന്ന ഒരു പ്രേതലോകം കവിതയുടെ തന്നെ ഭാവനാലോകമായി വസ്തുവല്‍കരിക്കപ്പെട്ടു. അങ്ങനെ ചരിത്രപരമായ വേറൊരു വിധിയേയും നേരിട്ടു: ഭാവനയോടൊപ്പം ഭാഷയുടെ കൂടി ഇരയാകല്‍.
ഒരാളുടെ സ്വത്വത്തെ സമൂഹത്തിന്റെ തന്നെ പാരമ്പര്യ വീക്ഷണങ്ങളും ആ സമൂഹത്തിന്റെ തന്നെ ആധുനികസങ്കല്‍പവും നിര്‍ണ്ണയിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നതുപോലെ സ്വാഭാവികമാണ് പുതിയ കവിതയും പാരമ്പര്യസ്മരണകളും ആധുനികതാനിര്‍വചനങ്ങളും ഒരുപോലെ നേരിടേണ്ടിവരുന്നത്. ഒരാളുടെ അകം എന്ന സൂക്ഷ്മാനുഭവത്തോടൊപ്പം ലോകത്തിന്റെ വിവിധങ്ങളും അംഗീകൃതങ്ങളുമായ വലിയ
സ്ഥാപനരൂപങ്ങളുടെ സ്ഥൂലാനുഭവങ്ങളും ജീവിതത്തിലെന്നപോലെ കവിതയും നേരിടുന്നു.
വാസ്തവത്തില്‍ ആധുനികത എന്ന സങ്കല്പം നംദിനാചരണങ്ങളിലെ വര്‍ത്തമാനത്തെ മാത്രം സ്പര്‍ശിക്കുന്ന അര്‍ത്ഥത്തിലും നമുടെ സാഹിത്യ ചര്‍ച്ചകളില്‍ കടന്നുവന്നിരുന്നു. ഇപ്പോഴും അങ്ങനെയാകാറുണ്ട്. അതുകൊണ്ടു തന്നെ, ആധുനികതയെക്കുറിച്ചുള്ള ഓരോ ചര്‍ച്ചയും ഇപ്പോള്‍ എന്ന വര്‍ത്തമാനത്തെ അഭിമുഖീകരിച്ച ഓരോ നിമിഷവും വര്‍ത്തമാനാനന്തര
സമൂഹത്തെക്കൂടി സൂചിപ്പിച്ചു. മറ്റൊരര്‍ത്ഥത്തില്‍ ഭാവി, നാം ഒരിക്കലും സന്ദര്‍ശിക്കാനിടയില്ലാത്ത സ്ഥലമായിരുന്നിട്ടും തീര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനത്തെ ആധുനികോത്തരമായി വിശേഷിപ്പിച്ച് വര്‍ത്തമാനത്തിന്റെ തന്നെ ഭൂതത്തെ (past)ഭാവിയായി അവതരിപ്പിക്കുന്നുമുണ്ടായിരുന്നു. ഇത് കലയോടുള്ള നമ്മുടെ സമീപനത്തെ തന്നെ സംശയമുള്ളതാക്കുന്നു.
ചരിത്രത്തെ സംഭവങ്ങളുടെ ശൃംഖലയായി കാണുന്ന ഒരു വര്‍ത്തമാനത്തെ ആദ്യം തന്നെ അവിശ്വസിക്കുന്നു. കവിത, അപ്പോള്‍ അതിന്റെ തന്നെ ഒരു ദുരന്ത സ്മരണയോടെ പ്രത്യക്ഷപ്പെടുന്നു. എഴുതുന്ന സമയത്തെന്നപോലെ അത് വായിച്ചുകൊണ്ടിരിക്കുന്ന സമയത്തും അതിന്റെ വര്‍ത്തമാനത്തില്‍ നിന്ന് അതിന്റെ തത്തിലേക്ക് വേര്‍പെടുന്നു. ഭാവിയെ ഒരു കെട്ടുകഥയാക്കുന്നു. ഒരു പക്ഷേ പുതിയ കവിതയുടെ, പുതിയ കലയുടെ തന്നെ ഭാവന ഒരേസമയം യാദൃശ്ചികമായി നാം തിരിച്ചറിഞ്ഞ ഈ
സുനിശ്ചിതത്വത്തിന്റേതാണെന്നു വരുന്നു, അനില്‍കുമാറും, മറ്റു പല എഴുത്തുകാരെയും പോലെ ഈ യാദൃശ്ചികത നിര്‍മ്മിക്കുന്ന ഭാവനാപരിധിയിലാണ് തങ്ങളുടെ ഭാഷയേയും
മാധ്യമത്തെയും അഭിമുഖീകരിക്കുന്നത്.
അങ്ങനെകൂടിയാണ് അവര്‍ തങ്ങളുടെ തൊട്ട തലമുറയിലെ കവികളില്‍ നിന്നും വ്യത്യസ്തരാകുന്നത്. 'ദാഹിക്കുന്നുവെന്ന് വിരലുകള്‍ പറയുമെന്ന്' മനസിലാക്കുന്ന, മിനുസങ്ങള്‍ അതിവേഗം പരിശോധിക്കപ്പെടുകയും ഓരോ ഉത്തരവാദിത്വങ്ങളിലെത്തുകയും ചെയ്യുന്നുവെന്നതാണ്, സ്വന്തം സ്വത്വത്തെ നിര്‍വചിക്കുകയോ അസ്ഥാനത്താക്കുകയോ ചെയ്യുന്നുവെന്നതാണ് ഈ യാദൃശ്ചികതയുടെ ഒരു പ്രധാന സ്വഭാവപ്രകടനം. തന്റെ
ശരീരത്തില്‍ പിടിച്ച് തന്റെ തന്നെ ആത്മാവിനെ മോന്താന് തുടങ്ങുന്ന, തന്നില്‍
തന്നെ പാര്‍ക്കുന്ന അയാളെ ഉപേക്ഷിക്കാന്‍ പിന്നെ വീട്ടുരുചികള്‍ പാലിക്കുകയോ ഓര്‍മ്മിക്കുകയോ മാത്രമേ നിവൃത്തിയുള്ളൂ. അതാണ് ആ വൈഷമ്യം. തീണ്ടിയ ആത്മാവു പോലെയാണത്. 'സ്റ്റാലിനുമായി
ഒരഭിമുഖം' എന്ന കവിതയില്‍ ഒരാളുടെ സ്വകാര്യ വാസം ഇങ്ങനെ അടയാളപ്പെടുത്തുന്നുണ്ട്. നമുക്ക് സാധാരണയില്‍ കവിഞ്ഞ പരിചയമുള്ള ആ നാമം, സ്റ്റാലിന്, അതിനേക്കാള്‍ പരിചയമുള്ള വേറൊരാളോട് (പ്രേം നസീര്‍) മുട്ടിച്ചത് നമ്മെയും സ്പര്‍ശിക്കുന്നുവെങ്കിലും അ രണ്ടു പേരുകളുടെയും ഭൂതത്തെ കവിത നേരിടുന്നില്ല. എങ്കിലും തീണ്ടിയ ആത്മാവ് വരികളില്‍ അഴികള്‍ക്കു പിന്നില്‍ നിന്നെന്ന പോലെ വിങ്ങുന്നു. ഈ സമാഹാരത്തിലെ
മിക്ക കവിതകളും അങ്ങനെ ഒറ്റയ്ക്കു വന്നു നില്ക്കുന്ന ഒരാളെപ്പോലെയാണ്.
അകളങ്കമായ ഒന്നിനെക്കുറിച്ചുള്ള ധരണകളോ സ്വപ്നങ്ങളോ ആണ് ഒരു പക്ഷേ അപവിത്രമായി എല്ലാ നീക്കങ്ങളേയും സാധൂകരിക്കുന്നത് എന്നത് ഒരു പഴയ വിശ്വാസമാണ്. എന്നാല്‍ എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഇതു മൂല്യങ്ങളുടെ, രുചികളുടെ, അവരുടെ ഭാവനയുടെ തന്നെ ഒരു പകര്‍പ്പും എടുക്കുന്നു. അങ്ങനെയാണ് അവരുടെ കുറേ പ്രമേയങ്ങള്‍ വിവിധ സമയങ്ങളില്‍ വിവിധങ്ങളായ കല്പനകളോടെ പലതുമായത്. അവരുടെ
വംശത്തിന്റെ പാഠാവലിയിലെ കുതിച്ചുചാട്ടങ്ങള്‍, പിന്മടക്കങ്ങള് എല്ലാം ആ
ബ്ലൂപ്രിന്റിലുണ്ടാകും. അപ്പോഴും അയാള്‍ തന്റെ തന്നെ സ്വത്വത്തിന്റെ
ഏകാന്തതയിലൂടെ അതിന്റെ സ്നേഹത്തോടും ഉപേക്ഷിക്കലോടും കൂടി ആ പ്രമേയങ്ങളുടെയെല്ലാം ഒരു തുടര്‍ച്ചയും ഉണ്ടാക്കുന്നു. ഒരു ഭാഷയുടെ, ഭാവനയുടെ കൂടി തുടര്‍ച്ച.
