കാര്യമായൊന്നും ഉണ്ടായിരുന്നില്ല. രാമേട്ടന്റെ കട്ടിലിനു കീഴിലുള്ള ഒരു എയര്‍ ബാഗ്. അതിലാകട്ടെ കുറേ കത്തുകള്‍. എന്നെ അത്ഭുതപെടുത്തിയത് അതെല്ലാം സ്റ്റാമ്പൊട്ടിച്ച് വച്ചിരിക്കുന്നതായിരുന്നു എന്ന കാര്യമാണ്. എല്ലാം തന്നെ ചേച്ചിക്കുള്ളത്! ചേച്ചിയോ? അതേ, രാമചന്ദ്രന്‍ നായര്‍ എന്റെ രാമേട്ടനാണെങ്കില്‍ ശ്രീമതി രാമചന്ദ്രന്‍ എന്റെ ചേച്ചി ആയിരിക്കണമല്ലോ? ചേച്ചി തന്നെ, സംശയം വേണ്ട! പത്തു നാല്‍പത് കത്തുകള്‍ ഉണ്ടായിരിക്കണമത്. എന്നെ അതു തെല്ലല്‍ഭുതപ്പെടുത്താതിരുന്നില്ല. രാമേട്ടന്റെ കാര്യമല്ലേ, അസാധാരണമായതല്ലേ എല്ലാ പ്രവൃത്തിയിലും മുഴച്ചു നില്‍ക്കാറുള്ളത്. അല്ലാ, ഞാന്‍ എന്തിനിതാലോചിച്ച് തല പുണ്ണാക്കണം? പിന്നെ ബാഗിലുണ്ടായിരുന്നത് ഒരു കസവുസാരി. പഴക്കം മൂലം മടക്കിവച്ച അരികുകള്‍ക്ക് തേയ്മാനം വന്നിരിക്കുന്നു. എന്റെ ഓര്‍മ്മയില്‍ ഈ ബാഗ് രാമേട്ടന്‍ അഴിക്കുന്നതു കണ്ടിട്ടില്ല.
"ഈ ബാഗ് ഇതേ പോലെ തന്നെ രാമചന്ദ്രന്റെ മിസ്സിസ്സിനെ ഏല്‍പ്പിച്ചോളൂ. ഇറ്റ് സൌണ്ട്സ് ലൈക്ക് സെന്റിമെന്റല്‍ ഐറ്റംസ്" മാനേജര്‍. ഞാന്‍ സമ്മതഭാവത്തില്‍ തലയാട്ടി. തലയാട്ടുന്നത് കിളവനിഷ്ടമല്ല എന്ന കാര്യം മറന്നു പോയി. ഉടനെ യെസ്സാര്‍ എന്നു പറയേണ്ടി വന്നു. മറ്റൊരു ബാഗില്‍ രാമേട്ടന്റെ കുറെ പുതിയതെന്നു തോന്നിക്കുന്ന ഡ്രസ്സുകള്‍ കുത്തിനിറച്ചു. അല്ല, രാമേട്ടന് ഇനി എന്തിനാണീ വ സ്ത്രങ്ങള്‍? പക്ഷെ അവിടേയും രാമേട്ടന്റെ ഭാര്യയുടെ സെന്റിമെന്റ്സിന് പ്രാധാന്യം കൊടുക്കണമെന്നു മാനേജരുടെ അഭിപ്രായം.
മിനിഞ്ഞാന്ന് ഉച്ചക്കാണ്, ഈ കൊച്ചു മനുഷ്യനെ പറ്റിയുള്ള ഏറ്റവും വലിയ വാര്‍ത്ത എന്റെ ചെവിയിലെത്തിയത്. രാമേട്ടന്‍ മരിച്ചു. വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായതാണത്രേ. എന്റെ ഞെട്ടല്‍ എന്തു കൊണ്ടോ നിര്‍വികാരതക്കു വഴിമാറി. കഴിഞ്ഞ രണ്ടു വര്‍ഷമായി എന്റെ സഹപ്രവര്‍ത്തകനും സഹമുറിയനുമായിരുന്ന രാമേട്ടന്റെ മരണം എന്നില്‍ ഇത്ര ചലനമേ സൃഷ്ടിക്കുന്നുള്ളൂ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപെട്ടു, .. തെല്ലു വ്യസനത്തോടെ തന്നെ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല കമ്പനി എന്റെ തലയില്‍ കെട്ടിവച്ചു. രാമേട്ടന്റെ നാട്ടുകാര്‍ ആരും കമ്പനിയില്‍ ഇല്ലാത്തതു മാത്രമായിരുന്നില്ല അതിനു കാരണം, പതിഞ്ചു ദിവസം കഴിഞ്ഞാല്‍ എനിക്കു രണ്ടുമാസത്തെ ലീവ് അനുവദിച്ചിരുന്നു, അതല്‍പം നേരത്തെയാക്കാന്‍ കമ്പനി ആവശ്യപ്പെട്ടു. ആദ്യത്തെ നാട്ടില്‍പോക്കിനെ പറ്റി കുറെ സങ്കല്‍പങ്ങള്‍ ഉണ്ടായിരുന്ന എനിക്ക് ഒരു മൃതദേഹവും പേറി ചെന്നിറങ്ങാന്‍ സത്യം പറഞ്ഞാല്‍ വിഷമമുണ്ടായിരുന്നു. പക്ഷേ രാമേട്ടനെ മോര്‍ച്ചറിയില്‍ കിടത്തി എനിക്ക് അങ്ങിനെ വാദിക്കാന്‍ തോന്നിയില്ല. വളരെ അപൂര്‍വ്വമായി മാത്രം എന്നോടു കാട്ടാറുള്ള ഒരു തരം പരിഭവം കലര്‍ന്ന മുത്തോടെ "എനിക്കൊന്നു കൂട്ടുവരാന്‍ നിനക്ക് ബുദ്ധിമുട്ടാ, അല്ലേ അനിയാ" എന്നു രാമേട്ടന്‍ നാളെ എന്റെ സ്വപ്നങ്ങളില്‍ വന്നു ചോദിക്കരുതല്ലോ. സര്‍വോപരി, എന്നെ അടുക്കളയില്‍ കയറ്റാതെ മൂന്നുനേരവും ഭക്ഷണം വച്ചുതരുന്ന രാമേട്ടന്‍.
