Sunday, April 30, 2006

കിണറ്റില്‍ വീണ കഥ -2

കുത്തനെ വിശ്രമിക്കുന്ന കമ്പികള്‍ കുത്തിക്കയറുന്നതും, പാറയില്‍ തല തല്ലി തകരുന്നതും പ്രതീക്ഷിച്ച്‌ പിടി വിട്ട ഞാന്‍ വളരെ സ്മ്മൂത്തായ ഒരു വെര്‍ട്ടിക്കല്‍ ലാന്റിങ്ങിനാണ്‌ സാക്ഷ്യം വഹിച്ചത്‌. കാരണം എന്റെ കാല്‍പാദവും വെള്ളവും തമ്മില്‍ ഒരു പത്തുമീറ്റര്‍ അകലമേയുണ്ടയിരുന്നുള്ളൂ. എന്റെ ബോഡി വെയ്റ്റ്‌ മൂലം ഏകദേശം ഒരു നൂറ്റാണ്ട്‌ പ്രായമ്മുള്ള ആ ഇഞ്ച വള്ളിയുടെ വേരുകള്‍ പതുക്കെ പതുക്കെ ഇളകിയിളകി ഞാനറിയതെത്തന്നെ ഞാന്‍ ഒരു മിനിട്ടില്‍ ഒരു മീറ്റര്‍ എന്ന കണക്കെ താഴുന്നുണ്ടായിരുന്നത്രേ! എന്തായാലും വെള്ളത്തില്‍ വീണ എന്റെ കാല്‍പാദങ്ങള്‍ അരയടിയോളം ചേറില്‍ താഴ്ന്നു പോയി. അനങ്ങതെ ഞാന്‍ ആദ്യം രംഗനിരീക്ഷണം നടത്താന്‍ തീരുമാനിച്ചു. റെസ്ക്യൂ ഓപ്പറേഷന്‌ വെളിച്ചമേകി സഹായിച്ചിരുന്ന പെട്രോള്‍ മാക്സ്‌ എന്റെ ഒപ്പം വെള്ളത്തില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ താഴ്ത്തി അന്ധകാരമകറ്റാന്‍ കാട്ടാളന്‍ ജോസ്‌ നിര്‍ദ്ദേശിച്ചു.

എതാണ്ട്‌ ഒരു 5 കിലോ വലുപ്പം വരുന്ന ഒരു മാക്കച്ചി തവളയിതാരടേയ്‌ പുതിയ ഗസ്റ്റ്‌ എന്ന്‌ മട്ടിലെന്നെ തുറിച്ചു നോക്കി അങ്ങോട്ടും ഇങ്ങോട്ടും പരാക്രമത്താല്‍ ചാടുന്നു. അവസാനം ആ കൂപമണ്ഡൂകം ഒരു ചാട്ടത്തിന്‌ എന്റെ ഇടതു തോളില്‍ ഇരിപ്പുറപ്പിച്ചു. ഇടതുകണ്ണിന്റെ കൃഷ്ണമണി മാത്രം മെല്ലെ ഇടത്തോട്ടേക്കു തിരിച്ച്‌ അതിനെ നോക്കിയ എനിക്ക്‌ കാണാന്‍ സാധിച്ചത്‌, ഹൊറര്‍ സിനിമയിലെ പോലെ, സൂം ചെയ്ത ആ മാക്കാച്ചിതവളയുടെ രണ്ടു മത്തക്കണ്ണുകളും,മൂക്കും വായുമാണ്‌. മൂക്കിനുള്ളില്‍ പോയ പുല്ലിന്റെ കഷ്ണം നല്‍കുന്ന അസ്വസ്ഥത മറികടക്കാന്‍ മൂക്കിനുള്ളില്‍ എരുമ, പോത്ത്‌, മൂരി, പശു തുടങ്ങിയ ജന്തുവര്‍ഗ്ഗങ്ങള്‍ നാവു കേറ്റുന്നതു പോലെ ഒരോസെക്കന്റു ഇടവിട്ടു ഈ പിശാചുമോറന്‍ തവള നാവു മാറി മാറി മൂക്കിനുള്ളില്‍ കയറ്റുന്നു. ഇടക്കൊരുവട്ടം അത്‌ നാവ്‌ അതിഭയങ്കരമായ ലെങ്ങ്ത്തില്‍ നീട്ടി എന്റെ കണ്ണില്‍ കുത്താന്‍ വന്നു. ഞാന്‍ ഒന്നും മിണ്ടാതെ പതുക്കെ വെള്ളത്തില്‍ താഴ്ന്ന്‌ എന്റെ തോള്‌ വെള്ളത്തിനടിയിലാക്കി. എഴുന്നിള്ളിപ്പു കഴിഞ്ഞ ആന കുനിഞ്ഞുകൊടുക്കുമ്പോള്‍ മുകളിലുള്ളവര്‍ ഇറങ്ങി പോകുന്ന പോലെ അത്‌ സ്ലോമോഷനില്‍ ഒരു ലെങ്ങ്ത്തി ഡൈവിങ്ങില്‍ കൂടി എങ്ങോ പോയ്മറഞ്ഞു.