എഴുപതുകളിലേയും എണ്‍പതുകളിലേയും പ്രധാനപ്പെട്ട കവിതകളില്‍ എല്ലാം ഇങ്ങനെയൊരു തലമുണ്ട്. പ്രമേയം എന്ന അര്‍ത്ഥത്തില്‍ ഏകാന്തതയെ ഒരോ കവിയും എങ്ങനെ നേരിട്ടെന്ന രീതികള്‍, ഒരു സമയം അതിന്റെ വേറൊരു വിധിയില്‍ വെച്ച് സാമാന്യമായ
പ്രസ്താവം മാത്രമാകുകയും ചെയ്യുന്നു. ഈ രീതിയില്‍ ഏറ്റവും പ്രസസ്തനായ അവതാരകന് എന്ന നിലയില്‍ എ.അയ്യപ്പന്റെ കവിതകള്‍ ശ്രദ്ധിച്ചാല്‍ ഈ നിരീക്ഷണത്തെ നമുക്ക് കുറെക്കൂടി മുമ്പോട്ട് കൊണ്ടുപോകാനാകും. അയ്യപ്പന് തന്റെ രചനകളെ സാമൂഹികമായ പരിക്കുകളോടെ അവതരിപ്പിച്ച രീതിയെ, കവിതയെത്തന്നെ ക്രമാനുഗതമായി ഒരു തരം വിസ്മൃതിയിലേക്കും
അടുപ്പിച്ചിരുന്നു. അങ്ങനെ ഏകാന്തതയുടെ ഉപേക്ഷിക്കലിലേക്കും. ആ കവിതകളിലെ ഹതാശമായ ചിത്രപ്പണികള്‍ പോലും എത്ര വാചാലമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ.
അതോടെ യാദൃശ്ചികതയുടേതെന്ന് നാം കണ്ടെത്തുന്ന സര്‍ഗ്ഗാത്മകഭാവന അഴിഞ്ഞ് മാനത്തേക്ക് തുറന്നുവെച്ച ഒരു കൂടുപോലെ ചിറകൊച്ചകള്‍കൊണ്ട് ശബ്ദായമാനമാകുന്നു. അയ്യപ്പന്റെ കവിതകളില്‍ ഏകാന്തത പ്രമേയമാകുന്നത് അന്യനില്‍ നിന്നുള്ള വേര്‍പെടലിനേക്കാള്‍, ആ വേര്‍പെടലില്‍പോലും അയാളുണ്ടെങ്കിലും, അന്യനോടുള്ള രാഗദ്വേഷ കല്പനയായാണ്.
അതിനാല്‍ അയ്യപ്പനെ ഇനിയും അതേപോലെ പിന്തുടരുക വയ്യ. എന്നാല്‍ ആ കവിതകള്‍ പാര്‍ക്കുന്ന ഇടം, അലയുന്നതല്ല, സന്ദര്‍ശിക്കാതിരിക്കാനും വയ്യ. എന്തെന്നാല്‍, ആ സ്ഥലത്താണ് നമ്മുടെ പുതിയ കവിതയുടെ നല്ല സമയവും ചെലവഴിക്കപ്പെടുന്നത്. അനില്‍കുമാറിന്റെ ചില കവിതകളെങ്കിലും ഇങ്ങനെ ചില സന്ദര്‍ഭങ്ങള്‍ ഇയാളുടെ മറ്റു പല സമകാലികരായ
കവികളെക്കാള്‍ ഏറെ കണ്ടുമുട്ടുന്നു. എന്തുകൊണ്ടായിരിക്കുമിത്? തീര്‍ച്ചയായും കേരളത്തില്‍ നിന്നുള്ള വേറിട്ടുപാര്‍ക്കല്‍ ഈ കവിക്കും അങ്ങനെയൊരു കാരണമാവില്ല.
മലയാള കവിതയുടെ ഏറ്റവും പുതിയ ഒരു കാലത്തെ, അതിന്റെ സര്‍ഗ്ഗവൈഭവത്തോടെ തന്നെ എഴുതാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയ്ക്ക് അനില്‍കുമാര്‍ നമ്മുടെ ശ്രദ്ധ നേരത്തേ തന്നെ വാങ്ങിയ ഒരാളാണ്. ഇയാള്‍ക്കും കവിത തന്റെ സ്വത്വത്തിന്റെ തീര്‍ച്ചയും
ആ തീര്‍ച്ചയുടെ തന്നെ യാദൃശ്ചികതകളുമാണ്. അയ്യപ്പന്റെ രചനകളില്‍ നാം
പരിചയപ്പെട്ട ഏകാന്തത ഏറെയും ഈശ്വരസങ്കല്പം പോലെ പവിത്രമായൊരു സ്ഥലമാണ്. തന്റെ കവിതകളിലെ ഏറ്റവും ദു:ഖഭരിതമായ വരികള്‍ ആ സ്ഥലത്ത് ഒരു പ്രാര്‍ത്ഥനയുടെ സ്വരച്ചിട്ടയോടെ കേള്‍പ്പിക്കുക എന്ന ഒരു കര്‍മ്മം, പുരോഹിതനോ ഭക്തനോ ആയി അയ്യപ്പന് ഏറ്റെടുത്തുവെന്നാകും ആ കവിതയെക്കുറിച്ചുള്ള ഒരു വിമര്‍ശം. എന്നാല്‍,
അനില്‍കുമാറിന്റെ കവിതകളില്‍ നാം മറ്റൊന്നാണ് കാണുക. ഏകാന്തതയുടെ രാവണന് കോട്ടകളില്‍ ഈ കവിതകള്‍ അവയുടെ ജീവിതത്തെ തേടി നടക്കുന്നില്ലെങ്കിലും അതേ നിര്‍മ്മിതികളുടെ ഒച്ചയും പെരുമാറ്റവും കേള്‍പ്പിക്കുന്നു. ആ അന്വേഷണത്തിന്റെ നിശ്രയമായ ഇടനാഴികളില്‍ ചെന്നു പെടുന്നില്ലെങ്കിലും ആ വഴിയൊച്ചകളില്‍ തന്നെ ഏകാന്തത മുറിയുന്നത് ശ്രദ്ധിക്കുന്നു. അപവിത്രമായ വരികളോടെ തന്റെ ശ്രദ്ധയെ വിഷ്കരിക്കാന്‍
ശ്രമിക്കുന്നു.
'ഇടിച്ച കാറുകളുടെ
അസ്ഥി വില്‍ക്കും
തെരുവില്‍
ഒറ്റയ്ക്കു നടക്കുമ്പോള്‍
തുരുമ്പന്‍ സൈക്കിളിലൊരു
ബംഗാളി പോകുന്നു
പിന്നിലെക്കൊട്ടയില്‍
പണിയിടങ്ങളിലേക്കുള്ള
റൊട്ടിയും മീനും
ധൃതിപ്പെടുമുടലിന്‍
തളര്‍ച്ചയകറ്റുവാന്‍
പാടുന്നത് ആരെക്കുറിച്ചാവും?' ( ഇടിഞ്ഞു വീഴാത്ത വഴി )
ആ ധൃതിപ്പെടും ഉടല് ആരെക്കുറിച്ചു പാടി? ആരെക്കുറിച്ചു പാടി? തന്നെ?
