Thursday, January 04, 2007

ഒരു പക്ഷേ നിങ്ങള്‍ ഷൂട്ട്‌ ചെയ്യപ്പെടുകയായിരിക്കാം (കഥ)

2003 -ല്‍ എഴുതിയ കഥ. ഈ കഥയ്ക്കു ശേഷം ഞാന്‍ എന്റെ തൂലിക വലിച്ചറിഞ്ഞു. മാസാമാസം കൂടാറുള്ള അബുദാബിയിലെ ഒരു സാഹിത്യകൂട്ടായ്മയില്‍ എല്ലാവരും എന്റെ ഈ കഥയെ കടിച്ചുകീറി. അതായിരുന്നു തൂലിക വലിച്ചെറിയാന്‍ കാരണം. 2005-ല്‍ ഇത്‌ ദേശാഭിമാനി വാരികയ്ക്കയച്ചുകൊടുത്തു. പിന്നെ അത്‌ തിരിച്ചു വന്നില്ലെങ്കിലും പ്രസിദ്ധീകരിച്ചും കണ്ടില്ല. കഴിഞ്ഞ മാസം രാജേഷ ആര്‍ വര്‍മ്മ പറഞ്ഞാണറിയുന്നത്‌ ഇത്‌ കഴിഞ്ഞ മാര്‍ച്ചില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചെന്ന്. അതും ഇല്ലസ്റ്റ്രേഷന്‍ CHANS. ആനന്ദലബ്ദിക്കിനി എന്തു വേണം? ഞാന്‍ അബുദാബി വഴി പോയി എന്റെ വലിച്ചെറിഞ്ഞ തൂലിക തിരിച്ചെടുക്കാന്‍ പോകുന്നു. ബൂലോക കൂടപ്പിറപ്പുകളേ, ജാഗ്രതൈ!! -ഈ പോസ്റ്റ് രാജേഷ് വര്‍മ്മയ്ക്ക് സമര്‍പ്പിക്കുന്നു.
==============================

ഒരു പക്ഷേ നിങ്ങള്‍
ഷൂട്ട്‌ ചെയ്യപ്പെടുകയായിരിക്കാം


അന്നത്തെ അവസാനസീനും ഒപ്പിയെടുത്തുക്കൊണ്ടിരിക്കുമ്പോള്‍ സൂര്യനെ കടല്‍ കറുത്തതിരശീലയ്ക്കുള്ളിലേക്ക്‌ വലിച്ചെടുത്തു. അതോടെ ദുബായ്‌ നഗരത്തിലെ പാതകളെല്ലാം ഗ്ലോബല്‍ വില്ലേജിലേക്ക്‌ തലകള്‍ തിരിച്ചു കിടന്നു. നിയോണ്‍ വിളക്കുകള്‍ സൂര്യന്റെ തിരോധാനത്തെ അഹങ്കാരത്തോടെ ആഘോഷിച്ചു തുടങ്ങി. നഗരം ഒരു നീണ്ട വ്യാഴപ്പകലിന്റെ ചവര്‍പ്പ്‌ ഊതിക്കളഞ്ഞു.

കുറച്ചു ദിവസമായി ഷോപിംഗ്‌ ഫെസ്റ്റിവലിന്‌ മതിയായ ഒരു മലയാളപദം കിട്ടാതെ തപ്പിത്തടയുകയായിരുന്നു സെബാസ്റ്റ്യന്‍. ഈയിടെയായി വാക്കുകളെ മലയാളീകരിക്കുക അയാള്‍ക്കൊരു ഹോബിയാണ്‌. പലപേരുകളും ഓര്‍ത്തോര്‍ത്ത്‌ അവസാനം വാങ്ങലാഘോഷം എന്ന ലളിതമായ വാക്കാണ്‌ ഏറ്റവും ഉചിതമെന്ന്‌ അയാള്‍ തീരുമാനിച്ചു.



പുതിയ വാക്കിന്റെ ജനനത്തെ സിഗററ്റ്‌ കത്തിച്ചുകൊണ്ട്‌ സ്വാഗതം ചെയ്യാനായിരുന്നു സെബാസ്റ്റ്യന്‌ തോന്നിയത്‌. ഒരു വലിയ കവിള്‍ പുക മുഖത്തേക്ക്‌ വീശിയടിക്കുന്ന നേര്‍ത്ത ശീതക്കാറ്റിലേക്ക്‌ ചാട്ടുളി പോലെ അയാള്‍ കടത്തിവിട്ടു. കാറ്റിന്റെ ദുര്‍ബലമായ പ്രതിരോധം പുകയുടെ അറ്റത്ത്‌ ചെറിയ വേരുകള്‍ പടര്‍ത്തുത്‌ ആസ്വദിക്കുമ്പോള്‍ നാല്‍പത്തെട്ട്‌ വര്‍ഷം പഴക്കമുള്ള ഹൃദയഭിത്തികളില്‍ നേര്‍ത്തമുരളലോടെ കഫം മാറാലകള്‍ തീര്‍ക്കുന്നത്‌ അയാളറിഞ്ഞു. കയ്യില്‍ കരുതിയിരുന്ന ഒരു ടര്‍ക്കി ടവ്വല്‍ കൊണ്ട്‌ മുടിയും, ചെവികളും, കീഴ്ത്താടിയും മഞ്ഞില്‍ നിന്ന്‌ ഒളിപ്പിച്ചു. ഈ വേഷത്തില്‍ മേരി പോലും തന്നെ തിരിച്ചറിഞ്ഞേക്കില്ലെന്ന്‌ അയാള്‍ ഓര്‍ത്തു.