ആരോടും സംസാരിക്കാത്ത രാമേട്ടന്‍......
ഒരിക്കലും ചിരിക്കാത്ത രാമേട്ടന്‍......
പതിവുനുവിപരീതമായാണെന്നു തോന്നുന്നു, ഞങ്ങള്‍ക്കു പോകേണ്ട ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ കൊച്ചു എയര്‍ബസ് അബുദാബി വിമാനത്താവളത്തിന്റെ അങ്ങേതലക്കലായിരുന്നു കിടന്നത്. ദൂരെയൊതുങ്ങി കിടക്കുന്ന ആ യന്ത്രപക്ഷിയെ കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. ബസ് പോലെയുള്ള ഒരു വാഹനത്തില്‍ ഞങ്ങള്‍ എല്ലാ യാത്രക്കാരേയും അതിനടുത്തെത്തിച്ചു. അകത്തു പാവം രാമേട്ടന്‍ സുമായി ഉറങ്ങുന്നുണ്ടാകും. പുലര്‍ച്ചെ രണ്ടര. വിമാനത്തേയും റണ്‍വേയേയും മഞ്ഞ് നിറമില്ലാത്ത ചായത്തില്‍ മുക്കി മരവിപ്പിച്ചിരിക്കുന്നു.. ഇവിടെ ഇത് അത്യപൂര്‍വ്വമായ കാഴ്ച്ച തന്നെ. അസ്ഥികോച്ചുന്ന ശീതക്കാറ്റ് ആഞ്ഞടിക്കുന്നു. യാന്ത്രികമായൊരു ചടങ്ങു പോലെയുള്ള ചിരിയോടെ കൂപ്പുകൈയ്യുമായി നില്‍ക്കുന്ന ആകാശസുന്ദരിയെ മറികടന്ന് എന്റെ സീറ്റില്‍ പോയിരുന്നു.
ജനലിനരികെയുള്ള സീറ്റായിരുന്നു കിട്ടിയത്. ഭക്ഷണം ഒന്നും കഴിക്കാന്‍ തോന്നിയില്ല. ഇടത്തേ പുരികത്തിനു മുകളിലായി വേദന തുടങ്ങി. രണ്ടുദിവസമായി ഉറങ്ങിയിട്ട്. അതു തന്നെ കാരണം. പോക്കറ്റില്‍ കരുതിയിരുന്ന പനഡോള്‍ രണ്ടെണ്ണമെടുത്തു വിഴുങ്ങി. കണ്ണടച്ചു ഉറങ്ങാന്‍ ശ്രമിച്ചു. രാമേട്ടന്റെ മുഖം തന്നെ മനസ്സില്‍. എല്ലാവരും അദ്ദേഹത്തെ കേള്‍ക്കാതെ ഭ്രാന്തനെന്നേ വിളിക്കൂ. തനിക്കും ഇയളൊരു ഭ്രാന്തനെന്നു തോന്നിയ നിമിഷങ്ങള്‍ എത്രയെത്ര! രാമേട്ടന്റെ എന്ത് പ്രത്യേകതയാണ് തന്നെ ആകര്‍ഷിച്ചത്? വല്ലപ്പോഴും സംസാരിക്കുമ്പോള്‍ ഉറപ്പായും ഉപയോഗിച്ചിരിന്ന "അനിയാ" എന്ന വിളിയാണോ? ജോലിയില്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന വൈദഗ്ദ്ധ്യമോ? എരിയുന്ന, ചുക്കുകാപ്പിയുടെ ആരാധകനാണ് ഞാനെന്ന് മനസിലാക്കിയ എനിക്ക് എന്നും രാത്രി അത് അനത്തി തരാറുള്ളതോ? ജീവിതത്തെ പറ്റി അപൂര്‍വ്വമായി തത്വചിന്താപരമായി നടത്തുന്ന അഭിപ്രായങ്ങളോ?
ഒരു സംഭവം ഓര്‍മ്മ വരുന്നു. കമ്പനിയിലെ ഒരു ജീവനക്കാരന്‍ പണിക്കിടയില്‍ അപകടത്തില്‍ പെട്ടു മരിച്ചു. ഈ വാര്‍ത്ത അദ്ദേഹം അറിഞ്ഞത് ഞാന്‍ പറഞ്ഞായിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെയുള്ള രാമേട്ടന്റെ ഇരിപ്പ് എന്നെ ക്ഷുഭിതനാക്കി. "രാമേട്ടന്‍ എന്താ ഇങ്ങനെ, ആ മരിച്ച ഹൈദറിന്റെ കുടുംബത്തിന്റെ കാര്യമെങ്കിലും ഓര്‍ത്ത് ഒന്നു സഹതപിച്ചൂടെ? ഓരോരുത്തരും അവരവരുടെ കുടുംബത്തിനു വലുതാണ്. ഹൈദറിന്റെ ഭാര്യയുടേയും, ആ കൊച്ചു കുഞ്ഞിന്റെയും ഗതി ഇനി എന്താകും എന്ന് ഒന്നോര്‍ത്തു നോക്കൂ, മനുഷ്യന്മാര്‍ ഇങ്ങനെ സ്വാര്‍ത്ഥന്മാരകരുത് രാമേട്ടാ.."