അല്ലെങ്കില്‍ മറ്റൊരാളെപ്പറ്റി? ആരെക്കുറിച്ചാവുമ്പോഴും പാട്ട് അയാളുടെ തളര്‍ച്ചയകറ്റുമെങ്കില്‍ ആ പാട്ടെന്താണ്? ഈ ആലോചനകള്‍ തന്നെ നമ്മെ മുമ്പോട്ട് കൊണ്ടു പോകുന്നു. കവിതയുടെ ചില വരികള്‍ അയാളുടെ പൂര്‍ണ്ണങ്ങളെന്നു തോന്നുന്ന ജീവിതത്തെ,
വിച്ഛിന്നമായ ജീവിതസന്ദര്‍ഭങ്ങളിലേക്ക് പടര്‍ത്തി വിടുന്നു. സ്വന്തം കഥയിലെ ഏകാകിയായ തിമിംഗലത്തെ കാണിച്ചു തരുന്നു. അങ്ങനെ ഏകാന്തത, വേറൊരു ധൈര്യത്തോടെ ദൈവത്തെ ചെളിയിലേക്ക് താഴ്ത്തും എന്നു കാത്തു നില്ക്കുന്നു.
എന്നാല്‍ വേറൊരു സന്ദര്‍ഭത്തില്‍ അതേ എകാന്തത തന്നെ ദൈവത്തോട് സംസാരിക്കാന്‍ ശ്രമിക്കുന്നു.
'NOKIA 3210' എന്ന കവിതയിലേതു പോലെ.
'ദൈവമേ എനിക്കു
മിണ്ടുവാനാവുന്നില്ലല്ലോ
ആരെങ്കിലും ഒന്നു വന്നിരുന്നെങ്കില്‍
ഏകാന്തയുടെ കടലില്‍
നഷ്ടപ്പെട്ട എന്നെ
വീണ്ടെടുത്തിരുന്നെങ്കില്‍
ചിപ്പിന്റേയും ബാറ്ററിയുടേയും
ഭാരത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നെങ്കില്‍..'
സംവാദങ്ങള്‍, കാത്തിരിപ്പുകള്‍ അവയുടെ അതേ നിമിഷങ്ങളില്‍ ഏകാന്തയുടെ
ഉറുമ്പുവരികള്‍ പോലെ നിശ്ശബ്ദം നീങ്ങുന്നു എന്നാകുമോ ഈ വരികള്‍ അവ എഴുതിയപ്പോള്‍ കണ്ടുമുട്ടിയത്?എനിക്കു പരിചയമുള്ള ഒരെഴുത്ത് അതേ സംവാദങ്ങളെ, അതേ കാത്തിരിപ്പുകളെ, അതേ നിമിഷങ്ങളെത്തന്നെ അസംബന്ധമാക്കുന്നു.
എന്നാല്‍, അനിലിന്റെ കവിതകള്‍ ഏകാന്തതയെ അര്‍ത്ഥപൂര്‍ണ്ണമായ ചില വിനിമയങ്ങളുടെ സാദ്ധ്യത ആരായുന്നതിലേക്കും നയിക്കുന്നു.ഇതാകാം നമ്മുടെ പുതിയ കവിതയുടെ ഒരു സന്ദര്‍ഭം. നഗര കേന്ദ്രീകൃതമായ ഒരു വികസനമാതൃക ലക്ഷ്യമാക്കിക്കൊണ്ട് ഓരോ ഭാഷാദേശീയതകളും അവയുടെ ഗ്രാമങ്ങളെ ഉപേക്ഷിക്കാന്‍ തുടങ്ങുന്ന അതേ കാലത്താണ്
നമ്മുടെ കലയും സാഹിത്യവും ആധുനികതയെ പരിചയപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.
അതുകൊണ്ടു തന്നെ, ആ കാലത്തെ പല രചനകളിലും പൗരജീവിതത്തിലെ അത്തരം പിളര്‍പ്പുകള്‍ പ്രമേയങ്ങളാവുന്നുണ്ടായിരുന്നു. 'നഗരത്തിലെ യക്ഷന്' എന്ന കവിത മുറ്റുന്ന ഒരു സങ്കല്പം തന്നെ നമുക്കു കിട്ടുന്നത് ആ കാലത്താണ്. എന്നാല്‍ അതേ ഗ്രാമങ്ങളില്‍ നിന്ന് എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയുടെ പുറത്തേക്ക് ഗള്‍ഫിലേക്കും അമേരിക്കന്‍ ഐക്യനാടുകളിലേക്കും മറ്റും കുടിയേറുന്ന മലയാളികളില്‍ ഇന്ത്യന്‍
എന്ന അവസ്ഥയോട് എന്നതിനേക്കാള്‍ തനിക്കേറ്റവും അപരിചിതമായ വേറൊരു ദേശസ്വത്വത്തോടാണ് കൂടുതല്‍ ഇടപഴകുന്നത്.അവരുടെ കൂട്ടത്തിലെ എഴുത്തുകാര്‍ തങ്ങളുടെ മലയാളി സ്വത്വത്തെ ഏറെയും ഗൃഹാതുരത്വത്തോടെയാണ് നോക്കിക്കണ്ടത് എന്നത് ശ്രദ്ധേയമായിരുന്നു. ഇത് അവരെ തൊട്ടുമുമ്പത്തെ തലമുറയിലെ എഴുത്തുകാരില്‍ നിന്നും വേര്‍പെടുത്താന്‍ പോന്നതുമായിരുന്നു. അതുകൊണ്ടു തന്നെ ധുനികതയോടൊപ്പം തന്നെ പ്രശസ്തമായ പ്രവാസം എന്ന അകാല്പനികവും രാഷ്ട്രീയവുമായ ഒരു സാമൂഹ്യസന്ദര്‍ഭത്തെ തങ്ങളുടെ കുടിയേറ്റ ജീവിതത്തിലെ വിരഹവ്യാപ്തികൊണ്ട് പൂരിപ്പിക്കാനുള്ള ശ്രമവും
നടന്നു.തൊണ്ണൂറുകള്‍ക്കൊടുവില്‍ ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ
സാംസ്കാരികരൂപീകരണങ്ങളിലെ പ്രധാന സ്ഥാപനങ്ങളായതോടെ ഈ ശ്രമം തന്നെ ഏറെയും ഔദ്യോഗികമായി. ഇത് വിശേഷിച്ചും നമ്മുടെ കവിതയിലേക്ക് പുതിയൊരു അനുഭവക്രമത്തെ പ്രകടിപ്പിക്കാന്‍ പോന്നതായിരുന്നു. സര്‍ജു, രാം മോഹന്‍, കമറുദ്ദീന്, ലാസര്‍
ഡിസില്‍വ, മുസഫര്‍ അഹമ്മദ്, ടി.പി. അനില്‍കുമാര്‍ തുടങ്ങിയവരുടെ ഒരു നിര വേറെ വേറെ കാവ്യരുചികളോടെ നമ്മുടെ പുതിയ കവിതയുടെ സ്വരപ്പകര്‍ച്ചയില്‍ പങ്കുചേര്‍ന്നു.
നാട്ടിലും നാടിനു പുറത്തും അലയുന്ന വേറൊരു യക്ഷന് ഈ കവിതകളിലും വന്നു. 'വിപണി' പോലുള്ള കവിതകളില്‍ ഗ്രാമം, വിട്ടുജീവിതം ഒക്കെക്കൊണ്ടാണ് ഈ അന്യം നിന്ന ജീവിതത്തെ നേരിടുന്നതു തന്നെ.
വേറിട്ടു പാര്‍ക്കല്‍ എന്ന അവസ്ഥ, സ്വയം നിര്‍മ്മിക്കുന്ന പ്രതിരോധങ്ങള്‍,
അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ വിലാപങ്ങളുടെ നേര്‍ത്ത ശബ്ദവും കേള്‍പ്പിക്കുന്നു.
നഷ്ടപ്പെടുന്ന എന്തിനോടുമുള്ള ആഭിമുഖ്യം തന്നെ വിഫലമായ തിരച്ചിലാകുന്നുവെന്ന അറിവാണ് വേറിട്ടു പാര്‍ക്കലിന്റെ സ്ഥായിയായ ഭാവം തന്നെ. അങ്ങനെ നഷ്ടമാകുന്ന പ്രകൃതിയോടും കാലത്തോടും സംവദിക്കാന്‍ പിന്നെ ബാക്കിയാവുന്നത് ഓര്‍മ്മയാണ്.