പതുക്കെ പൊന്താന്‍ ശ്രമിച്ച ഞാന്‍ കണ്ടത്‌ എന്റെ മൂക്കിനോട്‌ ചേര്‍ന്ന്‌ ഒരു ആമ അതിന്റെ മൂക്ക്‌ മുട്ടിച്ച്‌ രണ്ട്‌ കൈ കൊണ്ടും- വിക്കറ്റ്‌ കിട്ടുമ്പോള്‍ ഷോയബ്‌ അക്തര്‍ കാണിക്കുന്ന പോലെ- ബാലന്‍സ്‌ ചെയ്യാന്‍ ശ്രമിക്കുന്നു. ആസ്വദിക്കാന്‍ പറ്റുന്ന ഒരു കാഴ്ച്ചകളും കിണറ്റിലില്ലെന്നു എനിക്ക്‌ മനസിലായി. മുകളില്‍ നിന്ന്‌ ആശ്വാസ വാക്കുകള്‍ക്കു മാത്രം ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. കാട്ടാളന്റെ ടീം 10 മിനിട്ടിനുള്ളില്‍ ഒരു പ്ലാസ്റ്റിക്ക്‌ കയര്‍ നിറയെ ചെറിയ ചെറിയ കെട്ടുകളിട്ട്‌ (ഫോര്‍ ഫ്രിക്ഷന്‍) തഴേക്കിട്ടു തന്നു. ഈ സമയം പുറത്ത്‌ എന്നെ നാടകം കാണാന്‍ നിര്‍ബന്ധിച്ചു കൊണ്ടു പോയ രാജീവ്‌ ഉറക്കെ അമറുന്നതും കരയുന്നതും കേട്ടു. അവന്റെ സമനില തെറ്റിയത്രേ! അവനാണ്‌ എന്നെ തിരികെ ഒറ്റക്ക്‌ പറഞ്ഞുവിട്ടതെന്നും പറഞ്ഞ്‌ അവന്‍ കരയുകയാണ്‌. ആ കരച്ചിലില്‍ എന്തായലും അത്മാര്‍ത്ഥതയുടെ സ്പര്‍ശം ഉണ്ടായിരുന്നു. അവനും ചാടും എന്ന്‌ പറഞ്ഞതിനാണ്‌ അവനെ ആള്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്‌.