ഞാന്‍ രാമേട്ടനോട് ക്ഷോഭിച്ചു സംസാരിച്ച ഏക അവസരവും അതായിരുന്നു. ഒടുവില്‍ "വെറുതെയല്ല നിങ്ങളെ ഭ്രാന്തന്‍ എന്ന് എല്ലാവരും വിളിക്കുന്നത്" എന്നു കൂടി പറഞ്ഞു. ഞാനിരിക്കുന്ന ദിശയിലേക്ക് നോക്കി, എന്നേയും എനിക്കു പിന്നിലുള്ള ചുമരിനേയും സുതാര്യമായ ഒരു ചില്ലാക്കുന്ന നോട്ടത്തോടെ അപ്പോള്‍ രാമേട്ടന്‍ പറയുകയുണ്ടായി. "അനിയാ, മരണം സാരമില്ല, പക്ഷേ ജീവിക്കാതിരിക്കുക ഭയങ്കരമാണ്" ഞാന്‍ വായ തുറന്നന്നിരുന്നുപോയി. എന്റെ ഞെട്ടല്‍ കണ്ടു അദ്ദേഹത്തിന്റെ ചുണ്ടിന്റെ കോണില്‍ അത്യപൂര്‍വ്വമായി കാണുന്ന ആ പുഞ്ചിരി വന്നു. "പേടിക്കേണ്ട അനിയാ, ഇതേതോ മഹാനെക്കൊണ്ട് കാലം പറയിച്ചതാണ്."
മറ്റൊരവസരത്തില്‍ പെട്ടന്നെന്നോട് ഒരൊറ്റ ചോദ്യം. "പിളരാന്‍ ഭൂമി തയാറായിരുന്നില്ലെങ്കില്‍ സീത എന്ത് ചെയ്യുമായിരുന്നു?" കുറേ ആലോചിച്ച് ഞാന്‍ എന്തോ ഉത്തരം പറഞ്ഞപ്പോഴേയ്ക്കും രാമേട്ടന്‍ ചോദ്യമേ മറന്നുപോയിരുന്നു.ജോലി, അടുക്കള, സ്വന്തം കട്ടില്‍ -ഇതു വിട്ടൊരു കാര്യവും രാമേട്ടനറിയില്ലെന്നയിരുന്നു എന്റെ ധാരണ. സ്വന്തം കാര്യങ്ങള്‍ ഒന്നും എന്നോടു പറഞ്ഞിട്ടില്ല. കുട്ടികള്‍ ഇല്ല, പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് എം. എസ്സ്. സ്സി ബിരുദധാരി, എല്ലാ വര്‍ഷവും ജൂണ്‍ മാസം നാട്ടില്‍ പോകും (ഭ്രാന്തന്‍ മഴ കാണാന്‍ പോകുന്നു എന്നാണ് ഫ്ലാറ്റില്‍ ബാക്കിയെല്ല്ലാവരും പറയുക) തുടങ്ങി തുച്'മായ വിവരങ്ങള്‍ മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ. ഫ്ലാറ്റിലെ ആരുമായും സംസാരിക്കില്ല. പുതിയ ജോലിക്കാരനായി വന്ന എന്നെ കമ്പനി അദ്ദേഹത്തിന്റെ മുറിയില്‍ താമസിപ്പിച്ചു. അദ്ദേഹത്തെപറ്റി അറിയുന്ന ആരും അവിടെ താമസിക്കാന്‍ തയ്യാറല്ലത്രേ! എനിക്കാകട്ടെ ആ മുറിയില്‍ വലിയ സ്വകാര്യത ലഭിച്ചു. ആരും ഞങ്ങളുടെ മുറിയില്‍ കയറില്ല. വന്നു കയറിയ നിമിഷം രാമേട്ടന്റെ അലമാരയില്‍ കണ്ണാടിയുടെ മുകളില്‍ ഒട്ടിച്ചിരുന്ന കമ്പ്യൂട്ടര്‍ പ്രിന്റൌട്ട് എന്റെ ശ്രദ്ധയില്‍ പെട്ടു. 'ദിസീസ് മൈ റൂം, ലൌവ് ഇറ്റ് ഓര്‍ ലീവ് ഇറ്റ്'.
രണ്ടുമാസം കഴിഞ്ഞിട്ടും ഞാന്‍ സ്വയം പാചകം ചെയ്യുക എന്ന കാര്യം ചിന്തിക്കുന്നുപോലുമില്ലെന്ന് മനസിലാക്കിയോ എന്തോ, ഒരു ദിവസം നാളെ മുതല്‍ അനിയന്‍ ഭക്ഷണം എന്റെ കൂടെ കഴിച്ചാല്‍ മതിയെന്ന് പ്ര്യാപിച്ചു. ഇയാളൊരു ഭ്രാന്തന്‍ എന്ന പൊതുനിഗമനത്തെ മനസാ അംഗീകരിച്ച് ഞാനും അതിനോട് പൊരുത്തപ്പെട്ട് വരുവാന്‍ തീരുമാനിച്ച അവസരമായിരുന്നു അത്. അടുക്കളയില്‍ കയറാന്‍ എന്നെ രാമേട്ടന്‍ ഒരിക്കലും സമ്മതിച്ചിരുന്നില്ല. ഇതിനിടയിലെന്നോ ഒരു ദിവസം, അലമാരയില്‍ ഒട്ടിച്ച കടലാസിലെ വരികള്‍ക്കു മാറ്റം വന്നിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.'ദിസീസ് ഔര്‍ റൂം, ലൌവ് ഇറ്റ് ഓര്‍ ലീവ് ഇറ്റ്.' എന്റെ മേശമേല്‍ ചിതറി കിടക്കുന്ന പുസ്തകങ്ങള്‍ അടുക്കിപ്പെറുക്കി വയ്ക്കുക, തോന്നുമ്പോള്‍ എന്റെ കിടക്കവിരി കൊണ്ടു സോപ്പു വെള്ളത്തില്‍ ഇടുക തുടങ്ങിയ ജോലികള്‍ ചിട്ടയോടെ ചെയ്യുക രാമേട്ടന്റെ പതിവായിരുന്നു. ഒരിക്കലും എന്നെ ഉപദേശിച്ചിട്ടില്ല, ഒരിക്കല്‍ മാത്രം, 'സ്വയം തോന്നി അനിയന്‍ ഒന്നും ചെയ്യുകയില്ല അല്ലേ' എന്നു ചോദിച്ചിരുന്നു.
