Wednesday, June 28, 2006

ഞാന്‍ ശബരിമലമുട്ടന്‍ (ചെറുകഥ)

(ആരുടേയും മതവികാരങ്ങളെ നോവിക്കുവാനല്ല ഞാന്‍ ഈ പോസ്റ്റു ചെയ്യുന്നതെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ ഞാന്‍ ഒരു പോസ്റ്റാക്കിയെന്നു മാത്രം. കട: കുറു)
വാസ്തവത്തില്‍ പ്രസ്തുത വാര്‍ത്ത ഞാന്‍ മിനിഞ്ഞാന്നു തന്നെ മലയാളം ചാനലുകളിക്കൂടി അറിഞ്ഞതാണ്‌. ഒരു സാദാ വാര്‍ത്ത എന്നല്ലാതെ അതിനെപറ്റി മറ്റൊരു ചിന്തയും എനിക്കുണ്ടായിരുന്നുമില്ല. ഭക്ഷണമേശയില്‍ വിരിച്ച വര്‍ത്തമാനപത്രം കഴിക്കുന്നതിനിടെ വായിക്കുക എന്ന ഒരു പൊട്ടസ്വഭാവത്തിന്റെ ഫലമായിട്ടാണ്‌ അപ്രതീക്ഷിതമായി ആ വാര്‍ത്ത ഞാന്‍ വീണ്ടും ശ്രദ്ധിക്കാന്‍ ഇടവന്നത്‌.

വാേര്‍ത്ത ഇത്രയുമായിരുന്നു:

ഉത്തര്‍പ്രദേശിലെ ഏതോ കുഗ്രാമത്തില്‍ ഒരു കന്യാസ്ത്രീമഠത്തില്‍ അതിക്രമിച്ചുകയറിയ ഒരു പറ്റം അക്രമികള്‍ രണ്ട്‌ കന്യാസ്ത്രീകളെ ബലാല്‍ക്കാരം ചെയ്ത്‌ കൊന്നു.അവര്‍ മലയാളികളായിരുന്നതാണോ, എന്റെ പഴയ സഹപാഠിയും അയല്‍ക്കാരിയുമായിരുന്ന -ചെറുപ്പത്തിലേ വീട്ടുകാര്‍ കര്‍ത്താവിന്‌ നേര്‍ന്ന് വച്ചിരുന്ന- ട്രീസയെപ്പറ്റി പെട്ടന്ന് ഓര്‍മ്മ വന്നതോ എന്താണ്‌ എന്നെ പെട്ടന്ന് നിരുന്മേഷവാനാക്കിയതെന്ന് എനിക്കറിഞ്ഞുകൂടാ.. ട്രീസ്‌ ഇപ്പോള്‍ ഉത്തരേന്ത്യയിലെവിടെയോ വേറേ എതോ പേരില്‍ കര്‍ത്താവിന്റെ മണവാട്ടി ആയി കഴിയുകയാണ്‌.

എന്തോ എനിക്കൊരു രാത്രി പോയിക്കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.

കനം വച്ച ഹൃദയം എന്തെങ്കിലും എഴുതാനുള്ളതിന്റെ മുന്നോടിയാണെന്നുള്ള ഒരു വിശ്വാസം ഞാന്‍ സ്വയം അടിച്ചേല്‍പ്പിച്ചിട്ടുണ്ട്‌ ഈയിടെയായി. പേന എടുത്തു, കടലാസ്‌ എടുത്തു. ഇരുന്നു.

പതിവുപോലെ അക്ഷരങ്ങള്‍ എനിക്ക്‌ പിടി തരാതെ തെന്നിമാറിക്കൊണ്ടിരിക്കുന്നു.

ലൈറ്റ്‌ കെടുത്തട്ടെ ഭായ്‌. റൂമേറ്റ്‌ പട്ടര്‍.