ഓര്‍മ്മയെ വസ്തുക്കള്‍ കൊണ്ടും ബന്ധങ്ങള്‍ കൊണ്ടും തന്റെ തന്നെ ഏകാന്തത കൊണ്ടും അഭിമുഖീകരിക്കുക, അങ്ങനെ അതേ നഷ്ടപ്രദേശത്തിന്റെ ബദല്‍ രൂപങ്ങള്‍ നിര്‍മ്മിക്കുക,
ഗൃഹാതുരത്വം എന്ന മനോനിലയുടെ കരണീയമായ പ്രവൃത്തിപോലും പിന്നീട് അതാണ് എന്നു തോന്നും. ആ നഷ്ടപ്പെടലില്‍ നിന്ന് അപ്പോഴും വേറിടുന്നുമില്ല. 'വിരല്‍ത്തുമ്പു വിട്ടുപോകുന്നു', ഇങ്ങനെയൊക്കെയാണ് ഉറപ്പുവരുത്തുന്നത്' എന്നീ കവിതകളിലേതുപോലുള്ള അനുഭവത്തിലൂടെ ആ വേറിടല്‍, അതിന്റെ ദൂരം, ദൂരമില്ലായ്മ, ഒപ്പം സഞ്ചരിക്കുന്നു. തന്നെ മോഹിപ്പിക്കുന്നതെന്തും, മോഹിപ്പിച്ചതും എല്ലാം മറ്റൊരാളിലൂടെ കൂടിയാകുന്നുവെന്ന് തോന്നുന്നതുതന്നെ ഏകാന്തതയുടെ ഒരു രൂപഭേദം ആണ്.
തന്റെ തന്നെ സ്വത്വത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന മറ്റൊരാള്‍. എങ്കിലും
ഏകാകിയാണ് എന്ന നിശ്ചയം, മനുഷ്യാവസ്ഥയുടെ ഈ നിശ്ചയം മറ്റെന്തിനേക്കാളും സര്‍ഗ്ഗാത്മകതയുടെ വിഷയമാകുന്നത് ആധുനികതയുടെ കാലത്താണ്. അനില്‍കുമാറിന്റെ കവിതകളുടെ ആന്തരിക
ഭാവം ഇത്തരമൊരു സൂക്ഷ്മാനുഭവത്തിന്റേതുകൂടിയാണ്.അതേ സമയം അതിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ അവസരത്തോട് വിമുഖമാവുന്ന ഭാവന അതേ ഏകാന്തതയെ വൈകാരികമായ ഒരഭയം
പോലെ, കുടിയൊഴിപ്പിക്കപെട്ടവര്‍ ചെന്നു പാര്‍ക്കുന്ന മറ്റൊരിടത്തെ, മറ്റൊരു
സമയത്തെ ക്യാമ്പു പോലെ അവതരിപ്പിക്കുന്നു: ചുവന്ന സാരിയുടുത്ത് കണ്ണെഴുതി കനകാംബരം ചൂടി കുടയെടുക്കാതെ പോയവള്‍ മഴയില്‍ അലിഞ്ഞു പോയെന്ന് തോന്നുന്നു എന്നു ഒരേ സമയം ആകുലപ്പെടുകയും ശാന്തമാകാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആ അഭയം തന്റെ
തന്നെ സ്വത്വത്തില്‍ അലിഞ്ഞ് അഭയം അല്ലാതാവുന്നു. ആ ക്യാമ്പിലെ ഏകാകിയായ ഒരാള്‍ക്കു വേണ്ടി അയാള്‍ തന്നെത്തന്നെ ഓര്‍മ്മിക്കുന്നു. കവിതയിലെ ഈ ഭാവുകത്വം നമ്മുടെ കാലത്തിന്റെ കൂടി ഒരു സ്വഭാവമാകുന്നു. പ്രണയമാണ് ഏകാന്തതയുടെ വേറൊരു അഭയം:
നിറയും കണ്ണുകളില്‍ പ്രണയം മാന്കൂട്ടമായ് വന്ന് കണ്ണാടി നോക്കുന്നു. പിന്നെ ഉമ്മവയ്ക്കില്ലൊരിക്കലും നിന്നെ ഞാനെന്ന് ചിരിച്ച് തോരും മഴയ്ക്കൊപ്പം പുറത്തു പോകുന്നു. (ഇടത്തോട്ടെഴുതുന്നത്) വേറിട്ടു പാര്‍ക്കലിലെ ഖേദകരമായ ഒരവസ്ഥയായി വിരഹം കടന്നു വരുന്നു. ചിത്ര സദൃശ്യങ്ങളായ ബിംബങ്ങള്‍, അവയുടെ പശ്ചാത്തലത്തില്‍ അത്രയും ദൃഷ്ടിപഥത്തിലല്ലാത്ത ഋതുഭേദങ്ങള്‍ എല്ലാം വീണ്ടും അയാളെ ഏകാകിയും വിരഹിയുമായി ഉപേക്ഷിക്കുന്നു.ഒരു മുങ്ങാംകുഴിയില്‍
പുഴയെനിക്കെല്ലാം
മണലില്‍
കാല്കുത്തിക്കുതിക്കലില്
പുഴയെനിയ്ക്കന്യം. (ജലമോടുന്ന ചില സിരകള്‍)
മറ്റൊരു കവിതയില്‍ (നനഞ്ഞ ആകാശം) തന്റെ
പ്രമേയങ്ങള്‍, ഏകാന്തത, വിശപ്പ്, കാമം, പ്രണയം, തിരസ്കാരം ആര്‍ക്ക് സമര്‍പ്പിക്കും എന്നു ചോദിക്കുന്നു. തന്റെ ഓര്‍മ്മയെ, ഹതാശമായ ചെന്നു ചേര്‍ന്ന അപരത്വത്തോട്, അതിന്റെ രൂപകങ്ങളോട് എല്ലാം ആരായുന്നു. നനഞ്ഞ ആകാശത്തിലേക്കു തന്നെ വീണ്ടും അഴിയുന്നു.
തൊണ്ടയടഞ്ഞ
കടല്‍ദൈവത്തിന്‍
കൈയ്യിലെ കറയില്‍
കുഴഞ്ഞ തിരകള്‍ (ഒഴിവുകാലം)
നീയാണെന്നു
കരുതിതിരകള്‍
എന്നെത്തൊടും
എന്നെയെന്നു
കരുതി ഞാന്‍
നനഞ്ഞു നില്ക്കും. (പ്രണയം)
ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ എപ്പോഴോ ഞാന്‍ അയാളെയും പരിചയപ്പെട്ടതുപോലെ തോന്നുന്നു. അധികം മധുരമില്ലാത്ത ഈന്തപ്പഴങ്ങളുമായി കോണിപ്പടിയില്‍ ഒറ്റയ്ക്ക്
ഇരിക്കുന്ന ആള്: ഓര്‍മ്മകളിലേക്ക് തന്റെ തന്നെ ജീവിതം വാങ്ങാന്‍ പോയ ഒരാള്‍, തൊട്ടപ്പുറത്ത് ഒരാള്‍ക്ക് കൂടി സ്ഥലമിട്ട് നീങ്ങി ഇരുന്ന ആള്, ദൂരത്തെയും സമയത്തെയും തന്റെ തന്നെ ദൈനംദിന ജീവിതചര്യയിലെ പ്രവൃത്തിപദങ്ങള്‍ കൊണ്ട് പരിചയപ്പെട്ട ഒരാള്‍- കവി. ആ ഒഴിച്ചിട്ട സ്ഥലത്ത് അയാളോടൊപ്പമിരിക്കാന്‍ ആരാണ് വന്നിരിക്കുക? അയാള്‍ പാര്‍ത്ത ഭാഷയല്ലാതെ , സമയമല്ലാതെ, ഭാവനയല്ലാതെ?ആ കാഴ്ചയായിരുന്നു അന്നും, ഇപ്പോഴും അനില്‍കുമാറിന്റെ
കവിതകള്‍ എനിക്കു തന്നുകൊണ്ടിരിക്കുന്ന ആഹ്ലാദം.
Wednesday, January 17, 2007
അനിലിന്റെ പുസ്തകപ്രകാശനം
Thursday, January 04, 2007
ഒരു പക്ഷേ നിങ്ങള്‍ ഷൂട്ട് ചെയ്യപ്പെടുകയായിരിക്കാം (കഥ)
==============================
ഒരു പക്ഷേ നിങ്ങള്‍
ഷൂട്ട് ചെയ്യപ്പെടുകയായിരിക്കാം
അന്നത്തെ അവസാനസീനും ഒപ്പിയെടുത്തുക്കൊണ്ടിരിക്കുമ്പോള്‍ സൂര്യനെ കടല്‍ കറുത്തതിരശീലയ്ക്കുള്ളിലേക്ക് വലിച്ചെടുത്തു. അതോടെ ദുബായ് നഗരത്തിലെ പാതകളെല്ലാം ഗ്ലോബല്‍ വില്ലേജിലേക്ക് തലകള്‍ തിരിച്ചു കിടന്നു. നിയോണ്‍ വിളക്കുകള്‍ സൂര്യന്റെ തിരോധാനത്തെ അഹങ്കാരത്തോടെ ആഘോഷിച്ചു തുടങ്ങി. നഗരം ഒരു നീണ്ട വ്യാഴപ്പകലിന്റെ ചവര്‍പ്പ് ഊതിക്കളഞ്ഞു.