അറബിക്കടലിനു മുകളില്‍ക്കൂടിയുള്ള വിമാനയാത്രയാണ്‌ ചിത്രകാരനും ചുമരില്‍ കുമ്മായം പൂശുന്നവനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുതെന്ന്‌ സെബാസ്റ്റ്യന്‍ പതിനേഴു കൊല്ലമായി ഉറച്ചുവിശ്വസിക്കുന്നു. ഓരോ ചുമരും പുതിയൊരു ക്യാന്‍വാസായി കരുതാനാണ്‌ അയാള്‍ക്കിഷ്ടം.

ഭൂതകാലത്തിന്റെ ആല്‍ബത്തിലെ നിറം മങ്ങിപ്പോയ ചില പേജുകളില്‍ സെബാസ്റ്റ്യന്‍ എന്ന ചിത്രകാരന്‍ ഉണ്ടായിരിക്കും. തെരുവു നാടകങ്ങളും, കവിയരങ്ങുകളും, ചിത്രകലാ ക്യാമ്പുകളും ഉള്‍പ്പെടു ചില ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രങ്ങളില്‍. നാളെ തീര്‍ച്ചയായും അതില്‍ ഇടം കണ്ടെത്തേണ്ട ഓന്നണ്‌ ദുബായ്‌ നഗരത്തില്‍ സന്ധ്യകളില്‍ ചൂടന്‍ കപ്പലണ്ടി വില്‍ക്കുന്ന സെബാസ്റ്റ്യന്റെ ചിത്രം. അങ്ങനെയൊരു ചിത്രം സംഭാവന ചെയ്തതിന്‌ നാട്ടില്‍ നഗരത്തിനോട്‌ ചേര്‍ന്ന്‌ അയാള്‍ സ്വന്തമാക്കിയ ഭേദമല്ലാത്ത ഒരു വീടിനോട്‌ ആ ആല്‍ബം കടപ്പെട്ടിരിക്കും.

ഒരു ചെറിയ സഞ്ചി മാത്രം മതി. മുക്കാല്‍ പങ്കോളം ലാഭം. തിരക്കേറിയ പാര്‍ക്കിന്റെ മതിലിനോട്‌ ചേര്‍ന്ന്‌ പുറത്തേക്ക്‌ ചാഞ്ഞുനിന്നിരുന്ന ചെടിയുടെ കീഴെ കമ്പിയഴികളില്‍ ചാരി വെറുതേ ഇരുന്നാല്‍ മതി. മുമ്പില്‍ സഞ്ചിയും അതില്‍ നിറയെ കുമ്പിള്‍ കുത്തിയ കടലാസില്‍ കപ്പലണ്ടിയും. എട്ടു മണിക്കൂര്‍ പെയിന്റ്‌ ചെയ്യുന്നതിന്‌ കമ്പനി നല്‍കുന്ന ശമ്പളത്തേക്കാള്‍ വളരെ കൂടുതല്‍ ആയിരുന്നു ഈ കച്ചവടത്തില്‍ നിന്ന്‌ കിട്ടിയിരുന്നത്‌.

എന്നെങ്കിലും ചിത്രംവര പുനരാരംഭിക്കണമെന്നും അന്ന്‌ കപ്പലണ്ടിക്കാരന്റെ കാഴ്ചകള്‍ എന്ന ഒരു സീരിസ്‌ രചിക്കണമെന്നും അയാള്‍ വിചാരിക്കാറുണ്ടായിരുന്നു. എല്ലാ ഗള്‍ഫ്‌ മലയാളികളുടെയും മുഖങ്ങളെ എന്തോ ഒരു ഭാവം കൂട്ടി യോജിപ്പിക്കുന്നുണ്ടെന്ന്‌ അയാള്‍ കപ്പലണ്ടി വില്‍പ്പനയ്ക്കിടയിലെ നിരീക്ഷണങ്ങളില്‍ നിന്ന്‌ മനസിലാക്കി. തന്റെ കണ്ടുപിടുത്തമായ ആ ഭാവത്തിന്‌ മലയാളത്തില്‍ ഒരു പേരിടണമ്മെന്ന്‌ അയാള്‍ തീരുമാനിച്ചിട്ടുണ്ട്‌. ഒരേ സ്ഥലത്തുള്ള ഇരുപ്പില്‍ നിന്ന്‌ ലഭിക്കുന്ന കാഴ്ചകള്‍ വിരസമായപ്പോഴായിരുന്നു ഗ്ലോബല്‍ വില്ലേജിനു മുന്‍വശത്തേക്ക്‌ കച്ചവടം മാറ്റാന്‍ അയാള്‍ നിശ്ചയിച്ചത്‌. പരിചയക്കാരെ കണ്ടുമുട്ടാം എന്ന അപകടസാധ്യത അവഗണിക്കാന്‍ കാരണം കച്ചവടത്തിലുണ്ടായ മൂന്നിരട്ടി വര്‍ദ്ധനയും, പിന്നെ ടര്‍ക്കി ടവല്‍ നല്‍കു സുരക്ഷിത്വവുമായിരുന്നു.