ഞാന്‍ തപസ്സവസാനിപ്പിച്ച്‌ കിടന്നു. സമയം പതിനൊന്നര. വെറുതേ ചുമരിലേക്ക്‌ തുറിച്ചുനോക്കി രണ്ട്‌ മണിക്കൂറായി ഇരിക്കുന്നതായിരുന്നുവെന്ന് തോന്നുന്നു പട്ടരെ പ്രകോപിപ്പിച്ചത്‌. ചിലപ്പോള്‍ അയാള്‍ എന്തെങ്കിലും ചോദിച്ചിരിക്കും. ഞാന്‍ കേട്ടിട്ടുണ്ടാകില്ല. എന്റെ മനസ്‌ ദൈവങ്ങള്‍ ആത്മീയത്‌ തുടങ്ങിയ കാര്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞ്‌ നടക്കുകയായിരുന്നല്ലോ. എന്തായാലും പട്ടരെ പിണക്കണ്ട. ലൈറ്റ്‌ കെടുത്തി കിടന്നു.

എന്തോ സ്വപ്നം കണ്ടിട്ടാണെന്ന് തോന്നുന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നു. മൂന്ന് മണി. പട്ടരുടെ അതിമനോഹരമായ കൂര്‍ക്കം വലി. ഘ്രാാ എന്ന ശബ്ദത്തോടെ അകത്തേക്കും ഫഠ്‌ ഫഠ്‌ ഫഠ്‌ എന്ന ശബ്ദത്തോടെ പുറത്തേക്കും. സ്വപ്നം പയ്യെ ഓര്‍മ്മവന്നു. സ്വപ്നം എന്നതിനെ വിളിക്കാമോ? പകുതി മയക്കത്തില്‍ എന്റെ തലയില്‍ തലങ്ങും വിലങ്ങും പാഞ്ഞ ചിന്തകളായിരുന്നല്ലോ അവ.

ഒരു ഉള്‍പ്രേരണയില്‍ ഞാന്‍ ലെറ്റര്‍ പാഡും പേനയുമെടുത്ത്‌, ശബ്ദമുണ്ടാക്കാതെ വാതില്‍തുറന്ന് പുറത്തെ ഊണുമേശയില്‍ വന്നിരുന്നു. വ്‌വാക്കുകള്‍ക്ക്‌ ഒരു പഞ്ഞവുമില്ലാത്ത അവസ്ഥ.


നെഞ്ചിനകത്ത്‌ ഇന്നലെ രൂപം കൊണ്ട ഒരു പാറക്കഷ്ണം ഉരുകി വരുന്നതുപോലെ. അത്‌ ഉരുകിയുരുകി വെള്ളത്തിന്റെ പരുവത്തിലായി, കൈത്തണ്ടയിലൂടെ, വിരലുകള്‍ക്കിടയിലിരിക്കുന്ന എന്റെ പേനയിലേക്ക്‌....പിന്നെ കടലാസിലേക്കും.......പതിവിനു വിപരീതമായി ഞാന്‍ തലേക്കെട്ട്‌ ആദ്യം നിശ്ചയിച്ചു.പേരിനടിയില്‍ ഒരു വരയും പാസ്സാക്കി.

ഞാന്‍ ശബരിമല മുട്ടന്‍

ആദ്യമേ പറയട്ടെ, ഞാനൊരു തമിഴ്‌ വംശജനാണ്‌. കുറേ നാളുകളായി നിങ്ങളുടെ ഒരു ഗ്രാമത്തിലാണ്‌ ഞാന്‍ തമ്പടിച്ചിരിക്കുന്നത്‌. അതിനാല്‍ തന്നെ ഒരു പക്ഷേ നിങ്ങളേക്കാള്‍ നന്നായി ഞാന്‍ മലയാളം സംസാരിക്കും. ദോഷം പറയരുതല്ലോ, നിങ്ങള്‍ മലയാളികള്‍ ഒരിക്കലും ഒരു വരത്തന്‍ ലുക്കില്‍ എന്നെ കണ്ടിട്ടില്ല. തെറ്റിദ്ധരിക്കല്ലേ, ഞാന്‍ ലോകം ഭരിക്കുവാനായി ജനിച്ച മനുഷ്യവര്‍ഗ്ഗത്തിന്റെ വക്താവല്ല. പ്രായപൂര്‍ത്തിയായ, ഇരുത്തം വന്ന ഒരു മുട്ടനാടാണ്‌ ഞാന്‍. എന്നാല്‍ മനുഷ്യര്‍ക്ക്‌ പാലും, മാംസവും, ജൈവവളവും നല്‍കാനായി മാത്രം ഈ ഭൂലോകത്ത്‌ ജനിച്ച ഒരു സാദാ ആട്‌ ആയി നിങ്ങള്‍ എന്നെ കണക്കാക്കിപ്പോയോ, അവിടെ നിങ്ങള്‍ക്ക്‌ തെറ്റി എന്ന് പറയാതെ വയ്യ.