കുറച്ചു ദിവസമായി ഷോപിംഗ് ഫെസ്റ്റിവലിന് മതിയായ ഒരു മലയാളപദം കിട്ടാതെ തപ്പിത്തടയുകയായിരുന്നു സെബാസ്റ്റ്യന്‍. ഈയിടെയായി വാക്കുകളെ മലയാളീകരിക്കുക അയാള്‍ക്കൊരു ഹോബിയാണ്. പലപേരുകളും ഓര്‍ത്തോര്‍ത്ത് അവസാനം വാങ്ങലാഘോഷം എന്ന ലളിതമായ വാക്കാണ് ഏറ്റവും ഉചിതമെന്ന് അയാള്‍ തീരുമാനിച്ചു.
പുതിയ വാക്കിന്റെ ജനനത്തെ സിഗററ്റ് കത്തിച്ചുകൊണ്ട് സ്വാഗതം ചെയ്യാനായിരുന്നു സെബാസ്റ്റ്യന്‍ തോന്നിയത്. ഒരു വലിയ കവിള് പുക മുഖത്തേക്ക് വീശിയടിക്കുന്ന നേര്‍ത്ത ശീതക്കാറ്റിലേക്ക് ചാട്ടുളി പോലെ അയാള്‍ കടത്തിവിട്ടു. കാറ്റിന്റെ ദുര്‍ബലമായ പ്രതിരോധം പുകയുടെ അറ്റത്ത് ചെറിയ വേരുകള്‍ പടര്‍ത്തുത് ആസ്വദിക്കുമ്പോള്‍ നാല്പത്തെട്ട് വര്‍ഷം പഴക്കമുള്ള ഹൃദയഭിത്തികളില്‍ നേര്‍ത്തമുരളലോടെ കഫം മാറാലകള്‍ തീര്‍ക്കുന്നത് അയാളറിഞ്ഞു. കയ്യില്‍ കരുതിയിരുന്ന ഒരു ടര്‍ക്കി ടവ്വല്‍ കൊണ്ട് മുടിയും, ചെവികളും, കീഴ്ത്താടിയും മഞ്ഞില്‍ നിന്ന് ഒളിപ്പിച്ചു. ഈ വേഷത്തില്‍ മേരി പോലും തന്നെ തിരിച്ചറിഞ്ഞേക്കില്ലെന്ന് അയാള്‍ ഓര്‍ത്തു.
അറബിക്കടലിനു മുകളില്‍ക്കൂടിയുള്ള വിമാനയാത്രയാണ് ചിത്രകാരനും ചുമരില്‍ കുമ്മായം പൂശുന്നവനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുതെന്ന് സെബാസ്റ്റ്യന്‍ പതിനേഴു കൊല്ലമായി ഉറച്ചുവിശ്വസിക്കുന്നു. ഓരോ ചുമരും പുതിയൊരു ക്യാന്‍വാസായി കരുതാനാണ് അയാള്‍ക്കിഷ്ടം.
ഭൂതകാലത്തിന്റെ ആല്‍ബത്തിലെ നിറം മങ്ങിപ്പോയ ചില പേജുകളില്‍ സെബാസ്റ്റ്യന്‍ എന്ന ചിത്രകാരന് ഉണ്ടായിരിക്കും. തെരുവു നാടകങ്ങളും, കവിയരങ്ങുകളും, ചിത്രകലാ ക്യാമ്പുകളും ഉള്‍പ്പെടു ചില ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍. നാളെ തീര്‍ച്ചയായും അതില്‍ ഇടം കണ്ടെത്തേണ്ട ഓന്നണ് ദുബായ് നഗരത്തില്‍ സന്ധ്യകളില്‍ ചൂടന്‍ കപ്പലണ്ടി വില്‍ക്കുന്ന സെബാസ്റ്റ്യന്റെ ചിത്രം. അങ്ങനെയൊരു ചിത്രം സംഭാവന ചെയ്തതിന് നാട്ടില്‍ നഗരത്തിനോട് ചേര്‍ന്ന് അയാള്‍ സ്വന്തമാക്കിയ ഭേദമല്ലാത്ത ഒരു വീടിനോട് ആ ആല്‍ബം കടപ്പെട്ടിരിക്കും.
ഒരു ചെറിയ സഞ്ചി മാത്രം മതി. മുക്കാല്‍ പങ്കോളം ലാഭം. തിരക്കേറിയ പാര്‍ക്കിന്റെ മതിലിനോട് ചേര്‍ന്ന് പുറത്തേക്ക് ചാഞ്ഞുനിന്നിരുന്ന ചെടിയുടെ കീഴെ കമ്പിയഴികളില്‍ ചാരി വെറുതേ ഇരുന്നാല്‍ മതി. മുമ്പില്‍ സഞ്ചിയും അതില്‍ നിറയെ കുമ്പിള് കുത്തിയ കടലാസില്‍ കപ്പലണ്ടിയും. എട്ടു മണിക്കൂര്‍ പെയിന്റ് ചെയ്യുന്നതിന് കമ്പനി നല്കുന്ന ശമ്പളത്തേക്കാള്‍ വളരെ കൂടുതല്‍ ആയിരുന്നു ഈ കച്ചവടത്തില്‍ നിന്ന് കിട്ടിയിരുന്നത്.
എന്നെങ്കിലും ചിത്രംവര പുനരാരംഭിക്കണമെന്നും അന്ന് കപ്പലണ്ടിക്കാരന്റെ കാഴ്ചകള്‍ എന്ന ഒരു സീരിസ് രചിക്കണമെന്നും അയാള്‍ വിചാരിക്കാറുണ്ടായിരുന്നു. എല്ലാ ഗള്‍ഫ് മലയാളികളുടെയും മുഖങ്ങളെ എന്തോ ഒരു ഭാവം കൂട്ടി യോജിപ്പിക്കുന്നുണ്ടെന്ന് അയാള്‍ കപ്പലണ്ടി വില്‍പ്പനയ്ക്കിടയിലെ നിരീക്ഷണങ്ങളില്‍ നിന്ന് മനസിലാക്കി. തന്റെ കണ്ടുപിടുത്തമായ ആ ഭാവത്തിന് മലയാളത്തില്‍ ഒരു പേരിടണമ്മെന്ന് അയാള്‍ തീരുമാനിച്ചിട്ടുണ്ട്. ഒരേ സ്ഥലത്തുള്ള ഇരുപ്പില്‍ നിന്ന് ലഭിക്കുന്ന കാഴ്ചകള്‍ വിരസമായപ്പോഴായിരുന്നു ഗ്ലോബല്‍ വില്ലേജിനു മുന്‍വശത്തേക്ക് കച്ചവടം മാറ്റാന്‍ അയാള്‍ നിശ്ചയിച്ചത്. പരിചയക്കാരെ കണ്ടുമുട്ടാം എന്ന അപകടസാധ്യത അവഗണിക്കാന്‍ കാരണം കച്ചവടത്തിലുണ്ടായ മൂന്നിരട്ടി വര്‍ദ്ധനയും, പിന്നെ ടര്‍ക്കി ടവല്‍ നല്കു സുരക്ഷിത്വവുമായിരുന്നു.