സാധാരണ വ്യാഴാഴ്ച സായാഹ്നങ്ങള്‍ സെബാസ്റ്റ്യന്‌ അഹ്ലാദകരമാണ്‌. ഇരട്ടി കച്ചവടം നടക്കും. ഇന്നാകട്ടെ അയാള്‍ പതിവിലും ഉന്മേഷവാനാണ്‌. കാരണം നാളെയാണ്‌ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മേരിയെ അടുത്തു കാണാന്‍ കിട്ടുന്ന അവസരം. ഒന്നുരണ്ടാഴ്ച മുമ്പ്‌ പതിവു വെള്ളിയാഴ്ച വിളിക്കിടെ അതീവ സന്തോഷത്തിലായിരുന്നു മേരി അയാളെ അറിയിച്ചത്‌. മലയാളം ചാനലിലെ ഗള്‍ഫുകാരുടെ ഭാര്യമാരെ പറ്റിയുള്ള പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പറ്റിയെന്ന്‌. നിസാരക്കാര്യമൊന്നുമല്ല പോലും. അടുത്ത വീട്ടിലെ പുതിയ താമസക്കാരന്‍ ഇതിന്റെ ക്യാമറാമാന്‍ ആണ്‌. അയാളുടെ ഭാര്യ റെക്കമന്റ്‌ ചെയ്തിട്ടാണ്‌.... ഇന്ന്‌ പതിവില്ലാത്ത വിധം മേരി അയാളെ ഇങ്ങോട്ട്‌ വിളിച്ചു; നാളെ രാവിലെ പത്തരക്കാണ്‌ പ്രോഗ്രാം. കാണാതിരിക്കരുത്‌.

വെള്ളിയാഴ്ച നഗരം ഉണരുക വളരെ വൈകിയാണ്‌. അലാറം വച്ച്‌ കൃത്യമായി ഉണരുകയായിരുന്നു സെബാസ്റ്റ്യന്‍. മുറിയിലെ മറ്റു മൂന്നുപേരും സെബാസ്റ്റ്യന്റെ ഭാര്യയെ ടി.വി യില്‍ കാണുതിനായി മാത്രം അത്തെ ഉറക്കം പത്ത്‌ മണിക്ക്‌ ഉപേക്ഷിച്ചു. രണ്ടു തലയിണ കട്ടിലിന്റെ തലക്കല്‍ വച്ച്‌ അതില്‍ ചാരി സുലൈമാനിയുമായി ചുരുണ്ടിരുന്ന്‌ സെബാസ്റ്റ്യന്‍ റിമോട്ട്‌ ഞെക്കി. പതിവിനു വിപരീതമായി റിമോട്ട്‌ കണ്ട്രോള്‍ കയ്യില്‍ കിട്ടിയതിന്റേതായ തലയെടുപ്പ്‌ അയാള്‍ക്കുണ്ടായിരുന്നു അപ്പോള്‍. മുറിയിലെ അഞ്ചാമനായ മലയാളി ഇലെ രാത്രി തിരികെ വരാത്തതില്‍ അയാള്‍ ദു:ഖിച്ചു. മലയാളം അറിയില്ലെങ്കിലും മറ്റു മൂന്നുപേരും സ്ക്രീനില്‍ തുറിച്ചു നോക്കിയിരുന്നു.

ആരുമില്ലാതെ ആടുന്ന ഒരു ചൂരല്‍ക്കസേരയുടെ ക്ലോസപ്പ്‌ ദൃശ്യത്തില്‍ നിന്ന്‌ വളരെ പതുക്കെ പിറകോട്ട്‌ പോകുന്ന ക്യാമറ. അത്‌ തന്റെ കാര്‍പോര്‍ച്ചില്‍ തൂക്കിയിട്ടിരു കസേരയാണെന്ന്‌ സെബാസ്റ്റ്യന്‌ വീട്‌ മൊത്തം ഫ്രെയിമില്‍ വരുതിന്‌ മുമ്പേ മനസിലായി. കസേരയിലിരിക്കുന്ന തലയിണയ്ക്കുള്ളില്‍ മേരി കുത്തിനിറച്ചിരിക്കുന്നത്‌ മകളുടെ പാകമാവാതെ ഉപേക്ഷിക്കുന്ന ഉടുപ്പുകളായിരുന്നുവെന്ന്‌ അയാളോര്‍ത്തു. കാര്‍പോര്‍ച്ചിന്റെ പിന്‍ചുമരില്‍ വരയ്ക്കണമെന്ന്‌ നിശ്ചയിച്ചിരുന്ന (കഴിഞ്ഞ രണ്ടവധിക്കാലത്തും സാധിക്കാതെ പോയ) മഞ്ഞുമലകളുടെ ചിത്രം ഉണ്ടായിരുന്നെങ്കില്‍ ഈ ഷോട്ട്‌ അതിമനോഹരമായിരുന്നേനെ എയാള്‍ക്ക്‌ തോന്നി.