എന്തായാലും ഇട്ടുതന്ന കയറില്‍ ഞാന്‍ പൊത്തിപിടിച്ച്‌ കയറാന്‍ഒരു ശ്രമം നടത്തി. കൈപത്തികള്‍ രണ്ടും പൊളിഞ്ഞ്‌ നാശമായതുകാരണം എനിക്ക്‌ കയറില്‍ തൊടാന്‍ പോലും സാധിക്കുമായിരു ന്നില്ല. എന്നാലും ഞാന്‍ മുറുകെ പിടിച്ച്‌ ദൌത്യത്തിലെ മോഹന്‍ലാലിനേപ്പോലെ കുറ്റിചെടി, പൊത്തുകള്‍ എന്നിവയില്‍ കാലിനു ഗ്രിപ്‌ കണ്ടെത്തി വലിഞ്ഞു ഒരു പത്തടി കയറി. അവശേഷിച്ച എനര്‍ജിയുംചോര്‍ന്നുപോയതിനാല്‍ ഷൂ എന്ന ശബ്ദത്തോടെ വീണ്ടും തഴേക്കു പതിച്ചു. വീഴുന്ന ശബ്ദം കേട്ട്‌ എല്ലാവരും വീണ്ടും സ്നേഹാന്വേഷണങ്ങള്‍ ആരംഭിച്ചു. എന്തു പറ്റിയെടാ? പേടിക്കെണ്ടാട്ട്രാ, ഞങ്ങള്‍ ഇവിടെയുണ്ട്ട്ട്ടാ, തല തിരിയുന്നുണ്ടോ മോനെ എക്സിട്രാ. ഇതില്‍ ഞങ്ങള്‍ ഇവിടെയുണ്ടെടാ എന്നു പറയുന്നവന്‍ ഇതിനിടെ ഒരായിരം തവണ അതു പറഞ്ഞിട്ടുണ്ടാകും. ജീവനോടെ കയറി ചെന്നാള്‍ അവനെ ഒന്നു അന്തസ്സായി തെറി പറയണം എന്ന്‌ ഞാന്‍ ഉറപ്പിച്ചു. ഞാന്‍ തല ചുറ്റിവീണ്‌ വെള്ളത്തില്‍ താണുപോയോ എന്നായിരുന്നു റെസ്ക്യൂ ടീമിന്റെ സന്ദേഹം. അങ്ങിനെ വന്നാല്‍ അറിയാനായി പെട്രോള്‍മാക്സിനുപുറമെ ഒരു പതിനഞ്ചു ടോര്‍ച്ചുകളും എന്റെ നേരെ ഫോക്കസ്‌ ചെയ്തിട്ടുണ്ടായിരുന്നു. (ഒരു കാര്യം പറയാന്‍ മറന്നു....... എന്റെ നെഞ്ചറ്റം വരെയേ അപ്പോള്‍ വെള്ളമുണ്ടായിരുന്നുള്ളൂ. കാരണം, അന്ന്‌ സന്ധ്യക്ക്‌ അവര്‍ മോട്ടോറടിച്ച്‌ പറമ്പ്‌ നനച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. പഴയ കാലത്തേ കിണറായതുകൊണ്ട്‌ വാവട്ടം വളരെ കൂടുതലായിരുന്നു. വെള്ളത്തിന്റെ അളവ്‌ വളരെ പതുക്കെ കൂടി കൂടി വരുന്നുണ്ടായിരുന്നു.)

അടിയന്തിരഘട്ടം വന്നാല്‍ ഇറങ്ങാനായി ഒരു മൂന്നംഗ മുങ്ങല്‍ വിദഗ്ദ്ധ സംഘം കരയില്‍ വാം അപ്പ്‌ തുടങ്ങിയിരുന്നു (ഇതെല്ലാം ഞാന്‍ ഈ അനുഭവക്കുറിപ്പെഴുതാനായി അസംഖ്യം ആളുകളെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അറിയാന്‍ സാധിച്ച വിവരങ്ങളാണ്‌.) അകത്തു നിന്ന്‌ എന്തായി തീരുമാനമെന്ന എന്റെ വേപഥു പൂണ്ട ചോദ്യത്തിന്‌ ഏണി എടുക്കാന്‍ ആളു പോയിട്ടുണ്ടെന്നും, യു ആര്‍ ഗോയിങ്ങ്‌ ടു ടേസ്റ്റ്‌ ദ സ്പിരിറ്റ്‌ ആഫ്‌ ഫ്രീഡം വിത്തിന്‍ മൊമെന്റ്സ്‌ എന്നും കാട്ടാളന്‍ മറുപടി പറഞ്ഞു. മുകളില്‍ ചേരിതിരിഞ്ഞ്‌, കിണറ്റിനകത്ത്‌ വങ്കിനുള്ളില്‍ ഏകദേശം ഒരു മുപ്പത്‌ വര്‍ഷം മുന്‍പ്‌ ഒരു കരിമൂര്‍ഖനെ കണ്ടിട്ടുണ്ടെന്നും ഇല്ലെന്നും, സങ്കുചിതന്റെ തലക്ക്‌ എന്തെങ്കിലും പരിക്കുകാണുമെന്നും ഇല്ലെന്നും വാദപ്രതിവാദങ്ങള്‍ ശക്തമായികൊണ്ടിരുന്നു.