കാരണം ഞാന്‍ ശബരിമല മുട്ടനാകുന്നു.
തുടരും

8 comments:

K.V Manikantan said...

ഞാന്‍ ശബരിമലമുട്ടന്‍ (ചെറുകഥ)
ആരുടേയും മതവികാരങ്ങളെ നോവിക്കുവാനല്ല ഞാന്‍ ഈ പോസ്റ്റു ചെയ്യുന്നതെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ ഞാന്‍ ഒരു പോസ്റ്റാക്കിയെന്നു മാത്രം.

ഇടിവാള്‍ said...

നീയിതെന്താ ഇതേം കാലമായിട്ടും ഇറക്കാത്തേ എന്നു ഞാന്‍ ഇന്നും കൂടി വിചാരിച്ചതേ ഉള്ളൂ...

സംഭവം ഉഗ്രനാന്നു, അന്നേ പറഞ്ഞതല്ലേ...

കുറുമാന്‍ said...

അതു ശരി
ഈ വാരം തുടര്‍കഥകളുടെ വാരമാണല്ലെ? പോരട്ടെ, പോരട്ടെ.....

തവിട്ടു നിറത്തിലുള്ള, മുട്ടന്‍ താടി വച്ച, കഴുത്തില്‍ ജമന്തി മാല ചാര്‍ത്തി, തന്റ്റെ വരവ് ഒന്നരകിലോമീറ്ററിന്നുള്ളില്‍ വസിക്കുന്നവരെ, സ്വശരീരത്തില്‍ നിന്നും ഉതിരുന്ന കസ്തൂരിഗന്ദത്താല്‍ അറിയിക്കുന്ന സാക്ഷാല്‍ ശബരിമല മുട്ടന്റെ എനിക്ക് കാണുവാന്‍ സാധിക്കുന്നു.

അരവിന്ദ് :: aravind said...

ചങ്ക്വെ മോനേ ചങ്ക്വെ...സീരിയസ്സാവല്ലേ ചങ്ങായീ! :-))
സീരിയസ്സാവില്ല...ആയാലും അതിനുള്ള മുതലുണ്ടാവും..വേണേ ആയിക്കോ ട്ടോ..:-))

അതോ ഇത് ഒരു ഉഗ്രന്‍ തമാശിനുള്ള സീരിയസ് ഇന്‍‌ട്രൊഡക്ഷനോ? :-))

ബൈ ദ ബൈ..
ഘ്രാ....ഫഠ് ഫഠ് ഫഠ്...വായിച്ച് ഉറഞ്ഞുതുള്ളി ചിരിച്ച സമയം - അഞ്ച് മിനിട്ട് , എട്ട് സെക്കന്റ്..
എന്താ കലക്കല്‍!! :-)))

രാജ് said...

തുടരും??

Visala Manaskan said...

ശബരിമല മുട്ടന് ആശംസകള്‍.

അരവിന്ദ് പറഞ്ഞോണം, മുട്ടനെ ബ്ലോഗിലേക്ക് കൊണ്ടുവരുമ്പോള്‍, കുറച്ച് തമാശ കലക്കിയ വെള്ളം കൊണ്ട് ഒന്ന് കുളിപ്പിച്ച് കൊണ്ടുവരും എന്നുതന്നെയാണ് എന്റെയും പ്രതീക്ഷ.

Adithyan said...

അപ്പോള്‍ ഇടിവാളും സങ്കുചിതനും കൂടി ആലോചിച്ചു തീരുമാനിച്ചതാണല്ലെ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍...?

തുടക്കം സീരിയസായി, അടുത്തതെന്താണോ? എന്തോ ജമണ്ടന്‍ സാധനം ആണ് അളയില്‍ ഇരിയ്ക്കുന്നതെന്നു മാത്രം മനസിലായി.. ഇത് മഞ്ഞുകട്ടയുടെ തുമ്പു മാത്രമാണെന്നും :)

Kalesh Kumar said...

സര്‍ഗ്ഗവേദന പ്രസവവേദന പോലെയാണോ?
ശബരിമല കഥ കൊള്ളാം!

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.