ഏഴു കൊല്ലം മുന്‍പ് ഞങ്ങളുടെ കമ്പനിയില്‍ ചേര്‍ന്നതാണത്രെ രാമേട്ടന്‍. അന്നുതൊട്ടേ ആരുമായും സഹകരണം ഇല്ല. രാമേട്ടനെ പറ്റി കൂടുതലറിയാന്‍ എനിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നു. ഇതറിഞ്ഞ എന്റെ ചില സഹപ്രവര്‍ത്തകര്‍ ലോകത്ത് എത്രയോ വേറെ കാര്യങ്ങളുണ്ട്, ഈ വട്ടുകേസിന്റെ പിന്നാലെ തന്നെ വേണം നേരം കളയാന്‍, എന്നാണ് എന്നോടു പറഞ്ഞത്.
ചില വ്യാഴാഴ്ച്ചകളില്‍ രാമേട്ടനെ കാണാന്‍ ഒരാള്‍ എത്തുമായിരുന്നു. വേറെ ഒരു മനുഷ്യജീവി അദ്ദേഹത്തെ കാണാന്‍ വന്നു ഞാന്‍ കണ്ടിട്ടില്ല. എന്തിന് ഒരു ഫോണ്‍ കോള്‍ പോലും വന്നിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. വളരെ ചുരുങ്ങിയ വാക്കുകളേ രാമേട്ടന്‍ അയാളോട് സംസാരിക്കുകയുള്ളൂ എങ്കിലും അയാളുടെ വരവ് രാമേട്ടന്റെ മുത്ത് ഒരു ചെറുതല്ലാത്ത സന്തോഷം വിരിയിക്കുമായിരുന്നു. രാമേട്ടന്റെ മുന്‍ കമ്പനിയിലെ സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം - കുരുവിള. രാമേട്ടനും സുഹൃത്തുക്കള്‍? എന്റെ അത്ഭുതഭാവം അയാള്‍ ആസ്വദിച്ചു എന്നു വേണം കരുതാന്‍. രാമേട്ടന്‍ എന്നോടു അല്‍പമെങ്കിലും താല്‍പര്യം കാണിക്കുന്നുണ്ടെന്നറിഞ്ഞ കുരുവിളക്ക് അതും അല്‍പം സന്തോഷത്തിനു വക നല്‍കി. തന്ത്രപരമായ ഒരു താല്‍പര്യമില്ലായ്മ ഞാന്‍ അഭിനയിച്ചതിനാല്‍, രാമേട്ടന്റെ പഴയ കാലം എല്ലാം അയാള്‍ പലപ്പോഴായി വിവരിച്ചു. അങ്ങിനെ എനിക്കു പരിചയമുള്ള രാമേട്ടന്റെ നേരെ വിപരീതമായ മും എനിക്കു പിടികിട്ടി. ഒരിക്കലും 'നോ' എന്ന വാക്ക് ഉപയോഗിക്കരുതെന്ന് എല്ലാവരേയും ഉപദേശിക്കാറുള്ള രാമേട്ടന്‍. ഒരു ദിവസം കുരുവിള എന്നെ വീട്ടിലേക്ക് ക്ഷണിച്ച് സല്‍ക്കരിച്ചു. രാമേട്ടന്‍ പ്രസംഗിക്കുന്ന ഫോട്ടോ, ഒരു പ്രശസ്ത മലയാള സാഹിത്യകാരന്റെ കൂടെ രാമേട്ടനും ചേച്ചിയും നില്‍ക്കുന്ന മറ്റൊരു ചിത്രം, ചേച്ചി പാടുന്ന ചില ചടങ്ങുകള്‍... ... അപ്പോള്‍ രാമേട്ടന്‍ സ്വയം തീര്‍ത്ത വലയത്തിനുള്ളില്‍ ഒതുങ്ങി ജീവിക്കുന്ന ഒരു വിഷാദജീവി തന്നെ എന്നു ഞാന്‍ ഉറപ്പിച്ചു. ഇക്കാര്യങ്ങളെങ്ങാനും രാമേട്ടനറിഞ്ഞാല്‍ കുരുവിളയുടെ സന്ദര്‍ശനം അതോടെ നിലയ്ക്കുമെന്നെനിക്കറിയാമായിരുന്നു.
രാമേട്ടന്‍ എന്ന എന്റെ ഗവേഷണ വിഷയം എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടതായി മാറാന്‍ ഇത്ര അറിവുകള്‍ മതിയായിരുന്നു. രാമേട്ടന്റെ മറുപടി ഒരു മൂളലോ ചിലപ്പോള്‍ പരിപൂര്‍ണ്ണനിശബ്ദതയോ ആകുമെങ്കിലും ഞാന്‍ അദ്ദേഹത്തോടു വാ തോരാതെ സംസാരിക്കല്‍ ഒരു പതിവാക്കി. എന്തായാലും രാമേട്ടന്‍ ശ്രദ്ധിക്കും. ഭാവം ഞാന്‍ ഒന്നും കേള്‍ക്കുന്നില്ല എന്നായിരിക്കുമെന്നു മാത്രം. ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ രാമേട്ടന്റെ വീട്ടില്‍ പോകുമെന്നും ഭാര്യയോട് (അപ്പോള്‍ ചേച്ചി എന്ന് വിളിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നില്ല.) എന്തു പറയണമെന്നും നാലഞ്ചു ദിവസങ്ങള്‍ക്കു മുമ്പേ ഞാന്‍ ചോദിച്ചിരുന്നു. "എന്റെ വീട്ടില്‍ അനിയന്‍ പോണ്ടാ...അതെനിക്കിഷ്ടമല്ല.." എന്നാണ് മറുപടി പറഞ്ഞത്. ഒന്നു ഇളിഭ്യനായെങ്കിലും ഞാന്‍ അതപ്പോഴേ മറന്നു പോയിരുന്നു. രാമേട്ടന്റെ പ്രതികരണമില്ലായ്മ എന്നെ ഇളിഭ്യനാക്കിയ സന്ദര്‍ഭങ്ങള്‍ എത്രയോ ഉണ്ട്. ആരും കണ്ടില്ലെങ്കില്‍ അത് എനിക്കൊരു പ്രശ്നമേ അല്ലതായിക്കഴിഞ്ഞിരുന്നു.