എത്ര ഭംഗിയായാണ്‌ മേരി പൂന്തോട്ടം അലങ്കരിച്ചിരിക്കുന്നതെന്ന്‌ സെബാസ്റ്റ്യന്‍ അത്ഭുതപ്പെട്ടു. അവള്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്ന ഒരു ചെറിയ താമരക്കുളം ഇതിനു നന്നേ ചേരും.

ക്യാമറയ്ക്ക്‌ വേണ്ടി എന്ന്‌ ഒറ്റനോട്ടത്തില്‍ മനസിലാകുന്ന വിധത്തില്‍ വാട്ടര്‍ ഹോസ്‌ ഉപയോഗിച്ച്‌ ചെടിനനയ്ക്കുന്ന മേരി. നോട്ടം പലപ്പോഴും പാളി ക്യാമറയിലേക്ക്‌ വീഴുന്നുണ്ടായിരുന്നു. പിന്നെ മേരിയുടെ മുഖം മാത്രം സ്ക്രീനില്‍. മുഖത്ത്‌ തീര്‍ത്തിരുന്ന മേക്കപ്പിന്റെ ആവരണം ഭേദിച്ച്‌ അല്‍പം വിയര്‍പ്പുതുള്ളികള്‍ നെറ്റിയില്‍ കൊച്ചുകൊച്ചു കുമിളകള്‍ പോലെ നിന്നിരുന്നു.

സ്വയമറിയാതെ അല്‍പം ഉറക്കെത്തന്നെ മേരി എന്ന്‌ പറഞ്ഞുകൊണ്ട്‌ സെബാസ്റ്റ്യന്‍ റിമോട്ട്‌ നീട്ടി ശബ്ദം അല്‍പം കൂട്ടി. കൂട്ടുകാര്‍ മൂന്നു പേരും കട്ടിലില്‍ ഒന്നിളകി കണ്ണുകള്‍ ടി.വി സ്ക്രീനിലേക്ക്‌ ഫോക്കസ്‌ ചെയ്തു. അവര്‍ തമ്മില്‍ ഹിന്ദിയില്‍, സെബാസ്റ്റ്യന്‍ നാട്ടിലെ ഷെയ്ക്കാണല്ലോ എന്നുപറഞ്ഞതോ, ഇത്‌ തന്റെ ഭാര്യയോ അതോ മകളോ എന്ന്‌ തമാശ ചോദിച്ചതോ അയാള്‍ അല്‍പം പോലും കേട്ടില്ല.

ശബ്ദം മാത്രം സാന്നിദ്ധ്യമായുള്ള ഒരു ചോദ്യത്തിന്‌ ഉത്തരമായി, ക്യാമറയുടെ മുന്നില്‍ ഒരു സാധാരണ വീട്ടമ്മയ്ക്കുണ്ടാകാവു പരിഭ്രമമെല്ലാം പെട്ടന്ന്‌ തന്നെ തരണം ചെയ്ത്‌, സെബാസ്റ്റ്യന്‍ പരസ്യപലകള്‍ എഴുതി നടന്നിരുന്നതും, എണ്‍പതിനായിരം രൂപ കൊടുത്ത്‌ ദുബായിലേക്ക്‌ കടതും, അന്ന്‌ ബിന്‍സി മോള്‍ക്ക്‌ പ്രായം മൂന്ന്‌ വയസ്സായിരുന്നുവെന്നതും ഒറ്റശ്വാസത്തില്‍ മേരി പറഞ്ഞുതീര്‍ത്തു.

ബിന്‍സിമോളെ സ്കൂളില്‍ ചേര്‍ത്ത കൊല്ലം മുതല്‍ വാടകവീട്ടിലേക്ക്‌ താമസം മാറ്റി. അവളെ എട്ടാം ക്ലാസില്‍ നഗരത്തിലെ സ്കൂളിലേക്ക്‌ മാറ്റിയപ്പോള്‍ ഇവിടെ വീട്‌ വാങ്ങാന്‍ പ്ലാനിട്ടു. മോള്‍ക്ക്‌ പത്താം ക്ലാസില്‍ പതിനാലാം റാങ്ക്‌ കിട്ടിയ മാസം തന്നെ ഈ വീട്‌ വാങ്ങി.

മേരി അഭിമാനത്തോടെ വീടിനെ നോക്കി. ഒപ്പം ക്യാമറയും.