ഇതിനിടയില്‍ പതിവുപോലെ കൃത്യസമയത്ത്‌ തന്നെ കരണ്ട്‌ തിരികെ വന്നു. നാടകഹോളില്‍ വച്ചിരുന്ന കാജാബീഡി, സിസ്സേര്‍സ്‌, വെറ്റില, അടയ്ക്ക എന്നിവ വച്ചിരുന്ന പാത്രം സൌകര്യാര്‍ത്ഥം കിണറ്റുകരയിലേക്ക്‌ മാറ്റപ്പെട്ടു. അപ്പോഴേക്കും ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഏണി (ബാംബൂ) എത്തിച്ചേര്‍ന്നു. അത്‌ പതുക്കെ പതുക്കെ കിണറ്റില്‍ കുത്തിനിറുത്തി. എങ്കിലും ഒരു രണ്ടടി കുറവുണ്ടായിരുന്നു. ജീവിതത്തില്‍ ഇന്നേവരെ ഒരു മരത്തില്‍ പത്തടി കയറിയാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ സ്റ്റക്ക്‌ ആയി പോകാറുള്ള ഞാന്‍ ജീവിക്കാനുള്ള കൊതി കാരണം കാര്‍ന്നോന്മാര്‍ക്ക്‌ 100 എണ്ണ നേര്‍ന്ന്‌ കയര്‍ കൈകളില്‍ ചുറ്റി, ഏണിയില്‍ പിടിച്ച്‌ ഒരു നാലു സ്റ്റെപ്പ്‌ വലിഞ്ഞുകയറി. താഴേക്കു നോക്കിയാല്‍ തല ചുറ്റി വീഴുമെന്നു നൂറ്റിപ്പത്ത്‌ ശതമാനവും ഉറപ്പുണ്ടായിരുന്ന ഞാന്‍ അരുതാത്തത്‌ ചെയ്യുവാന്‍ രക്തത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്ന വികാരം നിമിത്തം വെറുതെ താഴെ വെള്ളത്തിലേക്ക്‌ നോക്കി. ഇഞ്ച വള്ളികള്‍ക്കിടയിലൂടെ നോക്കിയ ഞാന്‍ ആ നടുക്കുന്ന കാഴ്ച്ച കണ്ടു! ഒരാഴ്ച്ച മുന്‍പ്‌ ഞാന്‍ സ്വന്തം കാശ്‌ കൊടുത്ത്‌ (അറുപത്‌ രൂപ) വാങ്ങിയ എന്റെ പ്രിയപ്പെട്ട ബാറ്റയുടെ ചെരുപ്പ്‌ വെള്ളത്തില്‍ പൊന്തി കിടക്കുന്നു. മറ്റൊന്നും ആലോചിച്ചില്ല താഴേക്ക്‌ കേറിയതിലും സ്പീഡില്‍ ഇറങ്ങി. മുകളില്‍ നിന്ന്‌ ഉദ്വേഗജനകമായ അന്വേഷണം വന്നു. അവന്‌ കേറാന്‍ പറ്റുന്നില്ല എന്നു കരുതി കിണറ്റില്‍ ചാടാന്‍ നിന്നിരുന്ന സന്നദ്ധഭടന്മാരെ ഇറക്കാന്‍ പരിപാടിയിട്ടു. ഞാന്‍ ഇറങ്ങിയത്‌ ചെരുപ്പെടുക്കാനാണെന്നും നത്തിങ്ങ്‌ ടൂ വറി എന്നും ഞാന്‍ വിളിച്ചുപറഞ്ഞു.

നാട്ടുകാരുടെ അടുത്ത ഡയലോഗോടു കൂടി പോട്ട എത്ര മാത്രം സോഷ്യലിസ്റ്റ്‌ ചിന്താഗതി വച്ചുപുലര്‍ത്തുന്നുവെന്നെനിക്ക്‌ മനസിലായി. പോട്ടയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്നവരില്‍ പ്രമുഖനായ കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റിലെ എഞ്ചിനീയറായ മേനോന്‍ ചേട്ടന്‍ മുതല്‍ യൂണിയന്‍കാരന്‍ ഇക്രു മാപ്ല ചേട്ടന്‍ വരെ ജാതി,മത,വര്‍ഗ്ഗ,രാഷ്ട്രീയ,പ്രവിശ്യാ വ്യത്യാസമില്ലാതെ മലയാളത്തിലെ ഏറ്റവും ഡോസ്‌ കൂടിയ തെറി ഉപയോഗിച്ചാണ്‌ എന്നെ ചീത്തവിളിച്ചത്‌. ചാവാണ്ട്‌ വേഗം കേറി വരാന്‍ നോക്കഡാ തെണ്ടി.. %* *......... അപ്പോഴാണ്‌ അവന്റെയൊരു ചെരുപ്പ്‌. ഇതായിരുന്നു എല്ലാവരുടെയും പക്ഷം. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. മുകളിലുള്ളവര്‍ കാണാതെ ഞാന്‍ വെള്ളത്തിനടിയിലേക്ക്‌ താഴ്ത്തി ചെരുപ്പ്‌ കയറിന്റെ അറ്റത്ത്‌ കെട്ടിയിട്ടു. മോന്‍ ഉദ്യോഗസ്ഥനായി, വലിയ മാഷാണ്‌ എന്ന്‌ മനപൂര്‍വം ഗൂഢാലോചനപരമായ നിഗമനങ്ങളില്‍ എത്തിചേര്‍ന്ന്‌ എനിക്കുള്ള ഡെയലി അലവന്‍സ്‌ മുതല്‍ കടയില്‍ പോയതിന്റെ ബാക്കി ആണ്ടുന്നതുവരെ വീട്ടുകാര്‍ നിര്‍ത്തലാക്കിയ വിവരം അവിടെയുള്ള മേനോന്‍ മുതല്‍ ഇക്രുവേട്ടന്‍ വരെ ഒരു സോഷ്യലിസ്റ്റുകാര്‍ക്കും അറിയുകയില്ലല്ലോ? വീണ്ടും കയറില്‍ ചുറ്റി ഏണിയില്‍ അള്ളി പിടിച്ച്‌ നാട്ടുകാര്‍ ചെരിപ്പ്‌ കേസില്‍ നല്‍കിയ തെറി നല്‍കിയ എനര്‍ജിയില്‍ പിന്നെ ഞാന്‍ ഒരു പിടിക്ക്‌ ഏന്തിവലിഞ്ഞ്‌ മേലോട്ടെത്തി. ഏണിയുടെ അറ്റമെത്തിയപ്പോഴേക്കും രണ്ടുപേര്‍ കമിഴ്ന്നു കിടന്ന്‌ എന്നെ വലിച്ച്‌ മേലെയെത്തിച്ചു.