ഞാന്‍ മയങ്ങുകയായിരുന്നു. കണ്ണുതുറന്ന് പുറത്തേക്കു നോക്കിയ ഞാന്‍ അങ്ങകലെ സൂര്യനെ വലിയ വലുപ്പത്തില്‍ കണ്ടു. സമയം ആറാകുന്നു. തുടിക്കുന്ന ഹൃദയത്തോടെ ചെയ്യേണ്ടിയിരുന്ന ഒരു കര്‍മ്മം, മരവിപ്പോടെ യാന്ത്രികമായി ചെയ്തു-വാച്ച് തിരിച്ച് സമയം ഏഴരയാക്കി. താഴെ പച്ച ചതുരക്കട്ടകള്‍ അടുക്കി വച്ച പോലെയുള്ള വയലുകളും, തെങ്ങിന്‍ തലപ്പുകളും, നൂലുപോലെ കടലിലേക്കെത്തുന്ന പുഴയും. പുഴയ്ക്ക് എപ്പോഴെങ്കിലും സ്വയം ഒഴുകാതിരിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ പുഴ എപ്പോഴെങ്കിലും കടലിനെതിര്‍ദിശയിലേക്ക് ഒഴുകുമോ? ഞാന്‍ കീഴേക്ക് സൂക്ഷിച്ച് നോക്കി. എനിക്കും ആ കാഴ്ചകള്‍ക്കുമിടയില്‍ മൂടല്‍ മഞ്ഞുപോലെ ശവപ്പെട്ടിക്കുള്ളിലെ രാമേട്ടന്‍ ഉയര്‍ന്നുവന്നു. ഞാന്‍ കണ്ണുകള്‍ വീണ്ടും പൂട്ടിയിരുന്നു.
രാമേട്ടന്റെ രണ്ടു ബന്ധുക്കളുടെ കൂടെ ആംബുലന്‍സിലിരിക്കുമ്പോള്‍ എന്റെ ആദ്യത്തെ ഗള്‍ഫില്‍ നിന്നുള്ള മടക്കയാത്രയോര്‍ത്ത് എനിക്ക് ന്യായമായും സങ്കടം വന്നു. വലുതെങ്കിലും പഴയതും പെയിന്റുചെയ്ത് മോടി പിടിപ്പിക്കാത്തതുമായ ഒരു വീടിന്റെ മുറ്റത്തേക്കാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ദീനമായൊരു നിലവിളിയോടെ പുറത്തേക്കോടി വന്ന സ്ര്തീയെ കുറേയേറെ പേര്‍ ചേര്‍ന്ന് പിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ടുപോകുന്നതു കണ്ടു. 'ന്റെ ചന്ദ്രേട്ടാ.... എത്ര കാലായി എന്നെ കാണാന്‍ വന്നിട്ട്, ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ ചന്ദ്രേട്ടാ ന്നെങ്ങ്നെ ശിക്ഷിച്ചത്......' തുടങ്ങിയ എണ്ണിപ്പറുക്കലോടെയുള്ള ഇത്ര ദയനീയമായ നിലവിളിക്ക് ഞാന്‍ ഇതു വരെ സാക്ഷിയായിട്ടില്ല. സ്വതവേ എണ്ണിപ്പറക്കിയുള്ള നിലവളി കപടമായിരിക്കും എന്ന് നൂറു ശതമാനം വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍....പക്ഷേ....ഇത്... രാമേട്ടന്‍ ഇവിടെ ചന്ദ്രേട്ടനാകുന്നു.
എന്തു ചെയ്യണമെന്നറിയാതെ മുറ്റത്തു നില്‍ക്കുകയായിരുന്നു ഞാന്‍. ആരും ഒന്നും ചോദിക്കുന്നുമില്ല. മൃതദേഹം എത്തിയതറിഞ്ഞ് ആളുകള്‍ അല്‍പാല്‍പമായി എത്തി തുടങ്ങിയിരുന്നു. മുറിച്ച പച്ചമാവിന്റെയും പച്ചിലകള്‍ ചതഞ്ഞതിന്റെയും ഗന്ധം. ഇനി എന്റെ ചുമതല ഈ രണ്ടു ബാഗുകള്‍ ശ്രീമതി ശ്രീലക്ഷ്മി രാമചന്ദ്രനെ ഏല്‍പിക്കുക എന്നതു മാത്രമാണ്. മുറ്റം വൃത്തിയാക്കിയിട്ട് ദിവസങ്ങളായിട്ടുണ്ട്. നാലഞ്ച് കുട്ടികള്‍ ഓടി കളിക്കുന്നു. വീടിന്റെ പുറകുവശത്തു നിന്ന് രണ്ടു പശുക്കളുടെ നിലവിളി കേട്ടു. തങ്ങളുടെ ഗൃഹനാഥന്റെ വേര്‍പാട് അവറ്റകള്‍ക്കു മനസിലായോ, അതോ മൂന്നു ദിവസമായി തങ്ങളെ ആരും ശ്രദ്ധിക്കാത്തതിലുള്ള ക്രോധമോ?
"വിരോധല്യാച്ചാ ന്റെ വീടുവരെ പോയി ഒരു ചായ കുടിക്കാം, ല്ല കാണ്‌താ വീട്"
ഒറ്റ നോട്ടത്തില്‍ തന്നെ റിട്ടയേര്‍ഡ് അധ്യാപകനാണെന്നു തോന്നിപ്പിക്കുന്ന ഒരു കാരണവര്‍. അവിടേക്ക് നടക്കുമ്പോള്‍..
"രാമുട്ടീടെ കൂടെ ജോലി ചെയുന്നതാല്ല്യോ?"
അപ്പോള്‍ ഇവിടെ രാമേട്ടന്‍ രാമുട്ടി ആണ്. കൊള്ളാം.
"അതെ"
"ന്തേ ന്റെ കുട്ടിക്ക് പറ്റ്യേ മോനേ?"