ഫ്രെയിമില്‍ നിറഞ്ഞുനില്‍ക്കുന്ന അരൂപിയായ ശബ്ദത്തിന്റെ സാന്നിദ്ധ്യത്തിനായിരുന്നു മേരിയുടെ ഭാവങ്ങളുടെ നിയന്ത്രണം. ബന്ധുക്കളില്‍ നിന്നകന്ന് പട്ടണത്തില്‍ അമ്മയും മോളും തനിയെ താമസിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ലേ? ടെലിഫോണ്‍ ബില്ല്, കരന്റ്‌ ബില്ല്, ബാങ്കില്‍ പോക്ക്‌ ഇവയൊക്കെ മേരി തനിച്ചാണോ കൈകാര്യം ചെയ്യുന്നത്‌?....

ക്യാമറാമാന്റെ തോളിലിരുന്ന് ആടുന്ന ക്യാമറ ഇടയ്ക്കിടയ്ക്ക്‌ ഫ്രെയിമിന്റെ മൂലയിലേക്ക്‌ വലിച്ചെടുക്കുന്ന പൂക്കളില്ലാത്ത റോസാച്ചെടിയുടെ ഭാഗങ്ങള്‍ സെബാസ്റ്റ്യനെ അലോസരപ്പെടുത്തി. മേരിയുടെ പുറകില്‍ക്കൂടി ഒരു കൈനറ്റിക്ക്‌ ഹോണ്ടയും ഓടിച്ചുകൊണ്ട്‌ ബിന്‍സി മിന്നിമറിഞ്ഞു. കൂട്ടുകാരോട്‌ അല്‍പം ഉറക്കെത്തന്നെ ഹിന്ദിയില്‍ പറഞ്ഞു സെബാസ്റ്റ്യന്‍: അതാ മോള്‌!

മകളെ ഒരു വട്ടം കൂടി കാണുവാന്‍ പറ്റുമോ എന്ന് അല്‍പം ഏന്തിവലിഞ്ഞ്‌ സ്ക്രീനിന്റെ മൂല പരതുമ്പോള്‍ ബിന്‍സി സിറ്റൌട്ടില്‍ വന്ന് കൈവരികളില്‍ പിടിച്ച്‌ നിന്നു. ആരോടോ ആംഗ്യഭാഷയില്‍ എന്തോ ചോദിക്കുന്നത്‌ കാണാമായിരുന്നു. (മേരിയുടെ പുറകില്‍ക്കൂടി തന്നെയുള്ള അ സ്കൂട്ടാര്‍ ഓടിക്കലും പറഞ്ഞുപഠിപ്പിച്ചിരുന്ന കാര്യം സെബാസ്റ്റ്യനറിയില്ലായിരുന്നു.)

കല്യാണം കഴിക്കുമ്പോഴുള്ള മേരിയാണല്ലോ സിറ്റൌട്ടില്‍ നില്‍ക്കുന്നതെന്ന് വല്ലാതെ അത്ഭുതപ്പെടുകയായിരുന്നു സെബസ്റ്റ്യന്‍.

ഭര്‍ത്താവിന്റെ അടുത്ത്‌ അങ്ങു പോയി താമസിച്ചുകൂടെ എന്നായിരുന്നു അരൂപിയുടെ അടുത്ത ചോദ്യം. കൊണ്ടു പോകാനൊക്കെ പറ്റും, പക്ഷേ ചേട്ടന്‌ എപ്പോഴും ദൂരെയൊക്കെ ആയിരിക്കും ജോലി. അപ്പോഴൊക്കെ ഒറ്റയ്ക്ക്‌ കഴിയേണ്ടി വരും. പിന്നെ മോള്‌ നല്ലോണം പഠിക്കും. ഞങ്ങള്‍ക്ക്‌ പ്രധാനം അവരുടെ വിദ്യാഭ്യാസമാണ്‌. അതോണ്ട്‌ ഇതു വരെ അങ്ങോട്ട്‌ പോയിട്ടില്ല.മകളുടെ ഭാവിയോര്‍ത്ത്‌ അത്‌ വേണ്ടെന്ന് വച്ചു എന്ന മറുപടി കേട്ട്‌ കൂട്ടുകാരുടെ ഭാഗത്തേക്ക്‌ സെബാസ്റ്റ്യന്‍ പാളി നോക്കി.

വലിയ വലിയ അറബികളുടെ വീടിനകത്ത്‌ ചുമരില്‍ നല്ല ചിത്രങ്ങള്‍ വേണം. അത്‌ വരച്ചുകൊടുക്കുകയാണ്‌ ചേട്ടന്റെ ജോലി. ജോലി സ്ഥലത്തേക്ക്‌ പോകാനും തിരിച്ചുകൊണ്ടുവരാനും വണ്ടിയും ഡ്രൈവറേയും കൊടുത്തിട്ടുണ്ട്‌. (ഒരു സെക്കന്റ്‌ വൈകിയാല്‍ തെറി പറയുന്ന പഠാണിയുടേ ലോറിയുടെ പിറകിലുറപ്പിച്ച മരബെഞ്ചില്‍ മരവിച്ച മുഖം മാത്രമുള്ള സഹപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ പെയിന്റ്‌ ബ്രഷുമായി സൈറ്റിലേക്ക്‌ പോകുന്ന കാര്യമോര്‍ത്ത്‌ മേരിയോട്‌ താന്‍ പറഞ്ഞതില്‍ ഒട്ടും നുണയില്ല എന്ന് അയാള്‍ സമാധാനിച്ചു: ഒറ്റക്കളര്‍ ചിത്രങ്ങള്‍ തന്നെയല്ലേ ചുമരുകള്‍?)