സാധാരണ വ്യാഴാഴ്ച സായാഹ്നങ്ങള്‍ സെബാസ്റ്റ്യന്‍ അഹ്ലാദകരമാണ്. ഇരട്ടി കച്ചവടം നടക്കും. ഇന്നാകട്ടെ അയാള്‍ പതിവിലും ഉന്മേഷവാനാണ്. കാരണം നാളെയാണ് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മേരിയെ അടുത്തു കാണാന്‍ കിട്ടുന്ന അവസരം. ഒന്നുരണ്ടാഴ്ച മുമ്പ് പതിവു വെള്ളിയാഴ്ച വിളിക്കിടെ അതീവ സന്തോഷത്തിലായിരുന്നു മേരി അയാളെ അറിയിച്ചത്. മലയാളം ചാനലിലെ ഗള്‍ഫുകാരുടെ ഭാര്യമാരെ പറ്റിയുള്ള പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പറ്റിയെന്ന്. നിസാരക്കാര്യമൊന്നുമല്ല പോലും. അടുത്ത വീട്ടിലെ പുതിയ താമസക്കാരന് ഇതിന്റെ ക്യാമറാമാന് ആണ്. അയാളുടെ ഭാര്യ റെക്കമന്റ് ചെയ്തിട്ടാണ്.... ഇന്ന് പതിവില്ലാത്ത വിധം മേരി അയാളെ ഇങ്ങോട്ട് വിളിച്ചു; നാളെ രാവിലെ പത്തരക്കാണ് പ്രോഗ്രാം. കാണാതിരിക്കരുത്.
വെള്ളിയാഴ്ച നഗരം ഉണരുക വളരെ വൈകിയാണ്. അലാറം വച്ച് കൃത്യമായി ഉണരുകയായിരുന്നു സെബാസ്റ്റ്യന്‍. മുറിയിലെ മറ്റു മൂന്നുപേരും സെബാസ്റ്റ്യന്റെ ഭാര്യയെ ടി.വി യില്‍ കാണുതിനായി മാത്രം അത്തെ ഉറക്കം പത്ത് മണിക്ക് ഉപേക്ഷിച്ചു. രണ്ടു തലയിണ കട്ടിലിന്റെ തലക്കല്‍ വച്ച് അതില്‍ ചാരി സുലൈമാനിയുമായി ചുരുണ്ടിരുന്ന് സെബാസ്റ്റ്യന്‍ റിമോട്ട് ഞെക്കി. പതിവിനു വിപരീതമായി റിമോട്ട് കണ്ട്രോള് കയ്യില്‍ കിട്ടിയതിന്റേതായ തലയെടുപ്പ് അയാള്‍ക്കുണ്ടായിരുന്നു അപ്പോള്‍. മുറിയിലെ അഞ്ചാമനായ മലയാളി ഇലെ രാത്രി തിരികെ വരാത്തതില്‍ അയാള്‍ ദു:ഖിച്ചു. മലയാളം അറിയില്ലെങ്കിലും മറ്റു മൂന്നുപേരും സ്ക്രീനില്‍ തുറിച്ചു നോക്കിയിരുന്നു.
ആരുമില്ലാതെ ആടുന്ന ഒരു ചൂരല്‍ക്കസേരയുടെ ക്ലോസപ്പ് ദൃശ്യത്തില്‍ നിന്ന് വളരെ പതുക്കെ പിറകോട്ട് പോകുന്ന ക്യാമറ. അത് തന്റെ കാര്‍പോര്‍ച്ചില്‍ തൂക്കിയിട്ടിരു കസേരയാണെന്ന് സെബാസ്റ്റ്യന്‍ വീട് മൊത്തം ഫ്രെയിമില്‍ വരുതിന് മുമ്പേ മനസിലായി. കസേരയിലിരിക്കുന്ന തലയിണയ്ക്കുള്ളില്‍ മേരി കുത്തിനിറച്ചിരിക്കുന്നത് മകളുടെ പാകമാവാതെ ഉപേക്ഷിക്കുന്ന ഉടുപ്പുകളായിരുന്നുവെന്ന് അയാളോര്‍ത്തു. കാര്‍പോര്‍ച്ചിന്റെ പിന്ചുമരില് വരയ്ക്കണമെന്ന് നിശ്ചയിച്ചിരുന്ന (കഴിഞ്ഞ രണ്ടവധിക്കാലത്തും സാധിക്കാതെ പോയ) മഞ്ഞുമലകളുടെ ചിത്രം ഉണ്ടായിരുന്നെങ്കില്‍ ഈ ഷോട്ട് അതിമനോഹരമായിരുന്നേനെ എയാള്‍ക്ക് തോന്നി.
എത്ര ഭംഗിയായാണ് മേരി പൂന്തോട്ടം അലങ്കരിച്ചിരിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ അത്ഭുതപ്പെട്ടു. അവള് പലപ്പോഴും ആവശ്യപ്പെട്ടിരുന്ന ഒരു ചെറിയ താമരക്കുളം ഇതിനു നന്നേ ചേരും.
ക്യാമറയ്ക്ക് വേണ്ടി എന്ന് ഒറ്റനോട്ടത്തില്‍ മനസിലാകുന്ന വിധത്തില്‍ വാട്ടര്‍ ഹോസ് ഉപയോഗിച്ച് ചെടിനനയ്ക്കുന്ന മേരി. നോട്ടം പലപ്പോഴും പാളി ക്യാമറയിലേക്ക് വീഴുന്നുണ്ടായിരുന്നു. പിന്നെ മേരിയുടെ മുഖം മാത്രം സ്ക്രീനില്‍. മുഖത്ത് തീര്‍ത്തിരുന്ന മേക്കപ്പിന്റെ ആവരണം ഭേദിച്ച് അല്പം വിയര്‍പ്പുതുള്ളികള്‍ നെറ്റിയില്‍ കൊച്ചുകൊച്ചു കുമിളകള്‍ പോലെ നിന്നിരുന്നു.
സ്വയമറിയാതെ അല്പം ഉറക്കെത്തന്നെ മേരി എന്ന് പറഞ്ഞുകൊണ്ട് സെബാസ്റ്റ്യന്‍ റിമോട്ട് നീട്ടി ശബ്ദം അല്പം കൂട്ടി. കൂട്ടുകാര്‍ മൂന്നു പേരും കട്ടിലില്‍ ഒന്നിളകി കണ്ണുകള്‍ ടി.വി സ്ക്രീനിലേക്ക് ഫോക്കസ് ചെയ്തു. അവര്‍ തമ്മില്‍ ഹിന്ദിയില്‍, സെബാസ്റ്റ്യന്‍ നാട്ടിലെ ഷെയ്ക്കാണല്ലോ എന്നുപറഞ്ഞതോ, ഇത് തന്റെ ഭാര്യയോ അതോ മകളോ എന്ന് തമാശ ചോദിച്ചതോ അയാള്‍ അല്പം പോലും കേട്ടില്ല.
ശബ്ദം മാത്രം സാന്നിദ്ധ്യമായുള്ള ഒരു ചോദ്യത്തിന് ഉത്തരമായി, ക്യാമറയുടെ മുന്നില്‍ ഒരു സാധാരണ വീട്ടമ്മയ്ക്കുണ്ടാകാവു പരിഭ്രമമെല്ലാം പെട്ടന്ന് തന്നെ തരണം ചെയ്ത്, സെബാസ്റ്റ്യന്‍ പരസ്യപലകള്‍ എഴുതി നടന്നിരുന്നതും, എണ്‍പതിനായിരം രൂപ കൊടുത്ത് ദുബായിലേക്ക് കടതും, അന്ന് ബിന്‍സി മോള്‍ക്ക് പ്രായം മൂന്ന് വയസ്സായിരുന്നുവെന്നതും ഒറ്റശ്വാസത്തില്‍ മേരി പറഞ്ഞുതീര്‍ത്തു.
ബിന്‍സിമോളെ സ്കൂളില്‍ ചേര്‍ത്ത കൊല്ലം മുതല്‍ വാടകവീട്ടിലേക്ക് താമസം മാറ്റി. അവളെ എട്ടാം ക്ലാസില്‍ നഗരത്തിലെ സ്കൂളിലേക്ക് മാറ്റിയപ്പോള്‍ ഇവിടെ വീട് വാങ്ങാന്‍ പ്ലാനിട്ടു. മോള്‍ക്ക് പത്താം ക്ലാസില്‍ പതിനാലാം റാങ്ക് കിട്ടിയ മാസം തന്നെ ഈ വീട് വാങ്ങി.
മേരി അഭിമാനത്തോടെ വീടിനെ നോക്കി. ഒപ്പം ക്യാമറയും.
ഫ്രെയിമില്‍ നിറഞ്ഞുനില്ക്കുന്ന അരൂപിയായ ശബ്ദത്തിന്റെ സാന്നിദ്ധ്യത്തിനായിരുന്നു മേരിയുടെ ഭാവങ്ങളുടെ നിയന്ത്രണം. ബന്ധുക്കളില്‍ നിന്നകന്ന് പട്ടണത്തില്‍ അമ്മയും മോളും തനിയെ താമസിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ലേ? ടെലിഫോണ്‍ ബില്ല്, കരന്റ് ബില്ല്, ബാങ്കില്‍ പോക്ക് ഇവയൊക്കെ മേരി തനിച്ചാണോ കൈകാര്യം ചെയ്യുന്നത്?....