"പെട്ടന്ന് നെഞ്ചുവേദന വന്നതാ, ആശുപത്രിയില്‍ എത്തിക്കുവാന്‍ സാധിച്ചില്ല്യ, അതിനു മുന്‍പേ.." "അതല്ല ചോദിച്ചേ... ഇവിടെ ഒരു മഹാപാവം പെങ്കൊച്ചിനെ തനിച്ചാക്കി അവനവിടെ ഈ അഞ്ചെട്ടു കൊല്ലം എന്തെടുക്കുകയായിരുന്നു? ഒന്നു കാണാന്‍ വന്നോ അവന്‍, എന്തു തെറ്റാ ഈ കുട്ടി അതിന് അവനോട് കാട്ട്യേ. ചത്തോ ജീവിച്ചോന്നറിയാനെങ്കിലും ഒരു കത്തിട്ടോ അവന്‍. "
എന്റെ ഉള്ളില്‍ ഒരു ഇടി മിന്നി. എങ്കില്‍പിന്നെ ആ മഴ കാണാന്‍ വരവ് ?
പക്ഷേ ഞാന്‍ നിശബ്ദത പാലിക്കുകയാണുണ്ടായത്. ചായകുടി, കുളി, എന്റെ വീട്ടിലേക്ക് വിളിച്ച് വണ്ടി ഏര്‍പ്പാടാക്കല്‍, എല്ലാം ആ കാരണവരുടെ വീട്ടില്‍ നിന്ന് തീര്‍ത്ത് ഞങ്ങള്‍ വീണ്ടും രാമേട്ടന്റെ അടുത്തെത്തി. പെട്ടിയും ബാഗും മാസ്റ്ററുടെ വീട്ടില്‍ ഭദ്രമായി വച്ചു. അവ ചേച്ചിയെ ഏല്‍പ്പിക്കുന്നതോടെ എന്റെ ചുമതല കഴിഞ്ഞു. അധികം വച്ചു താമസിപ്പിക്കാതെ ക്രിയകള്‍ തുടങ്ങി. രാമേട്ടന്റെ മരുമകന്‍ ഒരു പയ്യന്‍ ചിതക്ക് തീ കൊളുത്തി. ഇടക്കിടക്ക് ഉയര്‍ന്നു കേള്‍ക്കുന്ന ചേച്ചിയുടെ ഏങ്ങലടിയല്ലാതെ പറയത്തക്ക വികാരപ്രകടനങ്ങള്‍ എങ്ങും കണ്ടില്ല. അവിടെയും ഇവിടെയും നിന്ന് പിറുപിറുക്കുന്ന ആളുകള്‍ രാമേട്ടനെ പലപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുന്നത് പോലെ എനിക്ക് തോന്നി. എന്റെ തോന്നലാകാം... അകത്തു കയറി ഞാന്‍ ചേച്ചിയെ കണ്ടു. അങ്ങിങ്ങു നരച്ചു കയറിയ മുടി. കണ്ണുകള്‍ക്കു താഴെ കറുപ്പിന്റെ ആവരണം. കുരുവിളയുടെ ആല്‍ബത്തില്‍ കണ്ട ആ സ്ര്തീയെവിടെ ഈ വിളറിയ കോലം എവിടെ- ജീവിക്കാതിരിക്കുക ഭയങ്കരം തന്നെ.
മാനേജരുടെ പ്രത്യേക നിര്‍ദ്ദേശമുണ്ടായിട്ടുകൂടി, രാമേട്ടന്റെ ബാഗുകള്‍ ചേച്ചിയെ നേരിട്ടേല്‍പ്പിക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല. രാമേട്ടന്റെ ബന്ധുക്കള്‍ എന്നില്‍ നിന്ന് എന്തൊക്കെയോ അറിയാന്‍ അതിരുകവിഞ്ഞ ആകാംക്ഷയോടെ കാത്തിരിക്കുന്നതായി എനിക്ക് തോന്നി. എന്നില്‍ അത് എന്തോ ഒരു അവജ്ഞയും, പുച്'വുമാണുണ്ടാക്കിയത്. അവരെയെല്ലാം എന്റെ ഭ്രാന്തന്‍ മനസ് ആര്‍ത്തിപെരുത്ത ചെന്നായ്ക്കൂട്ടത്തോട് ചേര്‍ത്ത് വായിച്ചു. മാസ്റ്റര്‍ക്ക് അവിടെ എല്ലാവരും നല്‍കുന്ന ആദരവും ബഹുമാനവും അദ്ദേഹത്തെ രാമേട്ടന്റെ പ്രതിനിധിയായി നിശ്ചയിക്കാന്‍ എന്നെ സഹായിച്ചു. ബാഗുകള്‍ സൌകര്യം പോലെ ചേച്ചിയെ ഏല്‍പ്പിക്കാന്‍ ഞാന്‍ മാസ്റ്ററെ ചട്ടം കെട്ടി. ചേച്ചിയോട് ഒരു പ്രതികരണവുമുണ്ടാക്കാത്ത ഒരു യാത്രചോദിപ്പും, വീണ്ടും വരാം എന്ന വാഗ്ദാനവും നല്‍കിയാണ് ഞാന്‍ സ്ഥലം വിട്ടത്.
പത്തുനാള്‍ക്ക് ശേഷമാണ് ഞാന്‍ വീണ്ടും രാമേട്ടന്റെ വീട്ടില്‍ പോയത്. ആ യാത്ര ട്രെയിനിലാക്കാന്‍ ഞാനെടുത്ത തീരുമാനം, എന്നിലെ പഴയ ട്രെയിന്‍ സീസണ്‍ ടിക്കറ്റുകാരന്റേതായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് കയറി, അല്‍പദൂരം നടന്നുള്ള ആ യാത്ര എന്റെ കൂടെ വന്ന സുഹൃത്തിന് സഹിച്ചില്ലെങ്കിലും ഞാന്‍ ആസ്വദിച്ചു. രാമേട്ടന്റെ കമ്പനി ആനുകൊോളിയങ്ങള്‍ വാങ്ങിക്കേണ്ടതിലേക്കായി ഒരു സ്റ്റഡി ക്ലാസും എന്റെ ചുമതലയില്‍ അവശേഷിച്ചിരുന്നു.