സിറ്റൌട്ടില്‍ നില്‍ക്കുന്ന ബിന്‍സി മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌ കൂടിക്കുന്നത്‌ കണ്ടപ്പോള്‍ അയാള്‍ ക്കും ദാഹിച്ചു. കട്ടിലിനു താഴെ മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിറച്ചു വച്ച പൈപ്പുവെള്ളമെടുത്ത്‌ അയാള്‍ കുടിച്ചു. അതേ സമയം ടി.വിയില്‍ നേപ്പാളിലെ മെഡിക്കല്‍ കോളേജിലേക്ക്‌ മക്കളെ അയക്കാന്‍ ആഹ്വാനം മുഴക്കിയ പരസ്യം മേരിയെ തൂത്തുകളഞ്ഞ്‌ മറ്റൊരു ഗള്‍ഫ്‌ ഭാര്യയെ സ്ക്രീനില്‍ കൊണ്ടുവന്നു.

പ്രോഗ്രാം കഴിഞ്ഞാല്‍ ഉടനെ വിളിക്കണമെന്ന് മേരി പറഞ്ഞ കാര്യമോര്‍ത്ത്‌ അയാള്‍ കിടന്നുകൊണ്ടു തന്നെ ഫോണെടുത്തു. ലൈന്‍ കിട്ടുന്നുണ്ടായിരുന്നില്ല. അല്‍പം കഴിഞ്ഞ്‌ വീണ്ടു ശ്രമിക്കാം എന്നു കരുതി അയാള്‍ തലയിണ താഴ്ത്തി കഴുത്തു വരെ ബ്ലാങ്കറ്റ്‌ മൂടി നീണ്ടു നിവര്‍ ന്നു കിടന്നു. ടിവിയുടെ ശബ്ദം ഓഫ്‌ ചെയ്തു.

രണ്ടു വട്ടം നാട്ടില്‍ പോയപ്പോള്‍ താമസിച്ചതായിരുന്നു അയാള്‍ ആ വീട്ടിലെങ്കിലും, ക്യാമറ ഒപ്പിയെടുത്തപ്പോള്‍ പൂന്തോട്ടത്തിനുള്ളില്‍ ഒരു കൊച്ചു കൊട്ടാരമായി കാണപ്പെട്ടത്‌ എന്തുകൊണ്ടാണെന്നറിയില്ല അയാളില്‍ ചെറിയ ഭീതിയുണര്‍ത്തി. കണ്ണുകള്‍ കാണുമ്പോള്‍ ക്യാമറ കണ്ടെത്തുകയാണ്‌ ചെയ്യുന്നതെന്ന് പണ്ടേതോ ശില്‍പശാലയില്‍ ആരോ പ്രസംഗിച്ചതയാള്‍ക്കോര്‍മ്മ വന്നു. ഒരു പാറക്കഷണത്തിലെ ചില അനാവശ്യ ഭാഗങ്ങള്‍ ഒരു ശില്‍പി ചുരണ്ടിക്കളയുമ്പോള്‍ ശില്‍പമുണ്ടാകുന്നതു പോലെ കണ്ണുകള്‍ കാണുന്നതില്‍ നിന്ന് ചിലഭാഗങ്ങള്‍ ചുരണ്ടിക്കളയുകയാണ്‌ ക്യാമറ ചെയ്യുന്നതെന്ന് അയാള്‍ക്ക്‌ മനസിലായി. കണ്ണുകളില്‍ കനം വന്ന് മൂടി.

എന്തോ അയാള്‍ക്ക്‌ പെട്ടന്ന് നാട്ടില്‍ പോകണമെന്ന് തോന്നി.

പതിവിലും അല്‍പം തണുപ്പുകൂടിയ രാത്രിയായിരുന്നു അത്‌. മരുഭൂമിയിലെങ്ങോ മഴ പെയ്യുന്നുണ്ടെന്ന് അയാള്‍ക്ക്‌ തോന്നി. വാങ്ങലാഘോഷം എന്നതിനേക്കാള്‍ വില്‍ക്കലാഘോഷം എന്ന വാക്കല്ലേ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌ ചേരുക എന്ന് അയാള്‍ ചിന്തിച്ചു. നല്ല കച്ചവടം ഉള്ള ദിവസമായിരുന്നു. ഗ്ലോബല്‍ വില്ലേജിന്റെ കവാടത്തിലെ നീണ്ട നാവ്‌ പോലെ സന്ദര്‍ശകരുടെ ഒഴുക്ക്‌. പാര്‍ക്കിംഗ്‌ ഏരിയയില്‍ നിന്ന് കവാടത്തിലേക്കുള്ള നീണ്ട വഴിയില്‍ വാടകയ്ക്ക്‌ ഓടുന്ന സൈക്കിള്‍ റിക്ഷകള്‍ ഈ സ്ഥലത്തിന്‌ ഒരു ഇന്ത്യന്‍ നഗരത്തിന്റെ ഛായ നല്‍കി.