(അവസാനിക്കുന്നില്ലാ.....)

Thanks to Viswettan for sending this in unicode and to visalan who was the real inspiration behind this story years ago.

6 comments:

Unknown said...

ഹ ഹ ഹ...
ചെരുപ്പെടുക്കാന്‍ ഇറങ്ങിയത് കണ്ട്, ഞാനും കരക്കിരുന്ന് നല്ല രണ്ട് തെറി വിളിച്ചതിന്റെ സുഖം.
out of syllabus
എവിടെ തിരിഞ്ഞ് നോക്കിയാലും അവിടെല്ലാം വിശ്വ-വിശാലന്മാര്‍.. :)

ശനിയന്‍ \OvO/ Shaniyan said...

ഹഹ! പാവം തവളയും ആമയും.. മര്യാദക്ക് ഉറങ്ങാനും സമ്മതിക്കില്ല ല്ലെ? ;)

കൊള്ളാം മാഷെ! ബാക്കി പോരട്ടേ...

കണ്ണൂസ്‌ said...

എനിക്ക്‌ വയ്യ!!!

ദൈവം ചിലരെ കിണറ്റില്‍ വീഴ്ത്തുന്നതും ഇങ്ങനെ ചില നല്ല ഉദ്ദേശങ്ങള്‍ വെചു കൊണ്ടായിരിക്കും, അല്ലേ?

Visala Manaskan said...

എത്രയോ തവണ ഇത് വായിച്ചിരിക്കുന്നു!
എന്നാലും വീണ്ടും വായിച്ചാല്‍ ചിരിവരും. അതാണ് സങ്കുചിതന്‍.

സങ്കുചിതനെ കണ്ടെത്തുവാന്‍ ഞാന് ഒരുപാട് കഷ്ടപ്പെട്ടു എന്നതിനാല്‍, പുതിയ പോസ്റ്റിങ്ങുകള്‍ എഴുതി ആ കടം വീട്ടേണ്ട ബാധ്യതയോട് സങ്കുചിതമായ മനസ്ഥിതി കാട്ടരുതെന്ന് താങ്കളോട് ഭീഷണിയുടെ സ്വരത്തില്‍ താഴമയോടെ ഞാന്‍ ആവശ്യപ്പെടുന്നു.

അരവിന്ദ് :: aravind said...

കൊള്ളാം സങ്കുചിതന്‍! പക്ഷേ സത്യമായിട്ടും ഇടക്കിടെ ചിരി വരുന്നുണ്ടെങ്കിലും ഞാന്‍ ഭയങ്കര ടെന്‍ഷനോടെയാണ് ഇത് വായിക്കുന്നത്. കിണറ്റില്‍ നെഞ്ചറ്റം, ആമയോടും പോക്രാച്ചിയോടും കൂടെ, കരിമൂര്‍ഖനെ പേടിച്ച് പൊളിഞ്ഞ കൈകളുമായി...എനിക്ക് കാലിന്റെ തുമ്പത്ത് ഒരു പെരുപെരുപ്പ്.

സ്വാര്‍ത്ഥന്‍ said...

സങ്കൂ
സോ ത്രില്ലിംഗ്...

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.