ഒരു അടിയന്തിരാഘോഷത്തിന് തയാറാകുന്ന, മെഴുകിയ മുറ്റം. ഒരു മൂലയില്‍ വാട്ടം കൊണ്ട് നിറം മങ്ങിയ ബലിക്കുറ്റി. തികച്ചും നിശബ്ദമായ ആ അന്തരീക്ഷത്തില്‍ സാമാന്യത്തില്‍ കവിഞ്ഞ കറുപ്പുള്ള ഒരു കാക്കയുടെ ചെവി തുളയ്ക്കുന്ന കാറല്‍. മാസ്റ്റര്‍ അതിനെ കൈയ്യാട്ടി ഓടിച്ചു വിട്ടു.
എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി സന്തോഷവും പ്രസരിപ്പും നിറഞ്ഞ ഒരു സ്ര്തീയായാണ് ചേച്ചി എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ചേച്ചിയുടെ തികച്ചും അപ്രതീക്ഷിതമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പതിനാറടിയന്തിരം കേമമായി നടത്തുന്നതെന്ന് മാസ്റ്റര്‍ പറഞ്ഞതിന്റെ മരവിപ്പില് ചേച്ചി ചായയുമായി വന്നത് ഞാന്‍ അറിഞ്ഞില്ല.
അനിയാ....... പരിചിതമായ പാലക്കാടന്‍ ഈണത്തിലുള്ള ആ വിളി കേട്ട് ഞാന്‍ ചെറുതായൊന്നു ഞെട്ടി. ഒരു ട്രേയില്‍ മൂന്നു ഗ്ലാസ്. രണ്ടു ഗ്ലാസില്‍ ചായ. എനിക്ക് മാത്രം കടും കാപ്പി. ചുക്കിന്റെ നേരിയ എരിവ് എന്റെ തൊണ്ടയില്‍ കുരുങ്ങി. ഞാന്‍ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.
രാമേട്ടന്റെ ചെറിയ ഗ്രാമത്തിലെ കവലയില്‍ ഒരാള്‍ക്കൂട്ടം. അവിടെ നിന്ന് വേണം ഞങ്ങള്‍ക്ക് ബസ് പിടിക്കാന്‍. ആ സ്നേഹസമ്പന്നനായ മാസ്റ്റര്‍ അവിടെ വരെ ഞങ്ങളെ യാത്രയാക്കാന്‍ വന്നു.
ബസ് വരാന്‍ ഇനിയും സമയമുണ്ട്. കോഴിയങ്കമാണത്, മാസ്റ്റര്‍ പറഞ്ഞു. ചെറുതല്ലാത്ത തുകക്കുള്ള പന്തയങ്ങള്‍ ഇതിനെ ചൊല്ലി നടക്കാറുണ്ടത്രേ.
ഞങ്ങള്‍ അതൊന്നു കാണാന്‍ തല കയറ്റി. ഒരു അങ്കക്കോഴി ജയത്തിനോടടുത്തിരിക്കുന്നു. എതിരാളിയുടെ ചങ്കില് കത്തി വച്ചു കെട്ടിയ കാല് അവന് ഒന്നു കൂടെ കുത്തിയിറക്കി. ജനങ്ങളുടെ ആര്‍ത്തുവിളി.
ഞാന്‍ വീണുകിടക്കുന്ന ആ മിണ്ടാപ്രാണിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
എന്റെ ഉള്ളു പിടഞ്ഞു.
ദൈവമേ, രാമേട്ടന്റെ കണ്ണുകള്‍....
എനിക്ക്...
ഞാന്‍ പിന്തിരിഞ്ഞു.
ഇല്ല രാമേട്ടാ..
ഞാന്‍ വീണ്ടു തിരിഞ്ഞ് ആ ജയിച്ച ഗര്‍വ്വോടെ നില്‍ക്കുന്ന കോഴിയെ നോക്കി. അതേ അവന്റെ നില്‍പ്... സംശയമില്ല... രാമേട്ടന്റെ അതേ നില്‍പ്. ഒരു കാലല്‍പം ചരിച്ചു വച്ചുള്ള ആ നടത്തം.....
പിന്നെ ഞാന്‍ തോറ്റവനെ നോക്കിയില്ല.
ബസ് വന്നു.
Wednesday, August 02, 2006
Subscribe to:
Post Comments (Atom)
10 comments:
രാമേട്ടന്‍ (ചെറുകഥ)
ഞാനിരിക്കുന്ന ദിശയിലേക്ക് നോക്കി, എന്നേയും എനിക്കു പിന്നിലുള്ള ചുമരിനേയും സുതാര്യമായ ഒരു ചില്ലാക്കുന്ന നോട്ടത്തോടെ അപ്പോള്‍ രാമേട്ടന്‍ പറയുകയുണ്ടായി. "അനിയാ, മരണം സാരമില്ല, പക്ഷേ ജീവിക്കാതിരിക്കുക ഭയങ്കരമാണ്"
പ്രവാസിക്കു ചിന്തിക്കാന്‍ ഇതാ ഒരു കഥ.
നല്ല അവതരണം. ഗ്രാമര്‍ കുറച്ചു ശ്രദ്ധിച്ചിരുന്നങ്കില്‍ ഒന്നാം തരം തന്നെ.
"ചേച്ചിയുടെ തികച്ചും അപ്രതീക്ഷിതമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പതിനാറാണ്ടിയന്തിരം കേമാമായി നടത്തുന്നതെന്ന് മാസ്റ്റര്‍ പറഞ്ഞതിന്റെ മരവിപ്പില് ചേച്ചി ചായയുമായി വന്നത് ഞാന്‍ അറിഞ്ഞില്ല."
എന്നത്
"ചേച്ചിയുടെ തികച്ചും അപ്രതീക്ഷിതമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പതിനാറാണ്ടിയന്തിരം കേമമായി നടത്തുന്നതെന്ന് മാസ്റ്റര്‍ പറഞ്ഞതിന്റെ മരവിപ്പിലയിരുന്ന ഞാന്‍ ചേച്ചി ചായയുമായി വന്നത് അറിഞ്ഞില്ല." എന്നതല്ലെ ശരി.