ക്യാമറാമാന്റെ തോളിലിരുന്ന് ആടുന്ന ക്യാമറ ഇടയ്ക്കിടയ്ക്ക് ഫ്രെയിമിന്റെ മൂലയിലേക്ക് വലിച്ചെടുക്കുന്ന പൂക്കളില്ലാത്ത റോസാച്ചെടിയുടെ ഭാഗങ്ങള്‍ സെബാസ്റ്റ്യനെ അലോസരപ്പെടുത്തി. മേരിയുടെ പുറകില്‍ക്കൂടി ഒരു കൈനറ്റിക്ക് ഹോണ്ടയും ഓടിച്ചുകൊണ്ട് ബിന്‍സി മിന്നിമറിഞ്ഞു. കൂട്ടുകാരോട് അല്പം ഉറക്കെത്തന്നെ ഹിന്ദിയില്‍ പറഞ്ഞു സെബാസ്റ്റ്യന്‍: അതാ മോള്!
മകളെ ഒരു വട്ടം കൂടി കാണുവാന്‍ പറ്റുമോ എന്ന് അല്പം ഏന്തിവലിഞ്ഞ് സ്ക്രീനിന്റെ മൂല പരതുമ്പോള്‍ ബിന്‍സി സിറ്റൌട്ടില്‍ വന്ന് കൈവരികളില്‍ പിടിച്ച് നിന്നു. ആരോടോ ആംഗ്യഭാഷയില്‍ എന്തോ ചോദിക്കുന്നത് കാണാമായിരുന്നു. (മേരിയുടെ പുറകില്‍ക്കൂടി തന്നെയുള്ള അ സ്കൂട്ടാര്‍ ഓടിക്കലും പറഞ്ഞുപഠിപ്പിച്ചിരുന്ന കാര്യം സെബാസ്റ്റ്യനറിയില്ലായിരുന്നു.)
കല്യാണം കഴിക്കുമ്പോഴുള്ള മേരിയാണല്ലോ സിറ്റൌട്ടില്‍ നില്‍ക്കുന്നതെന്ന് വല്ലാതെ അത്ഭുതപ്പെടുകയായിരുന്നു സെബസ്റ്റ്യന്.
ഭര്‍ത്താവിന്റെ അടുത്ത് അങ്ങു പോയി താമസിച്ചുകൂടെ എന്നായിരുന്നു അരൂപിയുടെ അടുത്ത ചോദ്യം. കൊണ്ടു പോകാനൊക്കെ പറ്റും, പക്ഷേ ചേട്ടന് എപ്പോഴും ദൂരെയൊക്കെ ആയിരിക്കും ജോലി. അപ്പോഴൊക്കെ ഒറ്റയ്ക്ക് കഴിയേണ്ടി വരും. പിന്നെ മോള് നല്ലോണം പഠിക്കും. ഞങ്ങള്‍ക്ക് പ്രധാനം അവരുടെ വിദ്യാഭ്യാസമാണ്. അതോണ്ട് ഇതു വരെ അങ്ങോട്ട് പോയിട്ടില്ല.മകളുടെ ഭാവിയോര്‍ത്ത് അത് വേണ്ടെന്ന് വച്ചു എന്ന മറുപടി കേട്ട് കൂട്ടുകാരുടെ ഭാഗത്തേക്ക് സെബാസ്റ്റ്യന്‍ പാളി നോക്കി.
വലിയ വലിയ അറബികളുടെ വീടിനകത്ത് ചുമരില്‍ നല്ല ചിത്രങ്ങള്‍ വേണം. അത് വരച്ചുകൊടുക്കുകയാണ് ചേട്ടന്റെ ജോലി. ജോലി സ്ഥലത്തേക്ക് പോകാനും തിരിച്ചുകൊണ്ടുവരാനും വണ്ടിയും ഡ്രൈവറേയും കൊടുത്തിട്ടുണ്ട്. (ഒരു സെക്കന്റ് വൈകിയാല്‍ തെറി പറയുന്ന പഠാണിയുടേ ലോറിയുടെ പിറകിലുറപ്പിച്ച മരബെഞ്ചില്‍ മരവിച്ച മുഖം മാത്രമുള്ള സഹപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ പെയിന്റ് ബ്രഷുമായി സൈറ്റിലേക്ക് പോകുന്ന കാര്യമോര്‍ത്ത് മേരിയോട് താന്‍ പറഞ്ഞതില്‍ ഒട്ടും നുണയില്ല എന്ന് അയാള്‍ സമാധാനിച്ചു: ഒറ്റക്കളര്‍ ചിത്രങ്ങള്‍ തന്നെയല്ലേ ചുമരുകള്‍?)
സിറ്റൌട്ടില്‍ നില്ക്കുന്ന ബിന്‍സി മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ ചുണ്ടുകള്‍ ചേര്‍ത്ത് കൂടിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ ക്കും ദാഹിച്ചു. കട്ടിലിനു താഴെ മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിറച്ചു വച്ച പൈപ്പുവെള്ളമെടുത്ത് അയാള്‍ കുടിച്ചു. അതേ സമയം ടി.വിയില്‍ നേപ്പാളിലെ മെഡിക്കല്‍ കോളേജിലേക്ക് മക്കളെ അയക്കാന്‍ ആഹ്വാനം മുഴക്കിയ പരസ്യം മേരിയെ തൂത്തുകളഞ്ഞ് മറ്റൊരു ഗള്‍ഫ് ഭാര്യയെ സ്ക്രീനില്‍ കൊണ്ടുവന്നു.
പ്രോഗ്രാം കഴിഞ്ഞാല്‍ ഉടനെ വിളിക്കണമെന്ന് മേരി പറഞ്ഞ കാര്യമോര്‍ത്ത് അയാള്‍ കിടന്നുകൊണ്ടു തന്നെ ഫോണെടുത്തു. ലൈന്‍ കിട്ടുന്നുണ്ടായിരുന്നില്ല. അല്പം കഴിഞ്ഞ് വീണ്ടു ശ്രമിക്കാം എന്നു കരുതി അയാള്‍ തലയിണ താഴ്ത്തി കഴുത്തു വരെ ബ്ലാങ്കറ്റ് മൂടി നീണ്ടു നിവര് ന്നു കിടന്നു. ടിവിയുടെ ശബ്ദം ഓഫ് ചെയ്തു.
രണ്ടു വട്ടം നാട്ടില്‍ പോയപ്പോള്‍ താമസിച്ചതായിരുന്നു അയാള്‍ ആ വീട്ടിലെങ്കിലും, ക്യാമറ ഒപ്പിയെടുത്തപ്പോള്‍ പൂന്തോട്ടത്തിനുള്ളില്‍ ഒരു കൊച്ചു കൊട്ടാരമായി കാണപ്പെട്ടത് എന്തുകൊണ്ടാണെന്നറിയില്ല അയാളില്‍ ചെറിയ ഭീതിയുണര്‍ത്തി. കണ്ണുകള്‍ കാണുമ്പോള്‍ ക്യാമറ കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന് പണ്ടേതോ ശില്പശാലയില് ആരോ പ്രസംഗിച്ചതയാള്‍ക്കോര്‍മ്മ വന്നു. ഒരു പാറക്കഷണത്തിലെ ചില അനാവശ്യ ഭാഗങ്ങള്‍ ഒരു ശില്പി ചുരണ്ടിക്കളയുമ്പോള്‍ ശില്‍പമുണ്ടാകുന്നതു പോലെ കണ്ണുകള്‍ കാണുന്നതില്‍ നിന്ന് ചിലഭാഗങ്ങള്‍ ചുരണ്ടിക്കളയുകയാണ് ക്യാമറ ചെയ്യുന്നതെന്ന് അയാള്‍ക്ക് മനസിലായി. കണ്ണുകളില്‍ കനം വന്ന് മൂടി.
എന്തോ അയാള്‍ക്ക് പെട്ടന്ന് നാട്ടില്‍ പോകണമെന്ന് തോന്നി.