വടക്കുവശത്തായി ആകാശത്ത്‌ മിന്നല്‍പ്പിണരുകള്‍ നൈമിഷികമായ നമ്പൂതിരി ചിത്രങ്ങള്‍ വരയ്ക്കുന്നത്‌ അസൂയയോടെ നോക്കിയിരിക്കുകയായിരുന്നു സെബാസ്റ്റ്യന്‍ ഒരു ആരവം കേട്ടാണ്‌ ഞെട്ടി മുന്നോട്ട്‌ നോക്കിയത്‌.

ഒരു മൈക്കും പിടിച്ച്‌ ഓടി അടുത്തേക്ക്‌ വരുന്ന ഇറുകിയ ബനിയനും ബെല്‍ബോട്ടം ജീന്‍സുമിട്ട ഒരു പെണ്‍കുട്ടി. ചെറിയ ലൈറ്റ്‌ പിടിപ്പിച്ച ക്യാമറയുമായി ഒരാള്‍, കൂടെ വേറെ നാലു പേരും. മലയാളം പോലെ എന്ന് സെബാസ്റ്റ്യന്‌ തോന്നിപ്പിച്ച ഒരു ശബ്ദത്തില്‍ വളരെ ഉറക്കെ ആ പെണ്‍കുട്ടി ചോദിച്ചു.

ഹായ്‌ അങ്കിള്‍! ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ അടിപൊളിയല്ലേ.....?

ആരാണ്‌ ഇവരെന്നോ എന്താണ്‌ സംഭവിക്കുന്നതെന്നോ മനസിലാക്കുന്നതിന്‌ മുമ്പേ പെണ്‍കുട്ടി വീണ്ടും....

ആ താലിബാന്‍ കെട്ട്‌ ഒന്നഴിക്കാമോ?പെട്ടന്നുതന്നെ അയാള്‍ മുഖം മറച്ചിരുന്ന തുണി അഴിച്ചു പിടിച്ചു.

ക്യാമറ അയാളുടെ മുഖത്തെ ലൈറ്റടിച്ചു വെളുപ്പിച്ചുകൊണ്ട്‌ കോപിഷ്ടനായ യജമാനനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി.

എന്താ പേര്‌?

മൂക്കിന്‌ നേരെ നീണ്ടുവന്ന മൈക്കയോട്‌ അയാള്‍ പറഞ്ഞു:സെബാസ്റ്റ്യന്‍.

മുന്നിലിരിക്കുന്ന സഞ്ചിയിലേക്ക്‌ ആ പെണ്‍ കുട്ടിയോടൊപ്പം ക്യാമറയും നോക്കി.

ഹാ.....യ്‌ യു ആര്‍ ഡൂയിംഗ്‌ ബിസിനെസ്സ്‌!!!

വള്‍ ചിരിച്ചു കൊണ്ട്‌ അലറുന്ന സ്വരത്തില്‍ പറഞ്ഞ്‌ ഒരു പൊതിയെടുത്തു. കുറച്ച്‌ കപ്പലണ്ടി വായിലിട്ട്‌ മനോഹരമായി നാലുതവണ ചവച്ച്‌ ഇടതു കയ്യിന്റെ തള്ളാ വിരല്‍ മുകളിലേക്കുയര്‍ത്തി സൂ....പ്പര്‍ എന്ന സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. ക്യാമറ തന്റെ നെഞ്ചിന്‌ നേരെ തിരിഞ്ഞപ്പോള്‍ സെബാസ്റ്റ്യന്‍ എന്തിനെറിയാതെ നെഞ്ചിലെ ചെറിയ വളവ്‌ മാറ്റി നേരെ നിന്നു.

അങ്കിള്‍, പെണ്‍കുട്ടി പറഞ്ഞു: ഞങ്ങള്‍ -ചാനലില്‍ നിന്ന് വരുന്നു. ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌ വരുന്ന മലയാളികളില്‍ നിന്ന് നിമിഷ കവികളെ കണ്ടുപിടിക്കലാണ്‌ ഞങ്ങളുടെ ജോലി. അങ്കിളിനോു വിഷയം തരാം.....

സബ്ജക്ട്‌...ഊ ഊ ഊം.....നെറ്റിചുളിച്ചുകൊണ്ട്‌ അവള്‍ ചുറ്റും നോക്കി.യെസ്‌... കപ്പലണ്ടി.......വേഗം വേണം. ഫോര്‍ ലൈന്‍ എബൌട്ട്‌ യുവര്‍ സെല്ലിംഗ്‌ ഐറ്റം...കപ്പലണ്ടി... ഓക്കെ?

ആദ്യമുണ്ടായ അമ്പരപ്പ്‌ മാറി താനും ഷൂട്ട്‌ ചെയ്യപ്പെടുകയാണ്‌ എന്നത്‌ അയാള്‍ക്ക്‌ സന്തോഷത്തിനും അത്ഭുതത്തിനും ഇടയിലുള്ള എന്തോ ഒരു വികാരം സമ്മാനിച്ചു.