നേരത്തെ വാക്യത്തില്‍ ചേച്ചിക്കായിരുന്നു മരവിപ്പ്.
ഇതു പോലെ
"എതിരാളിയുടെ ചങ്കില് കത്തി വച്ചു കെട്ടിയ കാല് അവന് ഒന്നു കൂടെ കുത്തിയിറക്കി"
എന്നതിന്നു പകരം.
കത്തി വച്ചു കെട്ടിയ കാല് അവന് എതിരാളിയുടെ ചങ്കില് ഒന്നു കൂടെ കുത്തിയിറക്കി" എന്നെഴുതിയാല്‍ ഉദ്ദേശിച്ചതു വരൂ.
എന്നാലും കഥ നന്നായിട്ടുണ്ട്.
നാം കാണുന്നതില്‍ നല്ലൊരുശതമാനവും ജീവിക്കുന്നത് മനസ്സിന്റെ മുകളില്‍ ഒരു കര്‍ട്ടണിട്ടയിരിക്കും. പലപ്പോഴും മരണത്തോടെ സകലരഹസ്യങ്ങള്‍ക്കും അന്ത്യമാവുന്നു..കൂട്ടിവെച്ച ആഗ്രഹങ്ങളും പ്രതീക്ഷകളും ഒരു പിടിമണ്ണിനടിയില്‍ ഞെരിഞ്ഞമരുന്നു അല്ലെങ്കില്‍ ഒരുപിടി ചാരത്തില്‍ ലയിക്കുന്നു.
നല്ല കഥ. ചിന്തിപ്പിക്കുന്ന വക്കുകള്‍..ശരിക്കും ആസ്വദിച്ചു വായിച്ചു.ഒത്തിരി ഇഷ്ടവുമായി..
സങ്കുജിയുടെ ഓരോ കഥകളും എഴുതിയതിനേക്കാള്‍ വലിയ കഥകളെഴുതാന്‍ കഴിയുന്ന ഒരു കഥാകാരന്റെ ചിത്രം എനിക്ക് തരുന്നു.
ഒരു കൊച്ചു മനുഷ്യനേക്കുറിച്ചുള്ള ഏറ്റവും വലിയ വാര്‍ത്ത...എത്ര സത്യം സങ്കൂജീ...എല്ലാവരുടേയും ജീവിതത്തിലെ(എന്തൊരു വിരോധാഭാസം!) ഏറ്റവും വലിയ വാര്‍ത്ത അത് തന്നെ!
രാമേട്ടനും, ചേച്ചിയും, സര്‍വ്വോപരി സങ്കുജിയുടെ അനുഭവങ്ങളും, മനോഹരമായി വരച്ചിരിക്കുന്നു.
വളരെ വളരെ ഇഷ്ടപ്പെട്ടു, തലപുകക്കാതെ മനസ്സിലേക്ക് നേരിട്ട് കയറുന്ന കഥ.
സങ്കൂ കഥ നന്നായിരിക്കുന്നു........അവസാനം പെട്ടെന്നവസാനിപ്പിച്ചോന്നൊരു ശങ്ക
എന്റെ രാമേട്ടന്‍ എന്ന ചെറുകഥ വായിച്ച് പ്രോത്സാഹിപ്പിച്ച കരീം മാഷ്ക്കും, അരവിന്ദനും, ഇത്തിരിവെട്ടത്തിനും, അപ്പോള്‍ ദമനകനും, കുറൂജിക്കും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.....
കരീം മാഷ്ക്ക് വേണ്ടി ഞാന്‍ പാത്തുമ്മയുടെ ആടിലെ വിഖ്യാതമായ ആ ആഖ്യ, അഖ്യാതം സെഷന്‍ പോസ്റ്റ് ചെയ്യണം എന്ന് വിചാരിച്ചു, പക്ഷേ പുസ്തകം ഇപ്പോ കയ്യിലില്ല. താങ്ക്സ് കരീം മാഷേ..... പോസ്റ്റുകള്‍ എല്ലാം വായിക്കാറുണ്ട് എല്ലാവരുടേയും. ഒരു കമന്റ് മടിയനായിപ്പോയി.... എല്ലാരും ക്ഷമിക്കുക..
"അനിയാ, മരണം സാരമില്ല, പക്ഷേ ജീവിക്കാതിരിക്കുക ഭയങ്കരമാണ്"
അടുത്ത കാലത്ത് വായിച്ചതില്‍ വെച്ച് ഏറ്റവും അമ്ലതയുള്ള വരികള്‍....
നന്ദി ....അഭിനന്ദനങ്ങള്‍....
പക്ഷേ.. സങ്കൂ എന്തോ രഹസ്യം പിന്നേയും ബാക്കി നില്‍ക്കുന്നില്ലേ? അതോ എനിക്കു മനസ്സിലാവത്തതൊ? ജൂണിലുള്ള വരവും, പതിനാറടിയന്തിരം നടത്താന്‍ തീരുമാനിച്ചതും ഒക്കെ. എഴുതിയ രീതി കൊള്ളാം, മുഴുവന്‍ സമയവും ഞാന്‍ കൂടെ തന്നെയായിരുന്നു.
മാഷെ,
ചിന്തിക്കാന്‍ ഒരുപാടു വെച്ചു രാമേട്ടനെ യാത്രയാക്കി അല്ലെ? ഉള്ളിലൊരു വിങ്ങലായ്...
പ്രാണനെന്നോടു ചോദിച്ചു, എന്തിന്നു നീയെന്നെ
പ്രണയിക്കുന്നു, അതര്‍ഥശൂന്യമെന്നറിയുമെങ്കിലും?
എത്രപോകിലും, പ്രണയാതുരനാകിലും നിനക്കെന്റെ
യാത്രാപഥം കരഗതമാവതില്ലെന്നതറിക സോദരാ..
നന്നായി.
നല്ല കഥ സങ്കൂ. ആസ്വദിച്ച് വായിച്ചു. അവസാനം മനസിലായില്ല :(
Post a Comment