പതിവിലും അല്പം തണുപ്പുകൂടിയ രാത്രിയായിരുന്നു അത്. മരുഭൂമിയിലെങ്ങോ മഴ പെയ്യുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. വാങ്ങലാഘോഷം എന്നതിനേക്കാള്‍ വില്‍ക്കലാഘോഷം എന്ന വാക്കല്ലേ ഷോപ്പിംഗ് ഫെസ്റ്റിവലിന് ചേരുക എന്ന് അയാള്‍ ചിന്തിച്ചു. നല്ല കച്ചവടം ഉള്ള ദിവസമായിരുന്നു. ഗ്ലോബല്‍ വില്ലേജിന്റെ കവാടത്തിലെ നീണ്ട നാവ് പോലെ സന്ദര്‍ശകരുടെ ഒഴുക്ക്. പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കവാടത്തിലേക്കുള്ള നീണ്ട വഴിയില്‍ വാടകയ്ക്ക് ഓടുന്ന സൈക്കിള്‍ റിക്ഷകള്‍ ഈ സ്ഥലത്തിന് ഒരു ഇന്ത്യന്‍ നഗരത്തിന്റെ ഛായ നല്കി.
വടക്കുവശത്തായി ആകാശത്ത് മിന്നല്‍പ്പിണരുകള്‍ നൈമിഷികമായ നമ്പൂതിരി ചിത്രങ്ങള്‍ വരയ്ക്കുന്നത് അസൂയയോടെ നോക്കിയിരിക്കുകയായിരുന്നു സെബാസ്റ്റ്യന്‍ ഒരു ആരവം കേട്ടാണ് ഞെട്ടി മുന്നോട്ട് നോക്കിയത്.
ഒരു മൈക്കും പിടിച്ച് ഓടി അടുത്തേക്ക് വരുന്ന ഇറുകിയ ബനിയനും ബെല്‍ബോട്ടം ജീന്‍സുമിട്ട ഒരു പെണ്‍കുട്ടി. ചെറിയ ലൈറ്റ് പിടിപ്പിച്ച ക്യാമറയുമായി ഒരാള്‍, കൂടെ വേറെ നാലു പേരും. മലയാളം പോലെ എന്ന് സെബാസ്റ്റ്യന്‍ തോന്നിപ്പിച്ച ഒരു ശബ്ദത്തില്‍ വളരെ ഉറക്കെ ആ പെണ്‍കുട്ടി ചോദിച്ചു.
ഹായ് അങ്കിള്‍! ഷോപ്പിംഗ് ഫെസ്റ്റിവല്‍ അടിപൊളിയല്ലേ.....?
ആരാണ് ഇവരെന്നോ എന്താണ് സംഭവിക്കുന്നതെന്നോ മനസിലാക്കുന്നതിന് മുമ്പേ പെണ്‍കുട്ടി വീണ്ടും....
ആ താലിബാന് കെട്ട് ഒന്നഴിക്കാമോ?പെട്ടന്നുതന്നെ അയാള്‍ മുഖം മറച്ചിരുന്ന തുണി അഴിച്ചു പിടിച്ചു.
ക്യാമറ അയാളുടെ മുഖത്തെ ലൈറ്റടിച്ചു വെളുപ്പിച്ചുകൊണ്ട് കോപിഷ്ടനായ യജമാനനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി.
എന്താ പേര്?
മൂക്കിന് നേരെ നീണ്ടുവന്ന മൈക്കയോട് അയാള്‍ പറഞ്ഞു:സെബാസ്റ്റ്യന്‍.
മുന്നിലിരിക്കുന്ന സഞ്ചിയിലേക്ക് ആ പെണ് കുട്ടിയോടൊപ്പം ക്യാമറയും നോക്കി.
ഹാ.....യ് യു ആര് ഡൂയിംഗ് ബിസിനെസ്സ്!!!
വള് ചിരിച്ചു കൊണ്ട് അലറുന്ന സ്വരത്തില്‍ പറഞ്ഞ് ഒരു പൊതിയെടുത്തു. കുറച്ച് കപ്പലണ്ടി വായിലിട്ട് മനോഹരമായി നാലുതവണ ചവച്ച് ഇടതു കയ്യിന്റെ തള്ളാ വിരല്‍ മുകളിലേക്കുയര്‍ത്തി സൂ....പ്പര് എന്ന സര്‍ട്ടിഫിക്കറ്റ് നല്കി. ക്യാമറ തന്റെ നെഞ്ചിന് നേരെ തിരിഞ്ഞപ്പോള്‍ സെബാസ്റ്റ്യന്‍ എന്തിനെറിയാതെ നെഞ്ചിലെ ചെറിയ വളവ് മാറ്റി നേരെ നിന്നു.
അങ്കിള്‍, പെണ്‍കുട്ടി പറഞ്ഞു: ഞങ്ങള്‍ -ചാനലില്‍ നിന്ന് വരുന്നു. ഷോപ്പിംഗ് ഫെസ്റ്റിവലിന് വരുന്ന മലയാളികളില്‍ നിന്ന് നിമിഷ കവികളെ കണ്ടുപിടിക്കലാണ് ഞങ്ങളുടെ ജോലി. അങ്കിളിനോു വിഷയം തരാം.....
സബ്ജക്ട്...ഊ ഊ ഊം.....നെറ്റിചുളിച്ചുകൊണ്ട് അവള് ചുറ്റും നോക്കി.യെസ്... കപ്പലണ്ടി.......വേഗം വേണം. ഫോര്‍ ലൈന്‍ എബൌട്ട് യുവര്‍ സെല്ലിംഗ് ഐറ്റം...കപ്പലണ്ടി... ഓക്കെ?
ആദ്യമുണ്ടായ അമ്പരപ്പ് മാറി താനും ഷൂട്ട് ചെയ്യപ്പെടുകയാണ് എന്നത് അയാള്‍ക്ക് സന്തോഷത്തിനും അത്ഭുതത്തിനും ഇടയിലുള്ള എന്തോ ഒരു വികാരം സമ്മാനിച്ചു.
ക്യാമറയുടെ തീഷ്ണ നോട്ടം നേരിടാനാകാതെ മൈക്കിലേക്ക് നോക്കി, സെബാസ്റ്റ്യന്‍ ഉറക്കെ ചൊല്ലി.
കാല്‍പ്പൂഴും മണല്‍ വറവു ചട്ടി*
അടിയില്‍ അണയാത്ത തീ
വിരലിടയില്‍ ഞെരിഞ്ഞാല്‍
തൊലിപോകും വരെ മൊരിയും
ദേഹവും മനവും..
ഹിയ്യാ.... ഫന്റാസ്റ്റിക്... അങ്കിള്‍ അടിപൊളി... താങ്ക്യു അങ്കിള്‍....
പെണ്‍കുട്ടി വീണ്ടും അലറിക്കൊണ്ട് അയാളുടെ കൈ പിടിച്ച് കുലുക്കി. എത്രയോ കിലോമീറ്റര്‍ പ്രകാശത്തെ വിക്ഷേപിക്കുന്ന അമൂല്യസമ്മാനമെന്ന് വിശേഷിപ്പിച്ച് ഒരു പൊതി അയാള്‍ക്ക് നല്‍കിയിട്ട് ആ സംഘം ആരവത്തോടെ മറ്റാരുടേയോ അടുത്തേക്കോടി.
ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രോഗ്രാമുകള്‍ എല്ലാ ചാനലിലും വിടാതെ കാണുന്ന മേരിക്ക് മുന്നില്‍ താന്‍ പബ്ലിക് റോട്ടിലെ ചുമര്ച്ചിത്രമായി മാറിക്കഴിഞ്ഞെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ അയാള്‍ തുടര്‍ച്ചയായി ഞെട്ടി. ഞെട്ടലില്‍ കിടക്കയില്‍ നിന്ന് തല ഉയര്‍ത്തിയ സെബാസ്റ്റ്യന്‍ പലനിറത്തിലുള്ള പെയിന്റിന്റെ അവശിഷ്ടങ്ങള്‍ വീണ് സ്വന്തം നിറം നഷ്ടപ്പെട്ട, ഹാംഗറില്‍ തൂങ്ങുന്ന തന്റെ കവറോള്‍ ആണ് കണ്ടത്.
ഒരു കബന്ധം പോലെ അത് വായുവില്‍ തൂങ്ങിനിന്നു.
ടി.വി അപ്പോഴും ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
----------------------------
* ടി. പി അനിക്കുമാറിന്റെ 'ഒഴിവുകാലം' എന്ന കവിതയിലെ നാലുവരി. കലാകൌമുദി, ലക്കം 1457. അനിലിന്റെ ബ്ലോഗ് ചങ്ങാടം.