ക്യാമറയുടെ തീഷ്ണ നോട്ടം നേരിടാനാകാതെ മൈക്കിലേക്ക്‌ നോക്കി, സെബാസ്റ്റ്യന്‍ ഉറക്കെ ചൊല്ലി.

കാല്‍പ്പൂഴും മണല്‍ വറവു ചട്ടി*
അടിയില്‍ അണയാത്ത തീ
വിരലിടയില്‍ ഞെരിഞ്ഞാല്‍
‍തൊലിപോകും വരെ മൊരിയും
ദേഹവും മനവും..

ഹിയ്യാ.... ഫന്റാസ്റ്റിക്‌... അങ്കിള്‍ അടിപൊളി... താങ്ക്യു അങ്കിള്‍....
പെണ്‍കുട്ടി വീണ്ടും അലറിക്കൊണ്ട്‌ അയാളുടെ കൈ പിടിച്ച്‌ കുലുക്കി. എത്രയോ കിലോമീറ്റര്‍ പ്രകാശത്തെ വിക്ഷേപിക്കുന്ന അമൂല്യസമ്മാനമെന്ന് വിശേഷിപ്പിച്ച്‌ ഒരു പൊതി അയാള്‍ക്ക്‌ നല്‍കിയിട്ട്‌ ആ സംഘം ആരവത്തോടെ മറ്റാരുടേയോ അടുത്തേക്കോടി.

ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ പ്രോഗ്രാമുകള്‍ എല്ലാ ചാനലിലും വിടാതെ കാണുന്ന മേരിക്ക്‌ മുന്നില്‍ താന്‍ പബ്ലിക്‌ റോട്ടിലെ ചുമര്‍ച്ചിത്രമായി മാറിക്കഴിഞ്ഞെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ അയാള്‍ തുടര്‍ച്ചയായി ഞെട്ടി. ഞെട്ടലില്‍ കിടക്കയില്‍ നിന്ന് തല ഉയര്‍ത്തിയ സെബാസ്റ്റ്യന്‍ പലനിറത്തിലുള്ള പെയിന്റിന്റെ അവശിഷ്ടങ്ങള്‍ വീണ്‌ സ്വന്തം നിറം നഷ്ടപ്പെട്ട, ഹാംഗറില്‍ തൂങ്ങുന്ന തന്റെ കവറോള്‍ ആണ്‌ കണ്ടത്‌.

ഒരു കബന്ധം പോലെ അത്‌ വായുവില്‍ തൂങ്ങിനിന്നു.

ടി.വി അപ്പോഴും ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
----------------------------
* ടി. പി അനിക്കുമാറിന്റെ 'ഒഴിവുകാലം' എന്ന കവിതയിലെ നാലുവരി. കലാകൌമുദി, ലക്കം 1457. അനിലിന്റെ ബ്ലോഗ്‌ ചങ്ങാടം.

Thursday, December 28, 2006

വീഞ്ഞുഭരണി പൊട്ടിച്ചപ്പോള്‍.....


പുറകില്‍ കാണുന്നത്‌ കാലിയായ ഭരണി. മുന്‍ വശത്തുകാണുന്ന വലിയ കുപ്പി കുറുമാന്‌ കൈക്കൂലി -യുറോപ്യന്‍ കഥകള്‍ പെട്ടന്ന് പോസ്റ്റ്‌ ചെയ്യുന്നതിനായി. മറ്റു കുപ്പികളെല്ലാം സ്റ്റോക്ക്‌ ചെയ്തിരിക്കുന്നു. 45% ബ്ലോഗേഴ്സിനായി സംവരണം ചെയ്തിരിക്കുന്നു. വരൂ അര്‍മ്മാദിക്കൂ. എല്ലാ ബ്ലോഗ്ഗ-ബ്ലോഗ്ഗിണികള്‍ക്കും ഹാര്‍ദ്ദമായ സ്വാഗതം.

Thursday, November 23, 2006

സമര്‍പ്പണം: യൂയേയീ കുടിയന്മാര്‍ക്ക്



ഇപ്പോള്‍ 15 ദിവസം പാകമായി. ഇനി കൃത്യം ഒരു മാസം കഴിഞ്ഞാല്‍ ഇവന്‍ സ്വയമ്പന്‍ വീഞ്ഞായി മാറുന്നതാണ്. എല്ലാവര്‍ക്കും സ്വാഗതം. താല്പര്യമുള്ളവര്‍ക്ക് റെസിപ്പി കൈമാറുന്നതാണ്. കൃസ്തുമസിനായി പ്രത്യേകം തയ്യാര്‍ ചെയ്തത്.

കള്ളുകുടിക്കുന്ന യൂയേയീ ബ്ലോഗര്‍മാരെ, ബ്ലോഗിണികളേ ;) ആവശ്യപ്പെടുന്ന പക്ഷം സാമ്പിള്‍ നല്‍കുന്നതാ‍ണ്.

-സങ്കുചിതന്‍

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.